2017-ലെ മഞ്ഞുകാലം പാർവതി തിരുവോത്തിനെ സംബന്ധിച്ച് ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. ഒപ്പം ആ വർഷം മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തിന് ഏറെ അംഗീകാരങ്ങളും നേടിയ പാർവതി സിനിമകളിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയിൽ പങ്കെടുക്കുകയുണ്ടായി. മലയാള സിനിമയിലെ “ഒരു പ്രമുഖ നടൻ” സഹപ്രവർത്തകരോട് അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിൽ സിനിമയിൽ ഒരു ഡയലോഗ് പറഞ്ഞതിൽ അവർ നിരാശ പ്രകടിപ്പിച്ചു. ചർച്ചയിൽ അവർ സിനിമയുടെ പേര് പോലും പരാമർശിച്ചിരുന്നില്ല. എന്നാൽ ഒരു സഹപാനലിസ്‌റ്റ് സിനിമയുടെ പേര് പറയാൻ അവരെ പ്രേരിപ്പിച്ചതിനെ തുടർന്ന് 2016-ൽ നടൻ മമ്മൂട്ടി അഭിനയിച്ച ബോക്‌സ് ഓഫീസ് ഹിറ്റായ “കസബ”യെയാണ് താൻ ചർച്ചയിൽ പരാമർശിച്ചതെന്ന് പാർവതി വെളിപ്പെടുത്തി.
സിനിമ പുറത്തിറങ്ങിയതിന് ശേഷം നിരവധി സിനിമാ നിരൂപകരും കേരള വനിതാ കമ്മീഷനും “സ്ത്രീ വിരുദ്ധ സംഭാഷണങ്ങളുടെ പേരിൽ “കസബയെ” വിമർശിച്ചിരുന്നു. പോലീസ് ഓഫീസറായി അഭിനയിക്കുന്ന മമ്മൂട്ടി മുതിർന്ന വനിതാ സഹപ്രവർത്തകയെ ആംഗ്യം കാട്ടി ലൈംഗിക ചുവയോടെ ഭീഷണിപ്പെടുത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ടായിരുന്നു.
അതോടെ പാർവതിയുടെ കമന്‍റ് വൈറലാകുകയും അവർ ഓൺലൈനിൽ വിദ്വേഷ കാമ്പെയ്‌നിന്‍റെ ഇരയായി മാറുകയും ചെയ്‌തു. സോഷ്യൽ മീഡിയ അവരെ ക്രൂരമായി ട്രോളി. ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും വരെ ചിലർ ഭീഷണിപ്പെടുത്തി. സിനിമാ രംഗത്തെ നിരവധി പ്രമുഖരും അപലപിച്ചു. പാർവതിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് കേരള പോലീസ് അറസ്‌റ്റ് ചെയ്‌തയാൾക്ക് “കസബ” നിർമ്മാതാവ് ജോബി ജോർജ്‌ജ് പരസ്യമായി ജോലി വരെ വാഗ്ദാനം ചെയ്തു. എങ്കിലും പാർവതി തന്‍റെ നിലപാടിൽ ഉറച്ചു തന്നെ നിന്നു.
അതേ സമയം “ടേക്ക് ഓഫ്” (2017) എന്ന മലയാള ചിത്രത്തിലെ അഭിനയമികവിന് പാർവതിയ്ക്കു അവാർഡ് ലഭിച്ചു. ഇറാഖിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ നഴ്‌സുമാർ നേരിട്ട പ്രതിസന്ധികളാണ് ചിത്രം കാണിക്കുന്നത്. അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലേക്ക് കയറിയ പാർവതിയെ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. ആ കരഘോഷം അവർക്കുള്ള പിന്തുണയായിരുന്നില്ല. മറിച്ച് അവരുടെ ശബ്ദം അടിച്ചമർത്തുന്നതിനുള്ള ഒരു തന്ത്രവും കൂടിയായിരുന്നു.
“ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. അവിടെ പോയി മനസ്സിലുള്ളത് പറയൂ. പതറരുത്. അവർക്ക് സംതൃപ്‌തി നൽകരുത്.” കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിക്കെ പാർവതി പറഞ്ഞു.
ഇത്രയധികം തകർന്നു പോയിട്ടില്ല
ചടങ്ങിനോട് അനുബന്ധിച്ച് അന്ന് രാത്രി ഹോട്ടൽ മുറിയിലെത്തിയപ്പോൾ പാർവതിയുടെ ദേഹമാകെ വിറയ്ക്കാൻ തുടങ്ങി. അവർ തകർന്ന അവസ്‌ഥയിലെത്തിയിരുന്നു. “എന്‍റെ ശരീരത്തിന് വെറുപ്പും കയ്പ്പും താങ്ങാനായില്ല. ഞാൻ മുമ്പ് ഒരിക്കലും ഇത്ര തകർന്നിട്ടില്ല.” അവർ പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് ശേഷം വിദേശത്ത് നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് കേരളത്തിൽ മടങ്ങിയെത്തിയ പാർവതി കേരള ഫിലിം സ്റ്റേറ്റ് അവാർഡ് ദാന ചടങ്ങിൽ അവാർഡ് സ്വീകരിക്കുന്നതിനായി തയ്യാറെടുക്കവെ ഹോട്ടൽ മുറിയിൽ ബോധരഹിതയായി വീണു. “ഹൗസ് കീപ്പിംഗ് സ്‌റ്റാഫ് ആണ് എന്നെ ഉണർത്തിയത്. അവർ എന്നെ ഒരു സാരി ഉടുപ്പിച്ചു. തുടർന്ന് ഞാൻ സ്റ്റേജിലേക്ക് പോകുകയാണുണ്ടായത്.” പാർവതി ആ സംഭവത്തെ ഓർത്തെടുക്കുന്നു. ഭീഷണികൾ നിലച്ചില്ല. പാർവതി ശബ്ദമുയർത്തുന്നത് നിർത്തിയുമില്ല. അവർ മികച്ച രീതിയിൽ ജോലി തുടർന്നു. അത് താരത്തിന് ബഹുമാനവും ആദരവും നേടിക്കൊടുത്തു. ജോലിയോടൊപ്പം അവർ ശബ്‌ദമുയർത്തുകയും ചെയ്തു. എന്നാൽ ഉറച്ച നിലപാടിന്‍റെയും വിമർശനങ്ങളുടേയും പേരിൽ പാർവതിക്ക് കനത്ത വില നൽകേണ്ടി വന്നു. “ഇതൊന്നും ആളുകൾക്ക് സുപരിചിതമായ കാര്യങ്ങളല്ല. എന്നാൽ ആ അവസ്‌ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയ്ക്ക് സ്വയം വീണ്ടും ഉയർന്നു വരേണ്ടതുണ്ട്. സ്വയം ശക്തമായ കവചം ധരിക്കേണ്ടതുണ്ട്. ശരീരവും മനസ്സും പുനഃക്രമീകരിക്കണം. അത് ചെയ്യാതിരിക്കാൻ നിർവാഹമില്ല. കാരണം വീണ്ടും നമുക്ക് ഉയർന്നു വരേണ്ടതുണ്ട്.” പാർവതി വിശദീകരിച്ചു.
“എനിക്ക് ഒരു പൂർണ്ണ ജീവിതം നയിക്കണം. അതിനുള്ള അവകാശം എനിക്കുമുണ്ട്. മാത്രവുമല്ല അത് എനിക്ക് ലഭിക്കുമെന്ന് ഞാൻ ഉറപ്പാക്കുകയും വേണം. ഞാൻ ആരുടെയും ഹീറോ അല്ല. ഇത് ഞാൻ എനിക്കായി ചെയ്യുന്നതാണ്.”
ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന നടിമാരിൽ ഒരാളായി പാർവതി ഇതിനോടകം അംഗീകരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുടുംബ സംഘർഷങ്ങൾ കാണിക്കുന്ന “ഉള്ളൊഴുക്ക്”(2024) എന്ന മലയാള ചിത്രത്തിലെ മികച്ച പ്രകടനത്തിന് അവർക്ക് നിരവധി അവാർഡുകളാണ് ലഭിച്ചത്. മലയാളം ആന്തോളജിയായ “മനോരഥങ്ങൾ”(2024) എന്ന എപ്പിസോഡിലും പാർവതി വേഷമിട്ടിരുന്നു. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എംടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കിയുള്ള പരമ്പരയാണിത്.
വേറിട്ട വഴി
സങ്കീർണ്ണങ്ങളായ ഭാവപ്പകർച്ചകൾകൊണ്ടും അവയുടെ വൈകാരിക തീവ്രതകൾ കൊണ്ടും വേറിട്ടുനിൽക്കുന്ന അഭിനയശൈലിയാണ് പാർവതിയുടേത്. “ഉയരെ”(2019) എന്ന സി നിമയിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതവും കരിയറും പുനരാരംഭിക്കുന്ന ഒരു പെൺകുട്ടിയെയാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. “എന്ന് നിന്‍റെ മൊയ്‌തീൻ” (2015) എന്ന സിനിമയിൽ മിശ്രമത പ്രണയിനികളുടെ ഹൃദയസ്പർശിയായതും യഥാർവുമായ കഥയ്ക്ക് അവർ ജീവൻ പകർന്നു. മിശ്രവിവാഹത്തെ ചുറ്റിപ്പറ്റിയുള്ള സംഘർഷഭരിതമായ കഥയെ ആസ്പദമാക്കിയുള്ള “പുഴു” (2022) എന്ന സിനിമയിൽ മമ്മൂട്ടിയുടെ സഹോദരിയായി അവർ അഭിനയിച്ചു. “ബാംഗ്ലൂർ ഡേയ്സിൽ (2014) ആത്മവിശ്വാസമുള്ള കരുത്തയായ പെൺകുട്ടിയായി അവർ ജീവിക്കുകയായിരുന്നു. അതിൽ അവർ പാരാപ്ലീജിക് ആയ റേഡിയോ ജോക്കിയുടെ വേഷമാണ് അവതരിപ്പിച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നിച്ച ചിത്രവുമായിരുന്നുവത്. “മരിയൻ” (2013) എന്ന തമിഴ് സിനിമയിലും പാർവതി തന്‍റെ വ്യക്‌തി മുദ്ര പതിപ്പിച്ചു. അതിൽ മുൻനിര നടൻ ധനുഷിനൊപ്പമാണ് അവർ വേഷമിട്ടത്. 2017-ൽ “കരീബ് കരിബ് സിംഗിൾ” എന്ന റൊമാന്‍റിക് കോമഡിയിലൂടെ ഹിന്ദി സിനിമയിലും പാർവതി അരങ്ങേറ്റം കുറിച്ചു. പ്രശസ്ത നടൻ ഇർഫാൻ ഖാനൊപ്പമാണ് അതിൽ അവർ അഭിനയിച്ചത്. സ്വതസിദ്ധമായ അഭിനയശൈലിയ്ക്ക് പേരുകേട്ട ഇർ ഫാൻ ഖാനൊപ്പം സ്ക്രീനിൽ പാർവതി മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്.
കുടുംബത്തിന് സിനിമാ പശ്ചാത്തലമൊന്നുമില്ലെങ്കിലും ധീരമായ തിരഞ്ഞെടുപ്പുകൾ സൂക്ഷ്‌മമായ പ്രകടനങ്ങൾ അച്ചടക്കമാർന്ന തൊഴിൽ നയം എന്നിവയിലൂടെ പാർവതി സിനിമയിൽ സ്വന്തമായ ഒരു വഴിയുണ്ടാക്കി. തിരക്കഥ വായിക്കാതെ സിനിമകൾ ഒപ്പിടാൻ അവർ ഇഷ്‌ടപ്പെടാറില്ല. മാത്രവുമല്ല ഒരേ സമയം ഒന്നിൽ കൂടുതൽ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനും അവർ താൽപര്യം കാട്ടാറില്ല. ഏത് ഭാഷയിലായാലും താൻ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സ്വയം ഡബ്ബ് ചെയ്യണമെന്ന് നിർബന്ധമുള്ള വ്യക്തി കൂടിയാണവർ.
ഓഫ്സ്ക്രീനിൽ മറ്റ് ഇന്ത്യൻ അഭിനേതാക്കൾക്കിടയിൽ പാർവതിയ്ക്ക് അപൂർവമായ ഒരു സ്വഭാവഗുണമുണ്ട്. അനീതിക്കെതിരെ സംസാരിക്കാനുള്ള ധൈര്യം. വിമൻ ഇൻ സിനിമാ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) ധീരമായ ശബ്ദവും നിലപാടുമുള്ള അംഗങ്ങളിൽ ഒരാളെന്ന നിലയിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ലിംഗവിവേചനങ്ങളിലേക്കു പാർവതി ആവർത്തിച്ച് ശ്രദ്ധ ക്ഷണിക്കുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍റെ ലൈംഗികാതിക്രമത്തെത്തുടർന്ന് 2017-ൽ രൂപീകരിച്ച ഡബ്ല്യുസിസി സിനിമ വ്യവസായത്തെ കൂടുതൽ ഫ്ളക്‌സിബിളും സുരക്ഷിതവും സമത്വവുമുള്ള ഇടമാക്കാൻ ശ്രമിച്ചു. “എന്‍റെ ശരീരവും എന്‍റെ സ്വഭാവവുമാണ് എന്‍റെ ആയുധം. അതിനാൽ നിരന്തര പരിശോധനയും ചോദ്യം ചെയ്യലും ആക്ടിവിസവും ഒരേസമയം എല്ലാം തന്നെ അതിശക്തമാക്കും.” പാർവതി പറയുന്നു.
തന്‍റെ ലക്ഷ്യത്തെക്കുറിച്ച് മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചും ബോധവതിയാണെന്ന് ഉറപ്പാക്കാൻ അവർ നിരന്തരം സ്വയം സംവദിക്കുന്നത് തുടരുന്നു.
“ഞാൻ ഒരു സൈനികനെപോലെയാണ്. ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാനാണ് മുൻതൂക്കം നൽകുന്നത്. അത് തുടർന്നുകൊണ്ടിരിക്കും. ഒപ്പം പോരാട്ടങ്ങൾ തുടരുകയും ചെയ്യും.” അവർ പറയുന്നു.
കലാരംഗത്തേക്കുള്ള വഴി
അഭിഭാഷകരായിരുന്ന പാർവതിയുടെ മാതാപിതാക്കൾ ചില ആശങ്കകൾ കണക്കിലെടുത്ത് ബാങ്കിംഗ് കരിയർ തുടരുകയാണ് ഉണ്ടായത്. മാതാപിതാക്കൾക്ക് കലാപരമായ താൽപ്പര്യങ്ങൾ പിന്തുടരാൻ കഴിയാത്തതിനാൽ അവർ പാർവതിയേയും സഹോദരനേയും കലാരംഗത്തേക്ക് അയക്കുകയായിരുന്നു.
വീട്ടുജോലികളിൽ നിന്ന് ഒഴിഞ്ഞു മാറാത്ത ഒരു ഫെമിനിസ്‌റ്റ് പിതാവിനൊപ്പം ഒരു സമത്വ കുടുംബത്തിൽ വളരാൻ കഴിഞ്ഞത് ഭാഗ്യമായാണ് പാർവതി കരുതുന്നത്. “അച്ഛൻ എപ്പോഴും അമ്മയെ അടുക്കളയിൽ സഹായിക്കും. എനിക്ക് എപ്പോൾ വേണമെങ്കിലും വീട്ടിലെ സോഫയിൽ കയറി കിടന്ന് അച്‌ഛനോട് ഒരു ചായ ചോദിക്കാം.” പാർവതി പറയുന്നു.
ടൊറന്‍റോയിലെ കോർപ്പറേറ്റ്സ് പെയ്‌സിൽ ജോലി ചെയ്യുന്ന പാർവതിയുടെ സഹോദരൻ ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവുമാണ്. തന്‍റെ ജീവിതത്തിലെ ഏറ്റവും ശക്‌തമായ സ്വാധീനങ്ങളിലൊന്നായാണ് പാർവതി സഹോദരനെ കണക്കാക്കുന്നത്. കൗമാരപ്രായത്തിൽ യുവാക്കൾ മോശമായ രീതിയിൽ പെരുമാറുമ്പോഴൊക്കെ പാർവതി സുരക്ഷിതത്വത്തിനായി തന്‍റെ സഹോദരനിലേക്ക് തിരിയുമായിരുന്നു. “നിന്നെ എപ്പോഴും സംരക്ഷിക്കുകയെന്നത് എന്‍റെ ജോലിയല്ല. നിനക്ക് ആവശ്യമുള്ളപ്പോൾ ഞാൻ നിന്നെ സഹായിക്കും. പക്ഷേ നീ സ്വയം സംരക്ഷിക്കാൻ പഠിക്കണം. സ്വയം പര്യാപ്തയാകണം.” അപ്പോഴൊക്കെ സഹോദരന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു.
“ആ സമയത്ത് അങ്ങനെ കേൾക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ മുതിർന്നപ്പോഴാണ് ഞാൻ ആ വാക്കുകളുടെ പ്രാധാന്യം മനസ്സിലാക്കിയത്. ഞങ്ങൾക്കിരുവർക്കുമിടയിൽ ശക്തമായ ഒരു ബന്ധമുണ്ട്. മുതിർന്നപ്പോൾ അതിന് പുതിയൊരു രൂപമുണ്ടായി. ചെറുപ്പത്തിൽ സഹോദരനാണ് എനിക്ക് ഇംഗ്ലീഷ് സംഗീതം പരിചയപ്പെടുത്തി തന്നത്. ഇപ്പോൾ മതപരവും ആത്മീയവുമായ ഗ്രന്ഥങ്ങൾ എന്നോടൊപ്പം പങ്കിടാറുണ്ട്.”
“സമാന്തര പ്രപഞ്ചങ്ങൾ, ആത്മാവ്, അസ്തിത്വം, സഹാനുഭൂതി, മാനവികത തുടങ്ങിയ വിഷയങ്ങൾ പലപ്പോഴും ഞങ്ങൾക്കിടയിലെ സംഭാഷണങ്ങളിൽ കടന്നു വരാറുണ്ട്.” എന്നിരുന്നാലും ചുറ്റുപാടുമുള്ള മറ്റ് കുടുംബ ബന്ധങ്ങളിൽ പുരുഷാധിപത്യം ഉണ്ടായിരുന്നു. “പുരുഷന്മാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ലോകത്തിൽ നിന്നാണ് എന്‍റെ മുത്തശ്ശി വരുന്നത്.” പാർവതി ഓർമ്മിക്കുന്നു. “പെൺകുട്ടികൾക്ക് അൽപ്പം ഒതുക്കം വേണമെന്ന നിഷ്കർഷ മുത്തശ്ശിയുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്നു.”
കുടുംബത്തിലെ ഏറ്റവും വികൃതിയായിരുന്നു പാർവതി. ഓണക്കാലത്ത് കുട്ടികൾ കളിയായി ക്ഷേത്രങ്ങൾ പണിയുമായിരുന്നു. പെൺകുട്ടിയായതിനാൽ പുരോഹിതൻ വേഷം ചെയ്യാൻ കഴിയില്ലെന്ന് അവർ പാർവതിയോട് വാദിക്കുമായിരുന്നു. “ആ സമയത്ത് എന്‍റെ ഉള്ളിൽ ഉയരുന്ന ആ ദേഷ്യം ഞാൻ ഇപ്പോഴും ഓർക്കുന്നു.”
കാലത്തിനൊപ്പം തിരിച്ചറിഞ്ഞ യാഥാർത്ഥ്യം
ഒരു പെൺകുട്ടിയായതിനാൽ അവളുടെ സാധ്യതകൾ പരിമിതപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അന്ന് മനസ്സിലായിരുന്നില്ല. “അതുകൊണ്ടാണ് എന്‍റെ ഉള്ളിൽ ഒരു തീ ആളിക്കത്തികൊണ്ടിരുന്നത്.” പാർവതി പറഞ്ഞു. “കാലക്രമേണ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു. എന്നാൽ ഈ ലിംഗ വ്യത്യാസങ്ങളെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണങ്ങൾ തൃപ്‌തികരമായ ഉത്തരങ്ങൾ നൽകിയില്ല. പ്രായപൂർത്തിയായ മിക്ക സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇല്ലെന്ന് കാലക്രമേണ ഞാൻ മനസ്സിലാക്കി.”
നിരന്തരമുള്ള ചോദ്യം ചെയ്യലിലൂടെ കുടുംബത്തിലെ ഏറ്റവും മര്യാദയില്ലാത്തവളും പ്രശ്നക്കാരിയുമായി ഞാൻ പെട്ടെന്നുതന്നെ അറിയപ്പെട്ടു. കുട്ടിക്കാലത്ത് പാർവതി ഏതാനും വർഷം ഡൽഹിയിൽ ചെലവഴിച്ചിരുന്നു. ഡൽഹി നഗരജീവിതം അവരെ ആഴത്തിൽ സ്വാധീനിച്ചു. “ഡൽഹിയിലെ ജീവിതാനുഭവങ്ങളെല്ലാം ഞാൻ നന്നായി ഓർക്കുന്നു. എനിക്ക് അത് ചിലപ്പോൾ കൗതുകമായി തോന്നാറുണ്ട്. മദ്രാസ് സ്‌റ്റോർ, നിരുള ഐസ്ക്രീം, എന്‍റെ ബോയ് കട്ട്, സൈക്കിൾ റിക്ഷ (ഒരിക്കൽ അതിൽ നിന്നും ഞാൻ വീണുപോയിട്ടുമുണ്ട്) ഹോളി, ദീപാവലി, ഞങ്ങൾ താമസിച്ചിരുന്ന ചെറിയ ഫ്ളാറ്റ് അങ്ങനെ ആ ഓർമ്മകൾ നീളുന്നു. ഡൽഹി എനിക്ക് സുപ്രധാനങ്ങളായ ചില ബാല്യകാല ഓർമ്മകളാണ് സമ്മാനിച്ചത്.”
എന്നാൽ ഇതിന് തെട്ടുപിന്നാലെയായിരുന്നു തിരുവനന്തപുരത്തേക്കുള്ള അച്‌ഛന്‍റെ സ്‌ഥലം മാറ്റം. അവിടെ ഒരു കേന്ദ്രീയ വിദ്യാലയത്തിലാണ് പാർവതി പഠിച്ചിരുന്നത്. പല ഭാഷകളും ഞാൻ പഠിച്ചു. വളരെ വൈകാരികമായ ഒന്നാണ് എനിക്ക് ഭാഷ. അഭിനയകലയിലും ഇത് ഉപയോഗപ്രദമാണ്.”
ഭരതനാട്യം നർത്തകിയാണ് പാർവതിയുടെ അമ്മ. അവർ തന്‍റെ മകളെയും കലയിലേക്ക് നയിച്ചു. അച്ഛന്‍റെ ഇഷ്ടവിനോദങ്ങൾ സ്പോർട്‌സും സംഗീതവും. “പവർ കട്ട് ഉള്ളപ്പോൾ അച്ഛൻ പലപ്പോഴും വയലിൻ വായിക്കുമായിരുന്നു. സഹോദരൻ ഗിറ്റാറും. ഞങ്ങൾ എല്ലാവരും ഒരു മിച്ച് പാട്ടുപാടുമായിരുന്നു.” പാർവതി ഇപ്പോഴും ആ ഓർമ്മകളെ ചേർത്തുപിടിക്കുന്നു.
കലയെ പ്രൊഫഷണലായി പിന്തുടരാനുള്ള കഴിവ് പാർവതിയിൽ ഉണ്ടെന്നു നൃത്താധ്യാപകർ മാതാപിതാക്കളോട് പറഞ്ഞിരുന്നുവെങ്കിലും അവരാരും തന്നെ പാർവതിയുടെ ആഗ്രഹത്തിന് വിരുദ്ധമായി അതിനെ ഒരു തൊഴിലായി പിന്തുടരാൻ പ്രേരിപ്പിച്ചില്ല. മാതാപിതാക്കളാകും മുമ്പ് തന്നെ അവർക്ക് ഇക്കാര്യത്തിൽ വ്യക്തമായ ഒരു ധാരണ ഉണ്ടായിരുന്നു.
കൗമാരപ്രായത്തിൽ ഹിന്ദി ചലച്ചിത്രകാരൻ കരൺ ജോഹറിന്‍റെ ചിത്രങ്ങൾ കാണാനായിരുന്നു പാർവതിയ്ക്ക് ഏറെ ഇഷ്ടം. നിർമ്മാതാവ് ഏക്‌ത കപൂറിന്‍റെ ജനപ്രിയ സീരിയലുകളുടെ കടുത്ത ആരാധിക കൂടിയായിരുന്നു അവർ. “കസൗട്ടി സിന്തഗി കിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് മരിച്ചപ്പോൾ താൻ രാത്രി മുഴുവനും കരഞ്ഞിരുന്നുവെന്ന് പാർവതി ഇന്നും ചിരിയോടെ ഓർക്കുന്നു.”
“ചെറുപ്പത്തിൽ സങ്കടകരവും ആശയക്കുഴപ്പമുണ്ടാകുന്നതുമായ നിരവധി അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. എന്നെ ഞാനായി കാണുന്ന എന്നെ ഇഷ്‌ടപ്പെടുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. അതിനാൽ എന്‍റെ സ്‌കൂൾ പഠനകാലത്തെ ആദ്യനാളുകളിൽ ആളുകളെ സന്തോഷിപ്പിക്കുന്ന തരത്തിൽ പെരുമാറാനാണ് ഞാൻ ശ്രമിച്ചത്. അതിന്‍റെ ഭാഗമായി ഹാർഡി ബോയ്‌സ്, നാൻസി ഡൂ എന്നീ ഡിറ്റക്ടീവ് പുസ്തകങ്ങൾ വായിക്കുമായിരുന്നു.”
സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ
ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‍റെ അവസാനനാളുകളിൽ പാർവതി ചെറിയ ഒരു പ്രാദേശിക ടെലിവിഷൻ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചിരുന്നു. ഈ മത്സരത്തിലൂടെ ഒരു പ്രാദേശിക ചാനലിലെ 2 ലൈവ് മ്യൂസിക് ഷോകളുടെ വീഡിയോ ജോക്കിയായി ആദ്യ ജോലി ലഭിച്ചു. തികച്ചും വ്യത്യസ്‌തമായ ലോകമായിരുന്നുവെന്നാണ് പാർവതി അതിനെ വിശേഷിപ്പിക്കുന്നത്. മാതാപിതാക്കൾക്കും തുടക്കത്തിലത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. തന്നെ സംരക്ഷിക്കാൻ എപ്പോഴും അവർ അടുത്തുണ്ടാകില്ലെന്ന ചിന്ത അംഗീകരിക്കാൻ മാതാപിതാക്കൾക്ക് എളുപ്പമായിരുന്നില്ല. എങ്കിലും എന്‍റെ തീരുമാനങ്ങളെ അവർ പിന്തുണച്ചു. അങ്ങനെ 19 വയസ്സുള്ളപ്പോൾ അഭിനയജീവിതം തുടരാൻ കൊച്ചിയിലേക്ക് ചേക്കേറാൻ പാർവതി തീരുമാനിക്കുകയായിരുന്നു.
കൗമാരക്കാരിയായ വിദ്യാർത്ഥിനിയുടെ വേഷം ചെയ്ത “നോ ട്ട്ബുക്ക്” (2006) ആണ് പാർവതിയുടെ ആദ്യ ചിത്രം. സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് സിനിമയുടെ സംവിധായകനും എഴുത്തുകാരനും കഥാപാത്രവുമായി ഇഴുകിച്ചേരാനും പരിചയിക്കാനും പാർവതിയെ പ്രോത്സാഹിപ്പിച്ചു. ഇതിനായി ഏത് ടൂത്ത് പേസ്‌റ്റാണ് തന്‍റെ കഥാപാത്രം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്, ഏത് കറിയാണ് കഴിക്കാൻ ഇഷ്‌ടപ്പെടുന്നത് എന്നിങ്ങനെയുള്ള സാങ്കൽപ്പിക ചോദ്യങ്ങൾ അവർ പാർവതിയോട് ചോദിച്ചിരുന്നു. കഥാപാത്രത്തെ തിരിച്ചറിയാനും കഥാപാത്രത്തിന്‍റെ തിരഞ്ഞെടുപ്പുകൾ മനസ്സിലാക്കാനും കഥാപാത്രവുമായി സഹാനുഭൂതി പ്രകടിപ്പിക്കാനും ഈ വിശദാംശങ്ങൾ സഹായിച്ചുവെന്നാണ് പാർവതി പറയുന്നത്.
പാർവതി ഇന്നും തുടരുന്ന ഒരു രീതിയാണിത്. “പശ്ചാത്തലത്തിന്‍റെ അടിസ്ഥാനത്തിൽ യഥാർത്ഥ കാര്യങ്ങൾ കൂടുതലായി ഞാൻ കുട്ടിയിണക്കും.” കഥാപാത്രത്തിന്‍റെ സാമ്പത്തിക നില, ജാതി അല്ലെങ്കിൽ ജാതിപരമായ അടിച്ചമർത്തൽ അനുവഭവിക്കുന്നുണ്ടോ അവർ എന്ത് ഭക്ഷണം കഴിക്കുന്നു അല്ലെങ്കിൽ ഏത് ബ്രാൻഡ് അടിവസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നു എന്നിങ്ങനെയുള്ള കൂടുതൽ വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടാം.
അഭിനയകലയിൽ ഔപചാരിക പരിശീലനം നേടിയിട്ടില്ലാത്തതിനാൽ തന്‍റെ അറിവ് വർദ്ധിപ്പിക്കാൻ അവർ നിരന്തരം പുതിയ വഴികൾ തേടുകയായിരുന്നു. “ഇൻസൈഡ് ദി ആക്ടേഴ്സസ് ഡിയോ” യുടെ സ്ഥിരം പ്രേക്ഷകയായിരുന്നു. എഴുത്തുകാരനും നടനുമായ ജെയിംസ് ലിപ്റ്റൺ നിരവധി ചലച്ചിത്ര പ്രവർത്തകരെ അഭിമുഖം നടത്തുന്ന ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണിത്.
സഹപ്രവർത്തകർ ശുപാർശ ചെയ്ക്കുന്ന പുസ്‌തകങ്ങൾ വായിക്കാനും പാർവതി ശ്രദ്ധ പുലർത്തി. അഭിനയകലയിൽ തന്‍റെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി പോണ്ടിച്ചേരി ആസ്‌ഥാനമായുള്ള ആദിശക്തി എന്ന തീയറ്റർ ഗ്രൂപ്പിലും ഭാഗമായി.
കഥാപാത്രമായി ജീവിക്കണം
എന്നിരുന്നാലും പാർവതിയുടെ പൊതുപ്രതിച്ഛായ ചിലപ്പോൾ ഓൺ സ്ക്രീനിൽ നിന്നും വേറിട്ട് നിന്നിരുന്നു. “ആക്ടിവിസ്‌റ്റ് എന്ന നിലയിൽ ഞാൻ എന്നെത്തന്നെ അവതരിപ്പിക്കുന്തോറും ഒരു കഥാപാത്രമെന്ന നിലയിൽ എന്നിൽ വിശ്വാസ്യത കുറയും. ഞാൻ അഞ്ജുവാണോ പല്ലവിയാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണോയെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും.” താൻ കാണുകയും അനുഭവിക്കുകയും ചെയ്‌ത അനീതികളോട് തുടക്കത്തിൽ അവർക്ക് കടുത്ത ദേഷ്യം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ തന്‍റെ കലയിലൂടെ ആ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്.
“പോരാടുന്നതിനും ചെറുത്തുനിൽക്കുന്നതിനും പകരം ഹേയ് ഇത് നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കുകയാണെന്ന് ഞാൻ കരുതുന്നു.” പാർവതി തന്‍റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നു. ഇനിയും തന്നെ കാത്തിരിക്കുന്ന വേഷങ്ങൾക്കായി ഓഡിഷൻ ചെയ്യാൻ ആഗ്രഹിക്കുന്ന അഭിനേതാവാണ് അവർ. ഇതുവരെ ചെയ്യാത്ത ചലഞ്ചിംഗ് ആയ വേഷങ്ങൾ ചെയ്യാനുമാണ് പാർവതിയ്ക്ക് ഇഷ്ടം.
ഇന്ത്യൻ സിനിമയിലെ ഏറ്റവും പുരോഗമനപരമായ ചിത്രങ്ങളായാണ് മലയാള സിനിമകളെ കണക്കാക്കപ്പെടുന്നത്. എന്നാൽ പിന്നീട് സിനിമ മേഖല വെറുപ്പും ലൈംഗികാതിക്രമവും നിറഞ്ഞതായി മാറി. നടിയെ തട്ടിക്കൊണ്ടുപോയി കാറിൽ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മലയാള സിനിമയിലെ ശക്‌തനും സ്വാധീനവുമുള്ള സുപ്പർ താരം ദിലീപ് ക്രിമിനലുകളെ ഉപയോഗിച്ച് കൃത്യം നടത്തിയെന്ന കേസിൽ പ്രതിയായി. കേസിൽ മൂന്ന് മാസം ജയിലിൽ കിടന്ന ദിലീപ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഈ കേസിൽ ഇപ്പോൾ ഹൈക്കോടതിയിൽ വാദം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഗുരുതരമായ പ്രതികരണങ്ങൾ
ആക്രമണം നടന്ന് 8 വർഷത്തിനുള്ളിൽ ഈ കേസ് കേരളത്തിലെ സിനിമാ ലോകത്തിന് അഗ്നിപരീക്ഷയായി മാറി. സഹപ്രവർത്തകയ്ക്ക് (അതിജീവിത) ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സ്ത്രീകൾ നിലയുറപ്പിച്ചപ്പോൾ ശക്‌തരായ പുരുഷന്മാർ ദിലീപിന് ചുറ്റും തടിച്ചുകൂടി. മോഹൻലാലിനെപ്പോലുള്ള മുതിർന്ന അഭിനേതാക്കൾ ലൈംഗികാതിക്രമ വിഷയങ്ങളെ നിസാരവൽക്കരിച്ചു. അക്കാലത്ത് അസോസിയഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുകളുടെ (അമ്മ) പ്രസിഡന്‍റായിരുന്നു മോഹൻലാൽ. കേരളത്തിലെ ഏറ്റവും ശക്തമായ സിനിമാ സംഘടനയാണിത്. മീറ്റു പ്രസ്ഥാനത്തെക്കുറിച്ചും വനിതകൾ പരാമർശിച്ചു. അതോടെ ലോകമെമ്പാടുമുള്ള വനിതകൾ തങ്ങൾ എപ്പോഴൊക്കെയോ നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പൊതുസമൂഹവുമായി പങ്കിട്ടു.
വിമൻ ഇൻ സിനിമാ കളക്‌ടീവിലെ അംഗങ്ങൾ സിനിമ വ്യവസായത്തിൽ മാറ്റം ആവശ്യപ്പെട്ടുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി. ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ ഔദ്യോഗിക സമിതികൾക്കായി അവർ വാദിച്ചു. നിയമപരിഷ്കാരങ്ങൾക്കായി വാദം ഉയർത്തി. അതിനിടെ കേരള സംസ്‌ഥാന സർക്കാർ ഹേമ കമ്മിറ്റി രൂപികരിച്ചു. അതിന് നേതൃത്വം നൽകിയത് വിരമിച്ച ജഡ്‌ജിയായ ഹേമയാണ്. സിനിമയിലെ ലിംഗപരമായ അനീതിയുടെയും ദുരുപയോ ഗത്തിന്‍റെയും കേസുകൾ അന്വേഷിച്ച കമ്മിറ്റി വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളടങ്ങിയ റിപ്പോർട്ട് 2019 അവസാനത്തോടെ സമർപ്പിക്കുകയും ചെയ്‌തു.
5 വർഷത്തെ കാലതാമസത്തിന് ശേഷം 2024 ഓഗസ്‌റ്റിൽ റിപ്പോർട്ട് പുതുക്കിയ രൂപത്തിൽ വീണ്ടും പുറത്തിറക്കി. ദുരുപയോഗം, കുറഞ്ഞ പ്രതിഫലം, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ എന്നിവയിലൂടെ മലയാള ചലച്ചിത്ര വ്യവസായം കലാകാരികളെ ചൂഷണം ചെയ്ത വഴികളെപ്പറ്റി അത് എടുത്തുകാണിക്കുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തിൽ മീറ്റു ആരോപണം വീണ്ടും സജീവമായി. ഇരകൾ അവരുടെ ദുരനുഭവങ്ങൾ പറഞ്ഞു മുന്നോട്ടു വന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ അമ്മയുടെ എകസ്‌ക്യൂട്ടീവ് അംഗങ്ങളെല്ലാം രാജിവച്ചു. ഒരു കൂട്ടം കലാകാരികളുടെ നിരന്തരമായ ശ്രമങ്ങളെ തുടർന്ന് കഷ്‌ടപ്പെട്ട് നേടിയ വിജയമായിരുന്നു അത്. 2017-ൽ ഡബ്ല്യുസിസി അംഗങ്ങളും പാർവതിയും രാത്രി വൈകി നടത്തിയ ഒരു കോളിൽ തങ്ങളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കിയപ്പോൾ സമ്മർദ്ദത്തെ നേരിടാൻ പാർവതി ഒരു മാർഗം ക ണ്ടെത്തി. മുഖത്തിനു പലതരത്തിലുള്ള ഭാവങ്ങൾ നൽകി. കണ്ണുകളിൽ അൽപ്പം മാത്രം ഐലൈനർ പുരട്ടി, സ്വന്തം ചിത്രങ്ങൾ എടുത്തു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒന്നുപോലും പോസ്റ്റ് ചെയ്തില്ല. രാത്രി മേക്കപ്പ് നീക്കി ഉറങ്ങാൻ പോകും. മേക്കപ്പും ഒരു കലയാണ്.
പുസ്‌തകങ്ങളാണ് സഹ്യത്തുക്കൾ
സിനിമാ സെറ്റുകളിൽ പാർവതിയുടെ കൈയിൽ എപ്പോഴും ഒരു പുസ്‌തകമുണ്ടാവും. “ഒമ്പതാം ക്ലാസ് വരെ ഞാൻ വലിയൊരു വായനക്കാരിയായിരുന്നില്ല. എന്നാൽ സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ പുസ്‌തകങ്ങൾ ഒരു സുരക്ഷാപദ്ധതി ആയി മാറി. സിനിമാ സെറ്റുകളിലെ വ്യാപകമായ ലിംഗ വിവേചനത്തിൽ നിന്നും നിരന്തരമായ ഗോസിപ്പുകളിൽ നിന്നും സ്വയം പരിരക്ഷിക്കാൻ പുസ്‌തകങ്ങളെ ആശ്രയിച്ചിരുന്ന കാര്യം മറ്റ് പല സ്ത്രീ അഭിനേതാക്കളിൽ നിന്നും ഞാൻ മുമ്പ് കേട്ടിരുന്നു. ഒരു നടി എന്ന നിലയിൽ ആളുകൾ എന്‍റെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം ഞാൻ മനസ്സിലാക്കി. നിരന്തരം നിരീക്ഷണത്തിലാണ് ഞാൻ. ഈ വികാരത്തിൽ നിന്ന് കരകയറാൻ പുസ്‌തകങ്ങൾ എന്നെ സഹായിച്ചു.”
തനിക്ക് എപ്പോഴും ശരിയായ ഇടം വേണമെന്ന ചിന്ത പാർവതിയിൽ കുറ്റബോധം ജനിപ്പിച്ചിരുന്നു. എന്തിനാണ് കുറ്റബോധം തോന്നുന്നതെന്ന ചോദ്യം അവർ സ്വയം ചോദിക്കാൻ തുടങ്ങി.
“ഇതിനെ ഞാൻ കുലസ്ത്രീകാലം എന്നാണ് വിളിക്കാൻ താൽപര്യപ്പെടുന്നത്. അതായത് ഒരു സാധാരണ കുടുംബത്തിലെ സ്ത്രീയുടെ കാഴ്ച്ചപ്പാട്. അതായത് നിങ്ങൾ ഡൈനിംഗ് ടേബിളിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ് അടുത്ത് ഒരു പുരുഷൻ ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ് അതിനടുത്ത് ഒരു പുരുഷൻ ഭക്ഷണം കഴിക്കാതെ നിൽക്കുന്നു. പെട്ടെന്ന് നിങ്ങൾ ചാടിയെഴുന്നേറ്റ് അയാൾക്കായി പ്ലേറ്റ് കൊടുക്കുന്നു. സത്യത്തിൽ ആ മുൻഗണന പിൻവലിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സ്വന്തം പ്ലേറ്റ് എടുക്കാൻ അയാളോട് തന്നെ പറയാമല്ലോ? ലിംഗ വിവേചനപരമായ കാഴ്ച്ചപ്പാട് വച്ചുപുലർത്താത്തവരാണ് എന്‍റെ മാതാപിതാക്കൾ. എന്നിട്ടും തന്നിൽ ഇത്തരം ചിന്തയുണ്ടായതിൽ പാർവതി സ്വയം ആശ്‌ചര്യപ്പെടുന്നു. “ഇത് എന്ത് തരത്തിലുള്ള ഡിഎൻഎ കണ്ടീഷനിംഗ് ആണ്. ഇത് എന്‍റെ അമ്മയിൽ നിന്ന് വന്നതല്ല. പൂർവ്വികരിൽ നിന്ന് വന്നതായിരിക്കണം” പാർവതി പറയുന്നു.
ടോയ്ലറ്റ് സൗകര്യങ്ങൾ ആവശ്യപ്പെട്ടതിന് മലയാള സിനിമാ മേഖലയിലെ ചിലർ പാർവതിയെ ബാത്ത്റൂം പാർവതി എന്നാണ് വിളിച്ചിരുന്നത്. പരിഹാസ്യമായ ഈ വിളിപ്പേര് ഗുരുതരമായ ഒരു പ്രശ്നത്തെ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് അവർ ഉയർത്തിക്കാട്ടിയത്. തുടർച്ചയായി 10-12 മണിക്കൂർ വാഷ്റൂ മിൽ പോകാൻ കഴിയില്ലെന്ന ബോധ്യത്തിൽ വർഷങ്ങളോളം സെറ്റിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കിയിരുന്നതായി പാർവതി ഓർക്കുന്നു. മാത്രവുമല്ല ബ്രേക്ക് എടുക്കരുതെന്ന അപ്രഖ്യാപിത നിയമവും ഉണ്ടായിരുന്നു. അതിനെ അനാവശ്യമായിട്ടാണ് അണിയറ പ്രവർത്തകർ കണക്കാക്കിയിരുന്നത്.
എന്തിനാണ് ഈ വിവേചനം
2013-ൽ “മരിയൻ” എന്ന സിമിമയുടെ സെറ്റിലെ ഒരു വിശേഷ ദിവസത്തെ പാർവതി ഓർക്കുന്നു. നിശ്ചയദാർഢ്യമുള്ള, കാഴ്‌ചയിൽ എളിമയുള്ള, ഒരു സ്ത്രീയുടെ വേഷമാണ് അവർ അതിൽ ചെയ്യുന്നത്. കടലിൽ ചില രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ബിസ്‌ലേരി കുപ്പികളിലെ വെള്ളം ധനുഷിന്‍റെ മേൽ ഒഴിക്കുകയാണ്. “അതേസമയം കടലിൽ നിന്ന് നേരിട്ട് ബക്കറ്റിൽ നിറച്ച വെള്ളമാണ് എന്‍റെ മേൽ ഒഴിക്കുന്നത്. ആ സമയത്ത് ആർത്തവമായതിനാൽ നനഞ്ഞ സാനിറ്ററി നാപ്കിനുകളിൽ നിന്ന് രക്തം പുറത്തേക്ക് വന്നു.”
വസ്ത്രം മാറാൻ ബ്രേക്ക് ചോദിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് പാർവതിക്ക് അറിയാമായിരുന്നു. “നിസ്സാരമായ എന്‍റെ അഭ്യർത്ഥനയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്.” ഒരു കുഴപ്പക്കാരിയെന്നോണമാണ് അവർ എന്നോട് പെരുമാറിയത്. ആണായാലും പെണ്ണായാലും ആരും ചെറിയ ഒരു സഹതാപം പോലും കാണിച്ചില്ല. അവർ ഓർക്കുന്നു. പരസ്പരം പിന്തുണയ്ക്കുന്നവരോട് പോലും ശത്രുത പുലർത്തുന്ന ഒരു വ്യവസായത്തിൽ അത്തരം നിസ്സംഗത പ്രോത്സാഹിപ്പിക്കപ്പെടുന്നു. “അടിസ്ഥാന മര്യാദ ആവശ്യപ്പെടുന്ന ഒരു സ്ത്രീയെ പിന്തുണയ്ക്കന്ന ഒരാളായി നിങ്ങൾ മാറുകയാണെങ്കിൽ നിങ്ങളെ എല്ലാവരും ലക്ഷ്യമിടും. അതോടെ നിങ്ങൾ ഒരു ഫെമിനിസ്‌റ്റ് ആണ്. പുരുഷന്മാർക്ക് ലഭിക്കുന്ന നേട്ടം നിങ്ങൾക്ക് നഷ്ടപ്പെടും.” സിനിമാ പിന്നണിയിലെ കറുത്ത യാഥാർഥ്യങ്ങളിലേക്ക് പാർവതി വിരൽ ചൂണ്ടുന്നു.
“ഇന്ത്യയിലെ മറ്റ് സിനിമാ വ്യവസായങ്ങൾ ഇതിലും മികച്ചതാണെന്നല്ല. തങ്ങൾ നേരിടുന്ന അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നതു അവർ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്. മിക്കയിടത്തും അതിന് അവസരമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മിക്കവരും അതിനെ അഡ്രസ് ചെയ്യാൻ ഭയപ്പെടുകയാണ്.” പാർവതി പറയുന്നു.
തങ്ങളുടെ സ്‌ഥാനങ്ങൾ സംരക്ഷിക്കാൻ മാത്രം ആഗ്രഹിക്കുന്നവരാണ് ഈ മൗനത്തിന് കാരണമെന്നും അവർ കുറ്റപ്പെടുത്തുന്നു. പവർ, ധനം, സുരക്ഷ ഇവയൊക്കെ യഥേഷ്‌ടമുള്ള വരെ കുറിച്ചാണ് പറയുന്നത്. അവർ അധികാരമേഖലയിലേക്ക് കൂടുതൽ ചായുന്നു. ശാശ്വതമായ മാറ്റത്തിന് ഐക്യദാർഢ്യം ആവശ്യമാണ്. ഒരു പുരുഷ സഹപ്രവർത്തകൻ കൂടെ ഉണ്ടാകുന്നതിന് വർഷങ്ങൾ മുന്നോട്ട് പോകണം.
ഹോളിവുഡിലെ ഉദാഹരണങ്ങളും പാർവതി ചൂണ്ടിക്കാണിക്കുന്നു. ചില പുരുഷ അഭിനേതാക്കൾ തങ്ങളുടെ സഹനടിമാർക്ക് തുല്യ വേതനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ചില പ്രോജക്റ്റുകളിൽ തങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാറുണ്ട്. തന്‍റെ പുരുഷ സഹപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പാർവതി പറയുന്നത് ഇതാണ്. “ഞങ്ങളെ മനുഷ്യരായി കരുതുക. ഞങ്ങൾക്ക് ലഭിക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾക്ക് ഒന്നും നഷ്‌ടപ്പെടുന്നില്ല. ഇത്തരം തീരുമാനം എല്ലാവരേയും മികച്ചതാക്കുകയേയുള്ളു. എല്ലാവർക്കും ഇവിടെ തുല്യതയോടെ ജീവിക്കാനുമുള്ള അവകാശമുണ്ട്.”