ഹിന്ദി, ബംഗാളി സിനിമകളിൽ സജീവമായിരുന്ന നടി മൂൺ മൂൺ സെന്നിന്‍റെ മകൾ റൈമ സെൻ വീരപുത്രൻ എന്ന മലയാള സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയായാണ്. ബംഗാളി ഇതിഹാസ നടിയായ സുചിത്രാ സെന്നിന്‍റെ ചെറുമകളും മൂൺ മൂൺ സെന്നിന്‍റെ മകളുമാണ് ഈ സുന്ദരി താരം. റൈമയുടെ സഹോദരി റിയ സെന്നും മലയാളികൾക്ക് പരിചിതയായ നടിയാണ്. റിയ സെൻ അനന്തഭദ്രം എന്ന മലയാള സിനിമയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ശാലീനവും ശാന്തവുമായ അവരുടെ മുഖഭാവം ഇന്ത്യൻ സ്ത്രീത്വത്തെ പ്രതിനിധികരിക്കുന്നതിനാൽ അവർ ഏറെയും ഇന്ത്യൻ കുടുംബിനിയുടെ വേഷങ്ങളാണ് ചെയ്തിരിക്കുന്നത്. വെബ് സീരിസുകളിലും നടി സജീവമാണ്.
സിനിമാ കുടുംബത്തിൽ ജനിച്ചു വളർന്നതിനാൽ അഭിനയമല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ റൈമ താല്പര്യപ്പെട്ടിരുന്നില്ല. 17-ാം വയസ്സിൽ ഗോഡ് മദർ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു തുടങ്ങിയ റൈമയുടെ സിനിമാ കരിയർ ഏറെക്കുറെ വിജയകരമായിരുന്നു. എന്നാൽ വ്യക്‌തി ജീവിതത്തിൽ അവർക്ക് നിരാശയായിരുന്നു ഫലം. വ്യവസായി വരുൺ ഥാപ്പർ, നടൻ കുനാൽ കപൂർ, രാഷ്ട്രീയക്കാരനായ കാളികേഷ് നാരായൺ സിംഗ് ദേവ് എന്നിവരുമായി അവർക്ക് അടുപ്പമുണ്ടായിരുന്നുവെന്ന കഥകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നുവെങ്കിലും അവർ ആരെയും തന്‍റെ ജീവിത പങ്കാളിയാക്കിയില്ല. വ്യക്‌തി ജീവിതത്തിലുപരിയായി കരിയറിനായിരുന്നു മുൻതൂക്കം. റൈമയുടെ ഹിന്ദി ചിത്രം ദി വാക്സിൻ വാർ പുറത്തിറങ്ങിയിരിക്കുന്നു. റൈമയുമായുള്ള അഭിമുഖത്തിൽ നിന്നും…
ഈ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയിലാണ് റൈമ. കാരണം വളരെക്കാലത്തിന് ശേഷമാണ് അവർ ഒരു ബിഗ് സ്ക്രീനിനായി പ്രവർത്തിക്കുന്നത്. പാൻഡെമിക് സമയത്ത് വാക്സിൻ കണ്ടെത്തുന്നതുമായുള്ള ബന്ധപ്പെട്ട പ്രമേയമാണ് ചിത്രത്തിൽ കാണിക്കുന്നത്. വനിതാ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും അർപ്പണബോധവും നേട്ടവും ആഘോഷിക്കുന്നതിന് പ്രാധാന്യം നൽകിയുള്ള ചിത്രമാണിത്. ഇന്ത്യയിലെ ആദ്യത്തെ ബയോ സയൻസ് ചിത്രമാണിതെന്നാണ് അവർ പറയുന്നത്.
ഒരു സയൻസ് ജേർണലിസ്റ്റിന്‍റെ ശക്തമായ വേഷമാണ് ഞാൻ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. സത്യസന്ധമായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
സയൻസ് ജേണലിസ്റ്റിന്‍റെ വേഷത്തിനായി നിരവധി തയ്യാറെടുപ്പുകളാണ് റൈമ നടത്തിയത്.
ഒരുപാട് വലിയ കലാകാരന്മാൻ സിനിമയിൽ ഭാഗമായിരിക്കുന്നതിനാൽ അവർക്കൊപ്പം ഉള്ള തന്‍റെ പ്രകടനം മികച്ചതാവാൻ ശ്രമിച്ചിട്ടുണ്ടെന്നും റൈമ പറയുന്നു. നടി പല്ലവി ജോഷിയിൽ നിന്ന് അത് സംബന്ധിച്ച് ഞാൻ നിർദ്ദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഒപ്പം ഞാൻ നിരവധി വർക്ക്ഷോപ്പുകളിലും പങ്കെടുത്തിട്ടുമുണ്ട്.
പ്രേക്ഷകരെ ഹാളിലെത്തിക്കാൻ ഈ ചിത്രത്തിന് കഴിയുമോ?
കോവിഡിന് ശേഷം തിയേറ്ററിൽ പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും സിനിമ സൃഷ്ടിക്കുന്ന ഇംപാക്ടിന് മാത്രമേ പ്രേക്ഷകരെ ഹാളിലെത്തിക്കാനാകൂ. മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രമേയം ഉണ്ടെങ്കിൽ, ആളുകൾ അത് കാണാൻ തീർച്ചയായും ഇഷ്ടപ്പെടും. ആളുകൾ സിനിമയെ ഒരുപാട് പ്രശംസിക്കുമ്പോൾ മാത്രമാണ് ഞാൻ തിയേറ്ററിൽ സിനിമ കാണാൻ പോകുന്നത്. അല്ലെങ്കിൽ ഞാൻ ടിവിയിൽ മാത്രമേ സിനിമ കാണൂ.
സിനിമയോടുള്ള സമീപനം
അഭിനയത്തിൽ യാഥാർത്ഥ്യം കൊണ്ടുവരാൻ ഞാൻ ഏറെ കഠിനാധ്വാനം ചെയ്യും. നല്ല നടന്മാർക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഞാൻ അഭിനയം പഠിച്ചിട്ടില്ല. 17-ാം വയസ്സിൽ അഭിനയിക്കാൻ വന്നപ്പോൾ എന്നിൽ ഒരുപാട് സമ്മർദ്ദങ്ങളും പ്രതീക്ഷകളും സിനിമാരംഗത്ത് നിന്നും പ്രേക്ഷകരിൽ നിന്നും ഉണ്ടായിരുന്നു. എനിക്ക് അന്ന് അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഞാൻ കഠിനാധ്വാനം ചെയ്തു. ഓരോ സംവിധായകരിൽ നിന്നും ടീമിലെ എല്ലാവരിൽ നിന്നും ഞാൻ എന്തെങ്കിലുമൊക്കെ പഠിച്ചു. ആ സമയത്ത് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം സുചിത്ര സെന്നിന്‍റെ ചെറുമകളാണെന്നതും പിന്നെ എന്‍റെ ആദ്യ ചിത്രമായ ഗോഡ് മദറിൽ നടി ഷബാന ആസ്മിയോടൊപ്പമാണ് ഞാൻ വേഷമിടാൻ പോകുന്നതെന്ന കാര്യവുമോർത്ത് ഒരുപാട് ആശങ്കപ്പെട്ടിരുന്നു. ആളുകൾ എന്നോട് ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങളും പറഞ്ഞു. പക്ഷേ ചോഖർ ബാലി എന്ന സിനിമയ്ക്ക് ശേഷം ആളുകൾ റൈമ എന്ന് വിളിക്കാൻ തുടങ്ങി. അവർ എന്നെ അംഗീകരിച്ചു തുടങ്ങി.
എന്‍റെ ഫസ്റ്റ് ചോയ്സ് അഭിനയം തന്നെ അഭിനയമല്ലാതെ ഞാനിപ്പോൾ ഒന്നും ചെയ്യുന്നില്ല. മുമ്പ് നൃത്തം അഭ്യസിച്ചിരുന്നു. ഞാൻ ഇപ്പോൾ പുസ്തകങ്ങൾ വായിക്കുകയും ടിവി കാണുകയും ചെയ്യുന്നു. ഞാനിപ്പോൾ കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. ഒപ്പം എന്‍റെ പ്രിയപ്പെട്ട നായയുമുണ്ട്. ഇപ്പോൾ ധാരാളം ഓഫറുകൾ വരുന്നുണ്ട്. അതിനാൽ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതുകൂടാതെ, എന്നെത്തന്നെ അപ്ഡേറ്റ് ചെയ്യാനുള്ള വർക്ഷോപ്പുകളിൽ പങ്കെടുക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു.
മുംബൈയിലും കൊൽക്കത്തയിലുമായി മാറി മാറിയാണ് താമസിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് എന്‍റെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജീവിതത്തിന്‍റെയും ബന്ധങ്ങളുടെയും മരണത്തിന്‍റെയും പ്രാധാന്യത്തെ കുറിച്ച് കോവിഡ് എല്ലാവർക്കും മനസ്സിലാക്കി തന്നു. ഇപ്പോൾ ഞാൻ കൊൽക്കത്തയിലാണ് താമസിക്കുന്നത്. ജോലിയനുസരിച്ച് മുംബൈയിൽ ഇടയ്ക്കു വന്നുപോകും. ലോക്ക്ഡൗണിന് ശേഷം പണത്തിലുപരിയായി കുടുംബവും ആരോഗ്യവുമാണ് ഏറ്റവും പ്രധാനമെന്ന് എല്ലാവരും മനസ്സിലാക്കി. ഇപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് എവിടെയും പോകാൻ എനിക്ക് ഭയമാണ്.
കുടുംബ പാഠങ്ങൾ
എന്‍റെ അച്‌ഛൻ സിനിമ വ്യവസായവുമായി ബന്ധമുള്ള ആളല്ല. ഞാൻ സുചിത്ര സെന്നിന്‍റെ ചെറുമകളാണെന്നും മൂൺ മൂൺ സെന്നിന്‍റെ മകളാണെന്നും ഉള്ള ഗർവ്വ് ഞങ്ങളിൽ ഉണ്ടാകാൻ അദ്ദേഹം എന്നെ അനുവദിച്ചിട്ടില്ല. ഞങ്ങൾ സാധാരണക്കാരെ പോലെയാണ് ജീവിച്ചത്. ടാക്സിയിലും ഓട്ടോയിലും യാത്ര ചെയ്യാവുന്ന ലളിതമായ ജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നത്. താരകുടുംബത്തിൽ ഉള്ളവരാണെന്ന തോന്നൽ ഞങ്ങളിൽ ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ലാളിത്യത്തിന്‍റെ ആ വലിയ പാഠം ഉൾക്കൊണ്ടാണ് ഞാൻ ജീവിച്ചത്.
അമ്മ എല്ലായ്പ്പോഴും പിന്തുണയായി ഒപ്പമുണ്ട്. സിനിമ വ്യവസായത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളെക്കുറിച്ച് അമ്മയ്ക്ക് നല്ല ധാരണ ഉള്ളതിനാൽ അക്കാര്യങ്ങളെക്കുറിച്ച് ഞങ്ങളുമായി പങ്കുവയ്ക്കാറുണ്ട്.
സൗന്ദര്യ രഹസ്യം
ഇതിന് ഞാൻ എന്‍റെ മാതാപിതാക്കളോട് നന്ദി പറയുന്നു. അവരുടെ ജീനാണ് എനിക്കും എന്‍റെ സഹോദരി റിയയ്ക്കും ലഭിച്ചിരിക്കുന്നത്. അക്കാര്യത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വന്നില്ല. സാധാരണ ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്യുന്നതിലൂടെ ചർമ്മം തിളങ്ങും. സൗന്ദര്യം എല്ലായ്പ്പോഴും ഉള്ളിൽ നിന്നാണ് വരുന്നത്. ഇതിന് പതിവായി വീട്ടിൽ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം. ഇതുകൂടാതെ, ഞാൻ നല്ലൊരു ഭക്ഷണപ്രിയയും കൂടിയാണ്. ഡയറ്റ് നോക്കാറില്ല. എല്ലാത്തരം വിഭവങ്ങളും കഴിക്കും. അതുകൊണ്ട്, സമയം കിട്ടുമ്പോഴെല്ലാം ഞാൻ ആഴ്ചയിൽ 3-4 ദിവസം ജിമ്മിൽ പോകും.