ഒരു അവധി ദിവസം രാവിലെ നിലക്കണ്ണാടിയിൽ മുഖം നോക്കിയിരിക്കവേയാണ് സുനിത മുഖത്തെ ആ മാറ്റം ശ്രദ്ധിച്ചത്. മുഖത്ത് അവിടവിടായി വരകളും ചുളിവുകളും! മാത്രമല്ല, ചർമ്മം വല്ലാതെ വരണ്ടു പോയിരിക്കുന്നു. രാവിലെയുള്ള വീട്ടുജോലിയും ഓഫീസിൽ പോകേണ്ട തിരക്കും മൂലം ശരിക്ക് കണ്ണാടി നോക്കാനോ മുഖസൗന്ദര്യം പരിപാലിക്കാനോ ഒരിക്കലും സമയം കിട്ടാറില്ല അവൾക്ക്. പിന്നെ എങ്ങനെ മുഖത്തുണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ!
ഇത്തരം ചുളിവുകളും പാടുകളും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ്. പ്രായം കൂടുന്നതിനനുസരിച്ചും അല്ലാതെയുമുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങൾ സ്വാഭാവികാണെങ്കിലും തെറ്റായ ജീവിതശൈലിയും ശീലങ്ങളും പലപ്പോഴും ഇതിന് കാരണമാകാം.
ശരീരസൗന്ദര്യം തിളങ്ങി നില്ക്കുന്ന കാലം യൗവനമാണ്. എന്നാൽ പ്രായം കൂടുന്നതോടെ ശരീരസൗന്ദര്യത്തിന് കോട്ടം തട്ടും, ചർമ്മത്തിന്‍റെ തിളക്കവും സൗന്ദര്യവും നഷ്‌ടപ്പെട്ടു തുടങ്ങും. മുഖത്തും കഴുത്തിലും കൈകളിലുമൊക്കെ വരകളും ചുളിവുകളുമുണ്ടാവാൻ തുടങ്ങുക. പലരും ഈ മാറ്റത്തെ വളരെ വൈകി മാ ത്രമാവും തിരിച്ചറിയുക. എങ്കിലും ചില പൊടിക്കൈ വിദ്യകളിലൂടെയും ചിട്ടയാർന്ന ജീവിതശൈലിയിലൂടെയും ഇത്തരം സൗന്ദര്യപ്രശ്നങ്ങളെ മറികടക്കാവുന്നതേയുള്ളൂ. അതിന് ചർമ്മത്തിന്‍റെ സ്വഭാവത്തെക്കുറിച്ചറിയുകയാണ് ആദ്യം വേണ്ടത്.
എണ്ണമയമുള്ള ചർമ്മം, വരണ്ട ചർമ്മം, സാധാരണ ചർമ്മം എന്നിങ്ങനെ ചർമ്മത്തിന്‍റെ സ്വഭാവം വ്യത്യാസപ്പെട്ടിരിക്കും. ഇതിൽ എണ്ണമയമുള്ള ചർമ്മം അഴുക്കും മെഴുക്കും നിറഞ്ഞതായിരിക്കും. പതയില്ലാത്ത സോപ്പു കൊണ്ടു വേണം ഇത്തരക്കാർ മുഖം വൃത്തിയാക്കാൻ. ഇത് എണ്ണമയം കുറയ്ക്കാൻ സഹായിക്കും. ഇത്തരം ചർമ്മത്തിൽ വളരെ വൈകി മാത്രമേ ചുളിവുകൾ വീഴുകയുള്ളൂ. വരണ്ട ചർമ്മത്തിൽ വേഗം ചുളിവുകളുണ്ടാകും പതിവായുള്ള മോയിസ്‌ചറൈസിംഗും ഫേഷ്യലും വേണ്ടി വരും.
ചുളിവുകൾ
ആർത്തവ വിരാമത്തെ തുടർന്നുള്ള ചുളിവുകൾ വാർദ്ധക്യ ലക്ഷണങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. തുടക്കത്തിൽ കണ്ണിനു ചുറ്റും വശങ്ങളിലുമാണ് ഇത്തരം ചുളിവുകൾ പ്രത്യക്ഷപ്പെടുക. അതിനു ശേഷം കഴുത്തിലും ഉണ്ടാകാം. ചിലരിൽ കവിളുകളിൽ വരെ ചുളിവുകൾ കാണാറുണ്ട്. ചർമ്മം സങ്കോചിക്കാൻ തുടങ്ങുന്നതോടെയാണ് ചുളിവുകളുണ്ടാവുന്നത്. കഴുത്തിലെ ചർമ്മം അയഞ്ഞു തുടങ്ങുന്നത് ചുളിവുകളുണ്ടാവാനുള്ള സാധ്യതയേറ്റുന്നു.
ഈ ഘട്ടത്തിൽ പ്രായത്തെ കുറച്ചു കാട്ടുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങാം കഴുത്തിലെ ചുളിവുകളെ മറയിക്കാൻ സ്ത്രീകൾക്ക് ടൈറ്റ് നെക് ലേസ് അണിയാം. അല്ലെങ്കിൽ ഹൈനെക്ക് കൂർത്തയോ ബ്ലൗസോ ധരിച്ച് ഒരളവുവരെ പ്രശ്നം പരിഹരിക്കാം.
എന്നിരുന്നാലും ചുളിവുകളിൽ നിന്നുo എങ്ങനെ മോചനം നേടാം, ചുളിവുകൾ എങ്ങനെ കുറയ്ക്കാം, ചുളിവുകളെ നാം അറിയാതെ ക്ഷണിച്ചു വരുത്തുന്ന സാഹചര്യങ്ങളേവ എന്നെല്ലാം അറിഞ്ഞിരിക്കേണ്ടതുമുണ്ട്.
ആർത്തവ വിരാമത്തെ തുടർന്നാണ് ചുളിവുകളുണ്ടായി തുടങ്ങുന്നതെന്ന് മേൽ വിവരിച്ചിരുന്നല്ലോ. ഇത് കൂടാതെ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. മാനസിക പിരിമുറുക്കവും സ്ട്രെസ്സുമാണവ. ഈ രണ്ട് കാരണങ്ങളും അകാലത്തിൽ ചുളിവുകളുണ്ടാക്കുമെന്ന് ഓർക്കുക.
രാത്രിയിൽ ദീർഘനേരം ഉറക്കമിളച്ചിരിക്കുന്നതും ചുളിവുകളെ ക്ഷണിച്ചു വരുത്തും. രാത്രി ഒരു മണി മുതൽ 3 മണി വരെയുള്ള സമയം ചർമ്മം പുനരുജ്ജീവിക്കുന്ന സമയമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഈ സമയത്ത് ഗാഢനിദ്രയിലാണെങ്കിൽ നിങ്ങളുടെ ചർമ്മത്തിന് തീർച്ചയായും നല്ല തിളക്കവും സൗന്ദര്യവും കിട്ടും. ദീർ ഘസമയം സൂര്യ കിരണങ്ങളേല്ക്കുന്നതും ചുളിവുകളെ ക്ഷണിച്ചു വരുത്തും.