ഏതാണ്ട് രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമാണ് അമിതും ഞാനും വിവാഹിതരായത്. ജീവിതത്തിൽ അതിന്‍റേതായ രസമുണ്ട്. മണിക്കുറുകളോളം കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പറയുന്ന ആ ദിനങ്ങൾ വളരെ മനോഹരമായിരുന്നു. ഭാവിയെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങൾ ഞങ്ങളുടെ മനസ്സിനെ രാവും പകലും ഇക്കിളിപ്പെടുത്തിയിരുന്നു.
“പ്രിയേ, ഞാൻ നിനക്ക് അങ്ങേയറ്റം സന്തോഷവും സുഖവും നൽകും. നിയെത്ര നല്ലവളും സുന്ദരിയും വിവേകശാലിയുമാണ്.” പ്രണയനാളുകളിൽ അമിതിന്‍റെ ഈ വാക്കുകൾ കേട്ട് ഞാൻ ആകാശത്ത് പറന്നു നടക്കുമായിരുന്നു.
“ജീവിതയാത്രയിലെപ്പോഴും ഓരോ ചുവടിലും നീയെൻ കൂടെയുണ്ടെങ്കിൽ എനിക്കു വേറൊന്നും വേണ്ട” ഹൃദയത്തിന്‍റെ ആഴങ്ങളിൽ നിന്ന് ഈ വാക്കുകൾ എന്‍റെ ചുണ്ടിൽ വരുമായിരുന്നു.
വിവാഹത്തിനു ശേഷം ഞാൻ എന്‍റെ നിറമുള്ള സ്വപനങ്ങൾ യാഥാർത്ഥ്യമാകുന്നത് കണ്ടു. അമിതിന്‍റെ ദൃഢമായ കരവലയത്തിൽ ഞാൻ ആനന്ദത്തിന്‍റെയും അനുഭൂതിയുടേയും പാരമ്യത്തിലെത്തി. എന്‍റെ രാവും പകലും സുഗന്ധപൂരിതമായി. അവന്‍റെ കൂടെ നടക്കുമ്പോൾ ഞാൻ നൃത്തം ചെയ്യുകയാണെന്ന് തോന്നും. അവനെ എത്ര തൊട്ടാലും നോക്കിയിരുന്നാലും എനിക്ക് മതിയാവില്ല.
“നീയൊരു ജാലവിദ്യക്കാരൻ കൂടിയാണെന്ന് വിവാഹത്തിനു മുമ്പ് എനിക്കറിയില്ലായിരുന്നു. അമിത്. എന്നെ പൂർണ്ണമായും വശീകരിച്ച് എന്‍റെ മനസ്സ് നീ കവർന്നെടുത്തു.” ഈ കാര്യം ഞാൻ മനാലിയിലെ 10 ദിവസത്തെ മധുവിധുവിന്‍റെ സമയത്ത് നൂറിലേറെത്തവണ അമിതിനോട് പറഞ്ഞുകാണും.
വിവാഹം കഴിഞ്ഞ് ഏതാണ്ട് രണ്ടുമാസത്തിനു ശേഷം ഡൽഹിയിലെ ഭർതൃഗൃഹത്തിൽ നിന്ന് നോയിഡയിലെ ഒരു ചെറിയ വാടക ഫ്ളാറ്റിലേയ്ക്ക് ഞങ്ങൾ മാറി. ഗതാഗതക്കുരുക്ക് കാരണം അമിതിന് ഓഫീസിൽ പോയിവരുവാൻ ഒരുപാട് സമയം എടുത്തിരുന്നു. അദ്ദേഹത്തിന്‍റെ പ്രയാസം കണക്കിലെടുത്താണ് ഞങ്ങൾ ആ തീരുമാനം എടുത്തത്.
നോയിഡയിൽ കഴിഞ്ഞ ആദ്യ രണ്ടു മാസം. എന്‍റെ വിവാഹ ജീവിതത്തിലെ എല്ലാ സുഖവും സന്തോഷവും അതിനിടെ പതുക്കെപ്പതുക്കെ തകർന്നുപോയി. ആ കൊടുങ്കാറ്റ് നിഷയുടെ രൂപത്തിലാണ് വന്നത്. അമിതിന്‍റെ സഹപ്രവർത്തകയായിരുന്നു നിഷ. അവധി ദിവസങ്ങളിൽ പലപ്പോഴും അമിതിന്‍റെ സഹപ്രവർത്തകർ ഞങ്ങളുടെ ഫ്ളാറ്റിൽ ഒത്തുകൂടും. അത്തരം അവസരങ്ങളിൽ നിഷ എപ്പോഴും ഉണ്ടാവും. നിഷയുടെ അച്ഛനമ്മമാർ സഹാരൻപുർ എന്ന സ്‌ഥലത്താണ് താമസിച്ചിരുന്നത്. ജോലിക്കായി നോയിഡയിൽ വരേണ്ടി വന്നപ്പോൾ ആദ്യം അവൾ ഒരു ബന്ധുവിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്.
പരസ്‌പരമുള്ള പ്രശ്‌നങ്ങൾ കാരണം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് ആ സ്‌ഥലം വിടേണ്ടി വന്നു. ഇപ്പോൾ അവൾ ഒരു കൂട്ടുകാരിയുടെ കൂടെ ഓഫീസിന്‍റെ അടുത്ത് ഞങ്ങളുടേതു പോലുള്ള ഒരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. വീടുകൾ അടുത്തടുത്തായതു കൊണ്ട് അവൾ പലപ്പോഴും മാർക്കറ്റിലേക്ക് പോകുന്ന സമയത്ത് ഹായ്, ഹലോ എന്നൊക്കെ പറയുമായിരുന്നു.
എനിക്ക് അവളുടെ വ്യക്‌തിത്വം വളരെ ആകർഷകമായി തോന്നി. അവൾക്ക് നല്ല ഉയരവും ചുറുചുറുക്കുള്ള പെരുമാറ്റവും ഉണ്ടായിരുന്നു. എപ്പോഴും ഇറുകിയ ജീൻസും ടീഷർട്ടും ധരിച്ചാണ് അവളെ ഞാൻ കണ്ടിട്ടുള്ളത്. കാണാൻ സാധാരണയിൽ കവിഞ്ഞ ഒന്നും ഇല്ലാതിരുന്നിട്ടും എല്ലാവരോടും ചിരിച്ചുകളിച്ച് വർത്തമാനം പറയുന്ന സൗഹൃദപൂർണ്ണമായ പെരുമാറ്റം കാരണം അവൾ വളരെ സുന്ദരിയായി തോന്നുമായിരുന്നു.
വിവാഹസമ്മാനമായി അവൾ ഞങ്ങൾക്ക് ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന മനോഹരമായ ഒരു ഗിഫ്റ്റ് തന്നു. അതിൽ ബാൾറൂം ഡാൻസ് ചെയ്യുന്ന രണ്ട് കമിതാക്കളുടെ രൂപം ഉറപ്പിച്ചി രുന്നു. ഓണാക്കിയാൽ അത് വട്ടത്തിൽ കറങ്ങാൻ തുടങ്ങും. സുഖകരമായ പതിഞ്ഞ സംഗീതം ചുറ്റും നിറയും,
“പ്രിയേ, റിയലി യൂ ആർ എ ബ്യൂട്ടി ക്വീൻ. ഞാനും നിന്നെ പ്പോലെ സുന്ദരിയായിരുന്നെങ്കിൽ എന്നേയും വല്ല അമിതും തന്‍റെ ഹൃദയത്തിന്‍റെ റാണിയാക്കിയേനേ.” എന്നെ ഇങ്ങനെ പ്രശംസിച്ച് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നിഷ എന്‍റെ മനസ്സു കവർന്നു.
ജോലി ദിവസങ്ങളിലായാലും അവൾ ചുറ്റിക്കറങ്ങി രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ഞങ്ങളുടെ വീട്ടിൽ എത്തും. കുറച്ചു ദിവവസം കൊണ്ടു തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. എന്തെങ്കിലും കാര്യത്തിൽ ഞാനും അമിതും അഭിപ്രായവ്യത്യാസം കാണിച്ചാൽ ഞങ്ങൾ രണ്ടുപേരുകൂടി ചേർന്ന് അമിതിനെ നന്നായി കളിയാക്കും.
ഞങ്ങളുടെ സൗഹൃദത്തിന്‍റെ വേരുകൾ ശക്തമാകേണ്ടതായിരുന്നു. അതിനു മുമ്പു തന്നെ എനിക്ക് അവളുടെ ശരിയായ രൂപത്തെക്കുറിച്ചും ഉദ്ദേശത്തെക്കുറിച്ചും മനസ്സിലായി.
അമിതിന്‍റെ ഒരു സഹപ്രവർത്തകൻ ഉദ്യോഗക്കയറ്റം കിട്ടിയതിന്‍റെ പാർട്ടി ബങ്കെറ്റ് ഹാളിൽ വച്ച് നടത്തി. ഇതേ പാർട്ടിയിൽ വച്ച് കവിതയും ശിഖയുമാണ് നിഷയെക്കുറിച്ച് എനിക്ക് വിവരം തന്നത്. അവർ രണ്ടുപേരും അമിതിന്‍റെ ഓഫീസിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. ഞങ്ങൾ ഇതിനു മുമ്പും പലതവണ കണ്ടിട്ടുണ്ട്.
“നിഷ നിങ്ങളുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നുണ്ടെന്ന് കേട്ടല്ലോ,” കവിത ഇത് പറഞ്ഞപ്പോൾ അടുത്തെങ്ങും ഞങ്ങളുടെ സംസാരം കേൾക്കാൻ ആരുമുണ്ടായിരുന്നില്ല.
“ഞങ്ങൾ അവളുമായി നല്ല കൂട്ടാണ്.” ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
“പ്രിയേ, നിങ്ങളുടെ ജീവിതത്തിന്‍റെ സന്തോഷം നശിപ്പിക്കാനൊരുങ്ങിയിരിക്കുന്ന ആ പെൺകുട്ടിയെ നിങ്ങൾ വീട്ടിൽ കാലുകുത്താൻ അനുവദിക്കരുത്.” ശിഖയുടെ കണ്ണുകളിലെ ഉത്കണ്ഠയും കോപവും ഇടകലർന്ന ഭാവം കണ്ട് ഞാൻ പരിഭ്രമിച്ചു.
“നിങ്ങളെന്താ അങ്ങനെ പറയുന്നത്?” ഞാൻ പരിഭ്രമം കലർന്ന ശബ്ദത്തിൽ ചോദിച്ചു.
“അമിത് അവളുടെ വലയിൽ കുടുങ്ങിയിരിക്കുകയാണെന്ന് ഓഫീസിൽ എല്ലാവർക്കും അറിയാം. മറ്റുള്ളവരുടെ ഭർത്താക്കന്മാരെ കുടുക്കുന്നത് അവൾക്കൊരു ഹരമാണ്. നിങ്ങൾ വളരെ നിഷ്കളങ്കയാണ്. അതുകൊണ്ടാണ് ഞങ്ങളിന്ന് നിങ്ങൾക്ക് മുന്നറിയിപ്പ് തരാമെന്ന് തീരുമാനിച്ചത്.”
“ഞാനിന്നുവരെ അവൾ അമിതിന്‍റെ അടുത്ത് തെറ്റായ രീതിയിൽ പെരുമാറുന്നത് കണ്ടിട്ടില്ല.” ഞാൻ എന്‍റെ ഭർത്താവിന്‍റെയും നിഷയുടേയും പക്ഷം പിടിച്ചു.
“നിങ്ങളുടെ മുമ്പിൽ അവർക്ക് എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുണ്ടോ? നിഷയുടെ ഫ്ളാറ്റില്ലേ? അമിത് ഇപ്പോഴും അവളെ കാണാൻ അവിടെ പോകുന്നുണ്ട് പ്രിയേ.”
“എന്നോട് അമിത് പറഞ്ഞിട്ടുണ്ട് പലപ്പോഴും ഓഫീസ് കഴിഞ്ഞിട്ട് ചായ കുടിക്കുന്നതിനായി നിഷയോടൊപ്പം അവളുടെ ഫ്ളാറ്റിൽ പോകാറുണ്ടെന്ന്. പക്ഷേ അതിലെന്താണ് തെറ്റ്?”
എന്‍റെ ഈ ചോദ്യത്തിന് ഉത്തരമായി അവരുടെ പ്രത്യേക രീതിയിലുള്ള ചിരി കേട്ട് എനിക്ക് അമിതിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടി, എന്‍റെ മനസ്സിൽ അരക്ഷിതത്വവും പേടിയും ഉടലെടുത്തു.
“പ്രിയേ, ഈ നിഷ ഇന്ന് ഇട്ടിരിക്കുന്ന മനോഹരമായ ആ സ്വർണ്ണക്കമ്മലുണ്ടല്ലോ, അത് കുറച്ച് മാസങ്ങൾക്കു മുമ്പ് അമിത് അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുത്തതാണ്. നിങ്ങൾ തന്നെ പറയൂ. ഏതെങ്കിലും യുവാവ് തന്‍റെ സഹപ്രവർത്തകയായ യുവതിയ്ക്ക് സ്വർണ്ണക്കമ്മൽ സമ്മാനിക്കുമോ?”
“നിഷ നിങ്ങൾക്ക് തന്ന സമ്മാനത്തിലെ ആൺകുട്ടി അമിത് ആണ്. പക്ഷേ പെൺകുട്ടി നിങ്ങളല്ല. നിഷ എല്ലാവരോ ടും പറഞ്ഞു നടക്കുന്നത് അവൾ തന്നെയാണ് ആ പെൺകുട്ടി എന്നാണ്. കാരണം നിങ്ങൾക്ക് ആ സമ്മാനത്തിലെ പെൺകു ട്ടിയുടെ പോലെ ഉയരമില്ല. അമിത് ആ സമ്മാനം കണ്ട് അവളെ ഓർത്തുകൊണ്ടേ ഇരിക്കണം. അതിനാണ് അവളത് സമ്മാനിച്ചത്.”
കവിതയുടെയും ശിഖയുടെയും വാക്കുകൾ കേട്ട് എന്‍റെ മനസ്സമാധാനം തന്നെ നഷ്‌ടപ്പെട്ടു. അവർ പോയതിനു ശേഷം ഞാൻ അമിതിനെ തിരയുന്നതിനു വേണ്ടി ഹാളിന്‍റെ നാലു ചുറ്റും നോക്കി.
അമിത് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന കൂട്ടത്തിൽ നിഷയും ഉണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ അവർ എല്ലാവരും പെട്ടെന്ന് എന്തോ കാര്യത്തിന് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഒരുപക്ഷേ അമിത് നിഷയെ കളിയാക്കിയിട്ടുണ്ടാവും. അവൾ എന്‍റെ ഭർത്താവിന്‍റെ പുറത്ത് കള്ളദേഷ്യത്തിൽ പതുക്കെ മുഷ്ടി ചുരുട്ടി ഇടിക്കുന്നത് കണ്ടു. അവളുടെ ഈ പ്രവൃത്തി വീണ്ടും കൂട്ടച്ചിരി ഉയർത്തി.
നിഷ എന്‍റെ ഭർത്താവിനെ തൊട്ടത് എനിക്കിഷ്ടമായില്ല. പാർട്ടിയിൽ വച്ച് ഞാൻ അവളെ പല തവണ കണ്ടു. പക്ഷേ എനിക്കവളോട് നേരെചൊവ്വേ സംസാരിക്കാൻ കഴിഞ്ഞില്ല. നിഷ കാരണം എന്‍റെ മനസ്സിൽ ഉണ്ടായ ഇഷ്ടക്കേട് അമിതിൽ നിന്നും അധികദിവസം ഒളിക്കാൻ കഴിഞ്ഞില്ല. ഞാൻ കുറേ ദിവസമായി എന്‍റെ മനസ്സിൽ കെട്ടിക്കിടന്ന ദേഷ്യത്തിന്‍റെയും പരിഭവത്തിന്‍റെയും വിഷം തുപ്പി.
“വിവാഹത്തിനു ശേഷം വിവരമുള്ള മനുഷ്യർ തന്‍റെ പഴയ കൂട്ടുകാരികളുമായി അകലം വയ്ക്കും. ഓഫീസിൽ വേറെ പ്രേമം കൊണ്ടുനടക്കുന്ന പണി നിങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ശരിയാവില്ല.” എനിക്ക് ഭയങ്കര ദേഷ്യം വന്നു.
“നീയെന്നെ സംശയിക്കുകയാണോ?” അമിത് വലിയ മുറിവേറ്റ പോലെ ചോദിച്ചു.
“എനിക്കു മാത്രമല്ല, ഇക്കാര്യം ഓഫീസിലെ എല്ലാവർക്കും അറിയാം.”
“പ്രിയേ, നീ മറ്റുള്ളവരുടെ മണ്ടത്തരങ്ങൾ കേട്ടിട്ട് എന്‍റെയും നിന്‍റെയും തല പെരുപ്പിക്കരുത്.”
“എന്‍റെ മനസ്സിന് സമാധാനം കിട്ടാൻ നിങ്ങൾക്ക് നിഷയുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ല.”
“നിന്‍റെ അടിസ്ഥാനമില്ലാത്ത സംശയം എന്നെ ഭ്രാന്ത് പിടിപ്പിക്കും. കാര്യമില്ലാത്ത കാര്യത്തിന് ഞാനെന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ തയ്യാറല്ല.”
“ഇനി നിഷയെ വീട്ടിലേയ്ക്ക് കയറ്റിയേക്കരുത്. നിങ്ങളും ഇനി അവളുടെ ഫ്ളാറ്റിൽ പോയാൽ ഞാൻ പിന്നെ ഇവിടെ നിൽക്കില്ല.”
“എന്നെ ഭീഷണിപ്പെടുത്തുകയാണോ നീ? നിഷയോട് അല്പമെങ്കിലും മോശമായി നീ പെരുമാറിയാൽ എന്‍റെ സ്വഭാവം മാറും.”
“അതിനർത്ഥം നിങ്ങൾക്ക് നിഷയുടെ വികാരങ്ങളാണ് വലുത്, എന്‍റെയല്ല.”
“നീ കരഞ്ഞ് എന്നെ ബ്ലാക്മെയിൽ ചെയ്യാനാണോ ശ്രമം? ഇനി ഈ കാര്യത്തിൽ നമ്മുടെ ഇടയിൽ ഒരു സംസാരവും ഉണ്ടാകില്ല. ഞാൻ നിന്‍റെ മാത്രമാണ്.”
“എന്നെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ നിഷയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം.”
“നിന്നെപ്പോലെ ഒരു പൊട്ടിപ്പെണ്ണിനെ ആർക്ക് കാര്യം പറഞ്ഞ് മനസ്സിലാക്കാൻ പറ്റും,” ദേഷ്യം കൊണ്ട് തിളച്ചു മറിഞ്ഞ് അമിത് വീടുവിട്ട് പോയി.
എന്‍റെ ആഗ്രഹവും വികാരവും മാനിച്ച് ഞാൻ ഒറ്റത്തവണ പറഞ്ഞാൽ തന്നെ അമിത് ഉടനെ നിഷയിൽ നിന്ന് അകലും എന്ന എന്‍റെ വിചാരം തെറ്റാണെന്ന് അദ്ദേഹം അന്ന് കാണിച്ചു തന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടിയുള്ളത് എനിക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ മനസ്സിന് എനിക്കു മാത്രമേ അവകാശമുള്ളൂ. നിഷയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് നിരാകരിച്ച് അദ്ദേഹം എനിക്ക് വലിയൊരു അടിയാണ് തന്നത്.
നിഷ ഞങ്ങളുടെ വീട്ടിൽ വരുന്നത് തുടർന്നു. ഞാൻ അവളുടെ സാന്നിധ്യത്തിൽ കോപം നിറഞ്ഞ മൗനം അവലംബിക്കും. പരസ്‌പരമുള്ള അവരുടെ ചിരിയും കളിയും അസഹനീയമായി തോന്നുമ്പോൾ തലവേദന അഭിനയിച്ച് ഞാൻ കിടപ്പുമുറിയിൽ പോയി കിടക്കും. നിഷയ്ക്ക് എന്‍റെ വീട്ടിൽ സ്വാഗതമില്ല. ഈ കാര്യം വ്യക്‌തമാക്കുന്നതിന് കിട്ടിയ ഒരു അവസരവും ഞാൻ പാഴാക്കിയില്ല.
നിഷയിലാകട്ടെ എന്‍റെ ഈ മൗനവിരോധത്തിന്‍റെ ഒരു പ്രഭാവവും കണ്ടില്ല. പക്ഷേ അമിത് അങ്ങേയറ്റം അസ്വസ്‌ഥനായി നിഷയുടെ പേരിൽ ഞങ്ങളുടെ ഇടയിൽ വഴക്ക് പതിവായി എനിക്ക് ഏറ്റവും വിഷമമായത് ഈ വഴക്കുകളോ എന്‍റെ കണ്ണീരോ അമിതിനെ സ്വാധീനിച്ചില്ല എന്നതാണ്. എന്‍റെ നോട്ടത്തിൽ അദ്ദേഹത്തിന്‍റെ കടുത്ത പിണക്കം മനസ്സുകൊണ്ട് താനാരു കള്ളനാണ് എന്നതിന്‍റെ തെളിവായിരുന്നു. ദേഷ്യത്തിന്‍റെയും ഈർഷ്യയുടേയും അഗ്നിയിൽ രാവും പകലും ഞാൻ എരിഞ്ഞു.
ഞങ്ങളുടെ ഇടയിലെ ഈ കടുത്ത ഏറ്റുമുട്ടൽ ഏതാണ്ട് രണ്ടുമാസത്തോളം തുടർന്നു. ദേഷ്യവും സങ്കടവും നിരാശയും സഹിക്കവയ്യാതെ എന്നിൽ തന്നെ ഒതുങ്ങിക്കൂടി ജീവിക്കാൻ തുടങ്ങി. ഒരു യന്ത്രം പോലെ വീട്ടുജോലികൾ ചെയ്യും. അമിത് എന്തെങ്കിലും മനസ്സിലാക്കിക്കാൻ ശ്രമിച്ചാൽ എനിക്കൊന്നും മനസ്സിലാവില്ല. അപ്പോൾ ഞാൻ ഒന്നുകിൽ പരാജയപ്പെട്ട് തളർന്നപോലെ എഴുന്നേറ്റ് വീടിന്‍റെ മറ്റേതെങ്കിലും ഭാഗത്തേയ്ക്ക് പോകും. അല്ലെങ്കിൽ എന്‍റെ കണ്ണിൽ നിന്ന് കുടുകുടാ കണ്ണുനീർ ഒഴുകും. അദ്ദേഹം ഇടയ്ക്കക്ക് എന്നെ വഴക്കു പറയും.
പക്ഷേ എനിക്ക് തിരിച്ചൊന്നും പറയാനുള്ള ശക്തി ഉള്ളിലുണ്ടെന്ന് തോന്നാറില്ല. സത്യത്തിൽ അമിതിന്‍റെ സാന്നിധ്യം തന്നെ എനിക്ക് ഇഷ്ടമായിരുന്നില്ല.
എന്‍റെ ആരോഗ്യം തുടർച്ചയായി കുറഞ്ഞു വരുന്നതു കണ്ട് എന്‍റെ വീട്ടുകാരും ഭർത്താവിന്‍റെ വീട്ടുകാരും ആകുലരായി. ഞങ്ങളുടെ ദാമ്പത്യം ഏതോ നിഷയെന്ന പെൺകുട്ടി കാരണമാണ് തകർന്നിരിക്കുന്നതെന്ന സത്യം അവർക്കൊക്കെ മുമ്പേ അറിയാമായിരുന്നു. അവരെല്ലാവരും നിഷയുമായി പൂർണ്ണമായും പിരിയാൻ അമിതിനെ ശകാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് വളരെ സ്വസ്‌ഥതയും ആശ്വാസവും ലഭിക്കുമായിരുന്നു.
എന്‍റെ ഡിപ്രഷൻ എല്ലാവരേയും ഉലച്ചു. നിഷയുമായി അകലാൻ അമിതിൽ അങ്ങേയറ്റം സമ്മർദ്ദം ഉണ്ടായി, മുമ്പത്തെ പോലെ അദ്ദേഹം ആരുമായും വാക്കുതർക്കത്തിനോ വഴക്കിനോ നിന്നില്ല. പക്ഷേ സ്വയം തെറ്റുകാരനല്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. നിഷയുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന ഉറപ്പ് ആർക്കും അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്നില്ല. നിരാശയുടെ മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് ഈ സത്യം എന്‍റെ മനസ്സിനെ ഇടയ്ക്കിടെ കുത്തിനോവിക്കും.
“പ്രിയയെ ഞങ്ങൾ കുറച്ചു ദിവസം വീട്ടിലേയ്ക്ക് കൊണ്ടു പോവുകയാണ്.” എന്‍റെ അച്‌ഛനമ്മമാരുടെ ഈ പ്രസ്‌താവനയ്ക്ക് അമിത് ഒരു പ്രാവശ്യം പോലും എതിരു പറഞ്ഞില്ല.
“ഇത്തരം ഒരു ചീത്ത സമയം നമ്മുടെ വിവാഹജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാൻ സ്വപ്‌നം പോലും കണ്ടില്ല പ്രിയേ, ഞാൻ എന്‍റെ ജീവനേക്കാൾ സ്നേഹിച്ച ആ പെൺകുട്ടിയല്ല നീയിപ്പോൾ നിന്‍റെ മനസ്സിലെ സംശയത്തിന്‍റെ മുള നീ എന്ന് ചുട്ടുകരിക്കാൻ തയ്യാറാവുന്നുവോ അന്ന് ഞാൻ നിന്നെ വിളിക്കാൻ വരും. നന്നായിരിക്ക്.” യാത്ര പറയുന്ന സമയത്ത് അമിതിന്‍റെ കണ്ണിൽ കണ്ണുനീർ കണ്ടെങ്കിലും നിഷയുമായി അകലാമെന്ന ഉറപ്പ് അദ്ദേഹത്തിന്‍റെ വായിൽ നിന്ന് വന്നില്ല.
വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിനു ശേഷം ഞാൻ നിരാശയിലും സങ്കടത്തിലും അമിതിൽ നിന്ന് ദൂരെ എന്‍റെ വീട്ടിൽ താമസിക്കാൻ വന്നു. എന്‍റെ വീട്ടുകാർ മാത്രമല്ല എന്നെ കാണാൻ വരുന്നവരും അമിതിനെ കുറ്റപ്പെടുത്തി അവരുടെയെല്ലാം അനുകമ്പ നിറഞ്ഞ വാക്കുകൾ എന്നെ ഇടയ്ക്കിടയ്ക്ക് കരയിക്കും. എന്‍റെ പ്രശ്‌നം പരിഹരിക്കാനുള്ള ശരിയായ വഴി ആരുടേയും കൈയിലില്ല എന്നതും സത്യമായിരുന്നു.
മിക്കവാറും എല്ലാ ദിവസവും അമിത് ഫോണിലൂടെ എന്‍റെ വിശേഷം ചോദിക്കും. ഞാൻ കൂടുതലും മിണ്ടാതിരുന്ന് അദ്ദേഹത്തിന്‍റെ സംസാരം കേൾക്കും. അദ്ദേഹം നിഷയുടെ കാര്യത്തിൽ താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അവളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറായിരുന്നില്ല. ആ അവസ്‌ഥയിൽ അദ്ദേഹത്തെ മനസ്സിലാക്കിക്കാനുള്ള എല്ലാ പ്രയത്നവും നിരർത്ഥകമാവുകയായിരുന്നു.
എന്‍റെ ഡിപ്രഷൻ പതിയെപ്പതിയെ അകലാൻ തുടങ്ങി. വിശപ്പ് വന്നു, ഉറക്കം ശരിയായി. അതോടെ ആരോഗ്യവും നന്നായി. എന്‍റെ സംസാരശീലം തിരികെ വന്നു. അതോടെ നിഷയെ ഓർത്തുള്ള ഉത്കണ്ഠ വീണ്ടും തുടങ്ങി. അമിത് പറയുന്നത് ഞാൻ എന്‍റെ സംശയം ഉപേക്ഷിച്ചാൽ അദ്ദേഹം ഉടനെ എന്നെ കൊണ്ടുപോകാൻ വരുമെന്നാണ്. ഞാൻ ആഗ്രഹിച്ചത് അദ്ദേഹം നിഷയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ്.
ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വാശിയിൽ ഉറച്ചു നിന്ന കാരണം ഇക്കാര്യത്തെച്ചൊല്ലിയുള്ള ഞങ്ങളുടെ സംസാരം തന്നെ നിന്നു. ഫോണിലൂടെ ഞങ്ങൾ വളരെ ഔപചാരികതയോടെ കാര്യങ്ങൾ പറയും. അദ്ദേഹം ഇടയ്ക്ക് വീട്ടിൽ വന്നാലും ഞങ്ങളുടെ ഇടയിൽ ഒരു പിരിമുറുക്കം നിലനിന്നു. കിടപ്പുമുറിയിലും ഇതിന്‍റെ പ്രഭാവം കാണുമായിരുന്നു. മനസ്സു കൊണ്ട് പരസ്‌പരം സ്നേഹിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.
അദ്ദേഹവുമായി അങ്ങേയറ്റം വഴക്കിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. നിശ്ശബ്ദമായ കോപം വളരെക്കാലം നീണ്ടു നിന്നു. എന്നിട്ടും നിഷയുടെ പ്രശ്നം ശരിയായില്ല. എന്‍റെ ഈ ബുദ്ധിമുട്ട് എങ്ങനെ പരിഹരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നിഷ കാരണം അദ്ദേഹത്തിന്‍റെ അടുത്തു പോകാൻ മനസ്സ് അനുവദിച്ചിരുന്നുമില്ല. അദ്ദേഹം വീട്ടിൽ വരുമ്പോഴെല്ലാം അടുത്തിടപഴകാനും ഞാൻ മടികാണിച്ചിരുന്നു.
ഒരു ദിവസം ഞാൻ വർമ്മാജിയുടെ വീടിന്‍റെ പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടു. അദ്ദേഹത്തിന്‍റെ വീട് ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്തായിരുന്നു. രാത്രി ഏതാണ്ട് പതിനൊന്നരയോട് അടുപ്പിച്ചാണ് ഈ സംഭവം നടന്നത്. അന്ന് അമിതും എന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.
“തീ… തീ… മമ്മീ, പപ്പാ, അടുത്ത വീട്ടിലെ വർമ്മാജിയുടെ വീട്ടിൽ തീ പിടിച്ചു.” ഞാൻ ബാൽക്കണിയിൽ നിന്ന് എന്‍റെ അനിയനേയും അച്‌ഛനമ്മമാരേയും അമിതിനേയും എന്‍റെ അടുത്തേയ്ക്ക് വിളിച്ചു. കട്ടിയുള്ള കറുത്ത പുക ആകാശത്തേയ്ക്ക് ഉയരുന്നതു കണ്ട് അവരാകെ പരിഭ്രമിച്ചു പോയി. അമിതും എന്‍റെ അനുജനും തിരക്കിട്ട് അങ്ങോട്ട് ചെന്നു.
നിമിഷങ്ങൾ കൊണ്ട് എട്ടുപത്ത് അയൽക്കാർ വർമ്മാജിയു ടെ ഗേറ്റിനരികിൽ തടിച്ചുകൂടി. തീ പിടിച്ചുവെന്ന് എല്ലാവരും ഉറക്കെ അദ്ദേഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. തെരുവിലെ ഓരോരോ വീടുകളിലായി വിളക്ക് തെളിയാൻ തുടങ്ങി.
വർമ്മാജി പരിഭ്രമിച്ച് പുറത്തു വന്നപ്പോഴേയ്ക്കും 15-20 അയൽക്കാർ അദ്ദേഹത്തിന്‍റെ ഗേറ്റിനരികിൽ നിൽപുണ്ടായിരുന്നു. ആൾക്കാർ ആകാശത്തേയ്ക്ക് വിരൽ ചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കിയ അദ്ദേഹം കറുത്ത പുക കണ്ടതും വല്ലാതെ പേടിച്ചുപോയി. തന്‍റെ ഭാര്യയേയും മകനേയും മരുമകളേയും വിളിച്ചുകൊണ്ട് അദ്ദേഹം തിരിച്ച് വീടിനുള്ളിലേയ്ക്ക് ഓടിപ്പോയി. അദ്ദേഹത്തിന്‍റെ പിന്നാലെ വീട്ടിൽ കടന്നവരിൽ അമിതും എന്‍റെ അനിയനും ഏറ്റവും മുന്നിലായിരുന്നു. ബാക്കി ആളുകൾ ഗേറ്റിനരികിൽ നിന്ന് തീ ഉണ്ടാകാനുള്ള കാരണത്തെപ്പറ്റിയും അതിന്‍റെ സ്ഥാനത്തെപ്പറ്റിയും ഗൗരവത്തോടെയും പരിഭ്രമത്തോടെയും ചർച്ച ചെയ്യാൻ തുടങ്ങി. അവിടെ ഇല്ലാത്തവർ തങ്ങളുടെ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് സംഭവസ്ഥലം നോക്കുന്നുണ്ടായിരുന്നു.
വീടിന്‍റെ പുറംഭാഗത്തു നിന്ന് ആദ്യം എന്‍റെ അനിയൻ പുറത്തുവന്നു. അവൻ പുഞ്ചിരിക്കുന്നതു കണ്ട് ഞങ്ങൾക്കൊക്കെ ജീവൻ തിരിച്ചു കിട്ടി.
“അകത്തൊരു കുഴപ്പവുമില്ല,” അവൻ ഉറക്കെ എല്ലാവരോ ടും പറഞ്ഞു. “പിന്നിലെ വരാന്തയിൽ വച്ചിരുന്ന പത്രക്കെട്ടിൽ തീപ്പൊരി വീണ് തീ പിടിച്ചു. വീട്ടിൽ നിന്നല്ല, പിന്നിലെ വരാന്തയിലെ തീയിൽ നിന്നാണ് പുക ഉയർന്നത്.”
ആൾക്കാർ ഉണർന്നു കഴിഞ്ഞിരുന്ന കാരണം പെട്ടെന്ന് വീടുകളിലേക്ക് തിരിച്ചു പോയില്ല. പുറത്ത് വഴിയരികിൽ നിന്ന് അവർ ലോകകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷം അമിത് കിടപ്പുമുറിയിൽ വന്നു. ഞാൻ കിടക്കയിൽ വെറുതെ ഇരിക്കുന്നതു കണ്ട് അദ്ദേഹം പറഞ്ഞു.
“പെട്ടെന്നുള്ള ആവേശം കാരണം ഇനി ഉറക്കം വരില്ല. എല്ലാവരും വെറുതെ പരിഭ്രമിച്ചു.”
“കട്ടിയുള്ള കറുത്ത പുക കണ്ടപ്പോൾ ഞാൻ കരുതിയത് വീടിനുള്ളിലാണ് തീ പിടിച്ചത് എന്നാണ്. എന്‍റെ വിചാരം തെറ്റായി.” ഇതു പറയുമ്പോൾ എനിക്ക് തോന്നിയത് ഞാൻ എന്നോടു തന്നെ സംസാരിക്കുകയാണ് എന്നാണ്.
കുറച്ചുനേരം ആലോചനയിൽ മുഴുകിയിരുന്ന ശേഷം അമിത് ചോദിച്ചു, “സത്യത്തിൽ ഇപ്പോൾ നീ വേറെ വല്ലതുമാണോ പറയാൻ ആഗ്രഹിക്കുന്നത് പ്രിയേ?”
“അതെ. കുറച്ചു മുമ്പ് മനസ്സിനെ പിടിച്ചു കുലുക്കുന്ന ഒരു ചിന്ത പൊങ്ങി വന്നു. അപ്പോൾ മുതൽ ഞാൻ അതിനെക്കുറിച്ച് ആലോചിക്കുകയാണ്.”
“നിന്‍റെ മനസ്സിലുള്ളത് എന്നോടും പറയൂ.”
“അമിത്, ഒരുപക്ഷേ നിങ്ങളും നിഷയും തമ്മിലുള്ള അവിഹിതമായ ബന്ധത്തെപ്പറ്റി…”
“അവളും ഞാനുമായി ഒരു അവിഹിത ബന്ധവും ഇല്ല.” അമിത് ദേഷ്യം നിറഞ്ഞ ശബ്‌ദത്തിൽ എന്നെ തടഞ്ഞു.
“ദയവായി ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കൂ.”
“ശരി, പറയ്.”
“അമിത്, എവിടെ നിന്നെങ്കിലും പുക ഉയരുന്നതുകൊണ്ട് അവിടെ തീർച്ചയായും തീയുണ്ടാകും എന്നു പറയുന്നത് തെറ്റാണോ?”
“തീയുണ്ടെങ്കിലേ പുകയുണ്ടാകൂ?”
“പക്ഷേ മനുഷ്യന്‍റെ കാര്യത്തിൽ, പ്രത്യേകിച്ച് സ്ത്രീപുരുഷന്മാരുടെ പ്രേമത്തിന്‍റെ കാര്യത്തിൽ…. അതിൽ തന്നെ അവിഹിത ബന്ധത്തെക്കുറിച്ച് പറയുകയാണെങ്കിൽ, പുക തീയില്ലാതെയും തീ കാരണവും ഉണ്ടാകാം.”
“എനിക്ക് നീ പറഞ്ഞത് മനസ്സിലായില്ല.” അമിത് പറഞ്ഞു.
“നോക്കൂ, നിങ്ങളും നിഷയും തമ്മിൽ അവിഹിത ബന്ധം ഉണ്ടെങ്കിൽ അത് തീയുടെ ഉറവിടമായി. നിങ്ങളുടെ അവിഹിത ബന്ധത്തെപ്പറ്റി ആൾക്കാർ ചർച്ച ചെയ്യുന്നതിനെ നമ്മൾ ആ തീയിൽ നിന്നുള്ള പുക എന്ന് പറയും.”
“ഇതുവരെ നീ പറഞ്ഞത് എനിക്ക് നന്നായി മനസ്സിലായി.” അമിതിന്‍റെ മുഴുവൻ ശ്രദ്ധയും എന്നിലായിരുന്നു.
“നിങ്ങൾ പറയുന്നു, നിങ്ങൾക്ക് നിഷയുമായി തെറ്റായ ബന്ധമില്ലെന്ന്. പക്ഷേ ലോകത്തിന് ഇക്കാര്യത്തിൽ വേറെ അഭിപ്രായമാണ്. ഇക്കാര്യത്തിൽ പുകയുണ്ട്. പക്ഷേ തീയിന്‍റെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്.”
“ഞാൻ പറയുന്നു തീ ഇല്ല എന്ന്.” അമിത് ഉറപ്പിച്ചു പറഞ്ഞു.
“ഇന്ന് ഞാൻ നിങ്ങൾ പറയുന്നത് പൂർണ്ണമായും വിശ്വസിക്കും അമിത്. കാരണം തീനാളം എന്ന് വിളിക്കാൻ പറ്റുന്ന ഒന്നും ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടിട്ടില്ല… തീ കണ്ടെന്ന് പറയുന്ന ഒരാളേയും ഞാൻ… അതായത് നിഷയും നിങ്ങളും തെറ്റായ രീതിയിൽ സംസാരിക്കുന്നതോ പ്രവർത്തിക്കുന്നതോ സ്വന്തം കണ്ണു കൊണ്ട് കണ്ടതോ, കാതുകൊണ്ട് കേട്ടതോ ആയ ആരേയും കണ്ടിട്ടില്ല. എല്ലാവരും പുകയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. പിന്നെ…”
“പിന്നെ എന്താ?” അമിത് എന്‍റെ അടുത്ത് വന്ന് ഇരുന്നു.
“പിന്നെ, ഞാൻ പുകയിൽ വിശ്വസിച്ച് തീ ഉണ്ടാകുമെന്ന് കരുതരുതായിരുന്നു. പുക കാരണം ഞാൻ കരഞ്ഞു. ഞാൻ എന്‍റെ തെറ്റ് സമ്മതിക്കുന്നു.” ഞാൻ കുനിഞ്ഞ് പലതവണ അമിതിന്‍റെ കൈയിൽ ഉമ്മ വച്ചു.
“നിഷ എന്നും എന്‍റെ നല്ല സുഹൃത്തായിരുന്നു. ഈ ബന്ധത്തിന്‍റെ പവിത്രതയും രസവും കളയാൻ എനിക്കൊട്ടും ആഗ്രഹമില്ല. എന്‍റെ മനസ്സിൽ എന്നും നീയാണ് നിറഞ്ഞു നിന്നത്. ഇപ്പോഴും നിൽക്കുന്നത്. ഇനിയും അങ്ങനെയാവും പ്രിയേ.” അമിത് തുടരെത്തുടരെ എന്‍റെ കണ്ണുകളിൽ ഉമ്മ വച്ചു. എന്‍റെ ശരീരം മുഴുവനും സുഖമുള്ള ഒരു ചൂട് പ്രവഹിച്ചു.
“നോക്കൂ, ഒരിക്കലും മറ്റൊരു സ്ത്രീയുമായി തീ ഉണ്ടാക്കരുത്. നമ്മുടെ സന്തോഷങ്ങളും സുഖങ്ങളും എരിഞ്ഞുതീരും. പുകയെക്കുറിച്ച് ഇനി ഞാൻ ആലോചിക്കുകയേ ഇല്ല. പക്ഷേ തീ കണ്ടാൽ ഞാൻ എന്‍റെ ജീവൻ…”
“അങ്ങനെ ഒരിക്കലും ഉണ്ടാവില്ല മണ്ടീ…” അമിത് എന്‍റെ വായ മൂടി.
നിഷ കാരണം എന്‍റെ മനസ്സിൽ മാസങ്ങളായി ഉണ്ടായിരുന്ന ഭാരം ഇല്ലാതായി.