ഉയർന്ന ഉദ്യോഗം, സുഖസൗകര്യങ്ങളോടു കൂടിയ വീട്, സാമ്പത്തിക ഭദ്രത, ചുറുചുറുക്കുള്ള രണ്ട് മിടുക്കി കുട്ടികൾ. ശരിക്കുമൊരു മാതൃകാ കുടുംബമാണ് നയനയുടേത്. പക്ഷേ പെട്ടെന്ന് നയനയും ഭർത്താവും തമ്മിൽ പിണങ്ങാൻ എന്താണ് സംഭവിച്ചത്?

“എന്‍റെ കരിയർ…വീട് പോലെ തന്നെ എനിക്ക് പ്രധാനമാണ്. കുട്ടികളെ നോക്കുകയെന്നത് എന്‍റെ മാത്രം ഉത്തരവാദിത്തമല്ലല്ലോ? വീട്ടുകാര്യങ്ങളിൽ കിരൺ ഒരു തരത്തിലും സപ്പോർട്ടീവ് അല്ല. ഡിവോഴ്സല്ല പരിഹാരം എന്ന് നന്നായറിയാം. പക്ഷേ റിസൈൻ ചെയ്യാൻ ഞാൻ ഒരുക്കമല്ല.” തന്‍റെ ഭാഗം ന്യായീകരിച്ച് സംസാരിക്കാനാണ് നയന ശ്രമിച്ചത്.

നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം സ്ത്രീകൾക്കുമിന്ന് ഉദ്യോഗമുണ്ട്. വീട്ടമ്മയുടെ കടമകളും ഓഫീസ് കാര്യങ്ങളും ശ്രദ്ധിക്കേണ്ടി വരുമ്പോൾ സ്ത്രീകൾ മാനസികമായും ശാരീരികമായും തളർന്നു പോകുന്നു. സമയക്കുറവും ഇവരെ അലട്ടുന്ന പ്രശ്‌നമാണ്. ഓഫീസ് ജോലി, യാത്ര, അടുക്കള ഭരണം, കുട്ടികളുടെ പരിചരണം, ഷോപ്പിംഗ്… ദിവസത്തിൽ 24 മണിക്കൂർ പോരെന്ന തോന്നലും… ഇതു മാത്രമല്ല ഈഗോ, ടെൻഷൻ, പരസ്‌പരം കുറ്റപ്പെടുത്തൽ എല്ലാം ഉദ്യോഗസ്‌ഥരായ ദമ്പതിമാർക്കിടയിൽ കൂടുതൽ രുക്ഷമാണ്. നിസ്സാരമായി തുടങ്ങുന്ന വഴക്കുകൾ ചിലപ്പോൾ വിവാഹമോചനം വരെ കൊണ്ടെത്തിച്ചെന്നും വരും. കുടുംബവും കരിയറും ബാലൻസ്‌ഡായി കൊണ്ടു പോവുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഒന്നാമതായി മുൻഗണന നല്‌കുന്ന രീതി, രണ്ടാമതായി സന്തുഷ്‌ട ദാമ്പത്യജീവിതത്തിനു നല്കുന്ന പരിഭാഷ.

ഇന്ന് ഉദ്യോഗം സ്ത്രീകൾക്ക് വെറുമൊരു നേരമ്പോക്കല്ല. വിദ്യാസമ്പന്നയെങ്കിൽ തന്‍റെ കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടുത്തുവാനും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനും സ്ത്രീ ശ്രമിക്കുന്നു. വീട്, ഓഫീസ് ഉത്തരവാദിത്തങ്ങൾ വളരെ ഭംഗിയായി നിർവ്വഹിക്കാനും പെർഫെക്റ്റ് വുമൺ ആവാനും ശ്രമിക്കുമ്പോഴാണ് പലരുടേയും ജീവിതത്തിൽ പ്രശ്ന‌നങ്ങൾ തലപൊക്കുന്നതെന്ന് സാമൂഹ്യ ശാസ്ത്രജ്‌ഞന്മാർ അഭിപ്രായപ്പെടുന്നു.

“സ്വന്തം കഴിവിലുള്ള അമിതമായ വിശ്വാസവും കാര്യങ്ങൾ പെർഫെക്‌ടായി ചെയ്യണമെന്ന സൂപ്പർ വുമൺ ചിന്താഗതിയുമൊക്കെയാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. തനിക്ക് ചെയ്യാൻ സാധിക്കും എന്ന് ഉറപ്പുള്ള ദൗത്യം മാത്രം ഏറ്റെടുക്കുക. ഓഫീസിൽ കോംപ്രമൈസ് സാധ്യമല്ലെന്നതിനാലാണ് പലരും ടെൻഷൻ വീട്ടിലെത്തിക്കുന്നത്. കുടുംബാംഗങ്ങൾ വിശേഷിച്ച് ഭർത്താവും കുട്ടികളും സ്ത്രീയുടെ ഈ അവസ്‌ഥ മനസ്സിലാക്കേണ്ടതുണ്ട്. കുടുംബജീവിതവും കരിയറും കൈകോർത്തു കൊണ്ടുപോകാൻ സ്ത്രീയ്ക്ക് കുടുംബാംഗങ്ങളുടെ സഹായവും സഹകരണവും അനിവാര്യമാണ്.”  ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഡോ. മേഘ പറയുന്നു.

ഓൾറൗണ്ടർ

ഓഫീസ് ജോലികളും വീട്ടുത്തരവാദിത്തങ്ങളും ഭംഗിയായി നിർവ്വഹിക്കുന്നതിൽ സ്ത്രീകൾ മിടുക്കരാണെന്ന് ആർക്കാണറിയാത്തത്. ഒരേസമയം ധാരാളം കാര്യങ്ങൾ ചെയ്‌തു തീർക്കാൻ അവർക്ക് സാധിക്കും. പുരുഷന്മാരെ അപേക്ഷിച്ച് ലോല ഹൃദയമാണ് സ്ത്രീയുടേതെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് സധൈര്യം മുന്നോട്ട് പോകാനുള്ള കരുത്തും അവൾക്കുണ്ട്. മുമ്പ് കുടുംബസാഹചര്യങ്ങൾ ഭദ്രമാക്കുന്നതിനു പലപ്പോഴും സ്ത്രീകൾ ഉദ്യോഗം ഉപേക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് കരിയർ ഓറിയന്‍റഡ് ആണ് സ്ത്രീകൾ. സ്വന്തം കരിയർ ഗ്രാഫ് അവലോകനം ചെയ്യാനുള്ള കഴിവും അവർക്കുണ്ട്.

“കുട്ടികൾക്കൊപ്പം അധിക സമയം ചെലവഴിക്കാനാവുന്നില്ലെന്നത് ഉദ്യോഗസ്‌ഥകളിൽ ടെൻഷനുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ കുട്ടികൾക്കൊപ്പം മുഴുവൻ സമയവും വിനിയോഗിക്കാൻ സാധിക്കാറില്ലല്ലോ. അവരിലെ മുറുമുറുപ്പ് കുഞ്ഞിന്‍റെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കും. ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തിയാൽ തന്നെ മനസ്സിൽ ആത്‌മസംതൃപ്തിയും ഫ്രഷ്‌നസ്സും ഉണ്ടെന്നതിനാൽ ഞാനൊരിക്കലും കുട്ടികളെ ശകാരിക്കാറില്ല” കോർപ്പറേറ്റ് സെക്റ്ററിൽ ഉദ്യോഗസ്‌ഥയായ മാളവിക പറയുന്നു.

“അച്‌ഛന്‍റെയും അമ്മയുടെയും സ്നേഹവും ലാളനയുമേറ്റു വേണം കുഞ്ഞ് വളരുവാൻ. കുഞ്ഞിന്‍റെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർക്ക് യഥാസമയം സപ്പോർട്ട് നല്‌കുവാനും രക്ഷിതാക്കൾ തയ്യാറാവണം. ഈയൊരു സാഹചര്യത്തിലാണ് പലപ്പോഴും സ്ത്രീകൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നത്. മിക്ക പുരുഷന്മാരും സ്ത്രീയുടെ ഭാഗത്തു നിന്നും ഈയൊരു മികവ് പ്രതീക്ഷിക്കുന്നുണ്ട്.” കുട്ടികളുടെ മനഃശാസ്ത്രജ്‌ഞർ അഭിപ്രായപ്പെടുന്നു. എല്ലാ രംഗത്തും സ്ത്രീകൾ കഴിവും മികവും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. മുഴുവൻ സമയവും കരിയറിനായി ചെലവഴിക്കാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിപാലനത്തിനുമായി മാറ്റി വയ്ക്കാൻ സാധിക്കണം.

കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയം മതിയാവുന്നില്ലെന്ന പരാതിയുമായി ജീവിക്കുന്ന സ്ത്രീകളുമുണ്ട്. ഉദ്യോഗം ഉപേക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ പരിഭവത്തോടെ ജീവിക്കുന്നതിനു പകരം കിട്ടുന്ന സമയം കുട്ടികൾക്കൊപ്പം സന്തോഷത്തോടെ ചെലവഴിക്കുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുകയാണ് വേണ്ടത്. ഓഫീസ് ജോലികൾ ഓഫീസിൽ തന്നെ ചെയ്‌തു തീർക്കുക. വീട്ടിലിരുന്ന് ഓഫീസ് വർക്ക് ചെയ്യുന്ന ശീലം വേണ്ട. പെന്‍റിംഗ് വർക്കുണ്ടെങ്കിൽ ഒരു മണിക്കൂർ ഓഫീസിൽ അധികമിരുന്ന് ചെയ്‌തു തീർക്കാം.

അടുക്കും ചിട്ടയും

ഉദ്യോഗസ്‌ഥയായ സ്ത്രീ കരിയറും കുടുംബവും ഒരുപോലെ മികവുറ്റതാക്കാൻ ജീവിതത്തിൽ ചിട്ടയും സമയക്രമീകരണവും പാലിക്കുകതന്നെ വേണം. ദിവസവും പച്ചക്കറി പർച്ചേസ് ചെയ്യുന്നതിനു പകരം ഒരാഴ്ച്ചയ്‌ക്കുള്ളത് ഒന്നിച്ചു വാങ്ങി വയ്ക്കുക. ഇന്ന് ഓൺലൈൻ ഷോപ്പിംഗ് പോലുള്ള അത്യാധുനിക സൗകര്യങ്ങളുമുണ്ട്. അവധി ദിവസങ്ങൾ വീട്ടുജോലികൾക്കും പുറം ജോലികൾക്കുമായി മാറ്റി വയ്ക്കാതെ ടെൻഷൻ ഫ്രീയായി കുട്ടികൾക്കൊപ്പം ചെലവഴിക്കുക. വീട്ടിൽ അധിക ജോലിയുണ്ടെങ്കിൽ സഹായത്തിനായി ഒരു ജോലിക്കാരിയെ നിയമിക്കാം. ഇതൊക്കെ നിസ്സാര ജോലികളല്ലെ, എനിക്ക് ചെയ്തു തീർക്കാവുന്നതേയുള്ള എന്ന് ചിന്തിക്കുന്ന സ്ത്രീകളുണ്ട്. പല നിസ്സാര ജോലികൾ ചേരുമ്പോൾ കൂടുതൽ സമയം അതിനായി നഷ്‌ടമാവുന്നുണ്ടെന്നോർക്കുക. നിങ്ങൾ ചെയ്ത‌ാലെ ശരിയാവൂ എന്ന് ചിന്തിക്കാതെ ജോലികളിലൊരു ഭാഗം വീട്ടിലെ മറ്റംഗങ്ങൾക്ക് വീതിച്ച് കൊടുക്കുക.

और कहानियां पढ़ने के लिए क्लिक करें...