പ്രിയ ഭർത്താക്കന്മാരേ, ബുദ്ധി ശൂന്യകളും മനോബലമില്ലാത്തവരുമാണ് ഭാര്യമാരെന്ന് കരുതാൻ വരട്ടെ. പുരുഷന്മാരേക്കാൾ ബുദ്ധിശക്തിയും കഴിവും കാര്യപ്രാപതിയുമുള്ളവരാണ് സ്ത്രീകളെന്നാണ് മനഃശാസ്ത്രജ്‌ഞർ വിലയിരുത്തുന്നത്.

പെൺബുദ്ധി പിൻബുദ്ധി എന്ന് പുച്‌ഛിച്ചു തള്ളുന്ന പുരുഷന്മാർക്ക് ഭാര്യമാരുടെ നിർദ്ദേശങ്ങൾ ആനമണ്ടത്തരങ്ങൾ മാത്രമായിരിക്കും. “ങ്ഹും, അവൾ പഠിപ്പിക്കാൻ വന്നിരിക്കുന്നു. ഒരു ബുദ്ധിമതി,” എന്നിങ്ങനെ ഉടൻ വർക്കൗട്ട് ചെയ്ത് തുടങ്ങും പുരുഷന്‍റെ ഈഗോ,

ഭാര്യയോട് എന്തെങ്കിലും ഉപദേശം ചോദിച്ചു പോയാൽ ആകാശം ഇടിഞ്ഞു വീഴുമെന്നാണ് ഇത്തരക്കാരുടെ വിചാരം. മറ്റുള്ളവർ തന്നെയൊരു പെൺകോന്തനായി കണ്ട് പരിഹസിക്കുമോ എന്ന് ഇവർ ഭയക്കുന്നു.

ഈയൊരു മനോഭാവം വെച്ചു പുലർത്തുന്ന വ്യക്ത‌ിയുടെ കുടുംബജീവി തം എത്രമാത്രം ഭദ്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. കുടുംബകാര്യങ്ങൾ നോക്കി നടത്തുന്നതിൽ പുരുഷന്മാരേക്കാളും സമർത്ഥരാണ് സ്ത്രീകളെന്നാണ് മനഃശാസ്ത്രജ്‌ഞർ വിലയിരുത്തുന്നത്. ഈ യാഥാർത്ഥ്യത്തെ അറിഞ്ഞില്ലെന്ന് നടിച്ചുകൊണ്ട് ഭാര്യയുടെ തീരുമാനങ്ങൾക്കും അഭിപ്രായങ്ങൾക്കും വില കല്പ‌ിക്കാത്ത ഭർത്താവ് കുടുംബ ജീവിതം ചിലപ്പോൾ അബദ്ധങ്ങൾ നിറഞ്ഞ ഒരു വൺമാൻ ഷോ ആക്കിക്കളയും.

കുടുംബമെന്ന യൂണിറ്റിന്‍റെ രണ്ട് ചക്രങ്ങളാണ് ഭാര്യയും ഭർത്താവും. ഈ കാര്യം പങ്കാളികൾ വിസ്മരിച്ചു കൂടാ. വ്യത്യസ്‌തമായ ചിന്തകളും ആശയങ്ങളും വ്യക്തിത്വവുമുള്ളവരാണ് ഭാര്യയും ഭർത്താവും. പങ്കാളികളുടെ ഇത്തരം പ്രത്യേകതകൾ പരസ്‌പരം പങ്കുവെയ്ക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലാണ് കുടുംബജീവിതത്തിന്‍റെ വിജയം നിലകൊള്ളുന്നത്.

മികച്ച ധാരണ

ഇതാ ഒരു അനുഭവ കഥ: കൊച്ചിയിലെ ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനീയറാണ് രാജേഷ്. നിസ്സാര കാര്യങ്ങൾക്കു പോലും ദേഷ്യപ്പെടുന്ന പ്രകൃതം. അതുകൊണ്ട് ബന്ധുക്കളാരും തന്നെ അദ്ദേഹത്തെ വിവാഹം പോലെയുള്ള ആഘോഷവേളകളിൽ ക്ഷണിച്ചിരുന്നില്ല. എന്നാൽ ഭാര്യയുടെ സ്വഭാവമാകട്ടെ, ഇതിന് നേർവിപരീതമായിരുന്നു. വളരെ സൗമ്യമായ പെരുമാറ്റം. ഭർത്താവ് സൃഷ്ടിക്കുന്ന കലഹാന്തരീക്ഷത്തെ മിക്കപ്പോഴും ശാന്തമാക്കിയിരുന്നത് ഭാര്യയുടെ ഹൃദ്യമായ പെരുമാറ്റമായിരുന്നു.

നിർണായക സാഹര്യങ്ങളിൽ പക്വതയോടെ പെരുമാറാനുള്ള പങ്കാളിയുടെ കഴിവ് ഗുണം ചെയ്യും. വ്യത്യസ്‌തമായ സ്വഭാവ സവിശേഷതകളുള്ളവരാണ് രാജേഷും ഭാര്യയും. ഭാര്യയ്ക്കും ഭർത്താവിന്‍റെ അതേ സ്വഭാവമായിരുന്നുവെങ്കിൽ അവരുടെ ദാമ്പത്യം എത്ര വിരസമായേനെ!

ആത്മവിശ്വാസം

വിവാഹം കഴിഞ്ഞ് ഭർത്ത്യ വീട്ടിലെത്തുന്ന ചില പെൺകുട്ടികൾക്ക് പുതിയ വീടും സാഹചര്യങ്ങളുമായി ധാരാളം പൊരുത്തപ്പെടലുകൾ വേണ്ടി വരാം. ചിലർ പുതിയ സാഹചര്യവുമായി ഇണങ്ങിപ്പോകുമ്പോൾ മറ്റു ചിലർ പൊരുത്തപ്പെടാനാകാതെ വിഷമിക്കും. എന്നാൽ പുരുഷനാണ് ഇങ്ങനെയുള്ള പരിതസ്ഥ‌ിതി അഭിമുഖീകരിക്കുന്നതെങ്കിൽ തീർച്ചയായും സഹിക്കുന്നതിന് പകരം പ്രതികരിക്കുകയാവും ചെയ്യുക.

ആത്‌മാർത്ഥമായ പെരുമാറ്റം

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ? ഏതൊരാളോടും വലിപ്പച്ചെറുപ്പം നോക്കാതെ ഇടപഴകുന്നവരെ. അത്തരക്കാരുടെ പെരുമാറ്റം ആരേയും ആകർഷിക്കും. കുട്ടികളോടും മുതിർന്നവരോടും കൂട്ടുകാരോടും എന്നു വേണ്ട അപരിചിതരോടു പോലും ഇത്തരക്കാർ ഹൃദ്യമായ പെരുമാറ്റമാവും കാഴ്ച‌വയ്ക്കുക. അപ്രധാനമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും ഇവർ വളരെ മനോഹരമായി നിറവേറ്റും.

കൂട്ടുകാർക്കോ ബന്ധുക്കൾക്കോ പ്രശ്ന‌ങ്ങൾ ഉണ്ടായാൽ സാന്ത്വനമേകാനും സഹായം നൽകാനും ഇവർ ഓടിയെത്തും. ഇത്തരം വ്യക്തിത്വത്തെ ആർക്കാണ് ഇഷ്ടമാവാതിരിക്കുക? സ്നേഹവും പരിഗണനയും വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തികളിലൂടെ തെളിയിക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ.

സൂക്ഷ്‌മത

കുടുംബാംഗങ്ങളുടെ സുരക്ഷിതത്വത്തിലും ആരോഗ്യപരിപാലനകാര്യങ്ങളിലും പുരുഷനെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധാലുക്കളായിരിക്കും സ്ത്രീകൾ. കുട്ടിയെ കൃത്യസമയത്ത് സ്‌കൂളിൽ അയയ്ക്കുക, കുട്ടിയുടെ ഭക്ഷണം, അസുഖം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സ്ത്രീകൾ പൊതുവേ ജാഗ്രത പുലർത്തും. വീട്ടിൽ കൂട്ടി തനിച്ചാണെങ്കിൽ ഓഫീസിൽ നിന്നും കൂടെക്കൂടെ ഫോൺ ചെയ്ത് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും അവർ മറക്കില്ല. മകന്‍റെ കൂട്ടുകാർ ആരെല്ലാം, അവരുടെ സ്വഭാവം എങ്ങനെ എന്നൊക്കെ ഒരമ്മ ബോധവതിയായിരിക്കും മക്കളുടെ വളർച്ചയിലുണ്ടാവുന്ന വ്യത്യാസങ്ങളും അവരുടെ സ്വഭാവത്തിനുമുണ്ടാവുന്ന മാറ്റങ്ങളും അമ്മയ്ക്കല്ലാതെ, മറ്റാർക്കും തിരിച്ചറിയാൻ കഴിയില്ല.

ഭാവിയെക്കുറിച്ചുള്ള ചിന്ത

പൊതുവേ അലക്ഷ്യ മനോഭാവം പുലർത്തുന്നവരാണ് പുരുഷന്മാരിൽ ഭൂരിഭാഗവും. എല്ലാം താനേ ശരിയാകുമെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടർ ജീവിതത്തെ പ്രായോഗിക ബുദ്ധിയോടെ സമീപിക്കാത്തവരാകാം. ‘ഓ, അങ്ങേർക്കൊരു ചൂടുമില്ല, മോള് വലുതായി വരുന്ന കാര്യം ഓർമ്മയില്ല’ എന്നിങ്ങനെ ഭർത്താക്കന്മാരുടെ തണുപ്പൻ സമീപനത്തെപ്പറ്റി ഭാര്യമാർ പരാതിപ്പെടാറുണ്ട്. സ്വന്തമായി ഒരു വീടുണ്ടാക്കാനും മകളുടെ വിവാഹാവശ്യത്തിന് പണം സ്വരൂപിക്കാനുമായി ഭർത്താക്കന്മാരിൽ ശക്തമായ സ്വാധീനം ചെലുത്താൻ സമർത്ഥകളായ ഭാര്യമാർ ശ്രമിച്ചുകൊണ്ടിരിക്കും. പങ്കാളിയിൽ നിന്നും കിട്ടുന്ന ഭർത്താക്കന്മാർ ജീവിതത്തെ ശരിയായ ഗതിയിലേക്ക് തിരിച്ചുവിടുക.

സമ്പാദ്യം

സന്തുഷ്‌ടിയും സംതൃപ്തിയും നിറഞ്ഞ കുടുംബജീവിതത്തിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. പലപ്പോഴും സാമ്പത്തിക കാരണങ്ങളാലാണ് ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുക. നല്ല ജോലിയും വരുമാനവുമുണ്ടെങ്കിലും നയാപൈസ സമ്പാദിക്കത്തവർ വിരളമല്ല. ഇത്തരം അരക്ഷിതാവസ്‌ഥ മുൻകൂട്ടിക്കണ്ട് പരിഹാരങ്ങൾ കാണാൻ സമർത്ഥയായ ഭാര്യയ്ക്ക് കഴിയും. ജീവിതത്തിൽ ഉണ്ടായേക്കാവുന്ന തിരിച്ചടികളെക്കുറിച്ച് ഭർത്താവ് ബോധവാനാകണമെങ്കിൽ സാമ്പത്തിക കാര്യങ്ങളിൽ പങ്കാളിയുടെ ഇടപെടലുകൾ ഉണ്ടായേ തീരൂ.

സാമ്പത്തികമായ പ്ലാനിംഗിലൂടെ ഭാവി സുരക്ഷിതമാക്കാൻ ഭാര്യ ഭർത്താവിനെ സഹായിക്കണം. കുടുംബത്തിന്‍റെ സ ന്തോഷം നിലനിർത്താൻ ബുദ്ധിമതിയായ ഭാര്യയുടെ ‘ഗൃഹഭരണം’ സഹായിക്കും.

  • അംഗീകരിക്കാം പരസ്‌പരം
  • സ്വന്തം ഈഗോ വെടിയുക.
  • ഭാര്യ പറയുന്ന കാര്യങ്ങൾ തള്ളിക്കളയാതെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുക.
  • മറ്റുള്ളവർ എന്ത് കരുതുമെന്ന ചിന്ത കളയുക. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക.
  • എന്നാൽ വിശ്വസ്‌തരായ സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ അഭിപ്രായം ആരായുന്നതിൽ തെറ്റില്ല. മനുഷ്യനിൽ നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. അതുകൊണ്ട് പരസ്‌പരം നല്ല വശങ്ങളെ അംഗീകരിക്കാൻ ശ്രമിക്കുക.
  • ഏതെങ്കിലും പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കാണാൻ ഭാര്യയ്ക്ക് കഴിയുന്നുവെങ്കിൽ അത് അംഗീകരിക്കാനുള്ള മനസ്സ് കാട്ടുക. പോസിറ്റീവായി കാര്യങ്ങൾ കാണുക.
  • എന്നാൽ തന്‍റെ കേമത്തരം കൊണ്ടാണ് എല്ലാം ഭംഗിയായി നടക്കുന്നതെന്ന് ഭാര്യ അഹങ്കരിക്കുന്നുവെങ്കിൽ അതേക്കുറിച്ച് ചർച്ച ചെയ്ത‌്‌ പരിഹാരം കാണാൻ ഭർത്താവ് ശ്രമിക്കണം.

കുടുംബജീവിതത്തിൽ ഭാര്യയ്ക്കുമുണ്ട് ഒരു സ്പേസ്. അത് അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്‌താൽ നിങ്ങൾക്കിടയിൽ വേറിട്ടൊരു സൗഹൃദം ഉടലെടുക്കും.

और कहानियां पढ़ने के लिए क्लिक करें...