രാവിലെ ശാലുവിനെ പ്ലേ സ്കൂളിൽ കൊണ്ടുവിട്ടശേഷം മടങ്ങി എത്തിയ പ്രിയ അവശേഷിച്ച വീട്ടുജോലികൾ ചെയ്തു തീർത്തശേഷം കുളിച്ച് തയ്യാറായി നേരെ ഓഫീസിലേക്ക് പുറപ്പെട്ടു. ഓഫീസിൽ എത്തി ജോലി ആരംഭിച്ചതോടെ സമയം പോയതവൾ അറിഞ്ഞില്ല. ഓഫീസിലെ ക്ലോക്കിലേക്ക് പ്രിയ ഒരു നിമിഷം നോക്കി. സമയം 2 മണിയായിരിക്കുന്നു.
പ്രിൻസിപ്പാലിനെ കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തലേദിവസം ടീച്ചർ കുറിപ്പ് അയച്ചതിനാൽ ശാലുവിനെ കൂട്ടികൊണ്ടുവരാൻ അവൾ സ്കൂളിലെത്തി. അല്ലാത്ത ദിവസങ്ങളിൽ ഓട്ടോറിക്ഷക്കാരൻ അവളെ സ്കൂളിൽ നിന്നും നേരെ ക്രഷിൽ കൊണ്ടു വിടുകയാണ് പതിവ്. ഓഫീസിലേക്ക് പോകുന്ന വഴിയിൽ പ്രിയ മകൾക്കുള്ള ഭക്ഷണം ക്രഷിലുള്ള ആയയെ ഏല്പിക്കുകയാണ് ചെയ്യുക. അതിനൊപ്പം മകൾക്കണിയാനുള്ള വസ്ത്രവും അവൾ കരുതി വയ്ക്കുമായിരുന്നു.
“പ്രിയാ മാഡം, ഈയിടെയായി മോൾ നല്ല വാശി കാണിക്കാറുണ്ട്. എപ്പോൾ നോക്കിയാലും മറ്റ് കുട്ടികളുമായി വഴക്കിടുന്നതാണ് കാണുന്നത്. ഇന്നലെ അടുത്തിരുന്ന പിയൂഷിന്‍റെ നേരെ കുപ്പി എറിഞ്ഞു. 2 ദിവസം മുമ്പ് പായലുമായി അടിപിടി കൂടി.”
“ലഞ്ച് ടൈമിൽ പായൽ കൊണ്ടുവന്ന സാൻവിച്ച് അവൾക്ക് കൊടുത്തില്ല എന്ന് പറഞ്ഞായിരുന്നു വഴക്ക്. ശാലു അവളുടെ ടിഫിൻ തട്ടി താഴെയിട്ടു. കുട്ടികൾ ഇങ്ങനെയാണോ പെരുമാറേണ്ടത്? അതും ഈ കുഞ്ഞുപ്രായത്തിൽ.” അധ്യാപിക ഇക്കാര്യം പ്രിൻസിപ്പാലിനോട് പരാതിയായി പറയുകയും ചെയ്തിരുന്നു.
“മുതിർന്നവർ വീട്ടിൽ ചെയ്യുന്നത് കണ്ടാണ് കുട്ടികൾ പഠിക്കുന്നത്. മുതിർന്നവരുടെ പെരുമാറ്റം കുട്ടികളിൽ നല്ല രീതിയിൽ സ്വാധീനം ചെലുത്തും.”
“ക്ഷമിക്കണം, ഞാൻ നോക്കിക്കൊള്ളാം.” എന്ന് പറഞ്ഞുകൊണ്ട് പ്രിയ അസ്വസ്ഥമായ മനസ്സോടെ ശാലുവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.
എന്നാൽ മനസ്സിൽ വലിയൊരു ഒരു കൊടുങ്കാറ്റുയർന്നിരുന്നു. ശാലുവിന്‍റെ ഈ സ്വഭാവത്തിന് കാരണം വീട്ടിൽ തങ്ങൾക്കിടയിൽ നടക്കുന്ന കലഹങ്ങൾ അല്ലേ? ശാലു മിക്കപ്പോഴും അത്തരം കലഹങ്ങൾക്ക് സാക്ഷിയായിരുന്നുവല്ലോ.
യഥാർത്ഥത്തിൽ, പ്രിയയും വിവേകും പ്രണയവിവാഹിതരായിരുന്നു. എന്നിരുന്നാലും ഇരുവരും തമ്മിൽ യാതൊരു യോജിപ്പും ഉണ്ടായിരുന്നില്ല. വഴക്കിനിടയിൽ വിവേക് പലപ്പോഴും പ്രിയയോട് ആക്രോശിക്കുകയും സാധനങ്ങൾ എടുത്ത് എറിയുകയും ചെയ്യുമായിരുന്നു. ഇത് കണ്ട് പ്രിയയ്ക്കും കടുത്ത ദേഷ്യം ഉണ്ടാകുമായിരുന്നു. പലപ്പോഴും ദേഷ്യം നിയന്ത്രിക്കാൻ അവൾ പാടുപെട്ടിരുന്നു.
ഓഫീസിൽ നിന്ന് ക്ഷീണിതരായി മടങ്ങി വന്നാലും രണ്ടുപേർക്കുമുണ്ടാകും ഒരുകെട്ട് പരാതികളും പരിഭവങ്ങളും. ഇതിനിടയിൽ എപ്പോഴോ അവർക്കിടയിലെ സ്നേഹവും അടുപ്പവുമൊക്കെ നഷ്ടപ്പെട്ടിരുന്നു.
പ്രിയ ഭക്ഷണം കൊടുത്ത് ശാലുവിനെ ഉറക്കി. കൂടെ അവളും കിടന്നു. തന്‍റെ തലയ്ക്ക് ഭാരം കൂടിക്കൊണ്ടിരിക്കുന്നതു പോലെ അവൾക്കു തോന്നി. ഇന്നലെ രാത്രി വഴക്കാണ് എല്ലാം തകർത്തത്.
അവൾ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഇന്നലെ രാത്രി വളരെ വൈകിയാണ് വിവേക് വീട്ടിൽ തിരിച്ചെത്തിയത്. പ്രിയ അതിനെ ചോദ്യം ചെയ്തതാണ് പ്രശ്നമെല്ലാം ഉണ്ടാകാൻ കാരണമായത്. രാവിലെ ശാലുവിനെ സ്കൂളിൽ കൊണ്ടുവിടാൻ അവൾ വിവേകിനോട് തലേന്ന് രാത്രിയിൽ പറഞ്ഞിരുന്നതാണ്.
വിവേകിന് അവിഹിതബന്ധമുണ്ടെന്ന് സഹപ്രവർത്തകരിൽ ഒരാൾ പ്രിയയോട് പറഞ്ഞിരുന്നു. അക്കാര്യം അറിയാവുന്നതു കൊണ്ടുള്ള ദേഷ്യത്തിൽ വിവേകിനോട് അവൾ ദേഷ്യപെടുകയാണ് ഉണ്ടായത്, “നിങ്ങൾ സോണലിന്‍റെ കൂടെ അത്താഴത്തിന് പോയതാണെന്ന് എനിക്ക് മനസ്സിലായി. സത്യമല്ലേ?”
“അതെ സത്യമാണ്… എന്താ നിന്‍റെ പ്രശ്നം. ശരി, നിന്നെപ്പോലുള്ള സ്ത്രീകൾക്ക് എപ്പോഴും ചെറിയ മനസ്സാണ് ഉള്ളതെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ഞാൻ സോണലിനോട് തമാശ പറഞ്ഞാൽ നടക്കാൻ പോയാൽ, എല്ലാം സംശയമാണ്. സോണൽ എന്‍റെ കൊളീഗാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായതിൽ എന്താണ് തെറ്റ്? നീ എന്‍റെ പിറകെയുള്ള സിഐഡി പണി നിർത്താമോ?” വിവേക് ദേഷ്യത്തോടെ ആക്രോശിച്ചു.
“സോണലുമായുള്ള നിങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഞാൻ ഇന്നുവരെ ഒന്നും ചോദിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുകയാണ്. നിങ്ങൾ അവളോടൊപ്പം രാത്രി ചെലവഴിച്ചിട്ട് വൈകി തിരിച്ചെത്തിയിരിക്കുന്നു. ഇവിടെ ഞാൻ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പാകം ചെയ്‌ത് കാത്തിരിക്കുന്നു. അത് ശരിയാണോ?” പ്രിയ ചോദിച്ചു.
“ശരിയോ തെറ്റോ, എനിക്കറിയില്ല. നീ എന്നെ അനാവശ്യമായി സംശയിക്കുന്നു. നോക്ക് എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.”
“ശരി, എന്‍റെ കൂടെ പഠിച്ച അജിത് എന്നെ കാണാൻ വീട്ടിൽ വന്നപ്പോൾ, നിങ്ങൾ എന്തൊക്കെയാണ് പറഞ്ഞത്” പ്രിയ വിട്ടുകൊടുത്തില്ല.
“ങ്ഹാ ഞാൻ പറഞ്ഞു, പക്ഷേ അതിന്‍റെ കാരണം നിനക്കറിയാമല്ലോ? അവനെ എനിക്ക് ഒട്ടും ഇഷ്ടമായില്ല” വിവേക് അലറി.
“പിന്നെ എനിക്ക് സോണലിനെ ഭയങ്കര ഇഷ്ടമല്ലേ, സോണലിനെ അല്ല. എനിക്ക് നിങ്ങളുടെ മനോഭാവം തന്നെ ഇഷ്ടമല്ല. വിവാഹത്തിന് ശേഷം, നിങ്ങൾ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. എന്നോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിച്ചിട്ടില്ല” പ്രിയ ദേഷ്യത്തോടെ പറഞ്ഞു.
“ഞാൻ എന്തിന് ദിവസം മുഴുവൻ നിന്നോടൊപ്പം ചെലവഴിക്കണം? മുഴുവൻ സമയവും നിന്‍റെ കുറ്റപ്പെടുത്തൽ കേട്ടികൊണ്ടിരിക്കാനാണോ?”
“ഓഫീസിൽ നിന്ന് ലീവ് കിട്ടിയാൽ നേരെ സ്വാമിയെ കാണാൻ പോകും. ഞായറാഴ്ചയാണെങ്കിൽ മുഴുവൻ സമയവും അമ്പലത്തിൽ. പിന്നെ വീട്ടിൽ എത്തിയാലോ ബന്ധുക്കളെ മുഴുവനും ഫോണിൽ വിളിച്ച് വിശേഷം തിരക്കൽ.”
കഴിഞ്ഞ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ശാലുവിനെയും കൊണ്ട് മാളിൽ പോകാമെന്ന് ഇരുവരും പ്ലാൻ ചെയ്തിരുന്നു. അത്യാവശ്യം ഷോപ്പിംഗിനൊപ്പം ഒരു സിനിമയും കാണാം. പോകുന്നതിന് മുമ്പ് പ്രിയ വേഗം ഭക്ഷണം തയ്യാറാക്കി പ്ലേറ്റ് സെറ്റ് ചെയ്‌ത് വിവേകിനെ കഴിക്കാൻ വിളിച്ചു. എന്നിട്ട് അവൾ അടുക്കളയിൽ അവശേഷിച്ച ജോലി ചെയ്‌തു തീർക്കാൻ പോയി.
അപ്പോഴാണ് വിവേകിന്‍റെ ഉച്ചത്തിലുള്ള ആക്രോശം കേട്ടത്, “പച്ചക്കറിയിൽ ഉപ്പ് വാരി നിറച്ചിരിക്കുകയാ… നിനക്ക് നന്നായി ഒന്ന് ഭക്ഷണം പാകം ചെയ്തു കൂടെ. രുചിയായി എന്തെങ്കിലും കഴിക്കാമെന്ന് വച്ചാൽ ഒക്കെ തഥൈവ.” മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“വീട്ടിലെ മുഴുവൻ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്. ഞാനും ഓഫീസിൽ പോകുന്നുണ്ട്. നിങ്ങളെപ്പോലെ രാത്രി വൈകുവോളം കാമുകിയുമൊത്തു കറങ്ങാറില്ല.”
പ്രിയയുടെ പരിഹാസം വിവേകിനെ വല്ലാതെ ചൊടിപ്പിച്ചു. അയാൾ ദേഷ്യത്തോടെ പ്ലേറ്റ് എടുത്ത് നിലത്തേക്ക് എറിഞ്ഞു. തുടർന്ന് ഇരുവരും തമ്മിലുള്ള വഴക്ക് ഏറെ നേരം തുടർന്നതോടെ മാളിൽ പോകാനുള്ള പ്ലാൻ അതോടെ മുടങ്ങിപോയി.
വിവേകിനെ അത്രവേഗം കൈകാര്യം ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പ്രിയയ്ക്ക് മനസ്സിലാക്കി തുടങ്ങിയിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും വിവേക് വഴക്കുണ്ടാക്കുമായിരുന്നു. വളരെക്കാലമായി അങ്ങനെയാണ്. ഇന്നാണെങ്കിൽ ശാലുവിനെക്കുറിച്ചുള്ള പരാതി സ്കൂളിൽ നിന്ന് കേട്ടു, എവിടെ നിന്നാണ് ശാലു ഇതൊക്കെ പഠിച്ചത്. മാതാപിതാക്കളുടെ ദൈനംദിന കലഹങ്ങൾ കേട്ട് ശീലിച്ചതാവും കുട്ടി.
വീട്ടിലെത്തിയ പ്രിയ സ്നേഹപൂർവ്വം ശാലുവിനെ തന്‍റെ മുന്നിൽ പിടിച്ച് ഇരുത്തി,“മോളെ, അമ്മ ഒരു കാര്യം ചോദിക്കട്ടെ, മോൾ എന്തിനാണ് പിയൂഷിനെ ഉപദ്രവിച്ചത്?”
“അമ്മേ” അവൻ എന്നെ കളിയാക്കി. ഞാൻ ചീത്ത കുട്ടിയാണെന്ന് പറഞ്ഞു. ശാലു സങ്കടത്തോടെ മറുപടി പറഞ്ഞു.
“അപ്പോൾ മോൾ എന്താ ചെയ്തത്?”
“എനിക്ക് ദേഷ്യം വന്നു. അവൻ കള്ളം പറഞ്ഞതാണ് അമ്മേ. അതുകൊണ്ടാണ് ഞാൻ അവനെ കുപ്പി കൊണ്ട് അടിച്ചത്” അവൾ നിഷ്കളങ്കമായി പറഞ്ഞു.
പ്രിയ അടുത്ത ചോദ്യം ചോദിച്ചു,“അപ്പൊ ടീച്ചർ എന്ത് പറഞ്ഞു? മോളെ ടീച്ചർ അടിച്ചോ?”
“ടീച്ചർ എന്നെ മറ്റൊരു മുറിയിലേക്ക് എന്നെ കൊണ്ടുപോയി.”
“അതിന് ശേഷം നിങ്ങൾ രണ്ടുപേരും തമ്മിൽ വഴക്കുണ്ടാക്കിയില്ല, അല്ലേ?” പ്രിയ ചോദിച്ചു.
“ഇല്ല അമ്മേ, ആ ദിവസം ഞങ്ങൾ കണ്ടില്ല. അതു കൊണ്ട് വഴക്കുണ്ടായില്ല.” ശാലു നിഷ്കളങ്കമായി പറഞ്ഞു.
“ശരി, ഇന്ന് ഞാൻ കുഞ്ഞിനോട് ഒരു കാര്യം പറയട്ടെ. മോളത്, ശ്രദ്ധിച്ച് കേൾക്കണം. മോൾ കാണാറില്ലേ മോൾടെ പപ്പയും ഞാനും തമ്മിൽ വഴക്കിടുന്നത്.”
“അതെ അമ്മേ.”
“നിനക്കത് ഇഷ്ടമല്ല, അല്ലേ?”
“അതെ അമ്മേ എനിക്ക് ഒട്ടും ഇഷ്ടമല്ല” ശാലു സങ്കടത്തോടെ പറഞ്ഞു.
“ഇനി പറയൂ, നീയൊരു ടീച്ചറായിരുന്നെങ്കിൽ ഞങ്ങളെ രണ്ടുപേരെയും ടീച്ചർ ചെയ്തതുപോലെ വ്യത്യസ്ത മുറികളിലേക്ക് പറഞ്ഞയക്കുമായിരുന്നില്ലേ.”
“അതെ” അവൾ നിഷ്കളങ്കമായി പുഞ്ചിരിച്ചു.
പ്രിയ വീണ്ടും വിശദീകരിച്ചു,“നോക്കൂ, നീയും പിയൂഷും ചെറിയ കുട്ടികളല്ലേ, അതുകൊണ്ടാ ടീച്ചർ നിങ്ങളെ പ്രത്യേക മുറികളിൽ ഇരുത്തിയത്. അങ്ങനെയാകുമ്പോൾ നിങ്ങൾ വഴക്കിടില്ല. പക്ഷെ ഞാനും മോൾടെ പപ്പയും മുതിർന്നവരാണ്. ഞങ്ങൾ വെവ്വേറെ മുറികളിലല്ല, വേവ്വേറെ വീടുകളിൽ കഴിയേണ്ടി വരും. അപ്പോൾ മാത്രമേ ഞങ്ങളുടെ വഴക്ക് അവസാനിക്കൂ. അപ്പോൾ മാത്രമേ നമ്മളെല്ലാം ഹാപ്പിയാകൂ. അല്ലേ?”
“എങ്കിൽ ഞാൻ പപ്പയുടെ വീട്ടിൽ താമസിക്കും.” ശാലു പെട്ടെന്ന് മറുപടി പറഞ്ഞു.
“നിനക്ക് പപ്പയെയാണ് കൂടുതൽ ഇഷ്ടം അല്ലെ?”
“അല്ല, പക്ഷേ എനിക്ക് പപ്പയിൽ നിന്ന് മാറി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്‍റെ ക്ലാസ്സിലെ ലയയുടെ പപ്പ വേറെ മാറിയാണ് താമസിക്കുന്നത്. അവൾ എപ്പോഴും കരയാറുണ്ട്. എനിക്ക് അങ്ങനെ മാറി നിൽക്കാൻ ആഗ്രഹമില്ല.”
“മോൾ പപ്പയുടെ കൂടെ നിന്നാൽ അമ്മ തനിച്ചാകില്ലേ?” പ്രിയ ചോദിച്ചു.
“എനിക്കും അമ്മയുടെ കൂടെ നിൽക്കണം. ഞാൻ രണ്ടുപേരുടെയും കൂടെ നിൽക്കാം.” ശാലു ദേഷ്യത്തോടെ പറഞ്ഞു.
“ഇല്ല, നീ അമ്മയുടെ കൂടെ നിൽക്ക്, പപ്പ ഇടയ്ക്ക് വന്ന് മോളെ കണ്ടുകൊള്ളും. അപ്പോൾ കുഴപ്പമില്ലല്ലോ” പ്രിയ വിശദീകരിക്കാൻ ശ്രമിച്ചുവെങ്കിലും ശാലു കരയാൻ തുടങ്ങി.
“വേണ്ട അമ്മേ, പോകരുത്, എനിക്ക് നിങ്ങൾ രണ്ടുപേരും വേണം.” പ്രിയ ശാലുവിനെ മടിയിൽ ഇരുത്തി അവളുടെ കൈകളിൽ ഉമ്മ വച്ചു.
ഇത്രയും ചെറിയ കുട്ടി മാതാപിതാക്കളെ രണ്ടുപേരെയും വേണമെന്ന് പറയുന്നത് എന്തുകൊണ്ടായിരിക്കുമെന്ന് അവൾ മനസിരുത്തി ആലോചിച്ചു. അതുകൊണ്ടാണ് അവൾ വിവേകുമായി എങ്ങനെയെങ്കിലും യോജിച്ചു പോകാൻ ശ്രമിച്ചത്. അവൾ തന്‍റെ ഭാഗത്ത് നിന്ന് പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ മറുവശത്ത് നിന്നും അത്തരത്തിലുള്ള യാതൊരു വിട്ടുവീഴ്ചയും ഉണ്ടായില്ല. ശാലു കാരണം അവൾക്ക് ഭർത്താവിൽ നിന്ന് വേർപിരിയാൻ കഴിഞ്ഞില്ല. പക്ഷേ അയാൾക്കൊപ്പം ഒരുമിച്ച് ജീവിക്കാനും ബുദ്ധിമുട്ടായിരുന്നു.
സമയം കടന്നു പോയിക്കൊണ്ടിരുന്നു. വിവേകിന്‍റെയും പ്രിയയുടെയും ഇടയിലെ കലഹങ്ങൾ പഴയതു പോലെ തുടർന്നു കൊണ്ടിരുന്നു. ഇപ്പോൾ ചെറിയ കാര്യങ്ങൾക്ക് പോലും കലഹിക്കുന്നത് പതിവായിരിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾക്കു ശേഷം പ്രിയ ശാലുവിനോട് വേർപിരിയലിനെപ്പറ്റി സംസാരിക്കുന്നത് ആവർത്തിച്ചു കൊണ്ടിരുന്നു. അമ്മയും പപ്പയും വേർപിരിയട്ടെ, പക്ഷേ ശാലുവിന് അത് കേൾക്കുന്നതേ സങ്കടമായിരുന്നു.
ഒരു ദിവസം പ്രിയയും വിവേകും തമ്മിൽ സോണലിനെ ചൊല്ലി വീണ്ടും വഴക്കുണ്ടായി. സത്യത്തിൽ വിവേക് സോണാലിനൊപ്പം സിനിമ കാണാൻ പോയ കാര്യം സഹപ്രവർത്തക പറഞ്ഞു പ്രിയ അറിഞ്ഞതായിരുന്നു വഴക്കിനുള്ള കാരണം.
അവൾ അതറിഞ്ഞു വല്ലാതെ കോപിച്ചു. രാത്രി വൈകി തിരിച്ചെത്തിയ വിവേക് കിടപ്പുമുറിയിലേക്ക് പോയ ഉടനെ അവൾ അലറി വിളിച്ചു. “നിങ്ങൾക്ക് സോണലിന്‍റെ വീട്ടിൽ ഉറങ്ങാൻ പോയികൂടായിരുന്നോ? എന്തിനാ ഇങ്ങോട്ട് വന്നത്?”
“ഇതെന്‍റെ വീടാണ്, ഇങ്ങോട്ട് വന്നില്ലെങ്കിൽ ഞാൻ എങ്ങോട്ട് പോകും. അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിനക്കു നാണമില്ലേ?” വിവേകും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
“ലജ്ജിക്കേണ്ടത് ഞാനല്ല, നിങ്ങളാണ്. ലജ്ജാകരമായ കാര്യങ്ങൾ ചെയ്യുമ്പോൾ ഒന്നും സംഭവിക്കില്ല. സത്യം പറഞ്ഞപ്പോൾ…” പ്രിയ ദേഷ്യപ്പെട്ടു… വാക്കുകൾ മുഴുമിപ്പിക്കാതെ അവൾ പൊട്ടിക്കരഞ്ഞു.
“ശരി, ഞാൻ വളരെ ലജ്ജാകരമായ ഒരു പ്രവൃത്തി ചെയ്‌തു. ഞാൻ മറ്റൊരാളെ എന്‍റെ ഹൃദയത്തിൽ കുടിയിരുത്തി. നിനക്ക് അതിന് ഉള്ള അർഹതയില്ല. അതുകൊണ്ടാ മറ്റൊരാളെ കണ്ടെത്തിയത്. നീയും അത് തന്നെ ചെയ്യൂ. സന്തോഷിക്കൂ അല്ലെങ്കിൽ ഞാൻ മറ്റെന്തെങ്കിലും പറയണോ?” വിവേക് ആക്രോശിച്ചു.
“എന്താണ് പറയുന്നത്. നിങ്ങൾ സത്യം പറഞ്ഞു. നിങ്ങൾക്ക് ഇപ്പോൾ എന്നെ ഇഷ്ടമല്ലെങ്കിൽ, നിങ്ങൾ മറ്റൊരാളെ കണ്ടെത്തും. ഞാൻ നിങ്ങൾക്ക് ഒരു ഫ്രീ ഹാൻഡ് തന്നിട്ടുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും എന്നോട് ചോദിക്കൂ.”
“ഒന്നും പ്രതീക്ഷിക്കരുത്. ഒരിക്കലും എന്നോട് അടുക്കാൻ ശ്രമിക്കരുത്.”
“ആരാണ് നിങ്ങളുടെ അടുത്ത് വരാൻ ആഗ്രഹിക്കുന്നത്? നിന്നെ കാണാൻ പോലും ആഗ്രഹിക്കുന്നില്ല.” സൈഡ് ടേബിളിൽ വച്ചിരുന്ന തന്‍റെയും പ്രിയയുടെയും ചിത്രം നിലത്തെറിഞ്ഞശേഷം അയാൾ സ്വീകരണ മുറിയിലേക്ക് പോയി വാതിൽ കൊട്ടിയടച്ചു.
മൂലയിൽ നിന്നുകൊണ്ട് ശാലു ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. അവളുടെ മുഖത്ത് വിചിത്രമായ ഭാവങ്ങൾ മിന്നിമറയുന്നത് അവർ ശ്രദ്ധിച്ചതേയില്ല. ആ കുഞ്ഞുഹൃദയത്തിൽ പല ചോദ്യങ്ങളും അലയടിച്ചു കൊണ്ടിരുന്നു. അന്ന് പ്രിയ ഏറെ നേരം കണ്ണാടിക്ക് മുന്നിൽ നിന്നു.
അവൾ തന്നെത്തന്നെ നോക്കി നിന്നു. കണ്ണാടി കണ്ടപ്പോൾ പഴയതുപോലെ സ്വയം അഭിമാനം തോന്നിയില്ല. വളരെ സുന്ദരിയായ ഒരു കാലമുണ്ടായിരുന്നു പ്രിയക്ക്. നീണ്ട മെലിഞ്ഞ ശരീരം… നല്ല മുഖകാന്തി, കറുത്ത ഇരുണ്ട തിരമാലകൾ കണക്കെ തെന്നിയൊഴുകുന്ന മുടി, ആദ്യ കാഴ്ചയിൽ തന്നെ ആരു കണ്ടാലും അവളെ മോഹിച്ചു പോകും.
അവളെ കണ്ടപ്പോൾ വിവേകിന് സംഭവിച്ചത് അതായിരുന്നു. അവൾ തന്നെത്തന്നെ കണ്ണാടിയിൽ സൂക്ഷിച്ചു നോക്കി. ആദ്യ കാഴ്ചയിൽ തന്നെ പ്രണയമായിരുന്നു. എന്നാൽ ഇപ്പോൾ പ്രായത്തിനനുസരിച്ച് പ്രിയയിൽ പല മാറ്റങ്ങളും വന്നു. പണ്ടുണ്ടായിരുന്ന ചാരുത ഇന്നില്ല.
ഒരുപാട് മാറ്റങ്ങളുണ്ടായിരിക്കുന്നു. അവളുടെ വയർ അൽപം ചാടിയിരിക്കുന്നു. ശരീരത്തിന്‍റെ പഴയ ആകാരഭംഗി എപ്പോഴോ നഷ്ടപ്പെട്ടിരിക്കുന്നു. ശരീരം തടിച്ചിരിക്കുന്നു. മുടി കൊഴിഞ്ഞ് ആരോഗ്യം നഷ്ടപ്പെട്ടതു പോലെ. വീടും ഓഫീസും കുട്ടിയും എല്ലാം നോക്കുന്നതിൽ അവൾ ആകെ തളർന്നിരുന്നു. അതിനാൽ ഒരു പരിധി വരെ അവളുടെ സമനില തെറ്റുന്നതിലേക്കു അത് നയിച്ചു.
ഇങ്ങനെ സമയം കടന്നു പോയി. സോണലിനെ ചൊല്ലി പ്രിയയും വിവേകും കലഹിക്കുന്നത് തുടർന്നു കൊണ്ടിരുന്നു. ഈ വഴക്കുകൾ ശാലുവിനെ നേരിട്ട് ബാധിക്കാൻ തുടങ്ങി. പ്രിയയ്ക്ക് അക്കാര്യം നന്നായി മനസ്സിലായി. പക്ഷേ, അവൾക്ക് അതിൽ ഒരു പരിഹാരവും കാണാൻ കഴിഞ്ഞില്ല. കാര്യങ്ങളെല്ലാം മനസിലാക്കി പപ്പയിൽ നിന്ന് വേർപെട്ട് താമസിക്കുന്നതിനെ പറ്റി ശാലു പറയുന്ന സമയത്തിനായി അവൾ കാത്തിരിക്കുകയായിരുന്നു.
ഒരു ദിവസം പ്രിയ ഓഫീസിൽ ഇരിക്കുമ്പോൾ അവളുടെ ഫോൺ റിംഗ് ചെയ്‌തു. സ്കൂളിൽ നിന്നായിരുന്നു ഫോൺ. ശാലുവിന് പരിക്കേറ്റിരിക്കുന്നു. പ്രിയ അതറിഞ്ഞതും ഓടി ആശുപത്രിയിലെത്തി. ശാലുവിന്‍റെ നെറ്റിപൊട്ടിയിരിക്കുന്നു.
കുറച്ച് അധികം രക്‌തം പോയിട്ടുണ്ട്. അമ്മയെ കണ്ടതും ശാലു അമ്മയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. “അമ്മേ…”
“ഇന്ന് ഞാൻ വലിയ വഴക്കിട്ടു. അവൻ എന്നെ ശക്തമായി തള്ളിയിട്ടു. എന്‍റെ തല പൊട്ടി. ഇനി മുതൽ ഞാൻ അമിതിനോട് കൂട്ടുകൂടില്ല അമ്മേ… അവൻ എപ്പോഴും എന്നോട് വഴക്കിടാറുണ്ട്.”
പ്രിയ അവളെ സമാധാനിപ്പിച്ച് വീട്ടിൽ കൊണ്ടുവന്ന് ഉറക്കി. അന്ന് രാത്രി വിവേക് വീണ്ടും വൈകിയാണ് വീട്ടിൽ എത്തിയത്. പ്രിയ എതിർത്തപ്പോൾ അയാൾ പതിവുപോലെ ദേഷ്യപ്പെട്ടു. ഉറക്കെ ആക്രോശിച്ചു കൊണ്ട് അയാൾ പറഞ്ഞു, “നീ കൂടെയുള്ളത് കൊണ്ട് എന്‍റെ ജീവിതം തകരുകയാണ്. ഏത് സമയത്താണോ നിന്നെ പ്രണയിച്ച് വിവാഹം കഴിക്കാൻ തോന്നിയത്.”
“വിവാഹം കഴിച്ചാൽ മാത്രം പോരാ, ജീവിക്കണം.” പ്രിയ പറഞ്ഞു. ഞാൻ എന്താണ് ചെയ്യാത്തത്? അധികം വായ തുറക്കരുത്.” പ്രിയ പറഞ്ഞു.
“നിനക്കെന്തറിയാം. പറയൂ”
“നിങ്ങളുടെ പെട്ടെന്നുള്ള കോപം, നിങ്ങളുടെ വിശ്വാസ വഞ്ചന, ഈ ബന്ധത്തിൽ നിന്നുള്ള ഒളിച്ചോടൽ… എല്ലാം.”
പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ വിവേക് പ്രിയയെ ശക്തമായി അടിച്ചു. ദൂരെ നിന്ന ശാലു എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അമ്മയെ തല്ലുന്നത് കണ്ട് ദേഷ്യം വന്ന ശാലു, പ്രിയയെ അപ്പുറത്തെ മുറിയിലേക്ക് വലിക്കുന്നതിനിടയിൽ പ്രിയയോട് പറഞ്ഞു.
“അമ്മേ ഇനി പപ്പയുടെ കൂടെ നിൽക്കണ്ട. പപ്പയും അമ്മയും വെവ്വേറെ വീടുകളിൽ താമസിച്ചാൽ മതി. പിന്നെ വഴക്കുണ്ടാകില്ലെന്ന് അമ്മ പറഞ്ഞിരുന്നല്ലോ. അമ്മ ഒരു വീട് എടുക്കൂ. പപ്പ വേണ്ട അല്ലെങ്കിൽ എന്നെപ്പോലെ അമ്മയ്ക്കും പരിക്കുപറ്റും. വേദനിക്കും. ഞാനും ആ സ്കൂളിൽ പഠിക്കാതെ വേറെ ഏതെങ്കിലും സ്കൂളിൽ പോകും. അപ്പോൾ ഞാൻ ഒരിക്കലും വഴക്കുണ്ടാക്കില്ല അമ്മേ…”
ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞ ശാലുവിനെ പ്രിയ വാരിപ്പുണർന്നു. മകളുടെ അത്തരം ബുദ്ധിപരമായ വാക്കുകൾ അവളെ അമ്പരപ്പിച്ചു. അവൾ മകളെ ചേർത്തുപിടിച്ചു, “അതെ മോളെ, പക്ഷേ നിനക്ക് നിന്‍റെ പപ്പയെ കാണാതിരിക്കാൻ കഴിയുമോ?”
“അമ്മേ… പപ്പ എപ്പോഴെങ്കിലും എന്നെ കാണാൻ വരുമെന്ന് അമ്മ പറഞ്ഞിരുന്നില്ലേ” പ്രിയ മകളെ കെട്ടിപ്പിടിച്ചു.
ഇന്ന് പ്രിയയുടെ വലിയൊരു ചോദ്യത്തിനുള്ള ഉത്തരം ശാലു കണ്ടെത്തിയിരിക്കുന്നു. ഒരു കുറ്റബോധവും കൂടാതെ വിവേകിനെ വിവാഹമോചനം ചെയ്ത് അവൾക്ക് സമാധാനമായി ജീവിക്കാം. മകൾക്ക് മനോഹരമായ ഒരു ഭാവിജീവിതം സ്വരുക്കൂട്ടാൻ അവൾ ആഗ്രഹിച്ചു. അതിനായി അവൾ വിവേകിൽ നിന്ന് അകന്നു പോകാൻ ആഗ്രഹിച്ചു.
സ്നേഹരഹിതമായ ചീട്ടുകൊട്ടാരത്തിൽ നിന്നും പടിയിറങ്ങിയ സന്തോഷത്തോടെ സമാധാനത്തോടെ. പ്രിയ അന്ന് ഏറെ നാളിനുശേഷം മനസു തുറന്ന് സന്തോഷിച്ചു.
ഇന്ന് തന്‍റെ പുതിയൊരു ജന്മമാണ്. അവൾ ഉറങ്ങിക്കിടന്ന മകളുടെ മുഖത്തേക്ക് നോക്കി കിടന്നു.