വിവാഹബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് ചോദിച്ചാൽ, അതിന് പല തരത്തിലുള്ള ഉത്തരങ്ങൾ ഉണ്ടാകാം. പരസ്പരം മനസിലാക്കൽ, കെയറിംഗ്, ധാരണ അങ്ങനെ പല കാര്യങ്ങൾ... എന്നാൽ അതിനെല്ലാം ഒപ്പം തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി വരുന്ന ഒന്നുണ്ട്, അത് ഉറക്കമാണ്. അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.
അടുത്തിടെ പുതിയ തലമുറിയിലെ ദമ്പതികൾക്കിടയിൽ പുതിയ ഒരു പ്രവണത കണ്ടുവരുന്നുണ്ട്. സ്ലീപ് ഡിവോഴ്സ് എന്ന പേരിൽ അത് ട്വിറ്ററിൽ (എക്സ്) ഏറെ ട്രെൻഡിംഗായിരുന്നു. എന്താണ് സ്ലീപ് ഡിവോഴ്സ് എന്നറിയാൻ നിങ്ങൾക്കും താൽപര്യം തോന്നിയേക്കാം. അതിനായി അതിന്‍റെ ഓരോ വശവും മനസ്സിലാക്കേണ്ടതുണ്ട്.
എന്താണ് സ്ലീപ് ഡിവോഴ്സ്?
ഗാഢവും മെച്ചപ്പെട്ടതുമായ ഉറക്കത്തിനായി ദമ്പതികൾ വ്യത്യസ്ത മുറികളിലോ വ്യത്യസ്ത കിടക്കകളിലോ വ്യത്യസ്ത സമയങ്ങളിലോ ഉറങ്ങുമ്പോൾ സ്ലീപ് ഡിവോഴ്സ് സംഭവിക്കുന്നു. അങ്ങനെ അതിന് ഒരു പേരും ലഭിച്ചു, ഉറക്ക വിവാഹമോചനം. ദമ്പതികൾക്ക് അവരുടെ ഉറക്കം ശരിയായി പൂർത്തിയാക്കാൻ കഴിയാത്തതാണ് ഈയൊരു ട്രെൻഡിലേക്ക് വരാനുള്ള കാരണം. ശരിയായി ഉറങ്ങാൻ കഴിയാത്ത ആളുകൾക്ക് ഉറക്ക വിവാഹമോചനം ഒരു മികച്ച പരിഹാരമാണ്. പങ്കാളികൾ രാത്രി ഒരുമിച്ച് ഉറങ്ങാതെ അവരുടെ സൗകര്യത്തിന് അനുസരിച്ച് വെവ്വേറെ മുറികളിൽ അല്ലെങ്കിൽ കിടക്കകളിൽ ഉറങ്ങുന്ന ഒന്നാണ് സ്ലീപ് ഡിവോഴ്സ്. ഇക്കാരണത്താൽ ദമ്പതികളുടെ ഉറക്കവും പൂർണ്ണമാകും അവർ പിറ്റേന്ന് രാവിലെ പൂർണ്ണ ഊർജ്ജത്തോടെ ഉണരുകയും ചെയ്യും.
സ്ലീപ് ഡിവോഴ്സ് ട്രെൻഡ്
സ്ലീപ് ഡിവോഴ്സ് ട്രെൻഡ് എന്ന് കേൾക്കുമ്പോൾ പുതിയതായി തോന്നാം. എന്നാൽ ഈ സമ്പ്രദായം വളരെ പഴയതാണ്. 1850- ൽ ഈ പ്രവണത ഇരട്ട പങ്കിടൽ കിടക്ക എന്ന പേരിൽ ഇത് പ്രസിദ്ധമായിരുന്നു. അക്കാലത്ത് ഭാര്യാഭർത്താക്കന്മാർക്ക് ഒരു മുറിയാണ് ഉണ്ടായിരുന്നത് എന്നാൽ ഹോട്ടലുകളിലേതുപോലെ ഇരട്ട പങ്കിടൽ കിടക്ക പോലെ. ഒരു മുറിയിൽ രണ്ട് വ്യത്യസ്ത കിടക്കകളാണ് അവർ ഉറങ്ങാൻ ഉപയോഗിച്ചിരുന്നത്. ഭാര്യയും ഭർത്താവും ഒരേ മുറിയിൽ ഒരുമിച്ചുണ്ടായിരിക്കുമ്പോഴും പരസ്പരം ശല്യപ്പെടുത്താതെ സ്വസ്ഥമായി ഉറങ്ങാൻ വേണ്ടിയായിരുന്നു ഇത്. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഹിലാരി ഹിൻഡ്സും ഇതിനെക്കുറിച്ച് കൾച്ചറൽ ഹിസ്റ്ററി ഓഫ് ട്വിൻ ബെഡ്സ് എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. പുസ്തകം അനുസരിച്ച്, അക്കാലത്ത് ഡോക്ടർമാർ ഉറക്കക്കുറവിനെ മാനസിക പ്രശനമായി കണക്കാക്കിയിരുന്നു.
ഉറക്കക്കുറവ് കാരണം
മതിയായ ഉറക്കം ലഭിക്കാത്തതിന് പല കാരണങ്ങളുണ്ടാകാം. ദിവസം മുഴുവനുള്ള ഓട്ടം കഴിഞ്ഞ് ഉറങ്ങാൻ വൈകുന്നത് പോലെ മോശം ഉറക്ക ശീലങ്ങൾ അല്ലെങ്കിൽ പങ്കാളിയുടെ കൂർക്കംവലി, പങ്കാളി ദീർഘനേരം ജോലിയിൽ ഏർപ്പെട്ടിരിക്കുക... ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ട് പങ്കാളിയുടെ ഉറക്കം പൂർണ്ണമാകാതെയാകാം.
ഉറക്കം- ബന്ധങ്ങളിൽ വിള്ളൽ
ഉറക്കക്കുറവ് ബന്ധത്തെ നേരിട്ട് ബാധിക്കുന്നു. ഉറക്കക്കുറവ് നേരിടുന്ന ദമ്പതികൾ നിസ്സാര കാര്യങ്ങളെ ചൊല്ലി പോലും അസ്വസ്ഥരാകാം. ക്ഷോഭമാണ് ഉറക്കക്കുറവിന് കാരണം, ഈ കാരണവും കലഹങ്ങൾക്ക് പ്രധാന കാരണമായി മാറുന്നു.