ഇടുക്കി ഹൈറേഞ്ചിലെ പാറക്കടവിൽ റബ്ബർ എസ്‌റ്റേറ്റിൽ നിന്നുള്ള മരം കോച്ചുന്ന തണുത്ത കാറ്റ് തോട്ടം തുടങ്ങുന്നിടത്തെ പാറക്കടവിൽ ബംഗ്ലാവിലേയ്ക്കും വീശിയെത്തി. മുതലാളിയുടെ ബെൻസ് കാർ കഴുകിത്തുടച്ച ശേഷം ജോലിക്കാരി കൊണ്ടു വച്ച ചായ അൽപാൽപമായി കുടിച്ചു കൊണ്ട് ഡ്രൈവർ സുകുമാരൻ ഗേറ്റിൽ നിന്ന് പത്രമെടുത്ത് എബ്രഹാം മുതലാളിക്ക് വായിക്കുവാൻ പാകത്തിന് സിറ്റൗട്ടിലെ ടീപോയിൽ വച്ചു.
മുതലാളിയുടെ തിയേറ്റർ കോംപ്ലക്സും കല്യാണമണ്ഡപവും മകൻ എബി തന്നെയാണ് നോക്കുന്നതെങ്കിലും തടി മില്ല് മുതലാളിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെയാണ് ഇപ്പോഴും. സുകുമാരൻ ഡ്രൈവറായി എത്തിയിട്ട് ചുരുങ്ങിയ മാസങ്ങളേ ആയിട്ടുള്ളു. മുമ്പുണ്ടായിരുന്ന അറുപത് വയസ്സ് കഴിഞ്ഞ ഡ്രൈവർ പ്രായാധിക്യത്തിന്‍റെ അവശതകളും ചെറിയ അസുഖങ്ങളും കാരണം വിശ്രമ ജീവിതത്തിലേയ്ക്ക് കടക്കണമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും പറ്റിയ ഒരാളെ കിട്ടിയിട്ടേ മുതലാളി അതിന് സമ്മതം കൊടുത്തുള്ളൂ.
“സുകു, ബ്രേക്‌ഫാസ്‌റ്റ് കഴിച്ച് പെട്ടെന്ന് റെഡിയാകണം ഇന്ന് ഒന്നു രണ്ട് ഓട്ടം കൂടുതലുള്ളതാണ്.” മുതലാളി പത്രം കയ്യിലെടുത്ത് സുകുവിനോട് പറഞ്ഞു. കേട്ടപാതി കേൾക്കാത്ത പാതി സുകു എബിയുടെ പ്ലസ്‌ടുവിനും ഒമ്പതിനും പഠിക്കുന്ന മക്കളെ സ്‌കൂളിലാക്കി വന്ന് കുളിച്ച് പ്രാതലും കഴിച്ച് റെഡിയായി കാറിനടുത്ത് നിന്നു.
ഹൈറേഞ്ചിന്‍റെ ഓരോ വളവുകൾ തിരിയ്ക്കുമ്പോഴും സുകുമാരൻ ചിന്തകളും താനിവിടെ വന്ന നാളുകളിലൂടെ സവാരി ചെയ്യുകയായിരുന്നു. മാസത്തിൽ ഒരുദിവസം മാത്രം അവധിയെടുത്ത് കോഴഞ്ചേരിയിൽ ഭാര്യവീട്ടിലെത്തി ഭാര്യയെയും ഏഴിലും അഞ്ചിലും പഠിയ്ക്കുന്ന മക്കളെയും കണ്ട് തന്‍റെ ചെലവ് കഴിഞ്ഞ് മിച്ചം വയ്ക്കുന്ന പൈസ ഭാര്യയെ ഏൽപ്പിച്ച് മടങ്ങുന്ന തനിക്ക് താമസവും ആഹാരവും എല്ലാം സൗജന്യമായി മുതലാളിയുടെ കാരുണ്യത്തിൽ നടക്കുന്നതു തന്നെ ഈശ്വരകൃപയാണെന്ന് അയാൾ ഓർത്തു.
താൻ കോമേഴ്സിൽ ബിരുദമെടുത്തതാണെന്ന് ഇടയ്ക്ക് എപ്പോഴോ മനസ്സിലാക്കിയ മുതലാളി തടിമില്ലിലെ കണക്കുകളുടെ മേൽനോട്ടം ചെറുതായിട്ടെങ്കിലും തന്നെ ഏൽപ്പിച്ചത് തന്നിലുള്ള വിശ്വാസത്തിന്‍റെ ഒരു അടയാളമായി അയാൾക്ക് തോന്നി. ഇടയ്ക്ക് സമയം കിട്ടുമ്പോൾ മില്ലിൽ തടിയറുക്കുന്നിടത്തെ ട്രോളിയിൽ ഒരാൾ കുറവാണെങ്കിൽ ഒരു കൈസഹായം ചെയ്യാറുള്ളതും അവർക്കിടയിലും ഒപ്പം മുതലാളിയുടെ കുടുംബത്തിലും ഒരു അംഗീകാരമായി എന്ന് മാസ ശമ്പളം വർദ്ധിപ്പിച്ച് തന്നപ്പോഴാണ് അയാൾക്ക് മനസ്സിലായത്.
വൈകിട്ട് നേരത്തെ വരുന്ന ദിവസങ്ങളിൽ കൊച്ചു മുതലാളിയുടെ ഇളയ മകന് സ്‌കൂളിലെ ചില വിഷയങ്ങളിൽ തന്‍റെ അറിവ് വച്ചുള്ള കാര്യങ്ങൾ പറഞ്ഞുകൊടുത്തു തുടങ്ങിയതോടെ അവരുടെ സുകുമാഷ് ആയിട്ടും ചില ദിവസങ്ങളിൽ ചമയമിടുന്നത് തനിക്ക് സന്തോഷം മാത്രമേ തന്നിട്ടുള്ളു. ഓരോന്ന് ചിന്തിച്ച് തടിമില്ലിൽ എത്തിയത് താൻ അറിഞ്ഞില്ല എന്നത് അയാൾ ആശ്ചര്യത്തോടെ ഓർത്തു.
മില്ലിൽ നിന്ന് പതിവിലും നേരത്തെ ഇറങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ ഇന്നത്തെ ഡ്യൂട്ടി തന്‍റെ ഇവിടെയുള്ള അവസാനത്തെ ഡ്യൂട്ടിയാകുമെന്ന് അയാൾ ഒട്ടുമേ കരുതിയില്ല. തിരുവനന്തപുരത്തു നിന്ന് വരുന്ന സുഹൃത്തിനെ സ്വീകരിക്കുവാനായി വണ്ടി നേരെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി കാർ ഒതുക്കിയിട്ട് അയാൾ കാത്തു നിന്നു. മുതലാളി പ്രധാന ഗേറ്റിൽ നിന്ന് ട്രെയിനിൽ വന്നിറങ്ങിയ അതിഥിയെയും കൂട്ടി കാറിനടുത്തെത്തി.
അതിഥിയായി വരുന്നത് തനിക്ക് നേരത്തെ പരിചയമുള്ള രാജപ്പനാകുമെന്ന് അയാൾ ഒട്ടുമേ നിനച്ചിരുന്നില്ല. രാജപ്പൻ അയാളെ കണ്ട മാത്രയിൽ തന്നെ അരികിലേയ്ക്ക് ഓടിയെത്തി സുകുമാരനെ കെട്ടിപ്പിടിച്ചത് എബ്രഹാമിൽ അമ്പരപ്പുളവാക്കി. വണ്ടി രാജപ്പനെയും കൊണ്ട് എസ്‌റ്റേറ്റ് ബംഗ്ലാവിലേയ്ക്ക് മെല്ലെ നീങ്ങി. കാറിനകവും പുറവും എസിയായിരുന്നിട്ടും സുകു വിയർത്തു കൊണ്ടേയിരുന്നു.
അന്നു രാത്രിയിലെ അത്താഴ വിരുന്നിൽ അതിഥിയെ സൽക്കരിക്കുന്നതിനിടയിൽ മുതലാളി തന്‍റെ കുടുംബാംഗങ്ങളോട് തന്‍റെ സുഹൃത്ത് രാജപ്പനിൽ നിന്ന് അറിഞ്ഞ വിവരങ്ങൾ പങ്കുവെച്ചു. അങ്ങനെ കൊല്ലത്ത് സിനിമാ തിയേറ്ററും പെട്രോൾ പമ്പും ലോഡ്‌ജും കശുവണ്ടി ഫാക്ടറിയും നടത്തിയിരുന്ന ഒരു വ്യവസായിയായിരുന്നു ഇപ്പോൾ തന്‍റെ ഡ്രൈവറായി പണിയെടുക്കുന്ന ഈ സുകുമാരൻ എന്ന സത്യം എബ്രഹാമിൽ നിന്ന് വേദനയോടെ എല്ലാവരുമറിഞ്ഞു.
ബിസിനസ്സിൽ ഏറ്റവും വിശ്വസ്തനായിരുന്ന ജേക്കബ് എന്ന സുഹൃത്തിന്‍റെ ഉപദേശത്തിൽ ലോണെടുത്ത് കച്ചവടം വിപുലീകരിക്കുന്ന ശ്രമത്തിനിടെ തന്നെ ഒരു സിനിമാ നിർമ്മാണമേറ്റെടുത്തതിൽ വന്ന പ്രതീക്ഷിക്കാത്ത തകർച്ച മറ്റ് ബിസിനസ്സുകളെയും ബാധിച്ചതും കടത്തിന്‍റെ ആഴങ്ങളിൽ പെട്ട് ശ്വാസം മുട്ടിയതും എല്ലാം കടത്തിലായതും തിരിച്ചടവുകൾ മുടങ്ങിയതും അവസാനം കിടപ്പാടമൊഴിച്ച് ബാക്കിയെല്ലാം ജപ്തിയിലെത്തിയതും രാജപ്പൻ വ്യസനസമേതം അവർക്ക് പറഞ്ഞു കൊടുത്തു.
ബാങ്ക് ലോണിനായിട്ടെന്നമട്ടിൽ ജേക്കബ് ഒപ്പിടുവിച്ച മുദ്രപത്രങ്ങളിൽ തിയ്യേറ്റർ പൂർണ്ണമായും അയാളുടെ ഉടമസ്‌ഥതയിലേയ്ക്ക് മാറ്റിയെടുത്തത് അൽപം വൈകിയാണ് സുകുമാരൻ അറിഞ്ഞതത്രേ. പക്ഷെ ദൈവത്തിന്‍റെ കോടതിയിൽ ജേക്കബിന് താമസമില്ലാതെ വിധിയും വന്നു. അയാളുണ്ടാക്കിയ ധനവും സ്വർണ്ണവുമെടുത്ത് ഭാര്യ മറ്റൊരുത്തന്‍റെ കൂടെ ഒളിച്ചോടി. മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ജേക്കബ് അപകടത്തിൽപെട്ട് പരസഹായമില്ലാതെ ഇന്ന് ജീവിക്കുവാൻ പറ്റാത്ത അവസ്‌ഥയിലുമായിരിക്കുന്നു.
ആശ്ചര്യത്തിന്‍റെയും ഒപ്പം സഹതാപത്തിന്‍റെയും നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങവേ ഇനിയെന്ത് എന്ന ചോദ്യം എല്ലാവരുടേയും മുഖത്ത് നിഴലിച്ചു.
നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് സുകുമാരൻചേട്ടൻ നാട് വിട്ടതെങ്കിലും നിലവിലുള്ള കേസുകൾ അനുകൂലമാകുമെന്നാണ് വക്കിൽ ഉറപ്പ് തരുന്നത്. നാല് വർഷം മുമ്പ് ഒരിയ്ക്കൽ വിഴിഞ്ഞത്തുള്ള തന്‍റെ മത്സ്യക്കയറ്റുമതി കച്ചവടത്തിൽ തനിക്ക് വൻ നഷ്ടം നേരിട്ട് അത് പൂട്ടിപ്പോകുമെന്ന അവസ്‌ഥയിൽ നിന്ന് തന്നെ ഒരു അനുജനെപ്പോലെ കണ്ട് കൂടെ നിന്ന് സഹായിച്ച സുകുമാരൻചേട്ടനെ നാളെ താൻ കൂട്ടികൊണ്ട് പോകുവാൻ തയ്യാറാണെന്നും നഷ്‌ടപ്പെട്ട എല്ലാ കച്ചവടവും തിരിച്ചു പിടിക്കുവാൻ സഹായിക്കുമെന്നു കൂടി പറഞ്ഞു കൊണ്ട് രാജപ്പൻ സുഹൃത്തിനെ കണ്ട് കിട്ടിയ സന്തോഷത്തിന്‍റെ കണ്ണീർ തുടച്ചു.
ബംഗ്ലാവിലെ വൈദ്യുതി ദീപങ്ങൾ അന്ന് രാത്രി പതിവുപോലെ മിഴികൂപ്പിയെങ്കിലും ഉറങ്ങാനായി കിടന്ന അവരാരും തന്നെ ഉറങ്ങിയില്ല. കുട്ടികൾക്ക് അവരുടെ സുകുമാഷ് നഷ്‌ടപ്പെടുന്ന വേദനയായിരുന്നെങ്കിൽ മുതലാളിയ്ക്ക് വിശ്വസ്തനായ സാരഥിയും ജോലിക്കാര്യങ്ങളിലെ സഹായിയുമാണ് ഇല്ലാതാകുന്നത് എന്ന ചിന്തയായിരുന്നു.
അജ്‌ഞാതവാസത്തിന് തിരശ്ശീലയിട്ട് രാവിലെ തന്നെ യാത്രയ്ക്ക് തയ്യാറായി വന്ന രാജപ്പനെയും സുകുമാരനെയും കോട്ടയം റയിൽവേ സ്റ്റേഷനിലേയ്ക്ക് കൊണ്ടാക്കിക്കൊടുക്കുവാൻ എബി തന്‍റെ കാറുമായി റെഡിയായപ്പോൾ എബ്രഹാം അത് തടഞ്ഞു. എന്നിട്ട് തന്‍റെ ബെൻസിനു മുമ്പ് താൻ ഉപയോഗിച്ചിരുന്നതും എന്നാൽ ഇപ്പോൾ ഉപയോഗിക്കാതെ ഷെഡിൽ കിടക്കുന്നതുമായ കാറിന്‍റെ താക്കോൽ മുതലാളി സുകുമാരന്‍റെ കൈകളിലേയ്ക്ക് വച്ചു. ഒപ്പം ഒരു ലക്ഷം രൂപ വരുന്ന അഞ്ഞൂറിന്‍റെ രണ്ട് കെട്ട് നോട്ടുകളും.
“തൽക്കാലം എന്‍റെ ഈ പഴയ കാർ സുകുമാരൻ ഉപയോഗിച്ചുകൊള്ളൂ. ഈ സാഹായം പോര എന്ന് തോന്നിയാൽ എന്നെ വിളിയ്ക്കണം. ഇതെല്ലാം ഒരു കാലത്ത് തിരിച്ചു തരാൻ സാധിച്ചാൽ മാത്രം തന്നാൽ മതി.” ആഴ്‌ചയിലൊരിക്കലെങ്കിലും തന്നെ വിളിയ്ക്കണമെന്ന് കൂടി പറഞ്ഞിട്ട് അച്ഛൻ സ്ഥാനത്ത് നിന്നുകൊണ്ട് തലയിൽ കൈവച്ച് മുതലാളി അനുഗ്രഹിച്ചപ്പോൾ സുകു മുതലാളിയുടെ കാൽ തൊട്ട് വണങ്ങി നിവർന്നു.
കാർ ഹൈറേഞ്ച് ചുരമിറങ്ങിത്തുടങ്ങി. സൈഡ് സീറ്റിലിരുന്നു കൊണ്ട് രാജപ്പൻ പതിയെ ചോദിച്ചു. “സുകുമാരൻ ചേട്ടനെക്കുറിച്ച് മുതലാളി ഇന്നലെ രാത്രി എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ?”
ഡ്രൈവ് ചെയ്യുന്നതിനിടയിലും രാജപ്പന്‍റെ നേർക്ക് തലചരിച്ചു കൊണ്ട് സുകുമാരൻ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. “കള്ള നാണയങ്ങളുടെ ഈ ലോകത്ത് ചേട്ടൻ ഒരു വെള്ളിനാണയമാണെന്നാണ് എന്നോട് എബ്രഹാം മുതലാളി പറഞ്ഞത്.”
“അങ്ങനെയെങ്കിൽ മുതലാളി ഒരു പത്തരമാറ്റ് കുതിരപ്പവൻ എന്നാണ് ഞാൻ പറയുക.” മുന്നിലെ ഹെയർപിൻ വളവ് ശ്രദ്ധയോടെ ഒടിച്ചെടുത്തുകൊണ്ട് നിറഞ്ഞ കണ്ണോടെ ഇടറിയ തൊണ്ടയിൽ സുകുമാരൻ മുഴുമിപ്പിച്ചു.
ഒരു പുതുജന്മം കിട്ടിയ സായൂജ്യത്തോടെ വണ്ടിയും മറ്റൊരു ഉയിർപ്പിന്‍റെ സാഫല്യത്തോടെ വണ്ടിക്കാരനും ഒരു പോലെ നിറഞ്ഞ മനസ്സോടെ കാടിന്‍റെ ഗരിമ വിട്ട് കോഴഞ്ചേരിയുടെ ലാളിത്യത്തിലേയ്ക്ക് അപ്പോൾ മെല്ലെ മെല്ലെ ചുരമിറങ്ങിക്കൊണ്ടിരുന്നു.