ആരായിരിക്കും ഈ നേരത്ത്…” കോളിംഗ് ബെൽ നിർത്താതെയടിക്കുന്ന ശബ്ദ‌ം കേട്ട് ലതിക തിടുക്കത്തിൽ ഡ്രോയിംഗ് റൂമിലേക്കു നടന്നു. “അമ്മേ…ഞാനാ…” അകത്തു നിന്നുള്ള ശബ്ദവും പിറുപിറുക്കലും കേട്ട് മകൾ മൃദുല ഉറക്കെ പറഞ്ഞു. “മോളേ… നീയെന്താ ഈ നേരത്തിവിടെ? ഇന്നവധിയാണോ? നീ ഇന്ന് ഓഫീസിൽ പോയില്ലേ?” എന്താ നിനക്ക് സുഖമില്ലേ?” ലതികയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു.

“മമ്മീ, ഒറ്റശ്വാസത്തിൽ ഇത്രയും ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാൻ ഞാൻ കഷ്‌ടപ്പെട്ടു പോവും. ആദ്യം ഞാനൊന്നിരിക്കട്ടെ. എന്നിട്ട് സ്വസ്‌ഥമായി എല്ലാം പറയാം.” മൃദുല ധൃതിയിൽ അകത്തേയ്ക്ക് നടന്ന് മുൻവശത്തെ വലിയ സോഫയിലേയ്ക്ക് ചാരിയിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവൾ ലതികയുടെ മുഖത്തേയ്ക്കു നോക്കി.

“ഇന്ന് അവധിയൊന്നുമല്ല, സുഖമില്ലാത്തതു കൊണ്ട് ലീവെടുത്തുവെന്നു മാത്രം. എന്താ… ഞാൻ വന്നത് മമ്മിക്ക് ഇഷ്ട‌മായില്ലേ?” മമ്മിയുടെ മുഖഭാവം കണ്ട് മൃദുല ചോദിച്ചു.

“മോളേ, നിനക്കിതെന്തു പറ്റി? മുമ്പൊരിക്കലും നീ ഇതുപോലൊന്നും സംസാരിച്ചിട്ടില്ലല്ലോ? അതിരിക്കട്ടെ മോൾ ആദ്യം കൈയും മുഖവും കഴുകിവാ അപ്പോഴേക്കും ഞാൻ മോൾക്കിഷ്ടമുള്ള ചൂടു സമോസയെടുത്തു വയ്ക്കാം.” ലതിക സ്നേഹത്തോടെ പറഞ്ഞു.

“കൈയും മുഖവും കഴുകി യൂണിഫോം മാറ്റി വന്ന് ഭക്ഷണം കഴിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ?” ദേഷ്യം കലർന്ന ശബ്ദ‌ത്തിൽ മൃദുല പറഞ്ഞു.

ശരിയാണ്. മകൾ പറഞ്ഞതിലും കാര്യമുണ്ട്. കൊച്ചു കുട്ടിയൊന്നുമല്ല മൃദുല, അവൾക്കിന്ന് ഉദ്യോഗമുണ്ട്. വിവാഹിതയാണ്. കാര്യങ്ങൾ മനസ്സിലാക്കാനും തീരുമാനം കൈക്കൊള്ളാനും കഴിവുണ്ട്. പക്ഷേ തനിക്കവൾ കൊച്ചു മൃദുലയാണ്.

ലതിക സ്നേഹത്തോടെ മൃദുലയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. മൃദുല മെല്ലെ കണ്ണു തുറന്നു. “മമ്മിയുടെ ഈ സ്നേഹം… ഈ കെയർ… മനസ്സ് വല്ലാതെ ശാന്തമായതു പോലെ. എന്തു രസമായിരുന്നു മമ്മി ആ നാളുകൾ… മമ്മി, പപ്പ. ഞാൻ, മഹേഷ് ചേട്ടൻ… അന്നൊക്കെ മമ്മിക്ക് എന്‍റെയും ഏട്ടന്‍റെയും വഴക്കു തീർക്കാനേ നേരമുണ്ടായിരുന്നുള്ളൂ.”

“എനിക്ക് ഓർമ്മയുണ്ട്.” ലതിക ഒരു നിമിഷം മൗനമവലംബിച്ചു. “മോളേ, കാലത്തിന് അതിന്‍റേതായ ഒഴുക്കുണ്ട്, ഗതിയുണ്ട്. സമയത്തെ പക്ഷിയെപ്പോലെ കൂട്ടിലിടാനോ ബന്ധിച്ചു. നിർത്താനോ സാധ്യമല്ല.” ലതിക മകൾക്കരികിൽ വന്നിരുന്നു.

“മമ്മിയോട് സംസാരിക്കുമ്പോൾ മാത്രമാണ് എനിക്കിത്രയും ആശ്വാസം തോന്നുന്നത്. ഐ ഫീൽ റിലാക്‌സ്‌ഡ്.. എല്ലാം ഇട്ടെറിഞ്ഞ് ഇങ്ങോട്ടു വരാൻ തോന്നുന്നു.”

“മോളേ, നീ വെറുതെ അതുമിതും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കാതിരിക്ക്. നീ ജനിച്ചു വളർന്ന വീടല്ലേ ഇത്. അതാ നിനക്ക് ഇത്രമാത്രം അറ്റാച്ച്‌മെന്‍റ്.” ഒരു നെടുവീർപ്പോടെ ലതിക അലക്ഷ്യമായി ദൂരേയ്ക്ക് നോക്കി.

“മമ്മീ, ഞാൻ വെറുതെ തമാശയ്ക്ക് പറയുന്നതല്ല. എനിക്കിപ്പോൾ അവിടത്തെ താമസവും ജീവിതവും മടുത്തു. വല്ലാത്ത ശ്വാസം മുട്ടൽ…” മൃദുലയുടെ കണ്ണു നിറഞ്ഞു.

“എന്താ മോളേ, നീ സുമേഷിനോട് പിണങ്ങിയോ?”

“അങ്ങനെയൊന്നുമില്ല മമ്മീ, ശരിക്കും പറഞ്ഞാൽ ഞങ്ങൾ നേരാംവണ്ണം സംസാരിച്ചിട്ട് ഒന്നുരണ്ടാഴ്ച‌ ആയിക്കാണും.”

“ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു കാര്യം… ജോലി, തിരക്ക് എന്നൊക്കെ പറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും ടെൻഷൻ തലയിലേറ്റും. മെച്ചം ഞങ്ങൾ പഴയ തലമുറക്കാർ തന്നെയായിരുന്നു. മുമ്പൊക്കെ നീ വരുമ്പോൾ സുമേഷിനെക്കുറിച്ചു മാത്രമാണല്ലോ സംസാരിച്ചിരുന്നത്. പിന്നെ പിണങ്ങാനും മാത്രം…. നാല് വർഷത്തെ പരിചയത്തിനൊടുവിലല്ലേ നിങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചതു തന്നെ. എന്നിട്ടിപ്പോ?”

“എനിക്കറിയില്ല. മുമ്പ് ഫോൺ ചെയ്യേണ്ട താമസം സുമേഷ് ചേട്ടൻ ഓടിയെത്തുമായിരുന്നു. പക്ഷേ ഇപ്പോൾ…” മൃദുല ടൗവൽ കൊണ്ട് മുഖംപൊത്തി.

“വിവാഹത്തിനു മുമ്പും പിന്നീടുമുള്ള ജീവിതം തമ്മിൽ വലിയ അന്തരമുണ്ട്. പങ്കാളിയെ സ്വാധീനിക്കാൻ നമ്മുടെ നല്ല വ്യക്തിത്വം മാത്രമാവും പ്രണയിക്കുമ്പോൾ പ്രകടിപ്പിക്കുക. എന്നാൽ…” ലതിക മകളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“മമ്മി കരുതുംപോലെ നിസ്സാരമല്ലിത്. സുമേഷ് ഇത്രയും നാൾ എന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ മറച്ചുവച്ചു. വിവാഹത്തിനു ശേഷമാണ് ഞാൻ പലതും മനസ്സിലാക്കുന്നത്. അപ്പൊഴുള്ള എന്‍റെ മാനസികാവസ്‌ഥ മമ്മിക്ക് ഊഹിക്കാവുന്നതേയുള്ളൂ…” മൃദുലയുടെ ശബ്ദമിടറി.

“മോളെ, നീ വ്യക്തമായി പറയ്. എനിക്കൊന്നും മനസ്സിലാവുന്നില്ല.”

“സുമേഷിന്‍റെ ശമ്പളത്തിന്‍റെ നല്ലൊരു പങ്കും ഇൻസ്‌റ്റോൾമെന്‍റ് അടയ്ക്കാൻ തന്നെ വേണം. ഫ്ളാറ്റ്, കാർ, ഫർണിച്ചർ… മാത്രമല്ല ഇളയ സഹോദരന്‍റെ പഠനച്ചെലവും സുമേഷാണ് നോക്കുന്നത്. ഇക്കാലത്ത് എംബിബിഎസിന് എത്ര പണം വേണ്ടി വരുമെന്ന് ഞാൻ പറയാതെ തന്നെ മമ്മിക്ക് ഊഹിക്കാമല്ലോ. നാലഞ്ചു മാസം കഴിഞ്ഞാൽ സുധയുടെ വിവാഹമാണ്. അവൾക്ക് 2 ലക്ഷം രൂപയാണ് സുമേഷ് നീക്കി വച്ചിരിക്കുന്നത്. അതും ലോണായിരിക്കും.” ആകെ അസ്വസ്‌ഥയായിരുന്നു മൃദുല.

“മൃദുലേ. ഇതിനൊക്കെ നീ എന്തിനാ വെറുതെയിങ്ങനെ തല പുകയ്ക്കുന്നത്? അതൊക്കെ സുമേഷ് നോക്കി നടത്തിക്കൊള്ളും.”

“മമ്മി പറയുന്നത്ര എളുപ്പമുള്ള കാര്യമല്ലിത്. സുമേഷ് തുറന്നു പറയുന്നില്ലെന്നേയുള്ളൂ. എന്നിൽ നിന്നും സാമ്പത്തിക സഹായം സുമേഷ് പ്രതീക്ഷിക്കുന്നുണ്ട്. ഉറപ്പാ.”

“ഏയ്… അതൊന്നുമായിരിക്കില്ല. നിനക്ക് ജോലി ഇല്ലായിരുന്നുവെങ്കിൽ..”

“അതാ മമ്മി ഞാനും പറഞ്ഞു വരുന്നത്. എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഭാവിക്കുകയാണ് സുമേഷ്. സത്യത്തിൽ അങ്ങനെയല്ല. ശരിക്കും വിശ്വാസവഞ്ചനയാണിത്. ഇതൊക്കെ വിവാഹത്തിനു മുമ്പ് അറിഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്രയധികം ടെൻഷനടിക്കേണ്ടി വരില്ലായിരുന്നു.”

“ഇടത്തരക്കാരെ സംബന്ധിച്ച് ഇതൊക്കെ അത്ര വലിയ കാര്യമല്ലായിരിക്കും. അതാ ഞാൻ അന്നേ ഈ വിവാഹത്തെ എതിർത്തത്. പക്ഷേ നിനക്കന്ന് സുമേഷ് മാത്രം മതിയായിരുന്നല്ലോ?”

“ശരിയാ മമ്മീ, അതെന്‍റെ തെറ്റായിരുന്നു. ഞാൻ മനസ്സിലാക്കുന്നു. വിവാഹത്തിന് മുമ്പ് സുമേഷ് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ, എന്തൊരു സ്‌മാർട്ടായിരുന്നു. പക്ഷേ ഇപ്പോൾ…”

“അതൊക്കെ മറന്നു കള, മോള് വന്ന് ഈ ചൂടു സമോ സയും കാപ്പിയും കുടിക്ക്. പിന്നെ കുറച്ചുനേരം റെസ്റ്റെടുത്താൽ ഒക്കെ ശരിയാവും.” ലതിക മകളെ സമാധാനിപ്പിച്ചു.

“പപ്പ വരട്ടെ, പപ്പയോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാം. ഇപ്പോ വേണ്ട. ഇന്ന് ഓഫീസിൽ പാർട്ടിയുണ്ടായിരുന്നു.” അല്പസമയത്തിനു ശേഷം പുറത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് മൃദുല ഉത്സാഹത്തോടെ സോഫയിൽ നിന്നും ചാടിയെണീറ്റു. ഇതുകണ്ട് ലതിക പൊട്ടിച്ചിരിച്ചു. ചെറുപ്പത്തിൽ പപ്പ വന്നേ… എന്നു പറഞ്ഞ് സ്‌റ്റെയർകേയ്‌സ് ഓടിയിറങ്ങി വരികയും പപ്പയുടെ കൈയിൽ പിടിച്ചു തൂങ്ങുകയും ചെയ്യുന്ന കൊച്ചു മൃദുലയെയാണ് അവർക്ക് ഓർമ്മ വന്നത്.

“മൃദുലയോ? ഇതെന്താ മോളേ ഈ നേരത്തിവിടെ?” അപ്രതീക്ഷിതമായി മകളെ കണ്ട് രംഗനാഥൻ തിരക്കി.

“ഹൊ! വീണ്ടും അതേ ചോദ്യം. വേണ്ട പപ്പാ, ഇതിനുത്തരം ഞാനിപ്പോ മമ്മിയോടു പറഞ്ഞതേയുള്ളൂ.” മൃദുല വീണ്ടും സോഫയിൽ അമർന്നിരുന്നു.

“ശരി, ചോദിക്കുന്നില്ല. വീട്ടിലെത്തുന്നതിന് മുമ്പ് നീയൊന്നു ഫോൺ ചെയ്തിരുന്നുവെങ്കിൽ നിനക്കിഷ്ടമുള്ള കസാട്ടാ ഐസ്ക്രീം ഞാൻ കൊണ്ടുവന്നേനേ.” രംഗനാഥൻ ചിരിച്ചു.

“പപ്പാ, യൂ ആർ സോ സ്വീറ്റ്. പപ്പയെങ്കിലും എന്‍റെ ഇഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ.” മൃദുലയ്ക്ക് സന്തോഷമായി.

“പപ്പയ്ക്കറിയാമോ? മൂന്ന് മാസമെങ്കിലുമായിക്കാണും ഞാൻ ഐസ്ക്രീം ടേസ്‌റ്റ് ചെയ്‌തിട്ട്, അതിന് വീട്ടുകാര്യങ്ങൾ നോക്കാൻ സുമേഷിന് നേരമുണ്ടായിട്ടുവേണ്ടേ?” മൃദുലയുടെ ശബ്ദമിടറി.

“അതിന് ഇത്രമാത്രം സങ്കടം പറയാനെന്തിരിക്കുന്നു. നിനക് നല്ലൊരു ഉദ്യോഗമുണ്ട്. കാശിന് ആരുടേയും മുന്നിൽ കൈ നീട്ടേണ്ട നല്ല ആത്മവിശ്വാസവും ധൈര്യവുമൊക്കെയുണ്ട്. ഐസ്ക്രീം കഴിക്കണമെന്നു തോന്നുമ്പോൾ വാങ്ങി കഴിക്കാവുന്നതേയുള്ളൂ.” മിടുക്കിയായ തന്‍റെ മകൾ നിസ്സാരകാര്യത്തിന് സെന്‍റിമെന്‍റലാവാനും മാത്രം ഇവൾക്കിതെന്തു സംഭവിച്ചു. രംഗനാഥന് ആശ്ചര്യമായി.

രംഗനാഥന്‍റെ മുഖഭാവം കണ്ട് ലതിക പറഞ്ഞു, “ഞാൻ ഇവളെ ഉപദേശിച്ച് നേരെയാക്കാൻ ശ്രമിക്കുകയായിരുന്നു അല്ല വിവാഹം കഴിഞ്ഞ് ആറ് മാസമല്ലേയായുള്ളൂ, ഇപ്പോഴേ ഡിവോഴ്സിനെക്കുറിച്ച് സംസാരിക്കുന്നു. ലതിക പറഞ്ഞതു കേട്ട് രംഗനാഥൻ ശരിക്കുമൊന്നു ഞെട്ടി.

“ഏ… നീ മൃദുലയുടെ കാര്യമാണോ പറയുന്നത്? തോന്നിയതു പോലെ വേണമെന്നും വേണ്ടായെന്നും പറയാൻ കല്യാണം കുട്ടിക്കളിയൊന്നുമല്ലല്ലോ?”

“അപ്പോൾ വിവാഹമെന്നത് ജീവിതാവസാനം വരെ സഹിച്ചു തീർക്കേണ്ട ജയിൽവാസമാണോ പപ്പാ? ഇങ്ങനെ ഓരോ നിമിഷവും നരകിച്ചുള്ള ജീവിതം ശരിയാവില്ല…” മൃദുല ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

“ഞാൻ നിന്നെ ലാളിച്ചാണ് വളർത്തിയത്. നല്ല വിദ്യാഭ്യാസവും നൽകി. നിന്‍റെ ഇഷ്‌ട പോലെ വളരെ ഗംഭീരമായി തന്ന വിവാഹവും നടത്തി. കഴിവിൽ കൂടുതൽ ചെലവഴിച്ചുവെന്നു വേണമെങ്കിൽ പറയാം. എന്നിട്ടിപ്പോൾ മകൾ വിവാഹം വേണ്ടെന്ന് വച്ച് വീട്ടിൽ വന്നിരിക്കുക.. ഇതൊന്നും ശരിയല്ല.” രംഗനാഥന്‍റെ മുഖം വാടി.

“മമ്മിയും പപ്പയും ഇങ്ങനായെ പറയൂ എന്നെനിക്കറിയാമായിരുന്നു.” മൃദുല ദേഷ്യത്തൊടെ പറഞ്ഞു. നിന്‍റെ പ്രശ‌നമെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സുമേഷില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് എന്തു ബഹളമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും ജീവിതം നരകതുല്യമാണെന്നു തോന്നാൻ മാത്രം എന്തുണ്ടായി?* രംഗനാഥന്‍റെ ശബ്ദം കനത്തു.

“സുമേഷിന്‍റെ സ്വഭാവം വല്ലാതെ മാറിപ്പോയി പപ്പാ.”

“ശരി, ഞാനൊന്ന് കേൾക്കട്ടെ, സുമേഷ് നിന്നെ തല്ലാറുണ്ടോ? മദ്യപിക്കാറുണ്ടോ? മറ്റാരെങ്കിലുമായി അടുപ്പത്തിലാണോ?”

“ഏയ്… അതൊന്നുമല്ല.”

“പിന്നെ… ഇത്രയധികം ടെൻഷനടിക്കുന്നതെന്തിനാണ്? സുമേഷിന്‍റെ അച്‌ഛനുമമ്മയും സഹോദരങ്ങളും നിങ്ങൾക്കൊപ്പമല്ല താമസിക്കുന്നത്. പിന്നെയെന്തു പ്രോബ്ലം?”

“സുമേഷിന് രാത്രിയെന്നും പകലെന്നുമില്ല. എപ്പോഴും തിരക്കാണ്. എനിക്കുവേണ്ടി ചെലവഴിക്കാൻ സമയം തീരെയില്ല. ഇൻസ്റ്റോൾമെന്‍റ് അടയ്ക്കാനേ കാശ് തികയൂ, എങ്കിൽ ഉയർന്ന ഉദ്യോഗവും ശമ്പളവും കൊണ്ടെന്തു കാര്യം?”

“ഇൻസ്റ്റോൾമെന്‍റ് എന്ന് നീ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടല്ലോ? വലിയ ഫ്ളാറ്റ്, ലക്ഷ്വറി കാർ, ലേറ്റസ്‌റ്റ് ടി.വി. ഫ്രിഡ്‌ജ്, എയർ കണ്ടീഷണർ എന്നു വേണ്ട നിനക്കുള്ള സൗകര്യങ്ങൾക്കു വേണ്ടിയല്ലേ അവൻ ഇക്കണ്ട ലോണൊക്കെ എടുത്തത്?”

“പക്ഷേ സത്യമതല്ല പപ്പാ. ഇതൊക്കെ വാങ്ങിയതു കൊണ്ടുള്ള സാമ്പത്തിക ഞെരുക്കമല്ല. വീട്ടുകാരെ സഹായിക്കുന്നതു കൊണ്ടാണ്.”

“അതിലെന്താ തെറ്റ്? സ്വന്തം കുടുംബത്തിനു വേണ്ടിയും ചെയ്തു‌ തീർക്കേണ്ട ചില ഉത്തരവാദിത്തങ്ങളില്ലേ സുമേഷിന്. മൃദുലേ നിനക്കിതെന്തു പറ്റി? മുമ്പൊന്നും നീയിത്ര സ്വാർത്ഥയായിരുന്നില്ലല്ലോ?”

“ഞാൻ എന്‍റെ പപ്പയോടാണ് സംസാരിക്കുന്നതെന്നു പോലും തോന്നുന്നില്ല.” മൃദുല ഏങ്ങി.

“അതു തന്നെയാ ഞാനും പറയുന്നത്. ഒരു മകൾ അച്ഛനോട് പറയേണ്ട കാര്യമാണോ ഇതൊക്കെ. വിവാഹം കഴിഞ്ഞ് 6 മാസമേ ആയുള്ളൂ. ഡിവോഴ്‌സ് എന്ന പേരിൽ മകൾ വീട്ടിൽ വന്നിരിക്കുന്നു. നമ്മുടെ ഈ സമൂഹം വിവാഹമോചിതകളെ വളരെ ഹീനമായാണ് നോക്കിക്കാണുന്നത്.” രംഗനാഥൻ മകളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“എന്തായാലും ഇതിപ്പോഴേ സംസാരിച്ചത് നന്നായി. നിങ്ങളുടെയൊക്കെ മനസ്സിലിരുപ്പ് നേരത്തേ മനസ്സിലാക്കാൻ സാധിച്ചല്ലോ. സ്വന്തം മകളല്ല, സമൂഹമാണ് പപ്പയ്ക്ക് വലുതല്ലേ? സാരമില്ല. മമ്മിയും പപ്പയും ഈ സാഹചര്യത്തിൽ എന്‍റെ ഭാഗത്തു നിൽക്കുമെന്നാണ് ഞാൻ കരുതിയത്. എന്‍റെ തെറ്റ്. ഇത് ഞാൻ ഒറ്റയ്ക്ക് പൊരുതി ജയിക്കേണ്ട യുദ്ധമാണ്. ഞാനൊറ്റയ്ക്ക് തന്നെ പൊരുതും. എനിക്ക് ആരുടേയും ദയയും സഹതാപവും ഒന്നും വേണ്ട.” മുദുല മേശപ്പുറത്തു വച്ചിരുന്ന പേഴ്‌സുമെടുത്ത് ധൃതിയിൽ പുറത്തേയ്ക്ക് നടന്നു.

“മോളേ, മൃദുലേ… ഈ ഭക്ഷണം കഴിച്ചിട്ട് പൊയ്‌ക്കോ.’ ലതിക പുറകിൽ നിന്നും വിളിച്ചു.

“ഭക്ഷണവും വേണ്ട, ഒന്നും വേണ്ട…” അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.

“നിനക്ക് വേണ്ടെങ്കിൽ വേണ്ട, ഞാൻ കഴിക്കാൻ പോകുവാ, നല്ല വിശപ്പുണ്ട്. കുറച്ചു സമയം വെയ്റ്റ് ചെയ്ത‌ാൽ ഞാൻ തന്നെ നിന്നെ വീട്ടിൽ കൊണ്ടാക്കാം. സുമേഷിനെ കണ്ടിട്ട് ഒരുപാടു നാളായി. പ്രോബ്ലമെന്താണെന്ന് ഞാൻ നേരിട്ടു ചോദിക്കട്ടെ.”

“നിങ്ങളൊന്നു മിണ്ടാതിരിക്കൂ, പാവം ഇതുവരെ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.” ലതിക ഗെയ്‌റ്റിനരികിൽ എത്തിയപ്പോഴേക്കും മൃദുല ഒരു ഓട്ടോയിൽ കയറി അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു.

“ഭക്ഷണം കഴിക്ക് എന്നു നിർബന്ധിച്ചിട്ടും പപ്പയോടൊപ്പമേ കഴിക്കൂ എന്നു വാശി പിടിച്ചിരിക്കുകയായിരുന്നു.” ലതികയ്ക്ക് സങ്കടമടക്കാനായില്ല.

“വിവാഹമോടി തീരും മുമ്പേ മകൾ വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചാൽ ഏതൊരച്ഛനും ഇങ്ങനെയേ പെരുമാറൂ. നീ വിഷമിക്കാതിരിക്ക്. അവൾ വീട്ടിലേയ്ക്കല്ലേ പോയത്. വിശന്നിരിക്കാതെ നീ വന്ന് ഭക്ഷണം കഴിക്കാൻ നോക്ക്” രംഗനാഥൻ ശാന്തനായി പറഞ്ഞു.

“അതിന് അവൾ ഒന്നും കഴിക്കാതെ പോയതിലല്ല എനിക്ക് വിഷമം. അവളുടെ വിവാഹജീവിതത്തിൽ അപ്പാടെ പ്രശ്‌ങ്ങളാണല്ലോ.”

“എനിക്ക് ഇക്കാര്യത്തിൽ ടെൻഷനൊന്നുമില്ലെന്നാണോ നീ കരുതിയത്. കൂടുതൽ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് ഞാൻ അവളോട് അല്പം ഹാർഷായി പെരുമാറിയത്. അവളെ സപ്പോർട്ട് ചെയ്ത‌് സംസാരിച്ചാൽ അവൾക്ക് ദേഷ്യം കൂടുകയേയുള്ളൂ.” രംഗനാഥൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അകത്തേയ്ക്ക് നടന്നു.

മകളുടെ ഭാവി… ജീവിതത്തിലെ അനിശ്ചിതാവസ്ഥ… ലതികയുടെ മനസ്സിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞു. ഞായറാഴ്ച മൃദുലയുടെ സഹോദരൻ മഹേഷും ഭാര്യ ശ്വേതയും വീട്ടിലെത്തി. ലതിക നടന്നതൊക്കെ മകനോട് പറഞ്ഞ് ഏങ്ങിക്കരഞ്ഞു.

“നിന്‍റെ പപ്പ ഒക്കെ പതിയെ ശരിയാവുമെന്ന് പറഞ്ഞ് ഓഫീസ് തിരക്കിലാവും. പക്ഷേ ഞാനോ, വീട്ടിൽ തനിച്ചിരിക്കുമ്പോൾ ഓരോന്നും ആലോചിച്ച് ആകെ വിഷമിക്കും. അവൾ ദിവസവും രണ്ടുമൂന്നു തവണയെങ്കിലും വിളിക്കാറുണ്ട്. ഇപ്പോ ഒരാഴ്ചയായി എന്നെ വിളിച്ചിട്ട്, ഞാൻ ഒരുപാടു തവണ അവളെ വിളിച്ചു നോക്കി. ഫോൺ ഓഫ് ചെയ്‌തു വച്ചിരിക്കുകയാണെന്നു തോന്നുന്നു.”

“എനിക്കവളുടെ സ്വഭാവം നന്നായറിയാം. മുൻകോപക്കാരിയല്ലേ. ഇങ്ങനെ പെരുമാറിയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.”

“വെറുതെ മൃദുലയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇവിടെ നമ്മളും അവളെ കുറ്റപ്പെടുത്തുന്നു. അവിടെ സുമേഷും. സത്യമറിയാതെ നമ്മൾ വെറുതെ അഭിപ്രായം പറയരുത്.” ലതികയുടെ മുഖത്ത് ആശങ്ക നിറഞ്ഞു,

“മൃദുലയെ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ? സുമേഷിന്‍റെ നമ്പർ അമ്മയ്ക്കറിയാമോ?” മഹേഷ് തിരക്കി.

“ഇല്ല, അങ്ങനെ വേണ്ടി വന്നിട്ടില്ല. മൃദുലയുടെ ഫോണിൽ തന്നെ സുമേഷിനോടും സംസാരിക്കാറാണ് പതിവ്.”

“എങ്കിൽ പിന്നെ നമുക്ക് നേരിട്ട് മൃദുലയുടെ വീട്ടിലേയ്ക്കു പോകാം. അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ.” മഹേഷ് പറഞ്ഞു.

“വേണ്ട. പപ്പയോട് അനുവാദം വാങ്ങാതെ പോവണ്ട.”

“പപ്പ ടൂർ കഴിഞ്ഞെത്താൻ മൂന്ന് ദിവസമെങ്കിലുമെടുക്കും. ഞാൻ പപ്പയെ പറഞ്ഞു മനസ്സിലാക്കാം.”

ലതികയും മഹേഷും ശ്വേതയും മൃദുലയുടെ ഫ്ളാറ്റിലെത്തിയപ്പോഴേക്കും നേരമിരുട്ടി തുടങ്ങിയിരുന്നു. കോളിംഗ് ബെൽ ശബ്ദിക്കുന്നതു കേട്ട് സുമേഷ് വന്നാണ് വാതിൽ തുറന്നത്. അതിഥികളെ കണ്ട് അയാൾ ഒന്നു ഞെട്ടി. അല്‌പസമയത്തെ മൗനത്തിനു ശേഷം മഹേഷ് അകത്തേയ്ക്ക് തുടർച്ചയായി ശ്രദ്ധിക്കുന്നതു കണ്ട് സുമേഷ് ചോദിച്ചു,

“എന്താ മഹേഷ് ചേട്ടാ?”

“അല്ല, മൃദുല ഇവിടില്ലേ? അവൾ മമ്മിയോടും പപ്പയോടും മാത്രമല്ല ഞങ്ങളോടും പിണക്കമാണോ?”

“വാസ്തവത്തിൽ ഈ ചോദ്യം ഞാനങ്ങോട്ട് ചോദിക്കേണ്ടതാണ്. മൃദുല നിങ്ങൾക്കൊപ്പം വരുമെന്നാണ് ഞാൻ കരുതിയത്.”

“സുമേഷ് നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്?”

“ഒരാഴ്ചമുമ്പ് മൃദുല എന്നോട് വഴക്കിട്ട് ഇവിടെ നിന്നിറങ്ങി പോയതാണ്. ഞാൻ കരുതി അവൾ വീട്ടിലേയ്ക്ക് പോയതാണെന്ന്. ദേഷ്യമടങ്ങുമ്പോൾ താനെ വരുമെന്ന് കരുതി.”

“നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ. ഒരാഴ്ചയായി ഭാര്യ വീട്ടിൽ നിന്നിറങ്ങി പോയിട്ട്. അറ്റ്ലീസ്‌റ്റ് ഇക്കാര്യം വീട്ടുകാരെയെങ്കിലും അറിയിക്കേണ്ടതായിരുന്നു.”

“ദേഷ്യം വന്നപ്പോൾ രണ്ടോ മൂന്നോ ജോഡി ഡ്രസ്സ് ബാഗിൽ തിരുകി അവൾ വീട്ടിൽ നിന്നിറങ്ങിയതാ. ഞാൻ ഇറക്കി വിട്ടതൊന്നുമല്ല. പോകരുതെന്ന് ആവുംവിധം പറഞ്ഞുനോക്കി. പക്ഷേ അവൾ ഒരു തീരുമാനമെടുത്താൽ നിങ്ങൾക്കറിയാമല്ലോ, എന്തുപറഞ്ഞാലും ഡൈവോഴ്‌സ്.. ഡൈവോഴ്‌സ് എന്ന ഭീഷണി. ഞാനും ഒരു മനുഷ്യനല്ലേ?” സുമേഷ് അല്പ‌ം ഉറക്കെയാണ് സംസാരിച്ചത്.

“അല്ല, നിങ്ങൾക്കീ കാര്യം ഞങ്ങളെയൊന്നറിയിക്കാമായിരുന്നു.” മഹേഷും തർക്കത്തിൽ നിന്നും പിന്മാറിയില്ല.

“സത്യത്തിൽ എന്താണ് സംഭവിച്ചത്? എന്തു കാര്യത്തിനാണ് നിങ്ങൾക്കിടയിൽ വഴക്കുണ്ടായത്?” ലതികയുടെ ശബ്‌ദമിടറി.

“പപ്പയുടെ ഫോൺ വന്നിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ സുധയുടെ വിവാഹനിശ്ചയം നടത്തുമെന്നറിയിച്ചിരുന്നു. ഉടനെ വിവാഹത്തിന് ഞാനെന്താണ് കൊടുക്കാനുദ്ദേശിക്കുന്നതെന്ന് മൃദുല തിരക്കി. ഒരു രണ്ടുലക്ഷത്തോളം രൂപ എന്നു പറഞ്ഞതും നിങ്ങൾക്ക് നിങ്ങളുടെ വീട്, സഹോദരങ്ങൾ എന്ന ഒറ്റ ചിന്തയേയുള്ളൂ എന്നു പറഞ്ഞ് അവൾ ഉറക്കെ കരയാൻ തുടങ്ങി. ഞാനൊരുത്തി വീട്ടിലുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ജോലിയും സ്വത്തുമൊക്കെ കണ്ടിട്ടാണ് ഞാനവളെ വിവാഹം കഴിച്ചത് എന്നൊക്കെ… എന്ത് പ്രശ്‌നങ്ങളായിരുന്നു.”

“എന്നിട്ട്…”

“അങ്ങനെയാണെങ്കിൽ നീ റിസൈൻ ചെയ്യ്… എന്നു പറഞ്ഞതും, നിങ്ങളുടെ അടിമയാവാനാണോ എന്നു ചോദിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയി.” സുമേഷ് വിവരിച്ചു.

“മൃദുല ഇവിടെ നിന്നിറങ്ങിപ്പോയതിനു ശേഷം ഒരുപാട് തവണ ഫോൺ വിളിച്ച് പ്രശ്‌നം കോംപ്രമൈസ് ആക്കാൻ ശ്രമിച്ചതാണ്. പക്ഷേ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. ദേഷ്യമടങ്ങുമ്പോൾ അവൾ തനിയെ മടങ്ങി വരുമെന്നു ഞാൻ കരുതി.”

“അവളെ വല്ലാതെ മാനസികമായി പീഡിപ്പിച്ചു കാണും. അല്ലാതെ അവൾ ഇങ്ങനെയൊന്നും പെരുമാറില്ല.”

മഹേഷ് തർക്കം അവസാനിപ്പിക്കാൻ ഒരുക്കമല്ലായിരുന്നു. ഇതൊക്കെ കണ്ടുംകേട്ടും ഏതാണ്ട് അബോധാവസ്‌ഥയിലെന്ന പോലെയായി ലതികയുടെ അവസ്‌ഥ.

“ഞാനവളെ വിഷമിപ്പിച്ചിരുന്നുവെന്നോ. ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ലെന്നതു പോലെയായിരുന്നു മൃദുലയുടെ നിലപാട്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഞാൻ അവളെ വിവാഹം കഴിച്ചത്. അതെന്‍റെ തെറ്റായ തീരുമാനമായിരുന്നു.” സുമേഷ് ന്യായീകരിച്ചു.

“വാ മമ്മീ, നമുക്കാദ്യം മൃദുലയെവിടെയുണ്ടെന്ന് അന്വേഷിക്കാം. സുമേഷ് നിങ്ങളും… ഇല്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് പോലീസിൽ നിങ്ങൾക്കെതിരെ പരാതി കൊടുക്കേണ്ടി വരും.” മഹേഷ് ലതികയേയും ശ്വേതയേയും വിളിച്ചു പുറത്തേക്കു നടന്നു. സുമേഷ് പരിചിതരേയും ബന്ധുക്കളേയും വിളിച്ച് മൃദുലയെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ യാതൊരു വിവരവും ലഭിച്ചില്ല.

അവസാനം വീട്ടുകാരെ വിളിച്ച് ഇതേക്കുറിച്ച് സംസാരിച്ചു. കഴിവതും വേഗം അവിടെയെത്തിച്ചേരാമെന്ന് അവർ ആശ്വസിപ്പിച്ചു. അടുത്ത ദിവസം സുമേഷിന് സുപ്രധാനമായ ഒരു മീറ്റിംഗിൽ പങ്കെടുക്കണമായിരുന്നു. ധാരാളം ഫയൽ നോക്കേണ്ടിയിരുന്നു. ഒരുപാട് ജോലി പെന്‍റിങ്ങിലും. ഈയൊരവസ്‌ഥയിൽ താൻ മൃദുലയെ എവിടെപ്പോയി അന്വേഷിക്കും!!!

പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി. മുകളിലത്തെ ഫ്ളാറ്റിൽ താമസിക്കുന്ന ഇന്ദിര.

“സുമേഷിനോട് എനിക്കല്പ‌ം സംസാരിക്കണമെന്നുണ്ട്.”

“സോറി, ഞാനാകെ ടെൻഷനിലാണ്.” സുമേഷ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“അതിലും ടെൻഷനിലാണ് ഞാൻ. ഒരാഴ്‌ചയായി മൃദുല എന്‍റെ ഫ്ളാറ്റിലുണ്ട്. ഞാനിതേക്കുറിച്ച് സുമേഷിനോട് സംസാരിക്കട്ടെ എന്നു പറഞ്ഞപ്പോൾ സൂയിസൈഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇന്ന് മൃദുലയുടെ മമ്മിയേയും സഹോദരനെയുമൊക്കെ കണ്ടു. പ്രശ്നം കൂടുതൽ സീരിയസ്സാവാതിരിക്കാനാണ് ഞാനിത്രയും ഇവിടെ വന്നു പറഞ്ഞത്.” കേട്ടപാതി സുമേഷ് മുകൾ നിലയിലെത്തി.

കൂൾ ആയി ടിവിയിൽ പരിപാടികൾ കാണുകയായിരുന്നു മൃദുല, “നീയിവിടെ കൂൾ ആയിരുന്നു ടിവി കാണുകയാണോ? ഞാനിവിടെ…” സുമേഷ് ദേഷ്യത്തിലായിരുന്നു.

“നീയെന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്? ഞാൻ നിനക്ക് എന്തു ദ്രോഹമാണ് ചെയ്തത്?” സുമേഷ് നിരാശയോടെ പറഞ്ഞു.

“ഇനി നിന്‍റെ ഇഷ്ടം നടക്കട്ടെ, ഡിവോഴ്‌സ് എങ്കിൽ അങ്ങനെ… ഇത്രയ്ക്ക് ടെൻഷനടിച്ചുള്ള ജീവിതം എനിക്കും മടുത്തു. നമുക്ക് നല്ല രീതിയിൽ തന്നെ പിരിയാം.”

മൃദുല മറുത്തൊന്നും പറയാതെ ഏങ്ങിക്കരയുകയായിരുന്നു. “ഞാനിന്ന് ഫാമിലി കൗൺസിലറെ കാണാൻ പോയിരുന്നു. സുമേഷുമായി ഒത്തൊരുമിച്ചൊരു ജീവിതം അസാധ്യമാണെന്ന് ഞാനവരോട് പറഞ്ഞിരുന്നു. പങ്കാളികൾ ഒത്തൊരുമിച്ച് ജീവിക്കാൻ പഠിക്കുമ്പോഴാണ് ദാമ്പത്യം വിജയിക്കുന്നതെന്ന് അവർ ഉപദേശിച്ചു. പിന്നീട് ഏറെ നേരം ഞാനവരോട് സംസാരിച്ചു. ഐ ആം റിയലി സോറി. കുറ്റബോധം കാരണം സുമേഷിനെ ഫേയ്സ് ചെയ്യാൻ ധൈര്യമില്ലാതെ ഞാൻ തന്നെയാണ് ഇന്ദിരയെ പറഞ്ഞയച്ചത്. സ്വാർത്ഥതയും അഹങ്കാരവും കാരണം എന്‍റെ കണ്ണു മൂടി കെട്ടിയിരിക്കുകയായിരുന്നു. എന്നോട് ക്ഷമിക്കൂ… ”

സുമേഷ് മൃദുലയെ തന്നോടു ചേർത്തു പിടിച്ചു. പറയാതെ തന്നെ ആ കണ്ണുകൾ ക്ഷമിച്ചുവെന്ന് പറഞ്ഞുകൊണ്ടിരുന്നു. അതിനിടയ്ക്ക് ഫോൺബെൽ മുഴങ്ങി. മഹേഷായിരുന്നു ഫോണിൽ. സുമേഷ് വേഗം ഫോൺ മൃദുലയുടെ കൈയിൽ നൽകി. മൃദുല ഏറെ നേരം അവരുമായി സംസാരിച്ചു. അടുത്ത ദിവസം രാവിലെ സുമേഷിന്‍റെ അച്‌ഛനും അമ്മയും അവിടെയെത്തി. അവർ മൃദുലയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “പപ്പാ, മാപ്പ്… എനിക്കെന്‍റെ തെറ്റു മനസ്സിലായി.” സ്നേഹം കൊണ്ടും സങ്കടം കൊണ്ടും മൃദുലയുടെ കണ്ണ് നിറഞ്ഞു.

और कहानियां पढ़ने के लिए क्लिक करें...