അടുത്തിടെ ‘സിറ്റാഡൽ’ എന്ന രാജ്യാന്തര പരമ്പരയിലൂടെ നടി പ്രിയങ്ക ചോപ്ര വാർത്തകളിൽ ഇടം നേടിയിരുന്നു. ഏകദേശം 25,000 കോടി മുതൽമുടക്കിൽ നിർമ്മിച്ച ഈ വെബ് സീരീസ്, ഷോയ്ക്ക് മുമ്പ് തന്നെ വലിയ ചർച്ചയായിരുന്നു. സീരിസിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഭർത്താവ് നിക്ക് ജോനാസിനും മകൾ മാലതിക്കുമൊപ്പമാണ് പ്രിയങ്ക മുംബൈയിലെത്തിയത്. ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഒരു അന്താരാഷ്ട്ര ചാനലിന് നൽകിയ അഭിമുഖത്തിലും പ്രിയങ്ക വാർത്തകളിൽ നിറഞ്ഞിരുന്നു. ബോളിവുഡ് ചിത്രങ്ങളിലെ അഭിനയത്തെ കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങൾ അവർ മീഡിയയുമായി പങ്കുവെച്ചു. സ്വജനപക്ഷപാതവും ബഹിഷ്‌കരണ പ്രവണതയും പുരുഷ മേധാവിത്വവും നിറഞ്ഞതാണ് ബോളിവുഡ് എന്ന് അവർ തുറന്നടിച്ചു. ഇന്ത്യൻ സിനിമ ഇൻഡസ്‌ട്രിയെക്കുറിച്ച് നിരവധി വിമർശനങ്ങൾ അവർ നടത്തി.

ചോദ്യം: സിറ്റാഡൽഎന്ന അന്താരാഷ്ട്ര വെബ് സീരീസിന്‍റെ പ്രമോഷനു വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം മുംബൈയിൽ എത്തിയത്. ആ അനുഭവം എങ്ങനെ ഉണ്ടായിരുന്നു?

ഉത്തരം: ഒരുപാട് നാളുകൾക്ക് ശേഷം മുംബൈയിൽ വന്നതിൽ അതിയായ സന്തോഷമുണ്ട്! നമ്മുടെ വീട്ടിലേക്ക് വല്ലപ്പോഴും വരുമ്പോൾ അതിയായ സന്തോഷം ആർക്കാണ് തോന്നാത്തത്? നിക്കിനും മാലതിക്കും മുംബൈ നഗരം വളരെ ഇഷ്ടമാണ്. ഈ സീരീസിന്‍റെ പ്രമോഷനെ കുറിച്ച് പറയുമ്പോൾ, ‘സിറ്റാഡൽ’ സീരീസ് എനിക്ക് വലിയ വഴിത്തിരിവാണ്, കാരണം ഇത് അന്താരാഷ്ട്ര തലത്തിൽ നിർമ്മിച്ച ഗംഭീര പരമ്പരയാണ്. അതിൽ എനിക്ക് നായിക ആകാൻ കഴിഞ്ഞു എന്നത് അതിലും വലിയ കാര്യമാണ്! ഇതിൽ നാദിയ സിൻഹ എന്ന കഥാപാത്രമാണ് ഞാൻ. ഒരു വനിതാ ഡിറ്റക്ടീവാണ്. ഹോളിവുഡ് നടൻ റിച്ചാർഡ് മാഡൺ നായകനായി അഭിനയിച്ച ഒരു ഹൊറർ വെബ് സീരീസാണിത്.

ഇതുവരെ ചെയ്തിട്ടില്ലാത്ത അപകടകരമായ ഒരുപാട് സ്റ്റണ്ട് രംഗങ്ങൾ ഈ സീരിയലിൽ ഞാൻ ചെയ്തിട്ടുണ്ട്. സിറ്റാഡൽ വളരെ വലിയ പരമ്പരയാണ്. സാധാരണ പൗരന്മാരെപ്പോലെ വ്യത്യസ്ത വേഷങ്ങളിൽ വിവിധ നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നിരവധി ചാരന്മാർ ഇതിൽ ഉണ്ട്. അവരുടെ പ്രധാന ലക്ഷ്യം സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ്. സ്വന്തം നാട്ടിൽ ഒളിഞ്ഞിരിക്കുന്ന എതിരാളികളെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി ഏത് തലത്തിലുള്ള പ്രവർത്തനത്തിനും തയ്യാറാണ്.

ചോദ്യം: മുമ്പ് നിങ്ങൾ ബേ വാച്ചിൽ പ്രത്യക്ഷപ്പെട്ടു. അതിൽ ഇല്ലാത്ത സവിശേഷത എന്താണ്?

ഉത്തരം:‘ബേ വാച്ച്’ ഒരു റൊമാന്‍റിക് വെബ് സീരീസ് മാത്രമാണ്. എന്നാൽ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് ‘സിറ്റാഡൽ’. ഇതിൽ പ്രവർത്തിച്ചതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. കാരണം ഇത് ലോകത്തിലെ മിക്ക ഭാഷകളിലും ഒരേസമയം സംപ്രേക്ഷണം ചെയ്യുന്ന ഒരു അന്താരാഷ്ട്ര സീരിയലാണ്. റിച്ചാർഡിനെപ്പോലെ ഒരു ഇതിഹാസ ഹോളിവുഡ് നടന്‍റെ കൂടെ വളരെ പ്രാധാന്യമുള്ള വേഷം ചെയ്യാൻ എനിക്ക് കഴിഞ്ഞു. കൂടാതെ, എന്‍റെ കഴിഞ്ഞ 22 വർഷത്തെ അഭിനയപരിചയത്തിൽ, എനിക്ക് ഒരു നായകനെപ്പോലെ പ്രതിഫലം ലഭിച്ചു! നമ്മുടെ ബോളിവുഡിൽ ഇത് ഒരിക്കലും സംഭവിക്കില്ല! അതുകൊണ്ട് തന്നെ സിറ്റാഡലിൽ ജോലി ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു.

ചോദ്യം: സിറ്റാഡലിലെ പ്രധാന നായകനായ റിച്ചാർഡിനൊപ്പം അഭിനയിച്ച അനുഭവം എങ്ങനെയായിരുന്നു

ഉത്തരം: അത് വളരെ നന്നായിരുന്നു! ഈ വെബ് സീരീസ് അഭിനയം ആരംഭിക്കും മുമ്പ് ഒരു അത്താഴവിരുന്ന് ചടങ്ങിൽ ഞാൻ അദ്ദേഹത്തെ കണ്ടു. അന്നുമുതൽ ഞങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ രണ്ടുപേരും ജോലിയിൽ അർപ്പണബോധവും ഉത്സാഹവും കൃത്യനിഷ്ഠയും ഉള്ളവരാണ്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വേഷങ്ങളോട് 100% നീതി പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് ഭാവിയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ചോദ്യം: കരിയർ ആരംഭിച്ചിട്ട് 22 വർഷമായി, എന്തുകൊണ്ടാണ് ബോളിവുഡ് ഉപേക്ഷിച്ച് ഹോളിവുഡ് മാത്രം തിരഞ്ഞെടുത്തത്?

ഉത്തരം: ഇതിന് നിരവധി കാരണങ്ങളുണ്ട്.ബോളിവുഡ് എല്ലായ്പ്പോഴും പുരുഷമേധാവിത്വമുള്ള ഒരു വ്യവസായമാണ്. നമ്മുടെ അഭിനയം നല്ലതാണെങ്കിലും സ്ത്രീ എന്ന് വേർതിരിവ് ഉണ്ട്. നായകനായാലും നായിക ആയാലും രണ്ടും തുല്യ പരിശ്രമം. എന്നാലും നായകന് പ്രതിഫലം കൂടും, നായികയ്ക്ക് കുറവ്. ഞാൻ എഴുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബോക്സ്‌ ഓഫീസ് ഹിറ്റുകൾ നൽകി. ഇത്രയധികം വിജയ ചിത്രങ്ങൾ കഴിഞ്ഞിട്ടും എനിക്ക്, ഈ വേർതിരിവ് കാരണം സന്തോഷം ലഭിച്ചില്ല.

അതേ സമയം, ഹോളിവുഡിൽ എത്തി പാട്ടുകാരിയായി വിജയിച്ചപ്പോൾ പാട്ടുപാടുന്നതിനേക്കാൾ ഹോളിവുഡിൽ അഭിനയിക്കണം എന്ന് തോന്നി. ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടെങ്കിലും നായികയായി അംഗീകരിക്കപ്പെട്ടു.

ചോദ്യം: ഒരു ചെറിയ പട്ടണത്തിൽ നിന്നാണ് നിങ്ങൾ കരിയർ ആരംഭിച്ചത്. അതിനു ശേഷം ലോകസുന്ദരി, ബോളിവുഡ്, ഹോളിവുഡ് നായിക. ഈ നീണ്ട യാത്രയിൽ നേരിട്ട വെല്ലുവിളികൾ?

ഉത്തരം: അഭിനയലോകം ഫ്ലവർ കാർപെറ്റ് അല്ല, ബുദ്ധിമുട്ടുകളുടെ മുള്ളുകൾ നിറഞ്ഞതാണെന്നതും കയ്പേറിയ സത്യമാണ്. നമ്മളെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നവരാണ് നമ്മുടെ മാനസിക ശക്തിയെ ദുർബലപ്പെടുത്തുന്നത്. ഞാൻ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഏറ്റവും അടുത്ത പരിചയക്കാർ എന്നെ നിറത്തിന്‍റെ പേരിൽ വിമർശിച്ചിരുന്നു. ആളുകൾ എന്‍റെ അഭിനയത്തെക്കാൾ എന്‍റെ മുഖത്തെ കുറിച്ച്, നിറത്തെ കുറിച്ചൊക്കെ സംസാരിക്കുകയും എന്‍റെ മാനസിക ശക്തിയെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. തുടക്കത്തിൽ ഇത് എന്നെ വല്ലാതെ തളർത്തി. പക്ഷേ ആ അവസരത്തിൽ എനിക്കൊപ്പം നിന്നതും എന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതും എന്‍റെ അമ്മയും അച്ഛനുമാണ്!

ഓരോ പെൺകുട്ടിയും സ്വയം ആശ്രയിക്കണം, ആരു എന്ത് പറഞ്ഞാലും ദേഷ്യപ്പെടരുത്. ആത്മാഭിമാനത്തോടെ മുന്നോട്ട് പോകൂ, എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതിനാൽ, നിങ്ങളുടെ കുടുംബത്തിന്‍റെ സഹകരണം നിങ്ങളോടൊപ്പമുണ്ടെങ്കിൽ, ഒരു ദുഷ്ടശക്തിക്കും നിങ്ങളെ ഉപദ്രവിക്കാനാവില്ല. യോഗ്യതയുണ്ടെങ്കിൽ ഇതിനെ മറികടക്കാനും ഉയരാനും കഴിയും. എല്ലാം തരണം ചെയ്ത് ഉയരാം എന്നതിന്‍റെ തെളിവാണ് എന്‍റെ കരിയർ ഗ്രാഫ്!

ചോദ്യം: ഒരു ഇന്‍റർനാഷണൽ ചാനലിന്‍റെ ഇന്‍റർവ്യൂവിൽ ബോളിവുഡിനെ താഴ്ത്തി പറഞ്ഞു എന്ന് ആരോപണം ഉണ്ടല്ലോ?

ഉത്തരം: ഇല്ല ഒരിക്കലും ഇല്ല! എനിക്ക് അങ്ങനെയൊരു മനോഭാവം ഉണ്ടായിരുന്നില്ല. പക്ഷേ, ഞാൻ എത്തിയ പോയിന്‍റിൽ നിന്ന് ഞാൻ നോക്കിനിൽക്കുമ്പോൾ, എനിക്ക് തോന്നിയ നിരാശകളെല്ലാം വാക്കുകളായി പൊട്ടിപ്പുറപ്പെട്ടേക്കാം. ഈ അഭിമുഖം തുടക്കം മുതൽ ഇന്നുവരെയുള്ള എന്‍റെ അഭിനയ യാത്രയെക്കുറിച്ചായിരുന്നു. ഞാൻ അനുഭവിച്ച ഉയർച്ച താഴ്ചകൾ പറയേണ്ടി വന്നു.

അതുപോലെ, ബോളിവുഡിന്‍റെ നിലപാടും അപലപിക്കപ്പെടേണ്ടതായിരുന്നു, ഇത് ദേശവിരുദ്ധമാണോ? ബോളിവുഡിൽ സ്വജനപക്ഷപാതവും വൃത്തികെട്ട രാഷ്ട്രീയവും കൂടുതൽ ആണ്. വിജയകരമായ സിനിമകൾ തിയറ്ററുകളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു, ഇത്‌ പറയുമ്പോൾ ബോളിവുഡിന് മുറിവേറ്റാൽ അതിന് ഞാൻ ഉത്തരവാദിയാണോ?

ചോദ്യം: എന്‍റെ മകൾ ഹൈസ്‌കൂളിൽ ചേരുമ്പോൾ ഞാൻ എന്‍റെ സിനിമ ബർഫികാണിക്കുമെന്ന് രൺബീർ കപൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. മകളെ കാണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ആദ്യ ചിത്രം ഏതാണ്?

ഉത്തരം :എന്‍റെ ആഗ്രഹങ്ങൾ കൊണ്ട് എനിക്ക് എന്‍റെ മകളെ ഭാരപ്പെടുത്താൻ കഴിയില്ല! അവൾക്ക് ഇഷ്ടമുള്ള രീതിയിൽ അവളുടെ ജീവിതം രൂപപ്പെടുത്തട്ടെ. അവൾക്ക് അവളുടേതായ വ്യത്യസ്‌തമായ ഐഡന്‍റിറ്റി ഉണ്ടായിരിക്കട്ടെ, അവൾ എന്‍റെ ചിത്രങ്ങൾ തിരഞ്ഞെടുത്ത് കാണട്ടെ. എനിക്ക് ഇന്ന സിനിമ കാണണമെന്ന് പറയാനാവില്ല.

ചോദ്യം : ബോളിവുഡ് സിനിമകളിൽ ഇനി അഭിനയിക്കുമോ?

ഉത്തരം: ബോളിവുഡ് എന്‍റെ ജന്മനാടാണ്, ജന്മനാട് ഒരിക്കലും അവഗണിക്കപ്പെടുന്നില്ല! ഇനി മുതൽ ഹിന്ദി സിനിമകളിൽ അഭിനയിക്കില്ലെന്ന് ഞാൻ എങ്ങനെ പറയും? അടുത്ത തവണ എനിക്ക് നല്ല ഓഫർ ലഭിക്കുമ്പോൾ, എനിക്ക് ഇഷ്ടമുള്ള ഒരു വേഷമാണ് എങ്കിൽ എനിക്ക് പ്രാധാന്യമുണ്ടെങ്കിൽ മാത്രമേ ഞാൻ തീർച്ചയായും ആ ചിത്രം ഏറ്റെടുക്കൂ. എന്നെ വിഷമിപ്പിക്കുന്ന ബോളിവുഡിലെ പ്രശ്നങ്ങൾ എല്ലാം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

और कहानियां पढ़ने के लिए क्लिक करें...