മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദോഷവശങ്ങൾ മനസ്സിലാക്കിയാൽ ഇതിന്റെ വലയിൽ കുടുങ്ങാതെ രക്ഷപ്പെടാൻ സാധിച്ചെന്നു വരും. മയക്കുമരുന്നുകളുടെ പ്രധാനപ്പെട്ട ദോഷവശങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.
മനോരോഗങ്ങൾ: വിഷാദം, ബു ദ്ധിമാന്ദ്യം, ഉൽക്കണ്ഠ, മതിഭ്രമം, പിരിമുറുക്കം, ആത്മഹത്യാ പ്രവണത. തക്ക സമയത്ത് വിദഗ്ധ മനോരോഗ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ മനോരോഗിയായി കഴിയേണ്ടി വന്നേക്കാം.
പെരുമാറ്റ വ്യത്യാസം: പിച്ചും പേയും പറയൽ, അക്രമസ്വഭാവം, വെറുതെ ചിരിക്കുക, ഭ്രാന്ത് പിടിച്ചതുപോലെ ഓടുക, ബലാത്സംഗം, കളവ്, ഉറക്കം തൂങ്ങൽ തുടങ്ങിയ പെരുമാറ്റ വ്യത്യാസങ്ങൾ ഉണ്ടാവും. നുണ പറയുക, മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞ് മാറുക, ഏകാന്തതയിൽ ജീവിക്കുക, ദേഷ്യം വരിക തുടങ്ങിയ വ്യക്തിത്വ മാറ്റങ്ങളും ഉണ്ടാവും..
കേന്ദ്രനാഡീവ്യൂഹത്തിനു വരുന്ന തകരാറുകൾ: ചില മയക്കുമരുന്നുകൾ കേന്ദ്ര നാഡീ വ്യൂഹത്തിന്റെ പ്രവർത്തനത്തെ തളർത്തുകയും മറ്റു ചിലത് ഉത്തേജിപ്പിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സന്ദേശങ്ങൾ ഇന്ദ്രിയങ്ങൾക്ക് സ്വീകരിക്കുവാനും വിശകലനം ചെയ്യാനും കഴിയാതെ വരുന്നതിനാൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.
രോഗബാധ: രോഗപ്രതിരോധശക്തി കുറയുന്നതിനാൽ രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിക്കും. മയക്കു മരുന്നുകൾ കുത്തി വെയ്ക്കുന്ന സൂചികൾ സ്റ്റെറിലൈസ് ചെയ്യാതെ പലരും പലതവണ ഉപയോഗിക്കുന്നതിനാൽ എയ്ഡ്സ് പോലുള്ള രോഗങ്ങൾ വരും. സ്ഥലകാല ബോധമില്ലാതെ വൃത്തികെട്ട സ്ഥലങ്ങളിൽ വീണു കിടക്കുന്നതിനാൽ അണുക്കൾ ശ്വാസകോശത്തിലെത്തി ന്യൂമോണിയ പിടിപെടാം. പുകവലിക്കുന്നവർക്ക് ശ്വാസകോശ രോഗങ്ങൾ ഉണ്ടാവാം.
അസഹിഷ്ണുതയും പിന്മാറ്റ ലക്ഷണങ്ങളും: ലഹരി അടിമത്തത്തിൽ നിന്നും പിന്മാറാൻ ശ്രമിക്കുമ്പോൾ അസഹിഷ്ണുതയും പിന്മാറ്റ ലക്ഷണങ്ങളും ഉണ്ടാവും. പല ദുരിതങ്ങളും അനുഭവിക്കേണ്ടിവരും.
മരണം: മയക്കുമരുന്ന് ദുരുപയോഗിക്കുന്നവരിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതിനാൽ പലപ്പോഴും മരണത്തിന് ഇരയാവാറുണ്ട്. മയക്കുമരുന്നിന്റെ മാത്ര കൂടിയാലുണ്ടാകുന്ന മരണങ്ങളും അപകടമരണങ്ങളും രോഗങ്ങൾ കൊണ്ടുള്ള മരണങ്ങളും ധാരാളമാണ്.
മാരകമായ മയക്കുമരുന്നുകളിൽ വളരെ പ്രധാനപ്പെട്ടവയെപ്പറ്റി ഇവിടെ വിവരിക്കാം
കൊക്കെയിൻ- കൊക്കോ ചെടിയിൽ നിന്നുണ്ടാക്കുന്നു. വെളുത്ത പൗഡർ രൂപത്തിലും ദ്രവരൂപത്തിലും ഇവ ലഭ്യമാണ്. ഇവ പെട്ടെന്നൊരു ശക്തി പ്രദാനം ചെയ്യും. ഇവയുടെ ഉപയോഗം തലച്ചോറിനെ ബാധിക്കുന്നതിനാൽ ശാരീരിക മാനസിക തകരാറുകൾ സംഭവിക്കും. ഹൃദ്രോഗം, രക്തസമ്മർദ്ദം, അവയവ സ്തംഭനം, അപസ്മാരം, സ്ട്രോക്ക് തുടങ്ങിയവയ്ക്ക് പുറമേ മരണവും സംഭവിക്കാം. സ്ഥിരമായ ഉപയോഗം ആശ്രയത്വം വരുത്തും.
ഹെറോയിൻ- പോപ്പിച്ചെടിയിൽ നിന്ന് നിർമ്മിക്കുന്നു. തവിട്ടു നിറത്തിലും വെള്ള നിറത്തിലുമുള്ള പൊടിയായും എണ്ണ രൂപത്തിലും ഇതു ലഭ്യമാണ്. നിരന്തരമായ ഉപയോഗം കാരണം ടിഷ്യൂനാശം, സിരപൊട്ടൽ, ഛർദ്ദി, ചൊറിച്ചിൽ, കൈകാലുകൾക്ക് ഭാരം, വായ വരൾച്ച തുടങ്ങിയവ ഉണ്ടാവാറുണ്ട്. മാനസിക രോഗങ്ങളും ന്യൂമോണിയ, കരൾ രോഗം, വ്യക്ക രോഗം, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളും ബാധിക്കും.
ക്രാക്ക് കൊക്കെയിൻ- അമോണിയ, ബേക്കിംഗ് സോഡ എന്നിവ ചേർത്തുള്ള മിശ്രിതമാണിത്. ഇവ തലച്ചോറിനെയും ഹൃദയത്തെയും ശ്വാസകോശങ്ങളെയും തകരാറിലാക്കും. ക്ഷീണവും വിഷാദവും ഉണ്ടാക്കും.
എംഡിഎംഎ (മെത്തലിൻ ഡയോ ക്സി മിതൈൽ ആംഫെറ്റാമിൻ)- നിയമവിരുദ്ധമരുന്നാണ്. ഉത്തേജകമായി പലരും ഉപയോഗിക്കുന്നു. ഇതിന്റെ തുടർച്ചയായ ഉപയോഗം തലച്ചോറിനും ഹൃദയത്തിനും മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കഞ്ചാവ്- ഡോപ്പ്, ഷിറ്റ്, ഹാഷ്, പോട്ട്, മരിജുവാന. ഗ്രാസ് എന്നിങ്ങനെ പല സ്വകാര്യ പേരുകളിലും അറിയപ്പെടുന്നു. മയക്കം, അലസത, മറവി തുടങ്ങിയവ ഉണ്ടാകും.
എൽഎസിഡി- ആസിഡ്, ബ്ലോട്ടർ, ഡോസസ്, ഡോട്സ്, ട്രിപ്സ് എന്നീ പേരുകളിലറിയപ്പെടുന്നു. ഭ്രമാത്മകത ഉണ്ടാക്കും. മരണ സാധ്യതയുണ്ട്.
മദ്യം- ലോകം മുഴുവൻ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ലഹരി വസ്തുവാണ് മദ്യം. ഒറ്റക്കും കൂട്ടമായും പാർട്ടിയിലും ഹോട്ടൽ ബാറുകളിലും കള്ളുഷാപ്പുകളിലും വീട്ടിലും മദ്യം ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കരൾ രോഗം, അർബുദം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ആത്മഹത്യ, റോഡപകടങ്ങൾ എന്നിവയ്ക്കു കാരണമാവാം. ഓരോ വർഷവും ഒരു ലക്ഷത്തിലേറെ ആളുകൾ ഇതിന്റെ ഉപയോഗം മൂലം മരിക്കുന്നുണ്ട്.
മയക്കു മരുന്നുപയോഗത്തിന്റെ കാരണങ്ങൾ
ശാരീരിക കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ലൈംഗികശേഷി വർദ്ധിപ്പിക്കുമെന്ന മിഥ്യാധാരണ. മയക്കുമരുന്നുകളുടെ ലഭ്യത, മാതാപിതാക്കളുടെ ഉപയോഗം കണ്ട് അനുകരിക്കൽ എന്നിവ.
വ്യക്തിപരമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ജീവിത പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, സാമ്പത്തിക പിന്നോക്കാവസ്ഥ, കൂട്ടുകാരുടെ നിർബന്ധം മൂലം സൗഹൃദബന്ധം നിലനിർത്താൻ ഒന്നു പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല എന്ന ധാരണ, ആവശ്യത്തിലധികം പോക്കറ്റ് മണിയുടെ ലഭ്യത, ജീവിതത്തോടുള്ള വിരക്തി, ഒരു നേരമ്പോക്കിനോ സാഹസികതയ്ക്കോ വേണ്ടി, അച്ഛനമ്മമാർക്ക് കുട്ടികളെ ശ്രദ്ധിക്കാൻ സമയമില്ല, കുടുംബത്തിലെ മുതിർന്നവരുടെ പുകവലി, മദ്യപാനം, കഞ്ചാവുപയോഗം, ദോഷഫലങ്ങളെപ്പറ്റി അറിവില്ലായ്മയും മിദ്യാധാരണകളും, കുടുംബാംഗങ്ങളിൽ നിന്നും അകന്നു നിൽക്കേണ്ടി വരുമ്പോൾ എന്നിവ.
സാമൂഹ്യ- സാംസ്കാരിക- പാരിസ്ഥികമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് മതപരമായ ആചാരത്തിന്റെ ഭാഗമായിട്ടുള്ള (ഉദാ: ചില ആദിവാസികളിൽ) വളരെ എളുപ്പത്തിൽ കുറഞ്ഞ വിലയിലുള്ള ലഭ്യത, സമൂഹത്തിൽ വിലക്കില്ലായ്മയും സാമൂഹ്യമാറ്റങ്ങളും, പാരമ്പര്യ മൂല്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ സിനിമകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന സാന്നിധ്യം (ഉദാ: മദ്യപാനം, പുകവലി തുടങ്ങിയവ),ആഘോഷങ്ങളുടെ ഭാഗമായിട്ട് (ഉദാ: വിവാഹവേളയിലെ മദ്യപാനം, ഭാംഗ് ഉപയോഗം) ധാർമ്മികമായുണ്ടാവുന്ന ബലഹീനത എന്നിവ.
ലഹരി ആസക്തിയുടെ ലക്ഷണങ്ങളും അപകടസൂചനകളും
ശാരീരിക കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ചുവന്നു കുഴിഞ്ഞ കണ്ണുകൾ, വായ വരൾച്ച, ദാഹം, വിശപ്പ്, അലസത, അശ്രദ്ധ, മാന്ദ്യം, ക്ഷീണം, ആടി ഉലഞ്ഞു പതറിയ നടത്തം, സൂചി കുത്തി വെച്ച പാടുകൾ, ഉപയോഗിച്ച സിഗററ്റ് കുറ്റികൾ, സിറിഞ്ച് പാക്കറ്റുകൾ, മുഷിഞ്ഞതും അലസമായതുമായ വസ്ത്രധാരണം, ശരീരഭാരം കുറയുക തുടങ്ങിയവ.
മാനസികമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് അനാവശ്യമായി ദേഷ്യം വരിക, കലഹിക്കുക, ഓർമ്മക്കുറവ്, സ്ഥലകാലബോധം നശിക്കുക, ക്ലാസുകളിൽ പോകാൻ മടി, പഠന പിന്നോക്കം, സ്വയം ഒഴിഞ്ഞുമാറി മുറയിൽ അടച്ചുപൂട്ടി കഴിയുക, കുറ്റബോധവും ഉത്കണ്ഠയും വർദ്ധിക്കുക, വിഷാദം, മതിഭ്രമം തുടങ്ങിയ മാനസിക രോഗങ്ങൾ, ആത്മഹത്യാ പ്രവണത, വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒഴിഞ്ഞുമാറുക വ്യക്തിത്വ വൈകല്യങ്ങൾ (ഉദാ: അസാധാരണായ പെരുമാറ്റം) വീട്ടിൽ കളവു നടത്തുക, ഭയം, വെപ്രാളം തുടങ്ങിയവ.
ആരോഗ്യപരമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് വർദ്ധിച്ച രക്തസമ്മർദ്ദവും ഹൃദയമിടിപ്പും, ശ്വാസം മുട്ടലും ബോധക്കേടും. ശരീരവേദന, വിറയൽ, എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് രോഗം, ഹൃദ്രോഗം, രക്താതിസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ, കരൾ രോഗങ്ങൾ തുടങ്ങിയവ.
ലഹരി മുക്തി നേടാനുള്ള പോംവഴികൾ
- അന്താരാഷ്ട്രതലത്തിൽ മയക്കു മരുന്നുകളുടെ കള്ളക്കടത്തും ദുരുപയോഗവും കർശനമായി നിയന്ത്രിക്കാൻ ലോകരാഷ്ട്രങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുക.
- മയക്കുമരുന്നു കച്ചവടവും ഉപയോഗവും നിർത്തലാക്കാനുള്ള ശക്തമായ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുക.
- സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും പൊതുസമുഹത്തിലും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെയും ദൂഷ്യവശങ്ങളെപ്പറ്റിയും ബോധവൽക്കരണ ക്ലാസുകൾ ഇടയ്ക്കിടെ സംഘടിപ്പിക്കുക.
- രക്ഷിതാക്കൾ മക്കൾക്കും അധ്യാപകർ വിദ്യാർത്ഥികൾക്കും റോൾ മോഡലായി മാർഗ്ഗനിർദ്ദേശം നൽകുക.
- വിദ്യാർത്ഥികൾ തെറ്റായ കൂട്ടുകെട്ടിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. രക്ഷിതാക്കൾക്ക് സ്വന്തം മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് അറിവുണ്ടായിരിക്കണം.
- അത്യാവശ്യങ്ങൾക്ക് മാത്രം പോക്കറ്റ് മണി നൽക്കുക. വലിയ തുക നേരിട്ട് കൈകാര്യം ചെയ്യുക. പോക്കറ്റ് മണിയുടെ ഉപയോഗത്തെപ്പറ്റി ചോദിച്ചു മനസ്സിലാക്കണം.
- കുട്ടികളുടെ മുമ്പിൽ വച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കാൻ വീട്ടിലെ മുതിർന്നവരും അധ്യാപകരും ശ്രദ്ധിക്കണം.
- കുട്ടികളുമായി സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കുക. ആശയവിനിമയത്തിലൂടെ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുക. എന്തും തുറന്നു പറയാനുള്ള ധൈര്യം നൽകുക.
- നല്ല ഗുണങ്ങളെയും നേട്ടങ്ങളെയും അഭിനന്ദിക്കുക പ്രോത്സാഹിപ്പിക്കുക
- കുട്ടികൾ പ്രകോപിതരാവുമ്പോൾ ശാന്തതയും സമചിത്തതയും നില നിർത്താൻ പഠിപ്പിക്കുക.
- വിദ്യാഭ്യാസ, സ്ഥാപനങ്ങളിലും ട്യൂഷൻ ക്ലാസുകളിലും കുട്ടികളുടെ ഹാജരിനെപ്പറ്റി സ്വകാര്യമായി അന്വേഷിച്ചറിയുക. അഥവാ പോയാൽ തന്നെ പാർട്ടിയെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ചറിയുക.
- കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോൾ പ്രതികരിക്കുന്നതിനു പകരം തെറ്റുകൾ ചൂണ്ടികാട്ടി തിരുത്തുവാൻ പ്രേരിപ്പിക്കുക.
- നിരോധിത മയക്കുമരുന്നുകളെപ്പറ്റിയും അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദൂഷ്യ വശങ്ങളെപ്പറ്റിയും കുട്ടികളുമായി ചർച്ച ചെയ്ത് ബോധവാന്മാരാക്കുക.
- തെറ്റും ശരിയും തിരിച്ചറിഞ്ഞ് ഉചിതമായ തീരുമാനമെടുക്കാൻ പഠിപ്പിക്കുക. ലഹരി ഉപയോഗത്തിന് നിർബന്ധിക്കുമ്പോൾ നിരസിക്കാനും അത്തരം കൂട്ടുകെട്ടുകൾ വേണ്ടന്ന് വയ്ക്കാനുമുള്ള ധൈര്യ ഉണ്ടാകുക.
- യോഗ, ധ്യാനം, പ്രാർത്ഥന എന്നിവ ദിനചര്യയിൽ ഉൾപ്പെടുത്തുക.
- കൗൺസിലിംഗ് (മാർഗ്ഗനിർദ്ദേശം) ലഹരിമുക്ത മാർഗ്ഗങ്ങളെപ്പറ്റി മാതാപിതാക്കളും അധ്യാപകരും മാർഗ്ഗനിർദ്ദേശങ്ങൾ നടത്തണം. ലഹരിമുക്ത മാർഗ്ഗങ്ങളെ പറ്റിയും ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റിയും ലഹരിക്കടിമപ്പെട്ടവരുടെ ദുരിതങ്ങളെപ്പറ്റിയും നിയമവശങ്ങളെപ്പറ്റിയും ഒരു കൗൺസിലിംഗ് വിദഗ്ധനോ മനശാസ്ത്രജ്ഞനോ ശാസ്ത്രീയമായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും.
- ലഹരിമുക്തിക്ക് വേണ്ടി ഫലപ്രദമായ വൈദ്യസഹായം ഗവൺമെന്റ് ആശുപത്രികളിലും മറ്റു ലഹരി ആസക്തമുക്തി കേന്ദ്രങ്ങളിലും ലഭ്യമാണ്.
ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 14446 സഹായം തേടുന്ന വ്യക്തികൾക്ക് ഡി അഡിക്ഷന് പ്രാഥമിക കൗൺസിലിംഗും ഉടനടി റഫറൽ സേവനങ്ങളും നൽകുന്നതിന് സർക്കാർ മന്ത്രാലയം പവർത്തിക്കുന്നു.