ഏരിയൽ വ്യായാമം ആന്‍റിഗ്രാവിറ്റി ഫിറ്റ്നസ് എന്നും അറിയപ്പെടുന്നു. വായുവിൽ തൂങ്ങിക്കിടന്നുകൊണ്ടുള്ള വ്യായാമമാണിത്. സീലിംഗിലും മറ്റും ഒരു തുണി തുല്യമായ നീളത്തിൽ ദൃഢമായി കെട്ടിയ ശേഷം ആ തുണി ദേഹത്ത് പൊതിഞ്ഞാണ് വ്യത്യസ്തമായ ഈ വ്യായാമങ്ങൾ ചെയ്യുക. എന്നാൽ എന്താണ് ഏരിയൽ ഫിറ്റ്നസ്? ഇതുകൊണ്ട് എന്താണ് പ്രയോജനം? ഈ ഫിറ്റ്നസ് ട്രെൻഡ് സ്ത്രീകൾക്ക് ഗുണകരമാണോ? ഇതെല്ലാം അറിയേണ്ടത് വളരെ പ്രധാനമാണ്.
അക്രോബാറ്റിക് ഫീൽ
ഇത് ഒരുതരം സ്കിൽ ആണെന്നാണ് ചലച്ചിത്രതാരം ടൈഗർ ഷ്‌റോഫിന്‍റെ പേഴ്സണൽ കോച്ചും ഫിറ്റ്നസ് കൺസൾട്ടന്‍റുമായ ജില്ലെ സിംഗ് പറയുന്നത്. സൈക്കിൾ ചവിട്ടാൻ പഠിച്ച് അത് ഓടിച്ച് ആസ്വദിക്കുന്നത് പോലെയാണിത്, അതിൽ ഒരു ചെറിയ ത്രില്ലും കുറച്ച് രസവുമുണ്ട്. ഇതിൽ നമ്മൾ വായുവിൽ തൂങ്ങി ഗുരുത്വാകർഷണത്തിന് എതിരായി വ്യത്യസ്ത വ്യായാമങ്ങൾ ചെയ്യുന്നു എന്ന് മാത്രം.
“നൈലോൺ നൈക്ര കൊണ്ട് തയ്യാറാക്കിയ ഒരു സിൽക്ക് തുണിയാണ് വ്യായാമത്തിന്‍റെ ഈ ഫോർമാറ്റിൽ ഉപയോഗിക്കുന്നത്. വളരെ ദൃഢതയേറിയതാണ് ഈ ഫാബ്രിക്. അതുപോലെ തികച്ചും വഴക്കമുള്ളതുമാണ്. അതിനാൽ തുണിയുടെ ഉരസലേറ്റ് ശരീരത്തിൽ വേദനയുണ്ടാകില്ല.”
“കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഇതൊരു മികച്ച വ്യായാമമാണ്. ഇത് അവരുടെ ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിക്കുന്നു. അവരിൽ വളർച്ചാ ഹോർമോണുകൾ നന്നായി ഉത്പാദിപ്പിക്കപ്പെടുന്നു. ആർത്തവചക്രം ക്രമമായി നിലനിർത്തുകയും ചർമ്മത്തിന് തിളക്കം നൽകുകയും ഇത് ചെയ്യുന്നു. ഈ വ്യായാമം ശരീരത്തെ സ്ട്രച്ച് ചെയ്യുന്നതിനാൽ ഉയരം വർദ്ധിപ്പിക്കാനും സഹായകമാകും.”
ഫിറ്റ്നസ്സ് നിലനിർത്തും
ഫരീദാബാദിൽ നിന്നുള്ള റേഡിയോളജിസ്റ്റായ ഡോ. കുൽവീൻ ഫിറ്റ്നസ് നിലനിർത്താൻ ഈ വ്യായാമം ഉപയോഗിച്ചതിന്‍റെ ഫലങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്, “ഈ വ്യായാമം ചെയ്തു തുടങ്ങുന്ന സമയത്ത് എന്‍റെ ശരീരത്തിലെ മിക്കവാറും എല്ലാ സന്ധികളും സ്റ്റിഫ് ആയിരുന്നു. ശരീരത്തിന്‍റെ സ്റ്റിഫ്നസ്സ് ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏരിയൽ വ്യായാമം വളരെ നല്ല ഓപ്ഷനാണ്. മുട്ടുവേദന കാരണം തറയിൽ വ്യായാമം ചെയ്യാൻ കഴിയാത്തവർക്ക് ഈ ശൈലി പരീക്ഷിക്കാം. ഇതിൽ ബാലൻസ്, ഫോക്കസ് എന്നിവയുടെ വളരെ നല്ല സംയോജനമുണ്ട്.”
“ഗർഭധാരണത്തിനും പ്രസവത്തിനും ശേഷം, പല സ്ത്രീകളുടെയും പെൽവിക് പ്രദേശം വളരെ ദുർബലമായിരിക്കും. ഒരു സ്ത്രീയുടെ പെൽവിക്, പുറകിലെ പേശികൾ ദുർബലമാണെങ്കിൽ കാൽമുട്ട്, കണങ്കാൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഈ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഏരിയൽ വ്യായാമങ്ങൾ ചെയ്യുന്നതെങ്കിൽ അത് വളരെ ഗുണം ചെയ്യും. പിന്നീട് ഇടുപ്പും കാൽമുട്ടും റീപ്ലേസ്‌മെന്‍റ് ചെയ്യേണ്ട ആവശ്യ൦ വരില്ല.”
“ഈ വ്യായാമ രീതി ചെയ്യാൻ ആഗ്രഹിക്കുന്നവർ വ്യായാമം ചെയ്യുന്ന വേളയിൽ തലകറക്കം ഉണ്ടാകുന്നില്ലന്ന് ഉറപ്പു വരുത്തണം. സെർവിക്കൽ പ്രശ്നമുള്ളവർ ഈ വ്യായാമരീതി ഒഴിവാക്കണം.”
“ഒരു വിദഗ്ദന്‍റെ മേൽനോട്ടത്തിൽ വ്യായാമാഭ്യാസം ചെയ്യുന്നതിന് ചെലവ് അൽപ്പം കൂടുതലാണ്, കാരണം നിലവിൽ ഈ വ്യായാമരീതി വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഉള്ളൂ. കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതോടെ സാധാരണക്കാർക്കും ഇത് സ്വീകരിക്കാനാകും.
വ്യായാമം ആരംഭിക്കു൦ മുമ്പ്
“ഏരിയൽ വ്യായാമങ്ങൾ പഠിപ്പിക്കുന്നതിന്, പരിശീലകന് ധാരാളം അനുഭവപരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 3 മാസമെങ്കിലും ഏതെങ്കിലും കോഴ്സും ചെയ്‌തിരിക്കണം. ഇതിൽ, വ്യായാമം ചെയ്യുന്നയാൾ എവിടെയാണ് തെറ്റുകൾ വരുത്തുന്നതെന്ന് പരിശീലകൻ പഠിക്കേണ്ടതുണ്ട്, കൂടാതെ അപകടസാധ്യത എങ്ങനെ കുറയ്ക്കാമെന്ന് പറയുകയും വേണം. ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിന് വഴിവെക്കും. ഹമ്മോക്ക് ഇൻസ്റ്റാൾ ചെയ്ത മേൽക്കൂരയുടെ ഫാസ്റ്റനറുകൾ ശരിയായി ഉറപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.” വിദഗ്‌ദ്ധ പരിശീലകൻ എന്ന നിലയിൽ ജിലേ സിംഗ് പറയുന്നു.
“ഏരിയൽ വ്യായാമങ്ങൾ ചെയ്യുമ്പോൾ യാതൊരു തരത്തിലുമുള്ള ആഭരണങ്ങളും ധരിക്കരുത്. വസ്ത്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള സിബ്ബോ ബട്ടണോ മൂർച്ചയുള്ള വസ്തുക്കളോ ഉണ്ടാകാൻ പാടില്ല.”
“ഏരിയൽ എക്‌സൈസ് ചെയ്യുന്നതിന് മുമ്പും ശേഷവും കുറച്ച് സമയത്തേക്ക് ഒന്നും കഴിക്കരുത്. ഒഴിഞ്ഞ വയറിൽ വ്യായാമം ചെയ്യുന്നത് മികച്ച ഫലം നൽകും. ഈ വ്യായാമം ചെയ്യുന്നതിന്, സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കണം. എല്ലായ്‌പ്പോഴും ലൈറ്റ് ആയിട്ടുള്ള വ്യായാമങ്ങളിൽ നിന്ന് അൽപ്പം ഹെവി ആയിട്ടുള്ള വ്യായാമങ്ങൾ ചെയ്തു മുന്നേറുകയാണ് വേണ്ടത്. വ്യായാമം ചെയ്യുന്ന പതിവ് തെറ്റിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.” ഫരീദാബാദിലെ മോഡേൺ ഡൽഹി ഇന്‍റർനാഷണൽ സ്‌കൂളിലെ ജിംനാസ്റ്റിക്‌സ് അധ്യാപികയായ സുനിത പറയുന്നു.
ഏരിയൽ എക്സർസൈസ്, ഫിറ്റ്നസിൽ പുതിയ ട്രെൻഡാണ്, അതിൽ കൂടുതൽ ആവേശമുണ്ട്. വിനോദത്തിനൊപ്പം ഫിറ്റ്‌നസ് നിലനിർത്താനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് പരീക്ഷിക്കുന്നതിൽ ദോഷമില്ല.
- ദിനചര്യയിൽ ഏരിയൽ വ്യായാമം ഉൾപ്പെടുത്തുക.
- പരമ്പരാഗത വ്യായാമങ്ങളുമായി ഏരിയൽ വർക്ക്ഔട്ടുകൾ മിക്സ് ചെയ്ത് ചെയ്യാം.
- പുരോഗതി ട്രാക്കുചെയ്യുന്നതിന് റെഗുലർ ക്ലാസുകൾ ഷെഡ്യൂൾ ചെയ്യുക.
- ശരീരം ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോൾ വിശ്രമിക്കുകയും ചെയ്യുക.
ഏരിയൽ വ്യായാമത്തിന്‍റെ ഗുണങ്ങൾ
- ഏരിയൽ വ്യായാമം ശരീരത്തിന്‍റെ വഴക്കവും ശക്തിയും മെച്ചപ്പെടുത്തുന്നു.
- ബാലൻസും ഏകോപനവും മെച്ചപ്പെടുത്തുന്നു.
- ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു.
- സ്ട്രെസ് റിലീഫും മാനസികാരോഗ്യവും പ്രോത്സാഹിപ്പിക്കുന്നു.
വിവിധത്തരം ഏരിയൽ വ്യായാമങ്ങൾ
ഏരിയൽ യോഗ: പരമ്പരാഗത യോഗാസനങ്ങളെ ഏരിയൽ ഹമ്മോക്കുകളുമായി സംയോജിപ്പിച്ചിട്ടുള്ളതാണിത്. നട്ടെല്ല് ഡീകംപ്രഷൻ, വിന്യാസം എന്നിവ മെച്ചപ്പെടുത്തുന്നു. ബോഡി പോസ്ച്ചറും കോർ ശക്തിയും മെച്ചപ്പെടുത്തുന്നു.
ഏരിയൽ സിൽക്ക്സ്: തൂക്കിയിടുന്ന സിൽക്ക് ഹാങ്കറിൽ അക്രോബാറ്റിക് ചലനങ്ങൾ നടത്തുന്ന വ്യായാമമാണിത്. അപ്പർ ബോഡിയും കോർ ശക്തിയും ബിൽഡ് ചെയ്യും. ആത്മവിശ്വാസവും അവബോധവും വർദ്ധിപ്പിക്കുന്നു.
ഏരിയൽ ഹൂപ്പ്: ഏരിയൽ അക്രോബാറ്റിക്‌സിനായി തൂക്കിയിട്ട ഒരു ഹൂപ്പ് ഉപയോഗിക്കുന്നു. ചടുലതയും വഴക്കവും വർദ്ധിപ്പിക്കുന്നു. ഇത് ഒരു ഫുൾ ബോഡി വർക്ക് ഔട്ട് ആണ്.