മുംബൈയിലെ പ്രശസ്‌തമായ ഒരു ബീജ ബാങ്ക്. യാതൊരു കൂസലുമില്ലാതെ സുന്ദരനായൊരു യുവാവ് ആ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നു. ഏകദേശം അരമണിക്കൂറിനു ശേഷം അയാൾ പുറത്തേക്കിറങ്ങിപ്പോയി. താൻ എന്ത് ജോലിയാണ് ചെയ്തു മടങ്ങുന്നതെന്നും അതിന്‍റെ അനന്തരഫലമെന്തായിരിക്കുമെന്നും ആ യുവാവിന് നല്ല നിശ്ചയമുണ്ട്. മാത്രമല്ല, ഭാവിയിൽ അസംഖ്യം കുഞ്ഞുങ്ങളുടെ അജ്‌ഞാതനായ പിതാവുമാകാം താനെന്നും അയാൾക്ക് നല്ല നിശ്ചയമുണ്ട്.
ഇതൊരു സാങ്കൽപിക കഥയോ റൊമാന്‍റിക് സിനിമയിലെ രംഗമോ അല്ല. പച്ചയായ യാഥാർത്ഥ്യമാണ്. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ഈ യുവാവ് ഒരു ബീജബാങ്കിൽ തന്‍റെ ബീജം ദാനം ചെയ്‌തശേഷം മടങ്ങിപ്പോവുകയാണയാൾ. ആഴ്‌ചയിൽ രണ്ട് തവണ അയാൾ ഈ ബാങ്ക് സന്ദർശിക്കും. ഓരോ വിസിറ്റിലും ചെറിയ പ്രതിഫലവും കിട്ടും.
കഴിഞ്ഞ ഒന്നര വർഷമായി ബീജം ഡൊണേറ്റ് ചെയ്യുന്ന ഈ യുവാവ് പറയുന്നതിങ്ങനെ, “ചില്ലറ ചെലവുകൾ നടത്താൻ ഈ പണം ധാരാളമാണ്. ഇത്രയും ശ്രേഷ്‌ഠമായ ജോലിക്ക് അല്പം പണം വാങ്ങുന്നതിൽ എന്ത് തെറ്റാണ്?”
25 വയസ്സുള്ള കിഷോർകുമാർ അടുത്തിടെയാണ് താനൊരു ബ്ലഡ് കാൻസർ രോഗിയാണെന്ന വിവരം അറിയുന്നത്. ഒരു പെൺകുഞ്ഞിന്‍റെ പിതാവായ അയാൾക്ക് ഒരു കുഞ്ഞു കൂടി വേണമെന്ന് തീവ്രമായ മോഹം. അയാളുടെ ബീജം എത്രയും പെട്ടെന്ന് സ്പേം ബാങ്കിൽ സൂക്ഷിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഭാവിയിൽ ആവശ്യമായി വരുന്ന സമയത്ത് ബീജസംയോഗത്തിനായി ഉപയോഗപ്പെടുത്താമെന്ന് കരുതിയായിരുന്നു ഈ വിദഗ്ധോപദേശം. മാത്രമല്ല, ചികിത്സ അയാളുടെ പ്രത്യുല്പാദന ശേഷിയെ ബാധിച്ചേക്കാമെന്ന ആശങ്കയും ഡോക്ടർമാർക്ക് ഉണ്ടായിരുന്നു.
വിദേശ രാജ്യങ്ങളിൽ രോഗികളുടെ സ്പേം ഇപ്രകാരം സ്പേം ബാങ്കിൽ സൂക്ഷിച്ചു വയ്ക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഈ രീതി അത്ര സാധാരണമല്ല. ഇതൊരു ബാക്ക്അപ്പ് ഇൻഷുറൻസ് പോളിസിയാണ്. ഭാവിയിൽ ഒരു കുഞ്ഞ് വേണമെന്ന് മോഹമുദിച്ചാൽ സ്വന്തം ബീജമുപയോഗിച്ച് സന്താനോല്‌പത്തി സാക്ഷാത്കരിക്കാവുന്ന പദ്ധതി.
ബീജ ബാങ്കിന്‍റെ ആവശ്യകത
ഇന്ത്യയിൽ ഇപ്പോഴുള്ള ബീജ ബാങ്കുകളെല്ലാം തന്നെ ഉന്നതനിലവാരം പുലർത്തുന്നവയാണ്. സ്പേം ഡൊണേഷനും പ്രിസർവേഷനും സ്‌റ്റോറേജിനും പ്രത്യേകം പ്രത്യേകം നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. ആവശ്യക്കാർക്ക് വേണ്ട സേവനങ്ങൾ നൽകുന്നതോടൊപ്പം സ്പേം ഡൊണേറ്റ് ചെയ്യാൻ താല്പര്യപ്പെടുന്നവരിൽ നിന്നും നിബന്ധനകൾക്കനുസൃതമായി ബാങ്കുകൾ സ്പേം സ്വീകരിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള ധാരാളം ബീജ ബാങ്കുകൾ ഇന്ന് ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്പേം ബാങ്കുകളിൽ സ്പേം ശേഖരിക്കാനും സൂക്ഷിച്ചുവെക്കാനുമായി ആധുനിക സംവിധാനങ്ങളുണ്ട്. മാത്രമല്ല ജനിതക, സാംക്രമികരോഗങ്ങൾ പരിശോധിക്കുവാനുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ബീജം പൂർണ്ണമായും പരിശോധനാ വിധേയമാക്കിയ ശേഷമേ ആവശ്യക്കാർക്ക് നല്‌കുകയുള്ളൂ. ഭാവിയിൽ കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ. ഇത്തരം സ്പേം ബാങ്കുകൾക്ക് പ്രധാനമായും രണ്ടുതരം സേവനങ്ങളാണുള്ളത്.
- ക്ലൈന്‍റ് വഴി നേരിട്ടുള്ള ഡൊണേഷൻ
- അനോണിമസ് ഡൊണേഷൻ
ഭാവിയിലെ ആവശ്യം മുൻനിർത്തി പുരുഷൻ നേരിട്ട് എത്തി സ്പേം സൂക്ഷിച്ചു വയ്ക്കുന്നതാണ് ആദ്യത്തെ രീതി. ഉദാഹരണത്തിന് കീമോ തെറാപ്പി ചികിത്സയ്ക്ക് വിധേയനാകും മുമ്പ് ക്യാൻസർ രോഗി തന്‍റെ സ്പേം പ്രിസർവ്വ് ചെയ്തു വയ്ക്കുന്നതു പോലെ. പ്രത്യുല്പാദനശേഷിയെ ചികിത്സ പ്രതികൂലമായി ബാധിച്ചേക്കാമെന്നതുകൊണ്ടാണ് ഈ മുൻകരുതൽ. അതുപോലെ തന്നെ വേണ്ട അളവിൽ ബീജങ്ങൾ ഇല്ലാത്തവർക്കും രഹസ്യ രോഗങ്ങളുള്ളവർക്കും ഈ സംവിധാനം പ്രയോജനപ്രദമാണ്. ചലനശേഷി കുറവുള്ള ബീജത്തിന്‍റെ വീര്യം വർദ്ധി പ്പിക്കാനും ഇത്തരം കേന്ദ്രങ്ങളിൽ ആധുനിക സംവിധാനമുണ്ട്.
സ്വന്തമിഷ്ടപ്രകാരമോ പ്രതിഫലം സ്വീകരിച്ചോ ബീജദാനം ചെയ്യുന്നവരാണ് അനോണിമസ് ഡൊണേഷനിൽ ഉൾപ്പെടുന്നത്. ഈ സ്പേം ആർക്ക് പ്രയോജനപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങൾ ഇവർക്ക് അജ്‌ഞാതമായിരിക്കും. ബീജോല്പാദനം ഒട്ടുമില്ലാത്തവർക്കോ ഐ.വി.എസ്. ചെയ്യേണ്ടി വരുന്നവർക്കോ വേണ്ടിയാണ് സ്പേം ബാങ്കുകൾ ബീജം നല്‌കുന്നത്.
സ്പേം പ്രിസർവേഷൻ
ബീജം, ബാങ്കിൽ സൂക്ഷിക്കുന്നതിന് രണ്ട് സംവിധാനങ്ങളുണ്ട്. ഷോർട്ട് ടേം പ്രിസർവേഷനും ലോംഗ് ടേം പ്രിസർവേഷനും.
ഷോർട്ട് ടേം പ്രിസർവേഷൻ
കുറച്ചുനാളത്തേക്ക് എന്തെങ്കിലും സാഹചര്യത്തിൽ പ്രത്യുല്‌പാദനക്ഷമത തടസപ്പെട്ടുപോകുന്നവർക്ക് ഡോക്‌ടറുടെ നിർദ്ദേശമനുസരിച്ച് പല തവണയായി ഹ്രസ്വകാലാടിസ്‌ഥാനത്തിൽ സ്പേം സൂക്ഷിക്കേണ്ടി വരാം. അവർക്ക് വേണ്ടിയാണ് ഷോർട്ട് ടേം പ്രിസർവേഷൻ. ആർത്തവ ക്രമക്കേട്, ബീജങ്ങൾ കുറയുക, രഹസ്യരോഗങ്ങൾ, സാംക്രമിക രോഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരെ ഉദ്ദേശിച്ചാണ് ഈ രീതി. അതുപോലെ ഭർത്താവിന് വിദേശവാസം വേണ്ടിവരുന്നതിനാൽ ഗർഭധാരണ സാധ്യതയില്ലാത്തവരും ഈ രീതി അവലംബിച്ച് കാണാറുണ്ട്.
ലോംഗ് ടേം പ്രിസർവേഷൻ
ദീർഘകാലാടിസ്‌ഥാനത്തിൽ ബീജം സൂക്ഷിച്ചു വെയ്ക്കുന്ന രീതിയാണ് ലോംഗ് ടേം പ്രിസർവേഷൻ. ക്യാൻസർ, വാസക്ടമി പോലുള്ള കാരണങ്ങളാൽ പ്രത്യുല്പാദനക്ഷമത നഷ്ടപ്പെട്ടവരാണ് ഈ രീതി സ്വീകരിക്കുന്നത്. ദീർഘകാല ചികിത്സ വേണ്ടി വരുന്നവർക്ക് മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം ബീജം ശേഖരിച്ച് സൂക്ഷിക്കേണ്ടി വരാം.
സൈനിക സേവനം നടത്തുന്ന ജവാന്മാർക്കും യുദ്ധമേഖലയിൽ റിപ്പോർട്ടിംഗ് നടത്തുന്ന പത്രപ്രവർത്തകർക്കും ഖനി തൊഴിലാളികൾക്കും പൈലറ്റുമാർക്കും ഈ രീതി ഏറെ പ്രയോജനപ്രദമാണ്. അവരുടേത് ഏറെ വെല്ലുവിളികളുള്ള തൊഴിൽ സാഹചര്യങ്ങളായതിനാലാണ് ഈ മുൻകരുതൽ.
ക്രയോ പ്രിസർവേഷൻ ടെക്നിക്
ശേഖരിച്ച് 30 മുതൽ 45 മിനിറ്റിനകം ബിജം ദ്രവരൂപത്തിലാക്കുന്നു. വൈദ്യശാസ്ത്രം ഈ പ്രക്രിയയെ ‘ലിക്വിഫിക്കേഷൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനുശേഷം പ്രത്യേക രാസവസ്‌തുവായ ക്രയോ പ്രൊഡക്റ്റ് മീഡിയവും ചേർത്ത് കുറഞ്ഞ താപമാനത്തിൽ ലേബലൊട്ടിച്ച് 0.4 മുതൽ 1.0 മില്ലിലിറ്റർ വരെ ചെറിയ ചെറിയ പ്ലാസ്‌റ്റിക് ട്യൂബുകളിലാക്കി സീൽ ചെയ്‌ത് ലിക്വിഡ് നൈട്രജനുള്ള സ്‌റ്റീൽ ട്യൂബിൽ വെച്ച ശേഷം ക്രയോ പ്രിസർവറിൽ സൂക്ഷിക്കുന്നു.
പിറ്റേദിവസം അവയിൽ നിന്ന് ഒരു ട്യൂബ് എടുത്ത് അതിലുള്ള ബീജത്തിന് എത്ര ശതമാനം ജീവനുണ്ടെന്ന് പരിശോധിച്ചു നോക്കുന്നു. സ്പേമിന്‍റെ സംഖ്യ 25 മുതൽ 40 മില്യൻ വരെയാണെങ്കിൽ സ്വീകരിക്കുകയില്ല. അതിലുമധികമാണെങ്കിൽ മാത്രമേ ഉപയോഗയോഗ്യമാവു.
അതിനുശേഷം സ്പേമിനെ ഒരു കോൾഡ് സ്‌റ്റോറേജിൽ 6 മാസത്തേക്ക് സ്‌റ്റോർ ചെയ്‌തു വയ്ക്കുന്നു. ഇതിനെ “ക്വാറൻടൈൻ പിരീയഡ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ക്വാറൻടൈൻ പിരിയഡിനുശേഷം ദാതാവിന്‍റെ (donor) ഭക്തം പരിശോധിക്കുന്നു. എച്ച്ഐവി ഹെപ്പറ്റൈറ്റിസ്, ലൈംഗികരോഗങ്ങൾ എന്നിവ ഉണ്ടോ എന്ന് അറിയാനാണ് രക്ത പരിശോധന. ദാതാവിന്‍റെ രക്തത്തിൽ അണുബാധയൊന്നുമില്ലെങ്കിൽ മാത്രമേ ബീജം കൃത്രിമ ബീജ സങ്കലനത്തിനായി ഉപയോഗിക്കുകയുള്ളൂ. പല തരത്തിലുള്ള പരിശോധനാ പ്രക്രിയകൾക്ക് വിധേയമാക്കിയശേഷം മാത്രമേ സ്പേം പ്രിസർവ് ചെയ്യൂ.
ഇൻട്രാ സെർവിക്കൽ ഇൻസെമിനേഷൻ, ഇൻട്രാ യുട്ടറൈൻ ഇൻസെമിനേഷൻ, ഇൻവിട്രോ ഫെർട്ടിലൈസേഷൻ, അഥവാ അസിസ്‌റ്റഡ് റിപ്രൊഡക്ഷൻ എന്നിങ്ങനെയുള്ള ക്യത്രിമ ഗർഭധാരണ രീതികൾക്ക് ഈ സ്പേം ഫ്രീസ് ചെയ്‌തശേഷം കുറഞ്ഞത് 6 മാസക്കാലം സ്‌റ്റോർ ചെയ്തു വയ്ക്കും. ദാതാവിന് യാതൊരു വിധ രഹസ്യരോഗങ്ങളും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ സ്പേം ഇൻസെമിനേഷനായി പ്രയോജനപ്പെടുത്താറുള്ളൂ. അതിനായി ഓരോ മൂന്നു മാസം കൂടുമ്പോഴും ഡോണറെ സ്ക്രീനിങ്ങിന് വിധേയമാക്കിക്കൊണ്ടിരിക്കും.
സെലക്ഷൻ ഓഫ് ഡോണർ
സ്പേം ദാതാവ് പാലിച്ചിരിക്കേണ്ട നിബന്ധനകൾ:
- ദാതാവിന്‍റെ ശാരീരിക മാനസികനില തൃപ്തികരമായിരിക്കണം.
- 5 അടി 6 ഇഞ്ചിനും 6 അടി 2 ഇഞ്ചിനും ഇടയിൽ ഉയരമുള്ളവരായിരിക്കണം.
- 19 വയസ്സിനും 39 വയസ്സിനുമിടയിലായിരിക്കണം പ്രായം. 39 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ സ്പേം ക്ഷമതയേറിയതായിരിക്കും. ഫ്രീസിംഗ്, തൈയിംഗ് പോലെയുള്ള പ്രോസസിന് അതേറ്റവും അനുയോജ്യമായിരിക്കും.
- ദാതാവിന്‍റെ ശരീരഭാരം ഉയരത്തിന് ആനുപാതികമായിരിക്കണം. നിശ്ചിത പ്രായം കഴിഞ്ഞവരുടേയോ പ്രായം കുറഞ്ഞവരുടേയോ സ്പേം സ്വീകരിക്കുകയില്ല. കാരണം, ഈ സമയത്ത് പലതരം ശാരീരിക അസ്വാസ്‌ഥ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയായിരിക്കും.
- ദാതാവിന് യാതൊരുവിധ ജനിതക രോഗങ്ങളും ഉണ്ടാകാൻ പാടില്ല.
- ഹോമോസെക്ഷ്വൽ ആയിരിക്കരുത്,
- സിഫിലിസ്, ഗൊണോറിയ, ഹെപ്പറ്റൈറ്റിസ്, എയ്‌ഡ്‌സ്, വൈറൽ ഡിസീസ് പോലെയുള്ള സാംക്രമിക രോഗങ്ങൾ ഉണ്ടാകാൻ പാടില്ല.