കമ്പനി കണ്ടുപിടിച്ച് മാനേജരുടെ അനുവാദത്തോട മുതലാളിയുടെ ക്യാബിനിലേയ്ക്ക് നേരിയ വിറയലോടെ ഉസ്മാൻ കടന്നു ചെന്നു. തിരക്കിട്ട് ഫയലുകൾ നോക്കിക്കൊണ്ടിരുന്ന മുതലാളിയുടെ ഇരിക്കുവാനുള്ള ക്ഷണം കൈക്കൊണ്ട് വിനയത്തോടെ കസേരയിൽ ഇരുന്നപ്പോൾ തന്നെ അദ്ദേഹം വീണ്ടും ഫയലുകളിലേയ്ക്ക് തിരിഞ്ഞു. ഒപ്പം ഉസ്മാന്‍റെ ചിന്തകൾ പഴയ സംഭവങ്ങളിലേക്കും.
രണ്ടു മാസം മുൻപ് ഒരു ദിവസം രാവിലെയാണ് സംഭവം. ടാക്സി കാർ സ്വന്തമായിട്ടുള്ള അയൽ വീട്ടിലെ രാമൻകുട്ടി വേലിപ്പടി കവച്ചു വച്ച് തന്‍റെ വീട്ടിലേക്ക് വരുന്നത് താൻ ഉമ്മറത്ത് ഇരുന്ന് കാണുന്നുണ്ടായിരുന്നു. അവന് കിട്ടുന്ന ഓട്ടങ്ങളിൽ ചിലത് അവൻ തന്നെയാണ് ഏൽപ്പിക്കാറുള്ളത്. ഓട്ടം പോയിട്ട് കിട്ടിയ കാശ് മുഴുവനായും അവനെ ഏൽപ്പിക്കുമ്പോൾ മാന്യമായ പ്രതിഫലവും അവൻ തരാറുണ്ട്.
രണ്ട് കുടുംബങ്ങളും തമ്മിലുള്ള നിരവധി വർഷങ്ങളുടെ ബന്ധം എല്ലാ ആഘോഷങ്ങളിലും തെളിഞ്ഞു കാണാറുണ്ട്. ഇന്നത്തെ അവന്‍റെ വരവും ഏതെങ്കിലും ഓട്ടം അവന് പകരമായി തന്നെ വിടാൻ വേണ്ടിയിട്ടാകും. ഒരു പക്ഷേ, ഒരു സ്ഥിര വരുമാനമില്ലാത്ത തന്‍റെ അവസ്ഥ കണ്ട് തനിക്ക് ഒരു സഹായമാകട്ടെ എന്ന ചിന്തയും അതിന്‍റെ പുറകിൽ ഉണ്ടാകുമായിരിക്കും.
പക്ഷേ, പതിവിന് വിപരീതമായി രാമൻകുട്ടി തന്നെ തീരെ ഗൗനിക്കാതെ നേരെ അടുക്കളയിലേക്കാണ് പോയത്. അടുക്കളയിൽ ഉമ്മയോട് എന്തോ കുശുകുശുത്ത ശേഷമാണ് അവൻ ഉമ്മറത്ത് വന്ന് തന്നോട് കാര്യം പറഞ്ഞത്. പുറകെ ഉമ്മയുമെത്തി. ശബരിമലയിൽ സീസൺ തുടങ്ങുകയാണത്രെ. വൃശ്ചികം, ധനു രണ്ട് മാസം തീർത്ഥാടകരുടെ പ്രവാഹമായിരിക്കും. ഈ അറുപത് ദിവസവും മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സുരക്ഷാ ഡ്രൈവുകൾക്ക് വേണ്ടി താൽക്കാലികമായി ഡ്രൈവർമാരെ എടുക്കുന്നുണ്ടത്രെ.
അതിന് വേണ്ടി വകുപ്പ് നടത്തുന്ന ടെസ്റ്റിൽ പങ്കെടുക്കാൻ രാമൻകുട്ടി പോകുന്നുണ്ട്. താൻ കൂടെ വരുന്നോ എന്നറിയാനാണ് അവൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ഉമ്മയുടെ അഭിപ്രായവും രാമൻകുട്ടി സൂചിപ്പിച്ച പോലെ ഒന്ന് പങ്കെടുത്ത് നോക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ്. ഉസ്മാൻ സമ്മതം മൂളിയപ്പോൾ, എങ്കിൽ രാവിലത്തെ കഞ്ഞി കുടിച്ച് ഉടനെ പുറപ്പെടാമെന്ന് പറഞ്ഞ് രാമൻകുട്ടി എഴുന്നേറ്റു.
ഇലവുങ്കലിൽ താൽക്കാലികമായി തയ്യാറാക്കിയ സേഫ് സോൺ ക്യാമ്പ് ഓഫീസിൽ വച്ച്, ഒരു മണിക്കൂർ കൊണ്ട് മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന്, എത്തിച്ചേർന്ന മുപ്പത് പേരുടെയും ലൈസൻസ് പരിശോധന പൂർത്തിയാക്കി. തുടർന്ന് ഡ്രൈവിംഗ് മികവ് അറിയുവാനുള്ള പ്രായോഗിക പരീക്ഷ തീർന്നപ്പോഴേക്കും ഉച്ചക്ക് ഒരു മണിയായി. ആൽകോമീറ്റർ ടെസ്റ്റിൽ രണ്ടു പേർ മദ്യപിച്ചതായി കണ്ടതിനാൽ അവരെ ഉടനെ പറഞ്ഞു വിട്ടു. പിന്നെ ഒരാളെപ്പോലും ഒഴിവാക്കാതെ ബാക്കിയുള്ള എല്ലാവരെയും സെലക്ട് ചെയ്തു.
എല്ലാവർക്കും ആഹാരം തന്ന ശേഷം ഒരു മണിക്കൂർ നീണ്ട ക്ലാസ് ഉണ്ടായിരുന്നു. കൊടുംവളവുകളിൽ ശ്രദ്ധിക്കേണ്ടത്, രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ടത്, അപകടത്തിൽ പെടുന്ന തീർത്ഥാടകരെ രക്ഷിക്കേണ്ടുന്ന വിധം, ഫസ്റ്റ് എയിഡ് നൽകേണ്ടുന്ന വിധം, വിവരങ്ങൾ പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അറിയിക്കുന്ന രീതികൾ, വന്യമൃഗങ്ങളുടെ സാമീപ്യം ഉണ്ടായാൽ പ്രതികരിക്കേണ്ട രീതികൾ, തീർത്ഥാടകരോട് ഇടപഴകേണ്ട രീതികളും മര്യാദകളും അവർക്ക് ചെയ്തു കൊടുക്കേണ്ടതായ സേവനങ്ങൾ തുടങ്ങി പല വിഷയങ്ങളായി ഒരു മണിക്കൂർ പോയതറിഞ്ഞില്ല.
ഉദ്യോഗസ്ഥർ തുടർന്ന് എല്ലാവരുടെയും അഡ്രസ്സും വാട്സ് ആപ് നമ്പറും വാങ്ങി വൃശ്ചികം ഒന്നിന് ഡ്യൂട്ടി തുടങ്ങുവാൻ തയ്യാറായി തലേദിവസം തന്നെ എത്തിചേരുമ്പോൾ കരുതേണ്ടതായ കാര്യങ്ങളും പറഞ്ഞ് തന്ന് ചായയും കഴിപ്പിച്ചാണ് ടെസ്റ്റിന് വന്നവരെ എല്ലാവരെയും യാത്രയാക്കിയത്. അതൊരു വലിയ അനുഭവം തന്നെയായിരുന്നു. ഒരു സർക്കാർ വകുപ്പിൽ നിന്ന് ഇത്തരം ഹൃദ്യമായ ഒരു ഇടപഴകൽ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരുമായി സംസാരിച്ചപ്പോൾ മനസ്സിലായത്.
വൃശ്ചികം ഒന്നിന് തീർത്ഥാടകരുടെ തിരക്ക് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. ഒരു ദിവസം എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായിരുന്നു പട്രോളിംഗ് ഡ്രൈവ് . പത്ത് റൂട്ടുകളിൽ ഒരു ഷിഫ്റ്റിൽത്തന്നെ പത്ത് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നിയന്ത്രണത്തിൽ പത്ത് വണ്ടികൾ. മൂന്ന് ഷിഫ്റ്റിലുമായി ഒരു ദിവസം മുപ്പത് ഇൻസ്പെക്ടറും മുപ്പത് ഡ്രൈവറും. എല്ലാ വണ്ടിയിലും സെർച്ച് ലൈറ്റും കപ്പിയും വടവും പോലീസിന്‍റെ കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാവുന്ന വയർലെസ് സെറ്റും കൂടാതെ ഫസ്റ്റ് എയിഡ് സാമഗ്രികളും. ചില റൂട്ടുകളിൽ വനം വകുപ്പിന്‍റെ ഒരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു.
ആദ്യത്തെ നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ചുറ്റുപാടുമായി ഉസ്മാൻ നന്നെ ഇണങ്ങിക്കഴിഞ്ഞു. തൽക്കാലത്തേക്കാണെങ്കിലും വലിയൊരു സേനയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉസ്മാന് അഭിമാനം തോന്നി. ഒരു സർക്കാർ ജീപ്പ്, അതും ടോപ്പ് ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് അഞ്ച് വ്യത്യസ്ഥ അലാറം മുഴക്കുന്ന, എയർ കണ്ടിഷൻ ഫിറ്റ് ചെയ്തിട്ടുള്ള എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വാഹനം. ഇതിൽ പരം ഒരു അഭിമാനം മറ്റെന്തുണ്ട്. ദിവസം ചെല്ലുന്തോറും തിരക്ക് വർദ്ധിച്ചു വരുകയാണ്.
എല്ലാ ദിവസവും ഡ്യൂട്ടി കഴിഞ്ഞ് ഡ്രൈവേഴ്സ് ഡോർമെട്രിയിൽ പോയി വിശ്രമിക്കുമ്പോൾ ഓരോരുത്തരും അന്നത്തെ അവരുടെ അനുഭവങ്ങൾ വിവരിക്കാറുണ്ട്. ചെറുതും വലുതുമായ അപകടങ്ങൾ, തീർത്ഥാടകർക്ക് പറ്റിയ പരിക്കുകൾ, അവരുടെ വാഹനത്തിന് പറ്റിയ കേടുപാടുകൾ, ‘സേഫ് സോണ്‍’ ടീം ഇടപെട്ട് അവിടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ, ടീം നൽകിയ സഹായങ്ങൾ, അങ്ങനെ എല്ലാം കൂടെയുള്ള ഡ്രൈവർമാർ പറയുമ്പോൾ ഉസ്മാൻ മനസ്സുരുകി , അങ്ങനെ ഒരപകടവും ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാറാണ് പതിവ്.
മൂന്ന് ദിവസത്തെ ഡ്യൂട്ടിയെടുത്താൽ ഒരു ദിവസം ഓഫ് കിട്ടും. രാമൻകുട്ടി ആ ഓഫ് ദിവസം നോക്കി നാട്ടിലുള്ള ഒരു ഓട്ടം തരപ്പെടുത്തി വീട്ടിലേക്ക് പോയി. ഉസ്മാൻ കഴിഞ്ഞ ആറ് ഡ്യൂട്ടികളിൽ കിട്ടിയ പൈസ മുഴുവനുമായി ഉമ്മയ്ക്കു കൊടുക്കുവാൻ രാമൻകുട്ടിയെ ഏൽപ്പിച്ചിരുന്നു. ഇവിടെ താമസവും അഹാരവും എല്ലാം ഫ്രീ ആയതിനാൽ അതാണ് നല്ലത് എന്ന് കരുതി. മാത്രവുമല്ല വീട്ടിൽ ഉമ്മയ്ക്ക് ചിലവും ഉണ്ടല്ലോ.
രണ്ടാമത്തെ ഓഫ് ദിവസം ഉസ്മാൻ വെറുതെ കളഞ്ഞില്ല. പമ്പ വരെ ഡ്യൂട്ടിയ്ക്കു പോകുന്ന ഒരു ജീപ്പിൽ കയറി അവിടെയിറങ്ങി. പമ്പയിൽ കുളിച്ച് ശരണം വിളിച്ച് മല കയറുന്ന ഭക്തരുടെ തിരക്കും ഉത്സാഹവും ആവേശവും എല്ലാം വീക്ഷിച്ച് ഒതുങ്ങിയിരുന്നപ്പോഴാണ് നിര നിരയായി കിടക്കുന്ന ട്രാക്റ്ററിൽ സന്നിധാനത്തേക്ക് എത്തിക്കുവാനായി അരിയും പച്ചക്കറികളും അരവണയ്ക്കും അപ്പത്തിനുമുള്ള ശർക്കരയും മറ്റ് സാമഗ്രികളും കയറ്റുന്നത് കണ്ടത്.
അതിൽ നന്നെ പ്രായം തോന്നിക്കുന്ന ഒരു ഡ്രൈവർ വിഷമിച്ച് സാധനങ്ങൾ കയറ്റുന്നത് കണ്ട ഉസ്മാൻ അയാളുടെ അടുത്തെത്തി സഹായിച്ചു. അര മണിക്കൂർ കൊണ്ട് എല്ലാം കയറ്റിക്കഴിഞ്ഞപ്പോൾ വൃദ്ധൻ ഒരു നൂറ് രൂപ നോട്ട് എടുത്ത് ഉസ്മാന് നേരെ നീട്ടി. താൽക്കാലികമായിട്ടാണെങ്കിലും തനിക്ക് സർക്കാർ ശമ്പളം തരുന്നുണ്ട് എന്ന് പറഞ്ഞ് ഉസ്മാൻ ആ നോട്ട് വൃദ്ധന്‍റെ കയ്യിൽ തന്നെ തിരികെ വച്ച് കൊടുത്തു. നീ മുകളിലേക്ക് വരുന്നെങ്കിൽ വാ, ഇതിൽ തന്നെ തിരിച്ചും വരാം; അവിടെ ഇതെല്ലാം ഇറക്കാൻ എനിക്കൊരു സഹായവും ആകും, എന്ന് പറഞ്ഞ് ക്ഷണിച്ചപ്പോൾ, സന്തോഷത്തോടെ ഇപ്പോഴില്ല, പിന്നെയാകട്ടെ എന്ന് പറഞ്ഞ് ഉസ്മാൻ ഇലവുങ്കലിലെ ക്യാമ്പിലേക്ക് തിരിച്ചു.
ക്യാമ്പിലെത്തി ഊണ് കഴിഞ്ഞ് ഒന്ന് വിശ്രമിച്ച ശേഷം എരുമേലിയിൽ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു ജീപ്പിൽ കയറി വൈകീട്ട് വരെ അവിടമാകെ നടന്നു കണ്ട് തിരിച്ച് ക്യാമ്പിലെത്തി. നിലയ്ക്കൽ ബേസ് ക്യാമ്പ് കാണുന്നത് അടുത്ത ഓഫ് ദിവസം ആയിക്കളയാമെന്ന് തീരുമാനിച്ചു.
പിറ്റേന്ന് രാവിലത്തെ ഡ്യൂട്ടിയിലാണ് ഉസ്മാന്‍റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്. രാവിലെ ആറു മണിയ്ക്ക് ഡ്യൂട്ടി തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞതേയുള്ളു. അപ്പോഴാണ് തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു തീർത്ഥാടകനും ഭാര്യയും മകനും ചെറുമകനും അടങ്ങിയ കുടുംബം ദർശനം കഴിഞ്ഞ് മടങ്ങവെ അപകടത്തിൽ പെടുന്നത് ഉസ്മാനും ഇൻസ്പെക്ടറും അടങ്ങുന്ന ടീം നേരിട്ട് കാണുന്നത്.
ഡ്രൈവർ മയങ്ങിപ്പോയതിനാൽ കാർ ഇടതു വശത്തുള്ള താഴ്ചയിലേക്ക് മറിയുകയും ഇരുപത് അടി താഴ്ചയിലുള്ള രണ്ട് മരങ്ങളുടെ ഇടയിൽ തങ്ങി വീണ്ടും താഴ്ചയിലേക്ക് മറിയാതെ നിന്നതിനാൽ ആർക്കും ജീവാപായം ഉണ്ടായില്ല.
ഇൻസ്പെക്ടർ അറിയിക്കേണ്ട കേന്ദ്രങ്ങളെ വയർലസ് മുഖേന അറിയിച്ചതിനാൽ പത്ത് മിനിറ്റികം റിക്കവറി വാഹനവും റെസ്ക്യൂ ടീമും എത്തിയപ്പോഴേക്കും ഉസ്മാനും ഇൻസ്പെക്ടറും താഴേയ്ക്ക് ഇറങ്ങി, വടം കൊണ്ട് കെട്ടി വണ്ടിയെ ഭദ്രമാക്കി, കപ്പി ബന്ധിപ്പിച്ച് ആളുകളെ ഓരോരുത്തരെയായി മുകളിൽ എത്തിച്ചു കഴിഞ്ഞിരുന്നു. അവിടെയെത്തിയ ആമ്പുലൻസിൽ കയറ്റി എല്ലാവർക്കും പ്രാഥമിക ശുശ്രൂഷയും ടീം കൊടുത്ത ശേഷം വണ്ടി മുകളിലെത്തിക്കാൻ ശ്രമം തുടങ്ങി.
ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ നാലു ദിവസത്തെ ആശുപത്രി ചികിത്സ കഴിഞ്ഞപ്പോഴേയ്ക്കും റിക്കവർ ചെയ്ത കാറിന്‍റെ റിപ്പയറിംഗും പൂർത്തിയാക്കി അവർക്ക് തിരിച്ച് പോകുവാൻ പറ്റുന്ന വിധത്തിലാക്കി കൊടുക്കാനും പറ്റി. ഈ നാലു ദിവസങ്ങളിലും ഉസ്മാൻ ഡ്യൂട്ടി കഴിഞ്ഞ സമയത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു കൊണ്ട് വേണ്ടതായ കാര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു.
ശബരിമലയിൽ തീർഥാടകരുടെ സീസൺ ആയതിനാൽ താൽക്കാലിക ജോലിയാണ് ഉസ്മാന് എന്ന് മനസ്സിലാക്കിയ കുടുംബനാഥൻ, യാത്ര പറഞ്ഞ് പിരിയുന്ന നേരം അദ്ദേഹത്തിന്‍റെ വിസിറ്റിംഗ് കാർഡ് നൽകിയിട്ട് സ്വന്തം ശരീരത്തോട് ചേർത്ത് നിറുത്തി പറഞ്ഞു, “ഉങ്കളെ എൻ അയ്യപ്പ സ്വാമി താൻ അന്ത സമയത്തുക്ക് എൻ മുമ്പാകെ എത്തിച്ചത്. സ്വല്പം കൂടി സരിയായി ശൊല്ലിയാൽ ഉങ്കൾ താൻ അയ്യപ്പ സ്വാമി… അതാവത്… തത്വമസി…! തെരിഞ്ചിതാ? ആനാൽ ഇങ്ക പക്കത്തെ ഡ്യൂട്ടികളെല്ലാം മുടിഞ്ചാൽ നെക്സ്റ്റ് ഡേ തന്നെ എന്നുടെ കമ്പനിയിൽ വന്തിട്ട് ഡ്രൈവർ ജോലിക്ക് കയറണം. എന്താ വരില്ലേ?”
ഉസ്മാൻ ഇത് കേട്ടതും ഒന്ന് ഞെട്ടി. പിന്നെ കുനിഞ്ഞ് അദ്ദേഹത്തിന്‍റെ കാൽ തൊട്ടു വണങ്ങിയിട്ട് എഴുന്നേറ്റ് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു. “അങ്ങാണ് സർ എന്‍റെ അയ്യപ്പ സ്വാമി. ഞാൻ അവിടെയെത്തും സർ.”
“മിസ്റ്റർ ഉസ്മാൻ, വാട്ട് അർ യൂ തിങ്കിംഗ്?”
മുതലാളിയുടെ ചോദ്യമാണ് ഉസ്മാനെ കഴിഞ്ഞ കാല ചിന്തകളിൽ നിന്ന് ഉണർത്തിയത്. അദ്ദേഹം ഫയൽ തിരക്കിൽ നിന്നും മോചിതനായിരിക്കുന്നു.
“കഴിത്ത കാല സംഭവങ്ങൾ അറിയാതെ ഓർത്തു പോയതാണ് സർ” ഉസ്മാൻ ഒറ്റവാക്കിൽ ഒതുക്കി.
“ഓക്കെ, ദെൻ ഗോ ആന്‍റ് ജോയിൻ ഡ്യൂട്ടി” എന്ന് പറഞ്ഞ് മുതലാളി അദ്ദേഹത്തിന്‍റെ പേഴ്സണൽ മാനേജരെ വിളിച്ച് ബാക്കി കാര്യങ്ങൾ മാനേജരെ ഏൽപ്പിച്ചു. സ്ഥിര വരുമാനമുള്ള ജോലി കിട്ടി, ജീവിതത്തിന്‍റെ നില തന്നെ മാറിയതിലുള്ള സമാധാനത്തോടെ പുതിയ ജോലിയിൽ ചേരുവാനായി ഉസ്മാൻ ഉമ്മയെ ഓർത്തു കൊണ്ട് മാനേജർക്കൊപ്പം പുറത്തുകടന്നു.