ഭക്ഷണം കഴിച്ച് കഴിഞ്ഞ് അൽപനേരം  വിശ്രമിച്ചശേഷം സൂര്യവംശിയുടെ മുറിയിൽ തന്നെ ഒരു മീറ്റിംഗ് നടക്കുകയാണ്. പ്രതിരോധവകുപ്പ് അദ്ധ്യക്ഷന്മാർ എൻറ്റിഎസ്ബി സംഘത്തലവന്മാർ തുടങ്ങിയ ചിലർകൂടി അവിടെ സന്നിഹിതരായിരുന്നു.

“താങ്കൾ എങ്ങിനെ ആണ് റഹ്മത്തുള്ള അബീബിലേക്ക് എത്തി ചേർന്നത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ് പറയൂ പരമേശ്വർ സൂര്യവംശി.”

തന്‍റെ മുന്നിലേക്ക് ചോദ്യങ്ങൾ ഇട്ടുതന്ന ഉദ്യോഗസ്‌ഥനെ സൂര്യവംശി കൗതുകത്തോടെ നോക്കി.

“ഓഫീസർ വിമാന അപകടം നടന്ന് പതിനഞ്ചു മിനിട്ടുകൾക്കകം ടിവിയിൽ ന്യൂസ് വന്നു. മണിക്കൂറുകൾക്കകം ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരേ ഒരാൾ എന്ന തലക്കെട്ടോടെ നിങ്ങൾ മൽഹോത്ര എന്ന് വിളിക്കുന്ന ഈ ആളുടെ ഫോട്ടോയും വലിയൊരു വാർത്തയായി. കണ്ടുകണ്ടിരിക്കേ ഓർമയിലെവിടേയോ ഒരുതരി വെട്ടം തെളിഞ്ഞു. അതിലേക്ക് ഒരു മുഖവും.”

ഋഷികേശ് നീട്ടിയ ഇളം ചൂടുള്ള വെള്ളം അൽപാൽപമായി കുടിച്ചു തീർത്തു. “ആ മുഖം തേടി ഞാൻ എന്‍റെ ഗ്രന്ഥപ്പുര തുറന്നു. അവിടെ ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഒരു പഴയ ആൽബം കണ്ടെത്തുകയാണ് ഉദ്ദേശം. അത് കണ്ടുകിട്ടി. വർഷങ്ങൾക്ക് മുമ്പ് ഏതാണ്ട് എട്ടുവർഷങ്ങൾ കഴിഞ്ഞ് കാണും. ഒരു മുസ്ലിം ചെറുപ്പക്കാരൻ തന്‍റെ റിസർച്ചിന്‍റെ ഭാഗമായി ഹൈന്ദവ സംസ്‌കാരത്തെപറ്റി പഠിക്കുകയും അതിൽ ആകൃഷ്ടനായി ഹൈന്ദവ മതത്തിലേക്ക് ചേക്കേറാനായി ഉത്തർപ്രദേശിലെ നരസിംഹബാബയുടെ ഉപദേശപ്രകാരം രാമേശ്വരത്ത് എത്തുകയും അങ്ങനെ റഹ്‌മത്തുള്ള അബീബ് ബ്രഹ്‌മാസ്മി ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ച് കേരളത്തിലെ സ്നേഹധാര എന്ന വേദപഠന വിദ്യാലയത്തിൽ എത്തുകയും ചെയ്തു‌.” തന്‍റെ ഊന്നുവടി എടുത്ത് ഗരുഡന്‍റെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി.

“റഹ്‌മത്തുള്ള തന്‍റെ പൂർവ്വകാലം മറന്ന് വേദങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും ഇറങ്ങി വന്നു. അവൻ അഗസ്ത്യൻ എന്ന പേര് സ്വീകരിച്ചു. അങ്ങനെ ഹൈന്ദവ ആചാരങ്ങളെ പരിചയപ്പെടുത്തുന്ന ക്ലാസ് എടുക്കാൻ ചെന്ന സമയത്താണ് ഞാൻ അവനെ അറിയുന്നത്. പൂജകൾ വ്രതങ്ങൾ ഈശ്വര സ്വാധീനങ്ങൾ എന്നിവ പഠിച്ചെടുക്കുമ്പോൾ പുതിയ ശിഷ്യൻ എന്ന നിലയിൽ അവനെ ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. അഞ്ച് വർഷങ്ങൾ എനിക്ക് സ്നേഹധാര വിട്ടുനിൽക്കേണ്ടിവന്നു. പക്ഷേ ഒരു വർഷത്തിനകം എനിക്ക് എന്‍റെ ഗുരുവിനോടൊപ്പം പഠനത്തിനും ഗവേഷണത്തിനുമായി ഭൂട്ടാനിലേക്ക് പോകേണ്ടി വന്നു.

ഉച്ചയൂണിനായി ഡൈനിംഗ് ഏരിയ സജ്ജമായി. കൈകാലുകളും മുഖവും ശുചിയാക്കി ഊണുമേശയിൽ എത്തിയ സൂര്യവംശി മന്ത്ര ജപത്തോടെ ഒരു ഉരുള അന്നം ഉരുട്ടി എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. അവിടെ ഗ്ലാസ് സ്ലൈഡിംഗുകൾ തുറന്നു വീതികുറഞ്ഞ പാനലിന് മുകളിൽ വെച്ചു. മറ്റുള്ളവർ അത്ഭുതത്തോടെ അതുനോക്കി ഇരുന്നു. പെട്ടെന്ന് ഒരു പരുന്ത് എങ്ങു നിന്നോ പറന്നിറങ്ങി വരികയും ആ ഉരുള കൊക്കിലേന്തി പറന്നകലുകയും ചെയ്തു. സൂര്യവംശി തിരികെ ഊണു മേശയിൽ എത്തി. എല്ലാവരും നിശബ്ദരായി ഭക്ഷണം കഴിച്ചു.

കൈകഴുകി സീറ്റിംഗ് ഏരിയായിൽ എത്തി സൂര്യവംശി പറഞ്ഞു തുടങ്ങി.

“ഇന്ന് ഇനിയും വിശ്രമം വേണ്ട. വിഷയത്തിലേക്ക് കടക്കാം. ഭൂട്ടാനിൽ നിന്ന് തിരികെ എത്തിയപ്പോഴേക്കും സത്യം പറഞ്ഞാൽ സ്വാഭാവികമായിതന്നെ ഞാൻ റഹ്മത്തുള്ള അബീബിനെ അഥവാ അഗസ്ത്യനെ ഓർത്തതെ ഇല്ല. പക്ഷേ കഴിഞ്ഞ ആഴ്ച ദില്ലിക്കടുത്ത് ഇന്‍റർനാഷനൽ എയർപോർട്ടിൽ നിന്നു പറന്നുയർന്ന വിമാനം 50 കിലോ മീറ്റർ അകലെ നോയ്ക്കടുത്ത് ഒരു ഭക്ഷ്യസംസ്കരണ ശാലയിലേക്ക് കൂപ്പുകുത്തി കത്തിയമരുകയും കത്തിയമർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും അതിരഥ് മൽഹോത്ര എന്ന ഒരാൾ ഇറങ്ങിവരികയും ചെയ്തത് കണ്ട് ലോകം പകച്ചുനിന്നു. ഇനിയും കൈലാസ നാഥ് താങ്കൾ പറയൂ.”

കൈലാസ നാഥ് ഓർത്തെടുക്കുന്നതുപോലെ പറഞ്ഞു തുടങ്ങി.

“അവൻ ഇറങ്ങിനടന്നു വന്ന് അവശനായി രക്ഷാപ്രവർത്തകരുടെ ഇടയിലേക്ക് വീണു. ഓടിയെത്തിയ ഒരു മാധ്യമ പ്രവർത്തകനോട് അയാൾ പറഞ്ഞു. “ഞാൻ അതിരഥ് മൽഹോത്ര സീറ്റ് നമ്പർ 171 പിന്നീട് അയാൾ ബോധശൂന്യനായി വീണു. പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റി.”

ഇർഷാദ് മുഹമ്മദ് ബാക്കി ഭാഗം പറഞ്ഞു തുടങ്ങി.

“അയാളുടെ ദേഹത്ത് മാരകമല്ലാത്ത കുറേ മുറിവുകൾ ഉണ്ടായിരുന്നു. കൈത്തണ്ടയിൽ മാത്രം ചെറിയ പൊള്ളൽ പിന്നെ കവിളിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഏതോ ഒരു കനത്ത പൈപ്പ് കുത്തികയറിയപോലെ. അയാളുടെ ഇടത് ചുമലിൽ തൂക്കിയിട്ടിരുന്ന ഒരു കൊച്ചു ബാഗിൽ ഒരു കേടും പറ്റാതെ മൊബൈൽ ഫോൺ കിടന്നിരുന്നു. കൂടാതെ വെള്ളിയിൽ പണിത പച്ചക്കല്ലുവെച്ച വലിയ മോതിരവും.”

“ആ മോതിരം എനിക്ക് കാണാൻ അനുമതി ലഭിക്കുമോ”? സൂര്യവംശി അൽപം മുന്നോട്ട് ചാഞ്ഞിരുന്നു.

“സൂര്യവംശിജി ഫോണും മോതിരവും ആ ബാഗും എന്തിന് അവൻ ഷൂസ് പോലും സീൽ ചെയ്ത‌ത് ഇൻവസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് കൊണ്ടു പോയിരിക്കുന്നു. അത് ലഭിക്കാൻ നമുക്ക് ശ്രമിക്കാം എന്ന് മാത്രം. പക്ഷേ അതിലേറെ പുതിയ പ്രശ്നം രാത്രിയിലെ അവന്‍റെ ഭാവമാറ്റമാണ്.”

ഗുരുസിംഗ് എന്ന പുതിയ ഓഫീസർ പുതിയ പ്രശ്നത്തിലേക്ക് കടന്നു.

“രാത്രി ഏകദേശം പതിനൊന്ന് മണിയോടെ അവൻ അസ്വസ്‌ഥത കാണിക്കാൻ തുടങ്ങും. ആരോടൊക്കെയോ അവ്യക്തമായി സംസാരിക്കാൻ ശ്രമിക്കും. അത് റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴോണ് അത്ഭുതം… ഒരു നിശ്വാസം പോലും ലഭിക്കാതെ ബ്ലാങ്കായിരുന്നു. അനവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ദിവസംതോറും അവൻ രാത്രിയിൽ കഠിനമായ ഏതോ പീഡ അനുഭവിക്കുന്നുണ്ട്.”

“ചിലപ്പോൾ സ്ത്രീകളെപ്പോലെ ഒരു തരം ആക്ഷൻ. പക്ഷേ കൃത്യമായി പന്ത്രണ്ട് മണിമുതൽ അവൻ ഏകദേശം രണ്ട് മണിവരെ മരിച്ചപോലെ കിടക്കും.”

സൈക്യാട്രിസ്റ്റ് സാമുവലിൻറ ഊഴമായിരുന്നു.

“പക്ഷേ അവൻ നിദ്രയിലാവുന്നില്ല. അവൻ മസ്തിഷ്‌കം പരിപൂർണ്ണമായും ഏതെല്ലാമോ സങ്കീർണ്ണമായ വഴികളിലുടെ കുതിച്ചുപായുന്നതായി മോണിറ്ററിൽ കാണുന്നു. ബിപി ഹൈ ആകുന്നു. ഞരമ്പുകൾ പിടയുന്നു. പക്ഷേ അവന്‍റെ ചേതന, ജീവൻ അഥവാ ആത്മാവ് മറ്റെവിടെയോ… ഐ കാണ്ട് എക്സ്പ്ലെയിൻ സർ… സോറി.”

സാമുവൽ നിർത്തിയിടത്തുനിന്ന് കൈലാസ നാഥ് തുടങ്ങി.

“അതെ അവനിൽ അവിശ്വസനീയമായ മാറ്റങ്ങൾ കാണാം. ആരൊക്കെയോ അവനെ ശല്യം ചെയ്യുന്നു. ദേഹോപദ്രവം ഏൽപിക്കുന്ന പ്രതികരണങ്ങളാണ് ചിലപ്പോൾ അവൻ കാണിക്കുന്നത്. ചിലപ്പോൾ ദയനീയതയും അതുകഴിയുമ്പോൾ മാപ്പ് ചോദിക്കുന്ന ഭാവവും അവനിൽ കാണാം. പുലർച്ചെ നാലുമണിയോടെ ശാന്തനാകുന്ന അവൻ അതീവക്ഷീണിതനും സ്ലോവായിതീരുന്ന ബിപിയും ഒക്കെ ആയി തളർന്നു മണിക്കൂറുകളോളം ഉറങ്ങും.”

സൂര്യവംശി ആലോചനയുടെ ഏതാനും നിമിഷങ്ങൾ കണ്ണടച്ചിരുന്നു.

“ഇന്ന് രാത്രി കൂടെ ആ സ്‌ഥിതി തുടരട്ടെ. പക്ഷേ ഇന്ന് രാത്രി ഞാനും ഋഷികേശും ആ മുറിയിൽ അവന് കൂട്ടു കിടക്കും.”

“സൂര്യവംശിജി അത്…”

“എനിക്ക് ഈ പ്രശ്നം പരിഹരിക്കാനാകും എന്ന ഉറപ്പോടെ അല്ലെ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും എന്നെ നിങ്ങൾ വിളിച്ചുവരുത്തിയത്? എങ്കിൽ എന്നെ വിശ്വാസിക്കുക. നമുക്ക് കണ്ണുകൾ കൊണ്ട് കണ്ടറിയാൻ കഴിയാത്ത കാതുകളാൽ കേട്ടറിയാനാവാത്ത വിരൽ തുമ്പ് കൊണ്ട് തൊട്ടറിയാനാവാത്ത ഒരുപാട് കാര്യങ്ങൾ ഈ ഭൂമിയിൽ സംഭവിക്കുന്നുണ്ട്.”

“ഇത് അങ്ങയുടെ സ്വന്തം റിസ്കിൽ ചെയ്യാവുന്ന കാര്യമാണ് എന്നറിയാം. പക്ഷേ അതിരഥ് തെളിവുകളും കോടിതി വിധിയും വരുന്നവരെ ഒരു അന്തർദേശീയ കുറ്റവാളിയാണ്. അങ്ങനെ ഉള്ള ഒരുവനെ തനിയെ താങ്കൾക്ക് ഒരു രാത്രി മുഴുവൻ വിട്ടുതരിക എന്നു വെച്ചാൽ…”

“കൈലാസ നാഥ് താങ്കളുടെ സുരക്ഷാസേനയെ വാതിൽക്കൽ കാവൽ നിർത്താം. ഈ ഹോട്ടൽ മുഴുവൻ ഈ രാത്രി കൂടുതൽ കർശനമായ സെക്യൂരിറ്റിക്ക് കീഴിലാക്കാം. എങ്കിൽ അത്താഴത്തിനുശേഷം കാണാം. അല്ലെങ്കിൽ രാത്രിയിലെ ഫ്‌ളൈറ്റിന് തന്നെ ഞങ്ങളുടെ യാത്രാ സൗകര്യം തരപ്പെടുത്തുക.”

തന്‍റെ വാക്കിംഗ് സ്‌റ്റിക്ക് കുത്തിയെടുത്ത് അദ്ദേഹം കിടപ്പുമുറിയിലേക്ക് നടന്നു.

കോൺഫറൻസ് റൂമിൽ വെച്ച് ഉദ്യോഗസ്ഥർ ഒരുപാട് ചർച്ചകൾക്ക് ശേഷം പരമേശ്വര സൂര്യവംശിയുടെ വാക്കുകൾ അംഗീകരിച്ചു.

ഒരു രാത്രി അഹിതമായതൊന്നും സംഭവിക്കാൻ 90% ചാൻസ് ഇല്ല. അവർ അതിരഥന്‍റെ സെക്യൂരിറ്റി ഒന്നുകൂടി ടൈറ്റ് ആക്കി. അകത്തെ സിസിടിവി കാമറ ലഫ്റ്റനന്‍റ് കൈലാസ ‌നാഥിന്‍റെ മൊബൈലിലേക്ക് മാത്രം കണക്ട് ചെയ്തു. ബാക്കി എല്ലാ ലൈനുകളും വിഛേദിച്ചു.

സന്ധ്യ കഴിഞ്ഞ് സൂര്യവംശിയും ഒരു ചെറിയ എയർ ബാഗുമായി ഋഷിയും അതിരഥൻ മുറിയിലേക്ക് കയറാൻ തുടങ്ങിയതും ബാഗ് ഒരു ചടങ്ങായെങ്കി ലും ചെക്ക് ചെയ്യണം എന്ന് ഓഫീസർ മാർ വാശിപിടിച്ചു. അകത്തേക്ക് കയറി ബാഗ് തുറന്ന് കാണിക്കാം എന്നായി സൂര്യവംശി. അകത്ത് കയറി ബാഗിൽ നിന്നും ഓരോന്നായി ഋഷി പുറത്തെടുത്തു. വാടിതുടങ്ങിയ ഒരു നാക്കില നിവർത്തി വെച്ച് അതിലേക്ക് ഒരുപിടി കരിംകൂവളപൂക്കൾ, കുങ്കുമം, ഭസ്‌മം, ചുവന്ന പട്ടുതുണി, എഴുത്തോല ഗ്രന്ഥം, മറ്റ് പൂജാ സാമഗ്രികൾ കൂടെ ഒന്നരയടി ഉയരമുള്ള ഒരു വിഗ്രഹവും. കൂടെ ഒരു മരത്തിൽ കൊത്തിയ മനുഷ്യരൂപവും. ഇത്രയും നിരുപദ്രവങ്ങളായ വസ്‌തുക്കളേ എന്‍റെ പക്കൽ ഉള്ളു. ആദ്യം ഞാൻ അതിരഥ് മൽഹോത്രയുടെ മനസ്സിലേക്ക് കയറിനോക്കട്ടെ. അയാളെന്താ അവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്ന്.”

കൈലാസ നാഥ് ഒഴികെ മറ്റുള്ളവർ അത്യപ്തിയോടെ പുറത്തിറങ്ങി. അതിരഥ് തുറന്ന കണ്ണുകളോടെ ശാന്തനായി കിടക്കുകയായിരുന്നു എങ്കിലും അയാളുടെ ഹൃദയം സുനാമിത്തിരകളുയരുന്ന കടൽ പോലെ തിളക്കുകയാണ് എന്നാ കണ്ണുകളിൽ നിന്നും സൂര്യവംശി വായിച്ചെടുത്തു.

“അഗസ്ത്യൻ, ഞാൻ താങ്കളുടെ ഗുരു പരമേശ്വരൻ സൂര്യവംശി… ഓർക്കുന്നുണ്ടോ.”

“എനിക്ക് നിങ്ങളോടൊന്നും പറയാനില്ല. പിന്നെ ഞാൻ അതിരഥ് മൽഹോത്രയാണ്.” അയാൾ പിറുപിറുത്തു. ഏതോ പള്ളിയിൽ ബാങ്കുവിളിയുടെ ധ്വനി ഉയർന്നു. ഋഷി തുറന്നിട്ടിരുന്ന ഏകജാലകത്തിന്‍റെ കണ്ണാടി കതക് വലിച്ചടച്ചു. പിന്നെ ഒരു പേനാക്കത്തി എടുത്ത് അതിരഥ് ധരിച്ചിരുന്ന വെളുത്ത ട്രൗസർ കീറി വലിച്ചെടുത്തു. അടിവസ്ത്രമില്ലാതെ നഗ്നനായി അയാൾ പുളഞ്ഞു. അരക്കെട്ടിലേക്ക് നോക്കി സൂര്യവംശി പുഞ്ചിരിച്ചു.

“നീ ഇപ്പോൾ റഹ്‌മത്തുള്ള അബീബ് ആണ്. ” സൂര്യവംശിയുടെ കർപ്പൂരം മണക്കുന്ന വലത് കൈയുടെ തള്ളവിരൽ റഹ്‌മത്തുള്ളയുടെ പുരികങ്ങൾക്ക് നടുവിൽ തറഞ്ഞു നിന്നു. “റഹ്‌മത്തുള്ള, സത്യവാങ്‌മൂലത്തിന്‍റെ സിംഹാസനത്തിലിരുന്ന് എന്നോട് സഹകരിക്കൂ.”

റഹ്മത്തുള്ള ഒന്ന് പിടഞ്ഞു. കൈകാലുകൾ ഒതുക്കി അനക്കമില്ലാത്ത അവസ്‌ഥയിലായി.

ഋഷി ഒരു ചിരാതിൽ നെയ് പകർന്ന് ദീപം തെളിയിച്ചു. ഭസ്‌മം നുള്ളി എടുത്ത് സൂര്യവംശിക്കും കൈലാസ നാഥിനും നീളത്തിൽ കുറി വരച്ചു. തന്‍റെ അംഗവസ്ത്രങ്ങൾ ഓരോന്നായി സൂര്യവംശി അഴിച്ച് മടക്കി ഋഷിയെ ഏൽപിച്ചു. പിന്നെ നഗ്നതയോടെ റഹ്മത്തുള്ളയുടെ കിടയ്ക്കരികിലെ വലിയ സ്‌റ്റൂളിൽ ചമം പടിഞ്ഞിരുന്ന് റഹ്‌മത്തുള്ളയുടെ ഇടം കൈതലം തന്‍റെ കയ്യിലേക്ക് എടുത്തു വെച്ചു. അദ്ദേഹത്തിന്‍റെ ശരീരത്തിലെ സമൃദ്ധമായ രോമങ്ങൾ ബാണങ്ങൾ പോലെ എഴുന്നുനിന്നു. കൈലാസ ‌നാഥ് അത് അത്ഭുതത്തോടെ നോക്കി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...