കണക്കിൽ 50ൽ 20 മാർക്കോ? മകന്‍റെ പ്രോഗ്രസ് കാർഡ് കണ്ടയുടനെ അമ്മ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. പിന്നെയൊട്ടും അമാന്തിച്ചില്ല. ചൂരലെടുത്ത് കുട്ടിയെ തലങ്ങും വിലങ്ങും അടിച്ചു. കലി തീരാതെ വന്നതൊക്കെ വിളിച്ചുപറഞ്ഞു. പോരാത്തതിന് ടിവി കാണാനും കളിക്കാനുമൊക്കെ വിലക്കേർപ്പെടുത്തി. മാർക്ക് കുറഞ്ഞുപോയതിന് ഇത്രയും കഠിനമായ ശിക്ഷ ആവശ്യമുണ്ടോ? അടിക്കുന്നതിന് പകരം പരീക്ഷയിൽ എന്തുകൊണ്ട് മാർക്ക് കുറഞ്ഞുപോയെന്ന് ചിന്തിക്കുകയല്ലേ വേണ്ടത്? കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാതെയല്ലേ അമ്മ പ്രവർത്തിച്ചത്?
ഒട്ടും ആലോചിക്കാതെ ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളെ കഠിനമായി ശിക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി കുട്ടികളുടെ മോശം പെരുമാറ്റം തടയാനാകുമെങ്കിലും ഒരിക്കലും ഒന്നിനും പരിഹാരമാകില്ല. സ്നേഹത്തോടെ അവരെ പറഞ്ഞ് മനസ്സിലാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.
എന്തെങ്കിലും തെറ്റ് ചെയ്താൽ മാതാപിതാക്കൾ ശിക്ഷിക്കുമെന്ന ഭയം കുട്ടികളിൽ ഉണ്ടാകാം. പക്ഷേ, ഇത്തരത്തിലുള്ള ശിക്ഷാരീതികളൊന്നും അവരുടെ മോശമായ സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനോ അവരിൽ നല്ല സ്വഭാവ ഗുണങ്ങൾ വളർത്തിയെടുക്കാനോ സഹായിക്കുകയില്ല. അതുമാത്രമല്ല അടിക്കുക എന്നുള്ളത് അത്ര മോശം കാര്യമല്ലെന്നും മറ്റുള്ളവരെ ശിക്ഷിക്കാൻ തങ്ങൾക്ക് പൂർണ്ണമായ അവകാശമുണ്ടെന്നുമുള്ള ധാരണ അവരിലുണ്ടാകാം.
സ്വാധീനിക്കുന്ന രീതി
കുട്ടികളെ അനുസരണശീലമുളളവരാക്കുന്നതിന് ഫലവത്തായ മറ്റ് ചില രീതികൾ ഉണ്ട്. കുട്ടി ദേഷ്യപ്പെടുമ്പോൾ അവൻ കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും കുറച്ച് സമയത്തേക്കെങ്കിലും അകന്നു പോകുകയാണ് ചെയ്യുന്നത്, ടൈം ഔട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതവരുടെ ദേഷ്യം തണുപ്പിക്കാനുള്ള സമയം നൽകുന്നു. അതുകൊണ്ട് സ്വന്തം കുട്ടി മറ്റുള്ള കുട്ടികളോട് ദേഷ്യപ്പെടുകയോ കലഹിക്കുകയോ ചെയ്യുകയാണെങ്കിൽ കുറച്ച് സമയത്തേക്ക് കുട്ടിയെ തനിച്ച് വിടുകയോ അല്ലെങ്കിൽ അവനെ മുറിയിലേക്ക് അയയ്ക്കുകയോ ചെയ്യാം. കുറച്ച് സമയത്തിന് ശേഷം കുട്ടിയുടെ ദേഷ്യം ശമിക്കും. അപ്പോൾ അവൻ സ്വന്തം പ്രശ്നങ്ങൾ മാതാപിതാക്കളോട് പങ്കുവയ്ക്കുകയും പരിഹാരമാർഗ്ഗം ആരായുകയും ചെയ്യും.
സ്വന്തം വസ്തുക്കൾ നഷ്ടപ്പെടുത്തുന്ന ശീലം
പലതരം ശീലങ്ങളുള്ളവരാണ് കുട്ടികൾ. വളരുന്തോറും അത്തരം ശീലങ്ങൾ അവരിൽ അടിയുറച്ചുപോകും. പല കുട്ടികളും ശീലങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായെന്നും വരില്ല. ഈ സാഹചര്യത്തിൽ അവരെ അനുസരണശീലമുള്ളവരാക്കുന്നതിന് അവരോടുള്ള നയത്തിൽ മാറ്റം വരുത്തുക. അങ്ങനെ മാത്രമേ അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താനാകൂ. ഉദാ- സ്വന്തം സാധനസാമഗ്രികൾ സൂക്ഷിക്കാനറിയാതെ നഷ്ടപ്പെടുത്തുന്ന ശീലം പല കുട്ടികളിലും കണ്ടുവരാറുണ്ട്. ചിലപ്പോൾ അവർ പെൻസിൽ സ്കൂളിൽ ഉപേക്ഷിച്ചിട്ട് വരാം മറ്റു ചിലപ്പോൾ വാട്ടർ ബോട്ടിലാകാം. ഇത്തരം ശീലക്കേടുകൾ മാറ്റിയെടുക്കുന്നതിന് റിമൈൻഡറിന്‍റെ ആവശ്യം വേണ്ടി വരാം. അതിനായി രക്ഷിതാക്കളും കുട്ടികളും പരസ്പരം അതേക്കുറിച്ച് സംസാരിച്ച് തീർച്ചപ്പെടുത്തുക.
കുട്ടികളുടെ വസ്തുക്കളിൽ എന്തെങ്കിലും അടയാളമിടാം. ഈ അടയാളം വഴി അവർക്ക് സ്വന്തം വസ്തുക്കൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകും. എന്നിട്ടും കാര്യങ്ങൾ പഴയപടിയാണെങ്കിൽ ഏതെങ്കിലും മനഃശാസ്ത്രജ്ഞന്‍റെ വിദഗ്ദ്ധോപദേശം തേടുന്നതായിരിക്കും ഉചിതം.
കുട്ടിക്ക് എന്തുകൊണ്ട് നല്ല മാർക്ക് ലഭിക്കുന്നില്ല?
പൊന്നോമന പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുന്നില്ലല്ലോയെന്ന കാര്യം രക്ഷിതാക്കളെ അലട്ടാറുണ്ട്. കുട്ടിയുടെ കഴിവില്ലായ്മ കൊണ്ടോ മാതാപിതാക്കൾ ശരിയായവണ്ണം പഠിപ്പിക്കാത്തതു കൊണ്ടോ അല്ല പലപ്പോഴും അങ്ങനെ സംഭവിച്ചിരിക്കുക.
പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പഠിപ്പിച്ച പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കിയ കുട്ടി പരീക്ഷാസമയത്ത് ആ പാഠഭാഗങ്ങൾ എന്തുകൊണ്ട് മറന്നുപോകുന്നു? എന്താണ് അതിനു പിന്നിലെ കാരണം? അതേക്കുറിച്ച് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെ കുട്ടികളുടെ മനോരോഗവിദഗ്ദ്ധനായ ഡോ. ദീപക് പറയുന്നതിങ്ങനെ…
“യഥാർത്ഥത്തിൽ കുറേ നല്ല കാര്യങ്ങൾ ചെയ്യാനുള്ള സമ്മർദ്ദം കുട്ടികളിൽ ചൊരിയുന്ന പ്രവണത രക്ഷിതാക്കൾക്കുണ്ട്. പലപ്പോഴും ഇത് കുട്ടികളെ ഉൾവലിയുന്ന സ്വഭാവത്തിലേക്ക് നയിക്കാം. രക്ഷിതാക്കളും അസ്വസ്ഥരായിരിക്കാം. കാരണം കുട്ടികളുടെ പഠന കാര്യങ്ങളിൽ അവർക്ക് നിരന്തരം ശ്രദ്ധ നൽകേണ്ടി വരാം. കുട്ടികളെക്കുറിച്ച് അമിത പ്രതീക്ഷയും ഉണ്ടായിരിക്കാം. ഇതെല്ലാം ചേർന്നുള്ള സംഘർഷാവസ്ഥയിൽ കുട്ടികൾ പഠിച്ചതെല്ലാം മറന്നുപോകും. പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ കഴിയാതെ പോകും. ചോദ്യപേപ്പർ കാണുമ്പോഴേ കുട്ടികൾ അസ്വസ്ഥരാകുന്നതാണ് കാരണം. എന്നാൽ കുട്ടികളുടെ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കൾ മനസ്സിലാക്കാറില്ല. പരിഭ്രമം മൂലമാണ് കുട്ടികൾ ശരിയായ വണ്ണം പരീക്ഷയെഴുത്തതെന്ന് വിശ്വസിക്കാൻ അവർ തയ്യാറാകില്ല. നിങ്ങളുടെ കുട്ടി പരീക്ഷയിൽ മികച്ച വിജയം നേടുന്നില്ലെങ്കിൽ/ പരാജയപ്പെടുന്നുവെങ്കിൽ അതേക്കുറിച്ച് ഗൗരവമായി ചിന്തിക്കുക.”
കുട്ടികൾ എന്തുകൊണ്ട് പരിഭ്രമിക്കുന്നു?
കുട്ടികളിലെ പരിഭ്രമത്തെക്കുറിച്ച് പുറത്ത് വന്നിട്ടുള്ള ഗവേഷണങ്ങൾ വിലയിരുത്തുന്നതിങ്ങനെയാണ്. കുട്ടികൾ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുമ്പോൾ പഠിച്ച കാര്യങ്ങൾ അത്രയും ഷോർട്ട് ടേം മെമ്മറിയിലാണ് ശേഖരിക്കപ്പെടുന്നത്. മസ്തിഷ്കത്തിലെ ഈ ഭാഗം സംവേദനങ്ങളുടെയും കേന്ദ്രമാണ്. കുട്ടികൾ പരിഭ്രമിക്കുമ്പോൾ സംവേദനങ്ങൾ അവർ ശേഖരിച്ചു വച്ചിരിക്കുന്ന അറിവുകളെ ബാധിക്കും. തത്ഫലമായി അവർ പഠിച്ചതെല്ലാം മറന്നുപോകുകയും ചെയ്യും.
കുട്ടികളുടെ തെറ്റായ പഠനരീതിയും പലപ്പോഴും ഇതിന് കാരണമാകാം. ചിലർ ആവർത്തിച്ച് പറഞ്ഞ് ഓർമ്മിക്കുമെങ്കിലും ഉത്തരപേപ്പറിൽ അത് വെണ്ടവണ്ണം എഴുതാൻ കഴിയാതെ പോകാറുണ്ട്. അതുകൊണ്ട് പാഠഭാഗങ്ങൾ ഓർമ്മിച്ച ശേഷം അതെഴുതി പരിശീലിക്കണം. രക്ഷിതാക്കൾ വീട്ടിൽ വെച്ച് കുട്ടികൾക്കായി സാമ്പിൾ പരീക്ഷ നടത്തുന്നതും ഗുണം ചെയ്യും.
മാതാപിതാക്കൾ കുട്ടികളിൽ ചെലുത്തുന്ന അമിത സമ്മർദ്ദം ദോഷം ചെയ്യാം. മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് തങ്ങൾക്ക് ഉയരാൻ കഴിയില്ലെന്ന ചിന്ത അവരെ സദാ അലട്ടിക്കൊണ്ടിരിക്കും. ഇത് അവരുടെ ഏകാഗ്രതയെ നശിപ്പിക്കും. പരീക്ഷയോടുള്ള കുട്ടികളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കുകയാണ് അടുത്ത പടി ചെയ്യേണ്ടത്.
ഇത്തവണ നല്ല മാർക്ക് കിട്ടിയില്ലെങ്കിൽ സാരമില്ലെന്നും അടുത്തതവണ നല്ല മാർക്ക് വാങ്ങാനുള്ള ആത്മവിശ്വാസം കുട്ടിക്ക് ഉണ്ടെന്നും പറഞ്ഞ് ധരിപ്പിക്കുക. രക്ഷിതാക്കളുടെ ക്രിയാത്മകമായ പിന്തുണ മികച്ച പ്രകടനം നടത്താൻ വളയേറെ സഹായിക്കും.
ആത്മവിശ്വാസക്കുറവ്
ചില കുട്ടികൾ ആത്മവിശ്വാസക്കുറവ് ഉള്ളവരായിരിക്കും. ഇത്തരം കുട്ടികൾ പാഠഭാഗങ്ങൾ ആവർത്തിച്ച് പഠിച്ചുകൊണ്ടിരിക്കും. ശരിയായവണ്ണം പരീക്ഷയെഴുതാൻ കഴിയില്ലെന്ന ധാരണയുള്ളതിനാലാണത്.
അത്തരം കുട്ടികളിൽ ഏകാഗ്രത തീരെ കുറവായിരിക്കും. ചോദ്യപേപ്പർ കാണുമ്പോഴേ തങ്ങൾ പഠിക്കാത്തതാണല്ലോ വന്നത്, ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ എന്നിങ്ങനെയുള്ള ആധി കയറും. ഇത്തരം കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ റോൾ നിർണ്ണായകമാണ്. കുട്ടിക്ക് എല്ലാം ചെയ്യാൻ കഴിയും, നല്ലവണ്ണം എഴുതാനാകും എന്ന വിശ്വാസം അവരിൽ വളർത്തിയെടുക്കാൻ ശ്രമിക്കണം. പഠനവേളയിൽ ഇടയ്ക്ക് അവരെ പുറത്ത് കളിക്കാൻ വിടുക, സിനിമ കാണാൻ കൊണ്ടുപോകുക ഇത്തരം പ്രവർത്തികൾ മനസ്സിന് കൂടുതൽ ഉണർവും ഊർജ്ജവും പകരും.
എപ്പോഴും പഠിക്കേണ്ടത് അത്ര അത്യാവശ്യമുള്ള കാര്യമല്ലെന്ന ധാരണ വെച്ചുപുലർത്തുന്നവരാണ് കൗമാരപ്രായത്തിലെത്തുന്ന പല കുട്ടികളും. പരീക്ഷ അടുക്കുമ്പോഴാകും ഇത്തരക്കാർ പഠിക്കാൻ തുടങ്ങുക. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കും.
രക്ഷിതാക്കൾ അന്നന്നത്തെ പാഠങ്ങൾ അന്നന്ന് പഠിക്കാൻ അവരെ പ്രേരിപ്പിക്കണം. ഒപ്പം വീട്ടിൽ ടെസ്റ്റ് പേപ്പറുകൾ നടത്തുക. രക്ഷിതാക്കളും കുട്ടികളും ചേർന്ന് ഒരു സിസ്റ്റമാറ്റിക് പഠനരീതി നടപ്പിലാക്കുന്നത് നന്ന്. പഠനം മെച്ചപ്പെടാനും പരീക്ഷയിൽ ഉയർന്ന വിജയം നേടാനും ഇത് ഉപകരിക്കും. ഒപ്പം അവർക്ക് ആവശ്യത്തിന് ഉറങ്ങാനുള്ള സമയവും അനുവദിക്കുക.