ഒരു അവധി ദിവസം രാവിലെ നിലക്കണ്ണാടിയിൽ മുഖം നോക്കിയിരിക്കവേയാണ് സുനിത മുഖത്തെ ആ മാറ്റം ശ്രദ്ധിച്ചത്. മുഖത്ത് അവിടവിടായി വരകളും ചുളിവുകളും! മാത്രമല്ല, ചർമ്മം വല്ലാതെ വരണ്ടു പോയിരിക്കുന്നു. രാവിലെയുള്ള വീട്ടുജോലിയും ഓഫീസിൽ പോകേണ്ട തിരക്കും മൂലം ശരിക്ക് കണ്ണാടി നോക്കാനോ മുഖസൗന്ദര്യം പരിപാലിക്കാനോ ഒരിക്കലും സമയം കിട്ടാറില്ല അവൾക്ക്. പിന്നെ എങ്ങനെ മുഖത്തുണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ!
ഇത്തരം ചുളിവുകളും പാടുകളും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ്. പ്രായം കൂടുന്നതിനനുസരിച്ചും അല്ലാതെയുമുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങൾ സ്വാഭാവികാണെങ്കിലും തെറ്റായ ജീവിതശൈലിയും ശീലങ്ങളും പലപ്പോഴും ഇതിന് കാരണമാകാം.
ശരീരസൗന്ദര്യം തിളങ്ങി നില്ക്കുന്ന കാലം യൗവനമാണ്. എന്നാൽ പ്രായം കൂടുന്നതോടെ ശരീരസൗന്ദര്യത്തിന് കോട്ടം തട്ടും, ചർമ്മത്തിന്‍റെ തിളക്കവും സൗന്ദര്യവും നഷ്‌ടപ്പെട്ടു തുടങ്ങും. മുഖത്തും കഴുത്തിലും കൈകളിലുമൊക്കെ വരകളും ചുളിവുകളുമുണ്ടാവാൻ തുടങ്ങുക. പലരും ഈ മാറ്റത്തെ വളരെ വൈകി മാ ത്രമാവും തിരിച്ചറിയുക. എങ്കിലും ചില പൊടിക്കൈ വിദ്യകളിലൂടെയും ചിട്ടയാർന്ന ജീവിതശൈലിയിലൂടെയും ഇത്തരം സൗന്ദര്യപ്രശ്നങ്ങളെ മറികടക്കാവുന്നതേയുള്ളൂ. അതിന് ചർമ്മത്തിന്‍റെ സ്വഭാവത്തെക്കുറിച്ചറിയുകയാണ് ആദ്യം വേണ്ടത്.
എണ്ണമയമുള്ള ചർമ്മം, വരണ്ട ചർമ്മം, സാധാരണ ചർമ്മം എന്നിങ്ങനെ ചർമ്മത്തിന്‍റെ സ്വഭാവം വ്യത്യാസപ്പെട്ടിരിക്കും. ഇതിൽ എണ്ണമയമുള്ള ചർമ്മം അഴുക്കും മെഴുക്കും നിറഞ്ഞതായിരിക്കും. പതയില്ലാത്ത സോപ്പു കൊണ്ടു വേണം ഇത്തരക്കാർ മുഖം വൃത്തിയാക്കാൻ. ഇത് എണ്ണമയം കുറയ്ക്കാൻ സഹായിക്കും. ഇത്തരം ചർമ്മത്തിൽ വളരെ വൈകി മാത്രമേ ചുളിവുകൾ വീഴുകയുള്ളൂ. വരണ്ട ചർമ്മത്തിൽ വേഗം ചുളിവുകളുണ്ടാകും പതിവായുള്ള മോയിസ്‌ചറൈസിംഗും ഫേഷ്യലും വേണ്ടി വരും.
ചുളിവുകൾ
ആർത്തവ വിരാമത്തെ തുടർന്നുള്ള ചുളിവുകൾ വാർദ്ധക്യ ലക്ഷണങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. തുടക്കത്തിൽ കണ്ണിനു ചുറ്റും വശങ്ങളിലുമാണ് ഇത്തരം ചുളിവുകൾ പ്രത്യക്ഷപ്പെടുക. അതിനു ശേഷം കഴുത്തിലും ഉണ്ടാകാം. ചിലരിൽ കവിളുകളിൽ വരെ ചുളിവുകൾ കാണാറുണ്ട്. ചർമ്മം സങ്കോചിക്കാൻ തുടങ്ങുന്നതോടെയാണ് ചുളിവുകളുണ്ടാവുന്നത്. കഴുത്തിലെ ചർമ്മം അയഞ്ഞു തുടങ്ങുന്നത് ചുളിവുകളുണ്ടാവാനുള്ള സാധ്യതയേറ്റുന്നു.
ഈ ഘട്ടത്തിൽ പ്രായത്തെ കുറച്ചു കാട്ടുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങാം കഴുത്തിലെ ചുളിവുകളെ മറയിക്കാൻ സ്ത്രീകൾക്ക് ടൈറ്റ് നെക് ലേസ് അണിയാം. അല്ലെങ്കിൽ ഹൈനെക്ക് കൂർത്തയോ ബ്ലൗസോ ധരിച്ച് ഒരളവുവരെ പ്രശ്നം പരിഹരിക്കാം.
എന്നിരുന്നാലും ചുളിവുകളിൽ നിന്നുo എങ്ങനെ മോചനം നേടാം, ചുളിവുകൾ എങ്ങനെ കുറയ്ക്കാം, ചുളിവുകളെ നാം അറിയാതെ ക്ഷണിച്ചു വരുത്തുന്ന സാഹചര്യങ്ങളേവ എന്നെല്ലാം അറിഞ്ഞിരിക്കേണ്ടതുമുണ്ട്.
ആർത്തവ വിരാമത്തെ തുടർന്നാണ് ചുളിവുകളുണ്ടായി തുടങ്ങുന്നതെന്ന് മേൽ വിവരിച്ചിരുന്നല്ലോ. ഇത് കൂടാതെ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. മാനസിക പിരിമുറുക്കവും സ്ട്രെസ്സുമാണവ. ഈ രണ്ട് കാരണങ്ങളും അകാലത്തിൽ ചുളിവുകളുണ്ടാക്കുമെന്ന് ഓർക്കുക.
രാത്രിയിൽ ദീർഘനേരം ഉറക്കമിളച്ചിരിക്കുന്നതും ചുളിവുകളെ ക്ഷണിച്ചു വരുത്തും. രാത്രി ഒരു മണി മുതൽ 3 മണി വരെയുള്ള സമയം ചർമ്മം പുനരുജ്ജീവിക്കുന്ന സമയമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഈ സമയത്ത് ഗാഢനിദ്രയിലാണെങ്കിൽ നിങ്ങളുടെ ചർമ്മത്തിന് തീർച്ചയായും നല്ല തിളക്കവും സൗന്ദര്യവും കിട്ടും. ദീർ ഘസമയം സൂര്യ കിരണങ്ങളേല്ക്കുന്നതും ചുളിവുകളെ ക്ഷണിച്ചു വരുത്തും.
ചുളിവുകളിൽ നിന്നും മോചനം
- ചുളിവുകളെ അകറ്റി നിർത്താൻ വാഴപ്പഴം നല്ലൊരുപാധിയാണ്. പാതി പഴുത്ത വാഴപ്പഴം തെരഞ്ഞെടുക്കാം. പഴം നന്നായി ഉടച്ച് ക്രീം പരുവത്തിലാക്കുക. അതിനു ശേഷം ഈ വാഴപ്പഴ ക്രീം മുഖത്ത് താഴെ നിന്ന് മുകളിലോട്ട് എന്ന ക്രമത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് കഴുത്തിലും പുരട്ടാൻ മറക്കരുത്. കണ്ണുകൾക്ക് സമീപത്തായും വട്ടത്തിൽ പതിയെ തേച്ചു പിടിപ്പിക്കുക. ഏകദേശം അരമണിക്കൂർ നേരം ഈ പേസ്‌റ്റ് പുരട്ടിയിരിക്കണം. ഈ സമയത്ത് സംസാരമരുത്. ഉണങ്ങിയ ശേഷം തണുത്തതോ, ഇളം ചൂടുവെള്ളമോ ഉപയോഗിച്ച് മെല്ലെ മുഖം കഴുകി വൃത്തിയാക്കാം. ചർമ്മത്തിൽ പുതിയൊരു തിളക്കം കൈവരുന്നത് നിങ്ങൾക്ക് സ്വയം അനുഭവിച്ചറിയാനാകും. അതോടൊപ്പം ചർമ്മത്തിന് മുറുക്കവും ലഭിക്കും.
- മേന്മയേറിയ ആന്‍റി റിങ്കിൾ ക്രീം വിപണിയിൽ ലഭ്യമാണ്. ഇത് പതിവായി ഉപയോഗിക്കാം.
- ചുളിവുകൾ ലഘുകരിക്കാൻ സഹായകമായ ചില മോയിസ്‌ചറൈസറുകളും ലഭ്യമാണ്. ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ ചർമ്മം മൃദുലവും കോമളവുമായിത്തീരും.
- വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്നതിലൂടെയും വിറ്റാമിൻ ഇ ക്രീം പുരട്ടുന്നതിലൂടെയും ചുളിവുകൾ കുറഞ്ഞു കിട്ടും. മാത്രമല്ല ചർമ്മത്തിലുണ്ടാകുന്ന പാടുകളും നിശ്ശേഷം മാറി ചർമ്മസൗന്ദര്യം വർദ്ധിക്കും.
- ചുളിവുകൾ കുറയ്ക്കാൻ പൈനാപ്പിൾ ഉത്തമമാണ്. പൈനാപ്പിൾ നീര് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് നല്ല ഫലമുളവാക്കും.
- കണ്ണുകൾക്ക് താഴെ വളരെ വേഗം ചുളിവുകൾ ഉണ്ടായിത്തുടങ്ങാറുണ്ട്. നാരങ്ങാനീരിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കണ്ണുകൾക്കടിയിൽ പുരട്ടുന്നത് വേണ്ട ഫലമുണ്ടാക്കും.
- ശുദ്ധമായ ആവണക്കെണ്ണ ഉപയോഗിച്ച് കണ്ണുകൾക്ക് അടിയിലും വശങ്ങളിലും മസ്സാജ് ചെയ്യാം. ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് മുഖം നന്നായി കഴുകുക. ചർമ്മം മൃദുലമാകുമെന്ന് മാത്രമല്ല, ചുളിവുകൾ മാറിക്കിട്ടുകയും ചെയ്യും. ഇപ്രകാരം ബദാം ഓയിലും ഉപയോഗിക്കാം.
- ദിവസം 12-15 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലെ അനാവശ്യ വസ്‌തുക്കളെ പുറന്തള്ളാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഏറ്റവും എളുപ്പമായ വഴിയാണിത്.
- ചുളിവുകളുണ്ടാവുന്നതിൽ സൂര്യൻ അൾട്രാവയലറ്റ് രശ്മികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് വെയിലുകൊള്ളുന്നത് പരമാവധി ഒഴിവാക്കുക. പുറത്തു പോകുന്ന സാഹചര്യത്തിൽ കുട ഉപയോഗിക്കാനും സൺസ്ക്രീൻ ക്രീം പുരട്ടാനും മറക്കരുത്. വെയിലിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കാൻ ഇതിനുകഴിയും. 2-3 മണിക്കൂറിനു ശേഷം സൺസ്ക്രീൻ വീണ്ടും പുരട്ടാം.
- ഫേസ് സ്ക്രബ്ബിനായി റോസ് വാട്ടർ. തേൻ, മഞ്ഞൾ എന്നിവ ചേർന്ന പായ്ക്ക് നല്ലതാണ്. ഇത് ആഴ്ചയിൽ രണ്ടു തവണ ചെയ്യാം.
- ഡോക്ടറുടെ നിർദ്ദേശപ്രകാരം ലേസർ ട്രീറ്റ്മെന്‍റ് ചെയ്യുന്നതിലും തെറ്റില്ല.
ശരിയായ ഡയറ്റ്
മേൽ വിവരിച്ചതു കൂടാതെ ശരിയായ ഡയറ്റിലൂടെയും ചുളിവുകൾ കുറയ്ക്കാനാവും.
- ജങ്ക് ഫുഡ്, എണ്ണമയമുള്ള ഭക്ഷണം എന്നിവ ഒഴിവാക്കാം. ഡയറ്റിൽ വേണ്ടയളവിൽ വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടുത്താം.
- വിറ്റാമിൻ സി ധാരാളമുള്ള ഭക്ഷ്യവസ്ക്കൾ കഴിച്ചാൽ ചർമ്മം ആരോഗ്യമുള്ളതായി മാറും. കാരറ്റ്, ആപ്രിക്കോട്ട്, പഴച്ചാറുകൾ എന്നിവ ധാരാളം കഴിക്കാം. കിവി പഴവും ഓറഞ്ചും വിറ്റാമിൻ സിയുടെ ഉത്തമ സ്രോതസ്സുകളാണ്. ഇവ കഴിക്കുന്നത് പതിവാക്കുക.
- സിങ്ക് ധാരാളമടങ്ങിയിട്ടുള്ള ധാന്യങ്ങൾ, കടൽ വിഭവങ്ങൾ എന്നിവ കഴിക്കുന്നതും ചർമ്മസംബന്ധമായ പ്രശ്നങ്ങളകറ്റും.
- വിറ്റാമിൻ ഇയുടെ ഉപയോഗവും വാർദ്ധക്യത്തെ അകറ്റി നിർത്തും.
- ബ്രോക്കോലി, വെളുത്തുള്ളി, ഉള്ളി എന്നിവ ചർമ്മത്തിന് ചെറുപ്പവും ഉണർവ്വമേകും.
- ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഒലിവ് ഓയിൽ.
- ഹെർബൽ ചായ ശീലമാക്കുക.
- എന്നിട്ടും ചുളിവുകൾ മാറുന്നില്ലെങ്കിൽ പ്ലാസ്റ്റിക് സർജറി കൊണ്ട് പരിഹരിക്കാൻ ശ്രമിക്കാം.
പിരിമുറുക്കമകുന്ന ശാന്തവും സ്വച്ഛവുമായ ജീവിതം തീർച്ചയായും ചർമ്മസൗന്ദര്യത്തെ വർദ്ധിപ്പിക്കും. എങ്കിൽ അത്തരമൊരു സ്ട്രെസ്സ് ഫ്രീ ജീവിതം ഇനി സ്വന്തമാക്കിക്കൂടേ!