മുതിർന്ന ഒരു വ്യക്‌തി ആഴ്‌ചയിൽ 150-300 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ഫിറ്റ്നസ് നിലനിർത്താൻ ഏറെ സഹായിക്കും. അതായത് ദിവസം ഏകദേശം ഒരു 30 മിനിറ്റ് നേരം. പക്ഷേ പലർക്കും വ്യായാമം ചെയ്യാൻ മടിയാണ്. ഒരു ദിവസം ചെയ്താൽ തന്നെ അതൊരു റൂട്ടീനായി നിലനിർത്താൻ പലർക്കും മടിയാണ്. എങ്കിൽ വ്യായാമം എന്നതിലുപരിയായി നിങ്ങൾ ആസ്വദിക്കുന്ന ഓരോ ഫിസിക്കൽ ആക്‌ടിവിറ്റികളിൽ ഏർപ്പെടുക.

അത്തരം ചില ആക്ടിവിറ്റികൾ നിങ്ങളുടെ ഹൃദയമിടിപ്പിന്‍റെ വേഗത കൂട്ടും. ഒപ്പം രസകരവുമായിരിക്കും. അത്തരം ചില ആക്ടിവിറ്റികളെ പരിചയപ്പെടാം. അവയിൽ മിക്കതും നമ്മുടെ ദൈനം ദിന ജീവിതത്തിന്‍റെ ഭാഗവുമാണ്.

നടപ്പ്, ഓട്ടം

നടക്കാനോ ജോഗിംഗിനോ പോകുകയെന്നത് വളരെ അനായാസമായ വ്യായാമമാണ്. പക്ഷേ തൊട്ടടുത്തുള്ള ഇടങ്ങളിലൂടെയുള്ള നടപ്പും മറ്റും നിങ്ങളെ പെട്ടെന്ന് മടുപ്പിക്കാം. എന്നാൽ നിങ്ങളുടെ നടപ്പിനെയും ഓട്ടത്തെയും അൽപ്പം സാഹസികവും രസകരവുമാക്കുന്ന ചില ആപ്പുകൾ ഉണ്ട്. അത്തരം ചില ആപ്പുകൾ ഡൗൺ ലോഡ് ചെയ്യുകയേ വേണ്ടൂ. സോംബിസ് റൺ, പോക്കിമോൻ ഗോ, ഇൻഗ്രസ് എന്നിവ അത്തരം ചില ആപ്പുകളാണ്.

സ്വന്തമായി ഒരു വർക്കൗട്ട് പ്ലാൻ

ജിമ്മിൽ ജോയിൻ ചെയ്ത്‌ വ്യായാമം ചെയ്യുകയെന്നത് ഭൂരിഭാഗം പേർക്കും മടിയുള്ള കാര്യമായിരിക്കും. പക്ഷേ ഇതിനൊരു പരിഹാരമുണ്ട്. ഹോം വർക്കൗട്ട്. അതായത് റെഡിമെയ്‌ഡ് വർക്കൗട്ടുകൾ ഉപയോഗിച്ച് വ്യായാമം ചെയ്യുക അല്ലെങ്കിൽ സ്വന്തമായി വർക്കൗട്ട് പ്ലാൻ ചെയ്ത്‌ ചെയ്യുക.

ഡാൻസ്

ഇഷ്ടപ്പെട്ട പാട്ടു കേട്ടു കൊണ്ട് ഡാൻസ് ചെയ്യുന്നതൊന്ന് ഓർത്തു നോക്കിക്കേ… നൃത്തത്തിൽ ദ്രുത ചലനങ്ങളും മന്ദഗതിയിലുള്ള ചലനങ്ങളും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. ഏകദേശം 8- 9 പാട്ടുകൾ മതി 30 മിനിറ്റ് നീളുന്ന ഡാൻസ് ചെയ്യാൻ. അനുയോജ്യമായ ഡാൻസ് യുട്യൂബിൽ നിന്ന് തെരഞെഞ്ഞെടുത്ത് ചെയ്ത്‌ത്‌ ഹൃദയമിടിപ്പിന്‍റെ താളം കൂട്ടാം.

ഫ്രിസ്ബി (എറിഞ്ഞു കളിക്കുന്ന തളിക)

കൂട്ടുകാരുമൊത്ത് ചെയ്യാവുന്ന വളരെ അനായാസവും രസകരവുമായ ഗെയിമാണിത്. ഫ്രിസ്ബി താഴെ വീഴാതെ എതിരാളിയ്ക്ക് എറിഞ്ഞു കൊടുത്തും ചാടി ക്യാച്ച് ചെയ്‌തും ഉള്ള ഈ ഗെയിം ശരീരത്തിന് നല്ലൊരു വ്യായാമം നൽകും. പരസ്പ്‌പരം തലങ്ങും വിലങ്ങും ഓടിക്കുന്ന രീതിയിൽ വേണം ഫ്രിസ്ബി എറിയാൻ. ചിരിയും വാശിയുമുണർത്തുന്ന ഗെയിമായതിനാൽ ശരീരത്തിനും മനസിനും സ്വയമറിയാതെ ഉന്മേഷവും ഊർജ്ജസ്വലതയും പകരും.

കോണിപ്പടികൾ ചാടി കയറുക

എവിടെ പോയാലും ലിഫ്റ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കി കോണിപ്പടികൾ ഉപയോഗിക്കുക. കോണിപ്പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് മികച്ചൊരു വർക്കൗട്ടാണ്. വീട്ടിലെ കോണിപ്പടിയിലെ 3-4 സ്‌റ്റെപ്പ് സ്‌പീഡിൽ കയറുകയും ഇറങ്ങുകയും ചെയ്യുക. ഇതുപോലെ പരമാവധി 20 തവണ ആവർത്തിക്കുക. മറ്റ് വ്യായാമങ്ങളുടെ ഭാഗമായും ഇത് ചെയ്യാം.

മറ്റൊന്ന് ഇത് ഒരു മത്സരമായി എടുത്ത് കൂട്ടുകാർക്കൊപ്പം നിശ്ചിത സമയപരിധിക്കുള്ളിൽ കോണിപ്പടികൾ കയറി ഇറങ്ങുക. ഇപ്രകാരം എത്ര തവണ ഒരു വ്യക്തിയ്ക്ക് ചെയ്യാനാവുമെന്ന് പരീക്ഷിക്കുക. എന്താ രസകരമല്ലേ ഈ മത്സരം?

യോഗ പരിശീലിക്കുക

ശ്വസന പ്രക്രിയയെ സുഗമമാക്കുന്നതിനൊപ്പം രക്‌തയോട്ടം വർദ്ധിപ്പിച്ച് ശരീരത്തിന് കരുത്തും ഊർ‌ജ്ജവും പകരുന്ന ഒന്നാണ് യോഗ. വ്യായാമങ്ങളിൽ പരമ പ്രധാനമായ സ്ഥാനമുണ്ട് യോഗയ്ക്ക്. ആഴ്‌ചയിൽ അൽപ്പ സമയം യോഗാസനങ്ങൾ ചെയ്യുക. അനായാസം ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ ചെയ്ത്‌ തുടങ്ങി കഠിനമായവ പരിശീലിച്ച് സ്വായത്തമാക്കുക. ശരീരത്തിനും മനസിനും നിങ്ങളറിയാതെ നല്ല മാറ്റങ്ങൾ ഉണ്ടാകും. ഒപ്പം മനസിന്‍റെ ഏകാഗ്രതയും ഇച്ഛാശക്തിയും കൂട്ടും. ചലനങ്ങളിൽ നല്ല ആത്‌മവിശ്വാസം സ്ഫുരിക്കും.

റിംഗ് വ്യായാമം

കുട്ടികൾ റിംഗ് അരയിൽ വച്ച് അരക്കെട്ട് വട്ടത്തിൽ ചലിപ്പിച്ച് കളിക്കുന്നത് കണ്ടിട്ടില്ലേ? ഈ റിംഗ് ഗെയിം മുതിർന്നവർ ചെയ്താൽ എങ്ങനെയിരിക്കും. നല്ലൊരു വ്യായാമമല്ലേയിത്.

വീട് വൃത്തിയാക്കൽ നല്ലൊരു വ്യായാമം

എങ്ങനെയെന്നല്ലേ… ആഴ്ചയിലൊരിക്കൽ വീട് ഡീപ് ക്ലീനിംഗിന് വിധേയമാക്കുക. മേൽക്കൂര തുടങ്ങി താഴെ തറ വരെയുള്ള ക്ലീനിംഗ് ജോലികൾ ശരീരത്തിന് നല്ലൊരു വ്യായാമം നൽകും. ഇതിൽ ജനാല ക്ലീനിംഗ് എല്ലാം ഉൾപ്പെടുത്താം. നല്ലൊരു താളത്തോടെ നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിക്കുന്ന രീതിയിൽ ഹൗസ് ക്ലീനിംഗ് ചെയ്യുക.

റൺ ആന്‍റ് പിക്ക്

വിശാലമായ മുറിയിൽ ചെയ്യാവുന്ന ഒരു വ്യായാമമാണിത്. മുറിയുടെ നാലു ചുവരുകൾക്കനുസരിച്ച് സ്‌ക്വയർ ആയോ റൗണ്ടായോ ഓടാം. സ്റ്റാർട്ടിംഗ് പോയിന്‍റിൽ വച്ച ബോൾ എടുത്ത് കൊണ്ട് ഓടി അടുത്ത പോയിന്‍റിൽ ബോൾ വച്ചശേഷം വീണ്ടും ഓടി വന്ന് ബോൾ എടുത്ത് ഓടി അടുത്ത പോയിന്‍റിൽ വച്ച് തുടരുന്ന വ്യായാമമാണിത്. ശരീരത്തിന് മൊത്തത്തിൽ വ്യായാമം ലഭിക്കുന്ന ഒന്നാണിത്.

ഇനി റെഡിയല്ലേ… ഈ വേനൽക്കാലത്ത് വ്യത്യസ്ങ്ങളായ വ്യായാമങ്ങൾ ചെയ്ത് ബോഡി ഫിറ്റ് ആന്‍റ് ഫൈൻ ആക്കാം. ഒപ്പം പ്രോട്ടീൻ റിച്ച് ഫുഡും ശീലമാക്കുക.

और कहानियां पढ़ने के लिए क्लिक करें...