ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ യാത പോകുന്ന എന്‍റെ ഏറ്റവും വലിയ ധൈര്യം തിരഞ്ഞെടുക്കുന്ന കാറും, എന്‍റെ ഡ്രൈവിംഗ് സ്കില്ലുമാണ്. ഡ്രൈവിംഗ് ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. ഒരുപക്ഷേ എനിക്കേറ്റവും ഇഷ്ടമുള്ളയിടം. എന്‍റെ മനസ്സ് ശാന്തമാകുന്ന ഇടം എന്‍റെ ഡ്രൈവിംഗ് സീറ്റ് തന്നെയാണ്. ഇന്നിപ്പോൾ റോഡ് അപകടങ്ങളിൽ പൊലിയുന്ന ജീവനുകൾ തുടർക്കഥയാകുമ്പോൾ ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു ചിലത്. മികച്ച ഡ്രൈവിംഗ് സാധ്യമാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇവയൊക്കെയാണ്.

  1. അമിതമായ ആത്മവിശ്വാസമാണ് ഏറ്റവും വലിയ വില്ലൻ. 18 വയസ്സിൽ ലൈസൻസ് എടുത്താൽ ഉടനെ ഡ്രൈവിംഗിൽ പുലിയായി എന്ന് ധരിക്കരുത്. റോഡുമായി പരിചയമാവാൻ അധികം തിരക്കില്ലാത്ത വഴികളിലും പിന്നെ നല്ല ട്രാഫിക്കിലും ഡ്രൈവിംഗ് നന്നായി അറിയാവുന്ന ഒരാൾക്കൊപ്പം കുറച്ചു നാളെങ്കിലും വണ്ടി ഓടിക്കണം. അതിന് ശേഷമാവണം ഒറ്റയ്ക്കുള്ള ഡ്രൈവിംഗ്.
  2. രാത്രിയുള്ള റോഡ് യാത്ര, ഉച്ചയ്ക്ക ശേഷമുള്ള റോഡ് യാത്ര, മനുഷ്യന്‍റെ തലച്ചോർ ഏറ്റവും ക്ഷീണത്തിലാണ്ട് പോകുന്ന രണ്ടു സമയങ്ങളാണ് ഇവ. കണ്ണടഞ്ഞു പോകുന്ന ഡ്രൈവർമാരുടെ കൈയിലൂടെ മരണത്തിലേക്ക് വഴുതി വീഴുക ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ്. ഉറക്കം വരുന്നു എന്ന് ഏത് നിമിഷം തോന്നുന്നുവോ ആ നിമിഷം വണ്ടി ഒതുക്കുക. സമയം ഉണ്ടെങ്കിൽ സീറ്റ് പുറകിലേക്ക് നിവർത്തിയിട്ട് ഒരു പതിനഞ്ചു മിനുട്ട് മയങ്ങാം. സമയമില്ലെങ്കിൽ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കൈ കാൽ നിവർത്തി അൽപം വെള്ളമോ ചായയോ കുടിക്കുക. ഉറക്കം കണ്ണുകളെ തളർത്തുമ്പോൾ അടുത്ത ചായക്കടയിൽ എത്തട്ടെ എന്നിട്ട് നിർത്താം എന്നു കരുതി വീണ്ടും ഒരു കാരണവശാലും മുന്നോട്ട് ഓടിക്കരുത്.
  3. സീറ്റ് ബെൽറ്റ് നിങ്ങൾക്ക് വേണ്ടിയാണ് പോലീസുകാർക്ക് വേണ്ടിയല്ല. ദൂരയാത്രകളിൽ മുന്നിലും പുറകിലും ഇരിക്കുന്നവർ ബെൽറ്റ് ഉറപ്പായും ധരിക്കുക. അൽപം വലിയ കുട്ടികളെ പുറകിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇടീക്കുക. അവർ ഉറങ്ങി പോകുമെന്ന് ഉറപ്പാണ്. കഴുത്തിനു സപ്പോർ ട്ട് ആവാൻ നെക്ക് പില്ലോ പോലെ ഉള്ള സാധനങ്ങൾ കാറിൽ കരുതുക.
  4. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ബേബി സീറ്റ് ഉപയോഗിക്കുക. പുറകിലെ സീറ്റിൽ ബേബി സീറ്റ് മുൻവശം പിറകിലേക്കാക്കി ഫിക്സ് ചെയ്യുക. അമ്മയും അടുത്ത് ഇരിക്കുക. ഇതാണ് ഏറ്റവും സുരക്ഷിതം. കുഞ്ഞുങ്ങളെ ഒരു കാരണവശാലും മുൻസീറ്റിൽ ഇരുത്താതിരിക്കുക. പിറകിലെ സീറ്റിൽ ആണെങ്കിൽ പോലും മടിയിൽ ഇരുത്തിയുള്ള യാത്ര ഒഴിവാക്കുക.
  5. സീറ്റ് ബെൽറ്റ് ശരിയായ രീതിയിൽ വേണം ഉപയോഗിക്കാൻ. ശരീരത്തിന് കുറുകെ വരുന്ന ഭാഗം തോളിൽ നിന്ന് മറുവശത്തെ ഇടുപ്പിലേക്ക് തന്നെയാകണം. അപകടസമയത്ത് സീറ്റ്ബെൽറ്റ് ശരീരത്തിലുണ്ടാക്കുന്ന മർദ്ദം താങ്ങാൻ ഈ ഭാഗങ്ങൾക്ക് കൂടുതൽ കഴിവുള്ളത് മൂലം ആന്തരാവയവങ്ങൾക്ക് ക്ഷതമേൽക്കാതിരിക്കാൻ വേണ്ടിയാണിത്. യാതൊരു കാരണവശാലും സീറ്റ് ബെൽറ്റ് കഴുത്തിന്‍റെ വശത്ത് കൂടിയാകാതിരിക്കാൻ ശ്രദ്ധിക്കണം. ബെൽറ്റ് കഴുത്തിന്‍റെ വശത്ത് മുറുകിയാൽ തലച്ചോറിലേക്കുള്ള പ്രധാന രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. 135 സെന്‍റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് ബൂസ്‌റ്റർ സീറ്റ് വെച്ച് സീറ്റ്ബെൽറ്റിന്‍റെ പൊസിഷൻ കറക്ട് ആക്കാവുന്നതാണ്.
  6. ദൂരയാത്രയ്ക്ക് പോകും മുമ്പ് വാഹനത്തിനും ചെക്കപ്പ് വേണം. വീലുകൾ, വൈപ്പർ, പാർക്ക് ലൈറ്റ്, മറ്റു ലൈറ്റുകൾ ഡോർ ലോക്കുകൾ തുടങ്ങിയവ പുറപ്പെടുന്നതിനു മുമ്പ് പരിശോധിച്ചു കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
  7. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഡ്രൈവർ ആണ് വണ്ടി ഓടിക്കുന്നത്. നമുക്ക് സുഖമായി ഉറങ്ങാം എന്ന ധാരണ മാറ്റുക. അവരും നമ്മളെ പോലെ മനുഷ്യരാണ്. ഉറക്കം അവരെയും ബാധിക്കില്ലെന്ന് എന്തുറപ്പാണ് ഉള്ളത്? കാറിൽ യാത്ര ചെയ്യുന്നവരിൽ ആരെങ്കിലും ഒരാൾ മാറി മാറി എല്ലാ സമയത്തും ഉണർന്നിരിക്കാൻ ശ്രമിക്കുക. ഡ്രൈവർ ഉറങ്ങുന്നുണ്ടോ എന്നു ശ്രദ്ധിക്കാം. അയാളോട് സംസാരിച്ചു കൊണ്ടിരിക്കാം. ഇനി അഥവാ നമ്മൾ ഒറ്റയ്ക്കാണ് ഉറക്കം തീരെ തടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇടയ്ക്ക് ഒരു മുക്കാൽ മണിക്കൂർ ഇടവേളയിൽ അലാറം വച്ചെങ്കിലും ഉണർന്ന് ഒന്ന് ശ്രദ്ധിക്കാം. ജീവൻ നമ്മുടേതും നമ്മുടെ പ്രിയപ്പെട്ടവരുമാണ് എന്നോർത്താൽ മാത്രം മതി ഉറക്കത്തെ തോൽപ്പിക്കാൻ.
  8. പല നിറത്തിലുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുക. റോഡിൽ മറുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇടുങ്ങിയ വിജനമായ പാതയിൽ മാത്രം ഹൈ ബീം ഉപയോഗിക്കുക. മെയിൻ റോഡിൽ ഡിം മാത്രം ഉപയോഗിക്കുക. ഓവർസ്പീഡും ഓവർടേക്കിംഗും രാത്രിയിലുള്ള യാത്രയിൽ ഒഴിവാക്കാം.
  9. നമ്മളെത്ര നല്ല ഡ്രൈവർ ആയാലും അപ്പുറത്ത് നിന്ന് വരുന്നവന്‍റെ അശ്രദ്ധ നമുക്ക് വലിയ വിപത്തായേക്കാം. ചില്ലിന് മുകളിൽ വീഴുന്ന ഒരു മരച്ചില്ല മുതൽ വട്ടം ചാടുന്ന മൃഗങ്ങൾ വരെ നമ്മുടെ ശ്രദ്ധയിൽ വേണം.
  10. കൃത്യമായി സർവീസ് ചെയ്ത് തകരാറുകൾ യഥാസമയം പരിഹരിച്ചുവെന്ന് ഉറപ്പിച്ച ശേഷം മാത്രം വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുക. നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും നമ്മുടെ കൈകളിൽ സുരക്ഷിതമാക്കാൻ ശ്രമിക്കാം.
और कहानियां पढ़ने के लिए क्लिक करें...