കരിനിഴലുകളെയും രൗദ്രമാർന്ന പേമാരിയേയും വകഞ്ഞുമാറ്റി ചിങ്ങത്തിലെ ഓണവെയിൽ പ്രകൃതിയിൽ സ്വർണ്ണ വർണ്ണം വാരി വിതറുകയാണ്. കഴിഞ്ഞുപോയ മഴക്കാലത്ത് പൊലിഞ്ഞ ജീവിതങ്ങളെക്കുറിച്ച് സ്‌മരിച്ചുകൊണ്ടുതന്നെ നമുക്ക് ഈ ഓണം അതിജീവനത്തിന്‍റെ ആഘോഷമാക്കാം. കേരളത്തിന്‍റെ പരമ്പരാഗത ആഘോഷമായ ഓണം പ്രായഭേമന്യേ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണത്തിന് അൽപം മങ്ങലേൽക്കും. എന്നിരുന്നാലും എന്തിനേയും അതിജീവിക്കുന്ന മലയാളിയ്ക്ക് കാത്തിരിപ്പിന്‍റെയും സഹനത്തിന്‍റെയും നല്ല നാളേക്കുള്ള പ്രതീക്ഷയുടെയും കൂടി പ്രതീകമാണ് ഓണം.

യുവത്വത്തിന്‍റെ ഓണം

ഓണം യുവതലമുറയെ സംബന്ധിച്ച് പ്രൗഢമാർന്ന ആഘോഷം തന്നെയാണ്. അവരെ സംബന്ധിച്ച് ഓണം കുറേക്കൂടി വൈവിധ്യമുള്ളതായിരിക്കുന്നു. ആഘോഷങ്ങളിൽ കാലോചിതമായ ചില പുത്തൻ ട്രെൻഡുകൾ കൂട്ടിച്ചേർത്തുള്ളതാണ് യുവതലമുറയുടെ ഓണം. വേഷത്തിലും ആ മാറ്റം പ്രകടം. ഓഫീസിലും കോളേജിലും അല്ലാതെയും സംഘം ചേർന്നാണ് ഓണമാഘോഷിക്കുക. വിദേശ രാജ്യങ്ങളിലാണ് ഇപ്പോൾ കേരളത്തിലെ യുവജനതയുടെ നാൽപ്പത് ശതമാനവും. എന്നാൽ ചെന്നയിടങ്ങളിൽ ഓണം സ്പെഷ്യൽ ആഘോഷമാക്കി മാറ്റാൻ അവർക്ക് നിറഞ്ഞ ഉത്സാഹമാണ്. അതിനായി അവർ തനത് വേഷഭൂഷാദികൾ ഓൺലൈനായി വാങ്ങുകയും അന്നാട്ടുകാരേക്കൂടി ആഘോഷത്തിന്‍റെ ഭാഗമാക്കുകയും ചെയ്യും.

പ്രവാസി ഓണം

പ്രത്യേകിച്ചും മലയാളികളായ പ്രവാസികൾക്ക് ഓണം ഒഴിച്ചുകൂടാവാനാത്ത ആഘോഷമാണ്. അത്രത്തോളം ഗൃഹാതുരമായ ഒന്നാണ് മലയാളിയ്ക്ക് ഓണക്കാലം പാടവരമ്പും മുക്കുറ്റിയും ചെമ്പരത്തിയും കനകാമ്പരവും ജമന്തിയും ഡാലിയയുമൊക്കെ നിറഞ്ഞ ഓണക്കാലം എങ്ങനെയാണ് മറക്കാനാവുക. ഇന്ന് നാട്ടിൽ ആഘോഷിക്കുന്ന ഓണത്തേക്കാൾ പത്തിരട്ടി മാറ്റോടെയാണ് പ്രവാസി മലയാളികൾ ഓണമാഘോഷിക്കുന്നത്. ഒന്നിനും ഒരു കുറവും വരുത്താതെ പൂക്കളമിട്ടും സദ്യവട്ടങ്ങളെല്ലാം നാടൻ രുചിയിൽ തയ്യാറാക്കിയും തൂശനിലയിൽ സമൃദ്ധമായി കഴിച്ചും തിരുവാതിര കളിച്ചും പ്രവാസി മലയാളികൾ ഓണം തകർത്താസ്വദിക്കുന്നു. വർഷത്തിലൊരിക്കൽ അവധിയെടുത്ത് അൽപം ലാവിഷായി തന്നെ ഓണസദ്യയൊരുക്കാനും ഓണത്തപ്പനെ വരവേൽക്കാനും ലോകത്തെവിടെയുമുള്ള മലയാളികൾ തയ്യാർ. ഗൾഫ് മലയാളികൾ അവധി ദിവസമായ വെള്ളിയാഴ്‌ചയാണ് ഓണമാഘോഷിക്കുക. സൗഹ്യദകൂട്ടായ്‌മകളാണ് ഓണാഘോഷത്തിന് ചുക്കാൻ പിടിക്കുക. കൂടാതെ കുടുംബങ്ങൾ ചേർന്നുള്ള ആഘോഷങ്ങളും പ്രവാസലോകത്ത് സജീവമായി നടക്കാറുണ്ട്.

ഓഫീസ് ഓണം

മുന്നോട്ടുള്ള ദിനങ്ങൾക്ക് പുത്തനുണർവ്വം ഊർജ്ജവും പകർന്ന് നൽകി യുവതലമുറ ഓണാഘോങ്ങളെ അൽപം ഡിഫറന്‍റാക്കിയെന്നുള്ളതാണ് വലിയൊരു പ്രത്യേകത. ഓണത്തോടനുബന്ധിച്ച് ഫ്യൂഷൻ തിരുവാതിര, ഡാൻസ്, പാട്ട്, ഫാഷൻ ഷോകൾ, ഗെയിമുകൾ. അന്താക്ഷരി എന്നിവ ഓണമത്സരങ്ങളിലെ ഹൈലൈറ്റുകളായിരിക്കുകയാണ്. ഓഫീസ് ഓണങ്ങളിലാണ് ഇത്തരം കലാപ്രവർത്തനങ്ങൾ ഏറെയും നടക്കുന്നതെന്നാണ് ഇൻഫോപാർക്ക് ജീവനക്കാരിയായ അശ്വതി പറയുന്നത്. ഒപ്പം ചില തട്ടിക്കൂട്ട് ഗെയിമുകളും ഉണ്ടാകും. സ്‌ഥലവും സൗകര്യവും കണക്കിലെടുത്താണ് ഇത്തരം ഗെയിമുകൾ ആസൂത്രണം ചെയ്യുന്നതെന്നാണ് ഐടി ഉദ്യോഗസ്‌ഥനായ മോഹിത് പറയുന്നത്. “സഹപ്രവർത്തകരായി ധാരാളം നോർത്തിന്ത്യക്കാരുണ്ട്. അവർക്കൊക്കെ സദ്യയും പായസവും വടംവലിയും സുന്ദരിയ്ക്ക് പൊട്ടുകുത്തലൊക്കെ കൗതുകകരമായ അനുഭവമാണ് നൽകുന്നത്. നമ്മുടെ ആഘോഷത്തിന്‍റെ പെരുമ അവരെക്കൂടി അറിയിക്കുന്നതിനായി ഞങ്ങൾ ഓരോ വർഷവും ഓണം ഗംഭീരമായി തന്നെ ആഘോഷിക്കാറുണ്ട്. കുറെ ഗെയിമുകളും ഉണ്ടാവും. പക്ഷെ ആഘോഷമെപ്പോഴും തിരുവോണദിവസത്തിന് മുമ്പേയായിരിക്കും.” മോഹിത് പറയുന്നു. ഓഫീസ് ഓണങ്ങളിൽ വേഷത്തിലും ഉണ്ട് ചില വൈവിധ്യങ്ങൾ. വനിതകൾക്ക് സെറ്റും മുണ്ടും ആണെങ്കിലും ബ്ലൗസ് ഫാഷനബിളായ ഒരു ഡ്രസ് തന്നെയാവും. പുരുഷന്മാർ ഒരേ കളർതീം തന്നെ ഓണം ഡ്രസ്സിനായി തെരഞ്ഞെടുക്കും. ഇത്തവണ ബ്ലാക്ക് ഷർട്ടും കസവ് മുണ്ടുമാണ് ഓണഘോഷത്തിനായി മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്നത്. എന്നാണ് മോഹിത് പറയുന്നത്.

ഓണാഘോഷങ്ങളിലെ പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും സമന്വയം കേരളത്തിന്‍റെ ഊർ‌ജ്ജസ്വലമായ ചൈതന്യത്തെ പ്രകടമാക്കുന്നു. സാംസ്ക്കാരിക സത്ത നിലനിർത്തിക്കൊണ്ട് ഉത്സവം കാലത്തിനനുസരിച്ച് വികസിച്ചു കൊണ്ടേയിരിക്കുന്നു. ആഹ്ളാദത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായി ഒളിമങ്ങാത്ത ആഘോഷമായി ഓണം തലമുറകളായി സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഒപ്പം ഓണാഘോഷത്തിന് പ്രാദേശികമായ ചില കലാരൂപങ്ങളും ഒത്തുചേരുന്നതോടെ ഓണം കൂടുതൽ വർണ്ണാഭമാവുകയാണ്.

ഓണസദ്യ

ഓണത്തിന്‍റെ പരമപ്രധാനമായ ആകർഷണം രുചിസമ്പന്നമായ ഓണസദ്യ തന്നെയാണ്. ഓണസദ്യയുടെ നാടൻ രുചിയിൽ യാതൊരു കോംപ്രമൈസ് വരുത്താനും മലയാളി തയ്യാറല്ല തന്നെ. വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ ഒത്തുചേരലാണ് ഓണസദ്യ. ഓലനും കാളനും സാമ്പാറും പരിപ്പും പച്ചടിയും പൈനാപ്പിൾ കറിയും ഇഞ്ചിക്കറിയും മോരും തീയലും അവിയലും അച്ചാറും പപ്പടവും പായസവും ഉപ്പേരിയും ശർക്കരവരട്ടിയും ഉണ്ണിയപ്പവും അച്ചപ്പവുമൊക്കെ ചേർന്ന രുചി സാമ്രാജ്യമാണ് ഓണസദ്യ. അമ്മമാരുടെ സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും രുചി ചേർന്നതാണ് സദ്യയെന്ന് തന്നെ പറയാം.

ഓണസദ്യയൊരുക്കാൻ ദിവസങ്ങൾക്ക് മുന്നേതന്നെ തയ്യാറെടുപ്പ് ആരംഭിക്കും. അതുകൊണ്ട് തന്നെ തിരുവോണത്തിന്‍റെ തലേന്ന് ഉത്രാട ദിനത്തിൽ ഉള്ള തിരക്കിനെ ഉത്രാടപ്പാച്ചിൽ എന്നാണ് വിളിക്കുന്നത്. സദ്യ വട്ടങ്ങൾക്കുള്ള പച്ചക്കറിയും മറ്റു സാധനങ്ങളുമൊക്കെ ശേഖരിച്ച് പ്രതീക്ഷകളോടെയുള്ള തയ്യാറെടുപ്പുകൾ പകരുന്ന ഊർജ്ജവും ഉണർവ്വം ഒന്ന് വേറെ തന്നെയാണ്. കുടുംബാംഗങ്ങൾക്ക് ഊർജ്ജം പകരുന്ന മോട്ടിവേഷൻ പോലെയാണത്. സദ്യയൊരുക്കാൻ കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേരുന്നു.

അത്തപ്പൂക്കളം

പൂക്കളമില്ലാത്ത ഓണം മലയാളിയ്ക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. അത്തം മുതൽ തിരുവോണം വരെ പത്തു ദിനങ്ങളിൽ മാവേലിയെ വരവേൽക്കാൻ ഒരുക്കുന്നതാണ് പൂക്കളം. പൂക്കളുടെ ഉത്സവമായ ഓണത്തിന് അത്തപ്പൂക്കളം വൈവിധ്യമുള്ളതായിരിക്കുകയാണ്. ഫ്രഷ് പൂവിന് പുറമെ വർണ്ണപ്പൊടികളും പ്ലാസ്‌റ്റിക് ഇലകളും പൂക്കളുമൊക്കെ സ്‌ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും പ്രാമുഖ്യം എപ്പോഴും ഫ്രഷ് പൂക്കൾക്ക് തന്നെയാണ്. പൂക്കളമൊരുക്കാൻ പണ്ട് പാടവരമ്പത്തും പറമ്പിലും മുറ്റത്തു നിന്നുമൊക്കെ യഥേഷ്‌ടം പൂക്കൾ ലഭിച്ചിരുന്നു. നാട്ടിൻ പുറങ്ങളിൽ പൂക്കൾ സമൃദ്ധമായി ലഭിക്കും. എന്നാൽ നഗരങ്ങളിൽ പൂക്കൾക്കായി വിപണിയെ ആശ്രയിക്കുക തന്നെ വേണം. ഓണമാകുന്നതോടെ മലയാളിയ്ക്ക് പൂക്കളമൊരുക്കാൻ തമിഴ്‌നാട്ടിൽ നിന്നും അരളി, ജമന്തി, കനകാമ്പരം, താമര, ഡാലിയ പോലെയുള്ള പൂക്കൾ കേരള വിപണിയിൽ സജീവമാകും. എല്ലാ വീട്ടുമുറ്റത്തും അലങ്കാരമായി നിറയുന്ന അത്തപ്പൂക്കളം കേരളത്തിലുടനീളം കാണാൻ കഴിയുന്ന മനോഹരമായ കാഴ്ച്‌ചയാണ്. വലുതും ചെറുതുമായ വൈവിധ്യങ്ങളുടെ പൂക്കളങ്ങൾ കേരളത്തിലുടനീളം അണിനിരക്കും.

ഓണക്കോടി

ഓണമായാൽ ഒരു “കോടി”യെങ്കിലും വാങ്ങണം എന്നാണ് മലയാളിയുടെ “ഒരിത്”. “കോടി” എന്നാൽ ഓണക്കോടി. ഈ ഓണം വരാൻ കാത്തിരുന്നതു തന്നെ ഓണക്കോടി വാങ്ങാനെന്ന് തോന്നും. ഒരു ചടങ്ങ് എന്നതിലുപരി പ്രിയപ്പെട്ടവരോടുള്ള സ്നേഹം കൈമാറാനുള്ള ഒരു മാർഗ്ഗം കൂടിയാണ് മലയാളിക്ക് ഓണക്കോടി. സെറ്റു സാരിയും കസവുമുണ്ടും പട്ടുപാവാടയും ഇല്ലാത്ത ഓണമോ? ആലോചിക്കാനേ വയ്യ! എന്തായാലും ഇക്കുറി ഓണത്തിന് ഓണക്കോടി വാങ്ങുമ്പോൾ പ്രിയപ്പെട്ടവർക്കല്ലാതെ, ആവശ്യക്കാരായ ഒരാൾക്കു കൂടി ഒരു വസ്ത്രം സമ്മാനിക്കാൻ മറക്കണ്ട.

ഗൃഹോപകരണ വിപണി

ഓണക്കാലം ഓഫറുകളുടെ കാലമാണ്. ടിവിയും ഫ്രിഡ്‌ജും, ലാപും, മൊബൈലും, ഏസിയും എന്നുവേണ്ട വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഗാഡ്‌ജറ്റുകളും ആഭരണങ്ങളുമൊക്കെ വിവിധതരം ആകർഷണീയമായ ഓഫറുകളോടെ ഓണക്കാലത്ത് ലഭിക്കുന്നു. വയനാട്ടിൽ വീടുകൾ നഷ്‌ടപ്പെട്ട് ജീവൻ മാത്രം ബാക്കിയായ കുടുംബങ്ങളിൽ പലരും ക്യാമ്പുകൾ വിട്ട് വാടക വീടുകൾ തേടുന്നുണ്ട്. അവർക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ സംഭാവനയായി നൽകാൻ കഴിയുന്നവർ, അതായത് ഒരു കുടുംബത്തിന് ഒരു മിക്സ‌ി അല്ലെങ്കിൽ രണ്ട് കസേര, കട്ടിൽ ഇങ്ങനെയൊക്കെ സംഭാവന ചെയ്യാൻ കഴിഞ്ഞാൽ അതൊരു വലിയ സഹായമാകും. ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യ സംഘടനകൾ ഉണ്ട്. അവരുമായി ബന്ധപ്പെട്ട് ഒരു കൈത്താങ്ങ് നൽകിക്കൊണ്ടും ഓണം സ്പെഷ്യൽ ആക്കാം!

അത്തച്ചമയം

ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന അത്തച്ചമയത്തേക്കാൾ വർണ്ണാഭമായ തുടക്കം ഓണത്തിനില്ല എന്നുള്ളതാണ് സത്യം. വിവിധ നാടൻ കലാരൂപങ്ങളുടെയും മനോഹരമായ കാഴ്ചയാണ് അത്തച്ചമയം നമുക്ക് നൽകുന്നത്. എന്നാൽ വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആഘോഷം പരിമിതമായിരിക്കാം. ആനകൾ, ഫ്ളോട്ടുകൾ, കഥകളി, മോഹിനിയാട്ടം, തിരുവാതിര, തെയ്യം, അമ്മൻകുടം തുടങ്ങിയ വിവിധ പരമ്പരാഗത കേരളീയ കലാരൂപങ്ങൾ ആഘോഷത്തിൽ ഉൾപ്പെടുത്തിയുള്ളതാണ് അത്തച്ചമയം.

ഓണപ്പൊട്ടൻ

വടക്കൻ കേരളത്തിലെ ഓണാഘോഷത്തിന്‍റെ പ്രതീകമാണ് ഓണപ്പൊട്ടൻ, തിരുവോണനാളിൽ വടക്കൻ കേരളത്തിലെ എല്ലാ വീടുകളും സന്ദർശിക്കുന്ന അതിഥിയാണ് ഓണപ്പൊട്ടൻ. കിരീടം ധരിച്ച് മുഖത്തെഴുത്തും വർണ്ണാഭമായ വസ്ത്രങ്ങളും ധരിച്ച ഓണപ്പൊട്ടൻ മഹാബലിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു കയ്യിൽ മണിയും മറ്റേക്കയ്യിൽ ഓലക്കുടയും പിടിച്ചാണ് ഓണപ്പൊട്ടന്‍റെ ഗൃഹസന്ദർശനം. വടക്കൻ മലബാർ മേഖലയിൽ ഓണപ്പൊട്ടൻ വ്യത്യസ്‌ത പേരുകളിലാണ് അറിയപ്പെടുന്നത്. കണ്ണൂരിൽ ഓണപ്പൊട്ടനെന്നും കോഴിക്കോട് ഓണേശ്വരൻ അല്ലെങ്കിൽ ഓണപ്പൊട്ടൻ എന്നും ആണ് ഇതറിയപ്പെടുന്നത്. ഓണഘോ ഷവുമായി ബന്ധപ്പെട്ട വളരെ പ്രധാന പ്പെട്ട ഒരു ആചാരമാണിത്.

പുലിക്കളി

തൃശൂരിലെ ഓണാഘോഷത്തിന്‍റെ പ്രധാനാകർഷണമാണ് പുലിക്കളി ഓണത്തിന്‍റെ നാലാം ദിവസം ചെണ്ട്, തകിൽ തുടങ്ങിയ ഉപകരണങ്ങളുടെ താളത്തിനൊത്ത് നിറം പൂശിയ കടുവകൾ നൃത്തം ചെയ്യും. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി പുലിക്കളി നടത്താറുണ്ട്. ചിലയിടങ്ങളിൽ ഓഫീസ് ഓണത്തിന്‍റെ ഭാഗമായി പുലിയുടെ തൊലിയ്ക്ക് സമാനമായ വസ്ത്രമണിഞ്ഞ് പുലിക്കളി നടത്തുന്ന ട്രെൻഡും ഉണ്ട്. കുട്ടികൾ മുതൽ പ്രായമായവർ വരെ പുലിക്കളിയിൽ പങ്കെടുക്കാറുണ്ട്. പുലിക്കളി കലാകാരന്മാർ ഓണമടുക്കുന്നതിന് മുമ്പായി തന്നെ അതിനായി തയ്യാറെടുത്ത് തുടങ്ങും. തൃശൂർക്കാർക്കിത് വർണ്ണാഭമായ കാർണിവൽ പോലെയാണ്. ഇത് കാണാൻ തന്നെ നാട്ടിൽ അവധിയെടുത്ത് വരുന്നവരുമുണ്ട്.

വള്ളം കളി

ഓണപ്പെരുമയുടെ പ്രധാനപ്പെട്ട പ്രതീകമാണ് വള്ളംകളി. ഓണാഘോഷത്തിന്‍റെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ വള്ളം കളി ഓണക്കാലത്തെ പ്രധാന ജലമേളയാണ്. ഓണക്കാലത്ത് കേരളത്തിലെ കായലുകൾ അലങ്കരിച്ച് ഫ്ളോട്ടുകളും വാട്ടർ സ്പോർട്ട്സും കൊണ്ട് സജീവമാകും. വഞ്ചിപ്പാട്ടുകൾ കൊണ്ട് മുഖരിതമാക്കുന്ന കായലോരങ്ങൾ കാണികൾക്ക് ഉത്സവമേളമാണ് പകരുന്നത്. ഓണത്തോടനുബന്ധിച്ചുള്ള വള്ളം കളി മത്സരങ്ങൾ കാണാൻ അവധിയെടുത്ത് മലയാളികൾ നാട്ടിലെത്താറുണ്ട്. അത്രത്തോളമാണ് ഈ ജലമേളയുടെ ഹരവും രസവും.

और कहानियां पढ़ने के लिए क्लिक करें...