ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം കേട്ടോ, പക്ഷെ റോഡിൽ വണ്ടി ഇടിക്കാതെ, പട്ടി കടിക്കാതെ, കാൽ തെറ്റി വീഴാതെ സുരക്ഷിതമായി നടക്കാൻ സൗകര്യമുണ്ടെങ്കിൽ മാത്രം പതിവായി നടക്കാനിറങ്ങുക എന്നാണ് ഞാൻ എന്‍റെ പേഷ്യന്‍റ്സിനു കൊടുക്കാറുള്ള നിർദ്ദേശം.
10,000 സ്റ്റെപ്പ്സ് എന്ന തെറ്റിദ്ധാരണ
സ്മാർട്ട് വാച്ചുകളുടെയും ഓരോ കാൽവയ്പ്പും അളക്കാൻ കഴിയുന്ന ഹെൽത്ത് ആപ്പുകളുടെയും കാലത്ത് ഒരു ദിവസം എത്ര നടക്കണം? എന്നുള്ള ചർച്ചകൾ സജീവം. ചിലർ ഉറപ്പിച്ചു പറയും മിനിമം പതിനായിരം സ്റ്റെപ്സ് എങ്കിലും ദിവസവും എടുത്തിരിക്കണം, അല്ലെങ്കിൽ ഒരു കാര്യവുമില്ല. മുടങ്ങാതെ ദിവസവും അര മണിക്കൂർ നടക്കണം കേട്ടോ? ബിപി, ഭാരം, ഷുഗർ ഇവയൊക്കെ നോക്കിയ ശേഷം പല ഡോക്ടർമാരും രോഗികളെ ഉപദേശിക്കാറുണ്ട്. എന്നാൽ ഈ പാവം രോഗിയ്ക്ക് സുരക്ഷിതമായി നടക്കാനുള്ള സാഹചര്യം ഉണ്ടോ എന്ന് ചിന്തിക്കാറുണ്ടോ എന്നു സംശയമാണ്.
എത്രത്തോളം നടക്കാനാവും എന്നുള്ളത് ഓരോരുത്തരുടെയും സാഹചര്യങ്ങളാൽ പരിമിതമാണ്. തുറസ്സായ സ്‌ഥലങ്ങളും വണ്ടി ഇടിക്കാത്ത സുരക്ഷിതമായ pedestrian friendly ആയ നടപ്പാതകളും ഇല്ലാത്ത നമ്മുടെ നഗരപ്രദേശങ്ങളിൽ നടത്തം ദുഷ്കരം എന്ന് അത്യാവശ്യം ലോകം കണ്ടിട്ടുള്ളവർ ഒരേ സ്വരത്തിൽ പറയും. അതിനിടയ്ക്കാണ് പതിനായിരം തികയ്ക്കാനുള്ള പരക്കം പാച്ചിൽ.
ജിം മെമ്പർഷിപ്പ് ഉള്ളവർ ചിലപ്പോൾ അതു പ്രയോജനപ്പെടുത്തി എന്നിരിയ്ക്കും, വലിയ എസ്റ്റേറ്റ് ഉള്ളവർ, വിശാലമായ വീടും വീട്ടിൽ ട്രെഡ്മില്ലും ഉള്ള ധനികരുടെ കാര്യമല്ല ഇവിടെ പറഞ്ഞത്. ഇതൊന്നും കയ്യിലില്ലാത്ത സാധാരണക്കാർക്ക് കേരളത്തിലെ സാഹചര്യത്തിൽ പലപ്പോഴും ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമേ ആരോഗ്യം നിലനിർത്താനായി എല്ലാ ദിവസവും എക്സ്ട്രാ നടത്തം നടക്കുക ബുദ്ധിമുട്ട് തന്നെയാണ്. വർഷം 365 ദിവസം 24 മണിക്കൂറും വിവിധ ചുമതലകൾ വഹിക്കുന്ന വീട്ടമ്മമാർ, ഇരുന്നു ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ ഇവർക്കൊക്കെയുണ്ട് പരിമിതികൾ.
ശരിയാണ്, അവനവന്‍റെ ദിനചര്യയിൽ ചില മാറ്റങ്ങൾ എല്ലാവർക്കും വരുത്താനാകും. ഉദാഹരണത്തിന് ഏറെ നേരം ഒരേ ഇരിപ്പ് ഇരിക്കാതെ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് നടക്കുക, സ്റ്റെപ്സ് കയറുക, ലിഫ്റ്റിനു പകരം ഗോവണിപ്പടി കയറുക, ടിവി മൊബൈൽ നോക്കൽ കുറയ്ക്കുക, വാഹനം ദൂരെ പാർക്ക് ചെയ്തു നടന്നു പോകുക, ഇരുന്നുള്ള ജോലികൾ നിന്നു കൊണ്ടു ചെയ്യാൻ സാധിക്കുമോ എന്നു നോക്കുക അങ്ങനെ പലതും നമുക്കു ചെയ്യാനാകും, നല്ലതു തന്നെ.
ഇവിടെ ഉദ്ദേശിച്ചത് എവിടെയെങ്കിലും കേട്ടറിഞ്ഞ മിനിമം പതിനായിരം അല്ലെങ്കിൽ ഡോക്ടർ പറഞ്ഞ അരമണിക്കൂറെങ്കിലും നടക്കണം മുതലായ ക്ളീഷേ ഉപദേശങ്ങളുടെ പ്രാവർത്തിക വശത്തെപ്പറ്റിയാണ്.
അപ്പോൾ പിന്നെ എത്ര നടക്കണം? എങ്ങിനെ നടക്കണം? എന്നീ വിഷയങ്ങളിലേക്ക് കടന്നു ചെല്ലാം.
ആദ്യം ഡോക്ടർ പറഞ്ഞത് എടുക്കാം. ശരിയാണ്, മനുഷ്യ ശരീരത്തിന് വ്യായാമം അത്യാവശ്യമാണ്. ഒരു സംശയവും ഇക്കാര്യത്തിൽ ശാസ്ത്രലോകത്തുള്ള ആർക്കും ഇല്ല. നിർഭാഗ്യവശാൽ ശരീരം അനങ്ങാതെയിരുന്നു ചെയ്യാവുന്ന ഓഫീസ് ജോലികളാണ് ഇപ്പോൾ അധികവും. വർക്ക് ഫ്രം ഹോം ഉം ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. ഇതു സമർത്ഥിക്കാൻ ഉദാഹരണങ്ങൾ നിരത്തേണ്ട കാര്യമില്ല, അത്രയ്ക്ക് പകൽ പോലെയുള്ള യാഥാർത്ഥ്യമാണിത്.
എത്ര വ്യായാമം വേണം എന്നുള്ളതിന്‍റെ ഒരു ശരാശരി കണക്കാണ് ഡോക്ടർ പറഞ്ഞ അരമണിക്കൂർ. മിനിമം ഇരുപതു മിനിറ്റ് തുടർച്ചയായ വ്യായാമം. എന്നാൽ അതിന്‍റെ അർത്ഥം, ബാക്കി ഇരുപത്തി മൂന്നര മണിക്കൂറും പ്രതിമ പോലെ ഇരിക്കാം എന്നല്ല. ജോലിസ്ഥലത്തായാലും വീട്ടിൽ ആയാലും കഴിവതും നടക്കുക തന്നെ വേണം. അരമണിക്കൂറിൽ കൂടുതൽ ഒരേ ഇരിപ്പിൽ കഴിവതും ഇരിക്കരുത് എന്നുള്ള നിഷ്ട പുലർത്തുന്നത് ഏറെ ഗുണം ചെയ്യും.
റോഡിലുമുണ്ട് റിസ്ക്
കേരളത്തിലെ പ്രത്യേക സാഹചര്യം എടുത്തു പറയാതെ വയ്യ. നമ്മുടെ നിരത്തുകളിൽ ഓരോ വർഷവും 4200 പേലെങ്കിലും മരണപ്പെടുന്നുണ്ട്. അതിന്‍റെ പത്തിരട്ടിയോളം പേർക്ക് ഗുരുതരമായ പരിക്കേൽക്കുന്നുണ്ട്, അവരിൽ ഭൂരിപക്ഷവും കാൽനടക്കാരും ഇരുചക്രവാഹന യാത്രിക്കരും ആണ്. ചെറുപ്പക്കാരാണ് ഇവരിലധികവും. റോഡ് ഉപയോഗിക്കുന്ന പലരും കാട്ടുന്ന അനാവശ്യ തിടുക്കവും റിസ്കും അശ്രദ്ധയും കാണുമ്പോൾ ഈ കണക്കിലെ ഭീകരത ഇന്നും ജനങ്ങൾക്ക് ശരിയായി ഉൾക്കൊള്ളാൻ ആയിട്ടില്ല എന്നു വ്യക്തം.
മൂന്നരക്കോടിയോളം ജനസംഖ്യ ഉള്ള കൊച്ചു കേരളത്തിൽ പതിവായി റോഡ് ഉപയോഗിക്കുന്നവർ ഒരു പക്ഷെ രണ്ടരകോടി ആകാം. അപ്പോൾ കേരളത്തിൽ ജീവിച്ചാൽ ഒരു വർഷം 800 പേരിൽ ഒരാൾക്ക് റോഡിൽ വച്ച് കാര്യമായ പരിക്കേൽക്കുന്നു. 8000 പേരിൽ ഒരാൾ മരണപ്പെടുന്നു. ഇതിൽ ആയുസ്സു വർദ്ധിപ്പിക്കാനും ആരോഗ്യം നന്നാക്കാനും വേണ്ടി മാത്രം പതിവായി റോഡിൽ ഇറങ്ങുന്നവരും പെടുന്നു എന്നുള്ളതാണ് ഒരു ഡോക്ടർ എന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിക്കുന്ന വിരോധാഭാസം.
ഈ കണക്കുകൾ ഒട്ടും നിസ്സാരമല്ല, യാതൊരു കാരണവശാലും അംഗീകരിക്കാവുന്ന, എഴുതിത്തള്ളാവുന്ന സംഗതിയല്ല ഇത്. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ്. ഇതിന്‍റെ കാരണങ്ങളും പോംവഴിയും മുമ്പ് വിശദമായി എഴുതിയിട്ടുണ്ട്, മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് ഐഎംഐ നിരവധി ക്ലാസുകൾ നടത്തിവരുന്നു. ലേഖകൻ ഒരു റോഡ് സേഫ്റ്റി ട്രെയ്നറും ആണ്.
ആ കാഴ്ചപ്പാടിൽ നമുക്ക് ഡോക്ടറുടെ ഉപദേശം ഒന്നു കൂടി എടുത്തു വായിക്കാം. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം കേട്ടോ, പക്ഷെ റോഡിൽ വണ്ടി ഇടിക്കാതെ, പട്ടി കടിക്കാതെ, കാൽതെറ്റി വീഴാതെ സുരക്ഷിതമായി നടക്കാൻ സൗകര്യമുണ്ടെങ്കിൽ മാത്രം പതിവായി റോഡിൽ നടക്കാനിറങ്ങുക എന്നാണ് ഞാൻ എന്‍റെ പേഷ്യന്‍റ്സിനു കൊടുക്കാറുള്ള നിർദ്ദേശം.
പതിനായിരത്തിന്‍റെ കണക്ക്
ഈ പതിനായിരത്തിന്‍റെ കണക്ക് എവിടെ നിന്നു വന്നു? ആരാണ് ഇതു കണ്ടുപിടിച്ചത്? ഏതെങ്കിലും നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞനാണോ?എന്നൊക്കെ തോന്നിപ്പോകാം. ഉത്തരം കേട്ടാൽ ഞെട്ടും. ഇതിൽ ഡോക്ടറും ശാസ്ത്രജ്ഞനും ഒന്നുമില്ല. ഏതോ ഒരു ജാപ്പനീസ് കമ്പനി പരസ്യത്തിൽ പറഞ്ഞതാണ്. യെസ്, ഇറ്റ് ഈസ് ഏ ഹോക്സ്. അതായത് ഏതോ പരസ്യക്കമ്പനിയുടെ തലയിൽ ഉദിച്ച്, ആളുകൾ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു സത്യമായ ഒരു വാചകം മാത്രം.
അല്പം ചരിത്രം പറയാം
1964 ൽ ടോക്കിയോ ഒളിംമ്പിക്സിന് ജപ്പാൻ ഒരുങ്ങുന്ന കാലം. ജനങ്ങൾ ഉത്സാഹഭരിതർ, ജപ്പാൻകാരാവുമ്പോൾ ഉത്സാഹം മാത്രമല്ല പരിശ്രമവും ഒപ്പം ഉണ്ടാവുമല്ലോ. അങ്ങനെയിരിക്കെ അവിടെ ഒരു കമ്പനി ഒരു പെഡോമീറ്റർ പുറത്തിറക്കി, ഇപ്പോഴത്തെ സ്മാർട്ട് വാച്ചിന്‍റെ, മൊബൈൽ ആപ്പിന്‍റെ ആദ്യ പതിപ്പ്. ജനങ്ങൾ അത് ഏറ്റെടുത്തു. ഒരു ദിവസം എത്ര നടന്നു എന്നുള്ള കണക്കു പറഞ്ഞു തരുന്ന യന്ത്രം. മാത്രമല്ല ജപ്പാൻ തന്നെ ഹോസ്റ്റ് ചെയ്യുന്ന ഒളിമ്പിക്സിന്‍റെ ലഹരിയിൽ നിരവധിപേർ കൂടുതൽ നടക്കാൻ തുടങ്ങി. അപ്പോഴാണ് yamasa tokei keiki എന്നുള്ള കമ്പനി തങ്ങളുടെ pedometer ന്‍റെ ഒന്നാന്തരം ഒരു പേര് ഇറക്കിയത്. മാൻ പൊ കെയ് (man- po- kei) എന്നാണ് അവർ അതിന് പേരിട്ടത്. man എന്നാൽ നാലു പൂജ്യമുള്ള 10000 എന്നും po- kei എന്നാൽ pedometer എന്നുമാണ് ജാപ്പനീസ് ഭാഷയിൽ. അരയിൽ കെട്ടുന്ന ആദ്യകാലത്തെ ഈ ഉപകരണം ഏറെ ജനപ്രിയം നേടി. വാങ്ങിയവർ വാങ്ങിയവർ ഉറപ്പിച്ചു, എങ്ങിനെയും പതിനായിരം തികയ്ക്കണം എന്ന്. അങ്ങനെ പറഞ്ഞു പറഞ്ഞാണ് പതിനായിരം ഒരു വലിയ സംഭവമായിത്തീർന്നത്. വാസ്തവത്തിൽ തുടക്കത്തിൽ പതിനായിരം തികച്ച ജപ്പാൻകാർ പലരും ഒളിമ്പിക്സ് സീസൺ കഴിഞ്ഞ ശേഷം മടുപ്പും ബുദ്ധിമുട്ടും കാരണം നടത്തത്തിൽ കുറവു വരുത്തി എന്നും പഠനങ്ങൾ പറയുന്നുണ്ട്.
ഏതായാലും വർഷം അറുപതു കഴിഞ്ഞിട്ടും ജപ്പാൻകാരുടെ ആ പതിനായിരം ഒരു മാറ്റവുമില്ലാതെ, ചോദ്യം ചെയ്യപ്പെടാതെ ഇന്നും ലോകമെമ്പാടും പതിവായി പറഞ്ഞു കേൾക്കുന്നു.
ഇനി ഏറ്റവും പുതിയ ഒരു പഠനത്തിലേക്ക് കടന്നു ചെല്ലാം. ജൂലൈ മാസം യൂറോപ്യൻ ജർണൽ ഓഫ് പ്രിവന്‍റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം ഈ വിഷയത്തെ അപഗ്രഥിച്ചു പറയുന്ന കാര്യങ്ങൾ:
ദിവസവും ശരാശരി വെറും 2337 step എടുത്തവർക്കു പോലും അതിന്‍റെ ഗുണമുണ്ടാകുന്നുണ്ട്, അത്രയും നടക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗം കൊണ്ടുള്ള മരണങ്ങൾ അവരിൽ കുറവാണ്.
വെറും 3967 step എടുത്തവരിലാണെങ്കിൽ, അത്രയും നടക്കാത്തവരെ അപേക്ഷിച്ച് മരണനിരക്ക് മൊത്തത്തിൽ കുറവായി കണ്ടെത്തി. കൂടുതൽ നടക്കുന്നവരിൽ മെച്ചപ്പെട്ട ആരോഗ്യ സൂചികകൾ കണ്ടെത്തി.
എന്നാൽ പതിനായിരം സ്റ്റെപ്സ് എടുത്താൽ മാത്രമേ ഗുണമുണ്ടാവൂ എന്നുള്ള തെറ്റിദ്ധാരണ മാറിക്കിട്ടി. ഈ പഠനം അതിനാൽ തന്നെ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇതിനു മുമ്പും സമാനമായ നിരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനിയും ഏറെ വർഷം കഴിയണം ഈ പതിനായിരം മിത്ത് പൂർണ്ണമായും ഇല്ലാതാകാൻ.
ചുരുക്കിപ്പറഞ്ഞാൽ കേൾക്കുന്നതെല്ലാം കണ്ണുമടച്ചു വിശ്വസിക്കരുത് എന്നും, വ്യായ്യാമം അവനവന്‍റെ സാഹചര്യമനുസരിച്ച് സുരക്ഷിതമായി ചെയ്താൽ അവനവന് ഗുണമുണ്ടാകും എന്നും സാരം. ഏതു വിധേനയും മറ്റുള്ളവനൊപ്പം എത്താനുള്ള വ്യഗ്രത അല്പം കുറയ്ക്കാം എന്നും വ്യാഖ്യാനമുണ്ട്.
(കടപ്പാട്) ഐഎംഎ, നമ്മുടെ ആരോഗ്യം