ഇതു മഞ്ഞുകാലം. ചർമ്മ സംരക്ഷണത്തിനായി കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയം. തണുപ്പു കാലത്തിന്‍റെ റൊമാൻസിൽ ചർമ്മം ശ്രദ്ധിയ്ക്കാൻ മറന്നു പോയാൽ സംഗതി കുഴഞ്ഞതു തന്നെ. ചുണ്ടുകൾ വരണ്ടു പൊട്ടുക, ശരീരത്തിന്‍റെ സ്വാഭാവിക എണ്ണമയം നഷ്‌ടപ്പെടുക, കാൽപാദം വിണ്ടു കീറുക, കൈകാലുകളിൽ മൊരിച്ചിലുണ്ടാവുക തുടങ്ങിയ പ്രശ്ന‌ങ്ങൾ മഞ്ഞു കാലത്ത് രൂക്ഷമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാം. ‘കൂളായി’ തന്നെ…..

ആദ്യം തന്നെ ചർമ്മത്തിന്‍റെ സ്വഭാവം ഏതാണെന്ന് തിരിച്ചറിയണം. അതിനനുസരിച്ചുള്ള ക്രീം, ലോഷൻ, സൗന്ദര്യവർദ്ധകവസ്‌തുക്കൾ വേണം ഉപയോഗിക്കാൻ. വിപണിയിൽ പല തരത്തിലുള്ള സ്‌കിൻ കെയർ പ്രോഡക്റ്റുകൾ ലഭ്യമാണ്. വീട്ടിൽ തയ്യാറാക്കാവുന്ന സൗന്ദര്യ പരിചരണ ഉല്പന്നങ്ങളുണ്ടെങ്കിലും തിരക്കു പിടിച്ച ജീവിതത്തിൽ സമയപരിമിതിയും സൗകര്യവും കണക്കിലെടുത്ത് പലരും കോസ്മെറ്റിക്കുകൾ വാങ്ങുകയാണ് പതിവ്.

മഞ്ഞുകാലത്ത് ചർമ്മപരിപാലനത്തിൽ, വിശേഷിച്ച് മുഖ സൗന്ദര്യം നിലനിർത്തുന്നതിനു വേണ്ടി നാം വാങ്ങിക്കുട്ടുന്ന സൗന്ദര്യവർദ്ധക വസ്‌തുക്കളിൽ അമിതമായി രാസവസ്‌തുക്കൾ അടങ്ങിയതാണോ, അത് ചർമ്മത്തിന് ദോഷം വരുത്തുമോ എന്നൊക്കെ മനസ്സിലാക്കേണ്ടതാണ്. ഗുണനിലവാരമുള്ള കോസ്മെറ്റിക്കുകൾ ഉപയോഗിച്ച് മഞ്ഞുകാലത്തും മുഖ സൗന്ദര്യം നിലനിർത്താം.

ഫേയ്‌സ് വാഷ്

മഞ്ഞുകാലത്ത് സോപ്പുപയോഗിക്കരുത്. സോപ്പിന്‍റെ ഉപയോഗം ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. ചർമ്മത്തിന്‍റെ സ്വാഭാവിക മൃദുലത നഷ്ടമാക്കും. ഫേയ്‌സ് വാഷുപയോഗിച്ച് മുഖം വൃത്തിയായി കഴുകുന്നത് ചർമ്മത്തിന്‍റെ മൃദുത്വവും കാന്തിയും നിലനിർത്തുന്നതിന് ഏറെ സഹായകമാണ്. പല പ്രമുഖ കമ്പനികളും നാച്വറൽ ഉല്പ്‌പന്നങ്ങളടങ്ങിയ ഫേയ്സ് വാഷ് നിർമ്മിക്കുന്നുണ്ട്.

ബയോടെക് മാനേജിംഗ് ഡയറക്‌ടറുടെ അഭിപ്രായത്തിൽ, “സോപ്പ് ഫ്രീ നാച്വറൽ പ്രോഡക്റ്റുകൾ കൊണ്ടു തയ്യാറാക്കിയ ഫേയ്‌സ് വാഷ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇതിനായി ആദ്യം തന്നെ പൊടി, അഴുക്ക്, മേക്കപ്പ് ഇവ ശരിയായി തുടച്ചു നീക്കണം. വരണ്ട ചർമ്മത്തിനും സാധാരണ ചർമ്മത്തിനും ഹണി ജെല്ലും എണ്ണമയമുള്ള ചർമ്മത്തിന് പൈനാപ്പിൾ ജെല്ലും അനുയോജ്യമാണ്. ഫ്രൂട്ട് ജ്യൂസു കൊണ്ട് തയ്യാറാക്കിയ ഫേയ്‌സ് വാഷ് ഏറെ ഗുണകരമാണ്. തികച്ചും പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഫേയ്‌സ് വാഷിന് വില അൽപം കൂടുതലായിരിക്കും.”

ക്ലെൻസിംഗ്, ടോണിംഗ്

ചർമ്മത്തിന്‍റെ ദീർഘകാല ആരോഗ്യത്തിന് ശരിയായ പരിചരണം ആവശ്യമാണ്. ഫേയ്‌സ് വാഷ് ഉപയോഗിച്ച് കഴുകിയതു കൊണ്ടുമാത്രം മുഖം വൃത്തിയാവണമെന്നില്ല. ക്ലെൻസർ ചർമ്മത്തിലാഴ്ന്നിറങ്ങി രോമകൂപങ്ങളിൽ നിന്നും അഴുക്ക് നീക്കം ചെയ്യുന്നു. തുറന്ന രോമക്കുപങ്ങൾ അടയ്ക്കുന്നതിനാണ് ടോണറുപയോഗിക്കുന്നത്. സാധാരണ ചർമ്മവും വരണ്ട ചർമ്മവുമുള്ളവർ ക്ലെൻസിംഗ് മിൽക്ക് ഉപയോഗിക്കാം. എണ്ണമയമുള്ളവർ ആൽക്കഹോളടങ്ങിയ ഡീപ്പ് ക്ലെൻസറുപയോഗിക്കണം. ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസറും ടോണറും വേണം ഉപയോഗിക്കേണ്ടത്.

സ്ക്രബ്ബിംഗ്

ചർമ്മസംരക്ഷണത്തിൽ സ്ക്രബ്ബിംഗിന് വലിയ പ്രാധാന്യമുണ്ട്. സ്ക്രബ്ബിംഗിലുടെ ചർമ്മത്തിലെ മൃതകോശങ്ങൾ നീങ്ങുന്നതോടൊപ്പം ചർമ്മത്തിനു മൃദുലതയും സ്‌നിഗ്‌ധതയും കൈവരും. ഇത് മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖം പട്ടു പോലെ മിനുമിനുത്തതാകും. (ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ സ്ക്രബ്ബ് ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് ഡർമറ്റോളജിസുകൾ അഭിപ്രായപ്പെടുന്നു.

മോയ്സ്ചറൈസർ- കോൾഡ് ക്രീം

സാധാരണ ചർമ്മമുള്ളവർക്കും ശൈത്യകാലത്ത് മോയ്‌സ്‌ചറൈസർ ഉപയോഗിക്കാം. വരണ്ട ചർമ്മമുള്ളവർക്ക് കോൾഡ് ക്രീമുപയോഗിച്ച് ചർമ്മത്തിലെ ഈർപ്പം നിലനിർത്താം.

ഫേയ്‌സ് പായ്ക്ക്

ഓരോ ചർമ്മക്കാർക്കുമിണങ്ങുന്ന വൈവിദ്ധ്യമാർന്ന ഫേയ്‌സ് പായ്ക്കുകൾ വിപണിയിൽ ലഭ്യമാണ്. മുഖത്തെ ചുളിവുകളും പാടുകളുമകറ്റി മുഖത്തിന് അഴകു നൽകുന്നു. 25 വയസ്സിനു ശേഷം ഫേയ്‌സ് പായ്ക്ക് ഉപയോഗിച്ചു തുടങ്ങാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

റെഡി മെയ്‌ഡ് ഫേയ്‌സ് പായ്ക്ക് ആഴ്‌ചയിൽ രണ്ടു തവണ മുഖത്തിടാം. മുഖം ഫേയ്‌സ് വാഷ് കൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ക്രീം പുരട്ടി 10 മിനിറ്റോളം മസാജ് ചെയ്യാം. ടിഷ്യു പേപ്പർ കൊണ്ട് മുഖം തുടച്ചു വൃത്തിയാക്കിയ ശേഷം കൺതടവും ചുണ്ടുമൊഴികെയുള്ള ഭാഗങ്ങളിൽ ഫേയ്‌സ് പായ്ക്ക് പുരട്ടാം. മുഖം വലിഞ്ഞു തുടങ്ങുമ്പോൾ ഫേയ്‌സ് പായ്ക്ക് കഴുകി ക്കളയാം.

അറിയുമോ?

  • ശരീരത്തിൽ സുര്യപ്രകാശമേൽക്കുന്ന ഭാഗത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിനു മുമ്പായി സൺസ്ക്രീൻ ലോഷൻ പുരട്ടാം.
  • രാത്രി ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് തുടച്ചു നീക്കണം.
  • ഇളം ചൂടുവെള്ളത്തിൽ കൈകാലുകൾ കഴുകി ഹാന്‍റ് ലോഷനും ഫുട്ട് ക്രീമും പുരട്ടുന്നത് കൈകാലുകളിലെ മൊരിച്ചിൽ അകറ്റും. ത്വക്കിന്‍റെ മൃദുലതയും കാന്തിയും വർദ്ധിക്കും.
  • കൺതടങ്ങൾക്കു ചുറ്റിൽ കറുപ്പു നിറമുണ്ടെങ്കിൽ നല്ല ഗുണനിലവാരമുള്ള കമ്പനിയുടെ അണ്ടർ ഐ ക്രീം കണ്ണിനു ചുറ്റും പുരട്ടണം. ബദാം എണ്ണ പുരട്ടുന്നതും നല്ലതാണ്.
  • സൗന്ദര്യവർധക വസ്‌തുക്കൾ ഏറെ ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കാൻ.
  • കേശ പരിപാലനത്തിലും ഈ സമയത്ത് മതിയായ ശ്രദ്ധ നൽകണം. കേശ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാലം കൂടിയാണ് മഞ്ഞുകാലം.
  • ഇളം ചൂടുവെള്ളത്തിൽ കുളിക്കുക. ചുട് അമിതമായാൽ ശരീരത്തിന്‍റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെട്ട് ചർമ്മം പെട്ടെന്ന് വരണ്ടു പോകും. ക്രീം ബേസ്‌ഡ്/ ഗ്ലിസറിനടങ്ങിയ സോപ്പ് കുളിക്കാൻ ഉപയോഗിക്കാം. ലിക്വിഡ് ബോഡി സോപ്പ് വിപണിയിൽ ലഭ്യമാണ്. ബോഡി സ്‌പഞ്ചുപയോഗിച്ചുള്ള തേച്ചുകുളി ശരീരത്തിൽ രക്തതയോട്ടം വർദ്ധിപ്പിക്കും.
  • ഫുട്ട് സ്ക്രാപ്പർ ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ പാദങ്ങൾ വിണ്ടു കീറുന്നതു തടയാനാകും.
  • ആഴ്ച്‌ചയിൽ 3 തവണയെങ്കിലും ബോഡി സ്ക്രബ്ബു കൊണ്ട് തേച്ചുകുളിക്കുക. മൃതകോശങ്ങൾ നീങ്ങി ചർമ്മത്തിനു നല്ല തിളക്കം കൈവരും.
  • കുളിക്കുന്ന വെള്ളത്തിൽ 2-3 തുള്ളി ഒലിവ് ഓയിൽ ചേർക്കാം. ഫ്രഷ്നെസ് ലഭിക്കും.
  • കുളിക്കുന്നതിനു 10 മിനിറ്റു മുമ്പ് ഒലിവ് ഓയിൽ, ബദാം ഓയിൽ, കടുകെണ്ണ ഇവയിലേതെങ്കിലുമൊന്ന് ശരീരത്തിൽ തേച്ച് പിടിപ്പിക്കുക.
  • കുളിച്ചതിനു ശേഷം മോയ്‌സ്‌ചറൈസിംഗ് ബോഡി ലോഷൻ പുരട്ടാം.
और कहानियां पढ़ने के लिए क्लिक करें...