സുപ്രിയയുടെ വിവാഹം കഴിഞ്ഞ് എട്ടു വർഷത്തോളമായി. ആറും നാലും വയസ്സുള്ള രണ്ടു കുട്ടികളുമുണ്ട്. ഇപ്പോൾ വിവാഹമോചിത. ഭർത്താവിന്‍റെ ജീവിതത്തിലേയ്ക്ക് മറ്റൊരു സ്ത്രീയുടെ കടന്നുവരവാണ് അവരുടെ ദാമ്പത്യത്തിനു തിരശ്ശീലയിട്ടത്. തുടർന്നുള്ള ജീവിതം ദുസ്സഹമായതിനെത്തുടർന്ന് കുഞ്ഞുങ്ങളെയും കൂട്ടി അവൾക്ക് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നു. നാട്ടിൻ പുറത്തിന്‍റെ നിഷ്കളങ്കതയും നൈർമ്മല്യവും നിറഞ്ഞ സ്വഭാവമായിരുന്നു സുപ്രിയക്ക്. അവൾക്ക് ഭർത്തൃഗൃഹത്തിലെ ജീവിതരീതികളുമായി ഒത്തു പോകുവാൻ സാധിച്ചിരുന്നില്ല. ഭർത്താവിന്‍റെ വ്യക്തിപരമായ കാര്യത്തിൽ അവൾ ഇടപെട്ടിരുന്നില്ല. പ്രസവത്തിനായി നാട്ടിലേയ്ക്ക് മടങ്ങിയപ്പോഴൊന്നും അയാൾക്ക് യാതൊരു പരിഭവവുമുണ്ടായിരുന്നില്ല.
ഏതൊരു വീട്ടമ്മയെയും പോലെ കുട്ടികൾ, വീട് എന്നീ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു അവളുടെ ചിന്തകൾ. പരിഷ്കാരിയായ ഒരു യുവതിയുമായി ഭർത്താവ് പ്രണയത്തിലാണെന്ന കാര്യം അവളറിഞ്ഞത് വളരെ വൈകിയാണ്. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവൾക്കത്. അവസാനം അവരുടെ ദാമ്പത്യം വിവാഹമോചനത്തിലെത്തി. പിന്നീട് ബന്ധുക്കളുടേയും വീട്ടുകാരുടേയും പിന്തുണ വേണ്ടുവോളമുണ്ടായെങ്കിലും ദാമ്പത്യത്തിലെ നിരർത്ഥകത അവളെ വല്ലാതെ അലട്ടി. ഭർത്താവിന്‍റെ കാര്യങ്ങളിൽ ഒരലപം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, ആത്മവിശ്വാസം കൈവിടാതിരുന്നെങ്കിൽ തന്‍റെ ജീവിതം ഇത്രമാത്രം ശൂന്യമായി പോവില്ലായിരുന്നുവെന്ന കുറ്റബോധം അവളെ പിന്തുടർന്നുകൊണ്ടിരുന്നു.
കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥയായ നന്ദിതയ്ക്ക് പറയാനുള്ളതും ഏതാണ്ടിതൊക്കെ തന്നെ. “സന്തുഷ്ടമായ വിവാഹ ജീവിതമായിരുന്നു ഞങ്ങളുടേത്. ഭർത്തൃഗൃഹത്തിലായിരുന്നു താമസം. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവിന് മുംബൈയിലേക്ക് ട്രാൻസ്ഫറായി, മകൾ ആര്യയ്ക്കന്ന് രണ്ടു മാസം പ്രായം, ആദ്യമൊക്കെ ഫോൺ വിളിച്ച് വീട്ടുവിശേഷങ്ങൾ തിരക്കുമായിരുന്നു. പിന്നീടത് വല്ലപ്പോഴുമായി. ഭർത്താവ് ഒരു സഹപ്രവർത്തകയുമായി പ്രണയത്തിലാണെന്ന് ഒരു സുഹൃത്ത് വഴി അറിയാനിടയായി. ഞാനുടനെ കൈക്കുഞ്ഞിനേയും കുട്ടി മുംബൈയിലേക്കു തിരിച്ചു. പക്ഷേ ഭർത്താവ് എന്നിൽ നിന്നേറെ അകന്നു കഴിഞ്ഞുവെന്ന യാഥാർത്ഥ്യം മനസ്സിലാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ ജീവിതത്തിനു മുന്നിൽ തോറ്റു പിൻവാങ്ങാൻ ഞാൻ ഒരുക്കമല്ലാ യിരുന്നു. നാട്ടിൽത്തന്നെ സ്വന്തമായൊരു ഉദ്യോഗം സമ്പാദിച്ച് ഒരു ഫ്ളാറ്റ് വാങ്ങി മകളുമായി താമസം തുടങ്ങി.”
വിധിയെ പഴിച്ച് ജീവിക്കുവാൻ നന്ദിത തയ്യാറായില്ല. ഭർത്താവിനു ഡിവോഴ്സ് നോട്ടീസ യച്ചു. മുമ്പ് വിവാഹ അഭ്യർത്ഥനയുമായി വന്ന യുവാവുമൊത്ത് പുതിയൊരു ദാമ്പത്യ ജീവിതത്തിനൊരുങ്ങുകയാണ് അവളിപ്പോൾ.
തെറ്റിദ്ധാരണ, സംശയം, നിസ്സാര പിഴവുകൾ ഇവയൊക്കെയാവും പലരുടേയും ദാമ്പത്യത്തകർച്ചയ്ക്കു പിന്നിലെ കാരണങ്ങൾ. കുഞ്ഞുങ്ങളുടെ ഭാവിയേയും നിങ്ങളുടെ സന്തോഷത്തേയും കാത്തു സൂക്ഷിക്കാൻ നിങ്ങളുടെ ദാമ്പത്യം സുഭദ്രമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത നിങ്ങൾക്കുണ്ട്. ഭർത്താവിന്‍റെ 'പ്രിയ ഭാര്യ'യാവാൻ ഇതാ ചില നിർദ്ദേശങ്ങൾ:
- ഭർത്താവിന്‍റെ പെരുമാറ്റത്തിൽ അപാകത തോന്നിയാൽ അദ്ദേഹത്തെ രഹസ്യമായി നിരീക്ഷിക്കാം. അദ്ദേഹത്തിന്‍റെ ജീവിതത്തിലേയ്ക്ക് മറ്റൊരു സ്ത്രീ കടന്നുവന്നിട്ടുണ്ടെങ്കിൽ ആ ബന്ധം ഏറെ നാൾ മുമ്പുള്ളതാണോ അതോ പുതിയതായി തുടങ്ങിയതാണോ എന്നു മനസ്സി ലാക്കണം. ശരിയായ വിശകലനം ചെയ്ത് സമയവും സാഹചര്യവും കണക്കിലെടുത്ത് വേണം മുന്നോട്ടുള്ള നീക്കം നടത്താൻ.
- ഭർത്താവുമായി അടുപ്പമുള്ള സ്ത്രീ വിവാഹിതയാണെങ്കിൽ അവരുടെ ഭർത്താവിനോടും കുടുംബാംഗങ്ങളോടും ഈ വിവരം ധരിപ്പിക്കാം. കുടുംബാംഗങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് ഭർത്താവുമായുള്ള ബന്ധം അവർ അവസാനിപ്പിച്ചുവെന്നും വരാം.
- ഭർത്താവിനോട് ഇതേക്കുറിച്ച് ദേഷ്യത്തോടെയല്ല, സ്നേഹത്തോടെ വേണം സംസാരിക്കാൻ. മാത്രമല്ല, ഒരിക്കലും സ്വന്തം ദാമ്പത്യത്തിൽ അകൽച്ചയുണ്ടാവാതെ ശ്രദ്ധിക്കുകയും വേണം.
- "കമ്യൂണിക്കേഷൻ ഗ്യാപ്' ദാമ്പത്യത്തിൽ പലപ്പോഴും വില്ലനായേക്കാം. മനസ്സുതുറന്ന് സംസാരിച്ച് ഏതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താം.
- ഭർത്താവിനെ പരസ്ത്രീയിലേയ്ക്ക് അടുപ്പിച്ചത് നിങ്ങളുടെ സ്നേഹക്കുറവോ മാറ്റന്തെങ്കിലും അപാകതയോ ആണോയെന്ന് സ്വയം ഒരു വിശകലനത്തിനൊരുങ്ങുക.
- ആവശ്യമെങ്കിൽ ഭർത്തൃബന്ധുക്കളെ ഈ വിവരം ധരിപ്പിക്കാം നിർണ്ണായക സാഹചര്യങ്ങളിൽ അവരുടെ സഹായ സഹകരണങ്ങൾ നിങ്ങൾക്ക് ധൈര്യം പകരും.
- മക്കളോടുള്ള സ്നേഹവും വാത്സല്യവും ഭർത്താവിനെ പഴയ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വന്നേക്കാം. കുട്ടികളുടെ ഭാവിജീവിതത്തെ ഇതെത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന കാര്യം ഭർത്താവിനെ ധരിപ്പിക്കുക.
- കുട്ടികളെ ഹോം വർക്ക് ചെയ്യിക്കുവാനും പേരന്‍റ്സ് മീറ്റിൽ പങ്കെടുക്കുവാനും അദ്ദേഹത്തിന് അവസരം നൽകണം. കുട്ടികളുടെ ചില ഉത്തരവാദിത്തങ്ങളെങ്കിലും അദ്ദേഹത്തെ ഏൽപ്പിക്കണം. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ പിരിയുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാനാവില്ല.
- നിങ്ങളുടെ ദാമ്പത്യത്തിൽ കടന്നു വന്ന സ്ത്രീ മോഡേണും സ്മാർട്ടുമാണെങ്കിൽ നിങ്ങളും സ്വയം മാറ്റത്തിനു വിധേയയാകണം. വേഷവിധാനത്തിലും സൗന്ദര്യപരിചരണ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കണം.
- ഉദ്യോഗസ്ഥയും കാര്യപ്രാപ്തി ഉള്ളവളും ആയതുകൊണ്ടാണ് ആ സ്ത്രീയിൽ ഭർത്താവിനു താലിപര്യമെങ്കിൽ നിങ്ങളും നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒരു ജോലി കണ്ടെത്തണം.
- കുട്ടികൾക്കും വീട്ടാവശ്യങ്ങൾക്കുമായി പണം ചെലവഴിക്കാൻ ഭർത്താവിനെ നിർബന്ധിക്കാം. അനാവശ്യമായി പണം ചെലവാക്കാനവസരം നൽകരുത്. സാമ്പത്തിക ചൂഷണമാണ് 'അവളു'ടെ ലക്ഷ്യമെങ്കിൽ ഇത് ഭർത്താവിനും 'അവൾ'ക്കു മിടയിൽ അകൽച്ചയ്ക്ക് വഴിയൊരുക്കും.
- നിങ്ങൾക്കറിയാവുന്ന ഭർത്താവിന്‍റെ ദുഃശീലങ്ങൾ അവളെയും പറഞ്ഞറിയിക്കുക.
- പല ഭർത്താക്കന്മാരും വിവാഹനാളുകളിലെപ്പോലെ തന്നെ സ്നേഹവും പരിഗണനയും ഭാര്യയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടാവും. ഭാര്യാഭർത്തൃബന്ധത്തിലെ പുതുമ നിലനിർത്താൻ നിങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
- "അവളെ നിങ്ങളുടെ സുഹൃത്തായിത്തന്നെ കാണുക. നല്ല സൗഹൃദമാണെങ്കിൽ നിങ്ങളുടെ കുടുംബം തകരാതിരിക്കുവാൻ അവർ സ്വയം ശ്രമിക്കും.
- പ്രശ്നങ്ങൾ അധികം രൂക്ഷമാകുന്ന പക്ഷം ശാന്തത കൈവിടരുത്. അദ്ദേഹം നിങ്ങളെ വിട്ടുപോകാനാഗ്രഹിക്കുന്നെങ്കിൽ എതിർപ്പിലൂടെ പ്രശ്നം നേരിടാനാവില്ല. സമ്മതമനോഭാവം അദ്ദേഹത്തിന്‍റെ മനസ്സുമാറാൻ ഇട നൽകും.
- പുതുമോടി നഷ്ടപ്പെടുമ്പോൾ സ്വപ്ന ലോകത്തിനുമപ്പുറം ജീവിതയാഥാർത്ഥ്യങ്ങളെ നേരിടേണ്ടി വരുമ്പോൾ അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നു വരും. കുടുംബജീവിതത്തിൽ ഭാര്യ അഡ്സ്റ്റ് ചെയ്യുന്നതു പോലെ 'പരസ്ത്രിയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ സാധിച്ചെന്നു വരില്ല.
- അനാവശ്യമായി വരുന്ന എസ്.എം. എസ്സുകൾ ഭർത്താവറിയാതെ ഡിലീറ്റ് ചെയ്യാം. പരസ്ത്രീയോടുള്ള അടുപ്പം കുറയ്ക്കുന്നതിനു പാർട്ടിയിലോ മറ്റു പൊതു പരിപാടികളിലോ ഭർത്താവിനോട് ഏറെ അടുപ്പത്തോടെ പെരുമാറാം.
- ഭർത്താവിനോടുള്ള നിങ്ങളുടെ ഈ സാമീപ്യം അവളെ അസ്വസ്‌ഥയാക്കും. അവളുടെ സാന്നിദ്ധ്യത്തിൽ അതിഥികളുടെ മുന്നിൽ വച്ച് ഭാര്യയെന്നു സ്വയം പരിചയപ്പെടുത്താം. താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന തോന്നൽ ഒരുപക്ഷേ അവളെ ഇതിൽ നിന്നും പിന്തിരിപ്പിച്ചെന്നു വരാം.
- ഭർത്താവിനും അവൾക്കുമിടയിൽ എന്തെങ്കിലും കാര്യത്തെച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അദ്ദേഹത്തെ പഴയ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാൻ ഭാര്യയ്ക്കത് നല്ല അവസരമാണ്.