ചുവന്നു തുടുത്ത കവിളുകളും നടക്കുമ്പോൾ ഓളം വെട്ടുന്ന ശരീരവും പളുങ്കുമണികൾ പോലുള്ള കണ്ണുകളിൽ കുസൃതിയുമായി ഒരു കുഞ്ഞോമന മുന്നിൽ വന്നു ചിരിച്ചാൽ എന്തു തോന്നും? സംശയമില്ല. വാരിയെടുത്ത് ഉമ്മവയ്ക്കാൻ തന്നെ. അതോടൊപ്പം സ്വന്തം കുഞ്ഞുമായി ഒന്നു താരതമ്യപ്പെടുത്താനും ഉള്ളിൽ അൽപം കുശുമ്പു കാട്ടാനും ഇന്നത്തെ അമ്മമാർ മടിക്കില്ല. പരസ്യത്തിൽ തുള്ളിത്തുള്ളിയെത്തുന്ന തക്കുടുവാവയെ കാണുമ്പോൾ വിജി ഭർത്താവിനോടു പറയും, “കണ്ടില്ലേ എന്തുഭംഗിയാണ് ആ കുഞ്ഞിന്. നമ്മുടെ മോനെ കണ്ടോ, എല്ലും തോലും മാത്രം. നേരാംവണ്ണം ഭക്ഷണം കഴിക്കുന്ന വീട്ടിലെയാണെന്ന് തോന്നുമോ? ഇവനെയൊന്നു വണ്ണം വയ്പിച്ചെടുക്കാൻ ഞാനിനി എന്താ ചെയ്ക.”
ഈ പരാതി കേട്ടു മടുത്തപ്പോൾ അജിത് സൂപ്പർമാർക്കറ്റിൽപ്പോയി വളർച്ചയെ പോഷിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ഹെൽത്ത് ഡ്രിങ്കുകളും ഫുഡ്‌ഡുകളുമൊക്കെ വാങ്ങി. ഇപ്പോൾ കാലത്തും വൈകിട്ടും ഇതെല്ലാം പരീക്ഷിക്കുകയാണ് സ്നേഹ സമ്പന്നയായ ആ അമ്മ ആ കുഞ്ഞു ശരീരത്തിൽ!
നല്ല ഭക്ഷണശീലം
കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര വേവലാതി കാട്ടുന്നവരാണ് നമ്മൾ. പക്ഷേ, അവർക്ക് ഗുണകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനോ അതേക്കുറിച്ച് ചിന്തിക്കുന്നതിനോ മിക്കവരും മെനക്കെടാറില്ല. വീട്ടിലെന്താണോ രീതി അതുതന്നെ പിന്തുടരുന്നതാണ് കുട്ടികളുടെയും ശീലം ഭക്ഷണക്കാര്യത്തിലും അങ്ങനെതന്നെ. എന്തായാലും അർബൻ ക്ലാസുകാർക്കിടയിൽ അമിതവണ്ണവും ലൈഫ്‌സ്‌റ്റൈൽ രോഗങ്ങളും വർദ്ധിച്ചതോടെ മലയാളികളുടെ ജീവിതചര്യകളും ഭക്ഷണശീലങ്ങളും മെല്ലെ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.
മിക്ക കുടുംബങ്ങളിലും അച്‌ഛനും അമ്മയും ജോലിക്കാരായിരിക്കും. കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ പലപ്പോഴും സമയം തികയാത്തവർ. ഇവർക്കൊക്കെ ആശ്വാസമാകുന്നത് പുറത്തുനിന്നുള്ള ഭക്ഷണവും ബേക്കറി പലഹാരങ്ങളും ഫാസ്‌റ്റ്‌ഫുഡുമൊക്കെത്തന്നെ. ഇങ്ങനെ പുറം ഭക്ഷണവുമായി പൊരുത്തപ്പെട്ട കുട്ടികളോട് ചോദിച്ചുനോക്കു ഏതു ഭക്ഷണമാണ് ഏറ്റവും ഇഷ്ടം? ഇന്ത്യനോ ചൈനീസോ? ഒരു 10 വയസ്സുള്ള കുട്ടിയോട് ചോദിച്ചാൽ പറയും.
“ചൈനീസ്, ഫ്രൈഡ് റൈസ്, ചിക്കൻ ബിരിയാണി, ബർഗർ, പിസ, ഐസ്ക്രീം…” നമ്മുടെ നാടൻ ഭക്ഷണങ്ങളായ “ഇഡ്‌ഡലി, ദോശ, പുട്ട്, ഉപ്പുമാവ്…. ഇതൊക്കെ ആർക്കുവേണം?”
കുട്ടികൾ എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. “സ്വാദിലെ വൈവിധ്യം.” ചൈനീസ് ഭക്ഷണരീതികളിലെ രുചിഭേദങ്ങൾ, സ്പൈസി മസാല ടേസ്‌റ്റുകൾ ഇന്ത്യൻ ഫുഡിനില്ല.”
ഹോംമെയ്‌ഡ് ഫുഡുകൾക്ക് എന്നും ഒരേ രുചിയായിരിക്കും. പോഷകപ്രദവും ആരോഗ്യപ്രദവുമാണെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കുട്ടികൾ കഴിക്കാൻ മടി കാണിക്കും.” ഡയറ്റീഷ്യനായ അഞ്ജന പറയുന്നു. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെന്ന് പരാതി പറയുന്ന അമ്മമാരോടുള്ള ആദ്യത്തെ ഉപദേശം വെറൈറ്റി ഫുഡ് ഉണ്ടാക്കു എന്നാണ്. പക്ഷേ, വെറൈറ്റി ഫുഡ് എന്ന ഐഡിയ പ്രാവർത്തികമാക്കുക അത്ര നിസ്സാരകാര്യവുമല്ല. പ്രത്യേകിച്ചും ഉദ്യോഗസ്‌ഥരായ മാതാപിതാക്കളാണെങ്കിൽ അവർക്ക് പാചകപരീക്ഷണങ്ങൾക്ക് കാര്യമായി സമയം കിട്ടിയെന്നുവരില്ല.
എന്താണ് നിങ്ങളുടെ കുട്ടികളുടെ ഭക്ഷണം? ഒരുപക്ഷേ, ഇക്കാര്യത്തിൽ മിക്ക രക്ഷിതാക്കൾക്കുമുണ്ട് ആശയക്കുഴപ്പം “വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകും. അവർക്ക് ബോറടിക്കുന്നു വെന്ന് പരാതിപ്പെടുമ്പോൾ പുറത്തു കൊണ്ടുപോയി എന്തെങ്കിലും വാങ്ങിക്കൊടുക്കും.” വീട്ടമ്മയായ ദീപ്‌തി രാജേന്ദ്രൻ പറയുന്നു. “എന്തെങ്കിലും” എന്നുവച്ചാൽ എന്താണെന്നു ചോദിച്ചാൽ…
“ഫ്രൈഡ് റൈസ്, ചില്ലിച്ചിക്കൻ, പൊറോട്ട, പിസ, ബിരിയാണി…” ഇതൊക്കെത്തന്നെ ചോയ്‌സ്. ഇത്തരം ഭക്ഷണങ്ങൾ വല്ലപ്പോഴുമാകുന്നതിൽ തെറ്റില്ല. അതേസമയം അമിതഭാരമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള കുട്ടികളാണെങ്കിൽ രക്ഷിതാക്കൾ തീർച്ചയായും അവരുടെ ഭക്ഷണരീതികൾ നിയന്ത്രിക്കണം.
കുടുംബങ്ങളിൽ കാലക്രമേണ ഉണ്ടാകുന്ന പുതിയ ഭക്ഷണ ശീലങ്ങളാണ് കുട്ടികളും പിന്തുടരുന്നത്. വറുത്ത ഭക്ഷണ പദാർത്ഥങ്ങളോടാണ് പലർക്കും പ്രിയം. ശരീരത്തിനാവശ്യമായ കാർബോഹൈഡ്രേറ്റോ, പ്രോട്ടീനോ ലഭിക്കുന്നതിനു പകരം കൊഴുപ്പാണ് ഇതിലൂടെ ലഭിക്കുന്നത്. കാർബണേറ്റഡ് ഡ്രിങ്കുകൾ ഇന്ന് കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയമാണ്. ഇവയിൽ പോഷകാംശം ഒന്നുമില്ല താനും. ഫാസ്‌റ്റ്ഫുഡും സ്നാക്കുകളുമാണ് കുട്ടികൾ ഇഷ്‌ടപ്പെടുന്ന മറ്റൊരിനം ഇവയൊന്നും തന്നെ ദഹനത്തെ സഹായിക്കുന്ന നാരടങ്ങിയ ഭക്ഷണങ്ങളല്ല.
ഹൈ ടീ ഡിന്നർ സംസ്‌കാരം
വൈകിട്ട് സ്‌കൂൾ വിട്ടു മടങ്ങിയെത്തിയാൽ പണ്ടൊക്കെ രാവിലെ ഉണ്ടാക്കിവച്ച ഇഡ്‌ഡലിയോ ദോശയോ ഒക്കെയായിരുന്നു ഭക്ഷണം, കൊഴുക്കട്ട, അരിയുണ്ട, അട തുടങ്ങിയ നാടൻ വിഭവങ്ങളും നാലുമണിപ്പലഹാരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഇവയുടെ സ്‌ഥാനം ഇന്ന് സ്നാക്കുകൾ കൈയടക്കിയിരിക്കുന്നു. റെഡി ടു ഈറ്റ് പാക്ക്‌ഡ് ഫുഡുകൾ വിപണിയിൽ ധാരാളം ലഭ്യമാണ്. ടീ ടൈം എന്നു പറഞ്ഞാൽ ചായയോ ബിസ്ക്കറ്റോ മാത്രം കഴിക്കുന്ന രീതി മാറി എന്നർത്ഥം. ചെറിയ കുട്ടികളോട് ആരോഗ്യത്തിന് പ്രശ്നമുള്ള പലഹാരങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തിട്ട് കാര്യമില്ല വീട്ടിൽ ലഭ്യമാകുന്ന ഭക്ഷണമാണ് അവർ കഴിക്കുന്നതെന്നറിയുക. ലൈഫ് സ്‌റ്റൈൽ മാറിയപ്പോൾ ബ്രെയ്ക്ക്ഫാസ്‌റ്റിലാണ് ഏറ്റവും മാറ്റം വന്നത്. രാവിലെ എന്തു കഴിച്ചുവെന്നു ചോദിച്ചാൽ ബ്രെഡും ജാമും എന്നുപറയുന്ന കുട്ടികളാണ് ഭൂരിഭാഗവുമെന്ന് അധ്യാപികയായ ഷീബ പറയുന്നു.
ഒരു കുട്ടിയുടെ ശാരീരികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായത് നല്ല ബ്രെയ്ക്ക്ഫാസ്‌റ്റ് ആണ്. ഒരു ദിവസത്തേക്കാവശ്യമായ കലോറിയുടെ 50 ശതമാനമെങ്കിലും ബ്രെയ്ക്ക്ഫാസ്റ്റിൽ നിന്ന് ലഭിക്കണം. ബാക്കി 30 ശതമാനം ഉച്ചഭക്ഷണത്തിൽ നിന്നും, ബാക്കി ഡിന്നറിൽ നിന്നുമാണ് കിട്ടേണ്ടത്. എന്നാൽ ബ്രെയ്ക്ക് ഫാസ്‌റ്റും ലഞ്ചും കുട്ടികൾ തിരക്കുകൂട്ടി കഴിക്കേണ്ടിവരുന്നു. അതുകൊണ്ട് ആവശ്യമായ ഊർജ്ജം അതിൽ നിന്നു ലഭിക്കില്ല. നേരെമറിച്ച്, ലളിതഭക്ഷണം അഭികാമ്യമായ ഡിന്നർ വേളകൾ ഹെവിയായി മാറും. പലരും നോൺ വെജിറ്റേറിയൻ കഴിക്കുന്നതും ഈ സമയത്താണ്. ഇതെല്ലാം കഴിഞ്ഞ് കിടക്കാൻ പോകും മുമ്പ് കുട്ടികൾക്ക് ഹെൽത്ത് ഡ്രിങ്ക് കൂടി നൽകുന്നവരുണ്ട്.
ഈ രീതി അപകടം പിടിച്ചതാണ്. അക്കാര്യം പല രക്ഷിതാക്കളും മറക്കുന്നു. വളരെ മികച്ച ഭക്ഷണമാണ് നമ്മൾ നൽകുന്നതെന്ന് ചിന്തിച്ചാലും ചിട്ടയായ ഭക്ഷണരീതി അല്ല പിന്തുടരുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നോർക്കുക. തടി കൂടിക്കഴിഞ്ഞാൽ ഭക്ഷണം കൊടുക്കാതിരിക്കുന്നതോ, വണ്ണമില്ലാത്തതിനാൽ അമിതമായി ഭക്ഷണം നൽകുന്നതോ ശരിയല്ല. നല്ല ഭക്ഷണ ശീലത്തോടൊപ്പം യോജിച്ച വ്യായാമങ്ങൾ കൂടി കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കുന്നത് ഏറ്റവും നന്നായിരിക്കും.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ
വൃത്തിയും വെടിപ്പും നല്ല പെരുമാറ്റവും ശീലിപ്പിക്കുന്നതുപോലെ പ്രധാനമാണ് ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്തുക എന്നതും. അതിനായി ചില കാര്യങ്ങൾ രക്ഷിതാക്കൾക്ക് ശ്രദ്ധിക്കാം.
- ഭക്ഷണം ഏതു വേണമെന്ന് തീരുമാനിക്കും മുമ്പ് കുടുംബാംഗങ്ങളുടെ താല്പര്യം ചോദിച്ചറിയുക.
- ഭക്ഷണം മെല്ലെ കഴിക്കാൻ ശീലിപ്പിക്കുക. പതിയെ കഴിക്കുമ്പോൾ വിശപ്പ് അടങ്ങുന്നതുവരെ മാത്രമേ കഴിക്കൂ.
- കുടുംബാംഗങ്ങളുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. ആ സമയം വഴക്കും ബഹളവും ഒഴിവാക്കുക. ഭക്ഷണവേളകൾ അൺപ്ലസന്‍റ് ആയാൽ വേഗം കഴിച്ചു പോകാൻ അവർ ശ്രമിക്കും. ടെൻഷനുള്ളപ്പോൾ ഭക്ഷണം കഴിക്കാൻ ശീലിക്കുന്നതും നല്ലതല്ല.
- സ്‌നാക്കുകൾ നിയന്ത്രിക്കുക. അവ കഴിക്കേണ്ട സമയം നിജപ്പെടുത്തുക. ഉച്ചഭക്ഷണ സമയത്ത് സ്‌നാക്കുകൾ കൊടുക്കാതിരിക്കുക.
- വായന, ടി.വി. കാണൽ ഇതിനിടെ ഭക്ഷണം നൽകരുത്.
- ശിക്ഷയുടെ ഭാഗമായി ഭക്ഷണം നിഷേധിക്കുകയോ പ്രോത്സാഹനത്തിന്‍റെ പേരിൽ അമിത ഭക്ഷണം നൽകുകയോ ചെയ്യരുത്.
- എന്നും ഒരേതരം ഉച്ചഭക്ഷണം സ്‌കൂളിൽ കൊടുത്തുവിടരുത്. ചോറിനുപകരം ഒന്നോരണ്ടോ ദിവസം മറ്റു വിഭവങ്ങളും കൊടുത്തുവിടാം.
- ചായക്കും കാപ്പിക്കും പകരം തിളപ്പിച്ചാറിയ വെള്ളം കൊടുത്തു ശിലിപ്പിക്കുക.