വർക്കേഷൻ എന്നത് ഇന്നത്തെ യുവാക്കളുടെ പുതിയ തൊഴിൽ സംസ്ക്കാരമാണ്. വീട്ടിൽ നിന്ന് മാറി ദൂര പ്രദേശങ്ങളിൽ താമസിച്ച് ജോലി ചെയ്യാൻ ഇഷ്‌ടപ്പെടുന്നതിനെയാണ് വർക്കേഷൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. വർക്ക് + വെക്കേഷൻ എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങൾ സംയോജിപ്പിച്ചാണി വാക്ക് രൂപം കൊണ്ടിരിക്കുന്നത്. ഒരേ സ്‌ഥലത്ത് താമസിച്ച് ജോലി ചെയ്യുന്നതിന് പകരം വ്യത്യസ്‌ത സ്‌ഥലങ്ങളിൽ പോയി ജോലി ചെയ്യാനാണ് യുവാക്കൾ ഇന്ന് ഏറെ ഇഷ്‌ടപ്പെടുന്നതെന്നാണ് പുതിയ ഈ ട്രെൻഡ് സൂചിപ്പിക്കുന്നത്.
കൊറോണയ്ക്ക് ശേഷം ബഹുഭൂരിഭാഗം കമ്പനികൾ അവരുടെ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരവും നൽകിയിരുന്നു. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നവരുമുണ്ട്. ഇതുമൂലം ഒരേ മുറിയിലും ഒരേ സ്‌ഥലത്തും ഇരുന്ന് തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നതിനാൽ മിക്കവർക്കും ജോലിയിൽ വിരസത അനുഭവപ്പെട്ടു തുടങ്ങും. ഇത് അവരുടെ ജോലിയെ നേരിട്ട് ബാധിക്കുന്നു. ഈ വിരസത ഒഴിവാക്കുന്നതിനായി യുവാക്കൾ അവരുടെ ലാപ് ടോപ്പുകളും മറ്റ് ഓഫീസ് വസ്തുക്കളും എടുത്ത് വിദൂര സ്‌ഥലങ്ങളിലേക്ക് പോയി താമസിച്ച് പകൽ സമയത്ത് ജോലി ചെയ്യുകയും ബാക്കിയുള്ള സമയങ്ങളിൽ അവിടെയുള്ള സ്‌ഥലങ്ങൾ ചുറ്റിസഞ്ചരിച്ച് കാണുകയും ചെയ്യുന്നു. അങ്ങനെ അവർ ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്നു.
ജോലിയുടെ ഉൽപ്പാദനക്ഷമത നിലനിർത്തുക എന്ന ലക്ഷ്യം
സ്വന്തം ജീവനക്കാരെ ഓഫീസ്- വീട് എന്നിവിടങ്ങളിൽ നിന്നും മാറി നിന്ന് ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ട് പല കമ്പനികളും മുന്നോട്ടു വരുന്നുണ്ട്. അങ്ങനെ കമ്പനികൾ ജോലിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു. യുവാക്കൾക്കിടയിൽ ഈ രീതി ഏറെ ജനപ്രീതി നേടുന്നതിന് കാരണമായിരിക്കുകയാണ്. കാരണം വർക്കേഷൻ സമയത്ത് യാത്ര ചെയ്യാൻ അവർക്ക് പ്രത്യേക അവധി എടുക്കേണ്ടിയും വരികയില്ല.
വർക്കേഷന്‍റെ ഗുണങ്ങൾ
ഒരു മൾട്ടിനാഷണൽ കമ്പനിയ്ക്കായി വർക്ക് ഫ്രം ഹോം ചെയ്യുന്ന അനാമിക പറയുന്നത് ഇതാണ്, “കഴിഞ്ഞ ഒരു വർഷമായി ഒരേ മുറിയിൽ ഇരുന്ന് ജോലി ചെയ്തത് എനിക്ക് മടുപ്പ് തോന്നിയിരുന്നു. കുടുംബാംഗങ്ങളുടെ ആവലാതികളും പരാതികളും കൂട്ടത്തിൽ കേൾക്കുകയും പരിഹരിക്കുകയും വേണം. ഇതെല്ലാം ക്രമേണ മടുപ്പുളവാക്കി. അങ്ങനെയാണ് കഴിഞ്ഞ വർഷം ഹിമാചൽ പ്രദേശിലെ ബിർ എന്ന സ്‌ഥലത്ത് സുഹൃത്തിനൊപ്പം ചേർന്ന് ഒരു മാസക്കാലം ജോലി ചെയ്യുന്നത്. ഈ സമയത്ത് എന്‍റെ ജോലിയുടെ ഗുണനിലവാരവും ഉൽപ്പാദന ക്ഷമതയും വളരെയധികം മെച്ചപ്പെട്ടു. കാരണം അവിടുത്തെ അന്തരീക്ഷം വ്യത്യസ്തമായിരുന്നു. മുമ്പത്തേക്കാൾ കൂടുതൽ എന്‍റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞു.”
മൾട്ടി നാഷണൽ കമ്പനി ഉദ്യോഗസ്ഥനായ അശ്വിൻ ഉദ്യോഗസ്‌ഥയായ ഭാര്യയോടൊപ്പം രണ്ട് മാസം കൂടുമ്പോൾ 15 ദിവസം വീട്ടിൽ നിന്ന് മാറി അകലെ മറ്റൊരിടത്തേക്ക് ജോലിയ്ക്കായി ചേക്കേറും. ഇരുവരും ഒരുമിച്ച് ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്താണ് ജോലി ചെയ്യുക.” മുമ്പ് ഞങ്ങൾ രണ്ടുപേരും ഒരേ ഫ്ളാറ്റിലെ വ്യത്യസ്‌ത മുറികളിൽ ഇരുന്ന് ജോലി ചെയ്യുകയാണ് ഉണ്ടായിരുന്നത്. വൈകുന്നേരത്താണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ദിവസവും ഒരേ റൂട്ടീൻ. ഇതിൽ മടുപ്പു തോന്നിയിരുന്നു. അങ്ങനെയാണ് ഓരോ രണ്ട് മാസവും കൂടുമ്പോൾ പുതിയ ഒരു സ്‌ഥലത്തേക്ക് പോകുന്നത് പതിവാക്കിയത്. ജോലി പൂർത്തിയാക്കിയ ശേഷം ആ സ്‌ഥലം ചുറ്റിക്കറങ്ങി കാണുകയും ചെയ്യും. ഈ രീതിയിൽ ഞങ്ങളുടെ ജോലി ജീവിതം വളരെ നന്നായി സന്തുലിതമാക്കാൻ സാധിച്ചു.”
വർക്കേഷനിനായി ആൾ തിരക്കും ബഹളവുമേറിയ സ്ഥലങ്ങളേക്കാൾ ശാന്തമായ സ്‌ഥലങ്ങളിലേക്ക് പോകാനാണ് ചെറുപ്പക്കാർ ഇഷ്ടപ്പെടുന്നത്. ജോലിക്കൊപ്പം ഇത്തരമിടങ്ങൾ ചുറ്റി സഞ്ചരിച്ച് ആസ്വദിക്കുകയും ചെയ്യും.
ഭോപ്പാലിൽ താമസിക്കുന്ന ആകാംക്ഷ ഒരു ഹോംസ്റ്റേയിൽ താമസിച്ച് 15 ദിവസം ജോലി ചെയ്‌തു.” ഹോംസ്റ്റേയിലായതുകൊണ്ട് പണച്ചെലവ് അത്രയൊന്നും ഉണ്ടാകില്ല. മാത്രവുമല്ല യാത്ര ചെയ്യുന്നതിനായി എനിക്ക് പ്രത്യേക അവധി എടുക്കേണ്ടിയും വന്നില്ല. 15 ദിവസം ഇവിടെ താമസിച്ചതിനാൽ ഇവിടുത്തെ എല്ലാ സ്‌ഥലങ്ങളും നന്നായി പര്യവേക്ഷണം ചെയ്യാൻ എനിക്ക് കഴിഞ്ഞു. പുതിയ ആളുകളും സ്‌ഥലങ്ങളുമായുള്ള എന്‍റെ പരിചയം എന്‍റെ ചിന്തയെയും ജോലിയെയും വളരെയധികം സ്വാധീനിച്ചു.” ആകാംഷ പറയുന്നു.
ജോലിയിലെ തന്‍റെ അനുഭവം പങ്കുവെച്ച രാജേഷ് പറയുന്നു. “എന്‍റെ മാതാപിതാക്കൾക്ക് അസുഖം വന്നതിനാൽ വളരെക്കാലമായി ഞാൻ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്തിരുന്നത്. അതെൻറ ജോലിയെ സാരമായി ബാധിച്ചു. കമ്പനി ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്‍റെ ഭാര്യയുടെ നിർബന്ധപ്രകാരം ഞാൻ കുറച്ച് ദിവസത്തേക്ക് വീട്ടിൽ നിന്ന് മാറി ദൂര സ്‌ഥലത്തുള്ള ഒരു ഹോംസ്റ്റേയിൽ താമസിച്ച് ജോലി ചെയ്യാൻ തുടങ്ങി. ഈ സമയത്ത് എനിക്ക് എന്‍റെ ജോലിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞു.”
ഈ കാര്യങ്ങളും ശ്രദ്ധിക്കുക
സ്വന്തം കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നല്ല ഒരു മാർഗ്ഗമാണ് വർക്കേഷൻ. ഓഫീസിൽ പോകുമ്പോൾ ഒരു ദിവസം വ്യത്യസ്‌ത ആളുകളെ കണ്ടുമുട്ടുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നു. അതിനാൽ ജോലിയിൽ വലിയ മുഷിച്ചിൽ അനുഭവപ്പെടുകയില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ എല്ലാ ദിവസവും ഒരേ സ്‌ഥലത്തിരുന്നു ജോലി ചെയ്യുന്നത് മടുപ്പുളവാക്കും. ഒരു വർക്കേഷൻ പ്ലാൻ ചെയ്യുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾക്കുടി ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
- നിങ്ങളുടെ താമസസ്ഥലം കൃത്യ സമയത്ത് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ പോകുന്ന സ്‌ഥലത്തിന്‍റെ ഒരു പ്ലാൻ മുൻക്കൂട്ടി തയ്യാറാക്കുക.
- മിക്കവാറും എല്ലാ ജോലികളും ഇന്ന് ഇന്‍റർനെറ്റ് വഴിയാണ് ചെയ്യുന്നത്. അതിനാൽ ഒരു സ്‌ഥലം തിരഞ്ഞെടുക്കുന്നതിന് മുമ്പ് അവിടത്തെ ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കുക.
- എന്തെങ്കിലും പ്രശ്നമുണ്ടായാൽ ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ നിങ്ങൾ പോകുന്ന സ്‌ഥലത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുക.
- പലപ്പോഴും മാതാപിതാക്കൾ അവിവാഹിതരായ തങ്ങളുടെ പെൺകുട്ടികളെ ഇതുപോലെ ദൂരേക്ക് അയയ്ക്കാൻ തയ്യാറാകില്ല. അത്തരമൊരു സാഹചര്യത്തിൽ സ്നേഹത്തോടെ അവർക്ക് വർക്കേഷനെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകുക. മാതാപിതാക്കളെ ഇതുമായി പൊരുത്തപ്പെടുത്തുന്നതിനായി തുടക്കത്തിൽ ഏതാനും ദിവസങ്ങൾക്കായി വർക്കേഷൻ ആസൂത്രണം ചെയ്യുക.
കുറഞ്ഞ ചെലവിൽ ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ ബജറ്റ് ഫ്രണ്ട്‌ലിയായ സ്‌ഥലം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.