തിരുവന്തപുരത്ത് ഒരു ധനകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായ ശ്യാമ കൊച്ചിയിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോരുമ്പോൾ സഹപ്രവർത്തകർക്ക് അതിശയമായി. സർക്കാരുദ്യോഗസ്ഥനായ ഭർത്താവിനെയും നാലുവയസ്സുകാരി മകളെയും വിട്ട് എന്തിനാണിങ്ങനെ ഒരു മാറ്റം? എല്ലാവർക്കും സംശയം. പൊതുവേ ശാന്തമെന്ന് കരുതിയ ശ്യാമ- മനോജ് ദമ്പതികളുടെ ജീവിതത്തിൽ എന്തു സംഭവിച്ചു? നല്ല പ്രാസംഗികയായ ശ്യാമ വിവാഹജീവിതത്തെക്കുറിച്ചും പൊരുത്തപ്പെടലുകളെക്കുറിച്ചും ധാരാളം പ്രസംഗിക്കുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. അതറിയാവുന്ന സുഹൃത്തുക്കളും മൂക്കത്ത് വിരൽ വെച്ചു. എന്തുപറ്റി ഇവൾക്ക്? വളരെ അടുത്ത സുഹൃത്തുക്കളോട് മാത്രം ശ്യാമ മനസ്സ് തുറന്നു. ഉദ്യോഗസ്ഥ ദമ്പതികളുടെ കുടുംബത്തിൽ ഉണ്ടാകാനിടയുള്ള ഈഗോ പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടർന്നതാണ് ഇവരുടെ അകൽച്ചയുടെ കാരണം.
മനോജിന് ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കാൻ മടിയാണ്. പ്രത്യേകിച്ച് ഭാര്യ സമൂഹത്തിൽ അൽപാൽപം അറിയപ്പെടുന്ന വ്യക്തിത്വം കൂടിയായപ്പോൾ, പുറത്തേക്ക് അറിയാത്ത ശീതസമരങ്ങൾ, കുഞ്ഞിനെ വെച്ചുള്ള വിലപേശലുകൾ, മാനസിക പീഢനങ്ങൾ ശാരീരിക പീഢനങ്ങളിലേക്ക് ചുവട് മാറ്റിയപ്പോഴാണ് കുഞ്ഞിനെ സ്വന്തം അമ്മയെ ഏൽപ്പിച്ച് ശ്യമ കൊച്ചിയിലേക്ക് ഒളിച്ചോടിയത്.
ആധുനിക ജീവിതശൈലിയും സ്വതന്ത്രമായ ചിന്താഗതിയും സാമ്പത്തിക ഭദ്രതയുമൊക്കെ ഇത്തരം തീരുമാനങ്ങളെടുക്കാൻ സ്ത്രീയെ പ്രാപ്തയാക്കുന്നുവെന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല.
വിവാഹമോചനകേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന്‍റെ ഒരു കാരണം ഇതുതന്നെയാണ്. സാധാരണ കേസുകളെല്ലാം തന്നെ പൊരുത്തക്കേടുകളുടെ സന്തതികളാണ്. കുടുംബാംഗങ്ങളുമായി ഒത്തുപോകാൻ കഴിയാതെ വരുമ്പോൾ ദാമ്പത്യം വഷളാകുന്നു. ഭർത്തൃവീട്ടിൽ നിന്നും പിണങ്ങി മടങ്ങിയെത്തുന്ന മകളെ അച്ഛനമ്മമാർ രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറാകുന്നു. അതോടെ മകൾ സധൈര്യം വേർപിരിഞ്ഞ ജീവിതത്തിന് സന്നദ്ധയാകുന്നു. മെട്രോ നഗരത്തിലെ ഉദ്യോഗസ്ഥ ദമ്പതികൾക്കിടയിലാണ് ഇത്തരം എടുത്തുചാടിയുള്ള വേർപിരിയൽ പ്രവണതയേറുന്നത്.
വിവാഹശേഷം ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് മിക്ക ദമ്പതികളുടെയും സ്വപ്നങ്ങൾ തകർന്നുതരിപ്പണമാകുന്നത്. സങ്കൽപ്പത്തിലെ ജീവിതം പടുത്തുയർത്താൻ ശ്രമിക്കുന്നതാണ് മറ്റൊരു കാരണം. തിക്തമായ ജീവിതാനുഭവങ്ങൾ ഉണ്ടാകുമ്പോൾ താനിതല്ല ആഗ്രഹിക്കുന്നതെന്ന ശക്തമായ വൈകാരികപ്രതിസന്ധി ഉലച്ചിൽ ഒരു കോടതിക്കും പരിഹരിക്കാനാകില്ല.
പരസ്പരധാരണ
ഉത്തരവാദിത്തത്തിന്‍റെയും കർത്തവ്യത്തിന്‍റെയും പര്യായമാണ് വിവാഹം. പരസ്പര സഹകരണവും സഹിഷ്ണുതയും ഇല്ലാത്ത ദമ്പതികളുടെ ജീവിതമാണ് പരാജയമായി മാറുന്നത്. വിവാഹമോചനം നേടുന്ന സ്ത്രീകളുടെ തുടർന്നുള്ള ജീവിതം പലപ്പോഴും പ്രശ്നഭരിതമാകാറുണ്ട്. സമൂഹവും കുടുംബവും ഇവരെ എപ്പോഴും സംശയദൃഷ്ടിയോടെയോ സഹതാപത്തോടെയോ മാത്രമേ കാണാറുള്ളു.
ബന്ധങ്ങൾക്ക് ആഴവും അർത്ഥവും കുറയുന്നതാണ് നിസ്സാര കാരണങ്ങളുടെ പേരിൽ വേർപിരിയലിന്‍റെ വഴി തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന കാരണം. കുടുംബത്തിലെ താളപ്പിഴകൾ ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്. വേർപിരിയലിന് നിയമബലം തേടി കോടതിവരാന്തകൾ കയറിയിറങ്ങുന്ന അച്ഛനമ്മമാർ കുഞ്ഞുങ്ങളെ മനപൂർവ്വം വിസ്മരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പിഞ്ചുമനസ്സിനെ ആഴത്തിൽ മുറവിലേൽപ്പിക്കും. അച്ഛനമ്മമാർക്കിടയിലുള്ള സ്വരച്ചേർച്ചയില്ലായ്മ കുട്ടികളെ വളരെയധികം അസ്വസ്ഥരാക്കും. കുടുംബകലഹങ്ങൾ കുട്ടികളെ മാനസികമായി തളർത്തും.
സുഖകരമായ ദാമ്പത്യത്തിന്
ധൈര്യവും കഠിനപ്രയത്നവുമുണ്ടെങ്കിൽ ഏത് വലിയ യുദ്ധവും ജയിക്കാം. എന്നാൽ വിവാഹജീവതമെങ്ങനെ വിജയമാക്കാമെന്നതിന് ഒരു സൂത്രവാക്ക്യവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് മനസ്സിലാകുമ്പോൾ ചില കാര്യങ്ങൾ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. പ്രശ്നപരിഹാരങ്ങൾക്ക് സഹായകരമാകുന്ന ഏതാനും നിർദ്ദേശങ്ങളിതാ…
- എതിർ ടീമിലെ കളിക്കാരായല്ല ഒരേ ടീമിലെ അംഗങ്ങളെന്നപോലെ ദമ്പതികൾ പെരുമാറണം. ഉറക്കെ സംസാരിക്കുന്നതും ശകാരവുമൊക്കെ ഒഴിവാക്കണം.
- നിസ്സാര കാര്യങ്ങളെച്ചൊല്ലിയുള്ള തർക്കവും വഴക്കും വേണ്ട. അഭിപ്രായഭിന്നതയുണ്ടെങ്കിൽ തർക്കിക്കുന്നതിന് പകരം രമ്യതയോടെ അവതരിപ്പിക്കാം.
- ഞാൻ, നീ, എന്‍റേത്, നിന്‍റേത് എന്ന വേർതിരിവ് ആവശ്യമില്ല. പരസ്പരസഹകരണത്തോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് കൊണ്ടുപോകേണ്ടതാണ് ദാമ്പത്യം.
- ദമ്പതിമാരിൽ ആരാണ് കൂടുതൽ ശബളം വാങ്ങുന്നതെന്നത് കുടുംബത്തിൽ ഈഗോ പ്രശ്നം സൃഷ്ടിച്ചേക്കാം. ശബളം, സാമ്പത്തിക സ്ഥിതി എന്നവ താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.
- പ്രകടിപ്പിക്കാനുള്ളതാണ് സ്നേഹം. പങ്കാളിയെ പ്രശംസിക്കാൻ കിട്ടുന്ന അവസരങ്ങൾ വിനിയോഗിക്കുക.
- സന്തോഷാവസരങ്ങളിൽ വിശേഷിച്ച് പാർട്ടിക്കും ആഷോഷങ്ങൾക്കുമൊക്കെ ഒന്നിച്ചുപോകണം. ബർത്ത്ഡേ, വിവാഹ വാർഷികം തുടങ്ങി ചെറുതും വലുതുമായ എല്ലാ ആഷോഷങ്ങളും ഒരുമിച്ചാകണം.
- മനസ്സ് തുറന്നുള്ള സംസാരം ആരോഗ്യകരമായ ദാമ്പത്യത്തിന് അനിവാര്യമാണ്. വഴക്കുകൾ പരിഹരിക്കാൻ വിശ്വസ്തരായ ആരുടെയെങ്കിലും അഭിപ്രായം തേടാം.
- എല്ലാ സാഹചര്യങ്ങളിലും പരസ്പരം സഹകരിച്ചില്ലെങ്കിലും സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം ദമ്പതികൾ പരസ്പരം നൽകണം.
- വീട്ടുജോലിയെയും ഉത്തരവാദിത്തങ്ങളെയും ചൊല്ലിയുള്ള തർക്കം വേണ്ട. വീട്ടുജോലികൾ ചെയ്യുമ്പോൾ സ്കോർബോർഡ് സൂക്ഷിക്കേണ്ട ആവശ്യമില്ല.
- പരസ്പരം കുറ്റങ്ങളും കുറവുകളും മുന്നാമതൊരാളുടെ മുന്നിൽ വിലയിരുത്താൻ ശ്രമിക്കരുത്. ദേഷ്യമൊഴിവാക്കാനോ പങ്കാളിയെ അവഗണിക്കാനോ ആയി ടിവി, മൊബൈൽ, കമ്പ്യൂട്ടർ ഇവയുടെ മുന്നിൽ ചടഞ്ഞിരിക്കരുത്.
- പങ്കാളിയെ മാറ്റിയെടുക്കാൻ ശ്രമിക്കരുത്. രണ്ടുപേരുടെയും വ്യക്തിത്വം കാത്തുസൂക്ഷിക്കുക. പങ്കാളിയുടെ വ്യക്തിത്വത്തിന്‍റെ മനോഹരമായ വശത്തെ പിന്തുണയ്ക്കുക. പങ്കാളിയുടെ സവിശേഷതകൾ എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കാം.
- വിവാഹജീവിതത്തിലെ വിഷമഘട്ടങ്ങളിൽ വിദഗ്ദ്ധ കൗൺസിലറുടെ സഹായം തേടാം.