ചായ എന്നത് നമുക്ക് വെറുമൊരു പാനീയമല്ല. ചിലപ്പോൾ മനസ്സിന് ആശ്വാസം ലഭിക്കാനോ അതുമല്ലെങ്കിൽ ക്ഷീണമകറ്റാനോ ഒക്കെ ചായ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാകുന്നു. സത്യം പറഞ്ഞാൽ ചായ നമ്മുടെ സംസ്ക്കാരത്തിന്‍റെയും ദിനചര്യയുടേയും ഭാഗമായി മാറിയിരിക്കുന്നു. ദിവസവും ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് പ്രഭാതം ആരംഭിക്കുന്ന പതിവ് മിക്കവർക്കുമുണ്ട്. അത് കിട്ടാതെ വന്നാൽ ആ ദിവസം തന്നെ പോക്കാണ് എന്ന് വരെ അവർ ചിന്തിച്ചു കളയും. പിന്നീട് പ്രാതലിനൊപ്പം, ജോലിയ്ക്കിടയിൽ, വൈകുന്നേരം എന്നീ സമയങ്ങളിലൊക്കെ ആവി പറത്തിക്കൊണ്ട് ചായ കടന്നുവരാം. എന്തിനേറെ പറയുന്നു. സുഖകരമായ കാലാവസ്‌ഥ ആസ്വദിക്കുമ്പോൾ പോലും നല്ലൊരു കപ്പ് ചൂട് ചായ കുടിക്കുന്നതിനെപ്പറ്റിയും ചിന്തിക്കുന്നവരുമുണ്ട്. അത്രത്തോളമാണ് ഈ ചായ നമ്മോടൊപ്പം ചേർന്ന് നിൽക്കുന്നത്. ചിലർ പറയുന്നത് ചായ വെറും ചായയല്ല. മറിച്ച് അവർക്ക് അതിജീവിക്കാൻ കഴിയാത്ത ഒരു വികാരമാണ് അത് എന്നാണ്.

വാസ്തവത്തിൽ നമ്മുടെ പൂർവ്വികരിൽ നിന്നും ലഭിച്ച ഒന്നല്ല ചായ എന്ന ഈ പാനീയം. മറിച്ച് ബ്രിട്ടീഷുകാർ നമുക്ക് നൽകിയ ഒരു ആസക്തിയാണ് ഇതെന്നാണ് രസകരമായ കാര്യം. അത് നമ്മൾ തന്നെ അമൃതാക്കി മാറ്റി. അതിഥിക്ക് ചായ കൊടുത്തില്ലെങ്കിൽ എന്തോ വലിയ കുറച്ചിലാണെന്ന ഒരു കാഴ്ച്ചപ്പാട് നമ്മുടെ സമൂഹത്തിൽ കാലങ്ങളായി തുടർന്നു പോരുന്ന ഒന്നാണ്. പക്ഷേ ഇതായിരുന്നോ നമ്മുടെ യഥാർത്ഥ സംസ്ക്കാരം? നമ്മുടെ പൂർവ്വികർ ഒരു ദിവസം 5-6 കപ്പ് ചായ കുടിച്ചിരുന്നോ? പിന്നെ എന്തുകൊണ്ടാണ് ആരോഗ്യപരിപാലനത്തിന്‍റെ ഭാഗമായി ചായയുടെ ഉപയോഗം പരിമിതപ്പെടുത്താൻ ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നത്?

ചായയുടെ വരവും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ക്കാരവും

ചായ നമ്മുടെ അടുക്കളകളെ എങ്ങനെ കീഴടക്കി എന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് തേയിലക്കുരു നമ്മുടെ നാട്ടിൽ എങ്ങനെ പ്രവേശിച്ചുവെന്ന് നമുക്ക് ആദ്യം പരിശോധിക്കാം. ചായ ഇന്ത്യൻ സംസ്‌കാരത്തിന്‍റെ ഭാഗമല്ലായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ചായയുടെ പ്രചാരം വർദ്ധിക്കുകയായിരുന്നു. തങ്ങളുടെ ചായ വ്യാപാരം വളർത്തുന്നതിന്‍റെ ഭാഗമായി ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ ചായ കുടിക്കാൻ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.

1610-ൽ ഡച്ച് വ്യാപാരികൾ ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് ചായ കൊണ്ടുപോയി, ക്രമേണ അത് ലോകമെമ്പാടും പ്രിയപ്പെട്ട പാനീയമായി മാറി. ഇന്ത്യയിൽ തേയിലയുടെ പാരമ്പര്യം ആരംഭിക്കുന്നതിനും അതിന്‍റെ ഉത്പ്പാദന സാധ്യതകൾ പരിശോധിക്കുന്നതിനുമായി അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ലോർഡ് ബെന്‍റിക് ഒരു കമ്മിറ്റി രൂപികരിച്ചു. 1835-ൽ ബ്രിട്ടീഷുകാർ അസമിൽ ആദ്യമായി തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചു. ക്രമേണ ഇന്ത്യക്കാർ ചായയുടെ രുചി അറിയാൻ തുടങ്ങി.

പക്ഷേ അതിനുമുമ്പ് ചായ ഇല്ലാതിരുന്ന കാലത്തു നമ്മുടെ പൂർവ്വികർ അതിഥികളെ എങ്ങനെയാകും സ്വീകരിച്ചിരിക്കുക? അതിഥികൾ വെള്ളം മാത്രം കുടിച്ചാണോ മടങ്ങിയിരുന്നത്? എന്നാൽ അതായിരുന്നില്ല സത്യം. പാൽ, ലസ്സി, മോര്, നാരങ്ങാ വെള്ളം, മസാല പാൽ തുടങ്ങിയ പ്രകൃതിദത്തവും പോഷക സമൃദ്ധവുമായ പാനീയങ്ങൾക്കാണ് പണ്ടുള്ളവർ പ്രാധാന്യം നൽകിയിരുന്നത്. വീട്ടിൽ വരുന്ന അതിഥികൾക്ക് ഉന്മേഷം പകരാൻ ഔഷധഗുണങ്ങൾ നിറഞ്ഞ തൈര് കൊണ്ടുണ്ടാക്കിയ തണുത്ത ലസ്സിയോ ചൂടുള്ള പാലോ ആണ് അവർ നൽകിയിരുന്നത്. വേനൽക്കാലത്ത് കൂവളം ഉപയോഗിച്ചുള്ള സർബത്തും പണ്ട് സാധാരണമായിരുന്നു.

എല്ലാ അവസരങ്ങളിലും ചായ

ഇന്നാണെങ്കിൽ നമ്മുടെ സംസ്ക്കാരവുമായി ചായ വളരെയധികം ഇഴുകിച്ചേർന്നിരിക്കുന്നു. ഇനി അത് വെറുമൊരു പാനീയമല്ല. മറിച്ച് എല്ലാ സാഹചര്യങ്ങൾക്കുമുള്ള ഒരു പരിഹാരവുമാണ്. എന്നാൽ ഈ ചായ എത്രത്തോളം ഗുണകരമാണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മധുരം ചേർത്ത ചായ ശരീരത്തിന് ഹാനികരം

ചായയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകാം. പക്ഷേ അതിന്‍റെ ദോഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നമ്മൾ പണ്ടേ നിർത്തിയിരിക്കുന്നുവെന്നതാണ് സത്യം.

കഫീൻ ആസക്തി: ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ പതുക്കെ ശരീരത്തിൽ അതിനോടുള്ള ആസക്ത‌ി കൂട്ടുകയാണ് ചെയ്യുന്നത്. ഒരു ദിവസം ചായ കിട്ടിയില്ലെങ്കിൽ തലവേദന, ക്ഷോഭം, അലസത, മടുപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാകുന്നതായി പലരും പരാതി പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ ഇത് അമിതമായി കഴിച്ചാൽ അസ്വസ്‌ഥത, ഉറക്കമില്ലായ്‌മ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ഇതേപ്പറ്റി ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.

അയണിന്‍റെ കുറവ്: ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ ശരീരത്തിൽ അയൺ ആഗിരണം ചെയ്യുന്നത് തടയുന്നു. ഇത് വിളർച്ചയ്ക്ക് കാരണമാകും.

ദഹനപ്രശ്‌നങ്ങൾ: ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. അമിതമായി ചൂടോടെ ചായ കുടിക്കുന്നത് വായിലും വയറ്റിലും അൾസർ ഉണ്ടാക്കും.

അസ്‌ഥികളിൽ പ്രശ്‌നം: ചായയിൽ അടങ്ങിയിരിക്കുന്ന അമിതമായ ഫ്ളൂറൈഡ് അസ്‌ഥികളെ ദുർബലപ്പെടുത്തും.

പല്ലിന്‍റെ മഞ്ഞനിറം: അമിതമായി ചായ കുടിക്കുന്നത് പല്ലുകളിൽ കറയുണ്ടാക്കുകയും വായയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

എപ്പോഴും ചായ കുടിക്കാനായി ഒഴികഴിവുകൾ തേടാതെ അതിന്‍റെ ഉപയോഗം സമീകൃത അളവിൽ പരിമിതപ്പെടുത്തുകയെന്നുള്ളത് പ്രധാനമാണ്. എന്നിരുന്നാലും ചായയോടുള്ള ഈ അമിത ഭ്രമം മൂലം മുതിർന്നവർ കൊച്ചുകുട്ടികൾക്ക് പോലും ചായ കൊടുത്ത് കാണാറുണ്ട്. എന്തിനു ചുമയോ ജലദോഷമോ വന്നാൽ പോലും കുടുംബത്തിലെ മുതിർന്നവർ ആദ്യം ചായ കൊടുക്കാനായിരിക്കും ശുപാർശ ചെയ്യുക. ഇത്തരത്തിൽ മാതാപിതാക്കൾ അറിയാതെ തന്നെ കുട്ടികളെ ചായയ്ക്ക് അടിമകളാക്കുന്നു. ചായ കുടിക്കുന്നത് കുട്ടികൾക്ക് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

കുടൽ പാളിക്ക് കേടുപാടുകൾ

ചായയിൽ അടങ്ങിയിരിക്കുന്ന ടാനിനുകളും കഫീനും കുട്ടിയുടെ വയറിലെ അതിലോലമായ കുടൽ പാളിയെ നശിപ്പിക്കും. ഇത് വയറ്റിൽ എരിച്ചിലും അൾസറും ഉണ്ടാക്കും.

അയണിന്‍റെ അഭാവം: ടാനിൻ ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം കുറയ്ക്കും. ഇത് വിളർച്ചയ്ക്കും ബലഹീനതയ്ക്കും കാരണമാകുമെന്നു പറയേണ്ടതില്ലല്ലോ.

ദഹന വ്യവസ്‌ഥയെ ബാധിക്കുന്നു: കൊച്ചുകുട്ടികളുടെ ദഹനവ്യവസ്ഥ വളരെ ലോലമാണ്. ചായയുടെ ഉപയോഗം അവരുടെ വയറ്റിൽ അസിഡിറ്റി, ദഹനക്കേട്, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.

ചായയോടുള്ള ആസക്‌തി ഇല്ലാതാക്കാൻ നമ്മുടെ പഴയ പാരമ്പര്യങ്ങളിലേക്ക് തിരിച്ചു പോകുകയെന്നതാണ് ഏറ്റവും മികച്ച മാർഗ്ഗം. ചായയ്ക്ക് പകരം മികച്ച പാനീയങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. പണ്ടുള്ളവർ ആരോഗ്യമുള്ളവരും ഊർജ്ജസ്വലരുമായിരുന്നു. അതിനുകാരണം അവർ കഴിച്ചിരുന്ന പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ പാനീയങ്ങളും ഭക്ഷ്യവിഭവങ്ങളും തന്നെയായിരുന്നു.

മികച്ച ചില ആരോഗ്യ പാനീയങ്ങൾ

പാൽ അല്ലെങ്കിൽ മഞ്ഞൾ പാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ലസ്സി, മോര് കുടിക്കുന്നത് വേനൽക്കാലത്ത് തണുപ്പിനും ദഹനത്തിനും ഉത്തമമാണ്. നാരങ്ങാവെള്ളം അല്ലെങ്കിൽ സീസൺ പഴങ്ങൾ ഉപയോഗിച്ചുള്ള ജ്യൂസുകൾ ചായക്ക് പകരം കുടിക്കാം. ശരീരം വിഷവിമുക്തമാക്കുന്നതിനും ജലാംശം നിലനിർത്തുന്നതിനും പെരുംജീരകം, ഇഞ്ചി എന്നിവയുടെ പാനീയം തയ്യാറാക്കി കഴിക്കാം. പ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടും.

ഇത്തരം പാനീയങ്ങൾ കഴിക്കുന്നത് ക്രമേണ ശീലമാക്കുകയും ഒപ്പം ദിവസം 5-6 തവണ ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുകയും ചെയ്‌താൽ അത് നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണഫലങ്ങൾ ഏറെയായിരിക്കും. അതുകൊണ്ട് ചായ കുടിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അതിന്‍റെ അളവ് കുറയ്ക്കുക. മറ്റൊന്ന് ബാക്കി വരുന്ന ചായ വീണ്ടും ചൂടാക്കി കുടിക്കരുത്.

ചായ പ്രേമികൾ വിഷമിക്കേണ്ടതില്ല. പൂർണ്ണമായും ചായ ഉപേക്ഷിക്കുന്നതിനേക്കുറിച്ചല്ല നമ്മൾ സംസാരിക്കുന്നത് മറിച്ച് ആവശ്യത്തതിലധികം അത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഓർമ്മപ്പെടുത്താനാണ്. ഒന്ന് ചിന്തിച്ചു നോക്കൂ. ബ്രിട്ടീഷുകാർ നമ്മളെ ചായ കുടിക്കാൻ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഇന്ന് നമുക്ക് ചായ ഇത്രയധികം ഇഷ്ട്‌ടപ്പെടുമായിരുന്നോ?

പരിമിതമായ അളവിൽ മാത്രം ചായ കുടിക്കാം. അതിന്‍റെ രുചി നമ്മുടെ ആരോഗ്യത്തെ കീഴടക്കാൻ അനുവദിക്കാതിരിക്കുക. അടുത്ത തവണ അതിഥികൾ വരുമ്പോൾ ചായയ്ക്ക് പകരം മറ്റെന്തെങ്കിലും വിളമ്പി നോക്കു. അത് നല്ലൊരു ആരോഗ്യശീലത്തെ വളർത്തിയെടുക്കും.

और कहानियां पढ़ने के लिए क्लिक करें...