കഴിഞ്ഞ ആറുമാസമായി ദുരന്തങ്ങൾ മാത്രമാണ് അശോകന്‍റെ വീട്ടിൽ സംഭവിക്കുന്നത്. ആദ്യം അയാളുടെ അച്ഛന് ഹൃദയാഘാതം ഉണ്ടായി. ഒരു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. രണ്ടുലക്ഷം രൂപയാണ് ചെലവായത്. അച്ഛൻ ഒരുവിധം സുഖമായി വീട്ടിൽ മടങ്ങി എത്തിയപ്പോൾ പ്രമേഹ ബാധിതയായ അമ്മ ആശുപത്രിയിൽ. കാലിലെ മുറിവ് പഴുത്ത് ശരീരത്തിലേക്ക് വ്യാപിക്കാൻ തുടങ്ങിയിരുന്നു. അറുപതിനായിരം രൂപയോളം ഈ ഇനത്തിൽ പൊടിഞ്ഞു. ഇങ്ങനെ ആശുപത്രിയിലും മറ്റുമായി അലഞ്ഞുതിരിഞ്ഞ് അശോകന്‍റെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങി.
മാലിനിക്ക് ഇതെല്ലാം കണ്ട് ദുഃഖം തോന്നി. രാത്രി കിടക്കയിൽ ഉറക്കമില്ലാതെ ഭർത്താവ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
അവൾ അയാളെ മെല്ലെ തട്ടികൊണ്ട് സാവധാനത്തിൽ പറഞ്ഞു. ഈ തിരക്കിൽ നിന്ന് നമുക്ക് എങ്ങോട്ടെങ്കിലും പോകണം അശോക്… എനിക്കും മതിയായി, ഭയങ്കര ക്ഷീണം.
അയാൾ മറുപടിയൊന്നും പറഞ്ഞില്ല. പെട്ടെന്ന് എങ്ങോട്ട് പോകാനാണ്? അതും അസുഖബാധിതരായ അച്ഛനമ്മമാരെ വിട്ട്. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. അശോകൻ കുളിമുറിയിൽ തെന്നി വീണ് കാലൊടിഞ്ഞു.
അയാൾ നേരത്തെ ആഗ്രഹിച്ചത് പോലെ തിരക്കില്ലാതെ കിടക്കയിൽ കിടന്നാൽ മതി. പക്ഷേ മനസ്സ് ശാന്തമാവുമോ?
അശോകന്‍റെ വീട്ടിലെ കഷ്ടപ്പാട് കണ്ടപ്പോൾ അയൽവക്കക്കാർ പോലും പറഞ്ഞു തുടങ്ങി, നിങ്ങൾക്ക് വലിയ കഷ്ടകാലമാണെന്നാ തോന്നുന്നേ… കണ്ടകശനിയായിരിക്കണം. അതാണ് ഇങ്ങനെ രോഗം ദുരിതങ്ങൾ. എന്തെങ്കിലും പരിഹാരം കണ്ടു കൂടെ?
പലരും ഇങ്ങനെ പറഞ്ഞു പറഞ്ഞ് മാലിനിക്കും അത് ശരിയാണെന്ന് തോന്നി. ശനി ദോഷത്തിന് പരിഹാരം കാണണം. ഏതെങ്കിലും അമ്പലത്തിൽ പോയി വഴിപാട് കഴിക്കണം. ബ്രാഹ്മണർക്ക് ദാനം നടത്തണം.
രവിശങ്കർ പ്രശസ്തനായ ജോത്സ്യനാണ്. അദ്ദേഹത്തെ കണ്ട് പരിഹാരം തേടുന്നതാണ് നല്ലത്. അയൽവാസി രമ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചില്ല. മാലിനി അദ്ദേഹത്തെ കണ്ട് ചാർട്ട് എഴുതിച്ചു. ഒരു ചാർട്ടിന് 500 രൂപയായിരുന്നു ഫീസ്. രണ്ടുപേർക്കും പരിഹാരം ചെയ്യേണ്ടതുള്ളതു കൊണ്ട് ആയിരം രൂപ ചെലവായി.
ഇന്ദ്രനീലം പതിച്ച മോതിരം ഭാര്യയും ഭർത്താവും ധരിക്കണം. അശോകന്‍റേത് യമകണ്ടക ശനിയാണ്. ഇനിയും ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. പക്ഷേ ഇന്ദ്രനീലം മോതിരം ധരിച്ചാൽ കാര്യങ്ങൾ അല്പം മെച്ചപ്പെട്ടേക്കാം.
തീർന്നിട്ടില്ല പരിഹാരക്രിയകൾ. നവഗ്രഹ ക്ഷേത്രത്തിൽ പോയി ശനിപൂജ ചെയ്യുക, കറുത്ത വസ്ത്രം ധരിക്കുക, 11 ബ്രാഹ്മണർക്ക് വീതം 11 ആഴ്ചകളിൽ ഭക്ഷണം നൽകുക…
ജ്യോത്സ്യന്‍റെ പട്ടിക നീണ്ടു.
ആറു വർഷം കൂടി കഷ്ടകാലം ആണെന്നാ ജോത്സ്യൻ പറഞ്ഞത്. ഇനിയും അഞ്ചര വർഷം കൂടിയുണ്ട്.
ആലോചിക്കും തോറും അശോകന് തല പെരുത്തു. പക്ഷേ അതിലേറെ ടെൻഷൻ മാലിനിക്ക് ആയിരുന്നു. എല്ലായിടത്തും അവൾ തന്നെ പോകണം. വീട്ടിലെ കാര്യങ്ങൾ ഒറ്റയ്ക്ക് നടത്തണം. ദുരിതങ്ങൾ നേരിടാൻ ശക്തി തരണേ എന്ന് മാത്രമായിരുന്നു ഇപ്പോഴവളുടെ പ്രാർത്ഥന.
മാലിനി എല്ലാം ശനിയാഴ്ചയും ക്ഷേത്രദർശനം പതിവാക്കി. ബ്രാഹ്മണർക്ക് അന്നദാനം നടത്തി. ഇതിനിടെ ഒരു സന്യാസി പറഞ്ഞു. ഇത് കലികാലമല്ലേ മോളെ… ശനിദേവൻ കുപിതനാണ്. എപ്പോഴും ധാരാളം പേർ ഞങ്ങളെ ഊട്ടാൻ എത്തും. പക്ഷേ തുടർച്ചയായി ഭക്ഷണം കഴിക്കാൻ പറ്റുമോ… അതുകൊണ്ട് പണം ദാനം ചെയ്താലും മതി.
അതോടെ മാലിനി ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്തി. ബ്രാഹ്മണർക്ക് ഭക്ഷണം വേണ്ടെങ്കിൽ എന്തുകൊണ്ട് യാചകർക്ക് കൊടുത്തുകൂടാ. ഒരു നേരത്തെ ഭക്ഷണത്തിന് കൊതിക്കുന്നവർക്ക് അത് നൽകുന്നതിനും വലിയ പുണ്യം മറ്റെന്തുണ്ട്?
വീടിനു സമീപത്തുള്ള ക്ഷേത്ര പരിസരത്ത് ധാരാളം യാചകരുണ്ട്. അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാം. അവൾ വിചാരിച്ചു. മാലിനി ഭക്ഷണപ്പൊതിയുമായി വരുന്നത് യാചകർ കാത്തിരുന്നു വാങ്ങുമായിരുന്നു ആദ്യമൊക്കെ. മാലിനി അവർക്ക് ചിരപരിചിതയായി കഴിഞ്ഞപ്പോൾ യാചകരുടെ ഡിമാൻഡ് മാറി.
നിങ്ങൾ എന്നും ഭക്ഷണം തരണമെന്നില്ല അമ്മാ… വല്ലപ്പോഴും പണം തന്നാൽ മതി. ഒരു ദിവസം മൂന്നും നാലും പൊതിച്ചോറ് കിട്ടും. പലപ്പോഴും പകുതി കളയേണ്ടി വരും. ഒരു യാചകൻ പറഞ്ഞു.
ശനി, ചൊവ്വ, രാഹു, കേതു എന്നിങ്ങനെ ദുഷ്ടഗ്രഹങ്ങളുടെ ദൃഷ്ടിയിൽ നിന്ന് മോചിതരാവാൻ ഇതുപോലെ കഷ്ടപ്പെടുന്നവർ എത്രയോ ലക്ഷങ്ങൾ കാണും. അങ്ങനെ ചിന്തിച്ചാൽ ഇവർ പറയുന്നത് ശരി തന്നെ.
മാലിനിയുടെ സങ്കോചം കണ്ട് ഒരു യാചകൻ പറഞ്ഞു. വീട്ടിലെ ഫോൺ നമ്പർ തന്നാൽ മതി. പട്ടിണി ദിവസങ്ങളിൽ ഞങ്ങൾ മാഡത്തിനെ വിളിക്കാം.
ഈ പരിഹാര നിർദ്ദേശം കേട്ട് മാലിനി അമ്പരന്നു പോയി. എങ്കിലും അതും പരീക്ഷിച്ചു നോക്കാം. അവൾ ഫോൺ നമ്പർ കൊടുത്തു. ഇവർ ഈ അവസരം എങ്ങനെ വിനിയോഗിക്കുമെന്ന് എങ്കിലും അറിയാമല്ലോ. വീട്ടിൽ മടങ്ങിയെത്തി മാലിനി കാര്യങ്ങൾ അശോകനോട് പറഞ്ഞു.
അത് കേട്ട് അശോകൻ പൊട്ടിച്ചിരിച്ചു. എടോ, നമ്മളെക്കാൾ ഭേദം ആ യാചകരാണേ… നമ്മെപ്പോലെ ദാനം ചെയ്യാൻ എത്രയോ പേരാണ് തയ്യാറായിരിക്കുന്നത്. അപ്പോൾ പിന്നെ അവർക്കും നിബന്ധന വെച്ച് കൂടെ…
മനുഷ്യർക്ക് അന്നദാനം നടത്തുന്നത് മടുത്തപ്പോൾ മാലിനി കാക്കകളുടെ പിന്നാലെ ആയി. ശനി ഭഗവാന്‍റെ സവാരി കാക്കയുടെ പുറത്താണല്ലോ.
എത്ര ഭക്ഷണവും മിനിറ്റുകൾക്കുള്ളിൽ കാക്കകൾ തീർത്തു തരും. സന്യാസികളെയും യാചകരെയും പോലെ നിബന്ധനകളും ഒന്നുമില്ല അവയ്ക്ക്.
അങ്ങനെ കാക്കകൾക്ക് ഭക്ഷണം കൊടുക്കൽ മാലിനിയുടെ ദിനചര്യയായി.
മഴക്കാലമായി. ഇടമുറിയാതെ മഴ ജന ജീവിതത്തെ വളരെ മോശമായി ബാധിച്ച സമയം. ഒരു ദിവസം അശോകനും മാലിനിയും ബാൽക്കണിയിൽ ഇരുന്നു മഴ കാണുകയായിരുന്നു. അവിടെ നിന്നു നോക്കിയാൽ തൊട്ടടുത്ത അമ്പലം കാണാം. മഴ പെയ്തതോടെ ക്ഷേത്ര പരിസരത്തുള്ള യാചകരെയും കാണാതായിരിക്കുന്നു.
പാവങ്ങൾ! എങ്ങോട്ട് ആയിരിക്കും പോയിട്ടുണ്ടാവുക… അതിനെക്കുറിച്ച് അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വീട്ടിലെ ഫോൺ ശബ്ദിച്ചു.
പരിചയമില്ലാത്ത സ്വരം മറുപുറത്ത്.
മാഡം, ഓർമ്മയുണ്ടോ എന്നറിയില്ല. അമ്പലത്തിൽ വച്ച് നമ്മൾ കണ്ടിട്ടുണ്ട്. ഞാൻ ഭിക്ഷക്കാരൻ ശശിയാ. മഴ കാരണം ഞങ്ങൾ മുഴു പട്ടിണിയിലായി. എട്ടുപേർക്ക് ഭക്ഷണം കിട്ടിയാൽ നന്നായിരുന്നു. ഈശ്വരൻ നിങ്ങളെ രക്ഷിക്കും.
ശരി നിങ്ങൾ അമ്പലത്തിൽ ഇല്ലല്ലോ… പിന്നെ എവിടെയാണ് ഭക്ഷണം എത്തിക്കേണ്ടത്.
അമ്പലത്തിന് പിന്നിലെ കൈരളി തീയേറ്ററിന് അടുത്തുള്ള സൈക്കിൾ സ്റ്റാൻഡിൽ ഉണ്ട്.
ശരി, ഒരു മണിക്കൂറിനകം എത്തിച്ചേക്കാം.
എന്താണ് കൊണ്ടുവരിക?
ചോറും കറിയും.
അയ്യോ, അത് വേണ്ട ചപ്പാത്തിയും കറിയും എരിവുള്ള അച്ചാറും മതി.
ആ ഡിമാൻഡ് കേട്ട് ഒരു നിമിഷം അമ്പരന്നു എങ്കിലും മാലിനി സമ്മതിച്ചു.
അവൾ ഉടനെ അടുക്കളയിൽ കയറി ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും ഉണ്ടാക്കി. നേരത്തെ ഉണ്ടാക്കിയ നാരങ്ങ അച്ചാർ ഇരിപ്പുണ്ട്.
എല്ലാം പൊതിഞ്ഞ് അവൾ കൈരളി തിയേറ്ററിനോട് ചേർന്ന സൈക്കിൾ സ്റ്റാൻഡിലേക്ക് നടന്നു.
അവിടെ യാചകർ കാത്തിരിക്കുകയായിരുന്നു. അവർ അവളുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി ആർത്തിയോടെ കഴിച്ചു.
വലിയ ഏമ്പക്കം വിട്ടുകൊണ്ട് ഒരു യാചകൻ പറഞ്ഞു. ഞാൻ നിങ്ങളുടെ വീട് കണ്ടു. ഒരു ദിവസം അങ്ങോട്ട് വരാം. എനിക്കൊരു കാര്യം പറയാനുണ്ട്.
അവൾ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. യാചകൻ വീട്ടിൽ വരാമെന്ന് പറഞ്ഞത് അശോകനോട് സൂചിപ്പിച്ചപ്പോൾ അയാൾ നെറ്റി ചുളിച്ചു.
വല്ല കള്ളന്മാരും ആണോടോ…
ഏയ് അത്തരക്കാരെ ഒന്നുമല്ല മാലിനി പറഞ്ഞു.
ഒരു യാചകൻ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു എന്ന് കരുതി, മറ്റെന്ത് സംഭവിക്കാനാണ്? അവൾ ചിന്തിച്ചു.
രണ്ടുദിവസം തുടർച്ചയായി മഴ പെയ്തു കൊണ്ടേയിരുന്നു. അതിനുശേഷം മെല്ലെ മെല്ലെ മഴ ഒതുങ്ങി. റോഡിലെ വെള്ളമെല്ലാം ഇറങ്ങിയപ്പോൾ യാചകർ പതിവ് സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചു. ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു.
രാത്രി 9 മണിയോടെ ക്ഷേത്രം അടയ്ക്കും. ഒരു ദിവസം രാത്രി 10 മണിയായി കാണും. കോളിംഗ് ബെൽ കേട്ട് മാലിന് വാതിൽ തുറന്നു. അന്ന് പറഞ്ഞ യാചകനാണ്. അയാൾ അകത്തു കയറി നിലത്തിരുപ്പായി. അയാളുടെ കയ്യിൽ മുഷിഞ്ഞു നാറിയ ഒരു സഞ്ചിയുണ്ടായിരുന്നു. അത് നിറയെ എന്തോ ഉണ്ട്.
മാഡം… സാറിനെ വിളിക്കാമോ… ഒരു കാര്യം പറയാനാ.
അശോകൻ വന്നപ്പോൾ അയാൾ സഞ്ചി തുറന്നു കാണിച്ചു. നിറയെ നോട്ട്! 10,000 രൂപയുണ്ട്. ഇത് നിങ്ങൾ വച്ചോ! ആവശ്യം വരുമ്പോൾ ഞാൻ വാങ്ങിക്കൊള്ളാം. തെരുവിൽ കഴിയുന്ന എനിക്ക് ഇത്രയും പണം സൂക്ഷിക്കാൻ പ്രയാസമുണ്ട്.
ഇത്രയും പണം നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി. എന്താ ഇതിവിടെ തന്നെ തരാൻ തോന്നിയത്.
അഞ്ചുവർഷമായി ഞാൻ പിച്ചതെണ്ടുന്നു. എത്രയോ പണക്കാർ വരുന്ന സ്ഥലമാണ്. ധാരാളം ദാനം കിട്ടി. ഞങ്ങൾ യാചകർക്ക് എല്ലാവർക്കും ഉണ്ട് സമ്പാദ്യം. യാതൊരു ചെലവുമില്ല. നിങ്ങളുടെ കൈവശം സുരക്ഷിതമായിരിക്കും എന്ന് എനിക്ക് തോന്നി അതാ വന്നത്.
അശോകനും മാലിനിയും പരസ്പരം അമ്പരപ്പോടെ നോക്കി. ഒരു യാചകന്‍റെ കൈവശം ഇത്രയും പണം.
നിങ്ങൾ ഈ പണം ബാങ്കിൽ നിക്ഷേപിക്ക് അശോകൻ പറഞ്ഞു.
ഞാൻ ബാങ്ക് അക്കൗണ്ട് തുടങ്ങിയാൽ പിന്നെ പിച്ച തെണ്ടാൻ പറ്റുമോ? ആളുകൾ അറിഞ്ഞാൽ എന്‍റെ തൊഴിൽ പോവില്ലേ…
അത് കേട്ട് അശോകൻ ചിരിച്ചു.
കൊള്ളാം, ഇതാണോ നല്ല ജോലി. ഇനി ഞങ്ങളും ഈ ജോലി സ്വീകരിച്ചാലോ…
നല്ലത് പറയൂ അശോക്… നിങ്ങൾ കാലൊടിഞ്ഞു കിടക്കേണ്ടി വന്ന അവസ്ഥ മറക്കല്ലേ…മാലിനിക്ക് അശോകന്‍റെ സംസാരം ഇഷ്ടമായില്ല.
ഞാൻ തമാശ പറഞ്ഞതല്ലേ.. നീ അത് ഗൗരവത്തിൽ എടുത്തോ?
ഇത് കേട്ട് ഈ യാചകൻ കൈകൂപ്പി. സർ എന്നെ വിശ്വസിക്കണം. ഈ പണം സ്വീകരിക്കൂ. ഞങ്ങള യാചകരുടെ കൈവശം പണം സൂക്ഷിച്ചാൽ ആപത്ത് ക്ഷണിച്ചു വരുത്തുന്നത് തന്നെ. ശനിദേവൻ ഞങ്ങളെ വെറുതെ വിടില്ല.
അല്പനേരം ആലോചിച്ചിരുന്നിട്ട് അശോകൻ പണം വാങ്ങി.
അയാൾ പോയശേഷം അശോകനും മാലിനിയും പരസ്പരം നോക്കി. യഥാർത്ഥത്തിൽ ഇവരും ദാന യോഗ്യരാണോ? ഇത്രയും സമ്പാദ്യമുള്ള യാചകർ! ഈശ്വരകോപവും ഗ്രഹദോഷവും മാറാൻ ഇവർക്കൊക്കെ ദാനം ചെയ്തിട്ട് എന്ത് കാര്യം?
മാലിനി ചിന്തിച്ചു. ഇനിയും ഇത്തരം മണ്ടത്തരങ്ങൾ ജീവിതത്തിൽ ഉണ്ടാവില്ല. കൂലിപ്പണിക്കാർക്കോ, റിക്ഷക്കാരനോ, വേലക്കാരിക്കോ പത്തു രൂപ കൂടുതൽ കൊടുത്താൽ അതല്ലേ പുണ്യം!