നളിനാക്ഷൻ നിർദോഷവാനായ ഒരാളായിരുന്നു. നഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫീസിലായിരുന്നു അയാൾക്ക് ജോലി. ഒരു ഹൗസിംഗ് കോളനിയിലാണ് അയാൾ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സുഖമായി കഴിയുന്നത്. സർക്കാർ ജീവനക്കാർ മാത്രം താമസിക്കുന്ന കോളനി ആയിരുന്നു അത്. അയൽക്കാരുമായി നളിനാക്ഷന് നല്ല ബന്ധമാണ് ഉള്ളത്. ഒരു നിർഗുണപരബ്രഹ്മം എന്നാണ് അടുത്തറിയാവുന്നവർ നളിനാക്ഷനെപ്പറ്റി പറയാറ്.
അയാൾക്ക് പക്ഷേ പക്കവട വലിയ ഇഷ്ടമായിരുന്നു. പക്കവട ഭ്രാന്തൻ എന്നുതന്നെ പറയാം. ഞായറാഴ്ച രാവിലെ പക്കവട നിർബന്ധമാണ് കക്ഷിക്ക്. ശനിയാഴ്ച രാത്രി തന്നെ അടുത്ത ദിവസം പക്കാവട ഉണ്ടാക്കാനായി ഭാര്യയെ അയാൾ ചട്ടം കെട്ടും. അത്രയ്ക്ക് കൊതിയാണ് അയാൾക്ക്. നിക്ക പൊറുതിയില്ലാതെ അയാൾ ചോദിക്കും നാളെ എന്ത് പക്കവടയാണ് ഉണ്ടാക്കുന്നത്. ഉരുളക്കിഴങ്ങ് ആണോ കോളിഫ്ലവറോ. അതോ സാദാ നാടൻ പക്കവടയാണോ? ഭാര്യക്ക് പറയേണ്ടതായി വരും. അത്രയ്ക്ക് ആകാംക്ഷയാണ് നളിനാക്ഷന്. ഇങ്ങനെയുണ്ടോ, ഒരു കൊതിയൻ എന്ന് ഭാര്യ ഇടയ്ക്ക് ആലോചിക്കാറുണ്ട്. കുട്ടികൾക്ക് പോലും ഇത്ര കൊതിയില്ല. നളിനാക്ഷൻ അങ്ങനെയാണ്. അയാളുടെ മുഖത്ത് ശിശു സഹജമായ ഒരു നിഷ്കളങ്കത ഉണ്ട്.
സ്വപ്നത്തിൽ പോലും പക്കവട തിന്നുന്ന കാര്യമാണ് അയാൾ അധികവും കാണാറ്. പക്ഷേ എല്ലാ ഞായറാഴ്ചയും ഒരേ തരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കുട്ടികൾക്ക് കുട്ടികൾ മടുത്തിരിക്കുന്നു. അതിനാൽ പക്കവട തിന്നാൻ കുട്ടികൾ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. ഞങ്ങൾക്ക് വേറെ എന്തെങ്കിലും മതി. പുട്ടോ ദോശയോ… അങ്ങനെ എന്തെങ്കിലും. പപ്പയ്ക്ക് വേണമെങ്കിൽ അമ്മ പക്കവട ഉണ്ടാക്കിക്കൊടുത്തോ… ഞങ്ങൾക്ക് വേണ്ട…. കുട്ടികൾ പറയും.
ഞായറാഴ്ച ഭർത്താവിനും കുട്ടികൾക്കും അവധിയായതിനാൽ വീട്ടിൽ ആഘോഷമാണ്. എല്ലാവരും ഉള്ള ദിവസം വച്ച് വിളമ്പാനും നളിനാക്ഷന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്. അനഘേ… തൊട്ടതിനും പിടിച്ചതിനും ഒക്കെ നളിനാക്ഷൻ ഭാര്യയെ വിളിക്കും. വീട്ടിൽ പിടിപ്പത് പണിയുണ്ടാവും. അനഘ പക്ഷേ മുഷിച്ചിലൊന്നും പ്രകടിപ്പിക്കാതെ എല്ലാം മാനേജ് ചെയ്യും. പക്ഷേ അനഘയ്ക്ക് ഒരു കാര്യത്തിലെ നീരസം ഉണ്ടായിരുന്നുള്ളൂ. നളിനാക്ഷൻ ഒരിക്കലും പക്കാവട ഉണ്ടാക്കിയാൽ അനഘയെ അഭിനന്ദിക്കില്ല. നന്നായി എന്നുപോലും പറയില്ല. എല്ലാം തിന്നതിനുശേഷം ഏമ്പക്കം വിട്ട് എഴുന്നേൽക്കുമ്പോൾ അനഘ സ്നേഹപൂർവ്വം ചോദിക്കും. എങ്ങനെയുണ്ട്? ആ കുഴപ്പമില്ല… ഇതിനേക്കാൾ നന്നായി ഞാൻ ഉണ്ടാക്കും. ഇങ്ങനെയാവും നളിനാക്ഷന്‍റെ മറുപടി.
ഇത് കേൾക്കുമ്പോൾ അനഘയ്ക്ക് മനോവിഷമം തോന്നാറുണ്ട്. എന്നിട്ട് പ്ലേറ്റ് എടുത്തിട്ട് പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോകും. പക്ഷേ ഭാര്യ പിറുപിറുക്കുന്നതൊന്നും നളിനാക്ഷനെ അലട്ടാറില്ല. ടിവിയുടെ വോള്യം കൂട്ടിക്കൊണ്ട് അയാൾ ഇതൊക്കെ മറികടക്കും.
രാമേട്ടൻ ഫലിതപ്രിയനാണ്. നളിനാക്ഷന്‍റെ അയൽവാസി മാത്രമല്ല അയാൾ സഹപ്രവർത്തകൻ കൂടിയാണ്. പല ഞായറാഴ്ചകളിലും ഭാര്യസമേതം രാമേട്ടൻ നളിനാക്ഷന്‍റെ വീട്ടിൽ പക്കവട കഴിക്കാൻ വരാറുണ്ട്. ഇരു കുടുംബങ്ങളും തമ്മിൽ വലിയ കൂട്ടാണ്. ഇന്ന് ഞായറാഴ്ചയാണ് രാമേട്ടൻ ഭാര്യയെയും കൂട്ടി നളിനാക്ഷന്‍റെ വീട്ടിൽ ഹാജർ ഉണ്ട്. ഡൈനിംഗ് ടേബിളിൽ പക്കവട ഹാജരായിട്ടുണ്ട്.
അനഘേ, ഇന്നത്തെ പക്കാവട കൊള്ളാലോ അപാരസ്വാദ് ഒരു വലിയ കഷണം വായിൽ വെച്ചുകൊണ്ട് രാമേട്ടൻ പറഞ്ഞു.
ഇതൊക്കെ ഇത്ര വലിയ കാര്യമാണോ. ഇതിനേക്കാൾ നന്നായി ഞാൻ ഉണ്ടാക്കും. നളിനാക്ഷൻ ഇടയ്ക്ക് കയറി പറഞ്ഞു.
അത് ശരി, എന്നാൽ അടുത്ത ഞായറാഴ്ച നളിനാക്ഷന്‍റെ വകയായിക്കോട്ടെ പക്കവട. അതിന്‍റെ രുചി ഒന്ന് അറിയണമല്ലോ രാമേട്ടന്‍റെ ഭാര്യ പറഞ്ഞു.
അതിനെന്താ, അടുത്ത ഞായറാഴ്ച പക്കവട എന്‍റെ വക. നളിനാക്ഷൻ ചിരിച്ചുകൊണ്ട് ഏറ്റു.
നിങ്ങൾ ഉണ്ടാക്കുന്ന പക്കവട ഞാൻ ഉണ്ടാക്കുന്ന പക്കവടയേക്കാൾ നല്ലതാണെങ്കിൽ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ അത് ഞാൻ ഉണ്ടാക്കുന്നതിനേക്കാൾ മോശമാണെങ്കിൽ പിന്നെ എന്‍റെ പാചകത്തെ എന്തായാലും അഭിനന്ദിച്ചേക്കണം. അനഘ ചിരിച്ചു കൊണ്ടാണെങ്കിലും കുറച്ച് ഉറക്കെയാണ് സംസാരിച്ചത്.
സംഗതി അഭിമാന പ്രശ്നമാണ്. വെല്ലുവിളി ഏറ്റെടുത്ത സ്ഥിതിക്ക് യെസ് പറഞ്ഞോളൂ രാമേട്ടൻ പറഞ്ഞു.
ശരി, ശരി… നളിനാക്ഷൻ മനസ്സില്ലാ മനസ്സോടെ ആണ് പറഞ്ഞത്. താൻ വെട്ടിലായതാണെന്ന കാര്യം പക്ഷേ നളിനാക്ഷന്‍റെ ബോധത്തിൽ ഉണ്ടായിരുന്നില്ല.
സംസാരത്തിനിടയിൽ അയാൾ അതങ്ങ് പറഞ്ഞുപോയതായിരുന്നു. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും മുന്നിൽ ആളാവാൻ വേണ്ടി തട്ടിവിട്ടതായിരുന്നു പാവം. അല്ലാതെ വെല്ലുവിളി ഏറ്റെടുത്തതൊന്നുമല്ല.
ശരി ചങ്ങാതി. ഇനി അടുത്ത ഞായറാഴ്ച നിന്‍റെ കൈപ്പുണ്യത്തിന് മാർക്കിടാൻ വരാം. രാമേട്ടൻ നളിനാക്ഷന്‍റെ തോളിൽ തട്ടി അവിടെ നിന്ന് ഇറങ്ങി. കൂടെ ഭാര്യയും.
അതിനെന്താ നേരത്തെ തന്നെ പോന്നോളൂ. നളിനാക്ഷൻ വീണ്ടും കയറി ഹെഡ് ചെയ്തു. അനഘ ചിരിച്ചുകൊണ്ട് അവരെ യാത്രയാക്കി.
വളരെ വൈകിയാണ് രാമേട്ടൻ വിവാഹം കഴിച്ചത്. ഭാര്യക്കും അയാൾക്കും തമ്മിൽ 12 വയസ്സിന്‍റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും രാമേട്ടനെ കണ്ടാൽ പ്രായം തോന്നുകയേയില്ല. നർമ്മപ്രിയനായ അയാളെ കോളനിയിലുള്ളവർക്കും വളരെ ഇഷ്ടമായിരുന്നു. നളിനാക്ഷന് ജേഷ്ഠ സഹോദരനെ പോലെയാണ് അയാൾ.
തിങ്കൾ മുതൽ ശനി വരെ എല്ലാവരും ഓഫീസ് കാര്യങ്ങളിലും സ്കൂൾ കാര്യങ്ങളിലും മുഴുകി. ശനിയാഴ്ച രാത്രി അനഘ നളിനാക്ഷനെ അക്കാര്യം ഓർമിപ്പിച്ചു.
നാളെ ഞായറാഴ്ചയാണ്. ഓർമ്മയുണ്ടോ? ശനി കഴിഞ്ഞാൽ ഞായറാഴ്ച ആണല്ലോ അതിപ്പോ പ്രത്യേകിച്ച് ഓർക്കാൻ ഉണ്ടോ? നളിനാക്ഷൻ കുറച്ച് നീരസത്തോടെയാണ് മറുപടി പറഞ്ഞത്.
നാളെയാണ് നിങ്ങൾക്ക് പക്കാവട ഉണ്ടാക്കാനുള്ളത്. അത് മറന്നു പോയോ?
എന്ത് ഞാനോ? നളിനാക്ഷൻ സത്യത്തിൽ ആ കാര്യം മറന്നു പോയിരുന്നു.
നാളെ രാവിലെ കുറച്ചു നേരത്തെ എഴുന്നേറ്റോളൂ. പുതിനയുടെ ചമ്മന്തി ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾക്ക് എന്‍റെ സഹായം പ്രതീക്ഷിക്കരുത്.
നളിനാക്ഷന്‍റെ ഉറക്കം നഷ്ടപ്പെട്ടുപോയി. ചക്കിന് വച്ചത് കൊക്കിന് കൊണ്ട പോലെയുള്ള അവസ്ഥ. താൻ എന്ത് പുലിവാലാണ് കയറിപ്പിടിച്ചതെന്ന് അപ്പോഴാണ് നളിനാക്ഷന് തോന്നിയത്. കുറച്ച് അഭിനന്ദനം കൊടുത്തിരുന്നുവെങ്കിൽ… ഈ ചതി പറ്റില്ലായിരുന്നു. അയാൾ ലൈറ്റ് ഓഫ് ആക്കി ഉറക്കം വരാൻ കാത്തു കിടന്നു.
ഞായറാഴ്ച 8 മണിയായി. നളിനാക്ഷൻ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു.
അല്ല എഴുന്നേൽക്കുന്നില്ലേ, നേരം ഒരുപാടായി. പക്കവട ഉണ്ടാക്കണ്ടേ? പത്തുമണിക്ക് നിങ്ങളുടെ ചങ്ങാതി രാമേട്ടൻ വരൂട്ടോ. അനഘ ഭർത്താവിനെ കുലുക്കി വിളിച്ചു.
നളിനാക്ഷൻ തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് 9 മണിയാവും മുമ്പ് തന്നെ അടുക്കളയിൽ കയറി.
എല്ലാ സാധനങ്ങളും മേശമേൽ വച്ചിട്ടുണ്ട്. ഇതും പറഞ്ഞ് അനഘ അടുക്കളയിൽ നിന്ന് വലിഞ്ഞു.
ഓ ശരി. നിന്‍റെ കൂടുതൽ സഹായം ഒന്നും വേണ്ട. കാര്യങ്ങൾ ഞാൻ ശരിയാക്കി കൊള്ളാം എന്ന് പറഞ്ഞ് ഭാര്യയെ ദയ അർഹിക്കുന്ന വിധം നോക്കി. ഞാൻ ചെയ്തോളാം. നിങ്ങൾ ടിവി കണ്ടോ എന്ന് ഭാര്യ പറയും എന്നാണ് അയാൾ കരുതിയത്. പക്ഷേ അത് ഉണ്ടായില്ല.
അത് ശരി, കൂടെ നിൽക്കേണ്ട ഒരു സന്ദർഭം വന്നപ്പോൾ ഒറ്റപ്പെടുത്തുന്നോ? ഏഴ് ജന്മം കൂടെയുണ്ടാവും എന്നൊക്കെയാണല്ലോ വീമ്പ് പറയാറ്. എന്നിട്ടിപ്പോ… മനസ്സിൽ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് നളിയാക്ഷൻ ഗ്യാസ് ഓൺ ചെയ്തു.
ഭാര്യ പക്കവട ഉണ്ടാക്കുന്നത് അയാൾ പലവട്ടം കണ്ടതാണ്. ആ ഓർമ്മയിൽ അടുപ്പത്ത് ചീനച്ചട്ടി വച്ചിട്ട് അയാൾ എണ്ണയൊഴിച്ച് ചൂടാക്കാൻ തുടങ്ങി. പക്കവട ഉണ്ടാക്കാനുള്ള ചേരുവകൾ എല്ലാം ഉണ്ടായിരുന്നു. അയാൾ ഒരു ബേയ്സനിൽ മാവ് എടുത്ത് അതിൽ ഉപ്പും മുളകും സവാളയും മറ്റു ചേരുവകളും ഇട്ടു. എന്നിട്ട് വെള്ളത്തിൽ കുഴച്ചെടുത്തു. വെള്ളം കൂടി പോയതിനാൽ വീണ്ടും കടലപ്പൊടി വിതറി കുഴമ്പ് ശരിയായ പരിവത്തിൽ ആക്കി. എന്നിട്ട് അടുപ്പിനടുത്തേക്ക് നീങ്ങി. തീ ആളിക്കത്തുന്നുണ്ടായിരുന്നു. അതിനാൽ തന്നെ എണ്ണ നന്നായി തിളച്ചു മറിയുന്നുണ്ടായിരുന്നു. അതിലേക്ക് കടലമാവ് മിശ്രിതം കുറച്ച് ഇടാൻ തുടങ്ങി. എണ്ണ അയാളുടെ കയ്യിലേക്ക് തെറിച്ചു.
അയ്യോ… നളിനാക്ഷൻ ഉറക്കെ ശബ്ദിച്ചു.
എന്തുപറ്റി അനഘ വിളിച്ചു ചോദിച്ചു.
എണ്ണ തിളയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ അവർ വിളിച്ചുപറഞ്ഞു.
ഗ്യാസ് സിമിൽ ഇടൂ.
അയാൾ തീ കുറച്ചുവെച്ചു. എണ്ണയിലേക്ക് മാവ് ഇടാൻ തുടങ്ങി. നളിനാക്ഷന്‍റെ വിരൽ പൊള്ളി നീറുന്നുണ്ടായിരുന്നു. അയാൾ സിങ്കിനടുത്തുപോയി ടാപ്പ് തുറന്ന് വിരൽ വെള്ളത്തിൽ മുക്കി കൊണ്ടിരുന്നു. അപ്പോൾ നളിനാക്ഷന് കുറച്ച് ആശ്വാസം തോന്നി. ഉടനെ നളിനാക്ഷന്‍റെ മൊബൈൽ ശബ്ദിച്ചു. രാമേട്ടന്‍റെ കോൾ ആണ്. ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി. 10 മണിക്ക് എത്തുന്ന കാര്യം പറഞ്ഞ ശേഷം നാട്ടുവർത്തമാനത്തിലേക്ക് കടന്നു.
അയ്യോ നിങ്ങൾ അവിടെ എന്താണ് ചെയ്യുന്നത്. കരിഞ്ഞ മണം വരുന്നുണ്ടല്ലോ. അനഘ അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു. നളിനാക്ഷൻ വേഗം തന്നെ ഫോൺ കട്ട് ചെയ്തു. രാമേട്ടനോട് സംസാരിച്ച് സംസാരിച്ച് അടുപ്പിൽ പക്കാവട വച്ച കാര്യം നളിനാക്ഷൻ മറന്നു പോയിരുന്നു. അനഘ ഓടിവന്ന് ഗ്യാസ് ഓഫ് ചെയ്തു. നളിനാക്ഷനും അടുപ്പിനടുത്തെത്തി. പക്കവട ശരിക്കും കരിഞ്ഞു പോയിരുന്നു. എല്ലാം കറുപ്പ് നിറമായിരുന്നു. അനഘ കലിപൂണ്ട് അയാളെ നോക്കിയപ്പോൾ കൊച്ചുകുട്ടികൾ പേടിച്ചു നിൽക്കുന്ന മുഖഭാവത്തോടെ നളിനാക്ഷൻ പറഞ്ഞു. അത് രാമേട്ടന്‍റെ ഫോൺ ആയിരുന്നു. അമ്മേ രാമേട്ടനും ആന്‍റിയും വന്നിട്ടുണ്ട്. അനഘയുടെ മോൻ അടുക്കളയിൽ വന്നു പറഞ്ഞു.
നളിനാക്ഷാ പക്കാവട റെഡിയായോ?
രാമേട്ടൻ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് വന്നു. കരിഞ്ഞ മണവും ചട്ടിയിലെ കറുത്ത പക്കവടയും കണ്ട് രാമേട്ടന് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.
ഭാര്യയെ അഭിനന്ദിച്ചിരുന്നുവെങ്കിൽ ഈ ഞായറാഴ്ച കരിദിനം ആകുമായിരുന്നില്ലല്ലോ നളിനാക്ഷാ… രാമേട്ടൻ തമാശ പൊട്ടിച്ചു. എല്ലാവരും കോലായിൽ പോയി ഇരുന്നോളൂ. ഞാനിപ്പോൾ തന്നെ വേറെ പക്കാവട ഉണ്ടാക്കിത്തരാം. മോനേ അച്ഛന്‍റെ വിരലിൽ ക്രീം പുരട്ടി കൊടുക്കൂ. അനഘ സൗമ്യമായി എന്നാൽ എല്ലാവരും കേൾക്കെ മകനോട് പറഞ്ഞു.
നളിനാക്ഷന്‍റെ മുഖം അപ്പോൾ ഒന്ന് കാണേണ്ടതായിരുന്നു. അനഘ പക്കാവട ഉണ്ടാക്കുമ്പോഴേക്കും രാമേട്ടന്‍റെ ഭാര്യ ചായയും ഇട്ടു. അരമണിക്കൂറിനകം അവരെല്ലാവരും ഡൈനിംഗ് ടേബിളിൽ ഒത്തുകൂടിയിരുന്നു പക്കാവടയും ചായയും കഴിക്കാൻ തുടങ്ങി.
ഇന്നത്തെ പക്കാവട എങ്ങനെയുണ്ട്. അനഘ ആരോടെനില്ലാതെ ചോദിച്ചപ്പോഴേക്കും നളിനാക്ഷൻ ചാടി കയറി ഇങ്ങനെ പറഞ്ഞു.
എന്‍റെ ഭാര്യയെ നിനക്ക് അപാര കൈപ്പുണ്യം അല്ലേ. ഇത്രയും രുചികരമായ പക്കാവട ഞാൻ ഇന്നേവരെ കഴിച്ചിട്ടില്ല?
ഇത് കേട്ട് എല്ലാവരും ചിരിച്ചു. ആ സന്തോഷത്തിനിടയിൽ അനഘ പ്രിയ ഭർത്താവിന്‍റെ വായിൽ ഒരു വലിയ പക്കാവട വച്ചുകൊടുത്തു. അതൊരു നല്ല ഞായറാഴ്ചയായിരുന്നു.