ഒരിക്കൽ ബോംബെ എന്നറിയപ്പെട്ടിരുന്ന മുംബൈയിലാണ് പായൽ കപാഡിയ ജനിച്ചത്. 1980- കളിൽ ജനിച്ച കപാഡിയ സാമ്പത്തിക ഉദാരവൽക്കരണത്തിന്‍റെ കാലഘട്ടത്തിലാണ് വളർന്നത്. രാജ്യവും സ്വന്തം നഗരമായ മുംബൈയും ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു ഇത്. സാങ്കേതികവിദ്യയുടെ വിപ്ലവം ആരംഭിച്ച ആ സമയത്ത് എല്ലാത്തിനും ചിറകുകൾ ഉള്ളതുപോലെ തോന്നി. കപാഡിയയുടെ വീട്ടിലും ആ മാറ്റം ഉൾക്കൊണ്ടു. അവർ വേഗതയ്ക്കാണ് പ്രാധാന്യം നൽകിയത്. മാതാപിതാക്കൾ സ്വപ്നങ്ങൾ പിന്തുടരാൻ അവളെ പ്രോത്സാഹിപ്പിക്കുകയും വിവിധ കലാരൂപങ്ങൾ പഠിക്കാൻ അനുവദിക്കുകയും ചെയ്തു.
“ഞാൻ ഇപ്പോഴും തനി ലോക്കൽ ആണ്. എനിക്ക് അതാണിഷ്‌ടം.” കപാഡിയ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും സൗത്ത് മുംബൈയിലെ ഇറാനിയൻ റെസ്റ്റോറന്‍റായ കഫേ ഡി ലാ പൈക്സിൽ പ്രഭാത ഭക്ഷണം കഴിച്ചു. അവിടെ നിന്ന് അധികം ദൂരെയായിരുന്നില്ല കപാഡിയയുടെ വീട്.
കപാഡിയയുടെ അമ്മ നളിനി മാലിനി അറിയപ്പെടുന്ന ഒരു കാലകാരിയാണ്. അവരുടെ സിന്ധി കുടുംബം വിഭജന സമയത്ത് കറാച്ചിയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറ്റി. കലാകാരിയായ അമ്മ വളരെ ചെറുപ്പം മുതൽ തന്നെ എന്നെ സ്വധീനിക്കാൻ തുടങ്ങി. ഒരു കലാകാരിയായ അമ്മയെ ലഭിച്ചത് അനുഗ്രഹമായിരുന്നു.” കപാഡിയ സമ്മതിക്കുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ അവരുടെ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന സിനിമ പോലും കാശ്‌മീരി അമേരിക്കൻ കവി ആഗ ഷാഹിദ് അലിയുടെ സ്വാധീനത്തിൽ വർഷങ്ങൾക്ക് മുമ്പ് അമ്മ ചെയ്ത ഒരു പരീക്ഷണാത്മക പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കുട്ടിക്കാലത്ത് അമ്മയുടെ സ്റ്റുഡിയോയിലാണ് കപാഡിയ കൂടുതൽ സമയം ചെലവഴിച്ചത്.
“സ്‌കൂൾ കഴിഞ്ഞ് ഞാൻ നേരെ അമ്മയുടെ സ്‌റ്റുഡിയോയിലേക്ക് പോകുമായിരുന്നു.” അവൾ പറയുന്നു. “അമ്മയുടെ കൈവശം ഒരു എന്‍റർടൈൻമെന്‍റ് ബോക്‌സ് ഉണ്ടായിരുന്നു. ആ പെട്ടിയിൽ പെയിന്‍റ്, മഷി, ഒറിഗാമി, കാർഡുകൾ എന്നിവ ഉണ്ടായിരുന്നു. അത് ഇപ്പോഴും എന്‍റെ പക്കലുണ്ട്. കപാഡിയ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒരു ദിവസം അടുക്കള പൈപ്പ് പൊട്ടി തറ മുഴുവൻ വെള്ളത്തിനടിയിലായ കാര്യം കപാഡിയ ഓർത്തു.
“വെളിച്ചം ആ വെള്ളത്തിൽ പതിക്കുന്നത് അമ്മ എന്നെ കാണിച്ചു തന്നു. ആ വെളിച്ചം എങ്ങനെ കളിക്കുന്നതെന്നും എന്‍റെ ഭാവനയിൽ എങ്ങനെ കല സൃഷ്ടിക്കാമെന്നും അമ്മ വിശദീകരിക്കാൻ തുടങ്ങി. ജീവിതത്തിന്‍റെ എല്ലാ മേഖലകളി ലും സൗന്ദര്യമുണ്ടെന്ന് അങ്ങനെ ഞാൻ മനസ്സിലാക്കി. അത് കാണാൻ ഒരാൾക്ക് കഴിയുമോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ കാഴ്ചപ്പാടാണ്.”
യാത്ര ചെയ്യാനും പുതിയ സ്‌ഥലങ്ങൾ കണ്ടെത്താനുമുള്ള വിദ്യ പഠിച്ചത് ഗുജറാത്തിയായ പിതാവിൽ നിന്നാണ്. ഗുജറാത്തിയിൽ അതിനെ “രാക്ഡോയിംഗ്” എന്ന് വിളിക്കുന്നു.
ജിലേബിയും പച്ചക്കറികളും വാങ്ങാൻ കപാഡിയ പലപ്പോഴും വാരാന്ത്യങ്ങളിൽ അച്ഛനോടൊപ്പം മാർക്കറ്റിൽ പോകുമായിരുന്നു. “എന്‍റെ അമ്മ വിലക്കിയാലും പപ്പാ എപ്പോഴും എന്നെ കൂടെ കൂട്ടി കുറേ സാധനങ്ങൾ വാങ്ങുമായിരുന്നു.”
കപാഡിയയുടെ പിതാവ് ഒരു സൈക്കോ അനലിസ്‌റ്റായിരുന്നു. അതിനാൽ സ്വപ്നങ്ങളെക്കുറിച്ചുള്ള പഠനം അദ്ദേഹത്തിന്‍റെ ജോലിയുടെ അവിഭാജ്യ ഘടകമായിരുന്നു. കപാഡിയയെയും മൂത്ത സഹോദരിയേയും ബോക്സിന് പുറത്ത് ചിന്തിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. അദ്ദേഹം ഒരു കഥാകാരനായിരുന്നു. മുംബൈയിലെ അദ്ദേഹത്തിന്‍റെ ജീവിത കഥകൾ ചിലപ്പോൾ കൃത്രിമമാണെങ്കിൽ പോലും തമാശ നിറഞ്ഞതായിരുന്നു.
“എന്‍റെ അച്ഛന്‍റെ കഥകളിൽ മുംബൈ എപ്പോഴും വളരെ റൊമാന്‍റിക് നഗരമായി തോന്നിയിട്ടുണ്ട്. ഇത് എന്നിലും ഒരു പരിധിവരെ പ്രതിഫലിക്കുന്നു.” അങ്ങനെയാണ് കപാഡിയയുടെ സിനിമാ ജീവിതത്തിന് കളമൊരുക്കിയത്. അമ്മ പലപ്പോഴും അവളെ സിനിമ കാണാൻ കൂടെ കൊണ്ടുപോകുമായിരുന്നു.
“എനിക്ക് ആ സിനിമകൾ അന്ന് കാര്യമായി മസ്സസിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ പ്രദർശനത്തിന് ശേഷം പലപ്പോഴും ഒരു ചോദ്യോത്തര സെഷനുണ്ടായിരുന്നു. അതിൽ ക്രാഫ്റ്റിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു. ഈ ചർച്ചകൾ എന്‍റെ മനസ്സിൽ സ്വാധീനം ചെലുത്തി.”
അമ്മ തന്‍റെ ജോലി വളരെ അച്ചടക്കത്തോടെയാണ് ചെയ്‌തിരുന്നത്. കപാഡിയ പറഞ്ഞു. “എന്ത് സംഭവിച്ചാലും അസുഖമുണ്ടെങ്കിൽ പോലും എപ്പോഴും ജോലി ചെയ്യുമായിരുന്നു. ഞാൻ അമ്മയിൽ നിന്ന് കഠിനാധ്വാനം പഠിച്ചു. ഞാനും അതിനെ വളരെയധികം അഭിനന്ദിക്കുന്നു.
ബോംബെ മുംബൈ ആകുന്നതിന് മുമ്പ് നഗരം പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോയി. ബാബറി മസ്‌ജിദ് തകർത്തതിനും മുംബൈയിലെ സ്ഫോടന പരമ്പരകൾക്കും ശേഷം 1992നും 1993നും ഇടയിൽ ബോംബെയിൽ വർഗീയ കലാപം നടന്നു. 1995-ൽ ശിവസേനയും ഭാരതീയ ജനതാ പാർട്ടിയും ചേർന്ന് സർക്കാർ രൂപീകരിച്ചു. ഇതിന് തൊട്ടു പിന്നാലെ ബോംബെയുടെ പേര് മുംബെ എന്നാക്കി മാറ്റി.
ഈ സമയത്ത് കപാഡിയ വളരെ ചെറുപ്പമായിരുന്നു. മുംബൈയിൽ നിന്ന് ദൂരെ മുത്ത സഹോദരിയോടൊപ്പം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ റിഷിവാലി സ്‌കൂളിൽ പഠിക്കുകയായിരുന്നു. 1926-ൽ തത്ത്വചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തിയാണ് ഈ കോഡ് സ്‌കൂൾ സ്‌ഥാപിച്ചത്. സ്കൂളിലെ വിദ്യാഭ്യാസ അന്തരീക്ഷം സർഗ്ഗാത്മകതയെ പരിപോഷിപ്പിച്ചു. സ്‌കൂളിലെ അധ്യാപകർ കലയോട് അങ്ങേയറ്റം സംവേദനക്ഷമതയുള്ളവരായിരുന്നുവെന്നും കലാപരമായ ചായ്‌വുള്ള വിദ്യാർത്ഥികൾക്ക് എപ്പോഴും പിന്തുണ നൽകിയിരുന്നതായും കപാഡിയ ഓർക്കുന്നു.
കോളേജ് വിദ്യാർത്ഥിനിയായി മുംബൈയിലേക്ക് മടങ്ങിയെത്തിയ കപാഡിയയ്ക്ക് നഗരവുമായുള്ള പഴയ ബന്ധം നഷ്ടപ്പെട്ടു. കപാഡിയ സെന്‍റ് സേവ്യേഴ്‌സ് കോളേജിൽ സാമ്പത്തിക ശാസ്ത്രം പഠിച്ചു. സാമ്പത്തിക ശാസ്ത്രത്തെ ഒരു സിദ്ധാന്തത്തിൽ ഒതുക്കാതെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മനസ്സിലാക്കാനാണ് തന്‍റെ അധ്യാപകർ പഠിപ്പിച്ചത്. സോഷ്യോളജി പ്രൊഫസറായ ഫാദർ അരുൺ ഡിസൂസ മുംബൈയിൽ നടക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കപാഡിയയെ പ്രേരിപ്പിച്ചു. ബിരുദം പൂർത്തിയാക്കിയ ശേഷം കപാഡിയ സോഫിയ കോളേജിൽ നിന്ന് മീഡിയ സ്റ്റഡീസിൽ കോഴ്‌സ് ചെയ്‌തു.
ജെറി പിന്‍റാ എന്ന എഴുത്തുകാരൻ ഇവിടെ പത്രപ്രവർത്തനം പഠിപ്പിച്ചിരുന്നു. പിന്‍റാ നൽകിയ ഒരു അസൈൻമെന്‍റിന്‍റെ ഭാഗമായി കപാഡിയ മുംബൈയുടെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുമായി ബന്ധപ്പെട്ടു. നഗരവുമായുള്ള പായലിന്‍റെ ബന്ധത്തിന്‍റെ ഒരു പുതിയ അധ്യായം ഇവിടെ ആരംഭിച്ചു.
“അന്ന് ഞാൻ മുംബൈയെ കാണുന്നത് ഇവിടെയുള്ള ആളുകൾ പൊതുവെ കാണുന്ന രീതിയിലല്ലായിരുന്നു. പക്ഷേ നഗരത്തെക്കുറിച്ച് എനിക്ക് വലിയ അറിവ് വളർത്തിയെടുക്കാൻ കഴിഞ്ഞു.”
ഈ കാലയളവിൽ പായൽ സിനിമകളോടുള്ള തന്‍റെ താൽപര്യം വർദ്ധിപ്പിച്ചു. മുംബൈ ഫിലിം ഫെസ്റ്റിവലിൽ വോളന്‍റിയറായി പങ്കെടുക്കാൻ തുടങ്ങി. പൂനെ ആസ്‌ഥാനമായുള്ള സർക്കാർ സ്ഥാപനമായ “ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥികൾ നിർമ്മിച്ച സിനിമകൾ അത്തരത്തിലുള്ള ഒരു മേളയിൽ കണ്ടു.
കപാഡിയ പറയുന്നു. “ആ സിനിമകൾ പരീക്ഷണാത്മകമായിരുന്നു. അവയുടെ ആഖ്യാനങ്ങൾ സ്വപ്നതുല്യമായിരുന്നു.” ആ സ്വാതന്ത്ര്യം കപാഡിയയെ വളരെയധികം പ്രോത്സാഹിപ്പിച്ചു. “ഞാൻ സിനിമയെ മറ്റൊരു വീക്ഷണകോണിൽ നിന്ന് കാണാൻ തുടങ്ങി. അപ്പോഴാണ് എനിക്ക് സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മനസ്സിലായത്.” ഭാഗ്യവശാൽ കപാഡിയയ്ക്ക് വീട്ടിൽ എതിർപ്പൊന്നും നേരിടേണ്ടി വന്നില്ല.“എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല കാരണം എന്‍റെ അമ്മ ഇതിനകം തന്നെ സ്വന്തം വഴി തിരഞ്ഞെടുത്ത് എനിക്ക് മാതൃകയായി.”
എഫ്ടിഐഐയിൽ പ്രവേശനം നേടാനുള്ള കപാഡിയയുടെ ആദ്യ ശ്രമം വിജയിച്ചില്ല. പിന്നീട് ചലചിത്ര നിർമ്മാതാവ് ശിവേന്ദേ സിംഗിന്‍റെ ദുംഗർപൂരിലെ പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും നടത്തുന്നു. “അന്ന് ഒരു സെറ്റിൽ ആയിരിക്കുമ്പോൾ അവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അത് വളരെ കഠിനമായ ജോലിയായിരുന്നു. അവിടെ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.” കോസ്‌റ്റ്യൂം ഡിസൈൻ, സെറ്റ് ഡിസൈൻ, ലൊക്കേഷനുകൾ കണ്ടെത്തൽ, വിവിധ റോളുകൾക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കൽ തുടങ്ങിയ സിനിമാ നിർമ്മാണ കലവറയുടെ പ്രധാന വശങ്ങളെക്കുറിച്ചുള്ള അറിവ് നേടി.
കപാഡിയയുടെ പ്രൊഫസറും ചലചിത്ര നിർമ്മാതാവുമായ അനുഷ്‌ക ശിവദാസനി ദുംഗർപൂർ കമ്പനി ഉപേക്ഷിച്ച് പുതിയ കമ്പനി ആരംഭിച്ചപ്പോൾ പായൽ അവരോടൊപ്പം ചേർന്നു.
“അതൊരു ചെറിയ കമ്പനിയായിരുന്നു. എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു. അതിനാൽ എനിക്ക് ഒരുപാട് പഠിക്കാൻ കഴിഞ്ഞു.” 4 വർഷത്തിന് ശേഷം 2012-ൽ കപാഡിയ വീണ്ടും എഫ്ടിഐഐലേക്ക് അപേക്ഷിച്ചു. ഇത്തവണ അവൾ ഡയറക്ഷൻ പഠിക്കാൻ ആഗ്രഹിച്ചു. നാട്ടിന് പുറത്ത് പോയി പഠിക്കാൻ താൽപ്പര്യമില്ലായിരുന്നു. “ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന കണക്ഷനുകൾ മറ്റൊരിടത്തു നിന്ന് കണ്ടെത്താനാവില്ലെന്ന് ഞാൻ കരുതി.” കപാഡിയക്ക് എഫ്റ്റിഐഐ പ്രവേശനം ലഭിച്ചു.
“ഞാൻ പഠനത്തിൽ പിന്നിലാണെന്ന് എനിക്ക് ആദ്യം തോന്നി. ഇത്തരം സ്‌ഥാപനങ്ങളിൽ നമ്മൾ സ്വയം പഠിക്കണമെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ഇവിടെ വരുന്ന വിദ്യാർത്ഥികൾ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. ഞങ്ങൾ എല്ലാവരും ഒരുമിച്ച് തയ്യാറെടുക്കുകയായിരുന്നു.”
4 ഷോർട്ട് ഫിലിമുകളും 2 ഫീച്ചർ ഫിലിമുകളും ഉൾപ്പെടുന്ന കപാഡിയയുടെ സൃഷ്‌ടികൾക്ക് ഒരു സംഗീതാനുഭൂതിയുണ്ട്. എഫ്ടിഐഐയുടെ സ്വാധീനം മൂലമാണ് ഇത് സംഭവിച്ചതെന്ന് അവർ വിശ്വസിക്കുന്നു.
അവിടെയുള്ള വിദ്യാർത്ഥികൾ ജാപ്പനീസ് കവിതയായ ഹൈക്കു പഠിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ ഒരു പ്രൊഫസർ ജാപ്പനീസ് നോവലിസ്‌റ്റ് യസുനാരി കുവാബാറ്റയെയും അദ്ദേഹത്തിന്‍റെ “പാം ഓഫ് ദ ഹാൻഡ് സ്‌റ്റോറീസ്” എന്ന കഥാസമാഹാരത്തെയും പരിചയപ്പെടുത്തി. ആ കഥകളെല്ലാം ഏതെങ്കിലും ഒരു ആഖ്യാനത്തിന്‍റെ ഭാഗമല്ലെന്നും ചെറിയ നിമിഷങ്ങളിൽ സംഭവിച്ച സംഭവങ്ങളുടെ ഒരു പൂച്ചെണ്ടാണെന്നും കപാഡിയ പറയുന്നു. എന്നാൽ ആ ചെറുകഥകൾ ഒരുമിച്ച് ഒരു വിശാലമായ ആഖ്യാനം സൃഷ്ടിച്ചു. കപാഡിയ സിനിമകളെയും അതേരീതിയിൽ മനസ്സിലാക്കാൻ തുടങ്ങി.
2015-ൽ എഫ്ടിഐഐയിൽ പൊട്ടിപ്പുറപ്പെട്ട അതൃപ്തി കപാഡിയയുടെ വീക്ഷണത്തെയും സിനിമയെയും ലക്ഷ്യത്തെയും മാറ്റിമറിച്ചു. ആ വർഷം ജൂണിൽ നടനും നേതാവുമായ ഗജ്യേന്ദ്ര ചൗഹാനെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം എഫ്ടിഐഐ ചെയർമാനായി നിയമിച്ചു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ “മഹാഭാരതത്തിലെ യുധിഷ്‌ഠരന്‍റെ വേഷത്തിലൂടെ അറിയപ്പെടുന്ന ചൗഹാൻ ആ സ്‌ഥാനം നേടിയത് അദ്ദേഹത്തിന്‍റെ യോഗ്യതകൾ കൊണ്ടല്ല. മറിച്ച് ഭരണകക്ഷിയുമായുള്ള അടുപ്പം കൊണ്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വരും ദിവസങ്ങളിൽ സംഘർഷം വർദ്ധിക്കുകയും വിദ്യാർത്ഥികൾ സമരത്തിലേക്ക് നീങ്ങുകയും ചെയ്തു.
1997-ൽ മുംബൈയിലെ രമാഭായി കോളനിയിൽ ദളിത് പ്രതിഷേധക്കാരെ പോലീസ് കൊലപ്പെടുത്തിയതിനെ ആസ്‌പദമാക്കി 2013-ൽ ചില എഫ്ടിഐഐ വിദ്യാർത്ഥികൾ ആനന്ദ് പട്‌വർധൻ “ജയ് ഭീം കോമ്രേഡ്” എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനം സംഘടിപ്പിച്ചു. ആ സംഭവത്തിന് രണ്ട് വർഷത്തിന് ശേഷം ചൗഹാൻ നിയമനത്തെച്ചൊല്ലി സംഘർഷം രൂക്ഷമായി.
പായലിന്‍റെ അഭിപ്രായത്തിൽ സമരത്തിൽ പലതും സംഭവിക്കുന്നു. അവർ പറയുന്നു. “ഞങ്ങൾ എല്ലാ വൈകുന്നേരവും മണിക്കൂറുകളോളം ഒത്തുകൂടി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകാലശാലയിലെ വിദ്യാർത്ഥികളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രൊഫസർമാരിൽ നിന്നും കലാകാരന്മാരിൽ നിന്നും വളരെയധികം പിന്തുണ ലഭിച്ചു.” രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ അന്ന് പ്രക്ഷുബ്‌ധതയുടെ കാലഘട്ടമായിരുന്നു കപാഡിയ പറഞ്ഞു.
2016 ജനുവരി അവസാനം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ദളിത് പിഎച്ച്ഡി വിദ്യാർത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ ജാതി വിവേചനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ആരംഭിച്ചു.
ഫെബ്രുവരിയിൽ 5 ജെഎൻയു വിദ്യാർത്ഥികളെ അറസ്‌റ്റ് ചെയ്‌തിരുന്നു. അവരെ രാജ്യദ്രോഹി എന്ന് വിളിച്ചു. ഈ കാലഘട്ടത്തിലാണ് കപാഡിയയുടെ വ്യക്തിത്വം വികസിച്ചത്. ഈ അനുഭവങ്ങൾ ചലച്ചിത്രനിർമ്മാണത്തിന്‍റെ ഭാഷ നൽകി “അത് എന്‍റെ കാഴ്ചപ്പാടിൽ നിന്നും എന്‍റെ രാഷ്ട്രീയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്.” എഫ്ടിഐഐ സമരം അവസാനിപ്പിക്കാൻ പോലീസിനെ വിളിച്ചിരുന്നു. 35 വിദ്യാർത്ഥികൾക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിലും കപാഡിയയുടെ പേരുണ്ട്. അച്ചടക്ക നടപടി നേരിട്ടു. അവളുടെ സ്കോളർഷിർപ്പ് നിർത്തലാക്കി. ഒരു ഫോറിൻ എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിൽ പങ്കെടുക്കുന്നതിൽ നിന്ന് അവരെ വിലക്കി.
എന്തായാലും ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെടുമായിരുന്നു.” കപാഡിയ പറഞ്ഞു. “ഞങ്ങൾ സമരം ചെയ്യുന്ന വിഷയം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങൾ എഫ്ടിഐഐയുടെ ആത്മാവിനെ നശിപ്പിക്കുമായിരുന്നു. ഞങ്ങളുടെ സിനിമകളിൽ സംസാരിച്ച സ്വാതന്ത്ര്യം ഞങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ക്ഷണിക്കാൻ ആഗ്രഹിച്ച സിനിമാ പ്രവർത്തകർക്ക് എല്ലാം നഷ്ടപ്പെടുമായിരുന്നു.”
2017-ൽ വിരമിക്കുന്നതുവരെ ചൗഹാൻ എഫ്‌ടിഐഐയുടെ ചെയർമാനായി തുടർന്നു. എന്നാൽ സമരം ചെയ്ത വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിനെ നിർബന്ധിതമാക്കി.
2024-ൽ പായൽ കാൻ അവാർഡ് നേടിയപ്പോൾ അഭിപ്രായത്തിനായി മാധ്യമപ്രവർത്തകർ ചൗഹാനെ ബന്ധപ്പെട്ടു. അവൾ എഫ്ടിഐഐയിൽ കോഴ്സസ് ചെയ്യുമ്പോൾ ഞാൻ ചെയർമാനായിരുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം അനുഭവങ്ങളിൽ നിന്നാണ് കപാഡിയയുടെ ആശയങ്ങൾ രൂപപ്പെടുന്നത്. ജീവിതത്തിന്‍റെ അവസാന നാളുകളിൽ ഓർമ്മ നഷ്‌ടപ്പെട്ടു തുടങ്ങിയ മുത്തശ്ശിയുമായി അവൾ വളരെ അടുത്തിരുന്നു. ഒരു ഡയറി സൂക്ഷിക്കാൻ കപാഡിയ മുത്തശ്ശിയെ പ്രേരിപ്പിച്ചു. നാലു പതിറ്റാണ്ട് മുമ്പ് മുത്തച്ഛൻ മരിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നത് പോലെയാണ് മുത്തശ്ശിയുടെ ഡയറിയിൽ പലപ്പോഴും പരാമർശിച്ചിരുന്നതെന്ന് കപാഡിയ ഓർക്കുന്നു. കപാഡിയ ഒരിക്കലും തന്‍റെ മുത്തച്ഛനെ കണ്ടിട്ടില്ല. എന്നാൽ മുത്തശ്ശിയുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരുന്നില്ല എന്ന് അമ്മ പറഞ്ഞിരുന്നു.
“ഇവയെല്ലാം എന്‍റെ മനസ്സിൽ പതിഞ്ഞു. ഒരിക്കലും വിട്ടുപോകാത്ത പുരുഷന്മാരാണ് ഇവർ. അവരുടെ ഫോട്ടോ ഇല്ലെങ്കിലും അവർ പ്രേതത്തെപ്പോലെ എല്ലായിടവും ചുറ്റിനടക്കുന്നു. എനിക്കറിയാവുന്ന സ്ത്രീകളുടെ ജീവിതത്തിൽ അത്തരം പ്രേത പുരുഷന്മാരുടെ സാന്നിധ്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങി.”
2021-ൽ കപാഡിയയുടെ ആദ്യ ഫീച്ചർ ദൈർഘ്യമുള്ള ഡോക്യുമെന്‍ററി “എ നൈറ്റ് ഓഫ് നോയിംഗ് നതിംഗ്” കാൻ ഫിലിം ഫെസ്‌റ്റിവലിൽ അവാർഡ് നേടിയപ്പോൾ ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. ഒരു യുവ എഫ്ടിഐഐ വിദ്യാർത്ഥിനി തന്‍റെ കാമുകന് എഴുതിയ കത്തുകളിലൂടെയാണ് കഥ പറയുന്നത്. ജാതി പ്രശ്നം കൊണ്ട് അവരുടെ ബന്ധത്തിന് മാതാപിതാക്കൾ എതിരാണ്. അടിച്ചമർത്തൽ ഘടനയ്ക്കെതിരെ ശബ്ദമുയർത്തുന്ന വിദ്യാർത്ഥി പ്രസ്‌ഥാനങ്ങളെയാണ് കത്തുകളിലൂടെ സിനിമ അവതരിപ്പിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നതിനാൽ എഫ്ടിഐഐയിൽ നടക്കുന്ന സമരങ്ങൾ റെക്കോർഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ആരംഭിച്ചത്. “യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളും റിപ്പോർട്ട് ചെയ്യണമെന്ന് തോന്നി. എല്ലാത്തിനുമുപരി അതൊരുഫിലിം സ്കൂളാണ്. അവസാനം ഞങ്ങൾ ഒരു വലിയ കളക്ഷൻ ഉണ്ടാക്കി.”
“മുംബൈയിൽ വന്ന് ജോലി അന്വേഷിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു.” ഇൻസ്റ്റിറ്റ്യൂട്ടിലെ ഒറ്റപ്പെടലിൽ വളർന്ന ബന്ധങ്ങൾ മതത്തിന്‍റെയും ജാതിയുടേയും പേരിലുള്ള വ്യത്യാസങ്ങൾ കാരണം മാതാപിതാക്കളുടെ വിയോജിപ്പിൽ ശിഥിലമായി. രാജ്യത്തെ മാറുന്ന രാഷ്ട്രീയമാണ് ഇതിനെല്ലാം കാരണമെന്നാണ് കപാഡിയയുടെ അഭിപ്രായം.
“ഈ കാലം പകർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഞാൻ ചിന്തിച്ചുതുടങ്ങി. പഴയ പാരമ്പര്യങ്ങളെ തകർത്ത് പുതിയവ സ്ഥാപിക്കണം. നമ്മളെയെല്ലാം ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാനും ഇതിൽ ഉൾപ്പെടുന്നു.”
പഴയ ഫോട്ടോഗ്രാഫുകൾ, പത്രക്കട്ടിങ്ങുകൾ, സുഹൃത്തുക്കളിൽ നിന്ന് കടമെടുത്ത ദൃശ്യങ്ങൾ സാങ്കൽപിക കത്തുകൾ എന്നിവ ഉപയോഗിച്ച് ദേശീയ ചലച്ചിത്ര അവാർഡ് നേടിയ എഴുത്തുകാരനും സംവിധായനുമായ ഹിമാൻഷു പ്രജാപതി (എഫ്ടിഐഐ പൂർവ്വ വിദ്യാർത്ഥി) കഥ നെയ്തെടുക്കുമായിരുന്നു. തന്‍റെ സുഹൃത്തുക്കൾ തന്നെ വളരെയധികം പിന്തുണച്ചിരുന്നതായി പായൽ പറഞ്ഞു.
തന്‍റെ ഏറ്റവും അടുത്ത കൂട്ടാളികളിൽ സഹപ്രവർത്തകനും എഫ്ടിഐഐയിലെ സീനിയറുമായ രണബീർ ദാസ് ഉൾപ്പെടുന്നു. “ഞാനും റാണയും സംഭാഷണത്തിന്‍റെയും സിനിമയുടേയും കാര്യത്തിൽ ഒരുമിച്ചാണ് വളർന്നത്. ഞങ്ങൾ സിനിമകൾ ഒരുപാട് ചർച്ച ചെയ്യുകയും പുതിയ സംവിധായകരെ കണ്ടെത്തുകയും ചെയ്യാറുണ്ടായിരുന്നു. ഞങ്ങളുടെ രാഷ്ട്രീയ ചിന്തകളും വികസിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച് സമരത്തെ കുറിച്ചും അതിനെ എങ്ങനെ നേരിടണം എന്നതിനെ കുറിച്ചും.
മുംബൈയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് ദാസ് ആണ്. ഇതിൽ രണ്ടുപേർ നഴ്‌സുമാരും മൂന്നാമൻ പാചകക്കാരനുമാണ്. സിനിമ എഴുതുമ്പോൾ ഞാനും ദാസും മഴക്കാലത്ത് ലോക്കൽ ട്രെയിനിലോ കാൽ നടയായോ നഗരം കാണാൻ പോകുമായിരുന്നു. ഈ യാത്രകളുടെ ഫലമാണ് സിനിമയിലെ നീല നിറം. ദാസിന്‍റെ ദൃശ്യകാഴ്‌ചയാണ് തിരക്കഥയെ രൂപപ്പെടുത്തിയത്.” “ഞാൻ കുറച്ച് എഴുതും ദാസിന് കൊടുക്കും എന്നിട്ട് അവൻ ചിത്രങ്ങളുമായി മടങ്ങി വരും. ഈ പ്രക്രിയ എനിക്ക് അനുയോജ്യമാണെന്ന് ഞാൻ കരുതുന്നു.”
3 വർഷത്തെ പ്രീപ്രൊഡക്ഷൻ ഉൾപ്പെടെ 5 വർഷമെടുത്താണ് ഈ ചിത്രം നിർമ്മിച്ചത്. സിനിമയിൽ മൂന്ന് പ്രധാന കഥാപാത്രങ്ങളുടെ ദൈനംദിന ബന്ധങ്ങൾ വളരെ അടുപ്പത്തോടെയാണ് കാണിക്കുന്നത്. ഇതോടൊപ്പം മുംബൈയിലെ പ്രക്ഷുബ്‌ധതയും ഈ ചിത്രം മുന്നോട്ട് കൊണ്ടുവരുന്നു. സ്ത്രീകൾ തമ്മിലുള്ള സൂക്ഷ്മമായ ചെറുത്തുനിൽപ്പും സൗഹ്യദവും ചിത്രീകരിക്കുന്നു. പായൽ പറഞ്ഞു. “ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഒരു പ്രത്യേക കാഴ്ച്ചപ്പാട് ഉണ്ടെന്ന് എനിക്ക് തീർച്ചയായും തോന്നി. കഥാപാത്രങ്ങൾക്ക് സ്വന്തം തീരുമാനം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.”
ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഇതൊരു ആർട്ട് സിനിമയാണെന്നും സാധാരണക്കാർക്ക് കാണാൻ കഴിയില്ലെന്നുമുള്ള ധാരണയിൽ താൻ വിശ്വസിച്ചിട്ടില്ലെന്നും ഈ ധാരണ ശരിയല്ലെന്നും വരേണ്യവർഗം സൃഷ്ടിച്ചതാണെന്നും പായൽ പറഞ്ഞു. കാനിലെ വിജയം ചിത്രത്തിന്‍റെ റിലീസ് എളുപ്പമാക്കി.
പുരുഷാധിപത്യ മുൻവിധികളെ അഭിമുഖീകരിക്കാൻ ഈ സിനിമ പ്രേരിപ്പിച്ചതായി അവർ പറഞ്ഞു. “ഞാൻ ചെറുപ്പത്തിൽ പ്രായമായ സ്ത്രീകളെയും അവരുടെ പെരുമാറ്റത്തേയും വിമർശിച്ചിരുന്നു. ഞാൻ വളർന്നപ്പോൾ ചെറുപ്പക്കാരായ സ്ത്രീകളെ വിമർശിച്ചിരുന്നു.
സ്ത്രീകളെ നിരന്തരം പരസ്പരം എതിർക്കുന്ന വിചിത്രമായ പാരമ്പര്യങ്ങൾ നമുക്കിടയിൽ ഉണ്ട്. “സ്ത്രീകൾ ഒന്നിച്ചാൽ അത് എല്ലാവർക്കും വലിയ പ്രശ്നമാകുമോ എന്ന ഭയമുണ്ടെന്ന് ഞാൻ കരുതുന്നു.”
ഈ സിനിമ പായലിന് സ്വന്തം ബലഹീനതകളെ അഭിമുഖീകരിക്കാൻ അവസരം നൽകി. വ്യത്യസ്ത തലമുറകളിലെ സ്ത്രീകൾക്ക് പരസ്പ്‌പരം ഒരുപാട് പഠിക്കാനുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ എല്ലാവരും പരസ്പരം അംഗീകരിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകു.





