കൂട്ടുകാരിയുടെ ബർത്ത്‌ഡേ പാർട്ടിയ്ക്ക് പോകാനായി അണിഞ്ഞൊരുങ്ങിയ ജൂലി ഒരുവട്ടം കൂടി കണ്ണാടിയിലേയ്ക്ക് നോക്കി. നോട്ടം താഴോട്ട് എത്തിയതോടെ ജൂലിയുടെ മുഖംവാടി. “ചെഛെ, എന്ത് ബോറാണ് ഈ ചെരുപ്പ്. ഔട്ട്ഡേറ്റഡ്. കുട്ടുകാർ കണ്ടാൽ കളിയാക്കിയതു തന്നെ.”
ഇത് ആർക്കും സംഭവിക്കുന്ന ഒരു കാര്യമാണ്. വസ്ത്രമാണെങ്കിൽ അടിപൊളി, ചെരുപ്പോ? അതിനൊട്ടും യോജിക്കാത്തതും. ഇനി ഇത്തരം വിഷമങ്ങൾക്ക് വിട നല്‌കാം.
പാകമായതും മികച്ച ഗുണനിലവാരം ഉള്ളതുമായ നല്ല പാദരക്ഷകൾ തെരഞ്ഞെടുക്കാൻ ചില വിദ്യകളുണ്ട്. കംഫർട്ടബിളായ പാദരക്ഷകളാണ് ഇണങ്ങുക. തെരഞ്ഞെടുക്കുന്ന പാദരക്ഷകൾ എല്ലാത്തരം വസ്ത്രങ്ങൾക്കും യോജിച്ചതായിരിക്കുകയും വേണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരിയായ പാദരക്ഷകൾ അണിയാത്തതുകൊണ്ട് ശാരീരികമായി എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാവുകയെന്ന് നിങ്ങൾക്കറിയാമോ? സാധാരണ ഒരു വ്യക്‌തി ഒരു ദിവസം ഏകദേശം 9000 അടിയോളമാണ് നടക്കുന്നത്. അതായത് വർഷത്തിൽ 600 കിലോമീറ്ററിലും അധികം സഞ്ചരിക്കുന്നുവെന്നർത്ഥം.
നല്ല ഇറുക്കമുള്ളതോ ഹൈഹീലുള്ളതോ ആയ സാൻഡലുകൾ കാലുകൾക്ക് വേദന ഉണ്ടാക്കുകയോ അതിന്‍റെ അസാധാരണമായ ആകൃതി പാദങ്ങൾക്കും ശരീരത്തിനും അസൗകര്യം ഉണ്ടാക്കുകയോ ചെയ്യും. ചിലപ്പോഴത് ആ വ്യക്‌തിയുടെ ദൈനംദിന ജീവിതത്തെ തന്നെ തകിടം മറിക്കും. അതുകൊണ്ട് ഷോപ്പിംഗ് നടത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
- പാദരക്ഷകൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. വൈകുന്നേരത്താണ് കാലുകൾക്ക് സാധാരണമായുണ്ടാകുന്ന നീരുമൂലം ശരിയായ വലിപ്പമുണ്ടാകുന്നത്.
- പ്രായത്തിന്നു അസരിച്ച് കാലുകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും. പ്രത്യേകിച്ച് കാലുകളുടെ വീതിയിലാണ് ഈ വ്യത്യാസം കൂടുതൽ പ്രകടമാവുക. അതുകൊണ്ട് നിന്നുകൊണ്ട് വേണം പാദങ്ങളുടെ അളവ് എടുക്കാൻ.
- കാൽ വിരലുകൾക്ക് പര്യാപ്തമായ സ്ഥലം ലഭിക്കുന്നതായിരിക്കണം പാദരക്ഷകൾ. മാത്രമല്ല കാലുകൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും പരിക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നതാവരുത് പാദരക്ഷകൾ.
- കാൽപ്പത്തിയും ഉപ്പുറ്റിയും നന്നായി ഫിറ്റായിരിക്കുന്ന പാദരക്ഷകൾ തെരഞ്ഞെടുക്കണം. ഉപ്പുറ്റി ചെരിപ്പിൽനിന്നും പുറത്തേയ്ക്ക് തള്ളിനില്ക്കുകയോ അമിതമായി അകത്തേയ്ക്ക് കയറി ഇരിയ്ക്കുകയോ ചെയ്യരുത്.
- തെരഞ്ഞെടുത്ത പാദരക്ഷകൾ കടയിൽവെച്ചുതന്നെ അണിഞ്ഞുനോക്കി അല്പനേരം നടന്നുനോക്കാം.
- ഒരിക്കലും നമ്പറിനനുസരിച്ച് പാദരക്ഷകൾ വാങ്ങരുത്. കാരണം ഏതെങ്കിലും ഒരു കമ്പനിയുടെ 7-ാം നമ്പർ സൈസിലുള്ള പാദരക്ഷകൾ മറ്റൊരു കമ്പനിയ്ക്ക് 6-ാം നമ്പർ സൈസിലുള്ളതായിരിക്കും.
- പാദങ്ങൾക്ക് ഇറുക്കമുണ്ടാക്കുന്ന പാദരക്ഷകൾ വാങ്ങരുത്. കാരണം അത് കാലുകൾക്ക് വേദനയും മറ്റ് അസ്വസ്‌ഥതകളുമുണ്ടാക്കും. നടക്കാൻ അസൗകര്യവുമായിരിക്കും.
- എപ്പോഴും ഹീൽ കുറഞ്ഞ പാദരക്ഷകൾ വാങ്ങുന്നതാണ് ഉചിതം. ഹൈ ഹീൽ, പോയിന്‍റഡ് ഹീൽ സാൻഡലുകൾ അണിഞ്ഞാൽ അരക്കെട്ടിനും കാൽപാദങ്ങളിലും സന്ധികളിലും വേദനയുണ്ടാകും. അഥവാ ഹീൽ വേണമെന്നുള്ളവർക്ക് 2 ഇഞ്ചിൽ കൂടുതൽ ഉയരമില്ലാത്ത പാദരക്ഷകൾ വാങ്ങാം.
- കാലുകൾ അമിതമായി വിയർക്കുന്നവർക്ക് അതിനനുസരിച്ചുള്ള പാദരക്ഷകൾ വേണം തെരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക്, വിനൈൽ തുടങ്ങിയ മെറ്റീരിയലുകളിൽ നിർമ്മിച്ച പാദരക്ഷകൾ ഒഴിവാക്കുക. ലെതർ, നൈലോൺ എന്നിവയിൽ നിർമ്മിക്കപ്പെട്ട പാദരക്ഷകളിൽ വേണ്ടത്ര വായു സഞ്ചാരമുള്ളതു കൊണ്ട് പാദങ്ങൾക്ക് ശ്വസിക്കാൻ കഴിയും. അതുകൊണ്ട് ഇത്തരം മെറ്റീരിയലുകളിൽ നിർമ്മിച്ച പാദരക്ഷകളാണ് അഭികാമ്യം.
- ദിനചര്യയ്ക്ക് അനുസൃതമായ പാദരക്ഷകളേ എപ്പോഴും വാങ്ങാവു.
- പകൽനേരത്ത് ഏറെ നേരം നില്ക്കേണ്ടി വരികയാണെങ്കിൽ കുഷ്യൻ സോളുള്ള ലോ ഹീൽ പാദരക്ഷകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
- പ്രഭാതസവാരിയ്ക്കും വ്യായാമത്തിനും നല്ല കുഷ്യനുള്ള അത്ലറ്റിക് ഷൂസ് അണിയുന്നതാണ് നല്ലത്.
ഇപ്രകാരം ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന പക്ഷം പാദങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാവും. കാലുകളാണ് നമ്മെ നിവർന്ന് നില്ക്കാൻ സഹായിക്കുന്നത് എന്ന കാര്യം മറക്കരുത്.