ഡോർ ബെൽ രണ്ടാമതും മുഴങ്ങുന്നത് കേട്ടപ്പോൾ നനഞ്ഞ ദേഹം ഒരുവിധം തുടച്ചെന്ന് വരുത്തി ശാലിനി ബാത്റൂമിൽ നിന്ന് പുറത്തിറങ്ങി. സ്റ്റഡി റൂമിൽ ആനന്ദ് ഉണ്ട്. “ഹേയ്, നിങ്ങൾ ഇവിടെയിരിക്കുകയാണോ? ആരോ ബെല്ലടിക്കുന്നത് കേട്ടില്ലേ, ഞാൻ ഡ്രസ് ചെയ്ഞ്ച് ചെയ്യട്ടെ.”

ശാലിനിയുടെ പരിഭവച്ചുവയുള്ള ചോദ്യത്തിന് ആനന്ദിന്‍റെ മറുപടി ഉടനെയെത്തി.

“ഞാൻ ഇന്‍റർനെറ്റിലാണ് ഡിയർ…”  ഇരിക്കുന്നിടത്തു നിന്ന് അനങ്ങാതെയുള്ള മറുപടി കേട്ടപ്പോൾ ശാലിനിക്ക് ദേഷ്യം വന്നു. ഒന്ന് എഴുന്നേറ്റാൽ രസച്ചരട് പൊട്ടുന്ന എന്താണ് ഇന്‍റർനെറ്റിൽ…? വിദേശത്ത് താമസിക്കുന്ന മകളോട് ചാറ്റ് ചെയ്യാനല്ലാതെ കമ്പ്യൂട്ടർ തൊടുന്ന ശീലം ശാലിനിക്കില്ല. കുഞ്ഞുമക്കളുടെ ചിത്രം മാസംതോറും എടുത്ത് മെയിൽ അയച്ചുതരും. അത് കാണാനും ഇടയ്ക്ക് കമ്പ്യൂട്ടർ നോക്കും. ആ സന്തോഷങ്ങൾക്കപ്പുറം ശാലിനിക്ക് കമ്പൂട്ടർ കൊണ്ട് ഒരു പ്രയോജനവുമില്ല.

വാതിലിൽ പിടിപ്പിച്ച ചെറിയ കണ്ണാടിച്ചില്ലിലൂടെ ശാലിനി പുറത്തേക്ക് നോക്കി. പത്രവാർത്തകൾ ഭയപ്പെടുത്തുന്നതാണല്ലോ… ആരാണ് പുറത്തെന്ന് അറിയാതെ വാതിൽ തുറക്കാറില്ല.

അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടി ജ്യോതിയാണ്. ശാലിനി വാതിൽ തുറന്നു.

“ആന്‍റി എന്താ വൈകിയത്… വാതിൽ തുറക്കാൻ.” മറുപടിക്ക് കാത്തുനിൽക്കാതെ അവൾ അകത്തേക്ക് കടന്നു.

“എനിക്കൽപ്പം പഞ്ചസാര വേണം. രാവിലെ ചായ ഇട്ടപ്പോഴാ പഞ്ചസാര തീർന്നെന്ന് കണ്ടത്…” ശാലിനി ഒന്നും മിണ്ടാതെ ജ്യോതിയുടെ കൈയിലെ പാത്രം വാങ്ങി. ജ്യോതി അപ്പോഴും നൈറ്റ് ഡ്രസാണ് ഇട്ടിരുന്നത്. നിറയെ ടെഡിയുടെ ചിത്രങ്ങളുള്ള ബേബി പിങ്ക് പൈജാമയും ടോപ്പും. ജ്യോതിയെ കണ്ടപ്പോൾ ശാലിനിക്ക് സ്വന്തം മകളെ ഓർമ്മവന്നു. ഇവളേക്കാൾ 5 വയസ് മൂപ്പ് കാണും. പക്ഷേ, നൈറ്റ് ഡ്രസിൽ വീടിന് പുറത്തിറങ്ങാറില്ല ജീവ. അയൽപക്കത്തുപോലും ആ വേഷത്തിൽ പോകാൻ മടിയാണ് ജീവയ്ക്ക്. എന്നാൽ ഇപ്പോഴത്തെ പെൺകുട്ടികൾ എത്രയോ മാറി…

“ഹായ് ജ്യോതി… സുപ്രഭാതം. നിന്‍റെ മധുരമായ ശബ്ദം കേട്ടപ്പോൾ വന്നതാണേ…” ആനന്ദ് ചിരിച്ചുകൊണ്ട് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിവന്നു.

“ഗുഡ്മോർണിംഗ് അങ്കിൾ…” ജ്യോതി കുസൃതിച്ചിരിയോടെ പറഞ്ഞു. “ഞാൻ അൽപം പഞ്ചസാര കടം വാങ്ങാൻ വന്നതാണ്.”

“എന്നാലിരിക്ക്, നീ ചായ കുടിച്ചിട്ടില്ലല്ലോ, ഒരു ചായ കുടിച്ചിട്ട് പോകാം. ശാലൂ, ഞങ്ങൾക്ക് ചായ തന്നാലും…”

ആനന്ദിന്‍റെ സംസാരം കേട്ടപ്പോൾ ശാലിനിക്ക് നേരിയ അനിഷ്ടം തോന്നി. “ഓ… നിങ്ങൾ ഭയങ്കര ബിസിയാണെന്നാ ഞാൻ കരുതിയത്. ഇപ്പോഴെന്തിനാണ് ഓടി വന്നത്?” വാതിൽ തുറക്കാൻ പോലും സമയമില്ലാതെ കമ്പ്യൂട്ടർ നോക്കിക്കൊണ്ടിരുന്ന ആളാണ് ജ്യോതിയുടെ ശബ്ദം കേട്ടപ്പോഴേ ഓടിവന്നിരിക്കുന്നത്.

“ഒരു സുന്ദരിക്കുട്ടി നേരിട്ട് വന്ന് ചാറ്റ് ചെയ്യുമ്പോൾ തിരക്കൊക്കെ ഒഴിവാക്കണമല്ലോ…”

“കഴിഞ്ഞയാഴ്ച പറയുന്നത് കേട്ടു, ചായകുടി ശീലം കുറയ്ക്കണമെന്ന്.” ശാലിനി വിടാനുള്ള മട്ടില്ല.

“താങ്ക്സ്, നീ അത് ഓർമ്മിച്ചല്ലോ… വൈകിട്ട് എനിക്ക് ചായ തരണ്ട. ഇപ്പോൾ പോയി എടുക്ക്.”

“അതേയാന്‍റി, എന്താ ടേസ്റ്റ് ആന്‍റിയുണ്ടാക്കുന്ന ചായയ്ക്ക്.” ജ്യോതി പറഞ്ഞു.

ശാലിനി അവൾ പറയുന്നത് മുഴുവൻ കേട്ട് നിൽക്കാതെ അടുക്കളയിലേക്ക് നടന്നു. അടുപ്പത്ത് വെള്ളം തിളയ്ക്കുന്നത് നോക്കി നിൽക്കുമ്പോൾ ചിന്ത ജ്യോതിയെക്കുറിച്ച് തന്നെയായിരുന്നു. തൊട്ടടുത്ത് വാടകവീട്ടിൽ താമസിക്കുകയാണ് ജ്യോതിയും റാണിയും.

ജ്യോതിയുടെ മാതാപിതാക്കൾ നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണ്. ജ്യോതിയുടെ അച്ഛൻ അവളോട് കുടുംബബിസിനസ്സ് നോക്കി നടത്താനാണ് പറഞ്ഞത്. പക്ഷേ, ജ്യോതിക്ക് സ്വന്തം ഇഷ്ടങ്ങളുണ്ട്, അവൾക്ക് സിനിമാതാരമാകാനാണ് ഇഷ്ടം. അതുകൊണ്ടാണ് അവൾ മുംബൈ നഗരത്തിൽ എത്തിയത്. പക്ഷേ, അച്ഛനമ്മമാർക്ക് അവൾ തെരഞ്ഞെടുത്ത പാത താൽപര്യമായിരുന്നില്ല. അടിയൊഴുക്കുകൾ ധാരളമുള്ള ഈ രംഗത്ത് എങ്ങനെ പിടിച്ചുകയറാനാണ്? അവളിവിടെ പാർട്ടികൾക്ക് പോകും, ആളുകളെ കാണും ഒരു ബ്രേക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ… പണം ചെലവാക്കാൻ അച്ഛനുള്ളതുകൊണ്ട് അവൾക്ക് പ്രശ്നമില്ല.

ശാലിനി ഇഞ്ചിച്ചായ ഉണ്ടാക്കാമെന്ന് കരുതി. തിളച്ച വെള്ളത്തിലേക്ക് രണ്ട് സ്പൂൺ തേയിലയിട്ടപ്പോൾ വെള്ളത്തിലേക്ക് മെറൂൺ നിറം പടരുന്നത് നോക്കിനിന്നു. രണ്ട് ഇഞ്ചിക്കഷ്ണങ്ങളും നേരത്തേ ചേർത്തിരുന്നു. അയൽപക്കത്തുള്ള കുട്ടി എന്ന പരിഗണനയല്ലാതെ ജ്യോതിയോട് ഒരു സ്നേഹവും തനിക്ക് തോന്നിയിട്ടില്ലല്ലോ എന്ന് ശാലിനി ആലോചിച്ചു. ആനന്ദ് ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് താനിപ്പോൾ ചായയിട്ട് കൊടുക്കാൻ പോലും തയ്യാറായത്. അതും ആനന്ദിന്‍റെ പ്രിയപ്പെട്ട ജിഞ്ചർ ടീ.

ഈയിടെയായി അവൾക്ക് എപ്പോഴും ഇങ്ങോട്ടൊരു വരവുണ്ട്. അത് തനിക്ക് വലിയ താൽപര്യമില്ല. ചിലപ്പോൾ പെൻ മടക്കി നൽകനാകും, പേപ്പറിൽ വന്ന നല്ലൊരു ലേഖനം കാട്ടിത്തരനാകും. എന്തായാലും അവളുടെ ആ വരവിലൊന്നും വലിയ താൽപര്യം തോന്നിയില്ല ശാലിനിക്ക്. ശാലിനിയുടെ ഭാഷയിൽ ചിന്തിച്ചാൽ ദിവസവും ചായ തിളപ്പിക്കുന്നതിലുള്ള താൽപര്യം പോലും…

അവളെ കാണുമ്പോഴേ തനിക്കെന്താണൊരു മൂഡ് ചെയ്ഞ്ച്? ആ സംശയം സ്വയം ചോദിച്ചു നോക്കി. ഇക്കാലത്ത് കാണുന്ന ഒരു മോഡേൺ പെൺകുട്ടി എന്നതിൽ കവിഞ്ഞ് ഒരു പ്രത്യേകതയുമില്ല അവൾക്ക്. എല്ലാ പെൺകുട്ടികളെയും പോലെ കളർഫുൾ (കളർഫുൾ എന്നുപറഞ്ഞാൽ ഇറുകിയ വസ്ത്രം ധരിക്കുന്നത്) വസ്ത്രം ധരിക്കുകയും മേക്കപ്പിനും വിലയേറിയ ആഭരണങ്ങൾ വാങ്ങാനും വാരിക്കോരി പണം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്.

സത്യം പറഞ്ഞാൽ ഇക്കാലത്ത് എല്ലാ പെൺകുട്ടികളും ഒരുപോലെയിരിക്കുന്നു. എങ്കിലും തനിക്ക് ജ്യോതിയോട് എന്തോ ഒരനിഷ്ടം മനസ്സിലുണ്ട്. ബ്രൗൺ നിറമുള്ള ചായയിലേക്ക് പാൽ ചേർത്തുകൊണ്ട് അതെന്താണെന്ന് ഓർമ്മിക്കാൻ ഒരിക്കൽക്കൂടി ശ്രമിച്ചു. പക്ഷേ, ലിവിംഗ് റൂമിൽ ഉയർന്നുകേട്ട പൊട്ടിച്ചിരി, ശലിനിയുടെ ചിന്തകളെ മുറിച്ചു.

“ഓ… അങ്കിൾ സ്റ്റോപ്… ചിരിച്ചിട്ട് വയറുവേദനിക്കുന്നു.”

ശാലിനി എത്തിനോക്കുമ്പോൾ സോഫയിൽ കമിഴ്ന്ന് കിടന്ന് ചിരിക്കുകയാണ് ജ്യോതി. ആനന്ദും വളരെയധികം സന്തോഷവാനായിരിക്കുന്നു.

ഇവർക്ക് എന്താണിത്ര ചിരിക്കാൻ. ആനന്ദ് വലിയ തമാശക്കാരനാണ് എന്നറിയാം. ജ്യോതിയും ആനന്ദും തമ്മിലുള്ള സൗഹൃദത്തിന്‍റെ കാരണവും അതാണ്. യൗവനകാലങ്ങളിൽ ആനന്ദിന്‍റെ തമാശകൾ കേട്ട് ചിരിക്കാനേ തനിക്കും നേരമുണ്ടായിരുന്നുള്ളൂ. ആനന്ദ് ദൂരെയായിരിക്കുമ്പോൾ പോലും ആ ഓർമ്മകളിൽ താനറിയാതെ ചിരിച്ചുപോകാറുണ്ട്.

അതൊക്കെ എത്രയോ കാലമായി. ഇപ്പോൾ മനസ്സ് തുറന്ന് ഒരുമിച്ച് ചിരിച്ചിട്ട് എത്ര കാലമായി. അപ്പോൾ തമാശ പറയാനുള്ള കഴിവ് ആനന്ദിന് നഷ്ടപ്പെട്ടിട്ടില്ല. ശാലിനി അൽപം കുശുമ്പോടെ ആലോചിച്ചു. ജ്യോതി ഇവിടെ വരുമ്പോഴൊക്കെ ആനന്ദ് ആ കഴിവ് പൊടിതട്ടി പുറത്തെടുക്കും. ചായ തിളച്ചുമറിഞ്ഞ് പുറത്തുപോകാറായി എന്ന് കണ്ട് ശാലിനി പെട്ടെന്ന് സ്റ്റൗ ഓഫ് ചെയ്തു.

അങ്ങനെയൊക്കെ സംഭവിക്കുമോ? പെട്ടെന്ന് ഒരു ചിന്ത മനസ്സിലൂടെ മിന്നൽപോലെ പാഞ്ഞുപോയി. കൂടിക്കുഴഞ്ഞ ചിന്ത, അവൾ ചായ കപ്പുകളിലേക്ക് ഒഴിക്കാൻ തുടങ്ങി. അവളുടെ കൈകൾ എന്തെന്നില്ലാതെ ശക്തിയോടെ വിറച്ചു. നിരത്തിവെച്ചിരിക്കുന്ന ചായക്കപ്പുകൾക്ക് മേലേക്ക് പാത്രം മറിഞ്ഞുവീണു. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പേ എല്ലാം കഴിഞ്ഞു… പാത്രം മറിഞ്ഞുടയുന്ന ശബ്ദത്തിനിടയിലും ശാലിനിയുടെ മനസ്സിൽ ആ സംശയം കൂടിക്കുഴഞ്ഞു. ജ്യോതിയും അദ്ദേഹവും തമ്മിൽ…?

“എന്താ ഒരു ശബ്ദം?” ആനന്ദ് അടുക്കളയിലേക്ക് വന്നു. തൊട്ടുപിന്നാലെ ജ്യോതിയും.

“എവിടെ ചായ?” ആനന്ദ് ചോദിച്ചു.

“അയ്യോ..” ജ്യോതി താഴേക്ക് നോക്കി. ചിതറികിടക്കുന്ന കപ്പുകൾ…

“സാരമില്ല ആന്‍റി… ചായ പിന്നെയാകാം. ഓകെ, ബൈ അങ്കിൾ…” ജ്യോതി തെല്ലൊരു വൈഷമ്യത്തോടെ വേഗം പോയി.

“ജ്യോതി ഭയന്നെന്നു തോന്നുന്നു, അല്ലെങ്കിൽ അവൾ സഹായിച്ചേനെ…” പൊട്ടിയ കപ്പുകൾ പെറുക്കിക്കൊണ്ട് ആനന്ദ് പറഞ്ഞു.

“എന്തായിത് പെണ്ണേ, ആ നല്ല ചായ കളഞ്ഞല്ലോ. എന്താ നിനക്ക് എന്തെങ്കിലും അസുഖമുണ്ടോ? ഇവിടം ഞാൻ ക്ലീൻ ചെയ്തോളാം.”

“ജ്യോതിയോട് സംസാരിച്ചിരിക്കാൻ വളരെ സന്തോഷമാണെന്ന് തോന്നുന്നല്ലോ…”

“നമ്മുടെ അതിഥികളെക്കുറിച്ച് മോശം സംസാരം വേണ്ട ശാലൂ… ഞാനവളെ വിളിച്ചുവരുത്തിയതല്ലല്ലോ… എന്നാലവൾ സ്വയം ക്ഷണിച്ച് വന്നതായിരിക്കും. അതിനെന്താ കുഴപ്പം? അവളൊരു പാവം കുട്ടി. സംസാരിച്ചിരിക്കാനും കൊള്ളാം.”

“അതേയതേ… അവളുമായി സംസാരിക്കാൻ നിങ്ങൾക്ക് ടോപ്പിക് തികയുന്നില്ല എന്നു തോന്നുന്നു. ആട്ടെ… എന്തായിരുന്നു വലിയ ചിരി…”

“ഓ… എന്തോ… പറഞ്ഞു… ഞാനതോർക്കുന്നില്ല, വയസ്സായില്ലേ ഡിയർ… ഭയങ്കര മറവി.”

“അതോർമ്മയുണ്ടായാൽ നന്ന്…” ശലിനി തണുപ്പൻ മട്ടിൽ പറഞ്ഞ് പുറത്തേക്ക് പോയി. ആനന്ദ് തല കുടഞ്ഞു.

“എന്തോ പ്രശ്നമുണ്ടല്ലോ… ഉച്ചയ്ക്ക് അന്നം മുടങ്ങുമോ ആവോ…?” പുഞ്ചിരിയോടെ അയാൾ ആലോചിച്ചു. ശാലിനി ഉഗ്രൻ പാചകക്കാരിയാണ്. അവളുണ്ടാക്കിയ ഭക്ഷണം കഴിക്കാനൊത്തില്ലെങ്കിൽ അന്നത്തെ ദിവസം പോയെന്ന് കരുതിയാൽ മതി.

“ശാലൂ…” അയാൾ വിളിച്ചു. വസ്ത്രങ്ങൾ വളരെ അടുക്കും ചിട്ടയോടും വച്ചിരിക്കുന്ന വാർഡ്രോബ് വീണ്ടും അടുക്കിപ്പെറുക്കി വയ്ക്കുകയാണ് ശാലു. അവൾക്ക് ദേഷ്യം വന്നാലങ്ങനെയാണ്. ആനന്ദിനെ ഒഴിവാക്കണമെന്ന് തോന്നുമ്പോഴും ഇങ്ങനെയൊക്കെ ചെയ്യും.

ആ ജ്യോതിയാണ് കുഴപ്പക്കാരി. ഇപ്പോഴത്തെ പെൺകുട്ടികൾ എന്ത് ബഹളമാണ്. എങ്ങനെ പെരുമാറണം, സംസാരത്തിൽ നിയന്ത്രണം വേണം, ഈ വക കാര്യങ്ങളൊന്നും അവരെ ബാധിക്കുന്ന മട്ടില്ല.

“ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം…” ശാലിനി ആത്മഗതമായി പറഞ്ഞു. “അടുത്ത പ്രാവശ്യം ചായ കുടിക്കാൻ ജ്യോതി എത്തുമ്പോൾ അവളോടും അടുക്കളയിലേക്ക് വരാൻ പറയണം. ആനന്ദിനു സമീപം കൊഞ്ചിക്കുഴയുവാൻ ഇനി അനുവദിക്കാതിരുന്നാൽ മതിയല്ലോ…”

അതാലോചിച്ചപ്പോൾ ശാലിനിയുടെ മുഖത്ത് ആശ്വാസത്തിന്‍റെ ചിരി വിടർന്നു. ചായപാത്രം വീണത് തുടച്ചുകളായതെ അടുക്കളയിൽ അങ്ങനെതന്നെ കിടക്കുകയാണല്ലോ എന്ന ഓർമ്മ അപ്പോഴാണ് ശാലിനിക്കുണ്ടായത്.

ചായക്കറ ഉണങ്ങിയാൽ പോകാൻ പ്രയാസമാണ്. അവർ വേവലാതിയോടെ അടുക്കളയിലേക്ക് ഓടാൻ തുടങ്ങി. ലിവിംഗ് റൂം കടന്നുവേണം അടുക്കളയിലെത്താൻ. അങ്ങോട്ട് തിരക്കുപിടിച്ച് നടക്കുന്നതിനിടയിൽ ആണ് ആനന്ദ് എതിരെ നിന്ന് വരുന്നത്. കൂട്ടിയിടിച്ച് രണ്ടുപേരുടെയും ബാലൻസ് തെറ്റി. ആനന്ദ് പിന്നോക്കം സോഫയിലേക്ക് വീണു. ഒരു സപ്പോർട്ടിനായി അയാൾ ശാലിനിയുടെ കൈയിൽ പിടിച്ചപ്പോൾ, ആനന്ദിന്‍റെ മേലേക്ക് ശാലിനിയും മറിഞ്ഞുവീണു. രണ്ടുപേരും ഒരുനിമിഷം സ്തബ്ധരായി. പിന്നെയത് പൊട്ടിച്ചിരിയായി.

“കുറേ നാളായി നമ്മൾ ഇങ്ങനൊരു പോസിഷൻ ശ്രമിച്ചിട്ട്… അല്ലേ?” ആനന്ദ് ചോദിച്ചു. ശാലിനിയുടെ മുഖത്ത് നാണം പടർന്നു.

“ഓ… എനിക്കിപ്പോൾ കിന്നാരത്തിന് നേരമില്ല. അടുക്കള വൃത്തിയാക്കാനുണ്ട്.”

“അതു വെറുതേ, അടുക്കള ഞാൻ ക്ലീൻ ചെയ്തല്ലോ മാഡം…”

“ഓ താങ്ക്സ്. അപ്പോ ലഞ്ച് വേണ്ടേ?”

“നമുക്ക് പുറത്തുനിന്ന് കഴിക്കാം. കുറേ നാളായില്ലേ, ശർമ്മ പറഞ്ഞ പുതിയ ഹോട്ടലിൽ നിന്നായാലോ?”

“ഹും… കൊള്ളാം. യൂ ആർ സോ സ്വീറ്റ്…”ശാലിനി അയാളുടെ ദേഹത്തേക്ക് ചാരി ചെവിയിൽ ചുംബിച്ചു.

“യ്യൊ എന്‍റെ പുറം…” ശാലിനി പെട്ടെന്ന് എഴുന്നേറ്റു.

“ആനന്ദ്…? ആർ യു ഓക്കെ?”

“ഒരു കുഴപ്പവുമില്ല ഡിയർ, പഴയ പ്രയമല്ലല്ലോ സാഹസം കാട്ടാൻ വാ നമുക്ക് ബെഡ്റൂമിലേക്ക് പോകാം.”

ആ ദിവസം ശാലിനിയെ സംബന്ധിച്ച് ഒരു മാന്ത്രികക്കഥയിലെ അനുഭവങ്ങൾ ആയി തോന്നി. ഉച്ചയ്ക്ക് ലഞ്ച് പുറത്തുനിന്ന് കഴിച്ചശേഷം അവർ ഒരു സിനിമ കണ്ടു. പിന്നെ അവർ ബീച്ചിലൂടെ അൽപനേരം നടന്നു. രാത്രി വീട്ടിൽ തിരിച്ചെത്തുമ്പോൾ കൗമാരക്കാരായ കമിതാക്കളെപ്പോലെ ചെറുപ്പം കൈവന്നതായി അവർക്ക് തോന്നി. പഴയകാലങ്ങളെ അനുസ്മരിപ്പിച്ച ആ ദിനത്തിന്‍റെ ലഹരിയിൽ ശാലിനി പറഞ്ഞു “നമുക്ക് ഇനിയും ഇങ്ങനെ പോകണം.”

രാവിലെ നടന്ന സംഭവത്തിന്‍റെ നേർത്ത അസ്വസ്ഥത പോലും ശാലിനിയെ അലട്ടിയില്ല. ആനന്ദിന്‍റെ ശരീരത്തോട് ചേർന്ന് കിടന്ന് ഉറങ്ങുമ്പോൾ ശാലിനിയുടെ മനസ്സ് ഒരു കൊച്ച് കുഞ്ഞിന്‍റെതുപോലെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞു.

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ മുറിയിൽ ലൈറ്റ് ഓൺ ചെയ്തു കിടക്കുന്നത് കണ്ട് ശാലിനി അത്ഭുതപ്പെട്ടു. ആനന്ദ് എങ്ങോട്ടോ പോകാൻ യാത്രയായി നിൽക്കുന്നു.

“ഹേയ്.. എന്തായിത്, ഇത്ര നേരത്തേ എവിടെപ്പോകുന്നു?”

“ഗുഡ് മോർണിംഗ് പോലും പറയാതെ ഇത്രയും ചോദ്യങ്ങളോ? എന്താ മോളേ ഇത്..?” ആനന്ദ് ചിരിയോടെ ബാഗിന്‍റെ സിബ് പൂട്ടി.

“ശരി കാര്യം പറയാം. എനിക്ക് അത്യാവശ്യമായി ഗോവ വരെ പോകണം. രാത്രി നീ ഉറങ്ങിയ ശേഷം എന്‍റെ ഫ്രണ്ട് വിളിച്ചിരുന്നു. എന്‍റെ സഹായം വേണം ഉടനെ ഞാനവിടെയെത്തണമെന്ന്..”

“ഏത് സുഹൃത്താണ്? എന്താ കാര്യം…?”

“ശാലൂ… നീ അറിയില്ല അവനെ. ഇപ്പോൾ വിശദീകരിച്ച് നിൽക്കാൻ നേരമില്ല. അറുമണിക്ക് ദാദറിൽ നിന്നുള്ള ബസ് പിടിക്കണം. ടേക് കെയർ, ബൈ.”

“പക്ഷേ…”

“ഗുഡ്ബൈ ഡിയർ… സീ യു ലേറ്റർ…” ശാലിനി എന്തെങ്കിലും പറയും മുമ്പേ ആനന്ദ് പോയിക്കഴിഞ്ഞിരുന്നു. ഒന്നും ചെയ്യാനില്ലാത്തതിനാൽ അവർ ഉറങ്ങാൻ കിടന്നു. അഞ്ച് മണിയല്ലേ ആയുള്ളൂ. കുറച്ച് നേരം കൂടി കിടന്നശേഷം എഴുന്നേൽക്കാമെന്ന് കരുതിയതാണ്. പക്ഷേ, എഴുന്നേറ്റപ്പോൾ ഒമ്പതു മണി.

വീട്ടുജോലികളൊക്കെ ഒതുക്കി ഫ്രഷ് ആയി എത്തിയപ്പോഴേക്കും ഉച്ചയൂണ് കഴിക്കാറായി. ശാലിനി അടുക്കളിയിൽ ചെന്നപ്പോൾ കിച്ചൻ ടേബിളിൽ ഒരു പാത്രം ഇരിക്കുന്നു. ഇന്നലെ ജ്യോതി പഞ്ചസാരക്കു വേണ്ടി കൊണ്ടുവന്ന പാത്രമാണ്.

“ഇന്ന് വൈകിട്ട് ഈ പാത്രം അവൾക്ക് തിരിച്ചു കൊടുക്കണം.” ശാലിനി ചിന്തിച്ചു.

പെട്ടെന്ന് ഇന്നലെ രാവിലെ നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി. കാൽത്തുമ്പിൽ തരിച്ചു കയറിയ ഒരു മിന്നൽ വയറിനുള്ളിലൂടെ നെഞ്ചിലേക്ക് പാഞ്ഞതുപോലെ.

“ഏയ്, അങ്ങനെയൊന്നും ഇല്ല… വൈകിട്ട് എന്തായാലും അവളെ കാണണം.” ശാലിനി സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പാത്രം വാങ്ങാനെന്ന പേരിൽ ജ്യോതിയെ ഇവിടേക്ക് വരുത്തരുത്. വേഗം കൊണ്ടുപോയി കൊടുക്ക്… മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ തോന്നിയിട്ടും ശാലിനി പിടിച്ചുനിന്നു എട്ടു മണിവരെ. അവൾ പാത്രമടുത്ത് ജ്യോതിയുടെ വീട്ടിലെത്തി ഡോർബെല്ലടിച്ചു.

“ഹായ് ആന്‍റി” വാതിൽ തുറന്നത് റാണിയാണ്, ജ്യോതിക്കൊപ്പം താമസിക്കുന്ന പെൺകുട്ടി, ഒരു ഗാർമെന്‍റ് എക്സ്പോർട്ട് കമ്പനിയിൽ ജോലിയുണ്ട്. എന്താണെന്നറിയില്ല ശാലിനിക്ക് റാണിയോട് അൽപം സ്നേഹമൊക്കെ തോന്നിയിട്ടുണ്ട്.

“റാണീ, ഞാൻ വന്നത് ഇന്നലെ ജ്യോതി വീട്ടിൽ വച്ച പാത്രം മടക്കിത്തരാനാണ്.”

“അകത്തേക്ക് വരൂ ആന്‍റി, ഒരു കപ്പ് ചായ കുടിക്കാം…”

റാണി നീട്ടിയ ചായ വാങ്ങി കുടിച്ചുകൊണ്ട് ശാലിനി “നല്ല ചായ, നിനക്ക് കുക്കിംഗ് ഒക്കെ അറിയാമല്ലേ…”

“വയറ്റിപ്പിഴപ്പിനുള്ളതൊക്കെ അറിയാം. ചായ ഞാനുണ്ടാക്കും, പക്ഷേ, പാചകം എനിക്കത്ര ഈസിയല്ല. ഞങ്ങൾ രണ്ടുപേരിൽ ജ്യോതിയാണ് ഭേദം.”

“സത്യം…” ശാലിനക്കത്ഭുതമായി.

“അതേയാന്‍റി. ഇന്ന് പക്ഷേ ഭാഗ്യമില്ലാതായി. ഞാനാണിന്ന് കുക്ക്.”

“എന്താ കാര്യം?”

“ജ്യോതി ഇവിടില്ല ആന്‍റി. അവൾ ഗോവയ്ക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞേ വരൂ.”

പിന്നെ റാണി പറഞ്ഞതൊന്നും ശാലിനി കേൾക്കുന്നുണ്ടായിരുന്നില്ല. ശരീരമാകെ ഉയർന്ന ചൂടിൽ അവൾ വിയർത്തു. ഭാവമാറ്റം റാണി അറിയാതിരിക്കാൻ ശാലിനി മിണ്ടാതിരുന്നു. ശബ്ദത്തിൽ ആവുന്നത്ര ശാന്തത വരുത്തി അവൾ ചോദിച്ചു, “ജ്യോതി എപ്പോൾ വരും?”

“രാവിലെ ആറിന്‍റെ ദാദറിനാണ് പോയത്. രാത്രിയിൽ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു.” ശാലിനിയുടെ വിളറിയ മുഖഭാവം കണ്ട് റാണി പെട്ടെന്ന് ചോദിച്ചു, “എന്താ ആന്‍റീ, സുഖമില്ലേ?”

“ഇല്ല കുട്ടീ, ഞാൻ പോകട്ടെ…”

“ബൈ ആന്‍റീ…”

ശാലിനി വീട്ടിലേക്ക് ഒരുവിധത്തിൽ നടന്നെത്തി സോഫയിലേക്ക് വീണു. അപ്പോൾ ഇവളാണ് ആനന്ദിനെ വിളിച്ചത്. ഇവളാണ് ഗോവയിൽ കണ്ടുമുട്ടുന്ന സുഹൃത്ത്. ശാലിനിക്ക് അതിഭീകരമായ നടുക്കം അനുഭവപ്പെട്ടു.

ഇന്നലെ എന്ത് നല്ല ദിവസമായിരുന്നു. ഒരുപക്ഷേ, തെറ്റ് ചെയ്യുന്ന ഭർത്താക്കന്മാർ ഭാര്യമാരോട് വലിയ സ്നേഹം കാട്ടുമെന്ന് പറയുന്നത് ഇതാണോ? സ്വന്തം അനുഭവം കൊണ്ട് ഇത് സത്യമാണെന്ന് തിരിച്ചറിയുകയാണോ താൻ…

ആനന്ദ് രാവിലെ പോയിട്ട് ഇതുവരെ വിളിച്ചതുമില്ല. അസ്വസ്ഥതയോടെ ശാലിനി തിരിഞ്ഞുംമറിഞ്ഞും കിടന്നു. കുറേ നേരം കരഞ്ഞു. എപ്പോഴോ ഉറങ്ങി, ഉഴുന്നേൽക്കുമ്പോൾ പുലർച്ചേ മൂന്ന് മണി.

കടുത്ത നിരാശ തളർത്തിയ ദേഹത്തോടെ ശാലിനി ചാഞ്ഞിരുന്നു. ഇനി എന്തുചെയ്യണമെന്ന് തനിക്കറിയാം. ആനന്ദ് വന്നാലുടൻ ഇവിടെ നിന്നിറങ്ങണം. ഒന്നും പറയില്ല ഞാൻ… ചോദ്യം ചെയ്യാനുമില്ല. എല്ലാം സ്വയം മനസ്സിലാക്കട്ടെ. പ്രായമിത്രയായിട്ടും…

ശാലിനി കുറച്ച് വസ്ത്രങ്ങൾ ഒരു ബാഗിൽ നിറച്ചുവെച്ചു. ഗുഡ്ബൈ പറയുമ്പോൾ ആനന്ദിന്‍റെ മുഖത്തെ ഭാവമെന്തെന്ന് എനിക്കറിയണം. എന്നെ വഞ്ചിക്കാൻ എളുപ്പമാണെന്നാവും ധാരണ.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനിടെ അവൾ അക്കാര്യം ഇടയ്ക്കിടെ ഓർമ്മിച്ചു. ഇത്രയും കാലം അടുക്കും ചിട്ടയോടെ താൻ കൊണ്ടുനടന്ന ഈ വീട്ടിൽ നിന്ന് മണിക്കൂറുകൾക്കകം താൻ പോകും… പിന്നീടൊരിക്കലും… ആറുമണിയായി. ആനന്ദ് വരാറായിട്ടുണ്ട്. രണ്ട് മണിക്കൂർ മുമ്പ് വിളിച്ചിട്ട് ഇത്രയും പറഞ്ഞല്ലോ “ഞാൻ ഇവിടെ നിന്നും തിരിക്കുകയാണ്..” ഫോൺ പെട്ടെന്ന് കട്ടായി. അയാൾ വീണ്ടും വിളിക്കുമെന്ന് ശാലിനി പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായില്ല.

അവൾ റീഡിംഗ് റൂമിൽ ചെന്ന് പുസ്തകം നിവർത്തി അക്ഷരങ്ങളെ നോക്കിയിരുന്നു. പക്ഷേ, മനസ്സിലെ ദുഃഖമല്ലാതെ ആ അക്ഷരങ്ങളിൽ അവൾ ഒന്നും തെളിഞ്ഞ് കണ്ടില്ല. ചിന്തകളുടെ ലോകത്തിരിക്കുമ്പോൾ വാതിലിന്‍റെ ലോക്ക് തിരിയുന്ന ശബ്ദമൊന്നും ശാലിനി കേട്ടില്ല.

“ഹലോ ശാലൂ…” ആനന്ദിന്‍റെ ശബ്ദം കേട്ട് അവൾ ഞെട്ടി. അയാൾ നിറഞ്ഞ നിഷ്കളങ്കതയോടെ അപ്രതീക്ഷിതമായി ഓടിവന്ന് ശാലിനിയെ കെട്ടിപ്പിടിച്ചപ്പോൾ അവൾ ആകെ ആശയക്കുഴപ്പത്തിലായി. ആനന്ദ് വളരെ ക്ഷീണിതനായി കാണപ്പെടുന്നു. കാമുകിക്കൊപ്പം ഉല്ലാസയാത്ര കഴിഞ്ഞ ഒരു വ്യക്തിയുടെ ഉന്മേഷമൊന്നുമില്ല.

“ഞാൻ ചായയെടുക്കാം, നിങ്ങൾ വിശ്രമിക്ക്…”

സാഹചര്യത്തെ എങ്ങനെ മറികടക്കണമെന്ന ചിന്തയോടെ അവൾ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആനന്ദ് തടഞ്ഞു, “പോകല്ലെടോ… ഒരു വാർത്ത പറയാനുണ്ടെനിക്ക്.”

അവൾ അത് കണക്കിലെടുക്കാതെ തിരക്കിട്ട് നടക്കാൻ തുടങ്ങിയപ്പോൾ പരിചയമുള്ള മറ്റൊരു ശബ്ദം അവളെ തടഞ്ഞു നിറുത്തി, “ആന്‍റീ… എനിക്കാണ് പറയാനുള്ളത്…”

വാതലിന് പുറത്ത് ജ്യോതി.

ശാലിനി തന്‍റെ അമർഷവും സങ്കടവും കടിച്ചമർത്തി സോഫയിലിരുന്നു. രണ്ടുപേരും ഒരുമിച്ച് വന്ന്… ശാലിനിക്ക് ജ്യോതി പറയുന്നത് എന്താണെന്ന് പോലും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ആനന്ദ് ചിരിച്ചുകൊണ്ട്, “നിനക്ക് ആളെ കാണണ്ടേ?”

“എന്ത്…?” ശാലിനി അമ്പരപ്പോടെ നോക്കുമ്പോൾ ജ്യോതിയുടെ പിന്നിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ.

“ആന്‍റീ, ഇതാണ് നിഖിൽ, എന്‍റെ വുഡ്ബീ…”

“നൈസ് ടു മീറ്റ് യൂ ആന്‍റീ, എല്ലാ സഹായങ്ങൾക്കും നന്ദിയുണ്ട്.”

അയാൾ നീട്ടിയ കൈകളിൽ യാന്ത്രികമായി സ്പർശിച്ചുകൊണ്ട് അവൾ അമ്പരന്നുനോക്കി. ആനന്ദ് അവളുടെ അടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു, “ഞാൻ പറഞ്ഞ ആ വാർത്ത ഇതാണ്. നിഖിലും ജ്യോതിയും വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. പക്ഷേ, ജ്യോതിയുടെ അച്ഛനമ്മമാർക്ക് താൽപര്യമില്ല. നിഖിൽ വേറെ ജാതിയിൽപ്പെട്ടയാളായതാണ് കാരണം. ഈ പ്രശ്നത്തെക്കുറിച്ച് ജ്യോതി എന്നോട് പറഞ്ഞു. അവളുടെ സങ്കടം കണ്ടപ്പോ ഒന്നു ശ്രമിച്ചലോ എന്നുതോന്നി.”

അതുകേട്ടപ്പോൾ ജ്യോതി ഇടയ്ക്ക് കയറി പറഞ്ഞു, “പപ്പയോട് സംസാരിക്കാമെന്ന് അങ്കിൾ പറഞ്ഞു. അതിനുമുമ്പ് നിഖിലിനെ കാണമെന്നാണ് അങ്കിൾ ആവശ്യപ്പെട്ടത്. ഞാൻ എത്തരക്കാരനെയാണ് കണ്ടുപിടിച്ചത് എന്നറിയണമല്ലോ…” ജ്യോതി പ്രേമഭാവത്തിൽ നിഖിലിനെ നോക്കുന്നത് ശാലിനി കണ്ടു.

“അതെ ശാലൂ, നിന്നോട് ഒന്നും പറയാൻ കഴിഞ്ഞില്ല. എനിക്ക് ഇതൊക്കെ നടക്കുമെന്ന് ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും നിഖിൽ മിടുക്കനാണെന്ന് മനസ്സിലായപ്പോൾ അവളുടെ പപ്പയുടെ സ്വഭാവരീതികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. പിന്നെ എങ്ങനെ ഇക്കര്യം പരിഹരിക്കാമെന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിച്ചു. ജ്യോതിയുടെ പപ്പയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ മനസ്സിലാക്കി പ്രവർത്തിക്കാമെന്ന് കരുതി. അങ്ങനെയിരിക്കെയാണ് ഇവളുടെ പപ്പയുടെ ഫോട്ടോ കാണാനിടയായത്. വർഷങ്ങൾക്കു മുമ്പ് എന്‍റെ സഹപ്രവർത്തകനായിരുന്നു അദ്ദേഹം. പിന്നെ എനിക്ക് ധൈര്യമായി. അങ്ങനെയാണ് ഞങ്ങൾ ഒരുമിച്ച് കൂടാമെന്ന് തീരുമാനിച്ചത്.”

“ഇതിനിടെ ജ്യോതിയുടെ പപ്പ കഴിഞ്ഞദിവസം വിളിച്ച് പിറ്റേന്ന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഏതോ വിവാഹക്കാര്യം പറയാനായിരുന്നു. ജ്യോതി രാത്രി എന്നെ വിളിച്ച് ഗോവയ്ക്ക് പോകുന്ന കാര്യം പറഞ്ഞപ്പോഴാണ് ഞങ്ങളിങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് പ്ലാൻ ചെയ്തത്. അതുകൊണ്ടാണ് നിന്നോട് പറയാൻ പറ്റാതിരുന്നത്.”

“ഞങ്ങൾ മൂന്നുപേരും രാവിലെ 6 മണിക്കുള്ള ബസിന് പപ്പയുടെ ഫാംഹൗസിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോൾ എന്തായിരുന്നു അങ്കിളിന്‍റെ പെർഫോർമൻസ്… പപ്പ അതിൽ വീണു ആന്‍റീ. ഞങ്ങൾക്ക് ഗ്രീൻ സിഗ്നലും കിട്ടി.” ജ്യോതി ആവേശത്തോടെ പറഞ്ഞു. ഒപ്പം നിഖിലിന്‍റെ അരയിലൂടെ കൈയിട്ട് കെട്ടിപിടിക്കുകയും ചെയ്തു.

“ഇതൊന്നും നിന്നോട് പറഞ്ഞില്ലല്ലോ എന്ന പരിഭവമാകും നിനക്ക്… ശാലൂ.. ദൗത്യം വിജയിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നടോ. താൻ ക്ഷമിക്ക്…” ആനന്ദ് പറഞ്ഞു.

ക്ഷമിക്കാനെന്തിരിക്കുന്നു. താൻ വെറും മണ്ടിയാണല്ലോ എന്നു മാത്രമേ അവൾ അപ്പോൾ ഓർത്തുള്ളൂ. നിഖിലും ജ്യോതിയും സന്തോഷത്തോടെ കൈ കോർത്തിരിക്കുന്നു. ആനന്ദിന്‍റെ കണ്ണുകളിൽ സാഫല്യത്തിളക്കം. ആനന്ദിനെക്കുറിച്ച് ഓർത്തപ്പോൾ ശാലിനിയുടെ ഹൃദയം സ്നേഹം കൊണ്ട് വിങ്ങിത്തുടിച്ചു. താനെന്തൊക്കെയാണ് ചിന്തിച്ചുകൂട്ടിയത്.. ആനന്ദിനോട് മോശമായി പെരുമാറാതിരുന്നത് എത്ര നന്നായി.

“കൺഗ്രചുലേഷൻസ്” ശാലിനി രണ്ടുപേരോടുമായി പറഞ്ഞു. “വിവാഹത്തീയതി നിശ്ചയിച്ചോ?”

“വിവാഹം പിന്നീട്. ഞങ്ങൾക്ക് കരിയറിൽ ഒന്ന് നന്നായി സെറ്റിലാകണം. എന്നിട്ട്…” നിഖിൽ പറഞ്ഞു.

“കൊള്ളാം… അപ്പോ നമുക്ക് ഒരു ചായയാകാം. സന്തോഷവാർത്ത ചായ കുടിച്ചല്ലേ ആഘോഷിക്കേണ്ടത്…”

“അതേ ആന്‍റീ… ഞാനും വരുന്നു.”

ജ്യോതി ശാലിനിക്കൊപ്പം നടന്നു. ശാലിനി പുതിയൊരാളെ കാണുമ്പോലെ ജ്യോതിയെ നോക്കി. അവളാണോ മാറിയത്… അതോ താനോ… ഏതാനും മിനിട്ടുകൾ മതി ഒരാളോട് ഇഷ്ടം തോന്നാൻ, ഇഷ്ടം നഷ്ടമാകാനും. ഇപ്പോൾ താൻ ജ്യോതിയെ ഇഷ്ടപ്പെടുന്നുണ്ട്. ഈ ചായ ഉണ്ടാക്കലും…

और कहानियां पढ़ने के लिए क्लिक करें...