അന്ന് മകൾ നേഹയുടെ ഇരുപത്തിമൂന്നാം ജന്മദിനം ആയിരുന്നു. ഇങ്ങനെയൊരു സന്തോഷവസരത്തിൽ ഓഫീസിൽ പോകേണ്ടെന്ന് മീനാക്ഷി തീരുമാനിച്ചു. അല്പസമയം മകൾക്കൊപ്പം ചെലവഴിക്കാൻ ആ മാതൃഹൃദയം വെമ്പൽ കൊണ്ടു.

ബ്രേക്ഫാസ്റ്റിന് ശേഷം മകളെയും കൂട്ടി തൊട്ടടുത്തുള്ള പാർക്കിൽ അല്പസമയം ചെലവഴിക്കണം. എത്ര നാളായി സ്വസ്ഥമായി മനസ്സുതുറന്ന് അവളോട് സംസാരിച്ചിട്ട്. മീനാക്ഷിയുടെ മനസ്സ് മന്ത്രിച്ചു.

നേഹ, കമ്പനി ട്രെയിനിയായി നീ അമേരിക്കയിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നല്ലോ. എന്നാണത്? മനസ്സിനെ കീഴടക്കി കൊണ്ടിരുന്ന വിഷാദം മുഖത്ത് പ്രകടമാകാതിരിക്കാൻ മീനാക്ഷി ആവുന്നതും ശ്രമിച്ചു.

ഒരുപക്ഷേ, അടുത്ത മാസം എങ്ങാനും ആയിരിക്കും. പക്ഷേ ഞാൻ ട്രെയിനിങ്ങിന് ഒന്നും പോകുന്നില്ല. നേഹ ദൃഢമായി പറഞ്ഞു.

നീ വെറുതെ അങ്ങനെയൊന്നും ചിന്തിക്കേണ്ട. ട്രെയിനിങ് ഒക്കെ കഴിഞ്ഞാൽ അല്ലേ പ്രമോഷൻ ശരിയാവൂ.

അതല്ല. ഞാൻ ജോലി രാജിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.

നിനക്ക് മറ്റെവിടെയെങ്കിലും ജോബ് ഓഫർ വന്നിട്ടുണ്ടോ?

അങ്ങനെ ഉറപ്പിച്ചു പറയാറായിട്ടില്ല. പക്ഷേ കിട്ടും. പക്ഷേ….

എന്താ നിർത്തി കളഞ്ഞത്? പറയ്…

പുതിയ കമ്പനിയിൽ കൂടുതൽ സാലറി കാണും. പ്രമോഷനുള്ള അവസരങ്ങളും ഉണ്ട്. പക്ഷേ ഇവിടം വിട്ട് ബാംഗ്ലൂരിലേക്ക് പോകേണ്ടിവരും.

ആഹ്… അതൊന്നും വേണ്ട.

മീനാക്ഷി ഒരു ദീർഘനിശ്വാസം എടുത്തു. ബാംഗ്ലൂരിൽ… അതും നിന്നെ ഒറ്റയ്ക്ക് താമസിപ്പിക്കാൻ. അവർ പിറുപിറുത്തു കൊണ്ടിരുന്നു.

മമ്മി, പ്ലീസ്  നേഹ കൊഞ്ചി. ഐടി ക്യാപിറ്റൽ ആണ് ബാംഗ്ലൂർ. എന്നെപ്പോലുള്ളവർക്ക് ശരിക്കും ഷൈൻ ചെയ്യാൻ പറ്റിയ ഫീൽഡും കൾച്ചറുമാണ് അവിടത്തേത്.

നീ ആദ്യം ഒരു കല്യാണം കഴിക്ക്. എന്നിട്ട് ഭർത്താവിനെയും കൂട്ടി എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ. നിന്നെ ഒറ്റയ്ക്ക് ബാംഗ്ലൂർക്ക് പറഞ്ഞയക്കാൻ ഈ വിധവയ്ക്ക് ധൈര്യം പോരെന്നു കൂട്ടിക്കോ. മീനാക്ഷിയുടെ കനത്ത ശബ്ദം ദൃഢ തീരുമാനം അറിയിക്കുന്നതായിരുന്നു.

ഹായ് രാജീവ്…

അപ്രതീക്ഷിതമായി മകൾ ഒരു അപരിചിതന്‍റെ പേര് പറയുന്നത് കേട്ട് മീനാക്ഷിക്ക് ആശ്ചര്യമായി. മകൾ ആരെയോ സൂക്ഷിച്ചു നോക്കുന്നത് കണ്ട് മീനാക്ഷിയും അങ്ങോട്ട് തിരിഞ്ഞു.

ഒറ്റനോട്ടത്തിൽ ഗൗരവക്കാരൻ ആണെന്ന് തോന്നിക്കുന്ന ഒരു യുവാവ്. ഒപ്പം ഒരു മധ്യവയസ്കനുമുണ്ട്. യുവാവ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു എങ്കിലും മുഖത്ത് ചെറിയൊരു ചമ്മൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

അവർ പതുക്കെ നടന്ന് അടുത്തെത്തി. നേഹയും രാജീവും അമ്മയെയും അച്ഛനെയും പരസ്പരം പരിചയപ്പെടുത്തി. സഹപ്രവർത്തകനായിരുന്നു രാജീവ്. അച്ഛനോടൊപ്പം പാർക്കിൽ സവാരിക്കെത്തിയതാണ്.

നേഹയും രാജീവും ഓഫീസ് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ രാജീവിന്‍റെ പപ്പ രഞ്ജനും മീനാക്ഷിയും വാർദ്ധക്യസഹജമായ രോഗങ്ങളെയും യോഗയെയും കുറിച്ചായിരുന്നു സംസാരം.

ഏറെ നാളത്തെ പരിചിതരെ പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ ഇവർക്കിടയിൽ പ്രണയം നാമ്പിടുമോ എന്ന് രാജീവിനും  നേഹയ്ക്കും തോന്നാതിരുന്നില്ല.

എന്നാൽ മക്കൾ തെരഞ്ഞെടുക്കാൻ പോകുന്ന പങ്കാളിയുടെ ശരിതെറ്റുകളും ഗുണദോഷങ്ങളും നോക്കി കാണുകയായിരുന്നു രഞ്ജനും മീനാക്ഷിയും.

രാജീവ് ആരോഗ്യ ദൃഢഗാത്രനും കാഴ്ചയ്ക്ക് സുമുഖനും ആണ്. കണ്ണട ആ മുഖത്തിന് ഏറെ യോജിക്കുന്നു. രാജീവിനെ ഭാവി മരുമകനാക്കുന്നതിൽ വലിയ തെറ്റില്ലെന്ന് മീനാക്ഷിക്ക് തോന്നി.

പെൺകുട്ടിക്ക് അല്പം വണ്ണം കൂടുതലുണ്ട്. പക്ഷേ എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത്. പ്രസന്നമായ പെരുമാറ്റം. രാജീവിന് ഇഷ്ടമാണെങ്കിൽ ഇവളെ മരുമകളാക്കുന്നതിൽ എനിക്കൊരു വിരോധവുമില്ല. നേഹയെ മരുമകളാക്കണമോ വേണ്ടയോ എന്ന തീരുമാനമെടുക്കാൻ രഞ്ജന് ഏറെ നേരം വേണ്ടി വന്നില്ല.

രാജീവിന്‍റെ കുടുംബ പശ്ചാത്തലം അറിയണമെന്ന ആകാംക്ഷയോടെ മീനാക്ഷി രഞ്ജനോട് സൗമ്യമായി സംസാരം തുടർന്നു.

ഭാവി മരുമകളുടെ അമ്മയോട് ആണല്ലോ സംസാരിക്കുന്നത് എന്ന ചിന്തയിൽ രഞ്ജനും സംസാരിക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു.

നിങ്ങൾ പാർക്കിൽ ഒക്കെ ഒന്ന് കറങ്ങി വാ. ഞങ്ങൾ അതുവരെ ഈ ബെഞ്ചിൽ ഇരുന്നു സംസാരിക്കട്ടെ. മീനാക്ഷി പറഞ്ഞത് കേട്ട് രഞ്ജനും തലകുലുക്കി. നേഹയും രാജീവും കൺവെട്ടത്തുനിന്നും മാഞ്ഞതും മീനാക്ഷി കൂടുതൽ ഉത്സാഹത്തോടെ സംസാരം തുടർന്നു. രാജീവും ട്രെയിനിങ്ങിനായി അമേരിക്കയിലേക്ക് പോകുന്നുണ്ടോ?

ഇല്ല. അവൻ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞിരുന്നു. രഞ്ജന്‍റെ കണ്ണുകളിൽ നിറഞ്ഞുനിന്ന ആശങ്ക മീനാക്ഷി പെട്ടെന്ന് മനസ്സിലാക്കി.

നേഹയും ഇതൊക്കെ തന്നെ പറയുന്നുണ്ടായിരുന്നു. പക്ഷേ, ഈ വിധവയ്ക്ക് മകളെ ദൂരേക്ക് തനിച്ച് അയക്കാൻ മനസ്സ് വരുന്നില്ല.

നേഹയുടെ പപ്പ…

നേഹയ്ക്ക് വെറും 3 വയസ്സു മാത്രം പ്രായമുള്ളപ്പോൾ ഒരു റോഡ് അപകടത്തിൽ….

ഐ ആം സോറി രഞ്ജൻ ഇടറിയ ശബ്ദത്തിൽ സംസാരം തുടർന്നു.

രാജീവിനും അമ്മയില്ല. നാലുവർഷം മുമ്പ് ക്യാൻസർ വന്നതായിരുന്നു. രാജീവിന് ഒരു കൊച്ച് അനുജത്തി ഉണ്ടായിരുന്നു. 12 വർഷം മുമ്പ് പനിബാധിച്ച് അവളും പോയി. ഇപ്പോൾ രാജീവിന് ഞാനും എനിക്ക് രാജീവ് മാത്രമേ തുണയായുള്ളൂ.

അപ്പോൾ കഴിയുന്നതും വേഗം രാജീവിന്‍റെ വിവാഹം നടത്തിക്കൂടെ?

നിങ്ങൾ പറയുന്നതിലും കാര്യമില്ലാതില്ല. പക്ഷേ ഇപ്പോഴത്തെ കുട്ടികൾ അച്ഛനമ്മമാരെ അനുസരിക്കുമോ? രഞ്ജൻ ദീർഘനിശ്വാസത്തോടെ പറഞ്ഞു.

നേഹയുടെ വിവാഹത്തെ കുറിച്ച് ഓർക്കുമ്പോൾ എന്‍റെ മനസ്സിൽ തീയാണ്. മാന്യതയും മര്യാദയും ഒക്കെയുള്ള നല്ല കുടുംബം ഒത്തു കിട്ടണ്ടേ. അവൾ കരിയറിന് ആണ് പ്രാമുഖ്യം നൽകുന്നത്. ഞാനോ അവളുടെ വിവാഹത്തിനും.

ആ മാതൃ ഹൃദയത്തിന്‍റെ വിഹലത കണ്ട് രഞ്ജന്‍റെ മനസ്സലിഞ്ഞു.

അവർ പരസ്പരം മനസ്സ് തുറന്ന് സംസാരിച്ചില്ലെങ്കിലും ഈ സൗഹൃദം തുടരണമെന്ന ആഗ്രഹം പലവട്ടം ആവർത്തിച്ചു പറഞ്ഞു.

ഇന്ന് നേഹമോളുടെ പിറന്നാളാണ്. മീനാക്ഷി പറഞ്ഞു.

ആഹാ! അപ്പോൾ ഒരു പാർട്ടി പ്രതീക്ഷിക്കുന്നു. രഞ്ജന് ആകാംക്ഷയായി.

തീർച്ചയായും. അങ്ങ് രാജീവിനെയും കൂട്ടി വൈകിട്ട് വീട്ടിലേക്ക് വരണം.

ഞാൻ വെറുതെ തമാശയ്ക്ക്…

എങ്കിൽ ഞാൻ കാര്യമായിട്ട് പറയുകയാണ്. അങ്ങ് വൈകിട്ട് രാജീവിനെയും കൂട്ടി വീട്ടിലേക്ക് വരണം.

എന്തായാലും രാജീവ് വരും.

അതുപോരാ. താങ്കളും വരണം. കുട്ടികൾക്ക് സന്തോഷമാകും.

ശരി… ഞാൻ വരാം.

നേഹയും രാജീവും പാർക്കിൽ ഉല്ലാത്തി തിരിച്ചെത്തിയപ്പോഴേക്കും പാർട്ടി പ്രോഗ്രാം ഫിക്സ് ആയി. കൃത്യസമയത്ത് എത്താമെന്ന് വാക്കു നൽകി അവർ പിരിഞ്ഞു.

വൈകിട്ട് അവർ കൃത്യസമയത്ത് തന്നെ പാർട്ടിക്ക് എത്തി. റോസാപ്പൂക്കൾ കൊണ്ട് തയ്യാറാക്കിയ പൂച്ചെണ്ട് ഉപഹാരമായി കിട്ടിയപ്പോൾ നേഹയുടെ മുഖം വിടർന്നു.

നേഹയുടെ അടുത്ത നാല് കൂട്ടുകാരികളും പാർട്ടിക്ക് എത്തിയിരുന്നു. ഡൈനിങ് റൂമിൽ മേശയും കസേരയും ഒതുക്കി വെച്ച് ഡാൻസ് സ്പെയ്സ് സജ്ജീകരിച്ചു. അവിടെ ഒത്തുകൂടിയവർ മധുര സംഗീതത്തിനൊപ്പം ചുവട് വെച്ചു.  ബുഫേ മോഡലിൽ ആയിരുന്നു ഫുഡ് അറേഞ്ച്മെന്‍റ്. ഓരോരുത്തരും ഇഷ്ടാനുസരണം ഭക്ഷണം സെലക്ട് ചെയ്ത് കഴിക്കുവാൻ തുടങ്ങി.

രഞ്ജനും മീനാക്ഷിയും ഡ്രോയിങ് റൂമിൽ സംസാരിച്ചിരുന്നു. ഇടയ്ക്ക് അവർ നേഹയേയും രാജീവിനെയും നിരീക്ഷിച്ചുകൊണ്ടിരുന്നു.

രാജീവും നേഹയും അധികം സംസാരിക്കുന്നില്ല എന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടു.

നേഹ കൂട്ടുകാരികളോടാണല്ലോ കൂടുതൽ സംസാരിക്കുന്നത്. രാജീവിനെ ഒന്ന് ശ്രദ്ധിക്കുന്നത് പോലുമില്ല. രഞ്ജൻ ഒരു നീരസത്തോടെ മീനാക്ഷിയോട് സൂചിപ്പിച്ചു.

ഈ പെണ്ണ് ശരിക്കും ഒരു ബുധൂസ് തന്നെയാ മീനാക്ഷി ദേഷ്യ ഭാവേന പറഞ്ഞു.

അതെന്താ അങ്ങനെ പറഞ്ഞത്?

വള വളയെന്ന വായിട്ടലച്ചു സംസാരിക്കാതെ ഇടയ്ക്ക് രാജീവിനും വല്ലതും പറയാൻ ഒരു അവസരം കൊടുക്കണമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നതാണ്. ഇതിപ്പോ ഇവൾ തീരെ സംസാരിക്കുന്നില്ലല്ലോ.

ഒരു നിമിഷത്തെ മൗനത്തിനുശേഷം രഞ്ജന്‍റെ ശബ്ദം കനത്തു.

ഞാനൊരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കുമോ?

ഇല്ലില്ല… ധൈര്യമായി പറയൂ. മീനാക്ഷിക്കും ആകാംക്ഷയായി.

രാജീവും നേഹയും തമ്മിൽ ശരിക്കും പ്രണയത്തിലാണോ അതോ…

അവർ നല്ല സുഹൃത്തുക്കൾ ആണെന്ന് അറിയാം. പ്രണയിക്കുന്നുണ്ടോ എന്ന് ഉറപ്പിച്ച് പറയാൻ ആവില്ല. മീനാക്ഷി അഭിപ്രായം തുറന്നു പറഞ്ഞു.

എന്താ പറഞ്ഞു ഉറപ്പിച്ചു കൂടെ…

അങ്ങ് പറഞ്ഞു വരുന്നത്? മീനാക്ഷി സംശയ ഭാവേന രഞ്ജനേ നോക്കി.

ഞാനൊന്നും മറച്ചുവയ്ക്കുന്നില്ല. നേഹ നല്ല കുട്ടിയാണ്. അവളെ മരുമകളാക്കിയാൽ കൊള്ളാമെന്നുണ്ട്.

രാജീവ് മരുമകൻ ആകുന്നതിൽ എനിക്കൊരു 100 ആവർത്തി സന്തോഷമേയുള്ളൂ. ഇവരുടെ വിവാഹം നേരാവണ്ണം നടന്നു കിട്ടിയാൽ എന്‍റെ സകല ടെൻഷനും അതോടെ തീരും. മീനാക്ഷിയുടെ സ്വരം ഇടറി.

നമുക്ക് ശ്രമിക്കാം. എല്ലാം ഭംഗിയായി നടക്കും. രഞ്ജൻ ആശ്വസിപ്പിച്ചു.

പക്ഷേ നമുക്ക് എന്തു ചെയ്യാൻ പറ്റും? മീനാക്ഷിക്ക് ഉത്സാഹമായി.

രാജീവിനും  നേഹയ്ക്കും പരസ്പരം കാണാനും സംസാരിക്കാനും ഉള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക. അവർ ഒന്നിച്ചു നടക്കാനും അടുത്തിടപഴകാനും അപ്പോൾ പ്രണയം താനെ തോന്നും.

കൊള്ളാം, നല്ല ആശയം…മീനാക്ഷിയുടെ കണ്ണുകളിൽ രഞ്ജനോടുള്ള പ്രശംസയും ആദരവും നിറഞ്ഞു നിന്നിരുന്നു.

എങ്ങനെയും  നേഹയെ രാജീവിനെ കൊണ്ട് വിവാഹം കഴിപ്പിക്കണം. മീനാക്ഷിയുടെയും രഞ്ജന്‍റെയും ശ്രമം മുഴുവൻ അതിനായിരുന്നു.

രഞ്ജനും മീനാക്ഷിയും മക്കൾക്ക് പരസ്പരം കണ്ടുമുട്ടാനുള്ള അവസരങ്ങൾ ഒരുക്കി.

ഒരു ദിവസം അപ്രതീക്ഷിതമായി അവർ ഡിന്നറിന് മീനാക്ഷിയുടെ വീട്ടിൽ ഒത്തുകൂടി. കുറച്ചുനേരം കഴിഞ്ഞപ്പോൾ രഞ്ജനും മീനാക്ഷിയും പ്ലേറ്റും എടുത്ത് പുറത്ത് വരാന്തയിൽ വന്നിരുന്നു.

അകത്ത് രാജീവിന്‍റെയും നേഹയുടെയും ഉറക്കെയുള്ള സംസാരവും ചിരിയും കേട്ട് അവർ സന്തോഷിച്ചു. തങ്ങളുടെ പ്ലാൻ സഫലമാവുകയാണല്ലോ. അവരുടെ മനസ്സ് ആഹ്ളാദം കൊണ്ട് നിറഞ്ഞു.

മീനാക്ഷിക്ക് സുഖമില്ലാതായപ്പോൾ രഞ്ജനും രാജീവും മൂന്നുദിവസം തുടർച്ചയായി അവരെ സന്ദർശിച്ചു.

ശനി ഞായർ ദിനങ്ങളിലെ സായാഹ്നങ്ങളിൽ അവർ പാർക്കിലോ ഷോപ്പിംഗ് മാളിലോ എത്തുക പതിവായി. ഇതിന് പിന്നിൽ രഞ്ജനും മീനാക്ഷിയുമാണെന്ന് തോന്നൽ ഉണ്ടാകാത്ത വിധത്തിൽ ആയിരുന്നു ഓരോ പ്ലാനും ആവിഷ്കരിച്ചത്.

വീട്ടിൽ സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കിയാൽ രഞ്ജിന്‍റെ വീട്ടിൽ എത്തിക്കേണ്ട ഉത്തരവാദിത്വം  നേഹയുടെതായിരുന്നു. തിരിച്ച് നേഹയെ വീട്ടിലെത്തിക്കേണ്ട ഉത്തരവാദിത്വം രാജീവിനും.

തങ്ങളുടെ മരിച്ചുപോയ ജീവിതപങ്കാളിയെ പറ്റി മീനാക്ഷിയോ രഞ്ജനോ കൂടുതൽ സംസാരിച്ചിരുന്നില്ല. ആഴ്ചകൾ പിന്നിട്ടു. നേഹയ്ക്കും രാജീവിനും ബാംഗ്ലൂരിലുള്ള ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്നും ഓഫർ വന്നു.

എങ്ങനെയെങ്കിലും മക്കളുടെ വിവാഹം നടത്തണമെന്ന് അവർ തീരുമാനിച്ചു. അടുത്ത ആഴ്ച തന്നെ രഞ്ജൻ രാജീവിനെയും കൂട്ടി മീനാക്ഷിയുടെ വീട്ടിലെത്തി. രാജീവും നേഹയും ഇതൊന്നും അറിഞ്ഞില്ല.

നേഹ, അപ്പോ ബാംഗ്ലൂരിലേക്ക് പോകാൻ തീരുമാനിച്ചോ? രഞ്ജൻ തിരക്കി.

ഇവൾക്ക് പോകണമെന്നുണ്ട്. പക്ഷേ ഞാൻ ഇവളെ ഒറ്റയ്ക്ക് ബാംഗ്ലൂരിലേക്ക് അയക്കുകയില്ല. നേഹയ്ക്കു പകരം മീനാക്ഷിയാണ് മറുപടി പറഞ്ഞത്. അതിനൊറ്റയ്ക്ക് അയക്കണ്ട. കെട്ടിച്ചു വിട്ടാൽ പോരെ. രഞ്ജൻ ഉപദേശിച്ചു.

വിവാഹം കഴിഞ്ഞാൽ ജോലി എന്നല്ല തുടർന്നുള്ള ഉത്തരവാദിത്തങ്ങൾ ഭർത്താവും ഭർതൃവീട്ടുകാരും നോക്കില്ലേ. പക്ഷേ  പ്രശ്നം അതല്ല. ഈ വാശിക്കാരിക്ക് കല്യാണമേ വേണ്ടെന്നാ പറയുന്നത്. മീനാക്ഷി ദുഃഖത്തോടെ പറഞ്ഞു.

എന്താ നേഹ കല്യാണം കഴിക്കാൻ സമ്മതിക്കാത്തത്? രഞ്ജൻ നേഹയുടെ നേരെ തിരിഞ്ഞു.

അങ്കിൾ, മമ്മിയെ തനിച്ചാക്കി ബാംഗ്ലൂരിലേക്ക് പോകാൻ മനസ്സ് വരുന്നില്ല. മമ്മിയെ കുറിച്ച് ഓർത്ത് എന്‍റെ ആരോഗ്യം കൂടി നഷ്ടമാവും. ഇനി കല്യാണം കഴിക്കുന്ന കാര്യമല്ലേ, നല്ല പയ്യനെ കണ്ടുകിട്ടിയാൽ ഉടനെ കല്യാണം കഴിക്കും.  നേഹ ചിരിച്ചുകൊണ്ട് പറഞ്ഞു.

പപ്പാ, ഈ നേഹ ഭയങ്കര സെന്‍റിമെന്‍റൽ ആണ്. എപ്പോഴും ആന്‍റിയെ കുറിച്ചുള്ള ചിന്തയേ ഉള്ളൂ. വീട്ടുമരുമകനായി നിൽക്കുന്നയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന വാശിയാണ് അവൾക്ക്. രാജീവ് സൗഹൃദ സംഭാഷണത്തിന് ഇടയ്ക്ക് പറഞ്ഞു.

എന്‍റെ ഒരുത്തിയുടെ കാര്യമല്ലേ. അത് ഞാൻ നോക്കിക്കൊള്ളാം. ഇനി അമ്മ കാരണം മകളുടെ കല്യാണം നീണ്ടു എന്ന പരാതി വേണ്ടല്ലോ. മീനാക്ഷി ചെറിയൊരു ദേഷ്യത്തോടെ പറഞ്ഞു.

അമ്മയെ നേരാവണ്ണം നോക്കണം എന്ന ഉത്തരവാദിത്വം എനിക്കുണ്ട്. അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് വയ്യ. നേഹയുടെ ശബ്ദം കനത്തു.

സൈലൻസ് രഞ്ജൻ കൈ ഉയർത്തി അവരെ ശാന്തരാക്കാൻ ശ്രമിച്ചു.  നേഹയ്ക്ക് ബാംഗ്ലൂരിലേക്ക് പോകണം. അമ്മയെ തനിച്ചാക്കാനും വയ്യ അതല്ലേ പ്രശ്നം.

രഞ്ജൻ തുടർന്ന് എന്താണ് പറയാൻ പോകുന്നതെന്ന് അറിയാൻ രാജീവും  നേഹയും മീനാക്ഷിയും ആകാംക്ഷയോടെ നോക്കി.

നേഹയുടെ അസാന്നിധ്യത്തിൽ മീനാക്ഷിയുടെ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു… പക്ഷേ…

പപ്പാ, ഒരു മിനിറ്റ് രാജീവ് ഇടയ്ക്ക് പറഞ്ഞു. അങ്ങനെ വെറുതെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റുമോ? നാളെ അങ്ങയുടെ അസാന്നിധ്യത്തിൽ മീനാക്ഷി ആന്‍റിക്ക് എന്തെങ്കിലും സംഭവിച്ചാൽ  നേഹയോട് ആരു സമാധാനം പറയും?

രാജീവ്, മീനാക്ഷി എനിക്ക് അപരിചിത ഒന്നുമല്ല. ഒരു പ്രശ്നവും ഉണ്ടാവില്ല. നിങ്ങൾ ഞങ്ങളെ കുറിച്ച് ഓർത്ത് ടെൻസ്ഡ് ആവേണ്ട.

രാജീവ് മീനാക്ഷിയെ നോക്കി, ആന്‍റിക്ക് പപ്പയെ കുറിച്ച് എന്താണ് അഭിപ്രായം.

നിന്‍റെ പപ്പാ ഹൃദയ വിശാലതയുള്ള ആൾ തന്നെ. ആവശ്യമെങ്കിൽ കണ്ണുമടച്ച് വിശ്വസിക്കാം എന്ന് ചുരുക്കം.

നിങ്ങൾ പരസ്പരം പ്രണയിക്കുന്നു എന്നാണ് ഞങ്ങൾ കരുതിയത്. നേഹ ശരിയല്ലേ എന്ന അർത്ഥത്തിൽ രാജീവിനെ നോക്കി.

നിങ്ങൾക്ക് ഇങ്ങനെ ഒരു തെറ്റിദ്ധാരണയുണ്ടാവാൻ കാരണം? രഞ്ജന് ആശ്ചര്യമായി.

അതെ.. അതെ… ഞങ്ങൾ തമ്മിൽ സ്നേഹമാണെന്ന് തോന്നാനും മാത്രം മീനാക്ഷിയുടെ സ്വരം പതറി.

വെരി ഗുഡ്… രാജീവ് സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.

കുറച്ചു മുമ്പ് പപ്പ എന്‍റെയും നേഹയുടെയും വിവാഹ കാര്യം പറയാൻ ഒരുങ്ങുക ആയിരുന്നല്ലോ? രാജീവ് ഉത്സാഹത്തോടെ പറഞ്ഞു.

ഓ! അപ്പൊ നിനക്കെന്‍റെ ആഗ്രഹം മനസ്സിലായി ഇല്ലേ. രഞ്ജന് വലിയ സന്തോഷമായി.

പിന്നല്ലാതെ.

എനിക്കും അറിയാമായിരുന്നു. നേഹ പുഞ്ചിരിച്ചുകൊണ്ട് രാജീവിന്‍റെ അടുത്തുചെന്നു.

പപ്പയുടെ ആഗ്രഹമെന്താണെന്ന് മീനാക്ഷി ആന്‍റിക്കും നന്നായി അറിയാം ഇല്ലേ. രാജീവ് പൊട്ടിച്ചിരിച്ചു.

ഇനി എന്തെങ്കിലും പറയും മുമ്പ് ഈ ചിത്രത്തിലേക്ക് ഒന്ന് നോക്ക്. നേഹ പേഴ്സ് തുറന്ന് ഒരു ഫോട്ടോയെടുത്ത് രഞ്ജന് നേരെ നീട്ടി.

ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കിയ രഞ്ജിനും മീനാക്ഷിയും ശരിക്കും ഞെട്ടി.

നീ… നീ… നേഹയെ കൊണ്ട് രാഖി കെട്ടിക്കുന്നത് എന്തിനാ? രഞ്ജന് സംസാരിക്കാൻ വാക്കുകൾ കിട്ടാതായി.

മോളെ നീ രാജീവിനെ രാഖി കെട്ടിക്കൊടുത്ത കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ. മീനാക്ഷിയുടെ മുഖം വാടി.

ഞാൻ രാജീവിന്‍റെ കയ്യിൽ രാഖി കെട്ടി കൊടുത്തിട്ടുണ്ടെന്നും രാജീവ് എനിക്ക് സഹോദരനെ പോലെയാണെന്നും ഒക്കെ പറഞ്ഞാൽ മമ്മിയും രഞ്ജൻ അങ്കിളും ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് പ്ലാൻ തയ്യാറാക്കുമായിരുന്നില്ലല്ലോ.  നേഹയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.

നേഹയുടെ മമ്മിയും പപ്പയും തമ്മിൽ അടുപ്പം ഉണ്ടാക്കുന്നതിന് ഞങ്ങൾ ഇട്ട പ്ലാൻ കൊള്ളാമോ? രാജീവ് മുന്നോട്ട് വന്ന് പപ്പയുടെ കൈ തന്‍റെ കൈവെള്ളയിൽ അമർത്തി.

മമ്മി, എനിക്ക് കരിയർ പ്രധാനമാണ്. മാത്രമല്ല, മമ്മിയെ തനിച്ചാക്കി പോകാൻ ഞാൻ ഒരുക്കവുമല്ല. നേഹ മീനാക്ഷിയുടെ തോളിലൂടെ കയ്യിട്ടു.

പപ്പാ, ഇതേ അഭിപ്രായമാണ് എനിക്കും.

വർഷങ്ങളായില്ലേ നിങ്ങൾ ഇങ്ങനെ തനിച്ചു താമസിക്കുന്നത്. കരിയർ, ജോലിത്തിരക്ക് ഒക്കെ കാരണം ഭാവിയിൽ നിങ്ങളുടെ കാര്യത്തിൽ ശരിയായ ശ്രദ്ധ നൽകുവാൻ പറ്റിയെന്നും വരില്ല.

അതുകൊണ്ട് ഞാനും നേഹയും കുറെ ആലോചിച്ചാണ് ഈ പ്ലാൻ തയ്യാറാക്കിയത്.

എന്തു പ്ലാൻ? മീനാക്ഷിയും രഞ്ജനും ഒരേ സ്വരത്തിൽ ചോദിച്ചു.

നിങ്ങൾ പരസ്പരം മനസ്സിലാക്കുന്നതിനും അടുക്കുന്നതിനും… ഇക്കാര്യത്തിൽ പപ്പയും അമ്മയും ഞങ്ങളെക്കുറിച്ച് ചിന്തിച്ച അതേ റൂട്ടിലാണ് ഞങ്ങളും ചിന്തിച്ചത്.

രാജീവിന്‍റെ സംസാരം കേട്ട് മീനാക്ഷിയും രഞ്ജനും സ്തബ്ധരായി.

ഒരു വ്യത്യാസമുണ്ട്. എന്‍റെ ബർത്ത് ഡേയ്ക്കായിരുന്നു നിങ്ങൾ പ്ലാൻ തയ്യാറാക്കിയതെങ്കിൽ, ഞങ്ങൾ അതിനു മുൻപേ…നിങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച ഓർമ്മയില്ലേ? അന്ന് പാർക്കിൽ വച്ച്… ഞങ്ങളുടെ പ്ലാൻ ആയിരുന്നല്ലോ. നേഹ കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി.

മീനാക്ഷി മകളെ ദേഷ്യത്തോടെ തുറിച്ചു നോക്കിയെങ്കിലും തൊട്ടടുത്ത നിമിഷം ലജ്ജ മുഖത്ത് നിഴലിച്ചു.

പരസ്പരം ഇഷ്ടമാണെന്നും, നിങ്ങൾ തമ്മിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നുമൊക്കെ സ്വയം സമ്മതിച്ചതല്ലേ.

രാജീവിന്‍റെ വാക്കുകൾ പൂർത്തിയാവും മുമ്പേ നേഹ പറഞ്ഞു. വിവാഹം ചെയ്തു നിങ്ങൾ പരസ്പരം താങ്ങും തണലുമായി ജീവിക്കണം. ഞങ്ങളുടെ ഒരു വലിയ ടെൻഷനാണ് ഇപ്പോൾ ഇല്ലാതാവാൻ പോകുന്നത്.

പക്ഷേ…

പപ്പാ… ഒരു പക്ഷേ ഇല്ല. രാജീവ് പറഞ്ഞു. നേഹയും ഞാനും ഇനി സഹോദരനും സഹോദരിയും ആണ്. ഇനിമുതൽ നേഹ പപ്പ എന്നും മീനാക്ഷി ആന്‍റിയെ ഞാൻ മമ്മി എന്നും വിളിക്കും.

അല്ല… മീനാക്ഷി ഇതിനൊക്കെ സമ്മതിക്കുമോ?

പുഞ്ചിരിച്ച മുഖഭാവം ആയിരുന്നെങ്കിലും രഞ്ജന് ചെറിയ ഒരു ആശങ്ക.

ഓ…. പപ്പാ ഞാൻ മമ്മിയെ അങ്ങയെ ഏൽപ്പിക്കുന്നു. നേഹ ഒരു പൂജാരിയുടെ ശബ്ദത്തിൽ മീനാക്ഷിയുടെ കൈകൾ രഞ്ജിന്‍റെ കൈകളിലേക്ക് ഏൽപ്പിച്ചു. മീനാക്ഷിയുടെ ഭാഗത്തുനിന്നും യാതൊരു എതിർപ്പും ഇല്ലാത്തത് കണ്ട് രഞ്ജനും ആശ്വാസമായി.

രാജീവ്…. ഇതിപ്പോ ചക്കിനു വെച്ചത് കൊക്കിന് കൊണ്ട് എന്ന് പറഞ്ഞതുപോലെ ആയല്ലോ. നേഹയുടെ കമന്‍റ് കേട്ട് അവർ പൊട്ടിച്ചിരിച്ചു.

और कहानियां पढ़ने के लिए क्लिक करें...