കേരളത്തിലെ പ്രമുഖ ബിസിനസ് ദ്വൈവാരികയെന്ന നിലയിൽ വിജയചരിത്രം കുറിച്ച ധനത്തിന്‍റെ പിന്നിലെ ശക്തമായ പെൺ സാന്നിധ്യമാണ് മരിയ ഏബ്രഹാം. ധനം പബ്ലിക്കേഷൻ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്‌ടറുമായ കുര്യൻ ഏബ്രഹാമിന്‍റെ ജീവിത പങ്കാളി. 1987-ൽ ആരംഭിച്ച ധനം ദ്വൈവാരികയിപ്പോൾ ഡിജിറ്റൽ-ഓൺലൈൻ നവയുഗ മീഡിയ കമ്പിനിയായി മാറിയിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും സമ്പത്തിക-വാണിജ്യ മേഖലകളിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളെ പ്രതിഫലിപ്പിക്കുന്ന ശക്തമായ സാന്നിധ്യമായി ഇന്നത്തെ നിലയിൽ ധനത്തെ എത്തിച്ചതിൽ വലിയൊരു പങ്ക് മരിയയ്ക്കുണ്ട്. കഴിഞ്ഞ 37 വർഷമായി ധനത്തിന്‍റെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിച്ച വ്യക്തി.
ഫുഡ് ന്യൂട്രിഷനിസ്റ്റിൽ നിന്നും ഒരു ബിസിനസ് മാധ്യമത്തിന്‍റെ അമരക്കാരിൽ ഒരാളാവുക. ആ യാത്ര അത്ര നിസ്സാരമായിരുന്നില്ല. ബിസിനസ് രംഗത്തെ ഒട്ടേറേ പ്രതിസന്ധികളേയും വെല്ലുവിളികളേയും സധൈര്യം നേരിട്ടും പരിഹരിച്ചും തിരുത്തിയും ധനത്തിന്‍റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച വ്യക്തിത്വം. ധനത്തിന്‍റെ ബിസിനസ് ചുമതലകൾക്ക് പുറമെ എഡിറ്റോറിയൽ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച മരിയ ഏബ്രഹാമുമായി നടത്തിയ അഭിമുഖത്തിൽ നിന്നും..
കേരളത്തിലെ നമ്പർ വൺ ബിസിനസ് മാസികയാണ് ധനം ഈ വളർച്ചയിൽ എത്രത്തോളം പങ്കാളിയാകാൻ സാധിച്ചു?
ധനത്തിന്‍റെ വളർച്ച മികച്ച ടീം വർക്കിന്‍റെ ഫലമാണ്. തുടക്കം മുതൽ അതായത് കഴിഞ്ഞ 37 വർഷമായി ഞാൻ ധനത്തിന്‍റെ ഭാഗമായതിനാൽ എനിക്കും ഈ വളർച്ചയിൽ എന്‍റേതായ പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ അഡ്‌മിനിസ്ട്രേഷന്‍റെ ചുമതല ആയിരുന്നു. എന്നാൽ എഡിറ്റോറിയൽ കാര്യങ്ങളിലെ എന്‍റെ അഭിരുചി മനസ്സിലാക്കി അത്തരം ചെറിയ ജോലികൾ ആദ്യം മുതൽ തന്നെ എന്നെ ഏൽപ്പിക്കുമായിരുന്നു. ബിസിനസ് ജേണലിസത്തിലേക്കുള്ള എന്‍റെ ആദ്യ ചുവടു വെപ്പുകളായിരുന്നു അവ. ഇത്തരത്തിൽ “ഓൺ ദി ജോബ്” പരിശീലനം ലഭിച്ചത് കൊണ്ട് പിന്നീട് എഡിറ്റോറിയലിന്‍റെ ചുമതല ഏറ്റെടുക്കേണ്ടി വന്നപ്പോൾ ആത്മവിശ്വാസത്തോടെ അത് നിർവഹിക്കാനായി. ഇപ്പോൾ ഇവന്‍റ്സ്, ബുക്ക്സ് എന്നിവ ഉൾപ്പെടെ ധനത്തിന്‍റെ എല്ലാ പ്രവർത്തന മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇവയിലെല്ലാം ആധികാരികത, മികച്ച നിലവാരം, പ്രയോജനക്ഷമത എന്നിവ ഉറപ്പു വരുത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.
കേരളത്തിലെ ബിസിനസ് രംഗത്തെ ചലനങ്ങളെ തിരിച്ചറിയാനും അവനെ ആധ്യനിക രീതിയിൽ ബ്രാൻഡ് ചെയ്യാനും ധനത്തിൽ കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നിലെ പരിശ്രമത്തെക്കുറിച്ച് പറയാമോ?
മലയാളത്തിലെ ആദ്യത്തെ ബിസിനസ് പ്രസിദ്ധീകരണമാണ് ധനം. ഇന്ത്യയിൽ തന്നെ പ്രാദേശിക ഭാഷകളിൽ ആദ്യത്തേതും. 1987-ൽ ധനം പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ ദിനപത്രങ്ങളിൽ പോലും എന്തെങ്കിലും ബിസിനസ് വാർത്തകൾ വരുന്നത് വളരെ അപൂർവ്വമായിരുന്നു. ബിസിനസുകാരെ പൊതുവെ ചൂഷകരായി കണ്ടിരുന്ന ഒരു കാലത്താണ് ഇൻസ്പൈറിംഗ് ബിസിനസ് സക്സസ് എന്ന ദൗത്യവുമായി ധനം പ്രസിദ്ധീകരണം ആരംഭിക്കുന്നത്. മലയാള പ്രസിദ്ധീകരണ ചരിത്രത്തിൽ ആദ്യമായി ബിസിനസ് വിജയകഥകൾ അച്ചടിച്ചു വരുന്നത് ധനത്തിലാണ്. തങ്ങൾക്ക് വേണ്ടി മാത്രമല്ല. സമൂഹത്തിന് വേണ്ടിയും സമ്പത്ത് സൃഷ്ട്‌ടിക്കുന്നവർ എന്ന നിലയിൽ ബിസിനസുകാരെക്കുറിച്ചുള്ള പൊതുധാരണയിൽ മാറ്റം വരുത്താനും അവർക്ക് അംഗീകാരവും ആദരവും നേടികൊടുക്കാനും ധനത്തിന് കഴിഞ്ഞു എന്ന് നിസംശയം പറയാം. മലയാളി സമൂഹത്തിന് ബിസിനസ്, സാമ്പത്തിക, നിക്ഷേപ സംബന്ധമായ വാർത്തകളും അറിവുകളും നൽകുക മാത്രമല്ല അത്തരത്തിലുള്ള പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും പരിശീലന പരിപാടികളും സംഗമങ്ങളും സംഘടിപ്പിക്കുകയും ചെയ്‌തു കൊണ്ട് കേരളത്തിൽ ഒരു ബിസിനസ് സംസ്ക്കാരം രൂപപ്പെടുത്തുന്നതിലും ധനത്തിനു വലിയൊരു പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.
അച്ചടി മാധ്യമങ്ങൾക്ക് പൊതുവെ പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ മിക്ക പ്രസിദ്ധീകരണങ്ങളും ഓൺ ലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറികഴിഞ്ഞു. ധനവും അത്തരമൊരു നവ മാധ്യമമായി മാറിയിരിക്കുന്നു. ആ വിജയത്തെ എങ്ങനെ ആണ് വിലയിരുത്തുന്നത്?
പ്രതിസന്ധികൾ ബിസിനസിന്‍റെ ഭാഗം തന്നെയാണല്ലോ? ധനത്തിനും നിരവധി പ്രതിസന്ധികളെ നേടിടേണ്ടി വന്നിട്ടുണ്ട്. ഓൺലൈൻ- ഡിജിറ്റൽ മാധ്യമങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവന്ന വേളയിൽ ആ രംഗത്തേക്ക് കടന്ന് സാന്നിധ്യം ശക്തമാക്കിക്കൊണ്ടാണ് അതിനെ നേരിട്ടത്. ധനം ഓൺലൈൻ ബിസിനസ്, നിക്ഷേപ വാർത്തകൾ നൽകുന്ന കേരളത്തിലെ പ്രമുഖ പോർട്ടൽ എന്ന സ്‌ഥാനം നേടിയെടുക്കുകയും ചെയ്‌തു.
ഇപ്പോൾ പ്രതിമാസം 24 ലക്ഷത്തിലധികം പേർ (യൂനിക്ക് വിസിറ്റേഴ്‌സ്) സന്ദർശിക്കുന്ന വെബ്സൈറ്റാണ് ധനത്തിന്‍റേത്. ഓരോ മാസവും ഒരു കോടി അഞ്ചു ലക്ഷത്തിലധികം പേജ് വ്യൂസ് ലഭിക്കുന്നുമുണ്ട്. ധനം ടൈറ്റൻ ഷോ, സ്‌റ്റാർട്ടപ്പ് കഥ, ധനം ബിസിനസ് കഫേ മുതലായ വീഡിയോ സീരിസുകളും പോഡ്‌കാസ്റ്റുകളുമായി ഡിജിറ്റൽ രംഗത്ത് സജീവമാണ്. ഏറ്റവുമൊടുവിൽ ധനം ഓൺലൈൻ ഇംഗ്ലീഷിലും തുടങ്ങിയിട്ടുണ്ട്. ധനം ഓരോ വർഷവും ധനം ബിസിനസ് സമ്മിറ്റ് ആന്‍റ് അവാർഡ് നൈറ്റ്, ധനം റീട്ടേയിൽ സമ്മിറ്റ്, ബാങ്കിംഗ് ആന്‍റ് ഫിനാൻസ് സമ്മിറ്റ്, ധനം എംഎസ്എംഇ സമ്മിറ്റ് എന്നിങ്ങനെ നിരവധി ഇവന്‍റുകളും സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ബിസിനസ് മാഗസിനും ബുക്സിനും ഒപ്പം അനുബന്ധ മേഖലകളിലേക്ക് വൈവിധ്യ വൽക്കരിച്ചതിനാൽ പ്രതിന്ധകളെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയുന്നു.
വിജയിച്ച ഒരു ബിസിനസ് പ്രസിദ്ധീകരണത്തിന്‍റെ വളർച്ചയിൽ നിർണായകമായ പങ്ക് വഹിക്കേണ്ടി വരുമെന്ന് വിചാരിച്ചിരുന്നോ?
ന്യൂട്രിഷ്യൻ അധ്യാപികയായി ജോലി നോക്കിയിരുന്ന ഞാൻ ആദ്യത്തെ കുട്ടി ജനിച്ച ശേഷമാണ് ധനത്തിന്‍റെ ഭാഗമാകുന്നത്. പബ്ലിഷിംഗ് രംഗത്ത് പ്രവർത്തിക്കുമെന്ന് നേരത്തെ വിചാരിച്ചിട്ടേയില്ല. ഈ മേഖലയിലേക്ക് എത്തിയിരുന്നിലായെങ്കിൽ അധ്യാപന രംഗത്ത് തന്നെ പ്രവർത്തിക്കുമായിരുന്നു.
വനിത പ്രസാധക എന്ന ദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നോ?
പൊതുവെ പുരുഷ മേധാവിത്വം ഉള്ള വ്യവസ്‌ഥിതിയിൽ സ്ത്രീകളുടെ അഭിപ്രായവും നേതൃത്വവും അംഗീകരിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ? ഇത്തരത്തിൽ ചില ബുദ്ധിമുട്ടുകൾ ആദ്യകാലത്ത് നേരിട്ടുട്ടുണ്ട്. ക്ഷമയും നിശ്ചയ ദാർഢ്യവുമുണ്ടെങ്കിൽ കാര്യങ്ങൾ നമുക്ക് അനുകൂലമാക്കി മാറ്റാം എന്നാണ് എന്‍റെ അനുഭവം. ഏതു മേഖലയിലാണെങ്കിലും 100 ശതമാനം ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനും കാലത്തിനനുസരിച്ച് മുന്നേറാനും കഴിയും.
ഇന്ന് ധനത്തിന്‍റെ വളർച്ചയെ വിലയിരുത്തുമ്പോൾ?
ധനത്തിന്‍റെ വളർച്ച വിലയിരുത്തുമ്പോൾ സന്തോഷവും സംതൃപ്തിയും ഉണ്ട്. എന്നാൽ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന ബോദ്ധ്യവുമുണ്ട്.
ഈ മേഖലയിൽ മറ്റ് ബിസിനസ് പ്രസിദ്ധീകരണങ്ങൾ വെല്ലുവിളിയായിട്ടുണ്ടോ?
പല ബിസിനസ് പ്രസിദ്ധീകരണങ്ങളും ഇപ്പോൾ ഉണ്ടെങ്കിലും ധനം കൈകാര്യം ചെയ്യുന്ന മേഖലകളെല്ലാം ഉൾപ്പെടുത്തിയുള്ള മറ്റ് മാസികകൾ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം. വെല്ലുവിളി മറ്റു മാസികകളിൽ നിന്നല്ല, സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം മൂലം ആളുകളുടെ വായനയുടെ സമയം ചുരുങ്ങുന്നതാണ് ഒരു വെല്ലുവിളി, ഡിജിറ്റൽ മാധ്യമ രംഗത്തും സജീവമായിക്കൊണ്ടാണ് ഈ വെല്ലുവിളിയെ നേരിടുന്നത്.
മറ്റ് ബിസിനസ് പ്രസിദ്ധീകര ണങ്ങളെ അപേക്ഷിച്ച് ധനത്തെ വ്യത്യസ്‌തമാക്കുന്നത് എന്തൊക്കെയാണ്?
ഉള്ളടക്കത്തിന്‍റെ മേന്മയും ആധികാരികതയും ആണ് ധനത്തെ വേറിട്ട് നിർത്തുന്നത്. വായനക്കാരുടെ ആവശ്യങ്ങൾ മാറുന്നതനുസരിച്ച് ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തുകയും ഗഹനമായ സാമ്പത്തിക വിഷയങ്ങൾ പോലും ലളിതമായി സാധാരണക്കാരർക്ക് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. നിക്ഷേപ മാർഗനിർദേശങ്ങളും ബിസിനസ് അവസരങ്ങളുമുൾപ്പെടെ വായനക്കാർക്ക് ഉപയോഗപ്പെടുത്തി നേട്ടമുണ്ടാക്കാവുന്ന ഉള്ളടക്കമാണ് ധനത്തിന്‍റെത്. വായനക്കാർക്ക് അറിവും പ്രചോദനവും പകരുന്ന വാർത്തകളും ലേഖനങ്ങളും ആണ് ധനത്തിലുള്ളത്. ചുരുക്കത്തിൽ പോസിറ്റീവ് ജേർണലിസമാണ് ധനത്തിന്‍റെ മുഖമുദ്ര.
കുടുംബം
ഭർത്താവ് കുര്യൻ ഏബ്രഹാം ധനത്തിന്‍റെ ചെയർമാനും ചീഫ് എഡിറ്ററും ആണ്. മൂന്ന് ആൺകുട്ടികളും ബിസിനസിൽ സജീവമാണ്.
ജോലി സംബന്ധമായ സമ്മർദ്ദങ്ങളെ എങ്ങനെയാണ് തരണം ചെയ്യുന്നത്?
ജോലിയുടെ സമ്മർദ്ദം പലപ്പോഴും അനുഭവപ്പെടാറുണ്ട്. അതുപോലെ തന്നെ കാര്യങ്ങൾ ഭംഗിയായി നടക്കുമ്പോൾ നല്ല സന്തോഷവും തോന്നും. അങ്ങനെ അത് ബാലൻസ് ചെയ്‌ത് പൊയ്ക്കൊള്ളും. രാവിലത്തെ ചെറിയ വ്യായാമം ദിനചര്യയുടെ ഭാഗമാണ്. ജോലിക്ക് പുറമെ മറ്റു സംഘടനകളിൽ പ്രവർത്തിക്കുന്നതും സന്തോഷം പകരുന്ന കാര്യമാണ്. കേരള മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ വിമൻ മാനേജേഴ്‌സ് ഫോറത്തിന്‍റെ ചെയർപേഴ്സനും വിമൻ എൻട്രപ്രെനേഴ്‌സ് നെറ്റ്‌വർക്ക് (WEN)ന്‍റെപ്രസിഡന്‍റും ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ WENന്‍റെ കോർ അഡ്‌വൈസറി മെമ്പർ ആണ്. പുതുതായി രൂപം കൊണ്ട കൊച്ചി ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സ്‌ഥാപക ഡയറക്‌ടർമാരിൽ ഒരാൾ എന്ന നിലയിലും സജീവമാണ്.
ധനത്തിന്‍റെ മുന്നോട്ടുള്ള ചുവടുവയ്‌പുകൾ?
ഡിജിറ്റൽ മീഡിയ, ബിസിനസ് ഇവ്സ് രംഗങ്ങളിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതോടൊപ്പം ഒരു ന്യൂ ഏജ് ബിസിനസ് മീഡിയ എന്ന നിലയിൽ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറുക എന്നതാണ് ലക്ഷ്യം.
കുടുംബത്തിന്‍റെ പിന്തുണ
സാറിന്‍റെ പിന്തുണയും പ്രോത്സാഹനവുമാണ് ഈ രംഗത്ത് എന്തെങ്കിലും ചെയ്യാൻ എന്നെ സഹായിച്ചത്. കാരണം എന്‍റെ പഠനം, പശ്ചാത്തലം വേറെ ആയിരുന്നല്ലോ. അതുപോലെ തന്നെ കുടുംബത്തിൽ എല്ലാവരും നല്ല പിന്തുണ നൽകി. എന്‍റെ അമ്മ ടീച്ചർ ആയിരുന്നതിനാൽ വർക്കിംഗ് വുമൺ എന്ന ആശയം ചെറുപ്പത്തിൽ തന്നെ മനസ്സിൽ കയറിപ്പറ്റിയതാണ്. എന്‍റെ മൂന്ന് ആൺകുട്ടികളും അമ്മയുടെ ജോലിത്തിരക്കുകൾ മനസ്സിലാക്കി സഹകരിച്ചതും വലിയ പിന്തുണയായി.
താങ്കളുടെ സക്‌സസ് മന്ത്ര?
തുടരെയുള്ള കഠിന പരിശ്രമം വിജയത്തിന് വളരെ പ്രധാനം ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.