മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്ന് പറയാറില്ലേ, ഒരാളോട് സംസാരിക്കുമ്പോൾ നമ്മൾ ആദ്യം മുഖമാണ് ശ്രദ്ധിക്കുന്നത്. വിശേഷിച്ചും കണ്ണുകൾ. ഒരാളുടെ വ്യക്തിത്വം അയാളുടെ കണ്ണുകളിലാണ് പ്രതിഫലിക്കുന്നത്. അതിനാൽ ഐ മേക്കപ്പ് പ്രധാനമാണ്. പുരികമൊന്ന് കറുപ്പിച്ച് കണ്ണിൽ കൺമഷി പുരട്ടിയാൽ തന്നെ ഏതൊരു സ്ത്രീയും സുന്ദരിയാകും. പക്ഷേ, അട്രാക്ടീവാകാൻ ഇതുമാത്രം പോരാ. നല്ലൊരു ഐ മേക്കപ്പ് തന്നെ വേണം.
ഐ മേക്കപ്പ് പെർഫെക്ട് ആകണമെങ്കിൽ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. ഉദാ- ഐ ഷാഡോ ബ്രഷ്, ഐ ആപ്ലിക്കേറ്റർ, മസ്കാര, ഐബ്രോ പെൻസിൽ, ലിക്വിഡ് ഐ ലൈനർ, കോംപാക്റ്റ് ഫൗണ്ടേഷൻ ക്രീം എന്നിങ്ങനെ ഐ മേക്കപ്പ് അക്സസറീസ് കൈവശം ഉണ്ടെങ്കിൽ കണ്ണുകൾക്ക് കൂടുതൽ ഭംഗി പകരാനാകും. നിറവും ആകൃതിയും നൽകിയാൽ കണ്ണുകൾ പോലും വാചാലമാകുമല്ലോ? സ്മോക്കി ഐ മേക്കപ്പ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.
സ്റ്റെപ്പ് 1- ഐ ഷാഡോ
കണ്ണുകൾക്ക് സ്മോക്കി ലുക്ക് നൽകാൻ ഒരുങ്ങുകയാണോ? എങ്കിൽ ആദ്യം ഐ ഷാഡോ കളർ തെരഞ്ഞെടുക്കുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. ട്രെഡീഷണൽ സ്മോക്കി ലുക്ക് ലഭിക്കുന്നതിന് ബ്ലാക്ക് ഗ്രേ നിറങ്ങളാണ് അനുയോജ്യം. എന്നാൽ ഇന്നിത് ബ്ലാക്/ ഗ്രേയിൽ മാത്രം ഒതുങ്ങാതെ വയലറ്റ്, കോഫി, ഡാർക് പിങ്ക്, കോപ്പർ, ഡാർക് ഗ്രീൻ, ഡാർക് ബ്ലൂ, പർപ്പിൾ എന്നിങ്ങനെയുള്ള നിറങ്ങളിൽ ലഭ്യമാണ്. കണ്ണുകൾ, ഐ ലാഷസ്, സ്കിൻടോൺ എന്നിവ കണക്കിലെടുത്ത് വേണം ബേസിക് ഐ ഷാഡോ കളർ തെരഞ്ഞെടുക്കേണ്ടത്. ഒപ്പം വസ്ത്രത്തിന്റെ നിറത്തിന് ചേരുന്നതാണോയെന്നും നോക്കേണ്ടതുണ്ട്. രണ്ട് നിറങ്ങൾ മിക്സ് ചെയ്ത ഐഷാഡോ ഉപയോഗിച്ച് സ്മോക്കി ലുക്ക് നൽകാവുന്നതാണ്.
തെരഞ്ഞെടുക്കുന്ന നിറങ്ങളിൽ ഒന്ന് കടും നിറമാണെങ്കിൽ പിന്നീടുള്ളത് ഇളം നിറമാകണം എന്നുമാത്രം. നീല നിറത്തിലുള്ള കണ്ണുകൾക്ക് ബ്ലാക്ക്, ഗ്രേ കൂടാതെ വയലറ്റ്, പർപ്പിൾ, കടുംനീല നിറങ്ങളും ഇണങ്ങും. ബ്രൗൺ കണ്ണുകൾക്ക് ബ്ലാക്ക്, ഗ്രേ, കോപ്പർ, കോഫി നിറങ്ങൾ സ്മോക്കി ലുക്ക് പകരും.
അടുത്തത് സപ്പോർട്ടിംഗ് നിറം തെരഞ്ഞെടുക്കുക എന്നുള്ളതാണ്. ഡബിൾ, ട്രിപ്പിൾ കൂടാതെ സിംഗിൾ കളർ ഐ ഷാഡോ ഉപയോഗിച്ചും കണ്ണുകൾ മനോഹരമാക്കാനാകും. എന്നാൽ കണ്ണുകളുടെ നിറത്തിന് ചേരുന്ന ഇളം നിറത്തിലുള്ള ഐ ഷാഡോ തെരഞ്ഞെടുക്കണം എന്നു മാത്രം. സ്മോക്കി ലുക്കിന് തയ്യാറാകുന്നവർക്ക് ഒരു ടിപ്, ക്രീം ഐ ഷാഡോ ബ്ലെന്റ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നതിനാൽ ക്രീം കളറിന് പകരം പൗഡർ ഐ ഷാഡോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
സ്റ്റെപ്പ് 2- ഐ ലൈനർ പെൻസിൽ
ഷാഡോ നിറത്തിന് ചേരുന്ന സോഫ്റ്റ് ഐ ലൈനർ പെൻസിലാകാം. സാധ്യമെങ്കിൽ പൗഡർ ലൈനർ പെൻസിൽ തന്നെ തെരഞ്ഞെടുക്കണം. ഇത് ഉപയോഗിച്ച് ബ്ലെൻഡ് ചെയ്യാൻ എളുപ്പമാണ്. സ്പോഞ്ച് ടിപ്പുള്ള ഐ ലൈനർ പെൻസിൽ ഉപയോഗിക്കരുത്.
സ്റ്റെപ്പ് 3- ഫൗണ്ടേഷൻ
സാധാരണമായി മുഖത്ത് ഫൗണ്ടേഷൻ പുരട്ടിയ ശേഷമാണ് മേക്കപ്പ് അണിയുന്നതെങ്കിൽ സ്മോക്കി ഐ മേക്കപ്പിൽ ഐ മേക്കപ്പ് അണിഞ്ഞ ശേഷമാണ് ഫൗണ്ടേഷൻ പുരട്ടേണ്ടത്. ഇതിനായി ആദ്യം കണ്ണുകൾക്ക് ചുറ്റുമായി അൽപം ഫൗണ്ടേഷൻ പുരട്ടുക, ഇത് പടരാതിരിക്കാനായി മീതെ ഫെയ്സ് പൗഡറിന്റെ നേർത്ത കവറിംഗ് നൽകുക. അതോടെ മേക്കപ്പിനുള്ള കാൻവാസ് തയ്യാറായി. ഐ ഷാഡോയിൽ ക്രീസ് വീഴാനുള്ള സാധ്യത കുറയുമെന്ന് മാത്രമല്ല ഐ ഷാഡോ ഭംഗിയായി അപ്ലൈ ചെയ്യാനും കഴിയും.
സ്റ്റെപ്പ് 4- ഐ ലൈനർ
ഐ ലൈനർ പെൻസിൽ ഉപയോഗിച്ച് കണ്ണുകളുടെ മുകൾവശത്തും ചുവടുവശത്തുമായി ഒരു ലൈൻ വരയ്ക്കുക. ഇതിന് ബ്ലാക്, ചാർകോൾ പെൻസിലിന് പുറമേ ഐഷാഡോയുമായി മാച്ച് ചെയ്യുന്ന പെൻസിലും തെരഞ്ഞെടുക്കാവുന്നതാണ്. മുകൾ കൺപോളയിൽ കൺപീലികളോട് ചേർന്നുവരുന്ന ഭാഗത്തായാണ് ലൈൻ വരയ്ക്കേണ്ടത്. ഇന്നർ കോർണറിൽ നിന്നും നേർത്ത ലൈനിൽ തുടങ്ങി അറ്റമെത്തും മുമ്പ് അൽപം വീതി കൂട്ടി ലൈനർ പുരട്ടുക. പെർഫെക്ഷൻ കിട്ടുന്നതിന് സ്പോഞ്ച് ടിപ് പൗഡർ ലൈനർ ഉപയോഗിക്കാവുന്നതാണ്.
സ്റ്റെപ്പ് 5- ഐ ഷാഡോ
വലിയ ഐ ഷാഡോ ബ്രഷ് ഉപയോഗിച്ച് കൺപോളകളിൽ സപ്പോർട്ടിംഗ് ഐ ഷാഡോ പുരട്ടാം. ചെറിയ ബ്രഷ് ഉപയോഗിച്ച് ഡാർക് ഫീച്ചർ ഐ ഷാഡോ പുരട്ടുക. വലിയ ബ്രഷ് ഉപയോഗിച്ച് സപ്പോർട്ടിംഗ് ഐ ഷാഡോ കളർ കൺപോളകളിൽ നിന്ന് തുടങ്ങി ഐബ്രോ ബെയ്സ് വരെ പുരട്ടുക. ഡാർക് ഫീച്ചർ ഐ ഷാഡോ ഐ ലൈനർ പുരട്ടുക. ഇനി ഇത് മുകൾ ഭാഗത്തേക്ക് നന്നായി ബ്ലെന്റ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഐ ലൈനും ഐ ഷാഡോയും വെവ്വേറെയെന്ന് തോന്നാത്ത വിധത്തിലാകണം ബ്ലെന്റിംഗ്.
സ്റ്റെപ്പ് 6- മസ്കാര
മസ്കാര അപ്ലൈ ചെയ്യുന്നതിന് മുമ്പായി കൺപീലികൾ ചുരുട്ടുക. ഇത് കണ്ണുകൾക്ക് വലുപ്പം തോന്നിപ്പിക്കും. രണ്ടോ മൂന്നോ കോട്ട് മസ്കാര പുരട്ടുക. നേർത്ത കോട്ടിംഗ് ആയിരിക്കണം. ഇല്ലെങ്കിൽ കൺപീലികളിൽ മസ്കാര കട്ടപിടിച്ച് നിൽക്കും.
ടിപ്സ്
സ്മോക്കി ഐ ലുക്കിന് കൂടുതൽ ആകർഷണീയത പകരാൻ മുഖത്തണിയുന്ന മേക്കപ്പ് കൂടി നന്നാവേണ്ടതുണ്ട്. കംപ്ലീറ്റ് സ്മോക്കി ലുക്ക് ലഭിക്കുന്നതിന് ഫെയ്സ് മേക്കപ്പും ഐ മേക്കപ്പിന് ചേരുന്നതായിരിക്കണം. ഐ മേക്കപ്പ് പടരാത്ത വിധത്തിൽ ഫൗണ്ടോഷൻ പുരട്ടുക. ചുണ്ടുകളിൽ ഫ്ളാഷ് ടോൺഡ് ലിപ് പെൻസിൽ ഉപയോഗിക്കാം. പിങ്ക്/ കാരമൽ ഷെയ്ഡ് ലിപ്സ്റ്റിക്/ ലിപ്ഗ്ലോസ് തെരഞ്ഞെടുക്കുക.
സാധാരണ ഐബ്രോ പെൻസിൽ കൊണ്ട് പുരികങ്ങൾ ഭംഗി വരുത്താം. എന്നാൽ സ്മോക്കി ലുക്കിൽ കടും നിറങ്ങളാകും നല്ലത്. കവിൾ തുടുപ്പിൽ റോസ് കളർ/ ബ്ലഷർ പുരട്ടുക. ഇത് ഹെയർ ലൈൻ വരെ നന്നായി ബ്ലെന്റ് ചെയ്യണം. ഇത് കണ്ണുകളുടെ സ്മോക്കി ലുക്ക് എടുത്തു കാട്ടും.
സ്മോക്കി ലുക്കിന് അറിഞ്ഞിരിക്കേണ്ട ചില ടിപ്സ്
- നൈറ്റ് പാർട്ടിക്കാണ് ഈ ലുത്ത് ഏറെ ഇണങ്ങുക.
- തിളക്കം അധികം ഉപയോഗിക്കാത്ത സ്മോക്കി ലുക്കാവാം.
- ഒരുപാട് ഷെയ്ഡുകൾ ഒന്നിച്ച് പുരട്ടരുത്. ഒന്നിലധികം നിറങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ അൽപം സമയം എടുത്ത് സാവകാശം ബ്ലെന്റ് ചെയ്യുക.
- ഐ ഷാഡോ ബ്ലെന്റ് ചെയ്യുമ്പോൾ ഐബ്രോ ബോൺ വരെയെത്താതിരിക്കാൻ ശ്രദ്ധിക്കണം.
- കൺപീലികളോട് ചേർന്ന് കടും നിറത്തിലുള്ള ഐ ഷാഡോ ഉപയോഗിക്കുക. ഇതിന് മീതെ ഇലം നിറമാണ് ഉചിതം. എന്നാൽ ഇതൊക്കെ ഐ സോക്കറ്റിന് അകത്ത് ഒതുങ്ങുന്നതാകണം എന്നുമാത്രം.
- സ്മോക്കി ലുക്ക് ലഭിക്കുന്നതിന് ചുണ്ടുകളിൽ ന്യൂഡ് ലുക്ക് നൽകിയാൽ മതിയാകും. ഇത് സ്മോക്കി ഐ മേക്കപ്പ് എടുത്തു കാട്ടും.