രാത്രി 11 മണി. അടുക്കളയിൽ തിരക്കിട്ട ജോലിയിലായിരുന്നു മായ. അപ്പോഴാണ് പിന്നിലൂടെ വന്ന് വരുൺ കെട്ടിപ്പിടിച്ചത്.
“പെട്ടെന്ന് ജോലി തീർത്തു വാ…. പ്ലീസ്” പ്രണയാർദ്രനായിരുന്നു അയാൾ.
“എന്താ ഈ ചെയ്യുന്നത്? വിടുന്നേ….” അവൾ കുതറി. അയാൾ പിടി മുറുക്കിയതേ ഉള്ളൂ.
“എങ്ങനെ വിടും നിന്നെ ഇപ്പോൾ…” ഒരു കുട്ടിയുടെ ശാഠ്യം അവൾ ആ മുഖത്തു കണ്ടു.
“ഇന്നിതെന്തു പറ്റി? 12 മണിവരെ ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആളാണല്ലോ” അവൾ അത്ഭുതം കുറി.
“വേഗം വാ. ഇന്നു വേണം.” ചിരിയോടെ പിൻകഴുത്തിൽ ചുംബിച്ചു കൊണ്ടയാൾ പറഞ്ഞു.
മായയ്ക്ക് അയാളെ നന്നായറിയാം, മൂഡ് വരുമ്പോൾ അയാൾ എല്ലായ്പ്പോഴും ഇങ്ങനെയാണ് പെരുമാറുക. അവൾ പെട്ടെന്നു തന്നെ അടുക്കള ജോലികൾ തീർത്ത് ഫ്രഷ് ആയി ബെഡ്‌റൂമിലേക്കു ചെന്നു. അവിടെ വരുൺ അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു.
ആഗ്രഹങ്ങൾ മനസ്സിലാക്കുക
പങ്കാളിയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറുക എന്നത് ദാമ്പത്യബന്ധത്തിൽ പ്രധാനമാണ്. അതിനു കഴിയാതെ പോയതാണ് ചിത്രയുടെയും രമേശിന്‍റെയും ദാമ്പത്യം തകരാൻ പ്രധാന കാരണം. തുറന്ന സംസാരം അവർക്കിടയിൽ കുറവായിരുന്നു. തന്‍റെ ആവശ്യങ്ങൾ തുറന്നു പറയാൻ ചിത്ര മടിച്ചു. ഓഫീസിൽ നിന്ന് ക്ഷീണിച്ചു മടങ്ങി വന്ന രമേശിന്‍റെ അടുത്ത് സ്നേഹപ്രകടനങ്ങൾ കാണിക്കാനും മുളിപ്പാട്ടുപാടാനും ഡൈനിംഗ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രണയാർദ്രയായി രമേശിനെ നോക്കാനും രാത്രി സുതാര്യമായ നൈറ്റി അണിഞ്ഞ് ബെഡ്റൂമിൽ പ്രത്യക്ഷപ്പെടാനുമൊക്കെയായിരുന്നു ചിത്രയുടെ ശ്രദ്ധ മുഴുവനും. പക്ഷേ മുഴുവൻ സമയവും ജോലി, ഓഫീസ് എന്നൊക്കെ ചിന്തിച്ചു നടക്കുന്ന രമേശിന് ചിത്രയുടെ മൂഡ് മനസ്സിലായില്ല. പതിവുപോലെ, ക്ഷീണിച്ച് അയാൾ ഉറങ്ങിയപ്പോൾ അയാൾക്കു പുറം തിരിഞ്ഞ് നിരാശയായി രാത്രി തള്ളി നീക്കുകയായിരുന്നു ചിത്ര.
ദാമ്പത്യത്തിന്‍റെ കെട്ടുറപ്പ് നിശ്ചയിക്കുന്നത് ആരോഗ്യകരമായ സെക്സാണെങ്കിലും പലരും പങ്കാളിയുടെ വികാരങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കാറില്ല. ‘ഞാനിപ്പോൾ സെക്സ് ആഗ്രഹിക്കുന്നു’ എന്ന് ഒരു ‘കോഡി’ലൂടെ പോലും രമേശിനെ അറിയിക്കാൻ കഴിയാതെ പോയതാണ് ചിത്രയുടെ പരാജയം.
എന്നാൽ ജോസിന്‍റെയും ആനിയുടെയും കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ഓഫീസിൽ നിന്നും വന്നു കയറുന്ന ജോസിന്‍റെ പെരുമാറ്റവും മുഖഭാവങ്ങളും കണ്ടാൽ ആനിയ്ക്കറിയാം അയാൾക്കെന്തു വേണമെന്ന്. “അദ്ദേഹത്തിന്‍റെ മൂഡ് എനിയ്ക്കറിയാൻ കഴിയാറുണ്ട് എപ്പോഴും. എന്‍റെ ആവശ്യങ്ങൾ ഒരിക്കലും എനിയ്ക്ക് പറയേണ്ടി വന്നിട്ടില്ല. ജോസ് എല്ലാം മനസ്സിലാക്കി പെരുമാറാൻ കഴിവുള്ള കുട്ടത്തിലാ ണ്.” സന്തോഷത്തോടെ ആനി പറയുന്നു.
ആനി പറഞ്ഞത് ശരിയെന്ന് ജോസും ശരിവെക്കുന്നു. “ചെറിയ ചെറിയ ഇഷ്ടങ്ങൾ വരെ പരസ്‌പരം സഫലീകരിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. പലപ്പോഴും ‘കോഡ്’ ഉപയോഗിച്ച് ഞാനെന്‍റെ ആവശ്യങ്ങൾ അവളെ അറിയിക്കും. അവൾക്കതു മനസ്സിലാകുകയും ചെയ്യും. വിവാഹം കഴിഞ്ഞ് 6 വർഷങ്ങൾക്കു ശേഷവും യാതൊരുവിധ തെറ്റിദ്ധാരണകളുമില്ലാതെ ഞങ്ങളുടെ ബന്ധം സുദ്യഢമായിത്തന്നെ തുടരുന്നു.” ജോസിന്‍റെ വാക്കുകളിൽ അഭിമാനം മാത്രം..
പങ്കാളിയുടെ ഇഷ്ടം മാനിക്കുക
പങ്കാളിയുടെ ഇംഗിതം നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയാതെ വന്നാൽ അത് പങ്കാളിയുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുണ്ട്. തന്‍റെ ആഗ്രഹങ്ങൾ മനസ്സിൽ തന്നെ ഒതുക്കാനും വികാരങ്ങളെ അടിച്ചമർത്താനും അയാൾ ശ്രമിക്കും. ഇത് സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങളിലേക്കാണ് പലപ്പോഴും നയിക്കുക. അതുകൊണ്ട് ബുദ്ധിപൂർവ്വമായ സമീപനമായിരിക്കണം ഇത്തരം വിഷയങ്ങളിൽ എടുക്കേണ്ടത്.
പരസ്‌പരം മനസ്സിലാക്കാതെ വികാരങ്ങളെ അടിച്ചമർത്തി ജീവിക്കുന്നവർ വിവാഹേതരബന്ധങ്ങളിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഫലമോ ദാമ്പത്യം ശിഥിലമാകുന്നു. അതുകൊണ്ട് സമയാസമയങ്ങളിൽ പങ്കാളിയുടെ മനസ്സറിഞ്ഞ്, വികാരങ്ങളറിഞ്ഞ് പെരുമാറുക എന്നത് പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെ.
പൂർണ്ണ പിന്തുണ
ഉദ്യോഗസ്ഥയായ ശാലിനിയുടെ അനുഭവം തന്നെ നോക്കൂ. രാത്രി 9 മണി യോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ശാലിനി ഡിന്നർ ഒരുക്കി ഭർത്താവിനും കുട്ടികൾക്കും നൽകുമ്പോഴേക്കും ക്ഷീണിതയായി കഴിഞ്ഞിരിക്കും. ‘എവിടെയെങ്കിലും ഒന്നു തല ചായ്ച്ചാൽ മതി’ എന്ന ചിന്തയുമായി ഒന്നു വിശ്രമിക്കാനൊരുങ്ങുമ്പോഴാകും സന്തോഷ് ‘കോഡു’മായി സമീപിക്കുന്നത്. ഭർത്താവിന്‍റെ ഇംഗിതം മനസ്സിലായാലും അത് അവഗണിച്ച് ശാലിനി ഉറങ്ങാൻ കിടക്കും. ശാലിനിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം സന്തോഷിനെ കോപാകുലനാക്കും. പലപ്പോഴും വഴക്കിലാണ് രണ്ടുപേരും ചെന്നെത്തുക.
ഭാര്യമാരുടെ മൂഡു നോക്കാതെ പെരുമാറുന്ന സന്തോഷിനെപ്പോലെയുള്ള ഭർത്താക്കന്മാർ നിരവധിയുണ്ട്. കുമാർ അതുപോലെയൊരാളാണ്. എഞ്ചിനീയറായ കുമാർ ഓഫീസ് വിട്ട് വീട്ടിലെത്തിയാലും 12 മണിവരെ കമ്പ്യൂട്ടറിനു മുന്നിലാണ്. ഭാര്യ ഇഷയ്ക്ക് കുമാറിന്‍റെ ഈ സ്വഭാവം ഒട്ടുമിഷ്ടമില്ല.
തന്‍റെ ഇംഗിതങ്ങൾ കുമാറിനെ അറിയിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും അവഗണനയാണ് പകരം കിട്ടിയത്. അതോടെ അവളുടെ മനസ്സിൽ കുമാറിനോടുള്ള പ്രണയത്തിനും മങ്ങൽ വീണു. കുമാറിന്‍റെയും സന്തോഷിന്‍റെയും ഒക്കെ ദാമ്പത്യത്തിൽ വില്ലനായ ഘടകം പരസ്പരം മനസ്സിലാക്കാൻ കഴിയാതെ പോയതാണ്. എത്ര ജോലിത്തിരക്കിലായാലും പങ്കാളിക്കൊപ്പം കഴിയാൻ അല്പം സമയം മാറ്റിവെയ്ക്കാൻ ശ്രമിക്കുക. ജീവിതവിജയത്തിന് ദാമ്പത്യബന്ധം നൽകുന്ന പിന്തുണ ചെറുതല്ല. നല്ല ദാമ്പത്യബന്ധത്തിന് സെക്സും ഒരു അവിഭാജ്യഘടകമാണ്. ഇതൊക്കെ മനസ്സിലാക്കി കഴിയുന്നതും ഓഫീസ് ജോലികൾ വീട്ടിലേക്ക് കൊണ്ടുവരാതെ നോക്കണം.
പുതുമ കൊണ്ടുവരിക
രജിതയുടെ മനസ്സ് നല്ലതുപോലെ മനസ്സിലാക്കിയ ആളാണ് പ്രമോദ്. ഭാര്യയുടെ മുഡുനോക്കി പെരുമാറാനും സെക്സിൽ പുതുമകൾ കൊണ്ടുവരാനും മറക്കാറില്ലെന്നു പ്രമോദ് പറയുന്നു.“ആഗ്രഹങ്ങളും താൽപര്യങ്ങളും എല്ലാം ഞങ്ങൾ പരസ്‌പരം നന്നായി മനസ്സിലാക്കാറുണ്ട്. പൂർണ്ണ പിന്തുണ നൽകാറുമുണ്ട്. ജീവിതത്തിൽ പുതുമകൾ ആഗ്രഹിക്കാത്ത ആരാണുള്ളത്? പിന്നെ സെക്സിൽ മാത്രം എന്തുകൊണ്ടായിക്കൂടാ? ഞങ്ങളുടെ ദാമ്പത്യം ഇന്നും സുദൃഢമായി നിലനിർത്തുന്നത് ഈ പുതുമകൾ തന്നെയാണ്.”
രജിതയുടെ വാക്കുകളിലുമുണ്ട് ഒരു ചെറിയ അഹങ്കാരം. പരസ്‌പരം കലഹിച്ചും ചിണങ്ങിയും വഴിപിരിയുന്നവരുടെ ലോകത്ത് രജിതയ്ക്ക് അഹങ്കരിക്കാൻ അവകാശമുണ്ടുതാനും.“എനിക്കു പൂർണസംതൃപ്തി നൽകാൻ ഭർത്താവ് എപ്പോഴും ശ്രമിക്കാറുണ്ട്. അദ്ദേഹം അതിനായി ഇടയ്ക്കിടെ പുതുമകൾ കൊണ്ടുവരുന്നു.” സംതൃപ്‌തയായ ഒരു ഭാര്യയുടെ സ്വരത്തിൽ രജിത പറയുന്നു.
സംതൃപ്തമായ സെക്സിന് പുതുമകൾ കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് പ്രമുഖ സെക്സോളജിസ്റ്റുകളുടേയും അഭിപ്രായം. ജീവിതത്തിലെ മടുപ്പും മുഷിപ്പും ഒഴിവാക്കാനും ഇതു സഹായിക്കുമെന്ന് അവർ പറയുന്നു. എന്താണ് ആവശ്യമെന്ന് പങ്കാളി പറയുന്നതിനു മുമ്പേ തന്നെ അദ്ദേഹത്തിന്‍റെ ഇംഗിതം മനസ്സിലാക്കാൻ ശ്രമിക്കുക. ഒരു വാക്കുപോലും പറയാതെ പരസ്പ്‌പരം മനസ്സിലാക്കാൻ കഴിയുക. എത്ര ഊഷ്‌മളമായ ബന്ധമാണത്!