സംഗതി കടലാസാണെങ്കിലും ഇതിന് കടലാസു വില മാത്രമാണെന്ന് വിചാരിക്കരുത്. പേപ്പർ ആഭരണങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പുതു തലമുറക്കാർക്ക് പ്രിയങ്കരമാണ് പേപ്പർ ജ്വല്ലറി. കല്ലും മുത്തും ബീഡ്സും വിവിധ മെറ്റീരിയലുകളിൽ തയ്യാറാക്കി ആഭരണങ്ങൾ അണിയാൻ ഏവർക്കും ഇഷ്ടമാണ്. മെറ്റലിലോ സ്വർണ്ണത്തിലോ ഉള്ള ഭാരിച്ച ആഭരണങ്ങൾ അണിഞ്ഞ് കാത് തൂങ്ങി പോകും എന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പേപ്പർ ജ്വല്ലറിക്ക്  ഇല്ല. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ഇഷ്‌ടപ്പെടുന്നവർക്ക് ഇവ അണിഞ്ഞ് കൂടുതൽ ഫാഷനബിളാകാം. കൂൾ മോഡേൺ ലുക്ക് നൽകാൻ പേപ്പർ ആഭരണങ്ങൾ സഹായിക്കും കൂടാതെ സ്വന്തം കലാഭിരുചി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഒറ്റ നോട്ടത്തിൽ തന്നെ ബ്യൂട്ടിഫുൾ എന്ന് പ്രശംസ പിടിച്ചു പറ്റുന്ന ഈ സ്റ്റൈലൻ ആഭരണങ്ങൾക്ക് ആരാധകർ ഏറെയാണ്.

ഇഷ്ടമുള്ള രൂപത്തിലും നിറത്തിലും വലിപ്പത്തിലും സ്വയം തയ്യാറാക്കാനും കഴിയും എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. പേപ്പർ റോൾ ചെയ്തും ക്വിലിംഗ് ടെക്നിക് ഉപയോഗിച്ചും അൽപം സർഗ്ഗാത്മകത ഉപയോഗിച്ച് ഇഷ്ടമുള്ള ആഭരണങ്ങൾ ഇഷ്ടമുള്ള ഡിസൈനിൽ നിർമ്മിക്കാം. വ്യത്യസ്‌ത തരം വർണ്ണക്കടലാസുകൾ, നേർത്ത കമ്പി, നൂൽ, ഇയർ ലൂപ്‌സ്, പഴയ ഇയർ ടോപസ് എന്നിവ മാത്രം മതി മനോഹരമായ പേപ്പർ ആഭരണങ്ങൾ തയ്യാറാക്കാൻ. ഉപയോഗ ശൂന്യമായ പഴയ ഇയർ ടോപ്‌സിന് മുകളിൽ ഒട്ടിച്ചും ഫാഷൻ ട്രെൻറ് സൃഷ്ടിക്കാം.

  • ഇഷ്ടനിറത്തിലുള്ള പേപ്പർ നീണ്ട ത്രികോണാകൃതിയിൽ മടക്കി 2 സെ.മീ. വീതി, 9 സെ.മീ. നീളം, 1 സെ.മീ. വീതി, 10 സെ.മീ. നീളം എന്നീ അളവുകളിലായി വെട്ടിയെടുക്കുക.
  • തുന്നൽ സൂചിയുടെ തടിച്ച അഗ്രം കൊണ്ട് പേപ്പർ കഷണം റോൾ ചെയ്തശേഷം രണ്ട് അറ്റവും പശ തേച്ച് ഒട്ടിക്കുക. ഇപ്രകാരം പേപ്പർ കഷണങ്ങൾ ഉപയോഗിച്ച് മുത്തുകൾ തയ്യാറാക്കാം.
  • ഇനി നൂലെടുത്ത് ഒരറ്റത്ത് കെട്ടിട്ട ശേഷം മറ്റേ അറ്റത്തുകൂടി ഒരു വലിയ മുത്ത്, ഒരു ചെറിയ മുത്ത് എന്ന ക്രമത്തിൽ ഓരോന്നായി കോർക്കുക. ഇഷ്ട‌മനുസരിച്ച് മാലയുടെ നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
  • ഇപ്രകാരം നിങ്ങൾക്ക് ബ്രേസ്‌ലെറ്റ് തയ്യാറാക്കാം.
  • ഡാംഗ്ളർ തയ്യാറാക്കണം എന്നുണ്ടെങ്കിൽ ഒരു വലിയ മുത്ത് നേർത്ത കമ്പിയിൽ കോർത്ത് ഇയർ ലൂപ്പിൽ കെട്ടിയിട്ട് ഡാംഗ്ളർ തയ്യാറാക്കാം.

പെൻഡന്‍റും ഡാംഗ്‌ളറും

പേപ്പർ ക്വിലിംഗ് ഉപയോഗിച്ച് പെൻഡൻറും ഡാംഗ്ളറും തയ്യാറാക്കാം. അതിനായി അര സെ.മീ. വീതിയിലും 12 സെ.മീ. നീളത്തിലുമായി പേപ്പർ മുറിച്ചെടുക്കണം. മുറിച്ചെടുത്ത പേപ്പർ കഷണത്തിന്‍റെ ഒരറ്റം ചുരുട്ടി അല്‌പം ലൂസാക്കിയശേഷം അറ്റത്ത് പശ തേച്ച് ഒട്ടിക്കാം. ഇപ്രകാരം കിൽഡ് ബീഡ്‌സ് തയ്യാറാക്കുക. ഇനി പേപ്പർ റോൾ ചെയ്ത് ബീഡ് തയ്യാറാക്കണം. അതിനു ശേഷം ഒരു കമ്പിയിൽ കിൽഡ് ബീഡ്, ചെറിയ ബീഡ്, വലിയ പേപ്പർ റോൾ എന്നീ ക്രമത്തിൽ കോർത്ത് മനോഹരമായ ഡാംഗ്ളർ തയ്യാറാക്കാം. ഇതുപോലെ തന്നെ ഇഷ്ടമുള്ള ആകൃതിയിലും ഡിസൈനിലും പെൻഡന്‍റ് തയ്യാറാക്കാം.

ഇത്തരം പേപ്പർ ബീഡ്‌സ് കൊണ്ട് ആഭരണങ്ങൾ മാത്രമല്ല, ഇഷ്‌ടമുള്ള കലാ രൂപങ്ങളും തയ്യാറാക്കാം. കലാഭിരുചി ഉള്ളവർക്ക് ഗ്രീറ്റിംഗ് കാർഡുകൾ, ഡെക്കറേറ്റീവ് പാനൽ, ഫോട്ടോ ഫ്രെയിമിന്‍റെ ബോർഡർ, അലങ്കാര തൂക്കങ്ങൾ, കർട്ടൻ ഹുക്കുകൾ എന്നിവ പേപ്പർ ക്വിലിംഗ് ഉപയോഗിച്ച് സുന്ദരമാക്കാം. സ്വർണ്ണം കൊണ്ടുള്ള ആഭരണങ്ങൾക്ക് വില കൂടിയിരിക്കുന്ന സാഹചര്യത്തിൽ പേപ്പർ ആഭരണങ്ങൾ ധരിച്ച് ഫാഷനബിളാകാം…

और कहानियां पढ़ने के लिए क्लिक करें...