സമയം സന്ധ്യ മയങ്ങുമ്പോഴാണ് സ്വാതി എന്നും കോളേജിൽ നിന്നും മടങ്ങിയെത്താറുള്ളത്. അന്ന് പതിവിലും വൈകി. ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. വഴിവക്കിലുള്ള വൈദ്യുതദീപങ്ങൾ ഓരോന്നായി പ്രകാശിക്കുന്നുണ്ട്. സ്വാതി തിടുക്കത്തിൽ നടന്ന് വീട്ടിലെത്തി. പുറത്ത് വിളക്ക് തെളിച്ചിട്ടില്ല. അകത്ത് പ്രകാശിക്കുന്ന ലൈറ്റിന്‍റെ അരണ്ട വെളിച്ചം പുറത്തേക്ക് വരുന്നുണ്ട്. വരാന്തയിൽ തന്നെയും പ്രതീക്ഷിച്ച് മകൻ ഇരിക്കുന്നുണ്ടായിരുന്നു.
“കിച്ചു, നീയിതുവരെ യൂണിഫോം മാറിയില്ലേ…” ഒന്നുരണ്ട് കളിപ്പാട്ടങ്ങളും എടുത്ത് സ്വാതി മകനേയും കൂട്ടി അകത്തേക്ക് നടന്നു.
മേശപ്പുറത്ത് പാൽ ഗ്ലാസ് അടയ്ക്കാതെ വച്ചിട്ടുണ്ട്. മനസ്സിലേക്ക് ദേഷ്യം ഇരച്ചുകയറിയെങ്കിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ സ്വാതി ബാഗ് സോഫയിൽ വച്ചു.
“സന്ദീപ് അറ്റ്ലീസ്റ്റ് ആ ഗ്ലാസ് ഒന്നടച്ചുവയ്ക്കാമായിരുന്നു. ഞാൻ വരാൻ വൈകുമെന്നറിയില്ലേ… നേരമെത്രയായി. ഇവൻ ഭക്ഷണം കഴിച്ചോ, പാൽ കുടിച്ചോ, യൂണിഫോം മാറിയോ എന്നൊക്കെ ശ്രദ്ധിക്കാമായിരുന്നില്ലേ….”
പത്രത്താളുകളിൽ നിന്നും മുഖമുയർത്തി സന്ദീപ് രൂക്ഷമായൊന്ന് നോക്കി.
“കുട്ടിയെ നോക്കാനല്ലേ ആയയെ വച്ചിരിക്കുന്നത്. ഇനിയിപ്പോ ആ ജോലി കൂടി ഞാനേറ്റെടുക്കണമെന്നാണോ പറയുന്നത്?” സന്ദീപിന്‍റെ സ്വരം കനത്തു.
“പിന്നെ ഞാനെന്തു ചെയ്യാനാ? നാലഞ്ചു ദിവസം കഴിഞ്ഞാൽ ആയയിങ്ങു വരില്ലേ, അതുവരെയുള്ള കാര്യമല്ലേ.” ഇടയ്ക്ക് സ്വാതി സംസാരം നിർത്തി മകനെ അടുത്ത് വിളിച്ചിരുത്തി പാലും ബിസ്ക്കറ്റും നൽകി.
സന്ദീപ് വീണ്ടും പത്ര വായനയിൽ മുഴുകിയിരിക്കുന്നത് കണ്ട് സ്വാതിയുടെ സങ്കടം ഇരട്ടിച്ചു. ഇനിയും… എത്ര നാൾ ഇതൊക്കെ സഹിക്കണം. സന്ദീപ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും തനിക്കൊരു കൈത്താങ്ങാകുമെന്നും പ്രതീക്ഷ വേണ്ട. വിവാഹത്തിന്‍റെ ആദ്യനാളുകൾ എത്ര മനോഹരമായിരുന്നു. സ്വർണ്ണവർണ്ണമുള്ള പകലുകൾ… നിലാവുള്ള രാത്രികൾ… അന്നൊക്കെ സന്ദീപ് തന്നോട് നല്ല വാക്കുകൾ മാത്രമേ സംസാരിച്ചിട്ടുള്ളു. സദാ പ്രശംസകൊണ്ട് മൂടിയിരുന്നു. ചിരിയുടെ അലകൾ വീടിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ജീവിതം എത്ര പെട്ടെന്നാണ് തനിക്കു മുന്നിൽ ഇരുണ്ട താളുകൾ തുറന്നു വെച്ചത്. ഇപ്പോൾ ക്രോധത്തിന്‍റെ മുഴക്കമാണ് ചുവരുകളെ വിറകൊള്ളിക്കുന്നത്. സന്തോഷത്തിന്‍റെ സുഗന്ധം പാടെ മാഞ്ഞിരിക്കുന്നു. വല്ലാത്തൊരു ശൂന്യത. ഇതൊക്കെ കണ്ട് ഭയന്നാകണം കിച്ചു നിശ്ശബ്ദനായത്.
പ്രശംസിച്ചില്ലെങ്കിലും വേണ്ടായിരുന്നു. സന്ദീപിന്‍റെ കുത്തി നോവിച്ചുള്ള സംസാരമാണ് സഹിക്കാൻ വയ്യാത്തത്. എന്തൊക്കെയാണ് മനസ്സിൽ മെനഞ്ഞുകൂട്ടുന്നത്… സന്ദീപ് മാറിയിരിക്കുന്നു. മുമ്പൊക്കെ വാക്കുകളിൽ മാത്രം ഒതുങ്ങിയിരുന്ന ദേഷ്യം ഇന്ന് അടിപിടിയിൽ കലാശിക്കാറുണ്ട്. ഊണ് കഴിക്കാനുള്ള സമയമായി, മകന് ബിസ്ക്കറ്റും ചിപിസുമൊന്നും കൊടുക്കേണ്ടെന്ന് സന്ദീപിന്‍റെ അമ്മയോട് പറഞ്ഞെന്ന നിസ്സാരകാര്യത്തിന് വീട് തന്നെ കുലുങ്ങും വിധമല്ലേ ദേഷ്യപ്പെട്ടത്.
ഇത്ര ദേഷ്യപ്പെട്ട് സന്ദീപിനെ ഇതിന് മുമ്പ് കണ്ടിട്ടില്ല. ബിസ്ക്കറ്റുംചിപ്സും വച്ചിരുന്ന പ്ലേറ്റ് എറിഞ്ഞുടയ്ക്കുന്ന ശബ്ദം കേട്ട് മുകളിലത്തെ നിലയിലെ ആന്‍റി ഓടിയെത്തി. അവസാനം കിച്ചുമോനാണ് പ്ലേറ്റ് ഉടച്ചതെന്ന് നുണ പറഞ്ഞ് ഒഴിയേണ്ടിവന്നു.
എപ്പോഴും മകനാണ് ഞങ്ങളുടെ വഴക്ക് അവസാനിപ്പിക്കുന്നത്. കരയും അല്ലെങ്കിൽ പപ്പ മമ്മിയെ ഉപദ്രവിക്കരുതെന്ന് പറയും. വീട്ടുകാര്യങ്ങൾ, ഷോപ്പിംഗ് എന്നുവേണ്ട കിച്ചുവിന്‍റെ പഠനവും ഡോക്ടറെ കാണിക്കലുമൊക്കെ തന്‍റെ മാത്രം ഉത്തരവാദിത്തമായി ഒതുങ്ങിയിരിക്കുന്നു. എന്തൊക്കെ ചെയ്താലും സന്ദീപ് ഒട്ടും തൃപ്തനല്ല. ചിരി തന്നെ കടം കൊണ്ടപോലെയാണ്.
ആ നല്ല നാളുകൾ ആരുടെയോ കണ്ണുകിട്ടിയതു പോലെ കാറ്റിൽ പറന്ന് ഇല്ലാതായിരിക്കുന്നു.
ഒന്നിനു മീതെ ഒന്നായി വീഴുന്ന വിചാരങ്ങളും പേറി അവളൊരു കണക്കിന് ജോലികൾ ചെയ്തു തീർത്തു. കിച്ചുവിന്‍റെ ഹോംവർക്ക് ചെയ്യിച്ചു. ചായ തയ്യാറാക്കി ഗ്ലാസിലൊഴിച്ച് സന്ദീപിനു മുന്നിൽ കൊണ്ടുവച്ചു. മറുപടിയായി സന്ദീപ് ഒന്ന് നോക്കുക കൂടി ചെയ്തില്ല.
രാത്രി മേശപ്പുറത്ത് ഭക്ഷണം വിളമ്പി അടച്ച് വെച്ചു. സന്ദീപ് ഒരപരിചിതനെപ്പോലെ വന്നിരുന്ന് ഭക്ഷണം കഴിച്ചു. നിശബ്ദത. പുറത്ത് ചീവീടുകളുടെ ശബ്ദം കനത്തു തുടങ്ങിയിരിക്കുന്നു. മരച്ചില്ലകൾ ശക്തിയായി കുലുക്കിക്കൊണ്ട് കാറ്റടിക്കുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് സന്ദീപ് മുഖം ചുളിച്ചു. “ഇതെന്താ… കറിയിൽ ഉപ്പില്ലാത്തത്. അപ്പോ രുചിച്ചു നോക്കിയൊന്നുമല്ലേ ഭക്ഷണമുണ്ടാക്കുന്നത്?”
എനിക്കിനിയും വയ്യാ. സ്വാതി ക്ഷുഭിതയായി. മകന്‍റെ പഠനം, വീട്ടുജോലികൾ… ഔദ്യോഗിക ചുമതലകൾ… സ്വാതി തളർന്നിരുന്നു. കറിക്ക് ഉപ്പ് കുറഞ്ഞാൽ മേശപ്പുറത്ത് ഉപ്പ് വച്ചിട്ടുണ്ടല്ലോ, അൽപമെടുത്തെന്ന് കരുതി… “ഞാനും നിങ്ങളെപ്പോലെ ഒരു കോളേജ് അധ്യാപികയാണ്. എനിക്ക് എപ്പോഴെങ്കിലും ഒന്ന് സ്വസ്ഥമായിട്ടിരിക്കാൻ സമയം കിട്ടാറുണ്ടോ? നിങ്ങൾക്കൊന്നുമറിയണ്ടല്ലോ, വെറുതെ പത്രവും വായിച്ച് ടിവിയും കണ്ടിരുന്നാൽ മതി.” പ്രതികരിക്കാതെ വയ്യെന്ന അവസ്ഥയായിരുന്നു അവൾക്ക്.
“അത്ഭുതം തന്നെ… സാധാരണ എല്ലാ വീടുകളിലും അമ്മമാരല്ലേ കുഞ്ഞുങ്ങളെ നോക്കുന്നത്. ലോകത്ത് ഇതാദ്യത്തെ സംഭവമൊന്നുമല്ലല്ലോ…”
“അതുശരിതന്നെ. പക്ഷേ, എല്ലാ അമ്മാരും ഉദ്യോഗസ്ഥരല്ലല്ലോ. ഞാനും ഏതൊരു ശരാശരി മനുഷ്യപ്പോലെയാണ്. ജോലി ചെയ്യുമ്പോൾ എനിക്കും ക്ഷീണമുണ്ടാകും. ഇടയ്ക്കെങ്കിലും നിങ്ങൾക്കെന്നെയൊന്ന് സഹായിച്ചു കൂടേ…?”
സന്ദീപ് കൈയിലിുന്ന സ്പൂൺ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു, “നിന്‍റെ ഈ ഭീക്ഷണിയും അലർച്ചയും കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഞാൻ നിന്നെ സഹായിക്കില്ല. നിനക്കത്ര നിർബന്ധമാണെങ്കിൽ നീ ജോലി രാജി വയ്ക്ക്.”
“ഒരിക്കിലുമില്ല, കിച്ചു മോനുണ്ടാകുന്ന സമയത്ത് ഒരു മൂന്ന് വർഷത്തോളം എനിക്ക് ജോലിയില്ലായിരുന്നതല്ലേ. ഭിക്ഷ ചോദിച്ച് വാങ്ങുന്നതുപോലെയാണ് ഒരു രൂപയ്ക്കു പോലും നിങ്ങളുടെ മുന്നിൽ കൈ നീട്ടിയത്. വല്ലപ്പോഴും തരും. അതും വലിയൊരു വഴക്കിനുശേഷവും….”
“തർക്കിച്ച് ജയിക്കാൻ നീ തന്നെയാ മിടുക്കി. സമ്മതിച്ചിരിക്കുന്നു. ഇന്നും വഴക്കിനാണോ ഭാവം?”
“ഞാനാണോ വഴക്കിന് വന്നത്. നിങ്ങളല്ലേ…”
“ശരി, ഇനിയെങ്കിലും എന്നെയങ്ങ് വെറുതെ വിട്ടേക്ക്…” പുറത്ത് ഇരുട്ട് കനത്തു. പിന്നീടെപ്പോഴോ അത് പതിയെ സ്വാതിയുടെ മനസ്സിലേക്കിരച്ചു കയറി. ഭക്ഷണം കഴിച്ച് ബാക്കി ഫ്രിഡ്ജിൽ വച്ച് സ്വാതി മകന്‍റെയടുത്ത് ചെന്നുകിടന്നു.
കിച്ചു ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു. സ്വാതി കിച്ചുവിന്‍റെ മിടുയിഴകളിലൂടെ വിരലോടിച്ച് ഓരോന്നാലോചിച്ച് കിടന്നു.
പാവം… എന്നുമുള്ള ഈ വഴക്ക് കണ്ട് മടുത്തിട്ടുണ്ടാകും. ഈ പ്രായത്തിലെ കുട്ടികൾ കളിച്ചുചിരിച്ച് നടക്കേണ്ടതല്ലേ…. ഞങ്ങളുടെ വഴക്ക് കോളനിക്കാരുടെ ഇടയിൽ സംസാരവിഷയമായിട്ടുണ്ട്. നാണക്കേട്… പുറത്തിറങ്ങുമ്പോൾ ആളുകൾ തുറിച്ചു നോക്കുന്നു. സന്ദീപിനോട് ഇനി സംസാരിക്കേണ്ട? അവൾ ഒരു തീരുമാനമെടുത്തു.
വീട് ശാന്തമായി. പുറത്ത് ശക്തിയായി ആഞ്ഞടിച്ച കാറ്റ് തളിരിലകളുമായി വഴക്കുകൂടി. അകത്ത് സ്വാതിയുടെ ഉള്ളിലും ഗതകാലസംഭവങ്ങൾ ഇളകി മറിയുകയായിരുന്നു. ഉറങ്ങണമെന്നുണ്ട്, പക്ഷേ ഉറക്കം വരുന്നില്ല.
പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. പക്ഷേ, മാസങ്ങൾക്കുള്ളിൽത്തന്നെ തന്‍റെ ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, ഇഷ്ടങ്ങൾ… കേവലം മരീചികയാകുകയായിരുന്നു. പഠനകാലത്ത് സന്ദീപിന്‍റെ സൗന്ദര്യവും സ്മാർട്ട്നസും കണ്ട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പുറമേ എത്രയൊക്കെ സുന്ദരനാണെങ്കിലും കുയിലിനെപ്പോലെ കറുത്ത മനസ്സാണെങ്കിൽ….
വിവാഹമോചനമല്ല ലക്ഷ്യമെങ്കിൽ ഈ വഴക്കും തർക്കങ്ങളും ഉടനെ അവസാനിപ്പിക്കുന്നതാകും ഉചിതം. ഈ കുഞ്ഞിനെയോർത്ത്… ഇവന്‍റെ നല്ല ഭാവിക്കു വേണ്ടി. സന്തോഷങ്ങളുടെ വസന്തം മാഞ്ഞിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും തുല്യ ഉത്തരവാദികളാണ്… വീണ്ടും വിചാരങ്ങളുടെ ചൂഴിയിൽ പെടാതിരിക്കാനായി അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.
മനസ്സ് ചിന്തകളുടെ ഒരു പുതിയ വഴിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിലായിരുന്നു. ഇനി സന്ദീപുമായി തർക്കത്തിനില്ല. മനസ്സിലെ തീരുമാനം വീണ്ടുമൊന്ന് ദൃഢപ്പെടുത്തി.
ജനാലയിലൂടെ അകത്തേക്കരിച്ചിറങ്ങുന്ന സൂര്യരശ്മികൾ തട്ടിയാകണം സ്വാതി ഉറക്കമുണർന്നത്. നേരം പുലർന്നിരിക്കുന്നു. ഉത്സാഹവും ഉന്മേഷവും പുറത്തൊരുക്കി വെച്ച് പ്രകൃതി മനോഹരിയായിരിക്കുന്നു. പക്ഷേ, ശരിയായ ഉറക്കം കിട്ടാത്തതുകൊണ്ട് അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി. തലയിൽ ഭാരം ഇറക്കിവെച്ചതുപോലെ… അവൾ വീണ്ടും കിടക്കയിലേക്ക് മറിഞ്ഞു.
മനസ്സിൽ സ്വസ്ഥതയും സമാധാനവുമില്ല. കിടന്നിട്ടും ഉറക്കം വരുന്നില്ല. തനിക്ക് തീരെ സുഖമില്ല. ഒരു കപ്പ് ചായയുണ്ടാക്കി തരുമോ… സന്ദീപിനോട് പറഞ്ഞുനോക്കിയാലോ… വേണ്ട, മനസ്സിനെ കടിഞ്ഞാണിട്ട് പിടിച്ചു നിറുത്തി. സ്വയം ചായയുണ്ടാക്കി കുടിച്ച് മകനെ ഒരുക്കി സ്കൂൾ ബസിൽ അയച്ചു. വീടിനു മുന്നിലുള്ള കസേരയിൽ ഇരുന്ന് വിശ്രമിക്കാൻ ഒരുങ്ങുമ്പോഴാണ് സന്ദീപിന്‍റെ ശബ്ദം കേട്ടത്.
“എനിക്കിന്ന് നേരത്തേ പോകണം. സ്പെഷ്യൽ ക്ലാസ് എടുക്കാനുണ്ട്. ബ്രേക്ക്ഫാസ്റ്റ് വേണം.”
പറ്റില്ലെന്ന് പറഞ്ഞാലോ… വേണ്ട… പിന്നെയതുമതി അടുത്ത കൊടുങ്കാറ്റിന്…
“ബ്രഡ് ഓംലെറ്റോ അതോ ചപ്പാത്തിയും കറിയും…”
“ഇതിലിത്ര ചോദിക്കാനെന്തിരിക്കുന്നു…”
“എനിക്കിന്ന് വല്ലാത്തൊരു തലവേദന… അതാ ചോദിച്ചത്.”
“നിനക്കല്ലെങ്കിലും തലവേദനയൊഴിഞ്ഞ നേരമുണ്ടോ. ഭക്ഷണമെന്ന് പറയാൻ ആകെ ഒരു ബ്രേക്ക്ഫാസ്റ്റല്ലേ ഉണ്ടാക്കുന്നുള്ളൂ. അതിലും ഒഴിഞ്ഞു മാറൽ… വേണ്ട… ഞാൻ പുറത്തുനിന്ന് കഴിച്ചോളാം…”
മറുപടി കേട്ട് സ്വാതി ഒരു നിമിഷം അന്തിച്ചു നിന്നു. തന്നോടൊരിക്കൽ തേനൂറുന്ന വാക്കുകൾ മാത്രം സംസാരിച്ചിരുന്ന അതേ സന്ദീപാണോയിത്…
കൂടുതൽ ചിന്തിച്ച് മനസ്സിനെ കുഴപ്പിക്കാൻ നിൽക്കാതെ സ്വാതി വേഗം ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി മേശപ്പുറത്ത് കൊണ്ടു വച്ചു. കാമ്പസ് ദൂരെയായതിനാൽ സ്വാതി കാറിലാണ് കോളേജിൽ പോയിരുന്നത്. സന്ദീപ് പഠിപ്പിക്കുന്ന കോളേജിലേക്ക് കാൽനടയായി പോകാവുന്ന ദൂരമേയുണ്ടായിരുന്നുള്ളൂ. അന്നെന്തുകൊണ്ടോ, കോളേജിലെത്തിയ സ്വാതി സുഖമില്ലെന്ന് ലീവ് ആപ്ലിക്കേഷൻ നൽകി മടങ്ങി വന്നു. സന്ദീപ് പഠിപ്പിക്കുന്ന കോളേജിലെത്തി അധ്യാപകരെ കണ്ട് കുശലം ചോദിക്കവേ സന്ദീപിനെക്കുറിച്ചും ചിലത് പറഞ്ഞു.
“എന്താണെന്നറിയില്ല, സന്ദീപിന്‍റെ സ്വഭാവം മാറിയിട്ടുണ്ട്. എപ്പോഴും ദേഷ്യം തന്നെയാ… കോളേജിൽ എന്തെങ്കിലും ടെൻഷൻ… വീട്ടിലൊന്നും പറയാറില്ല.”
സ്വാതിയുടെ പരിഭവം കേട്ട് പ്രൊഫസർ കിരൺ ഉറക്കെ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്, “ഒരു പ്രശ്നവുമില്ലെടോ… സന്ദീപ് എപ്പോഴും ഇന്‍റർനെറ്റിൽ ബിസിയാ… അല്ലാതെ ഇവിടെങ്ങും ഒരു പ്രശ്നവുമില്ല.”
മറ്റൊരു അധ്യാപകനും ഇതേ മറുപടിയാണ് നൽകിയത്. അപ്പോൾ കോളേജിലല്ല പ്രശ്നം. പിന്നെന്താകും?
പിന്നീട് സ്വാതി തർക്കത്തിനോ വഴക്കിനോ മുതിർന്നില്ല. മുമ്പ് മകനെ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. അന്നുമുതൽ സന്ദീപിന്‍റെ കാര്യങ്ങളും ശ്രദ്ധിക്കുവാൻ തുടങ്ങി.
സ്വാതിയുടെ പെരുമാറ്റത്തിലെ മാറ്റം സന്ദീപിനെ ശരിക്കും ആശ്ചര്യപ്പെടുത്തി. “വറ്റിവരണ്ട നദിയിലും വെള്ളപ്പൊക്കമോ…?” പറഞ്ഞതിന്‍റെ അർത്ഥം അവൾക്ക് മനസ്സിലായി.
“മഞ്ഞുമല ഉരുകിത്തുടങ്ങിയിട്ടുണ്ട്. അപ്പോൾ വെള്ളപ്പൊക്കം സ്വഭാവികമല്ലേ.. ഇത് മഞ്ഞിൽ ഉറഞ്ഞുകിടക്കുന്ന മീനൊന്നുമല്ല. എനിക്ക് ചുറ്റും വെള്ളമാണിപ്പോൾ… മനസ്സിലായോ?” സ്വാതി സന്ദീപിനെ സ്നേഹത്തോടെ ചുംബിച്ചു.
ഈർഷ്യയുടെയും രോഷത്തിന്‍റെയും വരണ്ട ഭൂമിയിൽ സ്നേഹമഴ പെയ്തൊഴുകുകയാണ്. സന്ദീപ് ആശ്ചര്യത്തോടെ സ്വാതിയെ നോക്കുകയായിരുന്നു. “അല്ല, ഇതെന്തുപറ്റി? ഈ മാറ്റം എനിക്ക് വിശ്വസിക്കാമോ?”
“മാറ്റം, അത് യഥാകാലം വേണ്ടതല്ലേ.” സ്വാതി വീണ്ടും സ്നേഹത്തോടെ കൈകൾ സന്ദീപിന്‍റെ ചുമലിൽ വെച്ചു. സന്ദീപ് പതിയെ തോളിൽ നിന്നും കൈകൾ വിടുവിച്ചു.
“എനിക്ക് കമ്പ്യൂട്ടറിൽ കുറച്ച് കാര്യങ്ങൾ നോക്കാനുണ്ട്.”
“ഇതെന്താ? ഈയിടെയായി കമ്പ്യൂട്ടർ റഫറിംഗ് അൽപം കൂടിയിട്ടുണ്ടല്ലോ?”
“ക്ലാസ്സെടുക്കേണ്ടതല്ലേ, അപ്പോ അൽപസ്വൽപം റഫറിംഗ് നല്ലതല്ലേ, ഇന്‍റർനെറ്റിൽ ഇപ്പോൾ എല്ലാ വിവരങ്ങളും വേഗത്തിൽ ലഭിക്കും.” സന്ദീപ് സ്റ്റഡി റൂമിലേക്ക് നടന്നു.
ഡ്രോയിംഗ് റൂമിനോട് ചേർന്നായിരുന്നു സ്റ്റഡി റൂം. ഇടയ്ക്ക് ഒരു ലോബിയുമുണ്ട്. ലോബിയുടെ ഒരു വശത്ത് ബെഡ്റും മറുവശത്ത് സ്റ്റഡി റൂം.
ഇന്‍റർനെറ്റ് സെർച്ച് ചെയ്യുന്ന വേള സന്ദീപ് സദാ മുറി ലോക്ക് ചെയ്യും. പക്ഷേ, അന്ന് കതക് ചാരി വച്ചിരുന്നതേയുള്ളൂ. മകനെ ഉറക്കി ശബ്ദമുണ്ടാക്കാതെ സ്വാതി സന്ദീപ് ഇരിക്കുന്ന മുറിയിൽ കയറി പതിയെ പിന്നിൽ വന്നു നിന്നു.
സ്വാതിക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ചാറ്റിംഗ് സൈറ്റുകൾ തുറന്ന് ഗേൾഫ്രണ്ട്സിന്‍റെ കമന്‍റുകൾ വായിക്കുന്നു. ഒരുപക്ഷേ, കോളേജിൽ ലാപ്ടോപിൽ ഇത് തുടരുന്നുണ്ടാകും. സ്വാതി സ്തബ്ധയായി നിന്നു.
സ്വാതി മുറിയിൽ കയറിയതും പിന്നിൽ വന്ന് നിന്നതും സന്ദീപ് അറിഞ്ഞതേയില്ല. ശ്വാസമടക്കിപ്പിടിച്ചാണ് സ്വാതി നെറ്റിലെ വരികൾ വായിച്ചെടുത്തത്. ഒന്നോ രണ്ടോ അല്ല മറിച്ച് ഒരുപാട് പെൺകുട്ടികളുമായി സന്ദീപ് ഫ്ളർട്ടിംഗ് തുടർന്നു. അവസാനം സ്മൃതി എന്ന 25 വയസ്സുകാരിയുമായി ചാറ്റിംഗ്. ഞായറാഴ്ച രാവിലെ 11 മണിക്ക് കോഫിഹൗസിലേക്ക് വരണം.
സ്വാതിക്ക് തല ചുറ്റുന്നതുപോലെ തോന്നി. അവൾ ശബ്ദമുണ്ടാക്കാതെ തന്‍റെ മുറിയിലേക്ക് മടങ്ങി. നീയില്ലെങ്കിൽ ഞാനിനി ജീവിക്കില്ല. മരിക്കും എന്ന് വാശിപിടിച്ച അതേ സന്ദീപാണോയിത്. ഇനിയിത് അനുവദിക്കരുത്. നാളെ കോഫീഹൗസിൽ സന്ദീപിന്‍റെ ഫ്ളർട്ടിംഗ് അവസാനിപ്പിക്കും.
രാത്രി ഭക്ഷണം തയ്യാറാക്കി വെച്ച് ആയ മടങ്ങിയിരുന്നു. സ്വാതി സന്ദീപിന് ഏറ്റവും ഇഷ്ടമുള്ള പാലട പ്രഥമൻ തയ്യാറാക്കി. അത്താഴത്തിനുശേഷം ഒരു ബൗളിൽ പായസവും നൽകി.
സ്വാതിയിലെ ഈ മാറ്റം സന്ദീപിനെ വല്ലാതെ അമ്പരപ്പിച്ചു. സന്ദീപ് പായസത്തെപ്പറ്റി പ്രശംസിച്ച് സംസാരിക്കുമ്പോഴും സ്വാതിയുടെ മനസ്സ് പിറ്റേന്ന് അരങ്ങേറാൻ പോകുന്ന അങ്കത്തിന്‍റെ പിന്നാമ്പുറങ്ങൾ തേടുകയായിരുന്നു.
ഞായറാഴ്ച… സന്ദീപ് സ്മൃതിയെ കാണാൻ കോഫിഹൗസിലേക്ക് പോകാനൊരുങ്ങി. നന്നായി വസ്ത്രം ധരിച്ച് ചുണ്ടിൽ ഒരു മൂളിപ്പാട്ടും ഒളിപ്പിച്ച് പ്രൊഫസർ കിരണിനെ കാണാൻ പോകുന്നു എന്ന നുണയും പറഞ്ഞ് സന്ദീപ് ധൃതിയിൽ പുറത്തേക്ക് നടന്നു. സ്വാതി ഇത് മുൻകൂട്ടി കണ്ടിരുന്നു.
പപ്പ ഞാനും വരുന്നെന്ന് പറഞ്ഞ് കിച്ചു വാശി പിടിക്കുന്നുണ്ടായിരുന്നു. “വൈകിട്ട് നമുക്കൊരുമിച്ച് പോകാം.” എന്ന ഒഴുക്കൻ മറുപടി പറഞ്ഞ് സന്ദീപ് വേഗം യാത്രയായി.
അൽപസമയത്തിനുശേഷം സ്വാതി കിച്ചുവിനെ അയൽപക്കത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ കൊണ്ടാക്കി. ആയയോട് രണ്ട് മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞ് ഗേറ്റും പൂട്ടി പുറത്തേക്കിറങ്ങി. സന്ദീപ് സ്കൂട്ടറിലാണ് പോയത്. സ്വാതി കാറിൽ കോഫിഹൗസിനു സമീപത്തെത്തി. പിന്നെ പതിയെ ഉള്ളിലേക്ക് കയറി. സ്വാതി ഷാൾ കൊണ്ട് മുഖം മറച്ച് സന്ദീപ് ഇരിക്കുന്ന സീറ്റിന് പിന്നിൽ വന്നിരുന്നു. ഇൻഡോർ പ്ലാന്‍റിന്‍റെ മറവിൽ സന്ദീപ് സ്വാതിയെ കണ്ടതുമില്ല. “ആഹാ, നല്ല ക്യൂട്ടാണല്ലോ…” സ്മൃതിയെ കണ്ട് സന്ദീപ് പറഞ്ഞു.
“നിങ്ങളും ശരിക്കും ഹാൻസമാണല്ലോ?” ഇരുവരും പരസ്പരം ഉത്സാഹത്തോടെ സംസാരിച്ചു.
“ഇതുവരെ വിവാഹം കഴിച്ചില്ലേ?” സന്ദീപ് തിരക്കി.
“ഇനി ആവമല്ലോ, സന്ദീപ്.” സ്മൃതി കുണുങ്ങി ചിരിച്ചു.
“പക്ഷേ, ഞാൻ വിവാഹിതനാണ്.” സ്മൃതിയുടെ വാക്കുകളിലെ അർത്ഥം ഗ്രഹിച്ച് സന്ദീപ് മറുപടി നൽകി.
“സത്യമാണോ? പക്ഷേ, ഇതേക്കുറിച്ച് താങ്കൾ ഇതുവരെ പറഞ്ഞില്ലല്ലോ.”
“സ്മൃതി ചോദിച്ചില്ല, ഞാൻ പറഞ്ഞതുമില്ല. പക്ഷേ, എനിക്ക് സ്മൃതിയെ ഇഷ്ടമാണ്… ഈ ഇഷ്ടം…” പ്രണയ വാക്കുകൾ മുഴുമിപ്പിക്കാതെ സന്ദീപ് ചിരിച്ചു.
തിളച്ചു മറിയുന്ന ഏതോ ലോഹം ചെവിയിലേക്കൊഴിക്കുന്നതുപോലെ സ്വാതി ചെവിപൊത്തി. ഇനിയും കേട്ടിരിക്കുന്നതിൽ അർത്ഥമില്ല. സ്വാതി എഴുന്നേറ്റ് സ്മൃതിക്കരികിലെത്തി മുഖത്ത് ആഞ്ഞടിച്ചു.
സ്വാതി അപ്പോൾ അവിടെയെത്തുമെന്ന് സന്ദീപ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. “സ്വാതി… നീ… നീയിവിടെ… എങ്ങനെ…?” സന്ദീപ് വാക്കുകൾ കിട്ടാതെ വിഷമിച്ചു.
“നിങ്ങൾ വീട്ടിൽ നിന്നുമിറങ്ങിയതിനു പിന്നാലെ ഞാനുമിറങ്ങി.” സ്വാതി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ഇനിയെന്നതു പറയണം എന്നറിയാതെ വിഷമിക്കുകയായിരുന്നു സന്ദീപ്.
കോഫീഹൗസിലെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. “സന്ദീപ് നിങ്ങൾ ഒരു കോളേജ് അധ്യാപകനാണ്. നിങ്ങളിൽ നിന്നും ഇതുപോലൊരു പെരുമാറ്റം… മോശം തന്നെ…” സ്വാതിയുടെ ശബ്ദം ഉറക്കെയായി.
“നിങ്ങൾ ഇപ്പോൾ ഈ നിമിഷം എന്‍റെയൊപ്പം വീട്ടിലേക്ക് വരണം.” സ്വാതി ആജ്ഞാപിച്ചു. കോഫിഹൗസിലുണ്ടായിരുന്ന പലർക്കും കാര്യം പിടികിട്ടിയില്ല.
ആയ വീട്ടിലെത്തിയിരുന്നു. അവർ ചായ തയ്യാറാക്കി രണ്ടുപേർക്കും നൽകി. സ്വാതി ഡ്രോയിംഗ് റൂമിലെ സോഫയിൽ ചെന്നിരുന്നു. ആയയുടെ മുന്നിൽ പുതിയൊരു സ്റ്റണ്ട് സീൻ ഒരുക്കാതെ അവൾ ക്ഷമയോടെ കാത്തിരുന്നു.
സ്വാതിയെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലാതെ സന്ദീപ് പുറകുവശത്തുള്ള സോഫയിൽ വന്നിരുന്നു. ആയ ജോലിയെല്ലാം തീർത്ത് മടങ്ങി. അതുവരെ ശാന്തയായിരുന്ന സ്വാതി അഗ്നിപർവതം പോലെ പൊട്ടിത്തെറിച്ചു.
“സന്ദീപ്, എന്താണിതിന്‍റെ അർത്ഥം. നിങ്ങൾ ഒരച്ഛനാണ്, ഭർത്താവാണ്, അധ്യാപകനാണ്. ഇതൊക്കെ മറന്ന്… വെറും ഒരു തെമ്മാടിയെപ്പോലെ… മര്യാദ പഠിപ്പിക്കേണ്ട നിങ്ങൾ… എന്താണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്. വളരെ മോശമായിപ്പോയി. നിങ്ങൾക്കെന്താണ് പറ്റിയത് സന്ദീപ്?” എല്ലാം കേട്ടുകഴിഞ്ഞിട്ടും സന്ദീപ് യാതൊന്നും മറുത്ത് പറഞ്ഞില്ല. സന്ദീപ് മൗനം പാലിക്കുന്നത് കണ്ട് സ്വാതിയുടെ രോക്ഷം ഇരട്ടിച്ചു. പറഞ്ഞത് ആവർത്തിക്കാനിഷ്ടപ്പെടാതെ അവൾ പുറത്തേക്ക് പോയി. കളിക്കാൻ വിട്ട മകനെയും കൂട്ടി സ്വാതി വീട്ടിൽ മടങ്ങിയെത്തി. നടന്നതൊന്നുമറിയാതെ അവൻ മമ്മിയുടേയും പപ്പയുടേയും അടുത്ത് മാറിമാറി ചെന്നിരുന്ന് സംസാരിക്കാൻ ശ്രമിച്ചു. സന്ദീപാകട്ടെ പ്രായ്ശ്ചിത്തത്തിന്‍റെ തീയിൽ വെന്തുരുകുകയായിരുന്നു.
സന്തോഷം പിണങ്ങി പടിയിറങ്ങി പോയതായി തോന്നിച്ചു. കിച്ചു കുറേ നേരം ഒറ്റയ്ക്കിരുന്ന് കളിച്ചു. ഇടയ്ക്ക് ടിവിയുടെ മുന്നിൽ പ്രതിമ കണക്കെ ചടഞ്ഞിരുന്നു. മമ്മിക്കും പപ്പക്കും എന്താണ് സംഭവിച്ചത്. അവൻ ഇരുവരോടുമായി മാറിമാറി ചോദിച്ചു.
“ഇന്ന് ഞായറാഴ്ചയല്ലേ, എന്താ എന്‍റെയൊപ്പം കളിക്കാൻ വരാത്തത്?”
അവൻ ഓടിച്ചെന്ന് അമ്മയെ ചുറ്റിപിടിച്ചു, “മമ്മീ, പപ്പ വീണ്ടും മമ്മിയെ തല്ലിയോ? സത്യം പറ? പപ്പ നല്ലതല്ല. വാ, നമുക്ക് പപ്പയെ തനിച്ചാക്കി വേറെ എവിടേക്കെങ്കിലും പോകാം.”
സ്വാതി മറുപടിയൊന്നും പറയാതെ സന്ദീപിന്‍റെ മറുപടിക്കായി കാത്തുനിൽക്കുകയായിരുന്നു. “സ്വാതി, പ്ലീസ്… എന്നോട് ക്ഷമിക്കൂ… എനിക്ക് തെറ്റുപറ്റി.” മനസ്സിന്‍റെ ഭാരം ഇറക്കാനാകാതെ സന്ദീപ് വിഷമിക്കുകയായിരുന്നു.
“എന്ത് തെറ്റുപറ്റി?” സ്വാതിയുടെ പരിഭവം അലിഞ്ഞില്ലാതായി.
“നിന്‍റെ പെരുമാറ്റം വളരെ ഹാർഷ് ആയി തോന്നിയിരുന്നു. പിന്നെ ഈഗോ… തർക്കം, വഴക്ക് ഒക്കെ പതിവായി. നിസ്സാരകാര്യത്തിനു പോലും സ്വന്തം വീട്ടുകാരെ കൂട്ടുന്ന ശീലവും…”
“ശരി, ഞാൻ ഭയങ്കരിയാണ്, തെറ്റുകാരിയാണ് എന്നു കരുതി സന്ദീപ് നിങ്ങൾ ഇത്ര മോശമായ വഴി തെരഞ്ഞെടുക്കണമായിരുന്നോ. അഭിമാനം, ക്യാരക്ടർ, മര്യാദ ഒക്കെ കളഞ്ഞു. എത്ര താഴ്ന്ന കാര്യമാണ്. നിങ്ങളോ മോശക്കാരനായി. ഇനിയിപ്പോ ഇതൊക്കെ കണ്ടല്ലേ മകനും വളരുന്നത്.”
“പ്ലീസ്, എന്നോട് ക്ഷമിക്ക്, ഇനി തെറ്റ് ഒരിക്കലും ആവർത്തിക്കില്ല.” സന്ദീപ് വീണ്ടും കൈ കൂപ്പി പറഞ്ഞു.
“ശരി, ക്ഷമിച്ചു. പക്ഷേ, വർഷങ്ങൾക്ക് മുമ്പ് ഞാൻ പരിചയപ്പെട്ട സന്ദീപാകണം.” സ്വാതി ചിരിച്ചു.
സന്ദീപ് ആ സന്തോഷത്തിൽ രണ്ടുപേർക്കുമായി കാപ്പി തയ്യാറക്കിക്കൊണ്ടുവന്നു.
“നീയെനിക്ക് മാപ്പു തന്നല്ലോ, അതുമതി. ദാ ഈ കാപ്പി കുടിക്ക്.” നടന്നതൊക്കെ മറന്ന് അവർ പ്രണയികളെപ്പോലെ കൈ കോർത്തു. മമ്മിയും പപ്പയും തനിക്കൊപ്പം എപ്പോൾ കളിക്കാനെത്തും എന്ന പ്രതീക്ഷയോടെ കിച്ചു കാരംബോർഡിനു മുന്നിലിരുന്നു.