ഹൊ ഈ ജോലി മടുത്തു. ഓഫീസിൽ വല്ലാത്ത ബോറടി ഇങ്ങനെ പറയുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് പരിചയമുണ്ടാകും. ഒരുപക്ഷേ നിങ്ങൾ സ്വയം അങ്ങനെ പറയുന്നുമുണ്ടാകാം.
ബോളിവുഡ് താരം നസറുദ്ദീൻ ഷായുടെ അഭിപ്രായപ്രകാരം അഭിനയമാണ് ഈ ലോകത്ത് ഏറ്റവും ബോറടിപ്പിക്കുന്ന തൊഴിൽ കിട്ടുന്ന ഉയർന്ന വരുമാനവും പ്രശസ്തിയുമാണ് ബോറടിയെ മറി കടക്കാൻ നടീനടന്മാരെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ ഓരോരുത്തർക്കും ഉണ്ടാകും സ്വന്തം ജോലിയെക്കുറിച്ചുള്ള വിലയിരുത്തൽ. ഒരേ ജോലി വർഷങ്ങളായി ചെയ്യുമ്പോൾ താല്‌പര്യം നഷ്‌ടമാകുന്നത് സ്വാഭാവികമാണ്. ഇതിനെയാണ് നാം ഇംഗ്ലീഷിൽ ബോറിംഗ് എന്നു വിളിക്കുന്നത്.
ബോറടി ഫീൽ ചെയ്യുന്നത് ഓഫീ സിൽ മാത്രമാണെന്നു കരുതരുത്. വീട്ടിലും സംഭവിക്കാറുണ്ട്. തൊഴിൽരഹിതരും വീട്ടമ്മമാരും വീട്ടിലെ ബോറടിയുടെ ഇരകളാണ്. പക്ഷേ ഇപ്രകാരം ബോറടി ഓഫീസിലും വീട്ടിലും ബോറടി തോന്നുന്നത് ശക്ത്‌തമായി തുടരുകയാ ണങ്കിൽ ഉടനെ പരിഹാരം തേടേണ്ടത് അനിവാര്യമാണ്. ജോലിയിൽ മടുപ്പ് തോന്നിയാൽ മനസ്സ് പിന്നീട് ആ ജോലിയിൽ ഉറയ്ക്കില്ല. അത് ഭാവിയിൽ പലതരം പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തും.
ക്ഷീണം പ്രധാന വില്ലൻ
“ജോലിയിലും ഓഫീസിലും വീട്ടിലും ബോറടി തോന്നുന്നു എന്ന് പരാതിപ്പെടുന്നവരെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഏതെങ്കിലും തരത്തിലുള്ള മാനസിക ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നവരാകും അവർ.” സുന്ദർലാൽ ജൈൻ ഹോസ്‌പിറ്റലിലെ സൈക്കോളജിക്കൽ കൗൺസിലർ ഡോ. അനു പറയുന്നു.
ക്ഷീണം, ദേഷ്യം, ടെൻഷൻ എന്നീ അവസ്‌ഥ ഇത്തരക്കാരിൽ പൊതുവേ കൂടുതലുമായിരിക്കും. നിസ്സാര കാര്യങ്ങൾക്കു പോലും ടെൻഷനടിക്കുന്നവരും പെട്ടെന്ന് ദേഷ്യം വരുന്നവരും വിരസത ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരുടെ പട്ടികയിൽ വരും. ബോറടി കുറയ്ക്കാനോ അതുണ്ടാക്കുന്ന വിരസതയിൽ നിന്ന് രക്ഷപ്പെടാനോ വേണ്ടി ചിലർ മദ്യം, മയക്കു മരുന്ന് തുടങ്ങിയ ദുഃശീലങ്ങൾക്ക് അടിമപ്പെടുന്നതും കണ്ടുവരുന്നു.
ജോലിയിലും ജീവിതത്തിലും ഉണ്ടാകുന്ന വിരസത മാറ്റാൻ ഉള്ള പോംവഴി ചെയ്യുന്ന കാര്യങ്ങളിൽ പുതുമ കണ്ടെത്തുകയാണ്. അതിന് ആദ്യം തന്നെ സ്വയം ഒരു തീരുമാനത്തിലെത്തണം. ഓഫീസ് അന്തരീക്ഷത്തിൽ ഇടയ്ക്കിടെ ചില മാറ്റങ്ങൾ വരുത്തുന്നതാണ് മറ്റൊരു പ്രധാനകാര്യം. ഒരേ രീതിയിലുള്ള ഇരിപ്പ്, മേശപ്പുറത്തെ കുന്നുകൂടിയ സ്‌ഥിരം ഫയലുകൾ, വർക്കിൽ കൃത്യത പാലിക്കാൻ തുടരുന്ന ഒരേതരം വർക്കിംഗ് രീതികൾ… ഇതൊക്കെ ജോലിയിൽ മടുപ്പുളവാക്കുന്ന കാര്യങ്ങളാണ്.
“മേശപ്പുറത്തെ ഫയലുകൾ വയ്ക്കുന്നതിലെ ചില്ലറ മാറ്റം പോലും വിരസതയകറ്റാനും ജോലിയിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉപകരിക്കും.” വെസ്റ്റ് ഫ്ളോറിഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സ്റ്റീഫൻ പറയുന്നു.
വ്യക്തിപരമായ പ്രശ്നങ്ങളും ഓഫീസ് അന്തരീക്ഷം വിരസമാക്കാൻ ഇടയാക്കാറുണ്ട്. ഒരു വ്യക്‌തി സ്വന്തം ജീവിതത്തിൽ എത്രമാത്രം പുതുമ തേടുന്നുവെന്നത് ഇക്കാര്യത്തിലും ബാധകമാണ്. ചിലർക്ക് ഒരേ ജോലി എത്ര ചെയ്താലും മടുത്തുവെന്ന് വരില്ല. ചിലരാകട്ടെ എന്തു ചെയ്‌താലും എന്തെങ്കിലും പുതുമയോടെ ചെയ്യാൻ ആഗ്രഹിക്കും. ഓഫീസിലെ സൗഹൃദാന്തരീക്ഷം വിരസതയെ ഒരു പരിധി വരെ അകറ്റി നിർത്തും.
ആർക്കാണ് കൂടുതൽ ബോറടി?
ഓഫീസ് ജോലിയിൽ ബോറടി കൂടുതൽ തോന്നുന്നത് പുരുഷനോ സ്ത്രീക്കോ? ഇതിലും വലിയ അന്തരങ്ങളുണ്ടെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. തുടർച്ചയായി ഒരു ജോലി ചെയ്യുന്ന സ്ത്രീ പുരുഷന്മാരെ പരിഗണിച്ചപ്പോൾ ജോലി ആദ്യം മടുക്കുന്നത് പുരുഷനാണ് എന്നാണ് കണ്ടെത്തിയത്. അതേസമയം റിസ്ക് കൂടുതലുള്ള ജോലി ചെയ്യാൻ പുരുഷൻ കൂടുതൽ താല്പര്യം കാണിക്കും. എന്നാൽ ഈ ജോലിയും കൂടുതൽ കാലം ചെയ്യുമ്പോൾ പുരുഷന് വിരസത താന്നും.
എന്നാൽ സ്ത്രീ ഒരേതരം ജോലി കൂടുതൽ കാലം ചെയ്യും. അതേ ജോലി തന്നെ പുരുഷന് അത്രയും കാലം തുടരാനുള്ള മനഃസാന്നിധ്യം ഉണ്ടാവുന്നില്ല എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. ഇക്കാരണം കൊണ്ടു കൂടിയാണ് പുരുഷന്മാർ ഒരു ജോലിയിൽ നിന്ന് മറ്റൊരു. ജോലിയിലേക്ക് ചാട്ടം പതിവാക്കുന്നത്.
പ്രശംസിക്കാൻ മറക്കല്ലേ
ഓഫീസിൽ ഒരാൾ അവഗണിക്കപ്പെട്ടാലും വിരസതയുടെ ഇരയായി മാറിയേക്കാം. ഓഫീസിൽ നന്നായി ജോലി ചെയ്‌തിട്ടും മേലധികാരികളുടെ ശ്രദ്ധയിൽ പെടാതിരിക്കുകയോ, പ്രശംസിക്കപ്പെടാതിരിക്കുകയോ ചെയ്‌താലും ഒരു വ്യക്‌തിയുടെ മനസ്സിൽ നിരാശ ജനിക്കാം. അതിൽ സ്ത്രീപുരുഷ ഭേദമില്ല. ഈ നിരാശ ഒരാളുടെ കാര്യക്ഷമതയെ കുറയ്ക്കുകയും ഓഫീസിൽ ബോറടി തോന്നിക്കുകയും ചെയ്യും.
ഐഐഎം പോലുള്ള പ്രശസ്‌തമായ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ നിന്ന് പ്രൊഫഷണൽ ബിരുദം നേടിയ ശേഷം പെട്ടെന്ന് തന്നെ ജോലിയിൽ പ്രവേശിച്ചവരിൽ വളരെയധികം പേർ ഒരു വർഷത്തിനകം ആ ജോലി രാജിവച്ചുവെന്ന് ഒരു സർവ്വേ വെളിപ്പെടുത്തുന്നു. ഇവരോട് കാരണം തിരക്കിയപ്പോൾ, അവർ പറഞ്ഞത് തങ്ങളുടെ കാര്യശേഷിക്കനുസരിച്ച ജോലിയല്ലായിരുന്നതിനാൽ ബോറടി തോന്നി എന്നാണ്. ജോബ് സാറ്റിസ്‌ഫാക്ഷൻ ഇല്ല എന്നതാണ് ഇവരുടെ പ്രശ്നo…
ഇതേ പ്രശ്നം കൊണ്ട് ജോലിയിൽ മടുപ്പ് തോന്നുന്നവരും ധാരാളമുണ്ട്. ചെയ്യുന്ന തൊഴിലിനോട് ഇഷ്‌ടവും അതിലൂടെ സംതൃപ്തിയും തോന്നുന്നില്ലെങ്കിൽ ആ വ്യക്തിയും താമസിയാതെ വിരസതയ്ക്കടിമപ്പെടാം. ഒരാൾക്ക് ഇഷ്ടം തോന്നുന്ന ജോലിയോട് മറ്റൊരാൾക്ക് വെറുപ്പുണ്ടാകുന്നതും സ്വാഭാവികം. ഫാക്‌ടറി ജോലി, അക്കൗണ്ടന്‍റ് വർക്ക്, ക്ലെറിക്കൽ ജോലി എന്നിവ മടുപ്പുളവാകാൻ കൂടുതൽ സാധ്യതയുള്ള തൊഴിലുകളാണ്.
ആശിച്ചു കിട്ടിയതല്ലേ…
ഓഫീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ പേരിലും മാനസിക സമ്മർദ്ദം മൂലവും 21 ശതമാനം പേർ ജോലിയെ വെറുക്കുന്നു എന്നാണ് കണക്കുകൾ. എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയെങ്കിലെന്ന് വളരെ ആഗ്രഹിച്ച് നേടിയ ജോലിയാവും പലർക്കുമത്. ജോലിയും ഓഫീസും തീർത്തും വിരസമായിത്തുടങ്ങിയെന്ന് തോന്നുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ…
- വിജയകരമായി ചെയ്യാൻ കഴിഞ്ഞ ജോലികളെക്കുറിച്ചുള്ള ചെറിയ ലിസ്‌റ്റ് തയ്യാറാക്കുക. അവ ഒരിക്കൽ കൂടി വായിച്ചു നോക്കുക. നിങ്ങളിൽ ആത്മവിശ്വാസം നിറയുന്നത് അനുഭവിച്ചറിയാം..
- പുതിയ ഓഫീസിൽ ജോലി കണ്ടെത്തുക. പ്രയാസമേറിയ ടാർഗറ്റുകൾ സ്വയം തീരുമാനിക്കുക.
- ജോലിയിൽ മറ്റുള്ളവരെ സഹായിക്കുക. അങ്ങനെ ചെയ്യുമ്പോൾ കൂടുതൽ തിരക്ക് ജോലിസ്‌ഥലത്ത് അനുഭവപ്പെടും, ജോലിയിൽ ബോറടി തോന്നുകയേയില്ല.
- കടുത്ത ബോറടി തോന്നുമ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഫയൽ, ജോലി തല്ക്കാലത്തേക്ക് മാറ്റി വയ്ക്കുക. ആ സമയം മേശ ക്ലീൻ ചെയ്യാനോ മറ്റോ വിനിയോഗിക്കുക.
- മേശപ്പുറത്തും പരിസരത്തുമുള്ള പഴയ സാമഗ്രികൾ മാറ്റി പുതിയതു വയ്ക്കുക.
- ഇതുവരെ ചെയ്യാത്ത ജോലികൾ ഏതൊക്കെയെന്ന് ആലോചിച്ച് ലിസ്റ്റ് തയ്യാറാക്കുക. ചലഞ്ചിന് തയ്യാറാവുക. പുതിയ പ്രോജക്ടടിന് രൂപരേഖ തയ്യാറാക്കുക.
- വിരസമായ കമ്പ്യൂട്ടർ ജോലികൾ ചെയ്യുന്നതിനിടയിൽ അഞ്ചു മിനിട്ട് എഴുന്നേറ്റ് നടക്കുക.
- ഓഫീസിൽ സഹപ്രവർത്തകരുമായി ദിവസവും അരമണിക്കൂർ സൗഹൃദ സംഭാഷണത്തിലേർപ്പെടുക. പുതിയ കാര്യങ്ങളോ, ചിന്തകളോ ഒക്കെ ചർച്ചാ വിഷയമാക്കാം.
- അല്പസമയം പാട്ടു കേൾക്കാം. മനസ്സ് ശാന്തമാകാൻ ഇത് സഹായിക്കും.
മേൽപ്പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ തീർച്ചയായും നല്ലൊരു മാറ്റം നിങ്ങളുടെ കരിയറിലുണ്ടാവും. ഉറപ്പ്.