ഘടികാരസൂചി മുന്നോട്ട് ചലിക്കുന്നതിനനുസരിച്ച് എന്‍റെ ഹൃദയം സ്‌പന്ദിച്ചുകൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. പ്രത്യൂഷ ഇതുവരേയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.
സമയം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഹൃദയമിടിപ്പ് വർദ്ധിച്ചതോടെ ഞാൻ പതിയെ എഴുന്നേറ്റ് അരവിന്ദനെ മൊബൈലിൽ വിളിച്ചു. പക്ഷേ… മൊബൈൽ സ്വിച്ചോഫാണ്. ഒടുവിൽ രണ്ടും കല്പിച്ച് അദ്ദേഹത്തിന്‍റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു.
അദ്ദേഹത്തിന്‍റെ ഭാര്യയാണ് ഫോൺ എടുത്തത്. “നന്ദാ, ഞാൻ ലക്ഷ്‌മിയാണ്… അരവിന്ദൻ അവിടെയുണ്ടോ?” തെല്ലൊരു പതർച്ചയോടെ ഞാൻ ചോദിച്ചു.
എന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് നന്ദയുടെ സ്വരം കനത്തു. “നിങ്ങളായിരുന്നോ? എത്ര തവണ പറഞ്ഞതാ ഈ ഫോണിലേക്ക് വിളിക്കരുതെന്ന്. നിങ്ങൾക്ക് കാമുകനോട് സംസാരിക്കണമെന്നുണ്ടെങ്കിൽ മൊബൈലിൽ വിളിച്ചുകൂടേ?”
“ഞാൻ… മൊബൈലിൽ ട്രൈ ചെയ്‌തിരുന്നു. സ്വിച്ചോഫാണ്.” വായിൽ ഊറിവന്ന ഉമിനീരിറക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“അരവിന്ദന് പ്രഷർ കൂടി. മരുന്ന് കഴിച്ച് കിടക്കുകയാ. ഇപ്പോ ഉണർത്താനാവില്ല.” ഇത്രയും പറഞ്ഞശേഷം നന്ദ ദേഷ്യത്തോടെ ഫോൺ വെച്ചു.
നന്ദയുടെ പെരുമാറ്റം എന്‍റെ ഉള്ളുലച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. നന്ദ പറഞ്ഞതിലെന്താ തെറ്റ്. എന്‍റെ കാമുകനല്ലേ അരവിന്ദൻ. അല്ലാതെ ഭർത്താവല്ലല്ലോ. അതുകൊണ്ട് നന്ദയ്ക്കള്ള അത്ര അധികാരവും അവകാശവും അരവിന്ദനിൽ എനിക്കില്ലല്ലോ. മുമ്പ് കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ എൻറ ചെവിയിലെന്തോ ഉരുക്കിയൊഴിച്ച അനുഭവമായിരുന്നു. പക്ഷേ ഇപ്പോൾ ഇതെനിക്ക് ശീലമായി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു…
കോളിംഗ്ബെൽ മുഴങ്ങുന്ന ശബ്‌ദം കേട്ട് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. ഓടിച്ചെന്ന് വാതിൽ തുറന്നു. മുന്നിൽ പ്രത്യൂഷ ഏതോ ഒരു യുവാവിന്‍റെ തോളിൽ തല ചായ്ച്ചു നിൽക്കുന്നു. നൈറ്റ് പാർട്ടിയും കഴിഞ്ഞുള്ള വരവാണ്.
ഞാൻ എന്തെങ്കിലും പറയും മുമ്പേ പ്രത്യൂഷ തെല്ലും കൂസതെ ആ യുവാവിനൊപ്പം സ്വന്തം മുറിയിലേക്ക് നടന്നു. വാതിൽ വലിച്ചടച്ചു. ഒരു നിമിഷം ഉള്ള് നടുങ്ങി. കവിളിൽ അടി കിട്ടിയ പ്രതീതി…
ചുറ്റുമുള്ളവരുടെ വെറുപ്പും പരിഹാസവും സഹിച്ച് മതിയായിരിക്കുന്നു. ഇപ്പോൾ മകളും. എനിക്കത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ദേഷ്യം കൊണ്ട് അടിമുടി വിറച്ച ഞാൻ അവളുടെ വാതിലിൽ ശക്‌തിയായി ഇടിച്ചു. അവൾ വാതിൽ തുറക്കും വരെ.
പ്രത്യൂഷ ദേഷ്യത്തോടെ എന്‍റെ മുന്നിലേക്ക് വന്നു. “എന്താ മമ്മീ? എന്തിനാ എന്നെ ശല്യം ചെയ്യുന്നത്?”
“എന്ത്? ഞാൻ ശല്യം ചെയ്യുകയാണെന്നോ?” അവളുടെ കവിളിൽ ഞാൻ ആഞ്ഞടിച്ചു. “നിന്‍റെ ഈ ധിക്കാരം എന്‍റടുത്ത് വേണ്ട. ഒരാണിന്‍റെ കൂടെ…. നാണമില്ലേടീ?”
എന്‍റെ പെരുമാറ്റം അവളെ അരിശം കൊള്ളിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “മമ്മീ പ്ലീസ്… എന്നെക്കൊണ്ടൊന്നും പറയിക്കരുത്. അത് കേട്ടാൽ മമ്മി ചിലപ്പോൾ കരഞ്ഞുപോകും.”
വിട്ടുകൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു. “എന്താടീ?”
“നിങ്ങൾക്കൊന്നും അറിയില്ലേ. ഭർത്താവിനെ ഉപേക്ഷിച്ചിട്ട് അന്യപുരുഷന്‍റെ പിറകെ നടക്കുന്നത് നല്ല കാര്യമാണെന്നാണോ. എന്‍റെ കൂട്ടുകാർ വരെ കളിയാക്കുന്നു, എന്‍റെ തന്തയാരാണെന്ന്,” പ്രത്യൂഷ കരച്ചിലടക്കാനാവാതെ മുറിയിൽ കയറി വാതിലടച്ചു.
എനിക്കവളോട് ഒരുനിമിഷം അലിവു തോന്നി. പാവം കുട്ടി. അപമാനത്തിന്‍റെ പാപം പേറുന്നവൾ. മരവിച്ച മനസ്സോടെ ഞാൻ നിലത്തിരുന്ന് വിലപിച്ചു. തളർന്ന മനസ്സുമായി ഞാൻ കിടപ്പു മുറിയിലേക്ക് വേച്ചുവേച്ച് നടന്നു.
കിടക്കയിലേക്ക് തളർച്ചയോടെ ഞാൻ വീണു. കഴിഞ്ഞു പോയ കാര്യങ്ങൾ ഫ്രെയിം ബൈ ഫ്രെയിമായി എനിക്കു ചുറ്റും നൃത്തമാടിക്കൊണ്ടിരുന്നു. ഓർമ്മകൾ… എന്‍റെ നാശത്തിന് കാരണമായ ഓർമ്മകൾ…..
കോളേജ് ദിനങ്ങൾ എനിക്ക് ലഹരിയായിരുന്നു. കോളേജികൂട്ടിയായിരുന്നു ഞാൻ. അതിന്‍റെ ലഹരിയില്ലെങ്കിലേ അതി ചലിക്കേണ്ടു. ആരാധകരായി അന്ന് എത്രയോ പേർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. അഹങ്കരിക്കാൻ അതിൽ കൂടുതൽ ഒരു പെൺകുട്ടിക്ക് മറ്റെന്ത് വേണം. അച്ഛനുമമ്മയും എന്‍റെ സൗന്ദര്യത്തിൽ അഭിമാനം കൊണ്ടു മകളെ വിവാഹം കഴിക്കാൻ ഒരു രാജകുമാരൻ തന്നെ വരുമെന്ന് അമ്മ സ്വപ്നം കാണുമായിരുന്നു അതിൽ അസുയ കൊള്ളുന്ന ബന്ധുക്കളെയോർത്ത് അമ്മ ഊറിച്ചിരിച്ചിരുന്നു.
മറ്റുള്ള പെൺകുട്ടികളിൽ വെച്ച് അതിസുന്ദരിയാണെന്ന ധാരണ എന്‍റെ ശരീരത്തിലും മനസ്സിലും പതിഞ്ഞു കിടന്നു. എന്‍റെ മനസ്സ് സ്വപനങ്ങളുടെ കൂടാരമായി ആ സ്വപ്നങ്ങളിലൊക്കെ ഏതോ അതിസുന്ദരനായ രാജകുമാരൻ വാസമുറപ്പിച്ചു.
എത്രയും പെട്ടെന്ന് നല്ലൊരു പയ്യനെ കണ്ടുപിടിച്ച് എന്നെ വിവാഹം കഴിപ്പിച്ചയയ്ക്കുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു എന്‍റെ അച്ഛനും അമ്മയ്ക്കും.
പക്ഷേ… എനിക്കു വേണ്ടി അവർ കണ്ടുപിടിച്ച രാജകുമാരൻ ഒരു ഇടത്തരം കുടുംബാംഗമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരായുസ്സു മുഴുവനും കഷ്ടപ്പാടുകൾ സഹിച്ച് ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന സർക്കാരുദ്യോഗസ്‌ഥൻ… എന്‍റെ സ്വപ്നങ്ങൾ… പ്രതീക്ഷകൾ… മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നത് കണ്ണീരോടെ ഞാൻ നോക്കി നിന്നു.
എന്‍റെ സ്വപ്നങ്ങളെ ജീവസ്സുറ്റതാക്കുന്നതിന് ഒളിച്ചോട്ടം ആവശ്യമാണെന്ന് തോന്നി. പക്ഷേ… ആഗ്രഹിച്ചിട്ടും അത് സഫലമായില്ല. സാമൂഹിക മര്യാദകളെ ലംഘിക്കാൻ ഞാൻ അശക്തയായിരുന്നു. നിശ്ശബ്ദം ഞാനെന്‍റെ ആഗ്രഹത്തെ കടിച്ചമർത്തി ഹരിയുടെ ജീവിതത്തിന്‍റെ ഭാഗമാകാൻ ശ്രമിച്ചു.
തുടക്കത്തിൽ ഹരിക്കൊപ്പമുള്ള ജീവിതം ഞാൻ ആസ്വദിച്ചു. ഹരിയുടെ സ്പർശനത്തിനു പോലും എന്തോ മാന്ത്രികതയുള്ളതു പോലെ… ഞാനത് ഒരുപക്ഷേ സ്വയം സങ്കല്പിച്ചതാണോ… എനിക്കറിയില്ല…
പക്ഷേ… മനസ്സിൽ തലപൊക്കി തുടങ്ങിയ അമിതമായ മോഹങ്ങൾ… ദാമ്പത്യജീവിതം വിരസമായി തോന്നാൻ അധിക സമയം വേണ്ടിവന്നില്ല. മനസ്സിനുള്ളിൽ ഉറങ്ങിക്കിടന്ന മോഹങ്ങളേയും സ്വപ്‌നങ്ങളേയും അവഗണിക്കുന്നതെങ്ങനെ?
പക്ഷേ… ഞാൻ ഭയന്നത് തന്നെ സംഭവിച്ചു. എന്‍റെ വികാരങ്ങൾ എന്‍റെ മനോനിലയ്ക്ക് താങ്ങാവുന്നതിലപ്പുറമായതോടെ ജീവിതത്തിൽ സംഭവിച്ചതൊക്കെയും നിരർത്ഥകമാണെന്ന തോന്നൽ ശക്തമായി. അടുക്കളയെന്ന ചതുരത്തിനുള്ളിൽ ഒതുങ്ങിക്കൂടാനായിരുന്നോ എന്‍റെ നിയോഗം… എന്‍റെ സൗന്ദര്യം വീടിന്‍റെ നാലുചുവരുകൾക്കുള്ളിൽ കിടന്ന് പരിഹസിക്കപ്പെടുന്നത് എനിക്ക് സഹിക്കാനാവുമായിരുന്നില്ല.
എനിക്ക് സ്വതന്ത്രയാകണം. അതിനുള്ള വഴികൾ തേടി എന്‍റെ മനസ്സും ശരീരവും സഞ്ചരിച്ചുകൊണ്ടിരുന്നു. നല്ലൊരു ജോലിയായിരുന്നു എന്‍റെ ലക്ഷ്യം. ഒടുവിൽ എന്‍റെ അന്വേഷണം ഫലം കണ്ടു. വലിയൊരു കൺസ്ട്രക്ഷൻ കമ്പനിയിൽ സെക്രട്ടറിയായി ജോലികിട്ടി. നല്ല ഓഫീസ്, നല്ല ശമ്പളം. എന്‍റെ മനസ്സിൽ വീണ്ടും ആഹ്ളാദം വിരുന്നെത്തി.
സമയം പതിയെ കടന്നുപോയിക്കൊണ്ടിരുന്നു. എന്‍റെ ജീവിതവും അതോടൊപ്പം ഒഴുകിക്കൊണ്ടിരുന്നു. ആ സമയത്താണ് അരവിന്ദൻ എന്‍റെ ഓഫീസിൽ മേലുദ്യോഗസ്‌ഥനായി ചേർന്നത്.
കാഴ്ചയിൽ സുമുഖനായ അരവിന്ദൻ വിവാഹിതനായിരുന്നു. പക്ഷേ ഒരു അവിവാഹിതനെപ്പോലെയായിരുന്നു അയാളുടെ മട്ടും ഭാവവും. എൻജിനീയർ. വളരെ ചെറുപ്പത്തിലെ ഉയർന്ന പദവിയിലെത്തിയവൻ. ആരിലും അസൂയയുണർത്തുന്ന വ്യക്‌തിപ്രഭാവം. ആ വ്യക്തിപ്രഭാവം എന്നെ ആകർഷിച്ചു. ഒന്നോ രണ്ടോ ഔപചാരികവാക്കുകൾക്കപ്പുറം അദ്ദേഹവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തികച്ചും ഒഫീഷ്യലായ ബന്ധം.
പക്ഷേ എപ്പോഴോ ഞങ്ങൾക്കിടയിൽ ഇഷ്ടം മൊട്ടിട്ടു. ഔദ്യോഗികമായ കാര്യങ്ങൾക്കപ്പുറമായി ഞങ്ങളുടെ സംഭാഷണം നീണ്ടുപോയി. ഒരു ദിവസം വലിയൊരു പ്രൊജക്റ്റ് കിട്ടിയതിന്‍റെ സന്തോഷത്തിൽ അരവിന്ദൻ എന്നെ ഡിന്നറിനായി ക്ഷണിച്ചു. എനിക്കത് നിരസിക്കാനാവുമായിരുന്നില്ല. ഞാൻ ആ സാമീപ്യവും കാംക്ഷിച്ചിരുന്നു.
ഫൈവ് സ്‌റ്റാർ ഹോട്ടലിലെ അരണ്ട വെളിച്ചത്തിൽ ഡിന്നർ… എന്നെ പ്രണയാതുരയാക്കി. അരവിന്ദൻ എന്‍റെ സ്വപ്നത്തിലെ രാജകുമാരനായി. ഹോട്ടൽ മുറിയിൽ പതിഞ്ഞ താളത്തിൽ ഒഴുകിയെത്തുന്ന സംഗീതം എനിക്ക് ചുറ്റിലുമായി പ്രണയവർണ്ണങ്ങൾ നിറച്ചു. ഒരു കൗമാരക്കാരിയുടെ കൗതുകത്തോടെ ഞാൻ അരവിന്ദന്‍റെ കൈകളിൽ പതിയെ സ്‌പർശിച്ചു. അത്തരമൊരു നീക്കം പ്രതീക്ഷിക്കുന്നതു പോലെ… അരവിന്ദൻ എന്‍റെ വിരലുകളെ കൈക്കുള്ളിലാക്കി.
“ലക്ഷ്മീ, എനിക്ക് നിന്‍റെ മനസ്സിനെ മനസ്സിലാക്കാനാവും. നിനക്കെന്നോടുള്ള ഇഷ്ടംപോലെ ഞാനും നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. ഒരുപക്ഷേ അതിലുമധികം…” എന്‍റെ മിഴികൾ നാണം കൊണ്ട് കൂമ്പിപ്പോയി.
“പക്ഷേ, സർ… എങ്ങനെ…?”
“അതെനിക്ക് മനസ്സിലായി. നിന്‍റെ സാമീപ്യത്തിൽ നിന്നും ഞാനത് എപ്പോഴേ മനസ്സിലാക്കിയിരുന്നു. അതാണ് ടെലിപ്പതിക്” അരവിന്ദൻ തെല്ലൊരു കുസൃതിയോടെ ചിരിച്ചു.
“ഇനിയൊരു സത്യം കൂടി പറയട്ടെ…” അരവിന്ദൻ ജ്യൂസ് ചുണ്ടോടടുപ്പിച്ചുകൊണ്ട് പറഞ്ഞു. “ഈ ഡിന്നർ അറേഞ്ച് ചെയ്തതു തന്നെ ലക്ഷ്‌മിയെ അടുത്തു കാണാൻ വേണ്ടിയാണ്. ഐ മീൻ എ പർപ്പസ്‌ഫുൾ ഫ്രീക്ക് ഔട്ട്.” അരവിന്ദൻ ഊറിച്ചിരിച്ചു. നിലാവുപോലെ പരന്ന ആ പുഞ്ചിരി എന്‍റെ ശരീരത്തെ കോരിത്തരിപ്പിച്ചു. ഈ നിമിഷം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ… എന്‍റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അരവിന്ദന്‍റെ വിരലുകളിൽ ഞാൻ അമർത്തിപ്പിടിച്ചു. അതിനുശേഷം ഓഫീസ് സമയം കഴിഞ്ഞ് ഞങ്ങൾ ഏറെ നേരം സംസാരിച്ചിരിക്കുന്നത് പതിവായി. പലപ്പോഴും സിറ്റിക്ക് പുറത്തുള്ള ഹോട്ടലുകളിൽ പോയി ഒരുമിച്ച് ഭക്ഷണം കഴിച്ചു. ചില ദിവസങ്ങളിൽ സിറ്റിയിൽ തന്നെയുള്ള അരവിന്ദന്‍റെ ഒഴിഞ്ഞ ബംഗ്ലാവിൽ ഞങ്ങൾ രഹസ്യമായി കണ്ടുമുട്ടി. അത്തരം വേളകളിൽ ഞങ്ങൾ എല്ലാം മറന്ന് ഒന്നുചേർന്നു. കാരണം വികാരങ്ങളുടെ വേലിയേറ്റങ്ങളെ നിയന്ത്രിക്കാൻ ഞങ്ങൾക്കായില്ല. അത്ര തീവ്രമായിരുന്നു എന്‍റെ പ്രണയം. ഓഫീസിൽ വെച്ച് അരവിന്ദൻ ഒരിക്കലും പരിചയഭാവം കാട്ടിയില്ല. ഒടുവിൽ ഞാൻ ഗർഭിണിയായതോടെ ഞങ്ങളുടെ കണ്ടുമുട്ടലുകൾ താല്ക്കാലികമായി അവസാനിച്ചു. ഞാൻ ബെഡ്‌റെസ്‌റ്റ് എടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു.
ഹരിയാണെങ്കിൽ ഒരച്‌ഛനാവാൻ പോകുന്നതിന്‍റെ സന്തോഷത്തിൽ കൂട്ടുകാർക്ക് ഗംഭീരമായ പാർട്ടി തന്നെ നല്‌കി. പക്ഷേ അതൊന്നും എന്നെയൊട്ടും സന്തോഷിപ്പിച്ചില്ല. എന്നെ കാണാനാവാത്ത സങ്കടത്തിൽ അരവിന്ദൻ വിഷമിച്ചു കൊണ്ടിരുന്നു.
അരവിന്ദൻ തുടർച്ചയായി എന്നെ മൊബൈലിൽ വിളിച്ച് തന്‍റെ മാനസികാവസ്‌ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെയും ഞാൻ കരഞ്ഞു. ഒടുവിൽ ഞാൻ ഒരു തീരുമാനത്തിലെത്തി. ഹരിയേട്ടനെ ഉപേക്ഷിച്ച് അരവിന്ദന്‍റെ ജീവിതത്തിലേക്ക് കടന്നുചെല്ലുക.
ഹരിയേട്ടനെ ഉപേക്ഷിച്ചു പോകുമ്പോൾ അദ്ദേഹം ഒരു വാക്കുപോലും പറയാനാവാതെ നിശ്ചലനായി നിന്നു. എത്രയും വേഗം അരവിന്ദന്‍റെ അടുത്ത് എത്താൻ മനസ്സ് കൊതിച്ചിരുന്നതിനാൽ ഹരിയേട്ടന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ അവജ്‌ഞയോടെയാണ് നോക്കിയത്. മനസ്സ് പറയുന്ന വഴിയിലൂടെ സഞ്ചരിക്കാനായിരുന്നു എനിക്കിഷ്ടം. എത്രയും വേഗം അരവിന്ദന്‍റെ ജീവിതത്തിൽ ചേരുക… പക്ഷേ അരവിന്ദന്‍റെ ഭാര്യാപദവി എനിക്ക് ലഭിച്ചില്ല.
ഭാര്യയെ ഉപേക്ഷിക്കുകയെന്നുള്ളത് അരവിന്ദന് അസാധ്യമായ കാര്യമായിരുന്നു. ഏകമകളോടുള്ള ഒരച്‌ഛന്‍റെ വാത്സല്യവും സ്നേഹവും അതിന് തടസ്സമായി. സ്വന്തം കുടുംബം ഭംഗിയുള്ള ഫ്രെയിമിലാക്കി സൂക്ഷിക്കാൻ അരവിന്ദൻ കൂടുതൽ ജാഗ്രത കാട്ടി.
അതറിഞ്ഞ് ഞാൻ ശരിക്കും തകർന്നുപോയി. ഹരിയേട്ടന്‍റെ വീട്ടിൽ തിരിച്ചു പോകാനാവാത്തതിനാൽ ഞാൻ താമസം സ്വന്തം വീട്ടിലാക്കി. ഒരു ദിവസം അരവിന്ദനെ കണ്ട് ഞാനെന്‍റെ അവസ്‌ഥയറിയിച്ചു. “നിങ്ങൾക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചു വന്നിരിക്കുകയാ. നിങ്ങൾക്ക് നന്ദയെ ഉപേക്ഷിക്കാനാവില്ലേ?”
“നീ ചെയ്യുന്നതു പോലെ സ്നേഹത്തിനു വേണ്ടി എല്ലാം ത്യജിക്കേണ്ടതുണ്ടോ?” അരവിന്ദൻ എന്നെ ചേർത്തുനിർത്തി കവിളിൽ മുഖമമർത്തി. “നിന്‍റെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരാൻ ഞാൻ സദാ തയ്യാറാണ്. പിന്നെന്തിനാ വിഷമിക്കുന്നത്?”
“നിന്‍റെ ഈ കുഞ്ഞിന്‍റെ അവകാശവും ഞാൻ ഏറ്റെടുക്കാം… പിന്നെന്തിന് നന്ദയെ ഉപേക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കണം,” അരവിന്ദൻ എന്നെ ചേർത്തു പിടിച്ച് വികാരാധീനനായി പറഞ്ഞു.
“എനിക്ക് നന്ദയെ ഉപേക്ഷിക്കാൻ കഴിയില്ല. എന്‍റെ കുഞ്ഞിന്‍റെ അമ്മയാണവൾ. എന്‍റെ കുഞ്ഞിനു വേണ്ടിയെങ്കിലും അവൾ വേണം.” അതിനുശേഷം അരവിന്ദൻ എന്നിൽ കൂടുതൽ അധികാരം കാട്ടിത്തുടങ്ങി. അരവിന്ദനോടുള്ള കടുത്ത പ്രണയത്തിൽ ഞാൻ നിസ്സഹായതയോടെ കീഴടങ്ങിക്കൊണ്ടിരുന്നു. എന്‍റെയുള്ളിലെ അരക്ഷിതാവസ്‌ഥ ഇടയ്ക്കിടയ്ക്ക് തേങ്ങലുയർത്തി സമവാക്യം നഷ്‌ടപ്പെട്ട ജീവിതം വലിയൊരു ചോദ്യചിഹ്നമായി.
പക്ഷേ അന്നു രാത്രി എന്തുകൊണ്ടോ ഹരിയേട്ടനെക്കുറിച്ചുള്ള ഓർമ്മകൾ എന്‍റെ മനസ്സിൽ ഓടിയെത്തി. പക്ഷേ ആ ജീവിതത്തിലേക്ക് മടങ്ങി ചെല്ലാനുള്ള വഴി സ്വയം അടച്ചതിനാൽ എനിക്കതിനുള്ള ധൈര്യവുമുണ്ടായില്ല. ഈയവസ്‌ഥയിൽ നിന്നുള്ള മോചനം എനിക്ക് അസാധ്യമായിരുന്നു. അരവിന്ദന്‍റെ രഹസ്യഭാര്യയായി അയാളുടെ ജീവിതത്തിൽ നിശ്ശബ്ദയായി ഇഴുകിച്ചേരാനായിരുന്നു വിധി.
ഞങ്ങളുടെ ബന്ധം അറിഞ്ഞ് നന്ദ പൊട്ടിത്തെറിച്ചു ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് നന്ദ വാശി പിടിച്ചു. പക്ഷേ അരവിന്ദൻ തന്‍റെ തീരുമാനത്തിലുറച്ചു നിന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ നന്ദയുടെ എതിർപ്പിന്‍റെ ശക്‌തി കുറഞ്ഞു. അവൾ അരവിന്ദനെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. മകൾക്ക് അച്‌ഛന്‍റെ സ്നേഹം നിഷേധിക്കുവാനും അവൾക്ക് ആകുമായിരുന്നില്ല.
പിന്നീട് ഒരിക്കൽ നന്ദ എന്‍റെയരികിൽ വന്ന് വളരെ പരുഷമായി സംസാരിച്ചു. “ലക്ഷ്മീ, എന്‍റെ തീരുമാനം എന്‍റെ ദൗർബല്യമായി നീ കാണരുത്.” അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു തുളുമ്പി. “ആഴ്ചയിൽ തിങ്കളും ചൊവ്വയും അരവിന്ദൻ നിന്‍റെ കൂടെ താമസിക്കട്ടെ. ബാക്കി ദിവസം എന്‍റെ കൂടെ.”
ഭർത്താവിന്‍റെ സ്നേഹത്തെ പങ്കു വെക്കേണ്ടിവരുന്ന ഭാര്യയുടെ ഗതികേട് എന്നെയപ്പോൾ സ്പർശിച്ചതേയില്ല. നന്ദയുടെ ഈ തീരുമാനത്തോട് ഞാൻ ഇഷ്ടക്കേട് കാട്ടിയില്ല.
ആഴ്ചയിൽ രണ്ടുദിവസം അരവിന്ദന്‍റെ സാന്നിധ്യത്തിൽ ഞാനെല്ലാ വേദനകളും മറന്നു. ഹ്രസ്വമായ സന്തോഷത്തിൽ തൃപ്തിപ്പെടാൻ എന്‍റെ മനസ്സ് എപ്പോഴോ പാകപ്പെട്ടു കഴിഞ്ഞിരുന്നു.
പെട്ടെന്ന് ആരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് മുറിക്കു പുറത്തുവന്നു. മകൾ കൂട്ടുകാരനെ യാത്രയാക്കുകയാണ്.
“ഓകെ. വി വിൽ മീറ്റ് ഇൻ സാറ്റർഡേ… അന്ന് അരവിന്ദൻ അങ്കിൾ ഇവിടെ ഉണ്ടാവില്ല.”
ആ വാക്കുകൾ എന്‍റെ ശരീരത്തെ ചുട്ടുനീറ്റിച്ചു. കാഴ്ചകൾ മങ്ങിത്തുടങ്ങി… തല കറങ്ങുന്നു. എന്‍റെ മകൾ… തടയിടാൻ കഴിയാത്ത നദിപോലെ ഒഴുകിക്കൊണ്ടിരുന്നു… അവളുടെ ജീവിതത്തിൽ അമ്മയെന്ന നിലയിൽ എന്‍റെ സ്‌ഥാനം അപ്രസക്‌തമാണോ?