“സുഷമേ, ഓഫീസിൽ പോകാൻ സമയമായി. പേയിംഗ് ഗസ്‌റ്റ് വന്നാൽ മുറി കാണിച്ചു കൊടുക്കണം.” ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ഞാൻ സുഷമയോട് പറഞ്ഞു.
“പക്ഷേ ചേച്ചീ, ആരാ, എന്താ എന്നറിയാതെ ഞാനെങ്ങനെ അയാളെ മുറി കാണിക്കും. വല്ല സ്ത്രീയുമായിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഇത് പക്ഷേ.” സുഷമ നിസ്സഹായതയോടെ എന്നെ നോക്കി.
“നീ അതോർത്ത് ടെൻഷനടിക്കണ്ട. അയാൾ വന്നാൽ എന്നെ ഫോണിൽ കോണ്ടാക്‌ട് ചെയ്യാൻ പറയണം.”
“ശരി ചേച്ചി,” അവൾക്ക് അപ്പോഴാണ് ആശ്വാസമായത്. ഓഫീസിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതിനാൽ പേയിംഗ് ഗസ്റ്റ് വന്നോ എന്നറിയാനായി ഞാൻ ഫോൺ ചെയ്‌ൽ സുഷമയോട് കാര്യം തിരക്കി. പക്ഷേ, അപ്പോഴും അയാൾ എത്തിയിരുന്നില്ല. പേയിംഗ് ഗസ്റ്റായി വരുന്നയാൾ മൂത്ത ജ്യേഷ്ഠന്‍റെ മകൻ അരുണിന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടാണ്. അയാളെ വീട്ടിൽ താമസിപ്പിക്കണമെന്ന് അരുൺ പ്രത്യേകം ശുപാർശയും ചെയ്തിരുന്നു. അരുൺ നിർബന്ധിച്ചതിനാൽ വേണ്ടായെന്ന് പറയാനും കഴിഞ്ഞില്ല. എം.ബി.എയ്ക്ക് വേണ്ടിയുള്ള ഏതോ പ്രൊജക്ട് വർക്കിനായാണ് അയാൾ വരുന്നത്.
ഞാൻ ഓഫീസിൽ പോയിക്കഴിഞ്ഞാൽ വീട്ടിൽ സുഷമ മാത്രമേ കാണുകയുള്ളൂ. പേയിംഗ് ഗസ്റ്റ് ഒരു പുരുഷനായതുകൊണ്ട് അവൾക്ക് എതിർപ്പുണ്ടായിരുന്നു. സുഷമയുമായി എനിക്ക് നീണ്ട് 8-9 വർഷത്തെ ബന്ധമുണ്ട്. ഓഫീസിലെ എന്‍റെ സഹപ്രവർത്തക ഏർപ്പെടുത്തിത്തന്ന സഹായിയാണവൾ. എന്‍റെ പരിചാരികയായിരുന്നുവെങ്കിലും എനിക്കവൾ സ്വന്തം സഹോദരിയായിരുന്നു. ആഴ്ചയിൽ ആറുദിവസം അവൾ എനിക്കൊപ്പമുണ്ടാകും. ശനിയാഴ്ച അവൾ വീട്ടിൽ പോകും. തിങ്കളാഴ്‌ച രാവിലെയേ മടങ്ങി വരൂ. അതായിരുന്നു അവളുടെ പതിവ്. ഫോൺ മുഴങ്ങിയതു കേട്ട് ഞാൻ റിസീവർ കൈയിലെടുത്തു.
“എന്താ സുഷമേ,” ശബ്ദം തിരിച്ചറിഞ്ഞ് ഞാൻ കാര്യം തിരക്കി
“അത് ചേച്ചീ, പുതിയ പേയിംഗ് ഗസ്‌റ്റ് വന്നിട്ടുണ്ട്. ചേച്ചി സംസാരിച്ചോ. എന്നിട്ട് ഞാനയാളെ മുറി കാണിക്കാം.” സുഷമ ബുദ്ധിമതി തന്നെ.
“ഹലോ”
“ഞാൻ പുതിയ പേയിംഗ് ഗസ്‌റ്റാ. സന്ദീപ് കൃഷ്ണൻ, അരുണിന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടാ.” യുവാവ് തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു.
“ങ്ഹേ, സന്ദീപ് കൃഷ്‌ണനെന്നോ?” അരുതാത്തതെന്തോ കേട്ടതുപോലെ ഞാൻ ഞെട്ടിത്തരിച്ചിരുന്നു.
“അതെ.” യുവാവ് മറുപടി പറഞ്ഞു.
“ഓകെ, ഫോൺ സുഷമയ്ക്ക് കൊടുക്കൂ.” എന്‍റെ ശബ്ദത്തിൽ വല്ലാത്ത കയ്‌പ് പടർന്നിരുന്നു.
“ങ്ഹാ ചേച്ചി, പറഞ്ഞോ,” സുഷമയുടെ ശബ്ദം മുഴങ്ങി. “നീ അയാൾക്ക് മുറി കാണിച്ചുകൊടുക്ക്.”
“ശരി ചേച്ചി.” അവളുടെ ശബ്ദത്തിലും നീരസമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
“നീ വിഷമിക്കണ്ട. ഞാൻ ഇന്ന് നേരത്തേ എത്താൻ നോക്കാം. എന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിച്ച് ഉറപ്പിക്കാം.” എന്നു പറഞ്ഞ് അവളെ സമാധാനിപ്പിച്ച ശേഷം ഞാൻ ഫോൺ വെച്ചു. ആ അപരിചിതന് എന്‍റെ ഭൂതകാലവുമായി എന്തെങ്കിലും ബന്ധം കാണുമോ? ആ ചോദ്യം എന്‍റെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ഫോണിലൂടെ മുഴങ്ങിയ ഗാംഭീര്യം നിറഞ്ഞ ശബ്ദം എന്നെ ഭൂതകാലത്തേക്ക് പിടിച്ചു നടത്തി. കസേരയിൽ ചാരിയിരുന്ന് ഞാൻ കണ്ണുകളിറുക്കിയടച്ചു.
25 വർഷം പിന്നിലേയ്ക്ക് മനസ്സു പാഞ്ഞു. മനസ്സിന്‍റെ എതോ കോണിൽ ചിലരിച്ചു തുടങ്ങിയ ആ ഓർമ്മകളിലേക്ക്….
അജിത് കൃഷണൻ… ഓർമ്മയിൽ തെളിഞ്ഞുവന്ന ആ പേർ എന്നിൽ വേദന പടർത്തി. കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ബസ്സിൽ എന്നും കണ്ടുമുട്ടിയിരുന്ന മുഖം. അയാളന്ന യൂണിവേഴ്സിറ്റിയിൽ എംകോമിന് പഠിക്കുകയായിരുന്നു. ഞാൻ അവിടെത്തന്നെ ബി. എ. ഫസ്‌റ്റ് ഇയറിനും.
ഞങ്ങളുടെ കണ്ടുമുട്ടലുകൾ ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് വഴിമാറി യൂണിവേഴ്‌സിറ്റി കലാമത്സരങ്ങളിൽ ലളിതഗാനത്തിന് സ്‌ഥിരമായി ഒന്നാം സമ്മാനം നേടിയിരുന്ന അജിത്തിനെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അയാളുടെ വശ്യമായ കണ്ണുകളെ അവഗണിക്കാൻ ഞാൻ അശക്തയായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ പോലും ഞാൻ സദാ ആ കണ്ണുകളെ തിരഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ അടുപ്പം എന്‍റെ പല കൂട്ടുകാരികളിലും അസൂയയുണർത്തിയിരുന്നു. കാരണം കോളേജിലെ റൊമാന്‍റിക് ഹീറോ ആയിരുന്നുവല്ലോ അജിത്ത് കൃഷ്ണൻ. അങ്ങനെയുള്ള ഒരാളെ ഒരുവൾ സ്വന്തമാക്കിയാൽ മനസ്സിൽ നിറയെ പ്രണയവുമായി നടക്കുന്ന എത് പെണ്ണിനാണ് സഹിക്കാനാവുക?
ഇരുനിറക്കാരിയായ എന്നെ അജിത്ത് എന്ന സുന്ദരൻ എങ്ങനെ ഇഷിടപ്പെട്ടുവെന്ന് ഞാൻ നിലക്കണ്ണാടിയിൽ നോക്കി പലകുറി അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെ എന്‍റെ രൂപഭംഗിയോർത്ത് ഞാൻ സ്വയം അഭിമാനം കൊണ്ടിട്ടുണ്ട്.
എന്‍റെ കണ്ണിണകളാവുമൊ അയാളെ ആകർഷിച്ചിരിക്കുക… അതോ എന്‍റെ കറുത്തിരുണ്ട മുടിയോ… അതുമല്ലെങ്കിൽ എന്‍റെ മുഖസൗന്ദര്യമോ… എനിക്കുപോലും എന്നോട് പ്രണയം തോന്നിയ നിമിഷമായിരുന്നു അത്.
പക്ഷേ, കുറച്ചു കഴിഞ്ഞതോടെ ഞാനാ സത്യം തിരിച്ചറിഞ്ഞു. അജിത്തിന് എന്‍റെ മനസ്സിനേക്കാളും എന്‍റെ ശരീരത്തോടായിരുന്നു പ്രണയം എന്നിട്ടും എനിക്കതിൽ യാതൊരു പരിഭവവും തോന്നിയില്ല. കാരണം ബാഹ്യമായ ആകർഷണമാണല്ലോ പ്രണയത്തിന്‍റെ ആരംഭം കുറിക്കുന്നത്. അത് യാഥാർത്ഥ്യമാണ്. പക്ഷേ എന്‍റെ പ്രതിരോധത്തെ മറികടന്ന് അയാൾക്ക് ഇതേവരെ എന്‍റെ ശരീരത്തിൽ തൊടാനായില്ലല്ലോ എന്നോർത്ത് ഞാൻ അഭിമാനം കൊണ്ടു.
യൂണിവേഴ്‌സിറ്റി കാന്‍റീനിന് തൊട്ടടുത്തായി ധാരാളം ഇരിപ്പിടങ്ങളുള്ള ഗാർഡനിൽ വെച്ചായിരുന്നു ഞങ്ങളെന്നും കണ്ടുമുട്ടിയി രുന്നത്. കമിതാക്കൾ പരസ്‌പരം ഹ്യദയം കൈമാറിയിരുന്ന കോളജിലെ പ്രിയപ്പെട്ട ലവേഴ്‌സ് കോർണർ, ഞങ്ങൾ അവിടെയിരുന്ന് ഭാവിയെക്കുറിച്ച് ധാരാളം നിറമുള്ള സ്വപ്നങ്ങൾ കണ്ടു.
“നിന്‍റെ കൈയിലൊന്ന് തൊട്ടെന്ന് വച്ച് ആകാശം ഇടി ഞ്ഞു വീഴുമോ?” അജിന് ചിലപ്പോഴൊക്കെ വഴക്കുകൂടി.
“ആകാശം ഇടിഞ്ഞുവീഴില്ല. പക്ഷേ എനിക്ക് ദേഷ്യം വരും. കല്യാണത്തിന് മുമ്പ് അങ്ങനെ യാതൊന്നും സംഭവിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.” എന്‍റെ സ്വരം കനത്തു.
യഥാർത്ഥത്തിൽ അജിത്തിനോട് പറഞ്ഞതിൽ പാതി മാത്രമായിരുന്നു സത്യം. എനിക്ക് അജിത്തിനോട് അടുത്തിടെപഴകാൻ ഭയമായിരുന്നു. അയാളുടെ ബലിഷ്ഠങ്ങളായ കരങ്ങൾ കണ്ട് എന്നിലെ സകലനിയന്ത്രണങ്ങളും ദുർബലമായി പോകുന്നത് ഞാൻ അറിഞ്ഞിരുന്നു.
അജിത്തിന്‍റെ സാന്നിധ്യം എന്നെ ദുർബലയാക്കുമ്പോഴൊക്കെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് പപ്പയുടേയും മമ്മിയുടേയും ചേട്ടന്‍റേയും മുഖങ്ങൾ ഓർത്തെടുത്തു. ഓർമ്മ വരുമ്പോൾ മരുന്ന് കഴിക്കുംപോലെ… ആ മുഖങ്ങൾ പാപത്തിന്‍റെ വഴിയിൽ നിന്നും എന്നെ മാറ്റി നടത്തിയിരുന്നു.
“പൂർണ്ണിമാ, നമുക്കാദ്യം ഉണ്ടാകുന്ന കുഞ്ഞിന് എന്ത് പേരിടണം?” ഒരു ദിവസം അജിത്ത് എന്നോട് ചോദിച്ചു.
ഞാൻ… എന്ത് പേര് വേണം?” നാണം കൊണ്ട് കൂമ്പിപ്പോയി ഞാൻ.
“നീ എന്തിനാ ഇത്ര നാണിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് അജിത്ത് ഒന്നുകൂടി ചേർന്നിരുന്നു. ഞാൻ ദൂരേയ്ക്ക് മിഴി നട്ടിരുന്നു. അടുത്ത നിമിഷം എന്‍റെ ചുണ്ടുകൾ ചലിച്ചു. സന്ദീപ് കൃഷ്ണൻ”
“ങ്ഹേ, സന്ദീപ് കൃഷ്ണനെന്നോ… അപ്പോൾ ആൺകുട്ടി താന്നെയാണെന്ന് നീ തീരുമാനിച്ചു കഴിഞ്ഞോ,” അജിത്ത് കുസൃതിച്ചിരിയോടെ എന്‍റെ കണ്ണുകളിൽ ഉറ്റുനോക്കി.
ഡിസംബർ വിടചൊല്ലാൻ ഇനി ഏതാനും ദിവസം മാത്രം സാക്കി. പതിവുപോലെ ഞങ്ങൾ കൂട്ടുകാർ ന്യൂ ഇയർ ആഘോഷം പൊടിപൊടിക്കാൻ തീരുമാനിച്ചു. പുതുവർഷത്തലേന്ന് എല്ലാവരും നീലിമയുടെ വീട്ടിൽ ഒത്തുകൂടി. കുറച്ചുകഴിഞ്ഞ് അജിത്തും അവിടെ എത്തി കറുത്ത ഷർട്ടും നീല ജീൻസുമായിരുന്നു അജിത്തിന്‍റെ വേഷം കറുത്ത നിറം അജിത്തിനെ കൂടുതൽ സെക്സിയാക്കി.
അതോ അതെന്‍റെ മാത്രം കണ്ടെത്തലായിരുന്നോ…
ന്യൂ ഇയർ പാർട്ടി തുടങ്ങി. വീടിന്‍റെ മട്ടുപ്പാവിലായിരുന്നു ആഘോഷവേദി. ഞങ്ങളെ കൂടാതെ നീലിമയുടെ മാതാപിതാക്കളും കസിൻസുമുണ്ടായിരുന്നു. ചിലർ പാട്ടുപാടി നൃത്തം ചെയ്തു. ചിലർ പാട്ടുപാടി മറ്റു ചിലർ മിമിക്രി കാട്ടി, അരങ്ങ് കൊഴുത്തു. നീലിമയുടെ അമ്മ തയ്യാറാക്കിയ പലഹാരങ്ങൾ ആർത്തിയോടെ വെട്ടിവിഴുങ്ങാനായിരുന്നു കൂട്ടത്തിലെ ചില വിരുതന്മാരുടെ ശ്രമം. ഇതിനിടെ നീലിമ പറഞ്ഞതനുസരിച്ച് അടുക്കളയിൽ നിന്നും ജ്യൂസ് എടുക്കാനായി ഞാൻ കോണിപ്പടികൾ ഇറങ്ങവെ അജിത്ത് എന്‍റെ കൈയിൽ പിടിച്ചുകൊണ്ട് അടുത്തുള്ള മുറിയിലേക്ക് കയറി.
വാതിൽ ചാരിയ ശേഷം എന്നെ ചുവരിൽ ചേർത്ത് നിർത്തി എന്‍റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി. ഞങ്ങൾക്കിടയിൽ അകലം തീരെ ഇല്ലാതായി. അജിത്തിന്‍റെ ചൂടുനിശ്വാസം എന്‍റെ മുഖത്തു തട്ടി.
“എന്താ കാര്യം, ഇന്ന് ഭയങ്കര റൊമാന്‍റിക്കാണല്ലോ?” കണ്ണുകളിൽ ഉറഞ്ഞുകൂടിയ നാണം മറച്ചുകൊണ്ട് ഞാൻ ദുർബലമായ ശബ്ദത്തിൽ ചോദിച്ചു.
എന്‍റെ ശ്വാസം നിലച്ചതുപോലെ… അജിത്തിന്‍റെ ശ്വാസോഛ്വാസഗതി എനിക്കിപ്പോൾ വേർതിരിച്ചറിയാം. അജിത്ത് ഒരു കൈകൊണ്ട് വാതിലടച്ച് കുറ്റിയിട്ടു.
“എന്തായിത്?” എന്‍റെ ദുർബലമായ ശബ്ദം നിശ്ശബ്ദമായ അന്തരീക്ഷത്തിൽ നേർത്തുപോയി.
“നീ ഏറെ ആഗ്രഹിക്കുന്ന കാര്യം തന്നെ. പക്ഷേ, നീയത് തുറന്ന് പറയാറില്ല.” സകലശക്തിയും ചോർന്നുപോയ ദുർബലമായ ശരീരമായി ഞാൻ അജിത്തിന് മുന്നിൽ നിന്നു. അജിത്ത് പെട്ടെന്ന് എന്‍റെ മുടിയിലെ ഹെയർബാന്‍റ് ഊരിമാറ്റി. സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ മുടിയിഴകൾ എന്‍റെ ചുമലിൽ ആടിയുലഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. വയ്യ… എനിക്കു വയ്യ. അജിത്ത് അപ്പോഴും ഒരു വിടവ് സൃഷ്ടിച്ചുകൊണ്ട് എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
അജിത്ത് ആവേശത്തോടെ എന്‍റെ മുഖത്തോട് മുഖം ചേർത്തു. അജിത്തിന്‍റെ ശ്വാസോച്ഛ്വാസം എന്‍റെ മുഖത്ത് ശക്‌തിയായി പതിച്ചുകൊണ്ടിരുന്നു. സ്വയം നിയന്ത്രിക്കാൻ അശക്‌തയായ പോലെ…
“വേണ്ട അജിത്ത്… പ്ലീസ്…” എന്‍റെ വിറയാർന്ന ചുണ്ടുകൾക്കിടയിലൂടെ വാക്കുകൾ നേർത്തു നേർത്തുപോയി. “പൂർണ്ണിമാ, നമ്മൾ പരസ്‌പരം സ്നേഹിക്കുന്നവരല്ലേ… പിന്നെന്തിന് ഭയപ്പെടണം?”
“പാടില്ല… അത് തെറ്റാണ്.”
“എന്ത് തെറ്റ്? നമുക്ക് പരസ്‌പരം നന്നായി അറിയാം. എന്‍റെ സ്നേഹത്തിൽ വിശ്വാസമില്ലാഞ്ഞിട്ടാ നിനക്ക് അങ്ങനെ തോന്നുന്നത്.”
“ഇല്ല അജിത്ത്, എന്‍റെ പപ്പയും മമ്മിയും… എനിക്ക് കഴിയില്ല.” ഞാൻ കരച്ചിലിന്‍റെ വക്കിലെത്തി.
“ഒന്ന് തൊട്ടുവെന്ന് കരുതി നമ്മുടെ സ്നേഹം ഇല്ലാതായി തീരുമോ? അത് പൂർണ്ണമാക്കുകയല്ലേ ചെയ്യുന്നത്. എനിക്ക് നിന്നോടുള്ള സ്നേഹം സത്യസന്ധമാണ്. പക്ഷേ നിനക്കോ…?” അജിത്തിന്‍റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു. അജിത്ത് അവജ്‌ഞയോടെ എന്നെ നോക്കിയ ശേഷം വാതിൽ തുറന്ന് പുറത്തുപോയി.
പിന്നീടുള്ള ദിവസങ്ങളിൽ അജിത്ത് എന്നെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചു. അവിചാരിതമായി എന്നെ കാണുമ്പോൾ അജിത്ത് മുഖം തിരിച്ചു. ആ ഒഴിഞ്ഞുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ആണിന്‍റെ പ്രണയത്തിനായി പെണ്ണിന് സ്വയം നഷ്ടപ്പെടുത്തേണ്ടതുണ്ടോ? എല്ലാം മറക്കാൻ ഞാൻ വ്യഥാ ശ്രമിച്ചുകൊണ്ടിരുന്നു. ആത്മാർത്ഥമായ പ്രണയത്തിന്‍റെ അളവുകോൽ എന്താണെന്ന് തിരിച്ചറിയാതിരുന്നതാണോ എന്‍റെ വിഡ്ഢിത്തം?
പിജി കഴിഞ്ഞ ശേഷം പിന്നീടൊരിക്കലും ഞാൻ അജിത്തിനെ കണ്ടിട്ടില്ല. കോളേജ് കാമ്പസിൽ തുടർന്നുള്ള അജിത്തിന്‍റെ അസാന്നിധ്യം എന്നെയൊട്ട് വേദനിപ്പിച്ചുമില്ല. ബിഎ ഫൈനൽ ഇയർ കഴിഞ്ഞ് ഫലം കാത്തിരിക്കുമ്പോഴാണ് അജിത്തിന്‍റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത ആരോ പറഞ്ഞറിയുന്നത്. ആ വാർത്ത എന്നെ അതിശയപ്പെടുത്തിയില്ല. സത്യസന്ധമല്ലാത്ത ആ പ്രണയത്തെ വെറുക്കാനും മറക്കാനും എന്‍റെ മനസ്സ് എപ്പോഴേ പാകപ്പെട്ടു കഴിഞ്ഞിരുന്നു. കഴിഞ്ഞുപോയ ഏതോ കഥപോലെ അതെന്‍റെ ഭൂതകാല സ്‌മൃതികളിൽ ഒതുങ്ങി നിന്നു.
കാലം എന്നിൽ കുറേയധികം മാറ്റങ്ങളുണ്ടാക്കി. അച്‌ഛനും അമ്മയും എന്നെന്നേക്കുമായി ഞങ്ങളെ വിട്ടുപിരിഞ്ഞു. മൂത്ത ചേട്ടൻ ഇഷ്‌ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്‌ത് കുടുംബജീവിതമാരംഭിച്ചു. എനിക്ക് വിവാഹജീവിതത്തോട് താല്‌പര്യമില്ലാത്തതിനാൽ ചേട്ടൻ വീട് എന്‍റെ പേർക്ക് എഴുതിത്തന്നു. പണത്തിന് യാതൊരു പഞ്ഞവുമുണ്ടായില്ല.
എന്നാലും ഏകാന്തമായ ജീവിതം തീർത്ത വിരസതയിൽ നിന്നും മോചനം നേടാനായി ഞാനൊരു ഷെയർമാർക്കറ്റിംഗ് കമ്പനിയിൽ ജോലിക്കു ചേർന്നു. ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചുമൊക്കെ പണം നിക്ഷേപിച്ച് വൻലാഭത്തെ സ്വപ്നം കാണുന്നവരുടെ കൂട്ടത്തിൽ ശൂന്യമായ എന്‍റെ ഭാവിയെ ഞാൻ പരിഹാസത്തോടെ ഓർത്തു.
ശക്തമായ ഒഴുക്കിൽ ലക്ഷ്യമില്ലാതെ പായുന്ന കൊച്ചുനൗക പോലെ.. ജീവിതത്തിന്‍റെ നിരർത്ഥകത പലപ്പോഴും എന്നെ ഭയപ്പെടുത്തി. വരാനിരിക്കുന്ന, വാർദ്ധക്യത്തിലെ ഏകാന്തതയെ ഓർത്ത് ചിലപ്പോൾ ഭയപ്പെട്ടു. എല്ലാം എന്തിനു വേണ്ടിയായിരുന്നു? ഉത്തരമില്ലാത്ത ചോദ്യം പോലെ അതെന്നെ സദാ കാർന്നു തിന്നുകൊണ്ടിരുന്നു.
എന്നിട്ടും കാലം തെറ്റി വരുന്ന മഴപോലെ ഇടയ്ക്കിടയ്ക്ക് അജിത്തിനെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ തേടിയെത്തിക്കൊണ്ടിരുന്നു.
വൈകീട്ട് നേരത്തെ വീട്ടിലെത്തി. ഈ സമയമത്രയും സുഷമ വീട്ടിൽ എന്നെ കാത്തിരിക്കുകയായിരുന്നു.
“എവിടെ പുതിയ ഗസ്‌റ്റ്!” എന്‍റെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു.
“മുറിയിലുണ്ട്. വിളിച്ചോണ്ട് വരട്ടെ?”
“ങ്ഹാ… അല്ലെങ്കിൽ വേണ്ട. ഞാൻ മുകളിൽ പോയി കണ്ടോളാം.” വീടിന് പുറത്തുള്ള കോണിപ്പടിയിലൂടെ ഞാൻ മുകളിൽ ചെന്നു. അയാൾ കുനിഞ്ഞിരുന്ന് ഷൂ പോളിഷ് ചെയ്യുകയായിരുന്നു. എന്‍റെ കാലൊച്ച കേട്ടിട്ടാകണം അയാൾ മെല്ല തലയുയർത്തി നോക്കി.
“അരുണിന്‍റെ ആന്‍റിയല്ലേ..” അയാൾ ബഹുമാനത്തോടെ ചാടിയെഴുന്നേറ്റു. ഞാൻ അത്ഭുതത്തോടെ അയാളെ തന്നെ നോക്കി നിന്നു. 25 വർഷം മുമ്പ്… അജിത്ത് എന്‍റെ മൂന്നിൽ വന്നു നില്ക്കുന്നതു പോലെ.. എന്തൊരു സാദൃശ്യം! “എന്താ ആന്‍റി ആലോചിക്കുന്നത്?”
“ഒന്നുമില്ല.. ഒന്നുമില്ല..” ഒരു ഞെട്ടലോടെ ചിന്തയിൽ നിന്നുണർന്ന ഞാൻ യുവാവിനെ നോക്കി പുഞ്ചിരിതൂകി. “ഞാൻ താഴെയുണ്ട്. പിന്നെക്കാണാം,” കോണിപ്പടികൾ എങ്ങനെയോ ഇറങ്ങിയ ശേഷം നേരെ ബെഡ്റൂമിൽ കയറി കിടക്കയിൽ വീണു. വയ്യാ, എന്തൊരു പരീക്ഷണം… ശരീരവും മനസ്സും തളരുന്നതുപോലെ ചിന്തകൾ എനിക്കു ചുറ്റും നൃത്തമാടിക്കൊണ്ടിരുന്നു.
ഏറെ സമയം കഴിഞ്ഞ് ഞാൻ കുളിച്ച് ഫ്രഷായി ഊൺ മേശയ്ക്കരികിലെത്തി. സുഷമ ഊണ് കഴിക്കാനായി യുവാവിനെ നേരത്തേ തന്നെ ക്ഷണിച്ചിരുന്നു. പരിചിതഭാവത്തോടെ മുറിയിലേക്ക് കടന്നുവന്ന യുവാവ് തീൻമേശയ്ക്കരികിൽ ഇരുന്നു. അയാളുടെ പ്ലെയ്‌റ്റിലേക്ക് ചോറ് വിളമ്പവെ ഞാൻ അവ എന്‍റെ പേര് ഒരിക്കൽ കൂടി ചോദിച്ചു. “സന്ദീപ് കൃഷ്‌ണൻ,” അവൻ പറഞ്ഞു.
“അച്ഛന്‍റെ പേരെന്താ?” അലപം വിറയലോടെയായിരുന്നു ആ ചോദ്യം.
“അച്‌ഛൻ മനോജ് മേനോൻ, ഡോക്‌ടറായിരുന്നു. 2 വർഷം മുമ്പ് മരിച്ചുപോയി. അമ്മ കഴിഞ്ഞ വർഷവും.” അവന്‍റെ മുഖം മ്ലാനമായി.
“ഓ… സോറി സന്ദീപി,” ഞാൻ സന്ദീപിന്‍റെ മുഖത്തേക്ക് നോക്കി. ആ രാത്രി എനിക്കുറങ്ങാനായില്ല. ഉറക്കം വരാതെ ഞാൻ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്ദീപും അജിത്തും തമ്മിൽ തീർച്ചയായും എന്തോ ഒരു ബന്ധമുണ്ട്. നൂറുശതമാനം നീതി പുലർത്തുന്ന അവരുടെ രൂപസാദൃശ്യം അത് വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ സന്ദീപ് ഏതോ മനോജ് മേനോന്‍റെ മകനാണെന്നതാണ് ഏറെ കുഴയ്ക്കുന്ന പ്രശ്നം.
പിറ്റേ ദിവസവും സന്ദീപിന്‍റെ കാര്യം എന്‍റെ മനസ്സിൽ വട്ടം കറങ്ങിക്കൊണ്ടിരുന്നു. അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങിയെത്തിയ ഞാൻ വാതിൽക്കൽ കൈയും കെട്ടി നിൽക്കുന്ന സന്ദീപിനെയാണ് കണ്ടത്. അജിത്ത് കാത്തു നിൽക്കുന്നതു പോലെ അത്ഭുതം മറച്ചുകൊണ്ട് ഞാൻ സന്ദീപിനെ നോക്കി ചിരിച്ചു. “എന്താ ആരെയെങ്കിലും കാത്തു നിൽക്കുകയാണോ?”
“അതെ… ആന്‍റിയെ,” അവന്‍റെ മറുപടി കേട്ട് എനിക്ക് ചിരിക്കാതിരിക്കാനായില്ല.
“ആന്‍റീ, നമുക്കൊരുമിച്ച് ചായ കുടിക്കാം.” ചിരപരിചിതനെപ്പോലെയുള്ള അവന്‍റെ പെരുമാറ്റം എന്നെ ആഹ്ളാദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്‌തു. അവന്‍റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചായിരുന്നു വീട്ടിൽ ഭക്ഷണം തയ്യാറാക്കിയിരുന്നത്. അവന് ഇവിടെ യാതൊരു കുറവുമുണ്ടാകരുതെന്ന ഒരു നിർബന്ധബുദ്ധി എന്നിൽ എന്തുകൊണ്ടോ ഉണ്ടായി. ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളിൽ അവനുമായി ഞാനേറെ അടുത്തു.
അവൻ ഓരോ ചലനങ്ങളിലും അജിത്തിന്‍റെ ഛായ അതേപടി പതിഞ്ഞുകിടന്നിരുന്നു. മുഖം പാതിയുയർത്തിയുള്ള നോട്ടവും, അടുത്തുവന്ന് പതിഞ്ഞ ശബ്ദത്തിൽ എന്തെങ്കിലും പറഞ്ഞുപോകുന്നതുമൊക്കെ… അജിത്തിനെപ്പോലെ സന്ദീപും ആവർത്തിച്ചു.
ഒരു ദിവസം ഞായറാഴ്‌ച വീട്ടിൽ ഞാൻ തനിച്ചായിരുന്ന സമയത്ത് സന്ദീപ് എന്‍റെയരികിൽ വന്നിരുന്നു. അവനെക്കുറിച്ചുള്ള ഓരോരോ വിശേഷങ്ങളും പറഞ്ഞു.
“ഒരു കാര്യം ചോദിച്ചാൽ ആന്‍റിക്ക് വിഷമം തോന്നില്ലല്ലോ?” അവൻ ചോദിച്ചു
“ഇല്ല ചോദിച്ചോളൂ?” ഞാൻ അവന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി.
“ആന്‍റിയെന്താ കല്യാണം കഴിക്കാതിരുന്നത്? പറ്റിയ ചെറുക്കനെ കിട്ടിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ആന്‍റി ആരെയോ സ്നേഹിച്ചിരുന്നുവെന്നത് വാസ്തവമാണ്. അല്ലേ? അതെയെന്നോ അല്ലെന്നോ പറയാതെ മറുപടിയായി ഞാൻ പുഞ്ചിരിച്ചു.
“ആന്‍റിയെ കല്യാണം കഴിക്കാതെ പോയവൻ നിർഭാഗ്യവാൻ തന്നെയാ. നഷ്ടം അയാൾക്കു തന്നെ. അതുറപ്പാ,” ഒരു ദാർശനികനെപ്പോലെ സന്ദീപ് പറഞ്ഞു.
ശരിയാണ്. ഇവിടെ നഷ്ടങ്ങൾ മാത്രം ബാക്കിയാവുന്നു. പക്ഷേ അത് സമാസമമാണ്. പിറ്റേന്ന് രാവിലെ തന്നെ സുഷമയെത്തി. പതിവുപോലെ പ്രാതൽ തയ്യാറാക്കിയ ശേഷം അവൾ വീട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അവൾക്ക് എന്തെല്ലാം വിശേഷങ്ങളുണ്ട്. ഞാൻ അത്ഭുതത്തോടെ ഓർത്തു.
അന്ന് രാത്രി സന്ദീപ് ഏറെ വൈകിയാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയപാടെ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവൻ കൂട്ടുകാരുടെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ എന്‍റെ മനസ്സ് അപ്പോൾ അവന്‍റെ ഭൂതകാലത്തെ ചൂഴ്ന്നു നില്ക്കുന്ന രഹസ്യമറിയുവാൻ വെമ്പുകയായിരുന്നു. അത്താഴം കഴിക്കാനിരുന്നപ്പോൾ എവിടെ, എങ്ങനെ, എന്ത് പറയണമെന്നറിയാതെ ഞാൻ വിഷമിച്ചു. ഇനി വയ്യാ ഈ വീർപ്പുമുട്ടൽ..
“നിന്‍റെ അച്ഛന്‍റെ പേര് മനോജ് മേനോൻ എന്നു തന്നെയാണോ?” എന്‍റെ അപ്രതീക്ഷിതമായ ചോദ്യം കേട്ടിട്ടാകണം അവനെന്നെ ഒരു നിമിഷം പകച്ചു നോക്കി. അവന്‍റെ കണ്ണുകൾ ചുവന്നു, ശബ്ദമിടറി,
“എന്താ ആന്‍റീ?” അവൻ എന്നെ പകച്ചു നോക്കി. “ഇല്ല, എന്‍റെയൊരു സുഹൃത്തിന്‍റെ അതേ രൂപസാദൃശ്യമാണ് നിനക്ക്. അതുകൊണ്ട് ചോദിച്ചതാ,” അന്തരീക്ഷത്തിന് അയവു വരുത്താനായി ഞാൻ പറഞ്ഞു.
“എന്‍റെ വളർത്തച്‌ഛനാണ് ഡോ. മനോജ് മേനോൻ, എന്‍റെ അച്‌ഛന്‍റെ പേര് അജിത്ത് കൃഷ്ണനെന്നാണ്. എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുപോയി. അമ്മ രണ്ടാമത് വിവാഹം ചെയ്‌തതാണ് ഡോക്‌ടറെ, അമ്മയുടെ മുറച്ചെറുക്കനായിരുന്നു ഡോക്‌ടർ.” സന്ദീപിന്‍റെ മറുപടി റീപ്ലേ പോലെ എന്‍റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.
സ്ഥലകാലബോധം നഷ്‌ടപ്പെട്ട ഞാൻ വിദൂരതയിൽ കണ്ണും നട്ടിരുന്നു. എന്‍റെ നെഞ്ചിടിപ്പു വർദ്ധിച്ചു. കാഴ്ചയ്ക്ക് വ്യക്തതയില്ലാത്തതുപോലെ. എന്‍റെ മുഖഭാവം കണ്ടിട്ടാകണം സന്ദീപ് എന്‍റെയരികിൽ വന്നിരുന്നു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“മോനേ…” സന്ദീപിനെ ചേർത്തു നിർത്തി ഞാൻ മൂർദ്ധാവിൽ ചുംബിച്ചു. ഈ ഭൂമിയിൽ എന്‍റെ പ്രണയത്തിന്‍റെ ശേഷിപ്പ് പോലെ ഒരു ജീവൻ! സന്ദീപ് കൃഷ്‌ണനെന്ന പേര്. ആ പേരിലൂടെ അജിത്ത് എന്നെ എത്രമാത്രം ഓർത്തിരിക്കണം. സന്ദീപ് ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിരുന്നു.
“ആന്‍റി ഈയടുത്താണ് അച്ഛൻ പഴയൊരു ഡയറി വായിക്കാനിടയായത്. ആ ഡയറിയുടെ താളുകളിൽ ആന്‍റി മാത്രമായിരുന്നു. ഡയറിയിൽ കുറിച്ചിട്ടിരുന്ന മേൽവിലാസം തേടിപ്പിടിച്ചാണ് ഞാൻ ഇവിടെയെത്തിയത്. ആന്‍റിയെ കാണണമെന്ന കൗതുകമായിരുന്നു അതിനു പിന്നിൽ എനിക്ക് ഈ പേര് സമ്മാനിച്ച ആളെ…”
ഞാൻ സന്ദീപിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നഷ്ടപ്പെട്ടുപോയ പ്രണയത്തിന് പകരമായി അജിത്ത് എനിക്ക് സമ്മാനമായി അയച്ചു തന്നതാണ് ഈ മകനെ എന്‍റെ സ്വന്തം മകൻ…..