ഞായറാഴ്‌ചയായതു കൊണ്ട് അന്നേറെ വൈകിയാണ് ഞാനുണർന്നത്. വീട്ടിലാരുമില്ലായിരുന്നു. അവധിക്കാലമല്ലേ, ഭാര്യ മക്കളേയും കൂട്ടി ഒരാഴ്ച് മുന്നേ അവളുടെ വീട്ടിലേയ്ക്ക് പോയിരുന്നു. ഞാൻ അടുക്കളയിൽ ചെന്ന് ചായ തയ്യാറാക്കി മുൻവശത്തെ മുറിയിൽ വന്നിരുന്നു. ടി. വി. ഓൺ ചെയ്ത‌് വച്ച് പത്രവായന തുടങ്ങിയതേയുള്ളൂ… പെട്ടെന്ന് ഫോൺ ബെൽ മുഴങ്ങി. ഒരുപക്ഷേ മഞ്ജുളയുടെ ഫോണായിരിക്കും. ഞാൻ ധൃതിയിൽ ചെന്ന് ഫോണെടുത്തു. മറുതലയ്ക്കൽ അപരിചിതമായ ഒരു പതിഞ്ഞ ശബ്ദം,
“മഞ്ജു, ഞാനാ മനസ്സിലായോ… അപ്പോൾ നമ്മൾ തീരുമാനിച്ചതു പോലെ കാര്യങ്ങൾ നടക്കും. നാളെ രാത്രിയൊന്നു കരുതിയിരുന്നോ… അടുക്കളവശത്തെ വാതിലിന്‍റെ കുറ്റി ഊരിയിട്ടേക്ക്. ഭർത്താവിനെ വകവരുത്തുന്ന ജോലി എനിക്ക് വിട്ടു താ. ഇനി ഒന്നിച്ചു ജീവിക്കുന്നതിൽ നിന്നും നമ്മെ വിലക്കാൻ ആർക്കും ധൈര്യം കാണില്ല. എത്ര വർഷമായി ഞാൻ നിനക്കായി കാത്തിരിക്കുന്നു. ഈ വീർപ്പുമുട്ടുന്ന ജീവിതം നിനക്കും മടുത്തു തുടങ്ങിയില്ലേ? ആ… പിന്നെ നിന്‍റെ ഒരു ചെറിയ ഹെൽപ്പ് എനിക്ക് വേണം. എനിക്ക് അങ്ങോട്ട് കയറാൻ കഴിഞ്ഞില്ലെങ്കിൽ നാളെ രാത്രി എന്തെങ്കിലും ഒരു നുണ പറഞ്ഞ് ആനന്ദിനെ വീടിന് പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു വരണം. നന്ദനം കോളനിയിലെ ലൈബ്രറിയ്ക്കടുത്ത്…. ഓകെ. തല്ക്കാലം ഫോൺ വയ്ക്കുന്നു. കുറച്ചു കാര്യങ്ങൾ കൂടി ചെയ്‌തു തീർക്കാനുണ്ട്.” അയാൾ വലിയ ശബ്ദത്തോടെ റിസീവർ താഴെ വച്ചു.
ഫോണിലൂടെയുള്ള ഭൂകമ്പം നിലച്ചു. ഞാൻ ഒരു നിമിഷം സ്‌തബ്‌ധനായിരുന്നു പോയി. സോഫയിലിരുന്നതു നന്നായി. നിന്നാണ് ഫോൺ ചെയ്‌തിരുന്നതെങ്കിൽ തലകറങ്ങി വീണേനേ? അല്ല… ആരായിരിക്കും അയാൾ… ഓർക്കുന്തോറും സങ്കീർണ്ണമായ ചിന്തകൾ മനസ്സിനെ വല്ലാതെ കുഴച്ചു മറിച്ചു കൊണ്ടിരുന്നു. മഞ്ജു എന്ന ചെല്ലപ്പേരിലും മറ്റും വിളിക്കാനും മാത്രം അയാൾക്കിവളുമായി എന്തടുപ്പമായിരിക്കും. ഒരുപക്ഷേ കാമുകൻ… വിശ്വസിക്കാനാവുന്നില്ല.
എന്‍റെ പേര് മധുസൂദനനെന്നാണല്ലോ? പിന്നെ അയാൾ ആനന്ദ് എന്ന് തെറ്റിച്ചു പറഞ്ഞതെന്തിനാവും? ദുഷ്ട, ഞാനവരെ ജീവനു തുല്യം സ്നേഹിച്ചതാണ്. എന്നിട്ടും അവൾ എന്നെ ചതിക്കുകയായിരുന്നല്ലോ?
ഓഹോ! അപ്പോൾ ഇവൾ കാമുകനുമായി ചേർന്ന് എന്നെ കൊല്ലാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു….. ഈ ഘാതകിയെയാണല്ലോ ഞാനിതുവരെ നിഷ്കളങ്കയെന്നു കരുതി വിശ്വസിച്ചത്. ഇത്രയും നാൾ ഇവളെന്നെ വിഡ്ഢിയാക്കുകയായിരുന്നോ? എന്‍റെ കാലശേഷം എന്‍റെ കുട്ടികളുടെ ഗതിയെന്താവും? മഞ്ജുളയും കാമുകനും കൂടി എന്നെ കൊല്ലും? പക്ഷേ എന്‍റെ മക്കൾ… എന്തായാലും എന്‍റെ പണവും സ്വത്തും മക്കളുടെ പേരിൽ ഇന്നു തന്നെ എഴുതി വെയ്ക്കും. വഞ്ചകി മഞ്ജുളയ്ക്കും അവളുടെ കാമുകനും എന്‍റെ സ്വത്തിൽ നിന്നും ഒരു നയാപൈസ പോലും കൊടുക്കില്ല. ഇന്നുതന്നെ വക്കീലിനെ വിളിച്ച് വിൽപത്രം തയ്യാറാക്കാൻ പറയണം.
മരിക്കും മുമ്പ് ആഗ്രഹങ്ങളൊന്നും ബാക്കി വയ്ക്കരുതെന്ന് പറയുന്നത് വെറുതെയല്ല. ഇന്നും… നാളെയും…… എനിക്ക് മുന്നിൽ ഇനി രണ്ടേ രണ്ടു ദിവസങ്ങളേയുള്ളൂ. ഈ ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ എന്‍റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കണം. പുറത്ത് നിന്നും ഭക്ഷണം ആസ്വദിച്ച് കഴിച്ചിട്ട് എത്ര നാളായി. മഞ്ജുളയുണ്ടെങ്കിൽ പുറത്തെ ഭക്ഷണം എന്ന് പറയാൻ പോലും സമ്മതിക്കുകയേയില്ല. “പുറത്തെ ഭക്ഷണം കഴിച്ചാൽ ആരോഗ്യം മോശമാവുമെന്ന് നിങ്ങൾക്കറിയില്ലേ? നിങ്ങൾക്കെന്താ വേണ്ടതെന്നു പറഞ്ഞാൽ മതി. ഞാൻ തന്നെയുണ്ടാക്കി. തരാം.” ഹെൽത്ത് ഗൈഡിനെപ്പോലെ ഉപദേശം നൽകാൻ തുടങ്ങും അവൾ.
ഇന്ന് റെസ്റ്റോറന്‍റിൽ നിന്നും മതിയാവോളം പറോട്ടയും ചില്ലി ചിക്കനും കഴിക്കണം. വേണ്ടെന്നു പറയാനും മാത്രം ഇപ്പോൾ മഞ്ജുളയും അടുത്തില്ലല്ലോ. പക്ഷേ പുറത്തേയ്ക്ക് പോകേണ്ടേ… മനസ്സിൽ ചെറിയൊരു പേടി പോലെ. ഇനി ഞാനെപ്പോഴാ പുറത്തിറങ്ങുന്നതെന്നു നോക്കി അയാൾ പുറത്തെവിടെയെങ്കിലും ചുറ്റി നടക്കുന്നുണ്ടാവുമോ? ഒറ്റയ്ക്ക് കിട്ടിയാൽ ഒരുപക്ഷേ ഇന്നു തന്നെ എന്‍റെ കഥ കഴിക്കാനും മതി. വേണ്ട… വേണ്ട… ഞാനെങ്ങോട്ടും പോകുന്നില്ല. എനിക്കും ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്, അതുകൊണ്ട് വീട്ടിൽ തന്നെയിരിക്കുന്നതാ ബുദ്ധി. എന്‍റെ മരണമടുത്തല്ലോ? ബന്ധുക്കളേയും മിത്രങ്ങളേയുമെല്ലാം വിളിച്ച് ഫോണിൽ സംസാരിച്ചേച്ചക്കാം. ഇനിയിപ്പോ ഇങ്ങനെ ഒരവസരം കിട്ടിയെന്നും വരില്ല. അല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ ഈ ലോകത്തു നിന്നും പോയല്ലേ പറ്റൂ… ഒരു പക്ഷേ എല്ലാവരും എന്നെ ഓർക്കുമായിരിക്കും.
നാളെ രാവിലെയാവട്ടെ അപ്പുറത്തെ മീരയോടും മനസ്സു തുറന്നൊന്നു സംസാരിക്കണം. എന്തൊരു സൗമ്യമായ മുഖഭാവമാണവരുടേത്. എപ്പോ കണ്ടാലും മനോഹരമായൊന്നു പുഞ്ചിരിക്കും. സംസാരിക്കാൻ നിന്നാൽ മധുരഭാഷണം കൊണ്ട് ആരെയും മയക്കിക്കളയും. ശരിക്കുമൊന്ന് സംസാരിക്കണമെന്ന് എത്രയോ കാലമായി ആഗ്രഹിക്കുന്നു. അവരുടെ ഭർത്താവ് വിദേശത്താണ്. അല്പനേരം സംസാരിക്കുന്നതു പോലും മഞ്ജുളയ്ക്ക് ഇഷ്ടമില്ല. അവളെ പേടിയായതു കൊണ്ട് ഇതുവരെ മടിച്ചിരിക്കുകയായിരുന്നു. ഇനി ഉറപ്പായും സംസാരിക്കും…
എത്ര കഷ്ടപ്പെട്ടാണ് ഞാനീ വീട് പണിതത്. എന്‍റെ അധ്വാനം… എന്‍റെ ശ്രമം… എന്‍റെ സ്വപ്‌നങ്ങൾ ഒക്കെ വെറും വ്യാമോഹമായിരുന്നല്ലോ? മഞ്ജുളയോടും മക്കളോടുമൊപ്പം ആജീവനാന്തം സന്തോഷത്തോടെ കഴിയാമെന്നൊക്കെ കരുതിയതാ… പക്ഷേ ഇപ്പോ.. ഒന്നും കഴിക്കാതെയും കുടിക്കാതെയും ഞാൻ നേരത്തേ പുതച്ചു മൂടിക്കിടന്നു. മുറിയിലും പുറത്തും പൂ ന്തോട്ടത്തിലുമെല്ലാം ലൈറ്റിട്ടിട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ചിന്തിച്ചു ചിന്തിച്ച് എപ്പോഴോ ഉറങ്ങി.
നേരം പരപരാ വെളുത്തപ്പോഴാണ് ഉറക്കമുണർന്നത്. നിമിഷനേരത്തിനകം ബ്രഡ് ടോസ്‌റ്റ് ചെയ്തെടുത്ത് ജാമും പുരട്ടി കഴിച്ചു. പടപടാ മിടിക്കുന്ന ഹൃദയതാളവുമായി ഓഫീസിലെത്തി. മരണമെന്ന ചിന്ത അപ്പോഴും മനസ്സിൽ നിന്നും വിട്ടകന്നിരുന്നില്ല. ഓഫീസിൽ ഇതെന്‍റെ അവസാന ദിവസമാണെന്നോർത്തപ്പോൾ…. ഹൃദയമിടിപ്പിനു വീണ്ടും വേഗത കൂടി രമേശിനേയും അമിതിനേയും എനിക്ക് പണ്ടേ കണ്ടുകൂടാ. എന്നാൽ ഇന്ന് ഞാനവരോട് തമാശ പറഞ്ഞ് വളരെ ഹൃദ്യമായി പെരുമാറി. മരണസമയം അടുത്തു. ഇനി ഈർഷയും ദേഷ്യവും എന്തിന്? മരണശേഷം മനുഷ്യൻ നന്മകളല്ലേ ആളുകൾ ഓർക്കാൻ ഇഷ്‌ടപ്പെടുകയുള്ളൂ. ഇക്കാലത്തിനിടയിൽ ഓഫീസ് ജോലികൾ ആദ്യമായാണ് ഞാൻ ഇത്രയും കൃത്യമായും സമയത്തിനും ചെയ്തു തീർക്കുന്നതും. (ഇന്ന് മധുസൂദനനെന്തു പറ്റി?) എന്‍റെ ഈ മാറ്റം സകലരേയും ആശ്ചര്യപ്പെടുത്തി. രാത്രി മനസ്സിൽ വലിയൊരു ഭാരവും പേറി ഒരു കണക്കിനു വീട്ടിലെത്തിച്ചേർന്നു.
ശൂന്യമായ വീട് എന്നെ വിഴുങ്ങാൻ വാ പിളർന്നു നിൽക്കുന്ന ഒരു വ്യാളിയായി തോന്നിച്ചു. മുഖം കഴുകി വന്ന് ഭക്ഷണം കഴിക്കാനിരുന്നതേയുള്ളൂ. കോൾബെൽ മുഴങ്ങി. ഞാൻ ഒറ്റയ്ക്കാണെന്നറിഞ്ഞ് എന്നെ കൊല്ലാൻ വന്നവർ വല്ലവരുമായിരിക്കും. ഞാൻ ഒരു നിമിഷം മഞ്ഞുമല കണക്കേ തണുത്തുറഞ്ഞിരുന്നു. രാത്രിയുടെ അന്ധകാരത്തിൽ കോൾ സെല്ലിന്‍റെ നിർത്താതെയുള്ള മുടക്കം ഒരു പ്രേതഭവനത്തിൽ വന്ന പ്രതീതി എന്നിലുളവാക്കി.
ഞാൻ ധൈര്യം സംഭരിച്ച് വാതിൽ തുറക്കാനാഞ്ഞു. കോൾ ബെല്ലിന്‍റെ മുഴക്കവും എന്‍റെ ഹൃദയമിടിപ്പിന്‍റെ ഗതിയും ഏതാണ്ട് ഒരു താളത്തിലായി. ഭ്രാന്തു പിടിക്കുമെന്നു തോന്നിയപ്പോൾ ഞാൻ ഓടിച്ചെന്നു വാതിൽ തുറന്നു. ങേ… മഞ്ജുളയും കുട്ടികളും വഞ്ചകി… എന്‍റെ കഥ കഴിഞ്ഞോ എന്നറിയാൻ വീട്ടിൽ വന്നതായിരിക്കും… അല്ലെങ്കിൽ ഇനിയിപ്പോ പ്ലാൻ മാറ്റിക്കാണും.
“എന്താ ബോധമില്ലാതെ ഉറങ്ങിപ്പോയോ.. എത്ര നേരമായി ബെല്ല് അടിക്കുന്നു. നിങ്ങൾ ആ വഴിയിൽ നിന്നൊന്നു മാറിക്കേ… ഞാനൊന്നു അകത്തു കയറട്ടെ.” മഞ്ജുള അദ്ഭുതത്തോടെ എന്നെ നോക്കി.
ഇന്നെന്താണാവോ മഞ്ജുളയുടെ ശബ്ദത്തിന് വല്ലാത്തൊരു ഇടർച്ച. എന്നെ കശാപ്പു ചെയ്യാൻ വന്ന യക്ഷിയാണോ ഇവൾ… ഞാൻ മഞ്ജുളയെ നിർനിമേഷനായി നോക്കി നിന്നു.
“ഇതെന്തുപറ്റി മനുഷ്യാ… ഭക്ഷണം വല്ലതും കഴിച്ചോ…” തീർന്നില്ല തുരുതുരെ എന്തെല്ലാമോ ചോദിച്ചു കൊണ്ടേയിരുന്നു. പക്ഷേ ഞാനൊന്നും കേട്ടതേയില്ല. മറ്റെന്തോ ചിന്തകളായിരുന്നു. കാമുകനും ഭാര്യയും ഗൂഢാലോചന നടത്തി ഭർത്താവിനെ കൊല്ലാൻ പോകുന്നു. “ഞാൻ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഭക്ഷണം കഴിച്ചിരുന്നു. വിശപ്പില്ല.”
ഇന്നത്തെ എന്‍റെ വിചിത്രപെരുമാറ്റം മഞ്ജുളയേയും ആശ്ചര്യപ്പെടുത്തി. ഇവളുടെയും കാമുകന്‍റെയും ഗൂഢാലോചനയെക്കുറിച്ച് സകലതും ഞാൻ മനസ്സിലാക്കിയിരിക്കുന്നു എന്ന സത്യം ഇവൾക്കറിയില്ലല്ലോ?
അവൾ അടുക്കളയിൽ ചെന്ന് ഭക്ഷണമുണ്ടാക്കി അവളും കുട്ടികളും കഴിച്ചു. കുട്ടികൾ നേരത്തേയുറങ്ങി. ഉറക്കി എന്നു പറയുന്നതാവും ശരി. അല്‌പസമയത്തിനു ശേഷം മഞ്ജുള എന്‍റെ അരികിലെത്തി, “ഹൊ! ഇന്നു ഭക്ഷണം കൂടിപ്പോയെന്നു തോന്നുന്നു. വാ ഒന്ന് നടന്നിട്ടു വരാം…”
വരട്ടെ, എന്നെ പുറത്തിറക്കാനുള്ള പരിപാടിയാണല്ലേ? പക്ഷേ ഞാനത്ര മണ്ടനല്ലല്ലോ! “വല്ലാത്ത ക്ഷീണം, ഞാനില്ല…” ഞാൻ ഭംഗിയായി ഒഴിഞ്ഞുമാറി.
ഭക്ഷണം കഴിച്ചിട്ട് ഇങ്ങനെയൊരു സവാരി… എന്‍റെ ഓർമ്മയിൽ ഇതാദ്യമായിട്ടാണ്. സാധാരണയായി ഭക്ഷണം കഴിച്ച് അടുക്കള ജോലിയൊതുക്കി ഉറങ്ങുകയല്ലേ പതിവ്…
അപ്പോൾ ഞാൻ കരുതുന്നതു പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്. കുട്ടികളെ കാലേകൂട്ടി ഉറക്കുക, സവാരിക്ക് ക്ഷണിക്കുക… ഞാൻ വരുന്നില്ലെന്ന് പറഞ്ഞിട്ടും അവൾ ഒറ്റയ്ക്ക് നടക്കാനിറങ്ങുക… അല്ല പോയല്ലേ പറ്റൂ… ഗൂഢാലോചന പാളിപ്പോയെന്നു കാമുകനെ അറിയിക്കണ്ടേ? അടുക്കളയുടെ കുറ്റി ഇട്ടോ എന്നു നോക്കണം. അവൾ മടങ്ങി വരുമെങ്കിൽ അവളോട് ഇതേക്കുറിച്ച് ചോദിച്ചിട്ട് തന്നെ കാര്യം. അങ്ങനെ വെറുതെ വിട്ടു കൂടല്ലോ…
“മഞ്ജുളേ, വിവാഹത്തിനു മുമ്പ് ആരെങ്കിലും നിന്നെ മഞ്ജു എന്നു വിളിച്ചിരുന്നോ?”
“ഏയ്… ഇല്ലല്ലോ?”
“അതിരിക്കട്ടെ നിനക്ക് ഇവിടെ അടുത്തേതെങ്കിലും മഞ്ജുവിനെ അറിയുമോ?”
“ആ… കമല ആന്‍റിയുടെ വീട്ടിൽ പുതിയ താമസക്കാർ വന്നിട്ടുണ്ട്. അവിടെ ഒരു മഞ്ജു ഉണ്ട്. അയാൾ ആ സ്ത്രീയെ മഞ്ജുവെന്ന് വിളിക്കുന്നതു കേട്ടു. അവരത്ര ശരിയല്ലെന്നു തോന്നുന്നു… അല്ല നിങ്ങൾക്കിതെന്തു പറ്റി? ഇതൊക്കെ നിങ്ങളെന്തിനാ തിരക്കുന്നത്?”
“അല്ല. ഇന്നലെ രണ്ടുപേർ വന്നിരുന്നു. അവരെക്കുറിച്ചാണെന്നു തോന്നുന്നു ചോദിച്ചത്… എനിക്കറിയില്ലെന്നു പറഞ്ഞു.” അടുത്ത ദിവസം രാവിലെ സൈറൻ ശബ്‌ദം കേട്ടാണ് ഞാനുണർന്നത്. വഴിവക്കിൽ രണ്ടു പോലീസ് ജീപ്പും ആംബുലൻസും കിടക്കുന്നതു കണ്ടു. ഞാൻ കൂടി നിന്നവരിൽ ഒരാളോട് കാരണമാരാഞ്ഞു.
“ഇന്നലെ രാത്രി കള്ളൻ കയറിയെന്നോ… അവരുടെ ഭർത്താവിനെ തലയ്ക്കടിച്ചെന്നോ… പറയുന്നതു കേട്ടു.”
നെറ്റിയിലെ വിയർപ്പു തുടച്ച് ഞാൻ വീട്ടിലെത്തി. “മഞ്ജുളേ വേഗമൊരുങ്ങിക്കോ… ഇന്നു സമയമുണ്ടെങ്കിൽ നമുക്ക് പാർക്കിൽ പോകാം… പുറത്തു നിന്നും ഭക്ഷണവും കഴിക്കാം. പിന്നെ ഏതു സിനിമ കാണണമെന്ന് നീ തീരുമാനിക്ക്.”