പച്ചപ്പും പൂക്കളും നിറഞ്ഞ വലിയ കാർ  പോർച്ച്, ചിത്രപ്പണികളോടു കൂടിയ ഫ്രണ്ട് ഡോർ, ഡ്രോയിംഗ് റൂമിന് അലങ്കാരമെന്നോണം ടിപ്ടോപ്പ് ഫർണിച്ചർ ഫർണിഷിംഗ്, നല്ല വായു സഞ്ചാരമുള്ള മുറികൾ, മോഡ്യുലാർ കിച്ചൻ, ബാത്ത്റൂം….. ഇങ്ങനെ സ്വപ്‌ന സദ്യശമായ ഒരു വീട്ടിലാണ് റീത്തയുടെ താമസം. പക്ഷേ മെയിന്‍റനൻസിന്‍റെ കുറവു കാരണം ചുരുങ്ങിയ നാളുകൾക്കു ള്ളിൽ ഗാർഡനും മുറ്റവും അലങ്കോലമായി. ഫർണിച്ചറുകളിൽ അഴുക്കും പൊടി പടലങ്ങളും നിറഞ്ഞു. തറയിൽ സ്ക്രാച്ച് വീണു… “അയ്യോ, അന്നു കണ്ട വീടേ അല്ലല്ലോ ഇത്…” അതിഥികൾ മൂക്കത്തു വിരൽ വച്ചു. ഉഗ്രൻ വീട് എന്നു പ്രശംസിച്ചവർ തന്നെ കുറ്റങ്ങളും കുറവുകളും എടുത്തു പറയാൻ തുടങ്ങിയോ?

വീടിനെക്കുറിച്ച് നല്ലതു പറയിപ്പിക്കാൻ വഴിയുണ്ട്. വീടു പണിയുന്നതു പോലെ മെയിന്‍റനെൻസിനും പ്രാധാന്യം നൽകേണ്ടതാണെന്ന് ആർക്കി ടെക്റ്റായ നീത കഴിഞ്ഞ 23 വർഷത്തോളമായി ഹോം മെയിന്‍റനൻസ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയാണ്. ഗൃഹാന്തരീക്ഷത്തിൽ പോസിറ്റീവ് എനർജി നൽകുന്നതിന് പല പ്രശസ്തർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് അവർ.

മനുഷ്യനു ചുറ്റും ഒരു കാന്തിക വലയമുണ്ട്. അതിന് അനുസൃതമായ അന്തരീക്ഷമല്ല വീട്ടിലുള്ളതെങ്കിൽ നമുക്ക് അസ്വസ്‌ഥത അനുഭവപ്പെടും. ഹോം മെയിന്‍റനൻസിന് തനതായ പ്രാധാന്യം നൽകിയില്ലെങ്കിൽ വീട് വീടല്ലാതാകും. വീട് വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിലൂടെ ഗൃഹാന്തരീക്ഷത്തിൽ പുതിയ ഊർജ്‌ജം നിറയ്ക്കാം. “താമസക്കാരിലെല്ലാം ഈ പോസിറ്റീവ് എനർജിയുടെ ഫ്ളോ ഉണ്ടാവും.” നീത പറയുന്നു.

വീടിന്‍റെ അകത്തളങ്ങൾ മോടി കൂട്ടുവാൻ ചെടികളും പൂക്കളും വെച്ചു പിടിപ്പിക്കാറുണ്ട്. ഇത് നെഗറ്റീവ് എനർജി ഇല്ലാതാക്കും. സസ്യജാലങ്ങൾ ചുറ്റുമുള്ള അന്തരീക്ഷത്തിൽ ശ്വാസവായു നിറയ്ക്കുമ്പോൾ അന്തരീക്ഷം ക്ലീനാവും. അതിനാൽത്തന്നെ എനർജി റൊട്ടേറ്റ് ആവുകയും ചെയ്യും.

15 ദിവസം കൂടുമ്പോൾ ഉപ്പു ചേർത്ത വെള്ളം കൊണ്ട് നിലം തുടയ്ക്കണം. സുഗന്ധമുള്ള ഫിനോയിൽ ഉപയോഗിക്കുന്നതും അഗർബത്തി കത്തിച്ചു വയ്ക്കുന്നതും പോസിറ്റീവ് എനർജി നിറയ്ക്കും.

വിശേഷാവസരങ്ങളിലോ, അതിഥി കൾ വരുമെന്നറിയുമ്പോഴോ ആണ് മിക്കവരും വീട് വൃത്തിയാക്കുക. ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും യഥാസമയം ക്ലീൻ ചെയ്താൽ മെയിന്‍റനൻസിനുള്ള സമയനഷ്ടവും ധനനഷ്‌ടവും കുറയ്ക്കാം. അകത്തളം പോലെ തന്നെ വീടിന്‍റെ പുറംഭാഗവും വൃത്തിയായി സൂക്ഷിക്കണം.

അകത്തളം

ഒരു ക്ലീനിംഗ് കിറ്റ് കൈവശം വച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ വീട് ഭംഗിയുള്ളതാക്കാം. വീട്ടിലുള്ള ഓരോ വസ്തുവിനും അനുയോജ്യമായ ഒരിടം നൽകുകവഴി ഒരടുക്കും ചിട്ടയും വരുത്താം. ഓരോന്നും വൃത്തിയാക്കുന്നതിനു പ്രത്യേകം പ്രത്യേകം ടൂൾസ് ഉപയോഗിക്കുന്നതു ഗുണകരമായിരിക്കും.

മുറിയിൽ വിരിക്കുന്ന വാൾ ടു വാൾ കാർപെറ്റ് യഥാസമയം വൃത്തിയാക്കിയില്ലെങ്കിൽ ബാക്റ്റീരിയ വളരാനിടയാകും. അതിനാൽ പതിവായി കാർപെറ്റ് വൃത്തിയാക്കണം. വാക്വം ക്ലീനർ ഉപയോഗിച്ച് കർട്ടനിലെ അഴുക്കും പൊടിപടലങ്ങളും അകറ്റാം. വല്ലപ്പോഴും ഷാമ്പുവാഷ്/ ഡ്രൈക്ലീനിംഗ് ആവാം.

ബാക്റ്റീരിയയ്ക്ക് പ്രവേശനമില്ല

പ്രാണികളുടേയും ബാക്റ്റീരിയകളുടേയും ഉപദ്രവമുണ്ടായാൽ കുറഞ്ഞ നാളുകൾക്കകം വീട് വൃത്തികേടാവും. സാധാരണയായി അമിത ചൂടും ഈർപ്പവുമുള്ള സമയത്താണ് ഇവ കണ്ടുവരുന്നത്. ഈ കാലാവസ്‌ഥ പല രോഗങ്ങളെയും ക്ഷണി ച്ചു വരുത്തും.

80% രോഗങ്ങളേയും വളർത്തുന്നത് വൃത്തിഹീനമായ സാഹചര്യമാണ്. അടുക്കളയിലെ വേസ്‌റ്റ് ബാസ്‌കറ്റിൽ നനവും ഈർപ്പവുമുള്ള വേസ്‌റ്റുകൾ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കണം. എച്ചിൽ പാത്രങ്ങൾ രാത്രി കഴുകാതെ സിങ്കിൽ ഇട്ടു വയ്ക്കുന്നത് പാറ്റ ശല്യം വർദ്ധിപ്പിക്കും. ആവശ്യമെങ്കിൽ പെസ്‌റ്റ് കൺട്രോളർ ഉപയോഗിക്കാം. ഒരു മാസത്തോളം ഇതിന്‍റെ ഇഫക്ട് നില നിൽക്കും. എക്സ്‌പയേർഡ് കെമിക്കൽ ഉപയോഗിക്കരുത്. ആഴ്‌ചയിൽ ഒരിക്കൽ അടുക്കളയിൽ കീടനാശിനി തളിച്ചും ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താം.

കീടാണുക്കളും ബാക്റ്റീരിയയും തഴച്ചു വളരുന്നതിന് സാധ്യതയുള്ളയിടമാണ് അടുക്കളയും ബാത്ത്റൂമും. ഇവിടം സദാ വൃത്തിയായി സൂക്ഷിക്കണം. വെള്ളവുമായുള്ള നിരന്തര സമ്പർക്കവും ലീക്കിംഗുമൊക്കെ ഏറ്റവും കൂടുതൽ ബാത്ത്റൂമിലായിരിക്കും. വാട്ടർപ്രൂഫ് ട്രീറ്റ്‌മെന്‍റിലൂടെ ഈ പ്രശ്ന‌ം മറികടക്കാം. അങ്ങനെ പൂപ്പലും മൈക്രോ ബാക്റ്റീരിയയുടെ വളർച്ചയും തടയാം.

ഇലക്ട്രിക് വയർ

സാധാരണയായി മിക്ക വീടുകളിലും ഇലക്ട്രിക് വയർ മെയിന്‍റനൻസിൽ മതിയായ ശ്രദ്ധ നൽകാറില്ല. ഫലമോ, അമിതമായ വൈദ്യുതി ചെലവും കനമേറിയ ബില്ലും. ശരിയായ എർത്തിംഗില്ലെങ്കിൽ ഷോക്ക് ഏൽക്കുന്നതിനുള്ള സാദ്ധ്യതയും കൂടുതലാണ്.

വാഷിംഗ് മെഷീൻ, ഫ്രിഡ്‌ജ്, ഗീസർ, മൈക്രോ വേവ് ഓവൻ എന്നിവ യഥാസമയം വൃത്തിയാക്കിയാൽ ഇതിൽ അടിഞ്ഞു കൂടുന്ന പൊടിയും ഗ്ലീസ് ഇൻസുലേഷനും ഉടലെടുക്കില്ല. ഇത് ഷോക്കടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.

ഇതു കൂടാതെ വീടുകളിൽ ഉപയോഗിക്കുന്ന വയറിംഗ് കമ്പികൾ റീസൈക്കിൾഡ് മെറ്റീരിയൽസ് കൊണ്ടുള്ളതായിരിക്കും. ഇതിൽ ചെമ്പ് കൂടാതെ മറ്റു പല ധാതുക്കളും അടങ്ങിയിട്ടുണ്ടാവും. ഇവ അമിത ചൂടിൽ ഉരുകിപ്പോകും. എന്നാൽ കോപ്പർ കൊണ്ടുള്ള കമ്പികൾ പെട്ടെന്ന് ചൂടാവുകയില്ല, നിങ്ങളുടെ വീട്ടിലും റീ സൈക്കിൾഡ് മെറ്റീരിയൽസ് കൊണ്ടുള്ള വയറിംഗാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിൽ ഏറെ ശ്രദ്ധിക്കണം. ഒന്നുരണ്ട് വർഷത്തിനുള്ളിൽ വയറിംഗ് ചെക്ക് ചെയ്യണം.

വീട്ടിലുള്ള ഇലക്ട്രിക് അറ്റകുറ്റപ്പണികൾ രജിസ്‌റ്റേർഡ് ഇലക്ട്രീഷ്യനെ തന്നെ ഏല്പിക്കണം. ഐ. എസ്. ഐ മാർക്കോടുകൂടിയ ഉല്പ്‌പന്നങ്ങൾ തന്നെ വാങ്ങണം.

പുറംഭാഗം

വർഷത്തിലൊരിക്കൽ പെയിന്‍റ് ചെയ്യുന്നത് വീടിന് മോടി കൂട്ടും. പുറം ചുവരുകൾക്ക് വില കുറഞ്ഞ പെയിന്‍റ് മതിയെന്ന് ചിന്തിക്കരുത്. വിള്ളൽ വീഴാനോ അടർന്നു പോവാനോ സാധ്യതയുണ്ട്. ഫർണിച്ചർ റിപ്പയർ ചെയ്യുന്നതിനോ, പോളിഷ് ചെയ്യുന്നതിനോ ക്വാളിറ്റി ഉല്പന്നങ്ങൾ തന്നെ വാങ്ങണം. നിലവാരം കുറഞ്ഞവ ശ്വാസം മുട്ടൽ പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാവും.

ഭിത്തികൾക്ക് നിറം നൽകുന്ന പെയിന്‍റുകളിൽ അടങ്ങിയിരിക്കുന്ന വോളെറ്റയിൽ ഓർഗാനിക് കോമ്പൗണ്ട് കണ്ണുകൾക്കും ശ്വാസകോശത്തിനും അസ്വസ്‌ഥതയുണ്ടാക്കും. പെയിന്‍റിന്‍റെ മണം അലർജിയുണ്ടാക്കുന്നവർ ഇക്കോ ഫ്രണ്ട്ലി പെയിന്‍റ് തെരഞ്ഞെടുക്കണം.

ലോൺ ശ്രദ്ധയോടെ മെയിന്‍റയിൻ ചെയ്യണം. പൂന്തോട്ടത്തിൽ ജലസേചനത്തിനുള്ള സൗകര്യമുണ്ടായിരിക്കണം. വെള്ളം കെട്ടിക്കിടക്കാതിരിക്കാനായി ഡ്രെയിനേജ് സംവിധാനവുമുണ്ടാവണം.

വീടിന്‍റെ ഉമ്മറവും മുറ്റവും സദാ വൃത്തിയായിരിക്കണം. അതിനായി ലോണിലെ ഉണങ്ങിയ ചില്ലകൾ വെട്ടി ഒതുക്കണം. പച്ചപ്പു നിറഞ്ഞ ലോൺ വീട്ടിൽ പോസിറ്റീവ് എനർജി സൃഷ്ട‌ിക്കും. ആരോഗ്യവും സന്തുഷ്ടവുമായ ഗൃഹാന്തരീക്ഷത്തിന് ഇത് വഴിയൊരൂക്കും.

ക്ലീൻ ഹോം

  • ഗ്ലാസ് കൊണ്ടുള്ള വാതിലുകളും ജനാലയുമാണെങ്കിൽ നാരങ്ങ മുറിച്ച് ഉരച്ച ശേഷം മൃദുവായ തുണി കൊണ്ട് തുടച്ചു വൃത്തിയാക്കാം.
  • വീട്ടിൽ പ്രാണികളുടേയും കീടങ്ങളുടേയും ഉപദ്രവമുള്ള പക്ഷം ആരിവേപ്പിന്‍റെ ഇലകൾ പുകച്ച് ശല്യം ഒഴിവാക്കാം.
  • ബാത്ത്റും ടൈൽസിൽ രാത്രി ബ്ലീച്ചിംഗ് പൗഡർ പുരട്ടി വച്ച് രാവിലെ ഉരച്ചു കഴുകാം. ടൈൽസ് നന്നായി തിളങ്ങും.
  • ഫർണിച്ചർ വൃത്തിയാക്കുന്ന തുണി പതിവായി കഴുകണം.
और कहानियां पढ़ने के लिए क्लिक करें...