പച്ചയും മഞ്ഞയും കലർന്ന വിളഞ്ഞ നെൽവയലുകൾക്ക് മുകളിൽ സൂര്യൻ ഉദിച്ചു വരുന്നു,… ഒപ്പം നല്ല ഒന്നാംതരം ഫിൽട്ടർ കോഫിയുടെ സുഗന്ധം നിറഞ്ഞ പ്രസന്നമായ സുപ്രഭാതം… അപ്പൻ കൊമ്പത്ത്… ചക്കയ്ക്ക് ഉപ്പുണ്ടോ ഈണത്തിൽ പാടുന്ന വിഷു പക്ഷികൾ പ്രഭാതമായെന്ന് വിളിച്ചു പറയുന്നു.. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. ചൂട് കൂടിയ കാലം ആയതിനാൽ നേരത്തെയും കൊന്ന പൂത്തു നിൽക്കാറുണ്ട്. അതിനൊപ്പം കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങൾ, പ്രസന്നമായ പകൽ ഇതൊക്കെയാണ് വിഷുവിന്‍റെ സവിശേഷതകൾ.

കേരളത്തിന്‍റെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.

വിഷുക്കണി

ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. കൊന്നപ്പൂക്കളും, കണിവെള്ളരിയും, കൈനീട്ടവുമില്ലാതെ മലയാളിക്കെന്ത് വിഷുക്കാലം. അടുത്ത ഒരു വർഷത്തെ ഫലത്തെ ആണ് വിഷുവിലൂടെ മലയാളികൾ നോക്കി കാണുന്നത്. അതിന്‍റെ ഏറ്റവും പ്രധാന ചടങ്ങാണ് വിഷുക്കണി ഒരുക്കി പുലർച്ചെ കണി കാണുക എന്നത്. വിഷുക്കണി ഒരുക്കി ശ്രീകൃഷ്ണ ഭഗവാന്‍റെ വിഗ്രഹത്തിനു മുന്നിൽ നിലവിളക്ക് കത്തിച്ചു വെച്ച് കണി കണ്ടു കൊണ്ട് ദിവസം തുടങ്ങുന്നത് സമ്പൽ സമൃദ്ധമായ അടുത്ത ഒരു വർഷം നൽകുമെന്ന പ്രത്യാശയിലാണ്.

ഒപ്പം തന്നെ അരി, സ്വർണം, പണം, കണി വെള്ളരി, കണിക്കൊന്ന പൂക്കൾ, കണ്ണാടി, പൂക്കൾ, പഴങ്ങൾ-എല്ലാം ഉരുളി യിൽ ഒരുക്കി വെയ്ക്കുന്നു. വിഷു പ്രഭാതത്തിൽ ആളുകൾ ആദ്യം കാണുന്നത് ഐശ്വര്യ പ്രദമായ ഈ കാഴ്ച ആണ്. എണ്ണയിൽ ജ്വലിക്കുന്ന വിളക്കുകൾ വീടുകളിൽ പുലർച്ചെ പ്രകാശം പരത്തുന്നു. അവ യഥാർത്ഥത്തിൽ പരിസ്ഥിതി സൗഹാർദ്ദ ബൾബുകൾ പോലെയാണ്.

വിഷുക്കൈനീട്ടം 

വർഷം മുഴുവനും സമ്പൽ സമൃദ്ധിയും, ഐശ്വര്യവും ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. അടുത്ത തലമുറയ്‌ക്കും സമൃദ്ധിയും ഐശ്വര്യവും കൈവരട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് അവർക്കും കൂടി സമ്പത്തുകൾ കൈമാറുകയെന്ന സങ്കല്പമാണ് വിഷുക്കൈനീട്ടം നൽകുന്നതിന് പിന്നിലുള്ളത്. കണി കണ്ടു കഴിഞ്ഞാൽ ഗൃഹനാഥനോ നാഥയോ കുടുംബാംഗങ്ങൾക്ക് വിഷുകൈനീട്ടം നൽകുന്നു. കിട്ടുന്നവർക്കെല്ലാം ഐശ്വര്യം ഉണ്ടാകും എന്നും നൽകുന്നവന് ഐശ്വര്യം വർദ്ധിച്ച് ഇനിയും നൽകാനാകുമെന്നാണ് വിശ്വാസം. പണ്ടൊക്കെ നാണയമാണ് നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ നോട്ടുകളാണ് കൊടുക്കുന്നത് എന്ന് മാത്രം.

കർഷകരുടെ പ്രതീക്ഷ

വിഷു കേരളത്തിന്‍റെ കാർഷിക ചക്രത്തിന്‍റെ തുടക്കം കുറിക്കുന്നു. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.. നല്ല വിളവെടുപ്പ് ലഭിക്കാൻ ഈ പ്രത്യേക ദിവസത്തിൽ കർഷകർ പ്രാർത്ഥിക്കുന്നു.

പടക്കങ്ങൾ: ഒരു ചെറിയ പൂരം ഇല്ലാതെ വിഷു പൂർണമാകില്ല. പടക്കം പൊട്ടിച്ചും കമ്പിതിരിയും ചക്രവും കത്തിച്ചും കുട്ടികളും മുതിർന്നവരും ഒരുപോലെ രാവുകൾ ആഘോഷ ഭരിതമാക്കുന്നു.

വിഷു വിന് ഓരോ നാട്ടിലും പ്രത്യേക ഭക്ഷണ രുചികളുടെ സിംഫണി ഉണ്ടാകും. വിഷു ആഘോഷങ്ങളെ അവിസ്മരണീയമാക്കുന്ന സ്വാദിഷ്ടമായ വിഷു സദ്യ തന്നെ. മലബാർ പ്രദേശങ്ങളിൽ നോൺ വെജ് ഭക്ഷണം വിഷുവിന് ഉണ്ടാക്കാറുണ്ട്. എന്നാൽ മധ്യ കേരളത്തിൽ ഇത് തനി പച്ചക്കറി സദ്യ ആണ്. വിഷു അട, വിഷുക്കഞ്ഞി, വിഷു കട്ട എന്നിങ്ങനെ പല രുചിഭേദങ്ങളും ആസ്വദിക്കാനുള്ള അവസരവും കൂടിയാണ് വിഷു ആഘോഷം. ചക്കയും മാങ്ങയുമൊക്കെ ധാരാളം ഉള്ള സീസൺ ആയതിനാൽ ചക്ക വറുത്തതും മാമ്പഴ പുളിശ്ശേരിയും ഇല്ലാത്ത വിഷു മലയാളിക്ക് ഇല്ല.

और कहानियां पढ़ने के लिए क्लिक करें...