ആരോഗ്യമുള്ള കുഞ്ഞുണ്ടാവുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനായി അമ്മ ആകുന്നതിന് മുമ്പ് തന്നെ ഒരുക്കങ്ങൾ ആവശ്യമാണ്. ഗർഭധാരണത്തിനായി സ്ത്രീ ശാരീരികവും മാനസികവുമായി ഒരുങ്ങേണ്ടതുണ്ട്. അതിനായി ഒരു പ്ലാനിംഗ് ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഗർഭകാലം സന്തോഷത്തിന്‍റെ കാലമാണ്. എന്നാൽ ഇതിനൊപ്പം സംശയങ്ങളും സ്വാഭാവികമാണല്ലോ. ഗർഭിണികൾ അറിയാൻ ചില കാര്യങ്ങൾ.

ഗർഭിണിയാണ് എന്ന് അറിഞ്ഞ ഉടനെ ഡോക്ടറെ കാണേണ്ടതുണ്ടോ?

ഗർഭിണിയാണെന്ന് അറിഞ്ഞാൽ ഉടൻ തന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്. എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ മുൻകരുതൽ ആവശ്യമാണോ എന്നെല്ലാം തീരുമാനിക്കുന്നതിന് പ്രാരംഭ പരിശോധന സഹായിക്കും. ഗർഭസ്ഥ ശിശുവിന് ഉണ്ടാകാവുന്ന ചില വൈകല്യങ്ങൾ തടയുന്നതിന് ആവശ്യമായ ഫോളിക് ആസിഡ് ഗുളികകൾ നേരത്തെ കഴിച്ചു തുടങ്ങണം. ഈ അവസരത്തിൽ ചെയ്യുന്ന ട്രാൻസ് വജൈനൽ സ്കാനിംഗ് ഗർഭം ധരിക്കുന്നത് ഗർഭപാത്രത്തിന് അകത്തു തന്നെയാണോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു.

പ്രസവ തീയതി കണക്കാക്കുന്നത് എങ്ങനെയാണ്?

അവസാന ആർത്തവം ഉണ്ടായ തീയതിയോട് ഒമ്പത് മാസവും എഴ് ദിവസവും കൂട്ടിയാണ് പ്രസവ തീയതി കണക്കാക്കുന്നത്.

ഗർഭാവസ്ഥയിൽ ജീവിതരീതിയിൽ എന്തെങ്കിലും മാറ്റങ്ങൾ വേണോ?

പ്രത്യേകിച്ച് റിസക് ഒന്നും ഇല്ലെങ്കിൽ സാധാരണ ജീവിതരീതിയിൽ നിന്നും വലിയ മാറ്റങ്ങൾ ആവശ്യമില്ല. പോഷകങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷണം കഴിക്കുക. ചെറിയ ഇടവേളകളിൽ ഇതാകാം. നല്ലപോലെ വെള്ളം കുടിക്കുക. മനസ്സ് ശാന്തമായിരിക്കണം. വേവലാതികൾ ഒഴിവാക്കുക. ഇതൊക്കെ ആരോഗ്യകരമായ പ്രസവത്തിന് ആവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ മരുന്ന് കഴിക്കരുത്. ഹീൽ ഉള്ള ചെരിപ്പുകൾ ഉപേക്ഷിക്കണം. ദൂര യാത്രകൾ ഒഴിവാക്കുക.

ആദ്യമാസങ്ങളിൽ രക്തസ്രാവം ഉണ്ടാകാൻ കാരണം എന്താണ്?

ഗർഭം അലസുന്നതിന്‍റെ സൂചനയായിട്ടാണ് രക്തംപോക്ക് മിക്കവാറും കണ്ടുവരാറുള്ളത്. ചില സാഹചര്യങ്ങളിൽ ബ്ലീഡിംഗ് സ്വയം നിൽക്കുകയും ഗർഭം തുടരുകയും ചെയ്യാറുണ്ട്. ഇതിന് ത്രെട്ടൺഡ് അബോർഷൻ എന്നും പറയും. മറ്റ് കാരണങ്ങൾ കൊണ്ടും രക്തസ്രാവം ഉണ്ടാകാറുണ്ട്.

ചില ഗർഭിണികളിൽ അമിതമായി ഛർദ്ദൽ ഉണ്ടാകാൻ കാരണമെന്താണ്?

ഗർഭാവസ്ഥയിൽ ഹോർമോണുകൾ ഉയർന്ന തോതിൽ ഉൽപാദിക്കപ്പെടുന്നതിനാൽ ശരീരം ഇതുമായി പൊരുത്തപ്പെടാൻ സമയം എടുക്കും. ഈ വേളയിൽ ഛർദ്ദിയും ഓക്കാനവും ചിലരിൽ ഉണ്ടാകാം. ചിലരിൽ ഛർദ്ദി ഗുരുതരമായ തോതിൽ കാണാറുണ്ട്. ഈ പ്രതിഭാസത്തിന് വ്യക്തമായി കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമിതമായി ഛർദ്ദിക്കുന്നത് ഗർഭിണികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കും. തൂക്കക്കുറവുള്ള കുഞ്ഞ് ജനിക്കുവാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും ട്രിപ്പ് വഴി നൽകേണ്ടി വരുന്നു. ചില കേസുകളിൽ ഛർദ്ദി നിൽക്കാൻ ഇൻജക്ഷനും നൽകുന്നു.

ഗർഭിണികൾ മൊബൈൽ ഉപയോഗിക്കുന്നത് ഹാനികരമാണോ?

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ മൂലം ഗർഭസ്ഥശിശുവിന് ദോഷങ്ങൾ ഉണ്ടാകുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടൊന്നുമില്ല. എങ്കിലും ഗർഭിണികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം.

ഗർഭകാലത്ത് ലൈംഗികമായി ബന്ധപ്പെടാമോ?

നാല് മുതൽ ഏഴ് വരെയുള്ള മാസങ്ങളിൽ ഡോക്ടർ വിലക്കിയിട്ടെങ്കിൽ ലൈംഗിക ജീവിതം ആകാവുന്നതാണ്. ഗർഭത്തിന്‍റെ ആദ്യത്തെ മൂന്ന് മാസങ്ങളിലും മുപ്പത്തിരണ്ട് ആഴ്ചകൾക്ക് ശേഷവും ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് ഉചിതം. അണുബാധ, ഗർഭഛിത്രം, മാസം തികയാതെയുള്ള പ്രസവ വേദന തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനാണിത്.

ഗർഭിണികൾ കിടക്കുമ്പോൾ തിരിയുകയും മറിയുകയും ചെയ്യുന്നത് കൊണ്ടാണോ പൊക്കിൾ കൊടി കുഞ്ഞിന്‍റെ കഴുത്തിൽ ചുറ്റുന്നത്?

കുഞ്ഞ് തിരിയുകയും മറിയുകയും ചെയ്യുന്നത് കൊണ്ടാണ് പൊക്കിൾക്കൊടി കുഞ്ഞിന്‍റെ കഴുത്തിൽ ചുറ്റുന്നത്. അല്ലാതെ ഗർഭിണി തിരിയുകയും മറിയുകയും ചെയ്യുന്നത് കൊണ്ടല്ല. പൊക്കിൾക്കൊടിക്ക് നീളക്കുടുതൽ ഉണ്ടെങ്കിലും ആംനിയോട്ടിക്ക് ഫിളൂയിഡിന്‍റെ അളവ് കൂടുതലാണ് എങ്കിലും കുഞ്ഞിന്‍റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റാനിടയുണ്ട്. മിക്കവാറും രക്തചംക്രമണം തടസ്സം കൂടാതെ നടക്കുന്ന വിധത്തിൽ അയഞ്ഞ ചുറ്റലായിരിക്കും ഇത്. പൊക്കിൾക്കൊടി കൊണ്ട് കഴുത്തിറുകുകയില്ല. എന്നാൽ രക്തക്കുഴലുകളിൽ മർദ്ദം നേരിട്ട് ഏൽക്കുമ്പോൾ രക്തപ്രവാഹം തടസ്സപ്പെട്ടലാണ് കുഞ്ഞിന് അപകടം സംഭവിക്കുക. പ്രസവ വേളകളിൽ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് നിരീക്ഷിച്ചാൽ വേണ്ട സൂചനകൾ ലഭിക്കുകയും നടപടികൾ സ്വീകരിക്കാൻ കഴിയുകയും ചെയ്യും.

സിസേറിയനുള്ള സാധ്യത നേരത്തെ അറിയാൻ സാധിക്കുമോ?

സിസേറിയൻ അവശ്യമായി വരുമോ എന്ന് ചില സാഹചര്യങ്ങളിൽ മുൻകൂട്ടി അറിയാൻ കഴിയും. ചില സന്ദർഭങ്ങളിൽ സിസേറിയനുള്ള സാധ്യത പെട്ടെന്ന് ഉണ്ടാകാം. ഉദാ- പ്രസവത്തിന് മുമ്പുള്ള രക്തസ്രാവം. അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ സിസേറിയൻ നടത്താറുള്ളൂ.

പ്രസവം കഴിഞ്ഞ് എത്രനാൾ കഴിഞ്ഞ് ലൈംഗിക ബന്ധം പുലർത്താം?

പ്രസവം കഴിഞ്ഞ് ഗർഭപാത്രം ചുരുങ്ങി പൂർവസ്ഥിതി പ്രാപിക്കുന്നതിന് ആറ് ആഴ്ചകൾ വേണ്ടിവരും. അതിനുശേഷം ലൈംഗിക ബന്ധം ആകാം. പ്രസവ ശേഷമുള്ള ബ്ലീഡിംഗും സ്രാവവും നിലച്ചിട്ടേ ബന്ധപ്പെടാവൂ. ചിലരിൽ ഇത് കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കാറുണ്ട്.

और कहानियां पढ़ने के लिए क्लिक करें...