അടിയുറച്ച സ്നേഹവും വിശ്വാസവും നിറഞ്ഞ ഒരു ദാമ്പത്യമാണോ നിങ്ങളുടേത്? പ്രിയതമയ്ക്കായി ജന്മദിന സമ്മാനം പോലും വാങ്ങാൻ മറന്നു പോകുന്ന മുരടനായ ഭർത്താവാണോ നിങ്ങൾ? വിവാഹ വാർഷിക ദിനവും മറന്നു പോകാറുണ്ടോ? എങ്കിൽ ആ ദിവസങ്ങളിൽ വീട്ടിൽ കലഹം ഉറപ്പായിരിക്കും.
ചില ഭർത്താക്കന്മാരുടെ സ്ഥിരം പരാതി ഭാര്യ ഒട്ടും റോമാന്‍റിക്കല്ല എന്നായിരിക്കും. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഭാര്യയും ഭർത്താവും ദാമ്പത്യത്തിന്‍റെ രണ്ട് അറ്റങ്ങളിൽ കഴിയുന്നു എന്നാണ് ഉല്ലാസം ഇഷ്ടപ്പെടുന്ന ഭർത്താക്കന്മാരുടെ പരാതിക്ക് കാരണം.
“നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ?” എന്ന് ഭർത്താവ് സ്നേഹത്തോടെ മൊഴിയുമ്പോൾ “ഓ വീട്ടിൽ നിറയെ പണി കിടക്കുന്നു, അതിന്‍റെ ഇടയിലാ കറക്കം…” ഈ അരസികത്തികളെ ഭർത്താക്കന്മാർ എങ്ങനെ സഹിക്കാനാണ്…
“ലവ് അറ്റ് ദി മൊമന്‍റ്” ഓരോ നിമിഷത്തെയും അറിഞ്ഞ് ആസ്വദിച്ച് ജീവിക്കുമ്പോഴാണ് ജീവിതം ഏറ്റവും സുന്ദരമാകുന്നത്. വല്ലപ്പോഴും ഔട്ടിംഗുകൾ നടത്തുന്നത് ജീവിതത്തിന് പുത്തൻ ഉണർവ്വും ഊർജ്ജവും പകരും.
സഹകരണ മനോഭാവം
വീട്ടിലെ ജോലികളെ ചൊല്ലി നടക്കുന്ന തർക്കമാണ് ദാമ്പത്യത്തിലെ മറ്റൊരു പ്രധാന പ്രശ്നം. “നിങ്ങൾക്ക് മാത്രമല്ല, ഉദ്യോഗമുള്ളത്. എനിക്കും തളർച്ചയും ക്ഷീണവും ഒക്കെയുണ്ട്. വെളുപ്പിനെ തുടങ്ങുന്നതാ വീട്ടിലെ ജോലി… ദാ ഈ നിമിഷം വരെ ഞാൻ വെറുതെ ഇരുന്നിട്ടില്ല… എനിക്കും കുറച്ചു നേരം വിശ്രമിച്ചാൽ കൊള്ളാമെന്നുണ്ട്.” ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തിലെ രംഗങ്ങളെ ഓർമ്മിപ്പിക്കുന്നതായിരിക്കും വീട്ടിലെ ഈ ‘തൊഴിൽ തർക്കം’.
ഉദ്യോഗവും വീട്ടിലെ ജോലിയും ഭംഗിയായി കൊണ്ടു പോകാൻ പെടാപ്പാട് പെടുന്ന ഭാര്യയെ മനസ്സിലാക്കുമ്പോൾ മാത്രമാണ് ദാമ്പത്യം വിജയിക്കുന്നത്. ഭർത്താവ് തന്‍റെ അസ്വസ്ഥതകളും വിഷമതകളും മനസ്സിലാക്കുന്നില്ലല്ലോ എന്ന വേദന ഭാര്യയെ വിഷദരോഗി ആക്കി മാറ്റാനും സാധ്യതയുണ്ട്.
ആണും പെണ്ണും തമ്മിലുള്ള വെറുമൊരു കോൺട്രാക്ടല്ല വിവാഹം. വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും നിർബന്ധത്തിന് വഴങ്ങി ആകരുത് വിവാഹം. ഇഷ്ടമില്ലാത്ത ഭക്ഷണം നിർബന്ധത്തിന് വഴങ്ങി കഴിക്കുന്നത് പോലെയാകും അത്.
പരസ്പരമുള്ള ആദരക്കുറവും ദമ്പതിമാർക്ക് ഇടയിൽ പ്രശ്നമാകാറുണ്ട്. പരസ്പരം അപമാനിക്കാനും മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിൽ പങ്കാളിയെ കുറച്ച് കാട്ടാനും മത്സരിക്കുന്ന ചില ഭാര്യാഭർത്താക്കന്മാർ ഉണ്ട്. ഒന്നോർക്കൂ… തുല്യ പങ്കാളിത്തത്തിന്‍റെ കാലമാണിത്. അതായത് 50- 50 യുടെ കാലം.
സമാനമായ പെരുമാറ്റം
ഭർത്താവിനെ പോലെ തന്നെ ഭാര്യയും ഉദ്യോഗസ്ഥ ആണെങ്കിൽ സാമ്പത്തിക കാര്യങ്ങൾ അടക്കം സകല ഉത്തരവാദിത്തങ്ങളിലും ഭാര്യയും തുല്യ പങ്കാളി ആയിരിക്കും. വിശേഷാവസരങ്ങളിൽ പരസ്പരം സർപ്രൈസ് സമ്മാനങ്ങൾ നൽകി പങ്കാളികൾക്ക് തങ്ങളുടെ സ്നേഹം വെളിപ്പെടുത്താം. “ഓ വെറുതെ എന്തിനാ ഈ ഫോർമാലിറ്റി” എന്ന ചിന്ത അല്ല അവിടെ വേണ്ടത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള മനസ്സ് ഉണ്ടായിരിക്കണം. ഓഫീസിൽ നിന്നും തളർന്ന് അവശനായി എത്തുമ്പോൾ സ്നേഹപൂർവം ഒരു കപ്പ് ചായ നൽകുന്ന ഭർത്താവിനെ ഏത് ഭാര്യയും ജീവന്‍റെ ജീവനായി കാണാതിരിക്കില്ല.
സമാധനപൂർണ്ണമായ ദാമ്പത്യത്തിന് വീട്ടിലെ ശാന്തമായ അന്തരീക്ഷവും പ്രധാനമാണ്. വീട്ടിലെ വൃത്തിയും ചിട്ടയും ഒക്കെ വ്യക്തിയുടെ മനസ്സിനെ പോസിറ്റീവായി സ്വാധീനിക്കും. ഇഷ്ടപ്പെട്ട കലാവസ്തുക്കൾ കൊണ്ട് ഭംഗിയായി സജ്ജീകരിച്ചിരിക്കുന്ന വൃത്തിയും വെടിപ്പുമുള്ള നിങ്ങളുടെ വീട്ടിൽ ആഹ്ളാദത്തിന്‍റെ പൂമൊട്ടുകൾ വിടരാൻ ഇനി അധികാരം വേണ്ടി വരില്ല. എത്ര സുന്ദരമാണീ ജീവിതമെന്ന് നിങ്ങൾ സ്വയം അറിയാതെ മന്ത്രിച്ചു പോകും.