അവസാന വർഷ എംബിഎ പഠനത്തിനിടയിൽ വർഷ എന്ന പെൺകുട്ടിയുടെ മനസിലുദിച്ച ഒരാശയം സ്വന്തമായി എന്തെങ്കിലും തുടങ്ങുക എന്നതാണ്. അങ്ങനെ പാലക്കാട് സ്വദേശി പ്രശാന്ത്, പെരുന്തൽമണ്ണ സ്വദേശി സരള ദമ്പതിമാരുടെ മൂന്ന് പെൺമക്കളിൽ മൂത്തവളായ വർഷയുടെ മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന ഒരു ചിന്തയെ സഹോദരിമാരും മാതാപിതാക്കളും ഒരുമിച്ച് ഏറ്റെടുത്തു. സ്വന്തമായൊരു ബിസിനസ് വേണം. മറ്റുള്ളവരുടെ കീഴിൽ അന്യദേശത്ത് കൂട്ടുപിരിഞ്ഞു കഴിയുന്നതിനേക്കാൾ ഭേദം ഒരുമിച്ച് കൂട്ടായി കഴിയുക. ചെറിയ തോതിൽ അധികം മുതൽ മുടക്കില്ലാതെ എന്തു തുടങ്ങാം എന്ന ചിന്തയിലാണ്ടൂ പിന്നീട് അവർ.
അതിനായി കുറെ വായിച്ചു. സഞ്ചരിച്ചു. വിപണന സാധ്യതകൾ പഠിച്ചു. ആ പഠനം വീടുകളിലെ അടുക്കളയിലുടെ കടന്നുപോയി. കായം ഏവരുടെയും നിത്യോപയോഗ വസ്‌തുവാണെന്ന് മനസ്സിലാക്കി. കായത്തിന്‍റെ പ്രസക്‌തി ലോകത്തിൽ എത്രത്തോളമുണ്ടെന്ന് പഠിച്ചു. കേരളത്തിൽ കായത്തിന്‍റെ ഉൽപാദകർ കുറവായതിനാൽ ആ കുടുംബം കായത്തിൽ പിടിമുറുക്കി.
ആദ്യമായിപിറവം അഗ്രോ പാർക്കിൽ നിന്നും പരിശീലനം നേടി. ശേഷം തമിഴ്‌നാട്ടിലെ നിരവധി കായം നിർമ്മാണ യൂണിറ്റുകൾ സന്ദർശിച്ചു. തുടർന്ന് ഇതിനാവശ്യമായ ഉൽപന്നം എവിടെ നിന്ന് ലഭിക്കുമെന്നും എങ്ങനെ വിതരണം നടത്താം എന്നതിനെക്കുറിച്ചുമുള്ള ഒരു പ്രൊജക്‌ട് റിപ്പോർട്ട് തയ്യാറാക്കി. അതിനുശേഷം വീടിന്‍റെ ഒരു കോണിൽ വെച്ച് ഉൽപാദനം തുടങ്ങുന്നു.
വർഷയും സഹോദരിമാരും മാത്രമായിരുന്നു ജോലിക്കാർ. അവർ തന്നെ കടകളിലും ഹോട്ടലുകളിലും നേരിട്ടു ചെന്ന് ഉൽപ്പന്നത്തിന്‍റെ ഗുണഗണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയും സാംപിളുകൾ ഉപയോഗിച്ചു നോക്കാനും നൽകി.
വിൽപന പുരോഗമിച്ചപ്പോൾ എറണാകുളത്ത് കളമശ്ശേരിയിൽ മുറി വാടകയ്ക്ക് എടുത്തു. ഇന്ന് മുപ്പതിലധികം തൊഴിലാളികളുമായി കമ്പനി വളർന്നു. പ്രൊഡക്ഷൻ വിഭാഗത്തിൽ മുഴുവനും സ്ത്രീകൾ തന്നെയാണെന്ന് പറയാം.
2019-ൽ 3 വീസ് ഇന്‍റർ നാഷണൽ എന്ന പേരിൽ തുടങ്ങിയ കമ്പനി ഇന്ന് 35-ഔളം ഉൽപന്നങ്ങളാണ് മാർക്കറ്റിൽ എത്തിക്കുന്നത്. വാർഷിക വരുമാനം രണ്ടരകോടിയിൽ എത്തി നിൽക്കുന്നു. മാനേജിംഗ് ഡയറക്‌ടറായ വർഷയിലൂടെ കമ്പനിയുടെ വിജയഗാഥ ശ്രവിക്കാം.
കോവിഡ് കാലം എല്ലാവർക്കും അനിഷ്‌ടകാലം ആയിരുന്നപ്പോൾ 3 വീസ്‌നു കൊയ്ത്തുകാലമായതെങ്ങനെ?
കോവിഡ് കാലത്ത് ഇന്ത്യയിലെ കായം ഉൽപാദകരായ എൽ.ജി. (മുംബൈ) എൻ.എസ് (മധുര) എന്നിവർക്ക് കേരളത്തിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിക്കാതിരുന്നതുകൊണ്ട് പ്രാദേശിക നിർമ്മാതാക്കളായ 3 വീസ്’ന് വലിയ അവസരമാണ് തുറന്ന് കിട്ടിയത്. കോവിഡ് തുടങ്ങിയ അന്നു മുതൽ എല്ലാ സ്‌ഥാപനങ്ങളും അടച്ചുവെങ്കിലും ഗ്രോസറികൾ തുറക്കാൻ അനുവാദം ഉണ്ടായിരുന്നതിനാൽ ഞാനും അച്‌ഛനും സ്‌കൂട്ടറിലും കാറിന്‍റെ ഡിക്കിയിലും കായം ഇട്ട് കടകൾ തോറും കയറിയിറങ്ങി വിൽപ്പന ആരംഭിച്ചു.
കമ്പനിക്ക് ‘3 വീസ്’ എന്ന പേര് വന്നതെങ്ങനെ?
ഞങ്ങൾ മൂന്നു സഹോദരിമാർ വർഷ (എംബിഎ) വിസ്‌മയ (ചാർട്ടേഡ് അക്കൗണ്ടന്‍റ്) വ്യന്ദ (കമ്പനി സെക്രട്ടറി വിദ്യാർത്ഥി) എന്നിവരുടെ പേരിലെ ആദ്യാക്ഷരം ‘V’ ആണ് ‘3 vees’.
കമ്പനി എന്ന ഒരാശയം ആരിൽ നിന്നാണ് ഉത്ഭവിച്ചത്?
മുത്തവളായ ഞാൻ (വർഷ) പഠനത്തിന്‍റെ അവസാന വർഷത്തിൽ ഇനിയെന്ത് എന്ന ചിന്തയിലാണ്ടു. മറ്റൊരു സ്‌ഥാപനത്തിൽ ശമ്പളത്തിനായി ജോലി ചെയ്യുന്നതിനേക്കാൾ അഭികാമ്യം സ്വന്തമായി ഒരു സ്‌ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. ഞാൻ എന്‍റെ മനസ്സ് സഹോദരിമാരുമായി പങ്കുവെച്ചു. അവർ എന്നോടൊപ്പം നിന്നു. ചെറിയ തോതിൽ എന്ത് തുടങ്ങാം എന്നതായിരുന്നു അടുത്ത ചിന്ത. ബിസിനസ്സിന്‍റെ ബാലപാഠങ്ങൾ പഠിക്കാനും തുടങ്ങി.
കായത്തിന് നാട്ടിൽ ഇത്രമാത്രം വളക്കൂറുണ്ടെന്ന് അറിയാമായിരുന്നോ?
തുടക്കത്തിൽ ഈ ഫീൽഡിനെക്കുറിച്ച് ഒന്നുപോലും അറിയില്ലായിരുന്നു. അതിനാൽ അതിനായി കുറെ യാത്രകളും അന്വേഷണങ്ങളും പഠനങ്ങളും നടത്തി. അതിലൂടെ കായത്തിന്‍റെ ഇരുപത്തിയഞ്ചിലധികം ഉപയോഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.
കായം ഭക്ഷ്യയോഗ്യമാക്കുന്ന എന്ത് പ്രക്രിയയാണ് കളമശ്ശേരി യൂണിറ്റിൽ നടക്കുന്നത്?
കായം അഫ്ഗാനിസ്‌ഥാനിൽ വളരുന്ന ഫെറൂല ചെടിയുടെ വേരുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു തരം പശയാണ്. ഉണങ്ങിയ ശേഷം ഇത് പാചകത്തിനും ഔൗഷധങ്ങൾക്കും ഉപയോഗിക്കുന്നു. ഇത് നേരിട്ട് ഭക്ഷ്യയോഗ്യമല്ല. എട്ടോളം പ്രൊഡക്‌ട്‌സ് മിക്‌സ് ചെയ്‌താണ് ഭക്ഷ്യയോഗ്യമായ കൂട്ടുപെരുങ്കായം മാർക്കറ്റിലെത്തിക്കുന്നത്. ഒരു തരത്തിലുള്ള പ്രിസർവേറ്റിവ്‌സും ഉപയോഗിക്കാതെയാണ് നിർമ്മിക്കുന്നത്.
കമ്പനി തുടങ്ങാനുള്ള മൂലധനം എങ്ങിനെ സ്വരൂപിച്ചു?
തുടക്കത്തിൽ ബാങ്കുകൾ ആരും തന്നെ ഞങ്ങളെ സാഹായിച്ചില്ല. പെൺകുട്ടികളുടെ കളിതമാശയായി അവരും കരുതിക്കാണും. ഉൽപ്പന്നം മാർക്കറ്റിൽ എത്തി തുടങ്ങിയപ്പോൾ ബാങ്ക് ഔഫ് ബറോഡ സർക്കാരിന്‍റെ മുദ്ര വായ്പ്പ പദ്ധതിയിലൂടെ രണ്ടുലക്ഷം രൂപ അനുവദിച്ചുതന്നു. അതായിരുന്നു ഈ ഘട്ടത്തിൽ കുടുംബത്തിന് കൈതാങ്ങായത്. പുതിയൊരു സംരംഭം തുടങ്ങുക എന്നത് ഏറെ പ്രതിസന്ധികൾ നിറഞ്ഞ കാര്യമാണ്.
ബിസിനസ്സ് എന്ന ആശയത്തെ കുടുംബം എങ്ങിനെ ഉൾകൊണ്ടു?
കുടുംബമാണ് (അച്ഛനും അമ്മയും) ഞങ്ങളെ ഉയർത്തികൊണ്ടുവന്നത്. എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി.
മറ്റെന്തെങ്കിലും ഉൽപ്പന്നങ്ങൾ?
കായത്തിനു പുറമെ മഞ്ഞൾ, മുളക്, മല്ലി, കുരുമുളക്, സാമ്പാർ പൊടികളും ചിക്കൻ, ഫിഷ് തുടങ്ങിയ മസാല പൊടികളും, വറുത്ത റവ. പുട്ടുപൊടി. അപ്പപൊടി തുടങ്ങിയ പ്രഭാത ഭക്ഷണ പാക്കറ്റുകളും പുറത്തിറങ്ങുന്നു.
അടുത്തയിടെ മില്ലറ്റിലേക്ക് ശ്രദ്ധതിരിയാനുണ്ടായ കാരണം?
2023 മില്ലറ്റ് വർഷമായി സർക്കാർ പ്രഖ്യാപിച്ചു. പബ്ളിസിറ്റി കൊടുത്തപ്പോൾ ഞങ്ങളും അത് ഉൾക്കൊണ്ടു. തിന. ചാമ, കമ്പം. കടവപ്പുല്ല്, റാഗി. മണിച്ചോളം. കൊരാല എന്നിവ സംസ്ക്കരിച്ച് പാക്കറ്റിലാക്കിയാണ് വിപണിയിൽ എത്തിക്കുന്നത്.
യൂണിറ്റിലേക്കുള്ള റോ മെറ്റീരിയൽ എവിടെ നിന്നെത്തുന്നു?
കായം അഫ്ഗാനിസ്‌ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മല്ലി മുളക് എന്നിവ ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും മില്ലറ്റ് തേനീ. രാജസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്നുമാണ് എത്തിക്കുന്നത്.
വിപണനം ഇന്ത്യയിൽ മാത്രം ഒതുങ്ങുകയാണോ?
ഒരിക്കലും അല്ല. ലോകത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വിദേശ മലയാളികൾക്കിടയിലും ഞങ്ങളുടെ ഉൽപ്പന്നം പ്രിയപ്പെട്ടതായി കഴിഞ്ഞു.
സഹോദരിമാർ 3 പേരും പ്രൊഡക്ഷൻ യൂണിറ്റിൽ തന്നെയാണോ ശ്രദ്ധിക്കുന്നത്?
ഞങ്ങൾ ഔരോരുത്തർക്കും ഓരോ ചുമതലയാണ്. ഞാൻ മാനേജിംഗ് ഡയറക്ടർ (ഔവറോൾ മാനേജ്മെന്‍റ്) വിസ്മയ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നു. വ്യന്ദ ഡിജിറ്റൽ മാർക്കറ്റിംഗ്, സരള (അമ്മ) പ്രെഡക്ഷൻ മാനേജർ, പ്രശാന്ത് (അച്‌ഛൻ) മാർക്കറ്റിംഗ് ഹെഡ്.
3 വീസ് നെ ഞാൻ 3 വണ്ടേഴ്‌സ് എന്ന് വിളിച്ചാൽ…
തീർച്ചയായും വിളിക്കാം. ഞങ്ങൾക്കു ലഭിക്കുന്ന പുരസ്‌കാരമായി സ്വീകരിക്കുന്നു.
പുതിയ സംരംഭകരോട് എന്താണ് പറയാനുള്ളത്?
എന്ത് ബിസിനസ്സ് തുടങ്ങുമ്പോഴും ഒരുപാട് ടെൻഷനും കൺഫ്യൂഷനും ഉണ്ടാകും. ശരിയായ വഴിയിലൂടെ സഞ്ചരിച്ചാൽ നല്ല പ്രതികരണവും ആത്മവിശ്വാസവും ലഭിക്കും. എന്നും എപ്പോഴും പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ തയ്യാറായിരിക്കണമെന്ന് മാത്രം.