മമ്മി…. ഈ മമ്മി എവിടെ പോയി? മകൾ രേണുകയുടെ ശബ്ദം കേട്ട് ഗോമതിയമ്മ തിരിഞ്ഞുനോക്കി.
ആഹാ… ഇവിടെ ഇരിക്കുകയായിരുന്നോ? വീട് മുഴുവനും തിരഞ്ഞു. ഈ ഇരുട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് എന്തിനാ? ഇതുവരെ ഒരുങ്ങിയില്ലേ? ഈ ഒരു ദിവസം എത്തുമ്പോൾ മമ്മി എന്തിനാ ഇത്രമാത്രം വിഷമിക്കുന്നത്?
ഏപ്രിൽ ഒന്ന്. ഈ ദിവസം തനിക്ക് എങ്ങനെ സന്തോഷമായിരിക്കാൻ പറ്റും. വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് മകൾ മൃദുല മരണത്തിലേക്ക് നടന്നകന്നത്. അവളുടെ ഓർമ്മയ്ക്കായി ആണ് 25 കൊല്ലം മുമ്പ് മൃദുലാസ് ഹാപ്പി ഹോം സ്ഥാപിച്ചത്. ഇന്ന് അതിന്‍റെ രജത ജൂബിലി ആഘോഷമാണ്. ഗോമതിയമ്മ ഓർമ്മകളുടെ ലോകത്തിലൂടെയുള്ള യാത്ര മതിയാക്കി മകളെ നോക്കി.
മമ്മി, വേഗം റെഡിയാവ്. പപ്പാ നേരിട്ട് പ്രോഗ്രാമിന് എത്തിച്ചേരാമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മൾ വീട്ടിൽ നിന്നും തിരിച്ചിട്ടുണ്ടോ എന്നറിയാൻ അനാഥാലയത്തിൽ നിന്നും വിളിച്ചിരുന്നു.
അനാഥാലയം എന്ന് പറയരുത് എന്ന് നിന്നോട് നൂറാവർത്തി പറഞ്ഞിട്ടില്ലേ. അതും നമ്മുടെ വീട് തന്നെയാണ്. നമ്മുടെ മൃദുല മോളുടെ ഓർമ്മയ്ക്കായി കരുതിവെച്ച നമ്മുടെ വീടാണ് അത്. ഗോമതിയമ്മ മകളെ തിരുത്താൻ ശ്രമിച്ചു.
സോറി മമ്മി, വേഗം തയ്യാറാവ്. അരുൺ ചേട്ടൻ ഇപ്പോൾ ഇങ്ങെത്തും.
മുഖ്യഅതിഥി ദീപം തെളിച്ചതോടെ പരിപാടി തുടങ്ങി. ചുവരിൽ ഉള്ള മകളുടെ വലിയ ചിത്രത്തിൽ ഹാരം അർപ്പിക്കുമ്പോൾ ഗോമതി അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.
പരിപാടിയുടെ സമാപനത്തിനു മുമ്പായി ഗോമതിയമ്മയ്ക്ക് രണ്ടു വാക്ക് പറയേണ്ടതായി വന്നു. അവർ വികാരാധീനയായി. ബഹുമാന്യ സുഹൃത്തുക്കളെ, 25 വർഷങ്ങൾക്കു മുമ്പ് ഞാനും ഭർത്താവും ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഞങ്ങളുടെ ഈ ചെറിയ സംരംഭം വളർന്ന് പന്തലിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത്രയേറെ പേരുടെ സഹായസഹകരണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന് പല പ്രായത്തിലുള്ള 500 അധികം കുട്ടികൾ ഇവിടെയുണ്ട്. മൂന്ന്പേർ സ്കോളർഷിപ്പ് പാസായി ഡോക്ടറായിട്ടുണ്ട്. പത്തിലധികം പേർ എൻജിനീയർമാരായി. കൂടാതെ ഉയർന്ന പദവികളിൽ ജോലി ചെയ്യുന്നവരും അനവധിയാണ്. ഇതിലും അധികം അഭിമാനിക്കാൻ എന്തുവേണം. ഇവിടത്തെ കുട്ടികളുടെ മുഖത്ത് എന്നെന്നും സന്തോഷം നിറഞ്ഞ നിൽക്കട്ടെ നന്ദി.
സദസ്സിൽ നിന്നും വലിയൊരു കരഘോഷമുണ്ടായി. ഈ അഭിനന്ദനത്തിന് യാഥാർത്ഥ്യത്തിൽ താൻ അർഹയാണോ? ഗോമതിയമ്മ ചിന്തിച്ചു. ഇന്ന് ഹാപ്പി ഹോമിലെ കുട്ടികൾക്ക് നൽകിയ വാത്സല്യത്തിന്‍റെ ചെറിയൊരു അംശമെങ്കിലും താൻ മൃദുല മോൾക്ക് നൽകിയിരുന്നോ?
മനസ്സിന്‍റെ കോണിൽ നിന്നും ചിന്തകൾ പതുക്കെ തലയുയർത്തി. സ്വന്തം ചെയ്തികളിലേക്കെത്തി നോക്കിയപ്പോൾ എന്തെന്നില്ലാത്ത മനസ്സാക്ഷിക്കുത്ത് തോന്നി. ഗോമതിയമ്മ മനസ്സ് എന്ന കണ്ണാടിക്ക് അഭിമുഖമായി നിൽക്കാൻ പോലും ഭയന്നു.
ഗോമതിയുടെ മനസ്സ് ഗതകാല സ്മരണകളുടെ ചുവടു പറ്റി അലഞ്ഞു നടന്നു. മൃദുലയെ ആദ്യമായി കണ്ടുമുട്ടിയതും നഷ്ടമായതും… വർഷങ്ങൾക്കു മുമ്പ് അച്ഛൻ രാജീവിനും മുത്തശ്ശിക്കും ഒപ്പം താമസിക്കാൻ എത്തിയതായിരുന്നു മൂന്നുവയസ്സുകാരി മൃദുല.
അയൽപക്കത്ത് പുതിയ താമസക്കാരെത്തുമ്പോൾ അവരെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംഷ ആരിലും ഉണ്ടാകും. അമ്മയും ഈ കാര്യത്തിൽ വ്യത്യസ്ത ആയിരുന്നില്ല.
ഗോമതിയുടെ അമ്മയും അച്ഛനും പുതിയ അയൽക്കാരെ പോയി പരിചയപ്പെട്ടു. അവരെ വീട്ടിലേക്ക് ക്ഷണിച്ചു. അമ്മ അവർക്ക് ചായയും പലഹാരങ്ങളും തയ്യാറാക്കി കൊടുത്തു.
നല്ല മനുഷ്യരാ. ഒരു കൊച്ചുമോൾ ഉണ്ട്. മൃദുല. അമ്മയില്ലാത്ത കുട്ടിയാ അത്. മൂന്നുമാസമേയായുള്ളൂ അവളുടെ അമ്മ മരിച്ചിട്ട്.
ഇത്ര ചെറുപ്രായത്തിൽ അവർക്ക് എന്തു പറ്റി? ഗോമതി ആശ്ചര്യത്തോടെ ചോദിച്ചു.
ഗർഭാശയ ക്യാൻസർ. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം യൂട്രസ് നീക്കം ചെയ്തു. അപ്പോഴേക്കും ക്യാൻസർ പടർന്നു കഴിഞ്ഞിരുന്നു. മുത്തശ്ശിയിൽ നിന്ന് കേട്ട കാര്യങ്ങൾ അമ്മ വിവരിച്ചു.
മൃദുലയുടെ കരച്ചിൽ കേട്ട് ഗോമതി പുറത്തേക്കിറങ്ങി. മുത്തശ്ശി കൊച്ചുമകളെ മടിയിൽ ഇരുത്തി കാക്കയെയും പക്ഷികളെയും കാണിച്ച് കരച്ചിൽ നിർത്താൻ ശ്രമിക്കുകയായിരുന്നു. പക്ഷേ മൃദുല കരച്ചിൽ നിർത്തുന്ന മട്ടേയില്ല.
റോസ് നിറത്തിൽ കൊച്ചു പൂക്കളോട് കൂടിയ ഫ്രോക്ക് അവൾക്ക് ഏറെ ഇണങ്ങുന്നുണ്ടായിരുന്നു. അവളുടെ മുഖത്തേക്ക് വീണുകൊണ്ടിരുന്ന ചുരുണ്ട മുടി മുത്തശ്ശി ഇടയ്ക്കിടയ്ക്ക് വകഞ്ഞു മാറ്റിക്കൊണ്ടിരുന്നു. ഗോമതി മുറ്റത്തുനിന്നിരുന്ന ഒരു റോസാപ്പൂവ് ഇറുത്തു റോഡ് മുറിച്ച് കടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് മുത്തശ്ശി പുറകോട്ട് തിരിഞ്ഞു നോക്കി.
നമസ്തേ ആന്‍റി. ഗോമതി മുത്തശ്ശിയെ നോക്കി കൈകൂപ്പി. ഗോമതിയുടെ പിന്നാലെ അമ്മയും അവിടെ എത്തിച്ചേർന്നിരുന്നു.
മോളെ, എന്തിനാ കരയുന്നത്? പുതിയ വീട് ഇഷ്ടമായില്ലേ? ഗോമതിയുടെ അമ്മ വാത്സല്യത്തോടെ മൃദുലയുടെ കവിളിൽ തടവി.
മൃദുല കരച്ചിൽ നിർത്തി. അത്ഭുതത്തോടെ അവരെ തന്നെ ഉറ്റുനോക്കി. അടുത്തു വരാനായി ഗോമതി കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ തലകുലുക്കി അവൾ ആ ക്ഷണം നിരസിച്ചു. ഗോമതി റോസാപ്പൂവ് അവൾക്ക് നേരെ നീട്ടിയപ്പോൾ മൃദുല അടുത്തേക്ക് വന്നു. ഗോമതി അവളെയും എടുത്ത് വീട്ടുമുറ്റത്തെ കൊച്ചു പൂന്തോട്ടത്തിൽ എത്തി. പല വർണ്ണത്തിൽ ഉള്ള പൂക്കൾ കണ്ട് മൃദുല കൈകൊട്ടി ചിരിച്ചു.
മൂന്നുമാസത്തിനിടയിൽ കൊച്ച് ഇന്നാണൊന്ന് തുറന്നു ചിരിക്കുന്നത്. മുത്തശ്ശി നിർമ്മലാദേവി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. മുത്തശ്ശി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വേണ്ടെന്ന അർത്ഥത്തിൽ അവൾ ഗോമതിയുടെ തോളിൽ ഇറുകിയെ പിടിച്ചു.
ഗോമതി മുത്തശ്ശിയുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി. ഗോമതി കോരി കൊടുത്തപ്പോൾ അവൾ യാതൊരു അപരിചിതത്വവും കൂടാതെ കഴിച്ചു. ഗോമതിയുമായി ഏറെ അടുത്തിഴപഴകിയതോടെ അവൾ വീട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. രാജീവ് മടങ്ങിയെത്തി ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ ആണ് അവൾക്ക് വീട്ടിലേക്ക് വരാനായത്. കുട്ടി അവളെ വിടുന്നില്ല.
ഒരു രാത്രി മൃദുലയ്ക്ക് കടുത്ത പനി ഉണ്ടായി. പിറ്റേന്നാണ് ഗോമതി ഇതേക്കുറിച്ച് അറിയുന്നത്.
ആന്‍റി, എന്തേ എന്നെ വിളിക്കാതിരുന്നത്?
മോളെ, ഇത് ഒറ്റ രാത്രിയുടെ കാര്യമല്ലല്ലോ? ആ ജീവനാന്തം വേണ്ടതല്ലേ. അമ്മയില്ലാത്ത ഈ കുഞ്ഞിനെ നീ സ്നേഹിച്ച ലാളിച്ച് പൊന്നുപോലെ ഒരു വർഷം നോക്കി. മോൾക്ക് രാജീവിനെ വിവാഹം കഴിച്ച് എന്നെന്നേക്കുമായി ഈ വീടിന്‍റെ മരുമകളായി കൂടെ?
നിർമ്മലാ ദേവി അവളുടെ കയ്യിൽ പിടിച്ചു. അവരുടെ കണ്ണുനിറഞ്ഞു. അമ്മ പറയുന്നത് കേട്ട് രാജീവിന്‍റെ മുഖം മാറി.
ഈ അമ്മയുടെ ഒരു കാര്യം. അമ്മയ്ക്ക് ആരോട് എങ്ങനെ സംസാരിക്കണം എന്നൊരു നിശ്ചയവും ഇല്ലേ?
രാജീവ് കോപാകുലനായി. മകന്‍റെ മുഖത്ത് ഇതുപോലെ ദേഷ്യം നിർമ്മല ദേവി ആദ്യമായാണ് കാണുന്നത്. അവിവാഹിതയായ പെൺകുട്ടിയാണ് ഗോമതി. ഒരു വിഭാര്യന്‍റെ പങ്കാളിയാവാൻ ക്ഷണിച്ചാൽ ഇഷ്ടം ആകുമോ?
ഗോമതി, അമ്മ പറയുന്നത് കാര്യമാക്കല്ലേ. പ്രായം ഒരുപാട് ആയില്ലേ അതാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. രാത്രി നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി. മൃദുലയുടെ മനസ്സിൽ അമ്മയുടെ സ്ഥാനമാണ് നിങ്ങൾക്ക്. ഒരുപക്ഷേ നാളെ നിങ്ങൾ വിവാഹിതയായി പോയാൽ ഇവളെ പറഞ്ഞു മനസ്സിലാക്കുക പ്രയാസകരമാകും. രാജീവ് ജാള്യത മാറ്റാൻ എന്നോണം പറഞ്ഞു.
രാജീവിനോട് യാത്ര പറഞ്ഞു ഗോമതി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയിട്ടും യാതൊന്നും ചെയ്യാൻ മനസ്സു വന്നില്ല. ഗോമതി അമ്മയോട് നടന്നതൊക്കെ വിവരിച്ചു.
ഒരു ദിവസം മുഖവുര കൂടാതെ അച്ഛൻ അവളുടെ വിവാഹക്കാര്യം സംസാരിച്ചു. മോളെ, നിന്‍റെ വിവാഹം നടന്നു കാണണമെന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുവെന്ന് നിനക്കറിയാമോ? ആ ജീവനാന്തം സ്വന്തം വീട്ടിൽ തങ്ങുന്നതിനേക്കാൾ നല്ലത് ഭർത്താവും കുടുംബവും ഒക്കെയായി താമസിക്കുകയല്ലേ. രാജീവ് വിവാഹിതൻ ആണെങ്കിൽ പ്രായം കൊണ്ടും സ്വഭാവം കൊണ്ടും നിനക്ക് അനുയോജ്യനായിരിക്കും. നിനക്ക് രാജീവിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണെങ്കിൽ ഞാൻ അവരോട് സംസാരിക്കാം. മോള് നല്ലപോലെ ആലോചിച്ചു തീരുമാനത്തിലെത്തിയാൽ മതി.
രാത്രിയിൽ അവൾക്ക് ഒരു പോള കണ്ണടയ്ക്കാൻ ആയില്ല. ശാന്ത സ്വഭാവവും മിതമായ സംസാരവും ഉള്ള രാജീവിനെ പോലെ ഒരാളെ തന്നെയാണ് അവൾ ഭർത്താവായി ആഗ്രഹിച്ചത്. വിവാഹത്തിന് സമ്മതമാണെന്ന് കാര്യം രാവിലെ തന്നെ ഗോമതി അമ്മയെ ധരിപ്പിച്ചു.
15 ദിവസത്തിനകം ഗോമതിയും രാജീവുമായുള്ള രജിസ്റ്റർ വിവാഹം നടന്നു. മൃദുലയ്ക്കായിരുന്നു ഏറ്റവും സന്തോഷം. ഇനി മുതൽ ആന്‍റി ഞങ്ങളോടൊപ്പം താമസിക്കുമല്ലോ.
മോളെ, ഇനി മുതൽ ആന്‍റി എന്ന് വിളിക്കരുത്. മമ്മി എന്ന് വിളിക്കണം. കേട്ടോ. മുത്തശ്ശി കൊച്ചുമകളെ ഉപദേശിച്ചു.
ശരി, ഇനി മുതൽ ഞാൻ മമ്മി എന്ന് വിളിക്കാം. എന്തു സുന്ദരിയാ എന്‍റെ മമ്മി. മൂന്നു വയസ്സുകാരി മൃദുല ഗോമതിയുടെ തോളിലൂടെ കൈചുറ്റി.
സന്തോഷം നിറഞ്ഞ ഒരു വർഷം. ഇതിനിടെ രാജീവിന് ചെന്നൈയിലേക്ക് ട്രാൻസ്ഫറായി. മൃദുല സ്കൂളിൽ പോകാൻ തുടങ്ങി. ഗോമതി ഒരു കുഞ്ഞിനു ജന്മം നൽകാൻ പോകുന്നു എന്നറിഞ്ഞ് വീട്ടിൽ സന്തോഷം നിറഞ്ഞു.
മോളേ, നീ ഇനി ഒറ്റയ്ക്കിരുന്ന് ബോറടിക്കേണ്ട. നിനക്ക് കളിക്കാൻ ഒരു കൂട്ടു വരുന്നു.
പ്രസവശേഷവും ഗോമതി സ്വന്തം വീട്ടിൽ തന്നെ തങ്ങി. പരീക്ഷ കഴിഞ്ഞതോടെ രാജീവ് മൃദുലയെ ഗോമതിയുടെ അടുത്ത് കൊണ്ടാക്കി.
ഒരു ദിവസം ഗോമതി മൃദുലയുടെ മുടി ചീകി കൊടുക്കുകയായിരുന്നു. അതിനിടയ്ക്ക് രണ്ടുമാസം മാത്രം പ്രായമായ അരുൺ ഉറക്കെ കരഞ്ഞു.
അമ്മേ, അരുണിനെ ഒന്ന് എടുക്കൂ. ഞാൻ അപ്പോഴേക്കും ഇവൾക്ക് മുടി കെട്ടി കൊടുത്തിട്ട് വരാം.
അടുക്കളയിലെ തിരക്കൊതുക്കി അമ്മയെത്തി അരുണിനെ എടുത്തപ്പോഴേക്കും അവൻ കരഞ്ഞ അവശനായിരുന്നു. അമ്മ അരുണിന്‍റെ പുറത്തുതട്ടി അവന്‍റെ കരച്ചിൽ നിർത്താൻ ശ്രമിച്ചു. ആദ്യം സ്വന്തം കൊച്ചിനെ നന്നായി നോക്ക്. നീ എന്താ ഇതിനെ ജീവിതാന്ത്യം വരെ തലയിൽ കേറ്റി വയ്ക്കാൻ പോവുകയാണോ?
മൃദുലയ്ക്ക് അപ്പറഞ്ഞതിന്‍റെ അർത്ഥം മനസ്സിലായാലും ഇല്ലെങ്കിലും ഗോമതി ഉടനെ പ്രതികരിച്ചു, അമ്മയെന്തൊക്കെ വിഡ്ഢിത്തമാണ് പറയുന്നത്. മൃദുലയും അരുണും എനിക്കൊരു പോലെയല്ലേ.
ഇനി ഇതൊക്കെ ഞാൻ നിന്നെ പറഞ്ഞു മനസ്സിലാക്കണോ. സ്വന്തം കുഞ്ഞ് എന്നും സ്വന്തമായിരിക്കും. ദാ, കരഞ്ഞു കരഞ്ഞ് ഇവൻ കോലം കെട്ടു. കുഞ്ഞിന് പാല് കൊടുക്ക്.
ഗോമതി കുഞ്ഞിനെ കൈയിലെടുത്തതും അവൻ കരച്ചിൽ നിർത്തി.
മൃദുലയുടെ സ്കൂൾ തുറന്നു. ഗോമതി അരുണിനെയും മൃദുലയേയും കൂട്ടി ചെന്നൈയ്ക്ക് തിരിച്ചു. അരുണിനെ താലോലിച്ചും പരിപാലിച്ചും തുടങ്ങിയ ഗോമതിക്ക് മൃദുലയുടെ കാര്യത്തിലുള്ള ശ്രദ്ധ കുറഞ്ഞുവന്നു. തന്‍റെയൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു വന്ന് ഒന്നും മൃദുലയെ അവൾ നിർദ്ദാക്ഷിണ്യം തിരുത്തി.
ഒരു ദിവസം അടുക്കളയിൽ ജോലി തിരക്കിലായിരുന്നു ഗോമതി. 9 മാസം പ്രായമായ അരുണിനെ തൊട്ടിലിൽ പാട്ടുപാടി ഉറക്കുകയായിരുന്നു മൃദുല. പെട്ടെന്ന് വലിയൊരു വീഴ്ചയും അരുണിന്‍റെ ഉച്ചത്തിലുള്ള കരച്ചിലും… കയ്യിലുള്ള പാത്രം വലിച്ചെറിഞ്ഞ് ഗോമതി മുറിയിലേക്ക് ഓടിയെത്തി. അരുൺ നിലത്തു കിടന്ന് നിർത്താതെ കരയുന്നു. മൃദുല ഞെട്ടിത്തരിച്ച് മാറി നിൽക്കുന്നു.
എടി നീ എങ്ങനെയാ ഇവനെ താഴെ ഇട്ടത്? ഗോമതി അരുണിനെ വാരിയെടുത്ത് മൃദുലയെ നോക്കി അലറി.
മമ്മി, ഞാൻ തൊട്ടിലാട്ടുകയായിരുന്നു. പക്ഷേ അരുൺ എങ്ങിനെയോ തെറിച്ചുവീണു. മൃദുല വിറച്ചു കൊണ്ടു പറഞ്ഞു.
നുണ. നീ ശക്തിയായി തൊട്ടിലാട്ടിയപ്പോൾ അവൻ തെറിച്ചു വീണതാവും. നിനക്ക് പതുക്കെ തൊട്ടിലാട്ടിയാൽ പോരായിരുന്നോ? ഇനി അരുണിനെ തൊട്ടുപോകരുത്. കോപമടക്കാൻ ആവാതെ ഗോമതി മൃദുലയെ കുറെ അടിച്ചു.
അതോടെ അവർക്കിടയിൽ അകൽച്ച വളർന്നു. ഗോമതിയുടെ അനാവശ്യ ശകാരവും തിരസ്കാരവും കാരണം മൃദുല ഉൾവലിയാൻ തുടങ്ങി. സദാ ദുഃഖഭാവം ആയിരുന്നു അവളുടെ മുഖത്ത്. മുത്തശ്ശിക്ക് മൃദുലയുടെ അവസ്ഥ കണ്ട് സങ്കടം തോന്നി. അവളുടെ കണ്ണുകളിലെ വിവശതയും മൗനവും ഒരു നൂറായിരം പരിഭവങ്ങൾ ഒളിപ്പിച്ചു. ഗോമതി എല്ലാം അറിഞ്ഞുകൊണ്ടും അറിയാത്ത ഭാവം നടിച്ചു.
ഒറ്റപ്പെടലും തിരസ്കാരവും അടിക്കടി ആയതോടെ മൃദുല നാലാം ക്ലാസിൽ എത്തിയപ്പോഴേക്കും പഠനത്തിൽ ഒരുപാട് പിന്നിലായി കഴിഞ്ഞിരുന്നു.
ഗോമതി വീണ്ടും ഗർഭിണിയായി. രാജീവിനത് ഒട്ടും ഉൾക്കൊള്ളാൻ ആയില്ലെങ്കിലും ഗോമതിയുടെ ആഗ്രഹത്തിന് എതിരു നിന്നില്ലെന്ന് മാത്രം. ചെന്നൈയിലായിരുന്നു രേണുകയുടെ ജനനം.
ഏഴ് വയസ്സുകാരൻ അരുണിനെയും രണ്ടര വയസ്സുകാരി രേണുകയെയും ശ്രദ്ധിക്കുന്നതിനിടയ്ക്ക് ഗോമതിക്ക് 12- 13 വയസ്സുള്ള മൃദുലയെ ശ്രദ്ധിക്കാനേ സാധിച്ചില്ല.
മൃദുലയോടുള്ള ഗോമതിയുടെ പെരുമാറ്റം ദിനംപ്രതി മോശമാകുന്നത് കണ്ട് മുത്തശ്ശി ഒരു ദിവസം പ്രതികരിച്ചു. മോളെ, മൂന്നു വയസ്സുള്ളപ്പോൾ തൊട്ട് നീ മൃദുലയെ വളർത്തുന്നതല്ലേ. നീ അവളോട് ഇത്ര കടുത്ത് പെരുമാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അവളോട് ഒരല്പം സ്നേഹത്തോടെ പെരുമാറരുതോ. മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു.
മുത്തശ്ശിയുടെ ഈ പരിവേദനം എരിത്തീയിൽ എണ്ണയൊഴിക്കും വിധം എരിഞ്ഞതേയുള്ളൂ. കൊള്ളാം മുത്തശ്ശി. ഞാൻ ഇത്രയും നാൾ ചെയ്തതൊക്കെ വെറുതെയായല്ലോ. ഞാനെന്താ രണ്ടാനമ്മയെ പോലെയാണോ ഇവളോട് പെരുമാറുന്നത്? മൃദുലയെ വല്ലപ്പോഴും ഒന്ന് ശകാരിക്കുന്നതിനാണോ എനിക്കീ രണ്ടാനമ്മ പരിവേശം നൽകിയിരിക്കുന്നത്. എത്രയൊക്കെ നല്ലവൾ ആണെങ്കിലും രണ്ടാനമ്മ എന്നും രണ്ടാനമ്മ തന്നെയായിരിക്കും. ഗോമതി പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു.
ഒരു ദിവസം മുത്തശ്ശിക്ക് കടുത്ത നെഞ്ചുവേദന തോന്നി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. മൂന്നു മക്കളിലും മൃദുലേക്കായിരുന്നു മുത്തശ്ശിയോട് കൂടുതൽ ഇഷ്ടം. മുത്തശ്ശിയുടെ വിയോഗത്തോടെ മൃദുല തീർത്തും ഒറ്റപ്പെട്ടു. ഇടയ്ക്കൊക്കെ അവൾ മുത്തശ്ശിയുടെ ഫോട്ടോയിൽ നോക്കി കരയും. രാജീവ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കും.
ഗോമതിക്ക് ഒരിക്കലും മറക്കാനാവാത്ത ദിനം. അരുണും രേണവും ടെറസിൽ കളിക്കുകയായിരുന്നു. രേണുവിന്‍റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഗോമതി ടെറസിൽ എത്തിയത്. രേണുവിന്‍റെ കൈയിലെ പട്ടം അരുൺ തട്ടിപറിച്ച് പറത്താൻ ശ്രമിക്കുന്നു. മൃദുല നിശബ്ദതയായി ദൂരെ മാറിനിൽക്കുന്നു. ഗോമതി വേഗം രേണുവിനെ എടുത്ത് മൃദുലയോട് കയർത്തു. കൊച്ചനിയത്തി കരയുന്നത് കണ്ടിട്ടും നീ ഇങ്ങനെ മിണ്ടാതെ നിൽക്കുവാണോ, മൂത്തവളാണ് പോലും…
അരുണിന്‍റെ കൈയിൽ നിന്നും പട്ടം പറന്ന് മൂന്നുനാല് വീടുകൾക്ക് അപ്പുറമുള്ള കുറ്റിക്കാട്ടിൽ ചെന്നു വീണു. പട്ടം എടുക്കാനായി അരുൺ വേഗം പടികൾ ഇറങ്ങുന്നത് കണ്ട് ഗോമതി തടഞ്ഞു. നീ ഇവിടെ നിൽക്ക് ഇവൾ പോയി പട്ടം എടുത്തു കൊണ്ടുവരും.
മമ്മി, എപ്പോഴും ഞാനല്ലേ താഴെ പോയി പട്ടം എടുത്തു കൊണ്ടുവരുന്നത്. പടികൾ കയറി ഇറങ്ങി എന്‍റെ കാൽ വേദനിക്കുന്നു. ഞാൻ എടുക്കില്ല. മൃദുല വാശിപിടിച്ചു.
ആദ്യമായാണ് മൃദുല അമ്മയോട് പറ്റില്ലെന്ന് പറയുന്നത്. ഗോമതി ദേഷ്യം കൊണ്ടുവിറച്ചു. നീ അത്രയ്ക്കായോ. തർക്കുത്തരം പറയുന്നോ. നിന്‍റെ സഹോദരങ്ങളും ഇത് കണ്ടല്ലേ പഠിക്കുന്നത്. ഇന്ന് വൈകിട്ട് പപ്പ വരട്ടെ. വേഗം പോയി പട്ടം എടുത്തു കൊണ്ടുവാ.
ഗോമതി മൃദുലയെ തുടരെ നാലഞ്ചുവട്ടം അടിച്ചു. അവൾ ഏങ്ങിയേങ്ങി കരഞ്ഞ് ഗേറ്റ് തുറന്ന് ചെരിപ്പിടാതെ പുറത്തേക്ക് നടന്നു.
തലേന്ന് കനത്ത മഴ പെയ്തിരുന്നു. പതിവുപോലെ കാനകളിൽ മഴവെള്ളം കെട്ടിക്കിടന്നു. ഓടിപ്പോകുന്നതിനിടയിൽ മൃദുല കാൽ തെറ്റി കുഴിയിലേക്ക് വീണു.
ഇത് കണ്ട് ടെറസിൽ നിന്ന് ഗോമതി കുട്ടികളുമായി താഴേക്ക് ഓടി വന്നു. ഇലക്ട്രിക് വയർ മുറിഞ്ഞ് വെള്ളത്തിലേക്ക് വീണു കിടക്കുകയാണ്. ആ വെള്ളത്തിലേക്കാണ് മൃദുല വീണത്. ഓടിക്കൂടിയ ആളുകൾ മരക്കമ്പിന്‍റെ സഹായത്തോടെ പുറത്തെടുത്തപ്പോഴേക്കും മൃദുല മരിച്ചിരുന്നു.
മൃദുലയുടെ മൃതദേഹം കണ്ട് രാജീവ് ശരിക്കും പകച്ചു പോയി. ഗോമതി എന്തുചെയ്യണമെന്നറിയാതെ സ്തബ്ധയായി നിന്നു. മൃദുലയുടെ മരണം ഗോമതിയേയും രാജീവിനെയും രണ്ട് ധ്രുവങ്ങളിൽ എത്തിച്ചു. മറ്റു രണ്ടു മക്കൾ ഉണ്ടായിട്ടും അവർക്കിടയിൽ ശൂന്യത നിറഞ്ഞുനിന്നു.
ഒരു ദിവസം അരുൺ മൃദുലയുടെ കോപ്പി ബുക്ക് എടുത്ത് ഗോമതിക്ക് നൽകി. ഗോമതി പുസ്തകത്താളുകൾ മറിച്ച് തിരികെ വയ്ക്കാൻ ഒരുങ്ങുന്നതിനിടയിൽ മൃദുലയുടെ അക്ഷരം കണ്ട് വീണ്ടും പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. ഓരോ താളുകളും മറിക്കുമ്പോഴും ഗോമതിയുടെ കണ്ണ് നിറഞ്ഞു.
ഓരോ താളിലും മൃദുലയുടെ മനസ്സിന്‍റെ വേദന നിറഞ്ഞു നിന്നിരുന്നു. തന്‍റെ നിർദ്ദയമായ പെരുമാറ്റം കാരണം അവൾക്ക് അനുഭവിക്കേണ്ടിവന്ന വിഷമങ്ങൾ, അവളുടെ നിഷ്കളങ്ക മനസ്സിനോട് താൻ കാണിച്ച അനീതി, ഒറ്റപ്പെടൽ, ഏകാന്തത, അമ്മയുടെ സ്നേഹം കൊതിക്കുന്ന മനസ്സ്… മൃദുലയുടെ മനസ്സ് ആ പുസ്തകത്താളുകളിലൂടെ ഗോമതി വായിച്ചറിഞ്ഞു. അവളുടെ പിഞ്ചു മനസ്സ് എന്തുമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. കല്ലിനേക്കാൾ കഠിനമായിരുന്നു തന്‍റെ മനസ്സ്. ഗോമതിക്ക് കുറ്റബോധം തോന്നി.
വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാജീവിനെ ആ പുസ്തകം ഏൽപ്പിച്ച് അവൾ ഏങ്ങിയേങ്ങി കരയാൻ തുടങ്ങി. രാജീവ് ഓരോ താളുകളും മറിച്ച് ചേതനയറ്റതു പോലെ ഇരുന്നു. കുറെ നേരമായിട്ടും രാജീവ് മിണ്ടാതിരിക്കുന്നത് കണ്ട് ഗോമതിക്ക് ക്ഷമയറ്റു.
മൃദുല കാരണമാണ് എനിക്ക് താങ്കളെപ്പോലെ നല്ലൊരു ഭർത്താവും സന്തുഷ്ട കുടുംബജീവിതവും ലഭിച്ചത്. അതൊക്കെ മറന്നു ഞാൻ സ്വാർത്ഥതയോടെ സ്വന്തം സുഖത്തിന് പിന്നാലെ പായുകയായിരുന്നു. ഞാൻ മൃദുലയെ ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ല. എന്‍റെ തെറ്റുകളെ ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്… ഗോമതി ഏങ്ങിയേങ്ങി കരഞ്ഞു.
കുറേ നേരത്തെ മൗനത്തിനുശേഷം രാജീവ് ഇടറിയ സ്വരത്തിൽ പറഞ്ഞു, നീ ചെയ്തത് തെറ്റാണ്. അതിലും വലിയ തെറ്റാണ് ഞാൻ ചെയ്തത്. ഞാൻ അവളുടെ കാര്യങ്ങൾ തീരെ ശ്രദ്ധിക്കാറില്ലായിരുന്നു. അവൾ ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. അവൾക്ക് അർഹമായ സ്നേഹവും നൽകിയില്ല. ഇതിനുള്ള ശിക്ഷയായിരിക്കും ഇത്. ഇനി ഒരായിരം വട്ടം പശ്ചാത്തപിച്ചിട്ടും ഒരു കാര്യവുമില്ല. അവൾ മടങ്ങി വരില്ല. ഒരിക്കലും. ഇനിയുള്ള ജീവിതം ഈ കുറ്റബോധത്തിന്‍റെ വലിയ ഭാരവും പേറി തള്ളിനീക്കേണ്ടതായി വരും. അതാണ് നമുക്കുള്ള ശിക്ഷ, രാജീവ് വിതുമ്പി കരഞ്ഞു.
കാലത്തിന് ഏതു മുറിവും മായ്ക്കാൻ ആവുമെന്ന് പറയാറില്ലേ. മൃദുല മരിച്ചിട്ട് 27 വർഷമാകുന്നു. എന്നാൽ ഇന്നേവരെ ആ കുറ്റബോധത്തിൽ നിന്നും മോചിതയാവാൻ സാധിച്ചിട്ടില്ല.
മൃദുലയുടെ മരണത്തിനുശേഷം ഗോമതിയുടെ മനസ്സ് പശ്ചാത്താപത്തിന്‍റെ തീക്കുണ്ഡത്തിൽ എരിയുവാൻ തുടങ്ങി.
വീട്ടുജോലിക്കാരി വാസ്ന്തിക്ക് ചേരി പ്രദേശത്തെ വഴിയരികിൽ നിന്നും തുണിയിൽ പൊതിഞ്ഞ ഒരു പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചു. ഉറുമ്പരിച്ച നിലയിലായതിനാൽ ആദ്യം കുഞ്ഞിന് വേണ്ട പ്രാഥമിക ശുശ്രൂഷ നൽകി. ഒരാഴ്ചയായിട്ടും കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വരാതായപ്പോൾ ഗോമതി തന്നെ കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു. ഓട്ടോക്കാരൻ മുരുകേശൻ അനാഥരായ രണ്ടു കുഞ്ഞുങ്ങളെ കൂടി ഗോമതിയുടെ പക്കൽ കൊണ്ട് ചെന്നാക്കി.
നോക്കിനിൽക്കെ ഒരു വർഷത്തിനുള്ളിൽ അനാഥരായ കുട്ടികളുടെ എണ്ണം 15 ഓളം ആയി. ഗോമതിയമ്മ സഹായത്തിനായി 2 ആയമാരെ നിയോഗിച്ചു. വീടിനു പുറത്ത് മൃദുലാസ് ഹാപ്പി ഹോം എന്ന ബോർഡ് സ്ഥാപിച്ചു. അതോടെ ഉപേക്ഷിക്കപ്പെട്ട അനേകം കുഞ്ഞുങ്ങൾക്ക് അഭയകേന്ദ്രമായി ആ ഭവനം. കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്ഥാപനത്തിനുള്ള ഡോണേഷനും സഹായവും ഏറെ വന്നു. ഇത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആക്കിയിരുന്നു. സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ രാജീവിന്‍റെ സജീവ പിന്തുണയും ലഭിച്ചു. ഓരോ കുഞ്ഞിലും ഗോമതി മൃദുലയെ തേടുകയായിരുന്നു.