ഒരമ്മയുടെ ഉത്തരവാദിത്തം നിർവഹിക്കുകയെന്നത് ഉദ്യോഗസ്‌ഥയായ സ്ത്രീകളെ സംബന്ധിച്ച് ചിലപ്പോൾ വലിയ വെല്ലുവിളിയാകാറുണ്ട്. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനൊപ്പം കരിയറും സന്തുലിതമാക്കുക എന്നത് അവർക്ക് അവസാനിക്കാത്ത ഒരു വെല്ലുവിളിയായി മാറാം. ഉദ്യോഗം വ്യക്തിപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും അത് സവിശേഷകരമായ വെല്ലുവിളികളും ഉയർത്താറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യം വരുമ്പോൾ. ജോലിക്കാരായ അമ്മമാർക്ക് ഇരട്ട ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണൽ കടമകൾ നിറവേറുന്നതിനൊപ്പം കുഞ്ഞുങ്ങളുടെ വൈകാരികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കേണ്ടതും വളരെ പ്രധാനമാണ്. അതിനുള്ള ചില പോംവഴികളെപ്പറ്റി ചിന്തിക്കാം…..
സമയവും മുൻഗണനകളും സന്തുലിതമാക്കാം
ജോലിക്കാരായ അമ്മമാരുടെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലൊന്നാണ് സമയം ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നത്. കുഞ്ഞുങ്ങൾക്ക് നിരന്തരമായ പരിചരണം, ശ്രദ്ധ, വാത്സല്യം എന്നിവ ആവശ്യമാണ്. പ്രത്യേകിച്ച് അവരുടെ ആദ്യ വർഷങ്ങളിൽ ജോലി സമയത്തിനനുസരിച്ച് അമ്മമാർ കുഞ്ഞുങ്ങളുടെ ഭക്ഷണം, ഉറക്കസമയം, കളി സമയം എന്നിവ ആസൂത്രണം ചെയ്യുന്നതിനായി അവരുടെ സമയക്രമം ശ്രദ്ധാപൂർവ്വം ക്രമീകരിക്കേണ്ടതുണ്ട്. ഇതിനർത്ഥം ചിലപ്പോൾ നേരത്തെ എഴുന്നേൽക്കുക, വൈകി എഴുന്നേൽക്കുക, അല്ലെങ്കിൽ ചെറിയ ഇടവേളകളിൽ ഗുണമേന്മയുള്ള സമയം കണ്ടെത്തി ക്രിയേറ്റീവായ വഴികൾ കണ്ടെത്തുക എന്നിവയാണ്.
വിശ്വസ്തമായ ശിശുസംരക്ഷണ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം
കുഞ്ഞിന്‍റെ സംരക്ഷണത്തിനായി വിശ്വസ്തവും ശിശു സൗഹൃദപരവുമായ ഡേ കെയർ സെന്‍ററുകൾ കണ്ടെത്തുക.
അല്ലെങ്കിൽ തീരെ ചെറിയ കുട്ടിയാണെങ്കിൽ പരിചയമുള്ള ബേബി സിറ്ററെ കണ്ടെത്താം. വലിയ പരിചയമില്ലാത്ത സ്‌ഥലത്താണെങ്കിൽ ഏതെങ്കിലും ഏജൻസി അല്ലെങ്കിൽ ആപ്പ് വഴിയോ ബേബി സിറ്ററെ കണ്ടെത്തി നിയമിക്കാനും കഴിയും. ഈ ഏജൻസികളിൽ നിന്നും ആപ്പുകളിൽ നിന്നും വരുന്ന ബേബി സിറ്റർമാർ രജിസ്‌റ്റേഡ് ആയിരിക്കുമെന്നതാണ് ഇതിന്‍റെ ഗുണം. ഒരു ബേബി സിറ്ററെ നിയമിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജോലി കുറച്ചുകൂടി എളുപ്പത്തിലാകും. കുഞ്ഞുങ്ങൾ സുരക്ഷിതരും സന്തുഷ്ടരുമാണെന്ന് ജോലി സമയങ്ങളിൽ അമ്മമാർ ഉറപ്പാക്കണം. ജോലിക്കിടയിൽ കുഞ്ഞിന്‍റെ ക്ഷേമത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ബേബി സിറ്ററെ വിളിച്ചു അന്വേഷിക്കാം.
വീട്ടിൽ ക്യാമറകൾ സ്‌ഥാപിക്കുക
ജോലി കാരണം അമ്മമാർ കൂടുതൽ സമയവും വീടിന് പുറത്തായിരിക്കുന്നതിനാൽ കുഞ്ഞിന്‍റെ സംര ക്ഷണം ആരോഗ്യപരമായ നിലയിലാണെന്ന് ഉറപ്പാക്കാനും കുഞ്ഞിന്‍റെ സുരക്ഷയ്ക്കായും വീട്ടിൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കാം. കൂടാതെ ഈ ക്യാമറയിലേക്കുള്ള ആക്സസ് നിങ്ങളുടെ മൊബൈൽ ഫോണുകളിൽ ലഭ്യമായിരിക്കണം. ഇതിലൂടെ കുട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ആവശ്യമുള്ളപ്പോഴെല്ലാം കുഞ്ഞിനെ സഹായിക്കാനും സാധിക്കും.
കുട്ടികൾക്കായി ഒരു ദിനചര്യ തയ്യാറാക്കാം
കുട്ടികൾക്കായി ഒരു ദിനചര്യ ക്രമീകരിക്കുക. ഈ ദിനചര്യപ്രകാരം അവരുടെ ഭക്ഷണം, പഠനം, കളി, ഉറക്കം എന്നിവയ്ക്കെല്ലാം സമയം നിശ്ചയിക്കുക. ഇതിനുപുറമെ, അവരുടെ എല്ലാ സാധനസാമഗ്രികളും സുരക്ഷിതമായി സൂക്ഷിക്കുക. അതുവഴി നിങ്ങളുടെ സഹായമില്ലാതെ തന്നെ അവർക്ക് അവ സ്വയം കണ്ടെത്തുന്നതിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. വളരുന്നതനുസരിച്ച് സ്വന്തം കളിപ്പാട്ടങ്ങളും വസ്തുക്കളും അടുക്കും ചിട്ടയോടെയും സൂക്ഷിച്ചു വയ്ക്കാൻ കുട്ടികൾക്ക് പരിശീലനം നൽകുക. കുഞ്ഞുങ്ങളിൽ നല്ല ശീലം വളർത്തിയെടുക്കാൻ ഇത് വഴി ഒരുക്കും. ഒപ്പം സാധനങ്ങൾ അവർ അലക്ഷ്യമായി ഇടുകയുമില്ല.
കുട്ടികളെയോ സഹായികളെയോ വിളിച്ച് ക്ഷേമം അന്വേഷിക്കുക
ഓഫീസിൽ ഇരുന്ന് തന്നെ കുട്ടികളെ പരിപാലിക്കാനും ഉദ്യോഗസ്‌ഥകളായ അമ്മമാർക്ക് കഴിയും. ഇതിനായി ഉച്ചഭക്ഷണം, ചായ, കാപ്പി ഇടവേളകളിൽ സമയം കണ്ടെത്തി കുട്ടികളെ വിളിച്ച് അവരുടെ ക്ഷേമത്തെക്കുറിച്ച് ചോദിച്ചറിയാം. കുഞ്ഞുങ്ങളുടെ ക്ഷേമവിവരം അറിയാൻ പങ്കാളിയോടും ആവശ്യപ്പെടാം. കാരണം രക്ഷാകർതൃത്വം എന്നത് ഭാര്യാഭർത്താക്കന്മാരുടെ ഒരുമിച്ചുള്ള ഉത്തരവാദിത്തമാണ്.
കൂടാതെ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ആവശ്യമുള്ളപ്പോഴെല്ലാം അവരെ സഹായിക്കാൻ കഴിയുന്ന തരത്തിൽ ലൊക്കേഷൻ എപ്പോഴും ഓണാക്കി വയ്ക്കാൻ അവരോട് ആവശ്യപ്പെടുക. അമ്മമാർ ജോലി സ്‌ഥലത്തായിരുന്നാലും കുഞ്ഞുങ്ങൾക്ക് വൈകാരിക ബന്ധം ആവശ്യമാണ്. കുഞ്ഞിന്‍റെ സുരക്ഷിതത്വ ബോധത്തിനും മാനസിക വികാസത്തിനും വൈകാരിക ബന്ധം നിർണായകമാണ്.
അവധിക്കാലത്ത് ഒരുമിച്ച് സമയം ചെലവഴിക്കുക
തിരക്കേറിയ ഷെഡ്യൂളിൽ സമയം ലഭിക്കുമ്പോഴെല്ലാം കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക. ഇതുകൂടാതെ അവധിയിലായിരിക്കുമ്പോഴെല്ലാം, ആ സമയം കുട്ടികളൊരുമിച്ചു ചെലവഴിക്കാൻ ശ്രദ്ധിക്കാം. ഈ സമയത്ത് അമ്മയ്ക്ക് അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിയ്ക്കുകയോ അവരോടൊപ്പം കളിക്കുകയോ അല്ലെങ്കിൽ കുഞ്ഞുങ്ങളെയും കൂട്ടി പുറത്തുപോകുകയോ ചെയ്യാം. താൽപ്പര്യമുണ്ടെങ്കിൽ ഒരുമിച്ച് ഷോപ്പിംഗിനും പോകാം. ഇതിനുപുറമെ സമയം ലഭിക്കുമ്പോഴെല്ലാം കുട്ടികളുടെ മനസ്സിലെ ചിന്തകളെക്കുറിച്ചും ആകുലതകകളെക്കുറിച്ചും അവരോടു ചോദിച്ചു മനസിലാക്കുക. അവരുമായി തുറന്ന ആശയവിനിമയം നടത്തുന്നത് അമ്മയ്ക്കും കുഞ്ഞിനുമിടയിലെ ബന്ധത്തെ ഊഷ്‌മളമാക്കും.
സമയയനഷ്ടം ഒഴിവാക്കുക
ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ശേഷവും വീട്ടുജോലികളിൽ മുഴുകുന്നത് കുട്ടിക്കൊപ്പം ചെലവഴിക്കാനുള്ള സമയത്തെ നഷ്ടപ്പെടുത്തും. അത്തരമൊരു സാഹചര്യത്തിൽ വീട്ടുജോലിക്കായി ഒരു സഹായിയെ നിയമിക്കുന്നതാണ് നല്ലത്. ഓഫീസിൽ പോകുന്നതിന് മുമ്പും തിരിച്ച് വന്നതിനുശേഷവും അമ്മയ്ക്ക് കുട്ടിയുമായി മികച്ച സമയം ചെലവഴിക്കാൻ ഇത് വഴിയൊരുക്കും.
പങ്കാളിയിൽ നിന്ന് സഹായം സ്വീകരിക്കുക
കുട്ടിയുടെ ഉത്തരവാദിത്തം അമ്മയുടെ മാത്രം ചുമതലയല്ല. കുട്ടിയെ പരിപാലിക്കാൻ പങ്കാളിയുടെ സഹായം കൂടി തേടുക. ചില സാഹചര്യങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ പങ്കാളിയോട് ആവശ്യപ്പെടാം. മറ്റ് ചിലപ്പോൾ അവരുടെ ടിഫിൻ തയ്യാറാക്കാനും പങ്കാളിയോട് പറയാം. കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോഴോ അടുക്കളയിൽ തിരക്കിലായിരിക്കുമ്പോഴേ ഒരു ക്ലയന്‍റ് പ്രോജക്റ്റ് തയ്യാറാക്കേണ്ടി വരുമ്പോഴോ കുഞ്ഞുങ്ങളുടെ സംരക്ഷണ കാര്യങ്ങളിൽ ഭർത്താവും പങ്കാളിയാകണം.
മുലപ്പാൽ സൂക്ഷിക്കുക
തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ശരിയായ പോഷകാഹാരവും ആരോഗ്യ സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് അമ്മമാർ ഉറപ്പാക്കേണ്ടതുണ്ട്. ഒരു അമ്മയെന്ന നിലയിൽ കുഞ്ഞിന് ശരിയായ സമയത്ത് ഭക്ഷണം നൽകേണ്ടത് മാതാപിതാക്കളുടെ ഉത്തര വാദിത്തമാണ്. നവജാത ശിശുക്കളാണെങ്കിൽ ഉദ്യോഗസ്‌ഥയായ അമ്മയ്ക്ക് കൃത്യമായ ഇടവേളകളിൽ കുഞ്ഞിനെ പാലൂട്ടാനാവില്ല. അത്തര മൊരു സാഹചര്യത്തിൽ മുലപ്പാൽ പമ്പ് ചെയ്തെടുത്ത് കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാം. ഒപ്പം ആരോഗ്യകരമായ ഭക്ഷണം ആസൂത്രണം ചെയ്യുന്നതും പതിവായി കുഞ്ഞിന് ആവശ്യമായ വൈദ്യപരിശോധനകൾ നടത്തുന്നതും ഉദ്യോഗസ്‌ഥയായ അമ്മയെ സംബന്ധിച്ച് ഗുണകരമാണ്. അനാവശ്യ ടെൻഷനുകൾ ഒഴിവാക്കാനും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയെ സമർത്ഥമായി ചെറുക്കാനും ഇത് സഹായിക്കും.
സ്വയം പരിചരണം
ഓഫീസ്-വീട്ടു ഉത്തരവാദിത്തങ്ങളുടെ പേരിൽ പലപ്പോഴും അമ്മമാർ ഇക്കാര്യം അവഗണിച്ചു കാണാറുണ്ട്. ഉത്തരവാദിത്തമുള്ള അമ്മയാകുന്നതിന്‍റെ അനിവാര്യ ഘടകമാണ് സെൽഫ് കെയർ. ശാരീരകവും മാനസികവുമായ നിലയിൽ ആരോഗ്യവതിയായിരിക്കുന്ന അമ്മയ്ക്ക് ഇരട്ട ഉത്തരവാദിത്തങ്ങൾ സസന്തോഷം നിർവഹിക്കാൻ കഴിയും. ജോലിക്കാരായ അമ്മമാർ ഊർജ്ജസ്വലത കൈവരിക്കാനും പിന്തുണ തേടാനും ആരോഗ്യകരമായ രീതിയിൽ സമ്മർദ്ദം നിയന്ത്രിക്കാനും സമയം കണ്ടെത്തണം. യോഗ, സുംബ, ധ്യാനം, നടത്തം എന്നിവ കൂടി പരിശീലിക്കുക. സന്തോഷവതിയായിരിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുന്നത് കൂടുതൽ പ്രയോജനം ചെയ്യും.